കേരളത്തിലെ വയനാട് ജില്ലയില്‍ മാനന്തവാടി നെന്മേനി ഭാഗത്തുള്ള അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. കല്പറ്റയില്‍ നിന്നും 25 കി.മീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12കി.മീറ്ററുമാണ് ഇവിടെ എത്താന്‍ വേണ്ടത്. സമുദ്രനിരപ്പില്‍ നിന്നും 4000 അടി പൊക്കത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇത് മനുഷ്യ നിര്‍മ്മിതമല്ല. പ്രകൃതിദത്തമാണ്. ഇടയ്ക്കല്‍ എന്നും ഇതിനെ പറയാറുണ്ട്. രണ്ട് പടുകൂറ്റന്‍ പാറകള്‍ക്കിടയിലേക്ക് മറ്റൊരു പടുകൂറ്റന്‍ പാറ വന്ന് വീണ് അത് അവിടെ ഉറച്ചാണ് ഗുഹ രൂപപ്പെട്ടിരിക്കുന്നുത്. പാറ ഇടയില്‍ വീണുണ്ടായതിനാലാണ് ഈ പേരുണ്ടായത്. 98 അടി നീളവും 22 അടി വീതിയും 30 അടി ഉയരമുള്ള ഗുഹയിലെത്താന്‍ പ്രധാന വഴിയില്‍ നിന്നും ഒരു കിലോമീറ്റര്‍ നടക്കേണ്ടതുണ്ട്. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും പരസ്പരം ചേര്‍ന്ന ഭാഗത്താണ് മലയുടെ സ്ഥാനം. 1901 ല്‍ Indian Antiquary Journal ല്‍ വന്ന എടയ്ക്കല്‍ ഗുഹയുടെ ചിത്രങ്ങളോടുകൂടിയ പഠനമാണ് ഇതിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്.
കണ്ടെത്തിയവര്‍, പഠിച്ചവര്‍
വയനാടന്‍ കാടുകളിലെ ആദിവാസി വിഭാഗത്തിലെ മുള്ളുക്കുറുമര്‍, പണിയര്‍ എന്നിവരാണ് ഈ ഗുഹ ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഗുഹയെപ്പറ്റിയറിയാവുന്നവര്‍ക്കൊപ്പം മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ഫ്രഡ് ഫാസറ്റ് (എ.എമംരലേേ) കാട് വെട്ടി തെളിച്ച് ഗുഹയിലെത്തിയതോടെയാണ് പുറം ലോകം ആദ്യമായി ഇതിനെക്കുറിച്ചറിയുന്നത്. പിന്നീട് 1896 ല്‍ ബ്രൂസ്ഫൂട്ട്, 1897ല്‍ ഡോ.ഷൂള്‍റ്റ്‌സ്, 1896ല്‍ കോളിന്‍ മെക്കന്‍സി, പ്രൊഫ. ബ്യൂളര്‍, ആര്‍.സി.ടെമ്പിള്‍, ഇ.ഒ.ടില്‍നര്‍ എന്നിവര്‍ ഇവിടെയെത്തി പഠിക്കുകയുണ്ടായി. ഇവിടുത്തെ ചരിത്രഗവേഷകര്‍ പലരും എടയ്ക്കല്‍ ചിത്രങ്ങളും ലിഖിതങ്ങളും പഠിക്കുകയുണ്ടായി. കേസരി ബാലകൃഷ്ണപിള്ള, ഡോ.എം.ജി.എസ്.നാരായണ്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, ഡോ.ടി.പവിത്രന്‍, ഒ.കെ.ജോണി, ഐരാവതം മഹാദേവന്‍, കോവൂര്‍. രാഘവന്‍, രാജന്‍ഗുരുക്കള്‍, സ്വാമിനാഥന്‍, വി.രംഗാചാര്യ, പി.രാജേന്ദ്രന്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങി ഒട്ടനവധിപ്പേര്‍ എടയ്ക്കല്‍ ഗുഹയിലെ ലിപികളേയും ചിത്രങ്ങളേയും ആസ്പദമാക്കി പഠനങ്ങള്‍ നടത്തുകയുണ്ടായി. ഇവരില്‍ ചിലര്‍ സമാനമായി ചിന്തിക്കുമ്പോള്‍ മറ്റു ചിലര്‍ വ്യത്യസ്തമായി ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ ചിത്രങ്ങളുടേയും ലിപികളുടേയും കാര്യത്തില്‍ ഒരേകീകൃത അഭിപ്രായം ഇനിയും ഉണ്ടായിട്ടില്ല. അതേതായാലും വയനാടും ചുറ്റുവട്ടമുള്ള പ്രദേശങ്ങളുംപ്രാചീനകാലത്ത് ശക്തമായ ഗോത്രവര്‍ഗ്ഗ സാന്നിദ്ധ്യമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് ഈ ഗുഹയിലുള്ളത്. അതോടൊപ്പം മലയാള ഭാഷയുടെ പ്രാചീനതയിലേക്കും പ്രാചീന ലിപികളിലേക്കും ഉള്ള വഴി കാട്ടികളാണ് ഇവിടെ കാണുന്ന ലിഖിതങ്ങള്‍. മാത്രമല്ല ഏകാന്ത ധ്യാനനിരതരായി ജീവിക്കുവാനാഗ്രഹിച്ചിരുന്ന ജൈനമത സന്യാസിമാരുടെ സാന്നിദ്ധ്യം കേരളത്തിലെത്ര നേരത്തെ എത്തിയിരുന്നു എന്നതിനും ഈ ഗുഹാ ലിഖിതങ്ങളില്‍ ചിലത് വ്യക്തമായ തെളിവാണ്. ശതകങ്ങളുടെ വ്യത്യാസത്തില്‍ ഈ ഗുഹ പലരുടേയും ആവാസ സ്ഥലവും ലിഖിതസ്ഥാനവും ആയിട്ടുണ്ട് എന്ന് വ്യക്തമാണ്. പല പല കാലങ്ങളിലെ ലിഖിതങ്ങളും ചിത്രവുമാണ് ഇതിലുള്ളത്. വേട്ടയാടാനെത്തിയ രാജാക്കന്മാരുടേയും പരിവാരങ്ങളുടേയും കരസ്പര്‍ശം ഈ ഗുഹയിലുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ലിഖിതങ്ങള്‍. എഴുത്തുകളുടേയും ചിത്രങ്ങളുടേയും കൃത്യത വിളിച്ചറിയിക്കുന്നത് അവ ശിലായുഗത്തിന്റേതല്ല മറിച്ച് ലോഹ യുഗത്തിന്റേതാണെന്നു തന്നെയാണ്.
