ബഹുദൈവാരാധനയുടെ ജനാധിപത്യപരമായ അടിത്തറ ഏകാധിപത്യപരമായ മതദര്‍ശനത്തിന് വിരുദ്ധമാണ്. അതുകൊണ്ട്, ഹിന്ദുമതമുണ്ടായതിനുകാരണം സെമറ്റിക് മതങ്ങളുടെ ഉദ്ഭവമാണെന്ന് പല സാമൂഹിക മാധ്യമ പണ്ഡിതരും കരുതുന്നു. അവയില്ലായിരുന്നെങ്കില്‍ ഹിന്ദുമതം ഉണ്ടാകുമായിരുന്നില്ലെന്നും വിവിധ ജാതി സമൂഹങ്ങള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്നും അവര്‍ വിചാരിക്കുന്നു. ചരിത്രബോധമോ, മതപരിണാമങ്ങളുടെ ഗതിവിഗതികളോ അവര്‍ക്കറിയേണ്ടതില്ല. ഹിന്ദുമതത്തിനകത്ത് ജാതിരൂപീകരണം സംഭവിച്ചതെങ്ങനെയെന്ന് ചരിത്രബോധമുള്ളവരെഴുതിയിട്ടുണ്ട്. ജാതിയെന്ന വാക്കിന്റെ അര്‍ത്ഥം ജായതേ ഇതി ജാതി-ജനിച്ചതാണ് ജാതി-എന്നാണ്. ഈ ജാതിസമൂഹങ്ങള്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. സംഘകാലത്തെ ജാതികള്‍ നോക്കിയാല്‍ വ്യക്തമാകുന്നത് ജാതി തൊഴില്‍ നാമമായിരുന്നുവെന്നും ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനവകാശമുണ്ടായിരുന്നുവെന്നുമാണ്. ഉദാഹരണത്തിന് പാണന്‍, പാണ്‍ എന്ന യാഴ് – സംഗീതോപകരണം- ഉപയോഗിക്കുന്നവനായിരുന്നു. ചെറിയ പാണും വലിയ പാണുമുണ്ടായിരുന്നതിനാല്‍ ചെറുപാണനും പെരുമ്പാണനുമുണ്ടായി. അവര്‍ പാട്ടുകാരും നര്‍ത്തകരുമായിരുന്നത് കൂടാതെ സന്ദേശവാഹകരുമായിരുന്നു. പക്ഷേ, ഇതര വര്‍ണ സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥാനമൊന്നും അവര്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ബ്രാഹ്മണര്‍ക്കും വണികര്‍ക്കും വെള്ളാളര്‍ക്കും രാജാക്കന്മാര്‍ക്കുമെല്ലാം പൊതുവായി ബാധകമായ പല ധര്‍മ്മങ്ങളും പദവികളും അധികാരങ്ങളുമുണ്ടായിരുന്നു. ഇന്ന് കുറവര്‍ ഒരു ജാതി സമൂഹമാണെങ്കിലും സംഘകാലത്ത് ആവാസവ്യവസ്ഥയില്‍ നിന്ന് ജനിച്ചപേരായിരുന്നു കുറവര്‍. കുറ കുന്നാണ്. കുറിഞ്ചിനിലവാസികളാണ് കുറവര്‍. തൊഴില്‍ വേട്ടയാടലും തേനെടുപ്പും മലനെല്ല് വിതയ്ക്കലും മലഞ്ചരക്കുകള്‍ ശേഖരിക്കലുമൊക്കെയായിരുന്നു. അവരൊരു രാജവംശവുമായിരുന്നുവെന്ന് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചേരന്മാരുടെ അടയാളം അമ്പുംവില്ലുമായിരുന്നു. അവരാണ് വേടരെന്നുമറിയപ്പെട്ടത്. കുറവസ്ത്രീകളാണ് കുറത്തികള്‍. വിവിധ ജനസമൂഹങ്ങള്‍ കുറിഞ്ചിയില്‍ അഥവാ മലകളില്‍ താമസിച്ചിരുന്നു. വേലന്‍വെറിയാട്ടെന്ന മുരുക ദൈവാരാധന കുറിഞ്ചിനിലത്തിന്റെ ഭാഗമായിരുന്നു. മറവര്‍ പടയാളികളായിരുന്നു. മറവരും എയ്‌നരും പാലനിലവാസികളായിരുന്നു. രാജാക്കന്മാരുടെ സൈനികശക്തി മറവരായിരുന്നു. വെള്ളാളര്‍ കൃഷിക്കാരായിരുന്നു. ഉഴവരെന്നും വിളിക്കുന്നു. നെയ്തല്‍നിലവാസികളാണ് മീനവര്‍ അഥവാ മീന്‍പിടിത്തക്കാര്‍. ഉപ്പുണ്ടാക്കലും അവയുടെ വില്‍പ്പനയും അവരുടെ തൊഴിലായിരുന്നു, പുലയരും കൃഷിക്കാരായിരുന്നു. പുലം വയലാണ്. കരക്കൃഷി പ്രധാനമായും വെള്ളാളരും വയല്‍ക്കൃഷി പുലയരും നടത്തിയെന്ന് ചുരുക്കിപ്പറയാം. ഇങ്ങനെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതിതിരിഞ്ഞിരുന്നവര്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റിയെടുക്കാന്‍ ഒരു തടസ്സവുമില്ലായിരുന്നു. കുറിഞ്ചിനിലക്കാര്‍ക്ക് നെയ്തലിലോ, മരുതത്തിലോ പോയിത്താമസിച്ച് അവിടത്തെ പണിചെയ്ത് ജീവിക്കാം. അപ്പോഴവര്‍ ആ നിലക്കാരും തൊഴിലുകാരുമായി. ചുരുക്കത്തില്‍ ഈ ജാതിസമൂഹങ്ങളുടെ പൊതുസ്വത്വമായിരുന്നു അഞ്ച് തിണകളെയുമുള്‍ക്കൊള്ളുന്ന മതം. ആ മതത്തിനാധാരമായ ദൈവങ്ങള്‍ ഹിന്ദുമതത്തിന്റെ ആധാരമായ ദൈവങ്ങള്‍ തന്നെയാണ്. അവയില്‍ ആര്യ-ദ്രാവിഡ ദൈവങ്ങളുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ആര്യരുടെയോ, ദ്രാവിഡരുടെയോ ദൈവമെന്നല്ല ആര്യദ്രാവിഡമിശ്രമായ ദൈവങ്ങളാണെന്ന് മുന്‍ഭാഗത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബുദ്ധജൈനപാഴ്‌സിമതങ്ങളും ആ ജീവകമതവുമല്ലാതെ ഏകദൈവമതം അന്നില്ലായിരുന്നു. ക്രിസ്തുമതം ആരംഭിച്ചിരുന്നുവെങ്കിലും ആ മതത്തിന്റെ പരാമര്‍ശം എ.ഡി. ഒന്നാം നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ട പാട്ടുകളിലുമില്ല. അതായത് ക്രിസ്തുമതം പ്രസക്തമായത് ഇസ്ലാംമതമുണ്ടായ എ.ഡി. എട്ടാം നൂറ്റാണ്ടിനുശേഷമാണ്. ചുരുക്കത്തില്‍ ജനാധിപത്യപരമായ ദൈവശാസ്ത്രകാലത്തിനുശേഷം ആയിരത്താണ്ടുകള്‍ കഴിഞ്ഞാണ് ഏകാധിപത്യപരമായ ദൈവശാസ്ത്രമായ ഇസ്ലാംമതമുണ്ടാകുന്നത്. അതുകൊണ്ട് സെമറ്റിക് മതങ്ങളുണ്ടായതുകൊണ്ടാണ് ഹിന്ദുമതം ഉണ്ടായതെന്നതരംവാദങ്ങള്‍ അസംബന്ധങ്ങളാണ്.
