ശ്രീരാമപാദാനുയാനം
സുരേഷ് ഡി. പിള്ള
പാന്‍ഡോറ ബുക്‌സ്
പേജ്: 174 വില: 250 രൂപ
ഫോണ്‍: 9447139952
ആദികവി വാല്മീകി മഹര്‍ഷി അവതരിപ്പിച്ച രാമായണത്തിലെ ഏതാനും കഥാപാത്രങ്ങളേയും ചില സംഭവങ്ങളേയും മനനം ചെയ്ത് തന്റേതായ ശൈലിയില്‍ വസ്തുനിഷ്ഠമായി, ഗുണദോഷ വിചിന്തനത്തിലൂടെ അപഗ്രഥിച്ചാണ് സുരേഷ് ഡി.പിള്ള ‘ശ്രീരാമപാദാനുയാനം’ തയ്യാറാക്കിയിട്ടുള്ളത്. പര്‍വ്വതങ്ങളും നദികളും ഭൂമുഖത്തുള്ളിടത്തോളം രാമനും രാമകഥയും ഈ ലോകത്ത് പ്രചരിക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് പുസ്തകം തുടങ്ങുന്നതു തന്നെ.
താടകവധത്തിന്റേയും ബാലിവധത്തിന്റേയും ധാര്‍മ്മികത ഇതില്‍ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. മുല മുറിച്ച നങ്ങേലി കഥ പ്രചരിപ്പിച്ചതുപോലെ ധര്‍മ്മവിരോധികളായ തല്‍പരകക്ഷികള്‍ പടച്ചുവിട്ട സിദ്ധാന്തമാണ്, രാമന്‍ പിറകില്‍ നിന്നും അമ്പെയ്ത് ചതിയാലെ ബാലിയെ വധിച്ചുവെന്ന ഉപാഖ്യാനമെന്ന് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. മാറിലേറ്റ ബാണം ഊരി മുക്തനാക്കുവാന്‍ ബാലി, ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്ന രംഗം വ്യക്തമാക്കി ആ അബദ്ധവാദത്തെ ഖണ്ഡിക്കുന്നു. വാല്മീകി മഹര്‍ഷിയുടെ രാമായണത്തില്‍ ഉപകഥകള്‍ ഉള്‍പ്പെടുത്തി മലിനപ്പെടുത്തിയ കളങ്കിത പണ്ഡിതരേയും അവരുടെ വ്യാഖ്യാനങ്ങള്‍ വഴി, രാമനേയും രാമായണത്തേയും ഇകഴ്ത്താന്‍ ശ്രമിക്കുന്നവരേയും അളവറ്റ പ്രഹരത്തിന് വിധേയരാക്കിയിട്ടുണ്ട്.
സമ്പാതിയുടെ കഥ പറയുമ്പോള്‍ നമുക്ക് സുപരിചിതനല്ലാത്ത സമ്പാതിയുടെ മകന്‍ സുപാര്‍ശ്വയേയും പരാമര്‍ശിക്കുന്നു. നൈപുണ്യവും കാര്യക്ഷമതയുമുള്ളവര്‍ ഒരുമിച്ചു നിന്നാല്‍ ലക്ഷ്യപ്രാപ്തി സുഗമമായിരിക്കുമെന്ന സമ്പാതി വാക്യം ഒരു വിജയമന്ത്രമായി നമുക്കും കൈക്കൊള്ളാം.
ശാസ്ത്രജ്ഞന്‍, സഞ്ചാരി, പ്രകൃതിസ്‌നേഹി, കവി, കാമുകന്‍, തത്ത്വചിന്തകന്‍, ഗുരു, ശിഷ്യന്‍ എന്നീ ബഹുമുഖ പ്രതിഭയാണ് ആദികവി വാല്മീകിയെന്ന് ഗ്രന്ഥകാരന്‍ ശങ്കാവിഹീനം പറയുന്നു. ഇന്നും മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദണ്ഡകാരണ്യം അസുരന്മാര്‍ നിറഞ്ഞാടിയ പുരാണ പ്രാധാന്യമുള്ള ഭാഗമായതെങ്ങനെയെന്ന് ലേഖകന്‍ വിശദീകരിക്കുന്നു.
