ജ്ഞാനം അറിവാണ്. അവനവനെപ്പറ്റിയുള്ള അറിവ്. ഈശ്വരനെപ്പറ്റിയുള്ള അറിവ്. ഞാനും ഈശ്വരനും രണ്ടല്ലെന്നുളള തിരിച്ചറിവ്. വിജ്ഞാനലാഭത്തിലൂടെ ലഭിക്കുന്ന അറിവല്ല അത്. വിജ്ഞാനം പുറമെനിന്നു ലഭിക്കുന്ന അറിവാണ്. അത് പൂര്‍ണ്ണമല്ല ഉള്ളില്‍ നിന്നു ലഭിക്കുന്ന അറിവാണ് ജ്ഞാനം. ഹൃദയത്തില്‍ നിന്ന് ശുദ്ധമായ മനസ്സിലൂടെ, മനനത്തിലൂടെ, ലഭിക്കുന്ന അറിവ്. അനുഭവിച്ചറിയുന്ന അറിവ്. സര്‍വ്വചരാചരങ്ങളെയും ഒന്നായിക്കാണുന്ന അറിവ്. അത്തരം അറിവിലൂടെയാണ് മന:പരിവര്‍ത്തനം ഉണ്ടാകുന്നത്. ഈ ജ്ഞാനം അതീന്ദ്രിയമാണ്. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവ് ശാശ്വതമല്ല. അത് മനുഷ്യമനസ്സിനെ പരിവര്‍ത്തനവിധേയമാക്കുന്നതല്ല.
ഭാരതീയ ചിന്ത പറയുന്നത്, സര്‍വ്വതിന്റെയും അടിസ്ഥാനമായി ഉണ്മയുടേതായ ഒരു സത്ത ഉണ്ടാകുമെന്നാണ്. ആത്യന്തികസത്തയ്ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. ആത്യന്തിക സത്തയും മാറ്റമില്ലാതെ നിലനില്‍ക്കുന്നതും ഒന്നുതന്നെയാണ്. ഈ ആത്യന്തിക സത്ത സര്‍വ്വതിന്റെയും അടിസ്ഥാനമായുള്ളതാണ്. ഇതാണ് പരമോന്നതമായത്, പൂര്‍ണ്ണമായത്, സാര്‍വ്വത്രികമായത്, എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്. ഇതാണ് ബ്രഹ്മം, ഈശ്വരന്‍, പരമൈകസത്യം. അങ്ങനെയുള്ള ഈശ്വരനെപ്പറ്റിയുള്ള അറിവാണ് യഥാര്‍ത്ഥ ജ്ഞാനം. അവനവനെപ്പറ്റിയുള്ള, ഞാനും ഈശ്വരനും ഒന്നാണെന്നുള്ള, പ്രപഞ്ചത്തിലുള്ള സര്‍വ്വചരാചരങ്ങളും ഈശ്വരന്റെ അംശമാണെന്നും അതുവഴി എന്റെയും ഒരു ഭാഗമാണെന്നുമുള്ള അറിവ്. ഈ അറിവിലൂടെത്തന്നെയാണ് മനുഷ്യനും പ്രകൃതിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈശ്വരന്‍ തന്നെയാണ് പ്രകൃതി. തൈത്തരീയോപനിഷത് പറയുന്നു (2.1.1)
” ബ്രഹ്മവിദ് അപ്‌നോതി പരം
തദ് ഏഷാഭ്യുക്താ, സത്യം ജ്ഞാനം അനന്തം ബ്രഹ്മ”(ആരാണോ ഈ ബ്രഹ്മത്തെ അറിയുന്നത് അവന്‍ പരമപദത്തിലെത്തുന്നു, അത് ശുദ്ധമായ ഉണ്മയാണ്, – പരമൈകസത്യം അത് സര്‍വ്വജ്ഞാനമാണ്, അത് അനന്തമാണ്).
ബ്രഹ്മത്തെ അറിയുകയെന്നാല്‍ ഈശ്വരനെ അറിയുക എന്നാണ്. ഈശ്വരനെ അറിയുകയെന്നാല്‍ ഞാനും ഈശ്വരനും വേറല്ല എന്ന അറിവാണ്. ജ്ഞാനം ഈശ്വരനാണ് എന്നറിയുക. ഇനി അവനവനെ അറിയുന്നതെങ്ങനെയെന്ന് വാക്കുകളിലൂടെ പറഞ്ഞാല്‍
ഭഗവദ്ഗീത പറയുന്നു
”ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധ: കാലേനാത്മനി വിന്ദതി (അദ്ധ്യായം 4 ശ്ലോകം 38)
(ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല. ആ അറിവാണ് എല്ലാ അദ്ധ്യാത്മദര്‍ശനങ്ങളുടെയും അന്തിമ ഫലം. യോഗംകൊണ്ട് സിദ്ധനായവന്‍ കാലക്രമത്തില്‍ ജ്ഞാനം തനിയേ നേടുന്നു).
അങ്ങനെ ഈശ്വരസാക്ഷാത്കാരത്തിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളുടെയും അവസാനം ജ്ഞാനപ്രാപ്തിയെന്ന സന്ധി സ്ഥലത്താണ്.