തൊല്‍കാപ്പിയത്തിന്റെ പാരമ്പര്യം
തമിഴ്-മലയാളഭാഷകളുടെ ലഭ്യമായിട്ടുള്ള ആദ്യത്തെ വ്യാകരണകൃതിയായ തൊല്‍കാപ്പിയം ഒരു ഒറ്റപ്പെട്ട കൃതിയല്ലെന്ന് അതില്‍ പലവട്ടം പൂര്‍വപണ്ഡിതന്മാരെപ്പറ്റി പറയുന്നതില്‍നിന്ന് മനസ്സിലാക്കാം. അത്, ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ആദിമ വൈയാകരണന്മാരിലൊരാളായ ഇന്ദിരദത്തന്റെ ജൈനവ്യാകരണപദ്ധതിയായ ഐന്തിരവ്യാകരണത്തിന്റെ പാരമ്പര്യത്തില്‍ പെട്ടതും അതുകൊണ്ടുതന്നെ വൈദികവ്യാകരണപദ്ധതിയുടെ ഒരുള്‍പ്പിരിവുമാണ്. ചിറപ്പുപായിരത്തില്‍ 268 ‘തൊല്‍കാപ്പിയനെന്‍ പെയര്‍ തോറ്റിയ പടിമൈയോനേ’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. പടിമൈ എന്നത് ജൈന സന്യാസിമാരെ കുറിക്കുന്ന പേരാണെന്ന് 269 വി.ആര്‍. രാമചന്ദ്ര ദീക്ഷിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊല്‍കാപ്പിയത്തിലെ എഴുത്തതികാരത്തില്‍ അക്ഷരങ്ങളുടെ ലക്ഷണങ്ങള്‍ വിശദീകരിച്ചിട്ട് ഉപസംഹരിക്കുന്നത്, 270 അക്ഷരങ്ങളായി പുറത്തുവരുന്നതിന് മുമ്പ് നാഭിയില്‍ നിന്ന് വായു അക്ഷരങ്ങളുടെ ഉദ്ഭവസ്ഥാനത്ത് തങ്ങി പുറത്തുവരുന്ന വിധവും മാത്രയും ബ്രാഹ്മണരുടെ വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ്. അക്ഷരക്രമങ്ങള്‍ പണ്ടേ ആരംഭിച്ച് തുടര്‍ന്നുവരുന്നവയാണെന്നും അതില്‍ മാറ്റമൊന്നും വരുകയില്ലെന്നും അദ്ദേഹം എടുത്തുപറയുന്നു. കാലം, പെയര്‍ (നാമം), വേറ്റുമൈ (വിഭക്തി) എന്നിങ്ങനെ പല ഘടകങ്ങളും വൈദിക പാരമ്പര്യത്തിന്റെ സ്വാധീനതയുടെ ഫലമാണ്. പൂര്‍വതമിഴ്പണ്ഡിതര്‍ വിഭക്തികാരകങ്ങളെ കുറിക്കാന്‍ വൈദികസംസ്‌കൃതത്തിലും മലയാള ഭാഷയിലുമുള്ളതുപോലെ, പെയര്‍ വേറ്റുമൈ, ഐവേറ്റുമൈ തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നതെങ്കില്‍, തൊല്‍കാപ്പിയം അവയെ ഒന്നാം വിഭക്തി, രണ്ടാം വിഭക്തി എന്നിങ്ങനെ എണ്ണക്കണക്കാക്കി മാറ്റി. എ.ഡി. 400 ല്‍ തമിഴക സാഹിത്യം ജൈനസന്ന്യാസിമാരുടെ സ്വാധീനതയിലായിരുന്നുവെന്ന് 271 പ്രൊഫ, വി. പെരുമാള്‍ വ്യക്തമാക്കുന്നുണ്ട്.
തൊല്‍കാപ്പിയത്തിന്റെ രചയിതാവ് ഒരു തെക്കന്‍ തിരുവിതാംകൂറുകാരനായിരിക്കാമെന്ന് തക്കനോബുവും ആന്‍ഡ്രനോവും മറ്റും പരാമര്‍ശിക്കുന്നതല്ലാതെ, ആരാണെന്ന് കൃത്യമായി അറിയില്ല. മൂന്ന്‌പേര്‍ ചേര്‍ന്നാണ് ഈ കൃതി രചിച്ചതെന്ന് 272 പ്രൊഫ. മീനാക്ഷി സുന്ദരം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതാണ് വസ്തുതയെങ്കില്‍, ചിറപ്പ് പായിരത്തിലെ ഗ്രന്ഥകര്‍തൃസൂചന ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ഗ്രന്ഥരചന ആരംഭിച്ചയാളെക്കുറിച്ചാകാം. ആ കൃതിയില്‍ തന്നെയുള്ള ഓരറിവ്, ഈരറിവ് പരികല്‍പ്പനകളിലും (A.C. 571-478) ജൈന പാരമ്പര്യമാണുള്ളതെന്നും വിവിധ പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. മന്ത്രങ്ങളെ കുറിച്ചുള്ള പരാമര്‍ശവും, (പൊരു.