ഇന്നത്തെ സയന്‍സ് ഫിക്ഷന്‍ നോവലുകളെയും സിനിമകളെയും വെല്ലുന്നൊരു കഥാഭാഗം വാല്മീകി മഹര്‍ഷി രാമായണത്തില്‍ ഒരുക്കി വച്ചിരിക്കുന്നു. അതാണ് സ്വയംപ്രഭയുടെ കഥ. ശാസ്ത്രത്തില്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍) എന്നുവിളിക്കുന്ന മൂര്‍ത്തമായ പ്രതിഭാസത്തിന്റെ വര്‍ണ്ണനയാണോ, സീതാന്വേഷണത്തിനിറങ്ങിയ ഹനുമാനും കൂട്ടര്‍ക്കും ആതിഥ്യമരുളിയ സ്വയംപ്രഭയുടെ ഗുഹ എന്ന് ലേഖകന്‍ സന്ദേഹിക്കുന്നു. പുനര്‍വായനയിലൂടെ രാമായണത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
തെന്മലയോരത്തെ വന്‍മല
പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍
(ഒരു ലഘു ജീവചരിത്രം)
രാജീവ് ഇരിങ്ങാലക്കുട
പേജ്: 80 വില: 100 രൂപ
ഫോണ്‍: 9446152044
അപരിമേയമായ അദ്ധ്യാത്മ സംസ്‌കൃതി പകര്‍ന്ന് വിസ്മൃതിയിലാണ്ടുപോയ അസംഖ്യം സിദ്ധപുരുഷന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ ആത്മകഥയോ ജീവ ചരിത്രമോ എഴുതാതിരുന്നത് അജ്ഞത മൂലമാവില്ല. അതൊരു അനിവാര്യവിധേയത്വമായി ആരും കണക്കാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. അനുസ്മൃതിയാണ് മഹോന്നതമായ ശ്രാദ്ധം.
സൗമ്യവും ദീപ്തവുമായ ഒരനുസ്മൃതിയാണ് രാജീവ് ഇരിങ്ങാലക്കുടയുടെ ‘തെന്മലയോരത്തെ വന്‍മല’. ഇതൊരു ലഘു ജീവ ചരിത്രരചനയാണ്. അദ്ധ്യാത്മകേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത പണ്ഡിറ്റ് പി. ഗോപാലന്‍ നായരാണ് ചരിത്രകഥയിലെ നായകന്‍. ശ്രീമദ് ഭാഗവതം ഉള്ളിടത്തോളം കാലം ഈ കഥാപുരുഷന്‍ അനശ്വരനായിരിക്കും.
തെന്മലയോരത്തെ വന്‍മലയെന്ന് പണ്ഡിറ്റ് പി. ഗോപാലന്‍ നായരെ വിശേഷിപ്പിച്ചത് മഹാകവി പി. കുഞ്ഞിരാമന്‍ നായരാണ്. മഹാകവിയുടെ ഇടക്കാല മേച്ചില്‍പ്പുറമായ കൊല്ലങ്കോട് ഗ്രാമത്തിലാണ് പി.ഗോപാലന്‍ നായരും ജീവിച്ചത്. ഏകത, സമത, സത്യനിഷ്ഠ, സുശീലം, സ്ഥൈര്യം, ആര്‍ജവം, ദണ്ഡരാഹിത്യം എന്നിവയാണ് ഒരു യോഗിയുടെ സമ്പത്തുകള്‍. എങ്കില്‍ ഉത്തമപുരുഷനായ യോഗിയാണ് ഗോപാലന്‍ നായര്‍.
മനുഷ്യസ്‌നേഹികള്‍ക്ക് മാതൃകയും സാഹിത്യതല്‍പ്പരര്‍ക്ക് മാര്‍ഗ്ഗദാര്‍ശിയും സര്‍വ്വോപരി മലയാളികള്‍ക്ക് ഗുരുവുമായ പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍ക്കുള്ള നിത്യസ്മാരകമാണ് രാജിവ് ഇരിങ്ങാലക്കുടയുടെ ഈ ലഘു ജീവചരിത്ര ഗ്രന്ഥം. ജനനാന്ത്യത്തോളമുള്ള സംഭവസംഘാതങ്ങള്‍ ആണ്ടുമാസം തീയതി രേഖപ്പെടുത്തിയുള്ള ആവിഷ്‌ക്കരണമല്ല ഒരുത്തമ ജീവചരിത്രഗ്രന്ഥം. കാലത്തിന്റെ കരിതേപ്പിനെ അതിജീവിച്ചു നില്‍ക്കുന്ന സന്ദേശങ്ങളും സംഭാവനകളും, അവ സമൂഹത്തിനു കൊടുക്കുന്ന നല്ല പാഠങ്ങള്‍ ഇവയൊക്കെയും ആത്മാര്‍ത്ഥതയുടെ അനായാസതയോടെ അവതരിപ്പിക്കുന്നതാണ് ജീവചരിത്രഗ്രന്ഥം.
ഇരുപത്തിരണ്ടോളം ചെറുലേഖനങ്ങളിലൂടെ തെന്മലയോരത്തെ വന്‍മലയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഗവേഷണസ്വഭാവത്തോടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.






