ഗുഹാചിത്രങ്ങള്‍
ചരിത്രാതീത കാല ഗുഹാ ചിത്രങ്ങളാണ് എടയ്ക്കല്‍ ഗുഹയിലുള്ളത്. ഈ ചിത്രങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പല പ്രാവശ്യം അവിടം സന്ദര്‍ശിച്ച് ഫോസറ്റ് പകര്‍ത്തുകയും അവ 1901 ഒക്ടോബറിലെ Indian Atiquary ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് അവയില്‍ പലതും വികൃതമായിട്ടുണ്ട്. അന്നത്തെ ചില ലിപികള്‍ പോലും പില്‍ക്കാല സന്ദര്‍ശകരുടെ കരവിരുതിലും കലാവിരുതിലും പെട്ട് അവ്യക്തമാവുകയൊ മറയുകയൊ ചെയ്തിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ കലാചാതുരി എത്രമാത്രമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നുണ്ട് ഓരോചിത്രവു. വയനാട്ടിലെ വനമേഖലയില്‍ താമസിക്കുന്ന മുള്ളുക്കുറുമരുടെ പൂര്‍വ്വികരാകണം ഇവ ചിത്രണം ചെയ്തത് എന്നാണ് ചരിത്രഗവേഷകരുടെ അഭിപ്രായം. ഇരുമ്പുപോലെ ഉറച്ച കടുപ്പം കൂടിയ കല്ലുളികളും കല്‍മഴുവും മറ്റും ഉപയോഗിച്ചാകണം ഇവ ആലേഖനം ചെയ്തതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതാണ്ട് 500 ചതുരശ്ര അടി വിസ്തൃതിയില്‍ ചിത്രങ്ങളും ലിപികളും കാണാം. നവീന ശിലാ ചിത്രങ്ങളാണ് ഇവയെന്ന് ഗവേഷകര്‍അഭിപ്രായപ്പെടുന്നു. ‘എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ നവീന ശിലായുഗ മനുഷ്യരുടേതാണെന്ന് സമീപകാലത്ത് സ്വിറ്റ്‌സര്‍ലണ്ടുകാരനായ ഡോ.ഇ.ഒ.ടില്‍നറും അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യരൂപാവിഷ്‌കരണം കലാചരിത്രത്തില്‍ തുടങ്ങുന്നത് കൃഷിയും കാലി വളര്‍ത്തലും ആരംഭിച്ച ഇക്കാലത്താണെന്നതും ശ്രദ്ധേയമാണ്.’1 (ഒ.കെ.ജോണി, വയനാടന്‍ രേഖള്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2016, പുറം-24) ഗോത്രവര്‍ഗ്ഗ ചിത്രകാരന്മാര്‍ ദിവസങ്ങളോളം ഈ ഗുഹയില്‍ പാര്‍പ്പുറപ്പിച്ച് ഏറെ സമയമെടുത്ത് വരച്ചവയാണ് ചിത്രങ്ങള്‍ എന്നതിന് സംശയം വേണ്ട. പിന്നീട് ജൈനബുദ്ധമത കാലത്ത് ഈ ഗുഹ ബുദ്ധ സന്യാസിമാരുടെ ധ്യാന കേന്ദ്രമായും മാറിയതിന് ഇതിലെ ചില ലിഖിതങ്ങള്‍ തെളിവു നല്കുന്നു.
തൂവല്‍ കിരീടം പോലെ തോന്നിയ്ക്കുന്ന ശിരോലങ്കാരം ചാര്‍ത്തിച്ചതും മറ്റെന്തോ ആഭരണങ്ങള്‍ ധരിച്ചതുമായ നാല് മനുഷ്യ ചിത്രങ്ങള്‍ കിഴക്കു ഭാഗത്തുള്ള കല്‍ പ്രതലത്തിലുണ്ട്. കൈകളുയര്‍ത്തി നില്ക്കുന്ന ഈ മനുഷ്യര്‍ ഏതോ അനുഷ്ഠാന കര്‍മ്മം നിര്‍വ്വഹിക്കുന്ന ഗോത്രാചാര്യന്മാരൊ ഗോത്രമുഖ്യന്മാരോ പുരോഹിതന്മാരൊ ആകണം. ഗോത്രവര്‍ഗ്ഗങ്ങളുടെ ഇടയില്‍ നിരന്തരം നടന്നിരുന്ന ആചാരാനുഷ്ഠാനങ്ങളുടേയും ദൈവപ്രീതിയ്ക്കായി അവര്‍ നടത്തിയിരുന്ന കര്‍മ്മങ്ങളുടേയും ദൃശ്യാവിഷ്‌ക്കാരമാകണം ഈ രേഖാങ്കിത ചിത്രങ്ങള്‍. ചിലവൃത്തങ്ങളും ചതുര്‍ രൂപങ്ങളും വരച്ചിട്ടിരിക്കുന്നത് പൂജാവേളയില്‍ വരയ്ക്കുന്ന മന്ത്രക്കളങ്ങളാകാം. ഇന്നും ചില പൂജകള്‍ക്ക് കളങ്ങള്‍ വരയ്ക്കുന്ന പതിവ് ഉണ്ടല്ലൊ.
ഇവിടെ കാണുന്ന ചക്രരൂപങ്ങളും അതിലേക്കുള്ള തെളിവാണ്. ഗോത്രവര്‍ഗ്ഗ വിവാഹ വേദിയുടെ എല്ലാ ലക്ഷണങ്ങളും ഈ ചിത്ര സമുച്ചയത്തിനുണ്ട്. സ്ത്രീപുരുഷരൂപങ്ങളും അവയെ ബന്ധിപ്പിക്കുന്ന രേഖകളും എല്ലാം ഇതിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.