നൂ.480) മാത്തിരൈയെ, കണ്ണിമ അടച്ചുതുറക്കുന്നതിനെടുക്കുന്ന സമയം (എഴു.നൂ.7) എന്ന് നിര്‍വചിക്കുന്നതുമെല്ലാം തൊല്‍കാപ്പിയത്തിലെ ജൈനമതബന്ധത്തിന് നിദര്‍ശകങ്ങളാണ്. സംഘപ്പാട്ടുകള്‍ സമാഹരിച്ചതും സംഘമെന്ന പേര് നല്‍കിയതും ജൈന-ബുദ്ധ സന്യാസിമാരായിരുന്നുവെന്നത് സര്‍വസമ്മതമാണ്. സംഘമെന്നല്ല, അവയ്യം എന്ന വാക്കാണ് തൊല്‍കാപ്പിയത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. കൂടല്‍, തൊകൈ, കൂട്ടം എന്നെല്ലാം പരാമര്‍ശിക്കപ്പെട്ടിരുന്ന പണ്ഡിതസദസ്സിനെ കുറിക്കാന്‍ സംഘം എന്ന പദം ആദ്യമായി കാണുന്നത് തിരുനാവുക്കരശ് നായനാരുടെ തേവാരം എന്ന സ്‌തോത്ര കൃതിയിലാണ്. തുടര്‍ന്ന്, ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ചതെന്ന് കരുതപ്പെടുന്ന ഇറൈനാര്‍ അകപ്പൊരുളിന് നക്കീരന്‍ എഴുതിയിട്ടുള്ള വ്യാഖ്യാനത്തില്‍ സംഘംകൃതികളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. സംഘം കൃതികളിലുമില്ല സംഘം എന്ന വാക്ക്. മധുരൈക്കാഞ്ചിയില്‍ പുനര്‍ക്കൂട്ടമെന്നാണുള്ളത്. 273 എന്‍. സുബ്രഹ്മണ്യന്റെ അഭിപ്രായത്തില്‍, സംസ്‌കൃതഭാഷാപദങ്ങള്‍ സാധാരണമായതിന്‌ശേഷമാണ് സംഘം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചുതുടങ്ങിയത്. ക്രി.പി.498 ല്‍ ഉക്കിരപ്പെരുവഴുതി എന്ന ഉഗ്രപാണ്ഡ്യനാണ് ദക്ഷിണേന്ത്യയിലെ തെന്‍മധുരയില്‍ ആദ്യമായി സാഹിത്യസംഘം സ്ഥാപിച്ചതെന്ന് 274 ഡോ.കെ.എന്‍. എഴുത്തച്ഛന്‍ കുറുന്തൊകൈയുടെ വിവര്‍ത്തനത്തിനെഴുതിയ അവതാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി.ഏഴാം നൂറ്റാണ്ടുവരെ തമിഴകരാജ്യങ്ങളില്‍ ബുദ്ധ-ജൈനമതങ്ങള്‍ പ്രബലങ്ങളായിരുന്നുവെന്ന് തെളിയിക്കുന്ന ധാരാളം ശിലാലിഖിതങ്ങള്‍ (ഗുഹാലിഖിതങ്ങള്‍) പ്രാചീന കേരളത്തിന്റെ ഭാഗമായിരുന്ന പുഗളൂരും തിരുക്കോവിലൂരും ജുംബായും ചിന്നമണ്ണൂരുമുള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, തൊല്‍കാപ്പിയത്തില്‍ ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. മൂന്നാം നൂറ്റാണ്ടിനുമിടയില്‍ പല കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുമുണ്ട്. പുള്ളി ഒരുദാഹരണം. തൊല്‍കാപ്പിയ വിധികള്‍ക്ക് പല അപവാദങ്ങളും സംഘംകൃതികളിലുണ്ട്. ഈ സാഹചര്യങ്ങളില്‍ നിന്ന് ന്യായമായി അനുമാനിക്കാവുന്നത്, ബി.സി. മൂന്നാം നൂറ്റാണ്ടിലെ തമിഴക ഭാഷയെപ്പറ്റി ഒരു ജൈന സന്യാസിയെഴുതിയ തൊല്‍കാപ്പിയം കാലാനുസരണം ശിഷ്യരാല്‍ പരിഷ്‌ക്കരിക്കപ്പെട്ട്, എ.ഡി.