മധുര മനോജ്ഞം
മോഹനം ഈ ജീവിതം
ഡോ. കെ. പരമേശ്വരന്‍
വേദ ബുക്‌സ്
പേജ്: 112 വില: 170 രൂപ
ഫോണ്‍: 9486243911
ഒരു ഗവേഷകന്റെ ജിജ്ഞാസാപൂര്‍വ്വകമായ മനോഭാവത്തോടെ, ഗവേഷണപഠനങ്ങളുടെ രീതിശാസ്ത്രം സമഗ്രമായി തന്നെ ഉള്‍ക്കൊണ്ട്, സര്‍ഗ്ഗാത്മകമായ സവിശേഷ ചാതുരിയോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഡോ.കെ. പരമേശ്വരന്റെ ‘മധുര മനോജ്ഞം ഈ ജീവിതം’ എന്ന പുസ്തകം. അനുഭവം എന്ന പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തിന്റെ വക്താവ് താനാണെങ്കിലും വായനക്കാരെ കൂടി പങ്കാളികളാക്കാന്‍ പര്യാപ്തമായ ഒരു രചനാ സരണിയിലൂടെ പരമേശ്വരന്‍ ഓര്‍മ്മകളുടെ ശാദ്വല ഭൂമികയിലേയ്ക്ക് സര്‍ഗ്ഗസഞ്ചാരം നടത്തുമ്പോള്‍ അതിന്റെ തനതായ സമഗ്രവൈശിഷ്ട്യം കൃതിയിലുടനീളം തിരയിളക്കം നടത്തുന്നത് വായനക്കാരന് സ്വച്ഛന്ദമായി അനുഭവിക്കാന്‍ സാധിക്കും. ഏത് വായനാസപര്യയിലും ഏറ്റവും മികവാര്‍ന്ന മാനദണ്ഡമായി എനിയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതും മറ്റൊന്നുമല്ല. അനുഭവത്തികവിനെ അതിന്റെ തന്നെ അയത്‌നലളിതമായ ശോഭാതിരേകത്തിലൂടെ അവിസ്മരണീയമാക്കാന്‍ പരമേശ്വരന്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലവത്താകുന്നതിന്റെ നിദര്‍ശനങ്ങള്‍ ഈ പുസ്തകത്തില്‍ ഉടനീളം കണ്ടെത്താന്‍ സാധിക്കും.
ജീവിതം, വായന എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. വായന ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഘടകമാണെന്നും അത് ജീവിതത്തിന് ഉര്‍വ്വരതയണയ്ക്കുന്ന നവചൈതന്യമാണ് എന്നും സമര്‍ത്ഥിക്കാന്‍ ഗ്രന്ഥകാരന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടെത്തിയത് ഈ കൃതിയിലെ അദ്ധ്യായങ്ങള്‍ നമ്മെ അയത്‌നലളിതമെന്നോണം ബോദ്ധ്യപ്പെടുത്തുന്നു.
ആത്മനിര്‍വൃതിദായകമായ മനോധര്‍മ്മത്തോടെ അവതരിപ്പിക്കുന്ന ചില രസികന്‍ പ്രയോഗങ്ങള്‍ വഴി ഗ്രന്ഥകാരന്‍ ഭാഷയെ അത്ഭുതപ്പെടുത്തുന്നത് അനുവാചകരേയും ഒട്ടൊന്ന് പിടിച്ചു നിര്‍ത്തും. ‘കവിതയിലൊരു വിതയുണ്ടേ’ എന്ന് പ്രസ്താവിക്കുന്നത് പോലെ ഈ എഴുത്തിലും നൈസര്‍ഗ്ഗികതയുടെ ഒരു ‘മിന്നല്‍തരംഗം’ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നു.
ഡോ. പരമേശ്വരന്റെ ‘മധുരമനോജ്ഞം മോഹനമീ ജീവിതം’ എന്ന കൃതി സുഗമമായ ഒരു വായനാനുഭവമാണ്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നാം ജീവിച്ചു തീര്‍ത്ത ജീവിതം, നമ്മുടെ മുന്നിലുള്ള ജീവിതം, ഇനിയങ്ങോട്ടുള്ള ജീവിതം, എത്ര വര്‍ണ്ണശബളമാണെന്ന് നമുക്ക് ബോദ്ധ്യം വരുന്നു.
മെമ്മോയര്‍ ഓഫ് ആന്‍ ഒഡിസി
നിരഞ്ജന വി.എച്ച്
ബുക്ക്‌ലീഫ് പബ്ലിഷിങ്ങ്
പേജ്: 38
പകല്‍ കിനാവുകളും പാതിരാസ്വപ്‌നങ്ങളും നേരനുഭവങ്ങളും പാലൂട്ടിയ കവിതകളാണ് നിരഞ്ജന വി. എച്ചിന്റെ ‘മെമ്മോയര്‍ ഓഫ് ആന്‍ ഒഡിസി’. ജീവിതാനുഭവങ്ങളുടെ ശകലങ്ങളും കവിയുടെ ജീവിതത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ഓര്‍മ്മകളും കോര്‍ത്തിണക്കിയ പച്ചയായ ആഖ്യാനം. സ്വന്തം അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും മധുരം പകരുമ്പോഴും കവിയുടെ സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തുന്ന ഒരുപിടി കവിതകള്‍ തുടര്‍ന്നു വായിക്കാം.
കേവലം വാക്കുകള്‍ തുന്നിക്കൂട്ടിയ പദകസര്‍ത്താവാതെ വരികളില്‍ കവിത്വം നിറയ്ക്കാന്‍ നിരഞ്ജന ശ്രദ്ധിച്ചിട്ടുണ്ട്. ബിംബങ്ങളും, ഉപമകളും നിറയുന്ന വരികള്‍ വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഉള്ളിലെ അടങ്ങാത്ത അഭിനിവേശങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാന്‍, കാത്തിരിപ്പിന്റെ മുഷിപ്പിക്കലുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തുണയാകുന്ന പ്രതീക്ഷ നമ്മുടെ ജീവിതത്തിലെങ്ങനെയെല്ലാം ഒഴിച്ചുകൂടാനാവാത്തതാകുന്നു എന്ന് വ്യക്തമാക്കുന്ന ‘Dilemma of Hope’ എന്ന ആദ്യത്തെ കവിത മുതല്‍ ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ട ആരുടെയോ വിരഹത്തില്‍ വേദനിക്കുന്ന മനസ്സിന്റെ വികാര വിചാരങ്ങള്‍ വരച്ചിടുന്ന ‘Memoir of an Odyssey’ എന്ന ഇരുപത്തിയൊന്നാമത്തെ കവിത വരെ വ്യത്യസ്ത വിഷയങ്ങളിലൂടെ വളരെ ആഴമായി ചിന്തിപ്പിച്ചുകൊണ്ട് കവിക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നു.
സ്ത്രീധനംപോലെ സാമൂഹികമായും സാംസ്‌കാരികമായും കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കവിതകള്‍ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള, കവിയുടെ പ്രതിഷേധങ്ങളായി നമുക്കനുഭവപ്പെടും. ലളിതമായ വരികളില്‍ ആശയസമ്പുഷ്ടമായ കാവ്യലോകം തീര്‍ക്കാന്‍ കവിക്ക് കഴിഞ്ഞു എന്നതില്‍ സംശയമില്ല.






