ആരാധനയും അനുഷ്ഠാനവും വിവാഹവുമെല്ലാം ഈ ഗുഹയുടെ ഏകന്തതയില്‍ ഏറെക്കാലം പല ഗോത്ര വര്‍ഗ്ഗ തലമുറകളിലൂടെ ഇവിടെ നടന്നിട്ടുണ്ടാവാം. അതിന്റെ അന്നത്തെ ഫോട്ടോസ്‌കെച്ചായി ഈ ചിത്രങ്ങളെ കാണുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഇത്തരമവസരങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ സ്‌നേഹത്തോടെ വളര്‍ത്തിയിരുന്ന മൃഗങ്ങളേയും അവര്‍ ചേര്‍ത്തുപിടിച്ചിരുന്നു എന്നതിന് ഈ ചിത്രസമുച്ചയത്തിലെ മൃഗസാന്നിദ്ധ്യവും തെളിവുനല്കുന്നു. അടുക്കും ചിട്ടയുമുള്ള ഒരു ആസ്തിക്യബോധത്തിലും അനുഷ്ഠാന ക്രമത്തിലും സാമൂഹ്യകൂട്ടായ്മയിലും ഒരുപറ്റം മനുഷ്യര്‍ കേരളത്തിലെ വയനാടന്‍ മലകളിലും കാടുകളിലും ജീവിച്ചിരുന്നു എന്നതിന് ഇതില്‍പ്പരം മറ്റ് തെളിവുകളുടെ ആവശ്യമില്ല. ഇതിനെക്കുറിച്ചു പഠിച്ച E.O.Tillner D ഉടെ അഭിപ്രായം ശ്രദ്ധേയമാണ്. ‘ “The cave most certainly served as a Place of worship,as indicated by many symbols. From the inscription it follows that the cave was inhabited by a chief or king with his retinue,and that some tiger cult has its home here,in wich the killed tiger was hung up in the cave.” (Dr.E.O. Tillner:The Edakkal cave in the Ambukuthy crack on Bathery Rock. Translated by R.Mittal) ഈ ഗുഹയില്‍ ഒരു കണ്‍കാഴ്ചയൊ, ഒരു സംഭവചിത്രണമൊ മാത്രമല്ല. കുറെയേറെ വസ്തുതകളെ വെളിപ്പെടുത്തുന്ന രംഗങ്ങളുടെ ഒരുയോഗം തന്നെയാണുള്ളത്. ഒരുനല്ല ദൃശ്യവിരുന്നു നല്കുന്ന ഈ ചിത്രങ്ങളെ നടുവട്ടം ഗോപാലകൃഷ്ണന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്2. ‘മൊത്തത്തില്‍ നോക്കുമ്പോള്‍ എടയ്ക്കല്‍ ചിത്രങ്ങളുടെ അന്തര്‍ധാര ജീവിതത്തിന്റെ ചലനാത്മകതയാണെന്നു പറയാം. ആള്‍രൂപങ്ങളിലും മൃഗപക്ഷി രൂപങ്ങളിലും പനമ്പട്ടകളിലും ചലനത്തിന്റെ സൗന്ദര്യമുണ്ട്.’ (നടുവട്ടം ഗോപാലകൃഷ്ണന്‍, ശ്രേഷ്ഠഭാഷ മലയാളം, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, പുറം-92).
കിഴക്കും പടിഞ്ഞാറും ഭിത്തികളിലായി ഏതാണ്ട് അറുപതില്‍ പരം ചിത്രങ്ങളാണുള്ളത്. വില്ലും കത്തിയും മറ്റും മനുഷ്യന്റെ അക്കാലത്തെ പുരോഗതിയെയാണ് എടുത്തുകാട്ടുന്നത്. സൈന്ധവ സംസ്‌കാരത്തോളമുള്ള ഒരു സംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഹാരപ്പന്‍ ചിത്രങ്ങള്‍ക്കു സമാനമായ പല ചിത്രങ്ങളും ഇതിലുണ്ട്. ഇവിടെ പ്രധാനമായും കാണാന്‍ കഴിയുന്നത് മനുഷ്യ രൂപങ്ങള്‍, മൃഗചിത്രങ്ങള്‍, വണ്ടിചക്രങ്ങള്‍, ആശയവിനിമയത്തിനുള്ള ചില ഗൂഢചിഹ്നങ്ങള്‍, ലിപികള്‍, അക്കങ്ങള്‍, ശിരോലങ്കാരങ്ങള്‍, തൂവല്‍രൂപശിരോലങ്കാരങ്ങള്‍, പൂക്കള്‍, ആന, പട്ടി, ഏണി, സൂര്യരൂപം, ഹസ്താലങ്കാരങ്ങള്‍, ദണ്ഡുകള്‍, വേട്ട ചിത്രങ്ങള്‍ എന്നിവയാണ്. പലപല കാലങ്ങളിലൂടെ വരയ്ക്കപ്പെട്ടവയാകാം ഈ ചിത്രങ്ങള്‍.
പ്രാചീന കേരളത്തിലെ മനുഷ്യരിലേക്കും അവരുടെ ജീവിതം, സംസ്‌കാരം, ചരിത്രം, വിശ്വാസങ്ങള്‍, കര്‍മ്മമണ്ഡലങ്ങള്‍ എന്നിവയിലേക്കല്ലാം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ് ഇവിടെ കാണുന്ന ആലേഖനങ്ങള്‍. ക്രിസ്തുവിന് മന്‍പ് 8000 വര്‍ഷം പഴക്കമുള്ള ചുവര്‍ ചിത്രങ്ങളാണ് ഇവയെന്ന് പണ്ഡിതന്മാര്‍ ഊഹിക്കുന്നു.
ചിത്രങ്ങളില്‍ കാണുന്ന സൂക്ഷ്മതയും വരകളുടെ വ്യക്തതയും ഏറ്റവും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുന്നു. ഇതിന്റെ പിന്‍തുടര്‍ച്ച തന്നെയാണ് നമ്മുടെ പില്‍കാല ശിലാ ലിഖിതങ്ങള്‍. അതുകൊണ്ടുതന്നെയാണ് ‘സൈന്ധവ കാലഘട്ടത്തിലേയും ബി.സി. മൂന്നാം സഹസ്രാബ്ദത്തിലെ എടയ്ക്കല്‍ ഗുഹയിലേയും ബ്രാഹ്മി ലിഖിതങ്ങള്‍ പഠിച്ചുകൊണ്ടായിരിക്കണം കേരളത്തിലെ ശിലാലിഖിത പഠനം ആരംഭിക്കേണ്ടത്’ എന്ന് ഡോ.ടി.പവിത്രന്‍ സൂചിപ്പിച്ചത് (ഡോ.ടി. പവിത്രന്‍, ലിഖിതപഠനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019 പുറം-2).

രാജവംശ സൂചനകള്‍
എടയ്ക്കല്‍ ഗുഹയില്‍ കാണുന്ന ലിഖിതങ്ങളില്‍ ചില രാജാക്കന്മാരെപ്പറ്റി പരാമര്‍ശങ്ങള്‍ കാണുന്നു. അഞ്ചാംശതകത്തിലെ കദംബരാജ വംശ സൂചന ഇതിലൊന്നാണ്.
ഇതിലുള്ളത് ‘കോ ആതന്‍’ എന്ന ലിഖിതത്തില്‍ രാജ പരാമര്‍ശവും ജൈനമത സാന്നിദ്ധ്യവും വെളിപ്പെടുന്നു. ചേരരാജാക്കന്മാരെ സൂചിപ്പിക്കുന്ന ചേരന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു കാണുന്നത് ഈ ലിഖിതത്തിലാണെന്ന് ഐരാവതം മഹാദേവന്‍ അദ്ദേഹത്തിന്റെ ലേറ്റ് തമിള്‍ ബ്രാഹ്മികി scription എന്ന പഠന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”കടുമ്മിപുതചേര”, ”കോവാതന്‍” എന്നീ ഗുഹാലിഖിത പരാമര്‍ശങ്ങള്‍ ചേരരാജാക്കന്മാരെയാണ് സൂചിപ്പിക്കുന്നത്.