അഞ്ചാം നൂറ്റാണ്ടില്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ജൈനരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സംഘപ്പലകയിലും വച്ചിട്ടുണ്ടാകാമെന്നും, ഏഴാം നൂറ്റാണ്ടില്‍ നിലംതരു തിരുവില്‍ പാണ്ഡ്യന്റെ കാലത്തെ സംഘപ്പലകയില്‍ വച്ച് അത് ആതങ്കോട്ടാശാന്റെ സംശയങ്ങള്‍ക്ക് പൂര്‍ണനിവൃത്തി വന്നതിനുശേഷം അന്തിമമായി അംഗീകരിക്കപ്പെട്ടുവെന്നുമാണ്. അവിനയം തുടങ്ങിയ ഒരു സമാന്തര വ്യാകരണപാരമ്പര്യവുമുണ്ടായിരുന്നല്ലൊ. അതുപോലെ, തൊല്‍കാപ്പിയം രചിച്ച് പല നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് അതിന്റെ വ്യാഖ്യാനങ്ങളുണ്ടാകുന്നത്. അതിനോടകം തന്നെ, തൊല്‍കാപ്പിയത്തിലെ പല പ്രയോഗങ്ങളും മധ്യകാല- ആധുനിക തമിഴുകളില്‍ പ്രയോഗത്തില്‍ നിന്ന് മറഞ്ഞിരുന്നു. അതുകൊണ്ട് ചില സൂത്രങ്ങള്‍ വ്യാഖ്യാനിക്കാനാകുന്നില്ലെന്ന് തമിഴ് പണ്ഡിതര്‍ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ തമിഴ് പ്രയോഗത്തില്‍ നഷ്ടപ്പെട്ടവയില്‍ ധാരാളം പദങ്ങളും പ്രയോഗങ്ങളും മലയാള ഭാഷയിലും തെലുങ്കിലും നിലനില്‍ക്കുന്നു. അതിലെ വ്യാകരണ വിധികളില്‍ മൗലികമായവയെല്ലാം തെക്കന്‍ ദ്രാവിഡ ഭാഷകള്‍ക്കെല്ലാം ബാധകമാണ്. അക്കാലങ്ങളില്‍ ദ്രാവിഡമെന്നതിന്റെ പര്യായമായാണ് തമിഴെന്ന പദം ഉപയോഗിച്ചു വന്നിരുന്നതെന്നും, അത്, വടക്ക് തിരുപ്പതിക്കും തെക്ക് കന്യാകുമാരിക്കുമിടയില്‍ കിടക്കുന്ന ദ്രാവിഡദേശത്തെ മാത്രംകുറിക്കാനാണെന്ന്275 തൊല്‍കാപ്പിയം വെളിവാക്കുന്നുണ്ടെന്നും വി.ആര്‍. രാമചന്ദ്ര ദീക്ഷിതര്‍ വ്യക്തമാക്കുന്നു. ഇതാണ് തമിഴകം. ചിറപ്പ്പായിരം തുടങ്ങുന്നതു തന്നെ ‘വടവേങ്കിടം തെന്‍ കുമരി ഇടൈ തമിഴ് കൂറുന്ന’ നല്ലനിലങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. ചേരനാട്ടിന്റെ അതിര്‍ത്തി, തെക്ക് കുമരിയും പടിഞ്ഞാറ് അറേബ്യന്‍ കടലുമാണ്. വടക്ക്- കിഴക്കന്‍ഭാഗങ്ങള്‍ കാലാകാലങ്ങളില്‍ കോയമ്പത്തൂര്‍, സേലം മേഖലവരെ വ്യാപിച്ചിരുന്നു.276 തമിഴകത്തിന്റെ വടക്കേ അതിര്‍ത്തിയായ വെങ്കടഗിരിക്ക് വടക്കുള്ള പ്രദേശങ്ങള്‍ അശോകസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയാധികാരം അവിടെവരെ മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും ധര്‍മശാസനങ്ങളും മതപ്രചാരണപ്രവര്‍ത്തനങ്ങളും സേവനവും തമിഴകപ്രദേശത്ത് മാത്രമല്ല, താമ്രപൊരുണി (ശ്രീലങ്ക)വരെ വ്യാപിച്ചിരുന്നു. ബുദ്ധ-ജൈനമതങ്ങള്‍ പാലി, പാഞ്ചാലി തുടങ്ങിയ പ്രാകൃതാപഭൃംശങ്ങളാണ് ആശയപ്രചാരണത്തിനുപയോഗിച്ചിരുന്നത്. ഒരുദാഹരണം ജുനഗഡ്ശാസനങ്ങള്‍ തന്നെ. അവ പ്രാദേശികപദങ്ങള്‍കൂടിയുള്‍പ്പെട്ട പ്രാകൃതത്തിലാണ് എഴുതിയിരിക്കുന്നത്.