പ്രശസ്ത ജ്ഞാനോപാസകനായിരുന്ന തപോവനസ്വാമികള്‍ തന്റെ തീര്‍ത്ഥയാത്രാ – ആദ്ധ്യാത്മിക-വിവരണഗ്രന്ഥമായ ”ഹിമഗിരി വിഹാര’ത്തില്‍ ജ്ഞാനത്തെപ്പറ്റി പറയുന്നു: ”കാമജയമാകുന്നു കൈവല്യമെന്ന പരമപുരുഷാര്‍ത്ഥം. കാമജയത്തിലാകുന്നു ഒരു മര്‍ത്ത്യന്റെ കര്‍ത്തവ്യം പരിസമാപിക്കുന്നത്. പരമശാന്തിയും പരമസുഖവും ഈ കാമജയംതന്നെ. അണിമാദികളായ സിദ്ധികളില്‍വെച്ചു മഹത്തരമായ സിദ്ധിയും ഈ കാമജയം തന്നെ. നിര്‍ഭീകവും സ്വതന്ത്രവും ആനന്ദമയവുമായ ഒരു ജീവിതത്തിനുള്ള ഏകഹേതുവും ആശാജയമാകുന്നു. ആശയറ്റവനു യാതൊരനര്‍ത്ഥവുമില്ല. ആശയറ്റവനെ യാതൊരു ദു:ഖമോ വ്യാകുലതയോ പ്രാപിക്കുന്നില്ല. ആശയറ്റവന്‍ ബ്രഹ്മസ്വരൂപമാകുന്നു. ആശയറ്റവന്‍ സര്‍വ്വാധിപതിയാകുന്നു. ജിതാശന് ഇഹലോകത്തില്‍ ചക്രവര്‍ത്തിയും പരലോകത്തില്‍ ബ്രഹ്മാദികളും സേവകന്മാരാകുന്നു. എന്നാല്‍ ആശയെ ജയിക്കുക എന്നതു സുഖകരമായ ഒരു വ്യവസായമല്ല. ആശാപിശാചികയുടെ ആക്രമണത്തെ അതിക്രമിക്കുവാന്‍ ജ്ഞാനമന്ത്രത്തെ ഉപാസിക്കുന്നവര്‍ക്കല്ലാതെ സാധാരണന്മാര്‍ക്കു സാധിക്കുന്നതല്ല. ഏകാദശിവ്രതക്കാരന്‍ വ്രതഭംഗഭയം നിമിത്തം ബലാല്‍ ഭോജനം ചെയ്യാതിരിക്കുന്നുവെങ്കിലും, ഭോജനത്തില്‍ ചിത്തം ആസക്തമായിരിക്കുന്നതുപോലെ വിഷയങ്ങളെ ബലാല്‍ പരിത്യജിച്ചും മറ്റും കാമജയം ചെയ്യുന്നുവെങ്കിലും, ചിത്തം വിഷയങ്ങളില്‍ ആസക്തിയോടുകൂടിത്തന്നെ വര്‍ത്തിക്കുന്നു. സര്‍വ്വദാ സര്‍വ്വത്ര ആത്മാവിനെ സാക്ഷാത്കരിക്കുന്നതുവരെ, മനസ്സ് കാമനാശൂന്യമായിരിക്കുന്നതല്ല. ആത്മാവബോധംവഴിക്കല്ലാതെ, മറ്റുപായങ്ങളെക്കൊണ്ട് ആത്യന്തികമായ കാമജയത്തെ ചെയ്യാനൊരുങ്ങുന്നവര്‍ താമരനൂലിനെക്കൊണ്ട് മത്തഗജത്തെ ബന്ധിക്കുവാനൊരുങ്ങുമെന്നുള്ളതില്‍ സന്ദേഹമില്ല. ഹാ! ഹാ! നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ.’ ആത്മജ്ഞാനത്തിനു തുല്യമായി ദിവ്യദിവ്യമായി മഹാമഹിമശാലിയായി ലോകത്തില്‍ വേറൊരു വസ്തുവില്ല. ഹാ! സര്‍വ്വാനര്‍ത്ഥബീജമായ കാമാന്ധകാരത്തെ ദൂരീകരിച്ചു കോടിസൂര്യപ്രകാശമായി, സ്വയം പ്രകാശമായി വിളങ്ങുന്ന ആത്മജ്ഞാനമേ! നീ തന്നെ ധന്യധന്യം. നീ സര്‍വ്വദാ സര്‍വ്വോത്കര്‍ഷേണ വര്‍ത്തിച്ചാലും!