വിഷ്ണു ശര്‍മ്മന്റെ കുടുംബത്തിന്റെയും കുലത്തിന്റെയും നന്മക്കുവേണ്ടി എഴുതപ്പെട്ടത് എന്ന അര്‍ത്ഥം വരുന്ന ഒരു ലിഖിതം കിഴക്കെ ചുവരിന്റെ തെക്കുവശത്തായി കാണാം. ‘ശ്രീ വിഷ്ണു വര്‍മ്മാ (നാഹ) കുടുംബിയ കുലവര്‍ദ്ധനസ്യ ലിഖിതം’ എന്ന് ബ്രാഹ്മിലിപിയില്‍ സംസ്‌കൃത ഭാഷയില്‍ കുറിച്ചിരിക്കുന്നു. ഇത് ആദ്യമായി അന്നത്തെ ലിപി പണ്ഡിതനായിരുന്ന ബ്രിട്ടീഷുകാരന്‍ ഹൂല്‍ഷ് (Hultzsch) ആയിരുന്നു വായിച്ചെടുത്തത്. ഇതിനു പുറമെ തമിഴ് ബ്രാഹ്മിലിപിയിലുള്ള രണ്ട് ലിഖിതങ്ങളുമുണ്ട്. ‘പല് പുലിതാത്തത്കാരി (പല് പുലിതാനന്തകാരി)’ എന്നും ‘വെങ്കോമലൈ കച്ചവനു ചത്തി’ എന്നുമാണവ. ഇത് രാജവംശ സൂചനയല്ല മറിച്ച് ഗോത്രവര്‍ഗ്ഗ നേതാവിനേയും കശ്യപനെന്ന ജൈനസന്യാസിയേയുമാണ് സൂചിപ്പിക്കുന്നത് എന്നാണ് ചിലരുടെ അഭിപ്രായം. കിഴക്കെ ഭിത്തിയിലുള്ള ‘കോപൂതിവീരന്‍’ (രാജാവ് ഭൂതിവീരന്‍) ‘കോ ആതന്‍’ (രാജാവ് ആതന്‍) ‘കുടുമ്മി പുതചേരന്‍’ (കുടുമ്മി പുത്തന്‍ ചേരന്‍ = കുടുമ്മിയുടെ പുത്രന്‍ ചേരന്‍) ഇത് ‘കുടമ മിപുതചരസുത’ എന്നാണ് വായിക്കേണ്ടതെന്നും ഒരഭിപ്രായം കാണുന്നു (പ്രൊഫ. ടി. പവിത്രന്‍ ലിഖിത പഠനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2019, പുറം-25) എന്നീ ലിഖിതങ്ങളും കാണാം. ഇതെല്ലാം രാജപരാമര്‍ശങ്ങളാണെങ്കിലും ഇവരാരാണെന്ന് വ്യക്തമല്ല. ചേരരാജാക്കന്മാരെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് നടുവട്ടം ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു3. ”സംഘകാല ചേര വംശത്തിന് കേരളത്തിലും കോയമ്പത്തൂരിനടുത്ത് കരൂരിലും ശാഖകളുണ്ടായിരുന്നു. എടയ്ക്കല്‍ ലിഖിതം കേരളത്തിലാവാസമുറപ്പിച്ച ചേരന്മാരെ സംബന്ധിച്ചുള്ളതാണ്” എന്ന് അദ്ദേഹം കരുതുന്നു (ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ശ്രേഷ്ഠ ഭാഷ മലയാളം, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2021, പുറം-90). ‘കോ (വ്) ആതാന’ എന്ന ലിഖിതത്തിലും ചേരവംശ സൂചനയുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഈ ലിഖിതത്തില്‍ സൂചിതനായ വിഷ്ണുവര്‍മ്മനെപ്പറ്റി ഒ.കെ.ജോണി ഇങ്ങനെ സൂചിപ്പിക്കുന്നു. ‘ഡോ.ഹുള്‍ട്ഷ് വായിച്ച ഒരു ലിഖിതത്തില്‍ പറയുന്ന കുടുംബിയില്‍ വംശജനായ വിഷ്ണു വര്‍മന്‍ ആരെന്നോ, എടയ്ക്കല്‍ ഗുഹയുമായി അയാള്‍ക്കുള്ള ബന്ധമെന്തെന്നോ വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ല. കേരളത്തിലെ പുരാതനമായൊരു രാജവംശമായിരിക്കാം കുടുംബിയില്‍ രാജവംശമെന്ന് മലബാര്‍ ഗസറ്റിയറിന്റെ രചയിതാവ് ഊഹിക്കുന്നു. കുടുംബിയില്‍ വംശത്തിന്റെ അധീനതയിലായിരുന്ന കാലത്ത് വയനാട്ടിലെ തദ്ദേശീയര്‍കുറുമ്പരായിരുന്നു.’4 (ഒ.കെ.ജോണി, വയനാട് രേഖകള്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, പുറം-36). ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് വയനാടന്‍ പ്രദേശങ്ങള്‍ ഏത് രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്ന വസ്തുത സംശയരഹിതമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്. മൈസൂരില്‍ നിന്നും ലഭ്യമായ ശിലാശാസനത്തില്‍ വയനാടിനെ സൂചിപ്പിക്കുന്നതായി പറയുന്നു. ‘മൈസൂരിനടുത്തുള്ള ചാമരാജനഗറിലെ പാര്‍ശ്വനാഥ ബസ്തിയില്‍ കാണുന്ന 1117-ലെ ഒരുശിലാലിഖിതത്തില്‍ വയനാടിനെക്കൂറിച്ച് പരാമര്‍ശമുണ്ട്. വിഷ്ണുവര്‍ദ്ധനന്‍ എന്ന ഹൊയ്‌സാള രാജാവിന്റെ സേനാനായകന്‍ നടത്തിയ ജൈത്രയാത്രയില്‍ നീലഗിരി ഉള്‍പ്പെടുന്ന വയനാട് പ്രദേശങ്ങള്‍ കീഴടക്കിയതിനെക്കുറിച്ചാണ് ഈ ലിഖിതത്തില്‍ പ്രതിപാദിക്കുന്നത്5 ‘(വയനാട് രേകള്‍, ഒ.കെ.ജോണി, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2016, പുറം 54). ഇതില്‍ നിന്ന് വയനാടിനെക്കുറിച്ച് അതി പ്രചീന ദശയില്‍ തന്നെ കേരളത്തിന് പുറത്തുള്ളവര്‍ക്ക് അറിയാമായിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. ഹൊയ്‌സാള രാജാക്കന്മാര്‍ ജൈനമതത്തെ പ്രോത്സാഹിപ്പിച്ചവരായിരുന്നു. ഇതും എടയ്ക്കല്‍ ഗുഹാജൈന സാന്നിദ്ധ്യവുമായി വല്ല ബന്ധമുണ്ടൊ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗ്ഗ സാന്നിദ്ധ്യം ഗുഹാചിത്രങ്ങള്‍ വ്യക്തമായി നല്കുന്നുണ്ട്. പില്ക്കാല ജൈനസാന്നിദ്ധ്യവും ലിഖിതങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ചില രാജനാമങ്ങളും വിശേഷണങ്ങളും നല്കുന്നുവെങ്കിലും അവരുടെ മറ്റെന്തെങ്കിലും വിവരം ലഭ്യമാക്കാന്‍ ലിഖിതങ്ങള്‍ പര്യാപ്തമാകുന്നില്ല.