ദ്രാവിഡത്തിന്റെ അപഭൃംശമാണ് തമിഴെന്ന് 277 ലീലാതിലകം പ്രസ്താവിക്കുന്നുണ്ട്. പ്രാദേശികഭാഷകളുടെ വ്യാകരണവ്യവസ്ഥകളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളുടേതായ ഒരു ഘട്ടത്തെ കുറിക്കുന്നപേരാണ് അപഭൃംശം. അത് ഏതെങ്കിലും ഒരു ഭാഷയുടെ പേരല്ല. പ്രാകൃതാപഭൃംശഭാഷകളെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ലെങ്കിലും മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി എന്നിവയെ വ്യത്യസ്ത പ്രാകൃതഭാഷകളായി എല്ലാവരും അംഗീകരിക്കുന്നു. അവ കൂടാതെ, ദണ്ഡി, കാവ്യാദര്‍ശത്തില്‍ നാലുതരം സാഹിത്യകൃതികളെപ്പറ്റി പറയുന്നു. സംസ്‌കൃത ഭാഷയിലുള്ളത്, പ്രാകൃതഭാഷയിലുള്ളത്, അപഭൃംശഭാഷകളിലുള്ളത്, നാലാമതായി ഒന്നിലധികം ഭാഷകളില്‍ (മിശ്രം) രചിക്കപ്പെട്ടത്. കാവ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ആഭീരരുടെ ഭാഷയെ ദണ്ഡി അപഭൃംശഭാഷയായി പരിഗണിക്കുന്നു. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സംസ്‌കൃതമൊഴികെയുള്ള ഭാഷകളെയെല്ലാം അപഭൃംശമെന്നാണ് വിളിക്കുന്നതെന്ന് 278 ആര്‍. പിഷേല്‍, A Grammar to Prakrt Language എന്ന ഗ്രന്ഥത്തില്‍ പറയുന്നു. പ്രാകൃത ഭാഷാവ്യാകരണ പണ്ഡിതനായ മാര്‍ക്കണ്‌ഡേയന്‍ പാഞ്ചാല, ഗൗഡ, മാളവ, ദ്രാവിഡ, കര്‍ണാടകഭാഷകളെയും അപഭൃംശഭാഷകളുടെ ഭാഷാഭേദങ്ങളായിട്ടാണ് കരുതുന്നത്. ആര്യനും-അനാര്യനുമായ വ്യവഹാര ഭാഷകളെ മുഴുവന്‍ അദ്ദേഹം അപഭൃംശമെന്ന്് വിളിക്കുന്നു. ഉദാഹരണത്തിന്, മാഗധി, സാഹിത്യത്തിലുപയോഗിക്കുമ്പോള്‍ ഭാഷയും അതിന്റെ വായ്‌മൊഴി അപഭൃംശവുമാകുന്നു. ചിലര്‍ രണ്ടുതരം അപഭൃംശങ്ങളുണ്ടെന്ന അഭിപ്രായക്കാരാണ്. ഒന്ന്, പ്രാകൃതഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ളത്; മറ്റൊന്ന്് വായ്‌മൊഴിയെ ആശ്രയിച്ചുള്ളതും. രൂപാവലികളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള നിയമാവലികളുള്ള സംസ്‌കൃത- പ്രാകൃതങ്ങളില്‍നിന്ന് വ്യത്യസ്തമായി അപഭൃംശങ്ങള്‍ സാമാന്യജനങ്ങളുടെ വായ്‌മൊഴിയെയാണ് പൂര്‍ണമായി ആധാരമാക്കുന്നത്. പ്രാകൃതഭാഷകളുടെ ഭിന്നഅപഭൃംശങ്ങളാണ് ബി.സി. മൂന്നാംനൂറ്റാണ്ടില്‍ പൊതുവേ സംസാരിക്കപ്പെട്ടിരുന്നത്. 279 അവയുടെ സ്വാധീനത എ.ഡി.ഏഴാം നൂറ്റാണ്ട്‌വരെ തമിഴക രാജ്യങ്ങളില്‍ പ്രബലമായിരുന്നതിനാലാണ്, മാതവിയുടെ ഗുരു, മറ്റ് ഭാഷകള്‍ കൂടാതെ പ്രാകൃതം, മഹത്തരം, ദേശ്യം, സംസ്‌കൃതം എന്നീ ഭാഷകളിലും വിദ്വാനായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ, മുത്തമിഴിലും പ്രവീണനായിരിക്കണം. അതിലെ സമുദ്ര സ്‌നാനമെന്ന ഭാഗത്ത് (134-145) വെവ്വേറെ ദേശങ്ങളിലുള്ള മ്ലേച്ഛന്മാരെ പരാമര്‍ശിക്കുന്നുണ്ട്. ചാതുര്‍വര്‍ണ്യം നടപ്പിലാകാത്ത