ഗുഹാലിഖിതങ്ങള്‍, ലിപികള്‍
മലയാള ഭാഷയേയും ലിപികളേയും കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് കേരളത്തിലെ വയനാട്ടിലുള്ള എടയ്ക്കല്‍ ഗുഹയില്‍ നിന്നുമാണ്. ഇന്നും നാം ഉപയോഗിക്കുന്ന ചിലവാക്ക് രൂപങ്ങള്‍ എടയ്ക്കല്‍ ലിഖിതങ്ങളില്‍ കാണാന്‍ കഴിയും. എടയ്ക്കല്‍ ഗുഹാലിഖിതങ്ങളുടെ കാലം മുതല്‍ അന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക ഭേദങ്ങളോടെയാണെങ്കിലും ഒരു ഭാഷയുണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. അതിനെ രേഖപ്പെടുത്താന്‍ ഒരു ലിപിയും അന്ന് നിലവിലുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എടയ്ക്കല്‍ ഗുഹയിലെ ചുവര്‍ ചിത്രങ്ങളോളം പഴക്കമുള്ളവയല്ല എഴുതപ്പെട്ടിട്ടുള്ള ലിഖിതങ്ങള്‍. അശോക ബ്രാഹ്മി, സൈന്ധവബ്രാഹ്മി, ദ്രാവിഡലിഖിതങ്ങള്‍, പാലി ലിപിയില്‍ സംസ്‌കൃത രൂപത്തിലെഴുതിയ ലിഖിതങ്ങള്‍, തമിഴ് ബ്രാഹ്മിലിപിയിലെഴുതിയ ലിഖിതങ്ങള്‍ എന്നിവ ഇവിടെയുണ്ട്. എന്തായാലും ഒരു ഭാഷാവ്യവസ്ഥയും കേരളത്തില്‍ അന്നുണ്ടായിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.
എടയ്ക്കല്‍ ഗുഹാലിഖിതങ്ങള്‍ മലയാള ഭാഷയുടേയും ലിപികളുടേയും പ്രഥമമുഖം പ്രകടമാക്കുന്നതിനാല്‍ ക്ലാസിക്കല്‍ മലയാളത്തിന്റെ പഠനം അവിടെനിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം കേരള ചരിത്ര രചനയുടെ പ്രഥമാങ്കുരങ്ങള്‍ എടയ്ക്കല്‍ ഗുഹയില്‍ നിന്നു തന്നെയാണ് ആരംഭിക്കുന്നത്. വൈദിക മതം കേരളത്തിലെത്തും മുമ്പ് ജൈനബുദ്ധ മതങ്ങള്‍ കേരളത്തില്‍ ശക്തിപ്രാപിച്ചിരുന്നു എന്നതിനും ഈ ഗുഹാലിഖിതങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. കലിംഗ രാജ്യം ഭരിച്ച അശോകപുത്ര സൂചനകളും ഈ ഗുഹനല്കുന്നുണ്ട്. പല്ലവ ലിപി സാന്നിദ്ധ്യവും ഈ ഗുഹ വഹിക്കുന്നു. അങ്ങനെ പല പ്രാചീന വസ്തുതകളിലേക്കും ഗുഹ നമ്മെ നയിക്കുന്നുണ്ട്.
കേരളത്തിന്റെ ഭാഷ, ലിപി, ചരിത്രം, സംസ്‌കാരം, രാജവംശം, ഗോത്രവര്‍ഗ്ഗം, ആദിവാസികള്‍, ജൈനമത സാന്നിദ്ധ്യം എന്നിവയെല്ലാം അന്വേഷിച്ച് ആദ്യം എത്തേണ്ട ഒരിടം എന്ന നിലയില്‍ ഏറെ പ്രാധാന്യമുണ്ട് എടയ്ക്കല്‍ ഗുഹയ്ക്ക്. വയനാടിന്റെ പ്രാക്തന ചരിത്രം കൂടി വിളിച്ചറിയിക്കുന്നവയാണ് എടയ്ക്കല്‍ ഗുഹാ ദൃശ്യങ്ങള്‍. മലയാള ഭാഷയേയും ലിപികളേയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ ഗുഹാഭിത്തികള്‍ നല്കുന്നു. കേരളത്തിന് തനതായ ഒരു ഭാഷാക്രമമുണ്ടായിരുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഗുഹാലിഖിതങ്ങള്‍. അതുകൊണ്ടാണ് ‘എടയ്ക്കല്‍, പട്ടണം, നെടുങ്കയം ലിഖിതങ്ങള്‍ വ്യക്തമാക്കുന്നത്. കേരളീയര്‍ക്ക് രണ്ടായിരംവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തൊട്ടയല്‍ നാടുകളില്‍ നിന്ന് സ്വനിമ രൂപിമ തലങ്ങളില്‍ വ്യക്തിത്വം പുലര്‍ത്തുന്ന ഒരു മാതൃഭാഷ ഉണ്ടായിരുന്നു.” എന്ന അഭിപ്രായമുണ്ടായത്6 (ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, മലയാളം ക്ലാസിക്ക് ഭാഷ പഴക്കവും വ്യക്തിത്വവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-80).
ഇതിലെ ലിഖിതങ്ങളെക്കുറിച്ചുംലിപികളെക്കുറിച്ചും നിരവധി പണ്ഡിതന്മാര്‍ അന്വേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. സൈന്ധവബ്രാഹ്മിയില്‍ നിന്നും രൂപം കൊണ്ട അശോക ബ്രാഹ്മി ലിഖിതങ്ങളുടെ രൂപാന്തരമാണ് എടയ്ക്കല്‍ ലിഖിതങ്ങള്‍ എന്നാണ് ഏറെപ്പേരുടെനിഗമനം. (പ്രൊഫ. കോവൂര്‍ രാഘവന്‍, പ്രൊഫ.ടി.പവിത്രന്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, പ്രൊഫ.ലിഗറി……) ബ്രാഹ്മി തന്നെ പല പേരുകളില്‍ വ്യവഹിരിച്ചു കാണുന്നു.’ ദ്രാവിഡ ബ്രാഹ്മി,ദക്ഷിണബ്രാഹ്മി, ഗുഹാലിപി, തമിഴ് ബ്രാഹ്മി എന്നിങ്ങനെ പല പേരുകളില്‍ സൂചിപ്പിക്കുന്നത് ബ്രാഹ്മിയുടെ ഈ തെക്കന്‍ മാതൃകയാണ്’7 (എം.ആര്‍.രാഘവവാര്യര്‍, പ്രാചീന ലിപിപഠനം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2019, പുറം-20). ‘കോജമ’ എന്നൊ ഒരു ദ്രാവിഡ വട്ടെഴുത്ത് ഗുഹയിലെ കിഴക്കോട്ടഭിമുഖമായ ഇടത്തു ഭിത്തിയില്‍ കണ്ടതായി പവിത്രന്‍ സൂചിപ്പിക്കുന്നു. ഇതിലുള്ള ഒരു സൈന്ധവ ബ്രാഹ്മി ലിഖിതം ‘മഗാപരബ്രഹ്മന്‍’ എന്ന് കോവൂര്‍ രാഘവന്‍ വായിച്ചെടുത്തു. ഗുഹയുടെ വടക്കെ ഭിത്തിയിലെ ‘ഇബിനശ്‌നികജശബരേ’ എന്ന പ്രാകൃത പാലി വാക്യത്തെ സംസ്‌കൃത രൂപത്തില്‍ ‘ഇവിനശ്‌നിഹയശബലേ’ എന്ന് വായിക്കാമെന്നും ഈ വിനശ്‌നിഹ= ഈ വിനാശത്തെ ഇല്ലാതാക്കുന്നവന്‍ യശബലേ = യശസ്വിയും ബലവാനുമാണ് എന്നിങ്ങനെ അര്‍ത്ഥമേകാമെന്നും പവിത്രന്‍ വായിച്ചച്ചെടുത്തിരിക്കുന്നു. ‘കടുമമി പുതചരസുത’ എന്ന പാലിവാക്യത്തെ അദ്ദേഹം ‘കടുമവിബുദ്ധചരസുത’ എന്ന് വായിച്ചെടുത്ത് കടും അ= കടുമ= ധീരവും മിപുത= വിബുധ, ചര= മാര്‍ഗം, സുത= മകന്‍. ധീരവും വിശേഷപ്പെട്ടതും ആയ ബുദ്ധ മാര്‍ഗത്തില്‍ മകനെ അയച്ച എന്ന് അര്‍ത്ഥവും കൂട്ടര്‍ത്ഥവും കല്പിക്കുന്നു. എന്നാല്‍ ഈ ലിഖിതത്തെ ‘കുടുമ്മിപുത്തചേര’ എന്ന് വായിച്ച് ധീരനായ ചേരപുത്രന്‍ എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നു. ചേരകാലവും ലിഖിതകാലവും വെച്ചു നോക്കുമ്പോള്‍ പവിത്രന്റെ വായനക്കാണ് കൂടുതല്‍ പ്രസക്തി കാണുന്നത്. തെക്കെ ഭിത്തിയിലെ ബ്രാഹ്മി ലിഖിതങ്ങളെ പവിത്രന്‍ ഇടത്തോട്ട് വായിച്ച് ‘പലം പുഠ്‌ലഷവയുഠു വെടെം കെമാഖപ കചംച വമ്ക വചഹഇ ബഹമെ”ചുഖഖഠ്മപമിപങഹഖഹാമയഖ്മമ ഘടുനാരക് ലാമ്മി വകൈഠ്‌ലോഠ്ണു വേഘഘ” ഠ്വഹടുഞ്ഝത’ എന്നിങ്ങനെ വായിച്ച് ഇതിന്റെ അര്‍ത്ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു.’ പല പുത്രന്മാരെയും യുവമൃഗങ്ങളേയും കുതിരകളേയും വേടന്മാരെയും രാജാക്കന്മാരെയും യുദ്ധത്തില്‍ കൊന്നൊടുക്കിയതിനെതിരായുള്ള അഹിംസാ തത്വപ്രകീര്‍ത്തനം തന്നെയാണ് ഈ മൂന്നു വരികളിലും പാലി ഭാഷയിലെഴുതിവെച്ചിട്ടുള്ളത്.’ എന്ന് അര്‍ത്ഥവും കൊടുത്തിരിക്കുന്നു.
എപ്പിഗ്രാഫി വിദഗ്ദ്ധനായിരുന്ന ഡോ.ഹുള്‍ട്ഷ് (ഉൃ.ഔഹ്വേരവ) പ്രാചീന തമിഴ് ലിപിയെന്ന് കരുതി ‘പല് പുലി താനന്ദകരി’ എന്ന് വായിച്ച ലിഖിതം പല് പുലിതാത്തകാരി, പലപുലിതാന്തകാരി എന്നിങ്ങനെയെല്ലാം വായിച്ച് പലപുലികളെ കൊന്ന വന്‍ എന്ന അര്‍ത്ഥവും കല്പിച്ചിട്ടുണ്ട്. ഈ ലിപികളോട് ചേര്‍ന്നുള്ള ലിപികളെ ‘വേട് കോപണാകചം’ എന്ന് കേസരി വായിച്ചെടുത്തിട്ടുണ്ട്. ഗോത്രസമൂഹത്തിന് വിനാശകാരികളായ പുലികളെ വധിക്കുന്നവര്‍ക്ക് വീര പരിവേഷം നല്കി ആരാധിക്കുന്ന സമ്പ്രദായം പില്ക്കാല ഗോത്രചരിത്രങ്ങളിലും കാണുന്ന സ്ഥിതിക്ക് ഇത് ശരിയാവാനാണ് സാദ്ധ്യത. ഇത് ഒരു ഗോത്ര വര്‍ഗ്ഗ പ്രതിനിധി ആലേഖനം ചെയ്യാന്‍ വഴിയില്ല. കാരണം ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് അവരുടെതായ ഭാഷയുണ്ടായിരുന്നെങ്കിലും ഒരുലിപി അവര്‍ക്ക് സ്വായത്തമായിരുന്നു എന്ന് കരുതുക വയ്യ. മറിച്ച് വയനാടന്‍ പ്രദേശങ്ങളുടെ അധിപതിയായിരുന്ന ഏതെങ്കിലും രാജാവ് നിരന്തരമുള്ള പുലിശല്യത്തില്‍ നിന്നും ഈ പ്രദേശ വാസികളെ രക്ഷിക്കാനായി പരിവാര സമേതം വേട്ടക്കാരുമായെത്തി പുലികളെ വധിച്ചിരുന്നിരിക്കാം. അങ്ങനെയുള്ള അവസരങ്ങളില്‍ രാജാവും പരിവാരങ്ങളും ഈ ഗുഹയില്‍ വിശ്രമിച്ചിരിക്കാം. അവരുടെ കൂട്ടത്തിലെ എഴുത്തറിയാവുന്ന ഏതോ രാജസേവകന്റെ സംഭാവനയാകണം ‘പല് പുലി താനന്തകാരി.’ പുലികളെ കൊന്ന് ആദിവാസിഗോത്രക്കാരെ രക്ഷിച്ച ആ വ്യക്തിയെ വീര പരിവേഷത്തോടെയാണ് ആ സമൂഹം കാണുന്നത്. അത് അവരെ സംബന്ധിച്ച് ഒരു ചരിത്രസ്മരണയുമാണ്.’വേട്‌കോ പണാകചം നന്നു ചത്തി ”വേട്‌കോ മാനാകച്ചണ്‍ടു അത്തി’ എന്നിങ്ങനെ വായിക്കപ്പെട്ടു എന്ന് ഫോസറ്റ് സൂചിപ്പിക്കുന്ന ലിഖിതങ്ങളെ പില്‍ക്കാലത്ത് ഐരാവതം മഹാദേവന്‍ ‘വെങ്കോമലൈ കച്ചവനൈചത്തി’ എന്ന് വായിച്ചെടുത്തിട്ടുണ്ട്. ‘വെങ്കോമലയിലെ കശ്യപന്റെ ശക്തി’ ഇന്ന് ഇന്നത്തെ രീതിയില്‍ വായിക്കാം. ഇത് അന്നത്തെ ആരാധനാമൂര്‍ത്തിയായ മലദൈവങ്ങളാകാം. ആദിമ മനുഷ്യര്‍ പ്രകൃതിയെ ആരാധിച്ചിരുന്നല്ലൊ.