സ്ഥലമാണ് മ്ലേച്ഛദേശം. അവിടത്തെ ഭാഷ സംസ്‌കൃതമല്ല. 280 ബുദ്ധമത പ്രചാരണവും കച്ചവടവും പട്ടാള സേവനവുമുള്‍പ്പെടെയുള്ള വിവിധതരം ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവിടെ സ്ഥിരവാസമുറപ്പിച്ചിരുന്ന യവനരുള്‍പ്പെടെയുള്ള പരദേശികളുമായി ഉണ്ടായിരുന്ന നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായി തമിഴകത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണം മുതല്‍ കന്യാകുമാരിവരെയും വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പെരുമാറിയിരുന്നു. ചിലപ്പതികാരത്തില്‍ അതിന്റെ സുവിശദമായ ആഖ്യാനമുണ്ട്. (അരങ്ങേറ്റുകാതൈ) അതുപോലെ തന്നെ, ചേരത്തിമിഴില്‍ സംഘാനന്തരകാലത്ത് വര്‍ദ്ധിച്ചുവന്ന ആരിയച്ചിതൈവ് അഥവാ ആരിയര്‍ പേശും മൊഴി കേട്ട് പരിഹസിക്കുന്ന നാട്ടുകാരെ കാണാം. എ.ഡി. ഏഴാം നൂറ്റാണ്ടിലെ സാഹിത്യ ചിന്തകനായ കുമാരില ഭട്ടന്‍, ദ്രാവിഡ വാക്കുകളായ പാമ്പ്, ചോറ്, വയറ് തുടങ്ങിയവയ്ക്ക് സംസ്‌കൃത പദങ്ങളുമായുള്ള സാദൃശ്യംമൂലം അവയെ തെറ്റായി പ്രയോഗിക്കുന്ന സംസ്‌കൃത പണ്ഡിതന്മാരെ പരാമര്‍ശിക്കുന്നുണ്ട്. ഇത് പഴന്തമിഴില്‍ പ്രയോഗിക്കപ്പെടുന്ന സംസ്‌കൃത -പ്രാകൃതാപഭൃംശ വാക്കുകളുടെയും ദ്രാവിഡ പദങ്ങളുടെയും സന്നിവേശങ്ങളില്‍ വരുന്ന പിഴവുകളെയാണ് പരാമര്‍ശിക്കുന്നത്. 281 ഇതേ കാലഘട്ടത്തിലെ പ്രമുഖ ചിന്തകനായ ആചാര്യദണ്ഡി പ്രസ്താവിക്കുന്നത്, കാവ്യവാക് പ്രപഞ്ചം സംസ്‌കൃതം, പ്രാകൃതം, അപഭൃംശം, മിശ്രം എന്നിങ്ങനെ നാല് തരത്തിലുണ്ടെന്ന് കാവ്യ ശാസ്ത്രവിത്തുകള്‍ പറയുന്നുവെന്നാണ്. കാരിക 33 ല്‍ സംസ്‌കൃതം ദേവന്മാരുടെ വ്യവഹാരഭാഷയും പ്രാകൃതം ഗ്രാമ്യന്മാരുടേതുമാണെന്ന് പറയുന്നു. തത്സമം, തദ്ഭവം, ദേശി എന്ന് അത് അനേകവിധമാണെന്നും, സംസ്‌കൃതത്തില്‍ നിന്നുണ്ടായ കണ്ണ് മുതലായവ തദ്ഭവവും, സംസ്‌കൃതമായ കീരം, ഗോവ് തുടങ്ങിയവ തത്സമങ്ങളും, അതത് ദേശത്ത് മാത്രം പ്രസിദ്ധി നേടിയ ഭോഗ്ഘടം (ഗജം) തുടങ്ങിയവ ദേശിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടയന്മാര്‍, കാട്ടാളര്‍, ശകന്മാര്‍ തുടങ്ങിയവരുടെ ഭാഷകള്‍ കാവ്യങ്ങളില്‍ അപഭൃംശമെന്ന് ഗണിക്കപ്പെടുന്നു. 282 അന്യഭാഷകളില്‍ നിന്ന് വാക്കുകള്‍ സ്വീകരിക്കുന്നതിന് തൊല്‍കാപ്പിയം നാല് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 283 അതിനാല്‍ തമിഴ്ഭാഷയിലും മലയാള ഭാഷയിലും ധാരാളം സംസ്‌കൃത-പ്രാകൃത ഭാഷാപദങ്ങളും വ്യാകരണ സ്വാധീനതയുമുണ്ട്. ഇവിടെ വ്യക്തമാകുന്നത്, തമിഴ്ഭാഷയില്‍ പ്രാകൃത-സംസ്‌കൃത ഭാഷകളുടെ സ്വാധീനതയില്ലെന്ന വിശ്വാസം അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, തൊല്‍കാപ്പിയം പോലും ജൈന സന്യാസിയുടെ സംഭാവനയാണെന്നും ആദിമകാലം മുതലുള്ള തമിഴ്ഭാഷയില്‍ ലോകത്തെ മറ്റെല്ലാഭാഷകളിലും കാണുന്നതു പോലെ തന്നെ സംസ്‌കൃതമുള്‍പ്പെടെയുള്ള ഇതരഭാഷകളുടെ സ്വാധീനത കാണാമെന്നുമാണ്. ഇത് ആര്‍.സ്വാമിനാഥ അയ്യരെയും 284 പി.എസ്. സുബ്രഹ്മണ്യ ശാസ്ത്രിയെയും 285 പോലുള്ള പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാല്‍ഡ്വലിന്റെ വാദമുറപ്പിക്കാനായി അദ്ദേഹം എടുത്തുകാട്ടിയിട്ടുള്ള വാക്കുകളെല്ലാം സാഹിത്യഭാഷയില്‍ നിന്നുള്ളവയാണെന്നും വൈദിക സംസ്‌കൃതത്തെയോ, സാമാന്യ ഭാഷയെയോ അദ്ദേഹം പരിഗണിച്ചിട്ടില്ലെന്നും സ്വാമിനാഥ അയ്യര്‍ വ്യക്തമാക്കുന്നു. അതായത് സനാതന മതത്തിനും സംസ്‌കൃത ഭാഷയ്ക്കുമെതിരേ വര്‍ത്തമാനകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുവിഭാഗമാളുകളില്‍ നിന്നുയരുന്ന ആക്ഷേപം താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ആത്മഹത്യാപരമായ നിലപാടാണ്. കാരണം ഇവ രണ്ടും ദ്രാവിഡ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അവിഭാജ്യഘടകങ്ങളാണ്. സെമറ്റിക് മതഭീകരവാദികളെ പ്രീണിപ്പിച്ച് അവരുടെ വോട്ട് നേടാനുള്ള ഈ ശ്രമം അപകടകരമാകുന്നത്, ഏതാണ്ട് മൂവായിരത്തിലേറെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള തമിഴക ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും നിരസിക്കുന്ന സാഹചര്യത്തിലാണ്.
(തുടരും)
പരാമൃഷ്ടകൃതികള്‍
269 Ramachandra Dikshithar V.R., 1981, Prehistoric South India p 203, Chennai, Cosmo
270 തൊല്‍. എഴു. പിറ. നൂ. 102
271 Prof.Perumal. V., 1975. Glimpses of Tamil Culture, p 80. Berlin, Berlin Tamil sangham
272 മീനാക്ഷി. 1965.marr .History of Tamil Language , New Delhi Kendra Sahitya Akademy
273 Subramanian N. 1996 Sangham Polity p 17. Udumelpett, Ennes pub
274 ഡോ. എഴുത്തച്ഛന്‍ കെ.എന്‍.,1999.കുറുന്തൊക അവതാരിക, പു 11., തൃശൂര്‍. കേ.സാ.അ.
275 രാമചന്ദ്ര ദീക്ഷിതര്‍ വി.ആര്‍.,1981. Prehistoric South India p. 204 Chennai, Cosmo
276 Manikka Vasakam Pillai M.E.,1970 . Culture of the Ancient Cheras p 20. Kovilpatty
277 ലീലാതിലകം പു.177 ശൂരനാട്ട് കേ ഭാ ഇന്‍
278 R. Pischel 1975, A Grammar of the Prakrt Language p 4, Madras. The Madras Law Journal
279 ചില.അര. കാതൈ. 134-145
280 മലയാളഭാഷ തൊല്‍. പു. 259
281 കാവ്യാദര്‍ശം പു.2 ആര്‍.വാസുദേവന്‍ പോറ്റി കേ ഭാ ഇന്‍. 2002
282 ഇ.പു. പു.8
283 എച്ച ഇയല്‍ നൂ. 397
284 R.Swaminatha Iyyer Dravidian Theories
285 പി.എസ്. സുബ്രഹ്മണ്യശാസ്ത്രി തമിഴും സംസ്‌കൃതവും തമ്മിലുള്ള ബന്ധം ഒരന്വേഷണം





