ഫോസറ്റ് സൂചിപ്പിക്കുന്ന ‘സകമുനേര്‍വേരകോ (ഹു) ദാനം എന്ന എടയ്ക്കല്‍ ലിഖിതത്തെ ‘ശാക്യ മുനേ ഒവരകോ ബഹുദാനം’ എന്നി പ്രകാരം വായിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ബുദ്ധാനുഗ്രഹം കൊണ്ട് ധ്യാനത്തിനിരിക്കാന്‍ ലഭ്യമായ സ്ഥലം എന്നാണിതിനര്‍ത്ഥം. ഒവരക എന്ന പാലിവാക്കിനര്‍ത്ഥം ഗുഹ എന്നാണ്. അശോക ചക്രവര്‍ത്തി നടത്തിയ ബുദ്ധമത പ്രചാരകര്‍ എടയ്ക്കല്‍ ഗുഹയിലെത്തിയതിന് നിര്‍ണ്ണായകമായ തെളിവാണിത്. ‘കൊപുതിവിരാ” ഒപനപവീര’ എന്ന രണ്ട് ലിഖിതങ്ങളെ കോ പൂതി വീര= കോ ഭൂതി വീര=രാജാവ് ഭൂതി (ഐശ്വര്യം) യുള്ള വീരന്‍, ഒപ്പനപ്പവീരന്‍ (വായിച്ചത് മഹാദേവന്‍) എന്നിങ്ങനെ വായിച്ചിട്ടുണ്ട്. ഇതുവരെ ആരും വായിക്കാതിരുന്ന ഒരു ലിഖിതം ‘ശ്രീ വഴുമി’ എന്ന് എം. ആര്‍. രാഘവവാര്യര്‍ വായിച്ചെടുത്തിട്ടുണ്ട്.
എടയ്ക്കല്‍ ലിഖിതങ്ങളെ വീണ്ടുംവീണ്ടും പഠന വിധേയമാക്കേണ്ടതുണ്ട്. നിരവധി ചരിത്ര ചുരുളുകളും ലിപിപരിണതികളും, ഭാഷാരഹസ്യങ്ങളും നിവര്‍ത്തിയെടുക്കുവാന്‍ അത് ഉപകരിക്കും. ലിഖിതങ്ങളുടെ സ്വഭാവം വച്ച് പാലി, സംസ്‌കൃതം, തമിഴ്, മലയാളം എന്നിവയുടെല്ലാം ഗന്ധം എടയ്ക്കല്‍ ഗുഹാലിഖിതങ്ങള്‍ നല്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ പ്രാചീന ലിപികളായ വട്ടെഴുത്ത് കോലെഴുത്ത് എന്നിവയുടെ ആദ്യപടിയും എടയ്ക്കല്‍ ഗുഹാലിപികളില്‍ നിഴലിക്കുന്നുണ്ട്. ഒരുകാര്യം വ്യക്തമാണ്, ഇതിലെ ചിത്രങ്ങള്‍ക്കും ലിഖിതങ്ങള്‍ക്കും തമ്മിലുള്ള അകലം നൂറ്റാണ്ടുകളൊ ആയിരത്താണ്ടുകളൊ ആകാം. ശിലാഭിത്തിയിലെ ചിത്രങ്ങള്‍ പോലും നിരവധി കാലദൈര്‍ഘ്യങ്ങെളടുത്ത് കൊത്തിയെടുത്തവയായിരിക്കും. മാത്രമല്ല ശിലായുഗ കാല ചിത്രങ്ങളാണിവ എന്ന് പറയുന്നതു പോലും യുക്തി ഭദ്രമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതികഠിനമായ പാറപ്രതലത്തില്‍ എത്രകഠിനമായ പാറ മൂര്‍ച്ച വരുത്തി കൊത്തിയാലും ഇതുപോലെ വരതെറ്റാതെ, വരചിതറാതെ ഇത്ര സൂക്ഷമായി കോറിയെടുക്കുക അത്ര എളുപ്പമല്ലെന്ന് ഇന്ന് ശ്രമിച്ചാലും ഗ്രഹിക്കാം. ശക്തിയും കടുപ്പവുമുള്ള ലോഹായുധം കൊണ്ടു മാത്രമെ ഇത്തരം ശില്പങ്ങള്‍ മെനഞ്ഞെടുക്കുവാന്‍ കഴിയു. ആ നിലയ്ക്ക് ശിലായുഗ കാലമെന്ന സങ്കല്പം പുന:പരിശോധിക്കേണ്ടിവരും. ചിത്രത്തിന്റെ കാര്യത്തിലെന്ന പോലെ ലിഖിതങ്ങളും ലിപി പരിണാമ സ്ഥിതികളിലൂടെയും ഭാഷാ പരിണാമ നിലകളിലൂടെയും കടന്നു പോകുന്നുണ്ട്. അതുകൊണ്ട് അവയുംകാലദൈര്‍ഘ്യങ്ങളിലൂടെ ഗുഹയില്‍ ഇടം പിടിച്ചവയാണെന്ന് പറയാം. മലയാളഭാഷയേയും ലിപിയേയും സംബന്ധിച്ച് നോക്കുമ്പോള്‍ ഏതാണ്ട് ആറാം നൂറ്റാണ്ടിന് മുമ്പുതന്നെ അതിന് ഭാഷയും ലിപിയുമെന്ന രണ്ട് മുഖങ്ങള്‍ രൂപപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് എടയ്ക്കല്‍ ലിപിള്‍. വനഗോത്ര സമൂഹങ്ങളായിരുന്നല്ലൊ ആദിമ മനുഷ്യ ജീവിത വേദികള്‍. അവിടെനിന്നും ഇന്നത്തെ മനുഷ്യജീവിത ദൂരം താണ്ടിയെത്തുമ്പോള്‍ ആ ആദിമജീവിതത്തിന്റെ ചരിത്രാവശേഷിപ്പുകളായി മാഞ്ഞുമറയാതെ, പൊയ്‌പ്പോയ കാലത്തെ കാക്കുന്ന പ്രകൃതി ദത്തമായ പല നീക്കിവെയ്പ്പുകളും അവര്‍ക്കുവേണ്ടി അവശേഷിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അത്തരത്തിലുള്ള വിലപിടിപ്പുള്ള ഒരിടമാണ് എടയ്ക്കല്‍ ഗുഹ. ഇതിന്റെ ചരിത്ര പ്രാധാന്യം ആദ്യം കണ്ടെത്തിയത് ആരാണെന്ന് മുന്നെ പറഞ്ഞു കഴിഞ്ഞു. കണ്ടെത്താന്‍ വേണ്ടി അദ്ദേഹം സഹായത്തിന് കൂട്ടിയതു പോലും ഗോത്ര വര്‍ഗക്കാരുടെ പിന്‍തലമുറയിലുള്ള മുള്ളുകുറുമരേയും പണിയരേയും ആയിരുന്നു. അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ചെത്തിയ ഫോസെറ്റിന് കാണാന്‍ കഴിഞ്ഞത് കേരളത്തിലെ മനുഷ്യ ചരിത്രത്തിലേക്കും രാജവാഴ്ചയിലേക്കും ഭാഷാലിപികളിലേക്കുമെല്ലാം പുതുവെളിച്ചമേകുന്ന ദൃശ്യങ്ങളായിരുന്നു. അദ്ദേഹമവിടെക്കണ്ട ഗുഹാചിത്രങ്ങള്‍ ഗോത്രവര്‍ഗ്ഗത്തിന്റെ ജീവിത ഗന്ധികളായ ആലേഖനങ്ങളായിരുന്നു. അവയില്‍ നിന്നും അദ്ദേഹത്തിനും അദ്ദേഹത്തിനു ശേഷമെത്തിയവര്‍ക്കും പ്രാചീന ഗോത്രവിഭാങ്ങള്‍ അവരുടെ ജീവിതാനുഷ്ഠാനങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെ പുലര്‍ത്തിയിരുന്നു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു എന്നു മാത്രല്ല ആര്യാധിനിവേശത്തിന് എത്രയോ മുമ്പ് കേരളത്തില്‍ ഗോത്രവിഭാഗങ്ങളും രാജവംശങ്ങളും നിലനിന്നിരുന്നു എന്നതിനും എടയ്ക്കല്‍ ഗുഹ സാക്ഷ്യം വഹിക്കുന്നു.
ആദിഗോത്ര സമൂഹങ്ങളുടെ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അറുപതില്‍ പരം ചിത്രങ്ങളിലൂടെ ഗോത്രജീവിതത്തിന്റെ ഏതാനും നിഷങ്ങളെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുന്നത്. ഗോത്രവര്‍ഗ്ഗ സ്വരൂപം, അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, അവരുടെ വേഷവിധാനങ്ങള്‍, സ്ത്രീപുരുഷ വേഷങ്ങള്‍, അവരുടെ വളര്‍ത്തു മൃഗങ്ങള്‍, ആചാരാനുഷ്ഠാന സംബന്ധമായ വിവരങ്ങള്‍, പ്രകൃതിയും മനുഷ്യനും മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ബന്ധങ്ങള്‍, അവരുപയോഗിച്ചിരുന്ന ആയുധങ്ങള്‍, അവരുടെ ഗോത്രതലവന്റെയും രാജ്ഞിയുടേയും രൂപഭാവങ്ങള്‍, അന്നത്തെ ആചാരങ്ങള്‍ക്കുപയോഗിച്ചിരുന്ന വസ്തുക്കള്‍, സഞ്ചാരത്തിനൊ മറ്റ് ആവശ്യങ്ങള്‍ക്കൊ ഉപയോഗിച്ചിരുന്ന ചില വാഹനരൂപങ്ങള്‍, വണ്ടിച്ചക്രങ്ങള്‍, പാത്രങ്ങള്‍, വിവിധമനുഷ്യാകാരങ്ങള്‍, ചില താന്ത്രിക മുദ്രകള്‍, കിരീടങ്ങള്‍, പാത്രങ്ങള്‍ അവരുടേതായ ചില ജാമിതീയ മുദ്രകള്‍, വേട്ടച്ചിത്രങ്ങള്‍, ദണ്ഡുകള്‍, ഹസ്താലങ്കാരങ്ങള്‍ എന്നിവയെല്ലാം ചിത്രങ്ങളില്‍ കോറിയിട്ടിരിക്കുന്നു. ഇതില്‍ നിന്നെല്ലാം ആ കാലത്തെ ഗോത്ര വര്‍ഗ്ഗ ജീവിതം ഒരു സൂക്ഷ്മദൃക്കിന് വായിച്ചെടുക്കാം. വയനാട്ടിലെ എടയ്ക്കല്‍ ഗുഹയുടെ പ്രാധാന്യം ഇതില്‍ നിന്നെല്ലാം ആര്‍ക്കും മനസ്സിലാകും. ആദികേരളത്തിന്റെ ചരിത്ര സ്മാരകവും നമ്മുടെ ഭാഷയുടേയും, ലിപികളുടേയും ആദിരൂപവും എടുത്തു കാട്ടുന്ന അമൂല്യ സാക്ഷിയാണ് എടയ്ക്കല്‍ ഗുഹ എന്ന് തീര്‍ച്ചയായും പറയാം.
(റിട്ട.പ്രൊഫസര്‍, ഡയറക്ടര്‍, ക്ലാസിക്കല്‍ മലയാളം)





