ആദ്ധ്യാത്മ തത്ത്വനിരൂപണത്തില്‍ അസ്മാദൃശനായിരുന്ന ജ്ഞാനാന്ദ സരസ്വതി സ്വാമികള്‍ തന്റെ ‘വേദാന്തവിജഞാന’മെന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതു നോക്കുക. എന്നാല്‍ എന്താണീ ആത്മജ്ഞാനമെന്നാണെങ്കില്‍ പറയാം. താന്‍ അനൃതജഡദു:ഖസ്വരൂപങ്ങളായ ശരീരമോ, മനസ്സോ, ബുദ്ധിയോ അല്ല; അവയ്ക്കും അവയുടെ വൃത്തികള്‍ക്കും പരമകാരണവും എന്നാല്‍ സാക്ഷിമാത്രനും സച്ചിദാനന്ദസ്വരൂപനുമായ ആത്മാവാണെന്ന ഉറച്ച ബോധം തന്നെ. അങ്ങനെ ബോധിക്കാറാവണമെങ്കില്‍ ആദ്യം തന്നെ താന്‍ ആരാണെന്നും, ജനനമരണങ്ങളും, ക്ഷയവൃദ്ധികളും, സുഖദു:ഖങ്ങളും ആര്‍ക്കുള്ളവയാണെന്നും, ആത്മാവെന്നു പറഞ്ഞാല്‍ എന്താണെന്നുമറിയണം. ശാസ്ത്രവിചാരംകൊണ്ടും സജ്ജനസംസര്‍ഗ്ഗംകൊണ്ടും അറിയാറാവും. പക്ഷേ ശാസ്ത്ര വാക്യങ്ങളെ ഗ്രഹിച്ചാലും, സത്തുക്കളുടെ മുഖത്തില്‍നിന്നു ശ്രവിച്ചാലും തത്വഗ്രഹണത്തിനുള്ള ശേഷി തന്റെ പ്രജ്ഞയ്ക്കുണ്ടായിരിക്കുകയും വേണം. പല തരത്തിലുള്ള വാസനകളെക്കൊണ്ടും ആഗ്രഹങ്ങളെക്കൊണ്ടും മലിനയും സ്ഥൂലയുമായിരിക്കും പ്രായേണ എല്ലാവരുടെയും പ്രജ്ഞ. വാസനകളും ആഗ്രഹങ്ങളുമെല്ലാം അധികരിച്ചുമായിരിക്കും. അങ്ങനെ വിഷയകാരയും മലിനയുമായ പ്രജ്ഞയ്ക്കു വിഷയങ്ങളെയല്ലാതെ ഒരിക്കലും വിഷയാതീതനായ ആത്മാവിനെ ഗ്രഹിക്കാന്‍ കഴിയില്ല.
ആത്മാവില്‍നിന്നു വേറെയല്ല താന്‍. താന്‍തന്നെ ആത്മാവെന്നതാണ് പരമാര്‍ത്ഥം. ജഗത്തിനെയും ശരീരമനോബുദ്ധ്യാദികരണങ്ങളേയും അവയുടെ വൃത്തികളെയെല്ലാമറിയുന്ന താനല്ലാതെ മറ്റാരാണ് ആത്മാവ്? എല്ലാറ്റിനേയും അറിയുന്ന താന്‍മാത്രം ചൈതന്യവും, ബാക്കിയെല്ലാം ജഡങ്ങളും തനിക്കു വിഷയങ്ങളുമാണ്. ചൈതന്യത്തിനല്ലാതെ അറിയാനുള്ള കഴിവുണ്ടാവാന്‍ വയ്യ. താനൊഴിച്ചു മറ്റാരും ഒന്നിനേയും അറിയുന്നില്ലെന്നാണിരിക്കുന്നത്. ആ സ്ഥിതിക്ക് സത്ത്-ചിത്ത്-ആനന്ദസ്വരൂപമായ ആത്മാവ് താന്‍ തന്നെ. തന്റെ വിഷയങ്ങളും അനാത്മാക്കളുമായ ജഡപദാര്‍ത്ഥങ്ങളാണ് ബാക്കിയെല്ലാം. ദൃക്ദൃശ്യസ്വരൂപേണ ജഗത്തിനെ വേര്‍തിരിക്കുമ്പോള്‍ എല്ലാറ്റിന്റേയും ദൃഷ്ടാവും ജ്ഞാതാവുമായ ചൈതന്യം ഏകവും, ദൃശ്യങ്ങള്‍ അനേകങ്ങളുമാണെന്നു കാണാം. അനേകങ്ങളും അനാത്മാക്കളും ജഡങ്ങളുമായ ദൃശ്യങ്ങളെല്ലാം തനിക്കു വിഷയങ്ങളാണെന്നു വരുമ്പോള്‍ ഏകനും ചൈതന്യസ്വരൂപനുമായ ആത്മാവു തന്നെ താനെന്നു വ്യക്തമാവുന്നു. ഉല്‍പത്തിലയങ്ങളും ക്ഷയവൃദ്ധികളുമെല്ലാം അനാത്മാവിനല്ലാതെ ആത്മാവിനില്ലെന്നും ബോധിക്കുവാന്‍ കഴിയും. ഇങ്ങനെയോ മറ്റേതെങ്കിലും ശാസ്ത്രീയ സമ്പ്രദായത്തിലോ ആത്മസ്വരൂപത്തെ വളരെയെളുപ്പത്തില്‍ ബോധിച്ച് അമൃതസ്വരൂപനായിത്തീരാം. എന്നാല്‍ അതൊക്കെ പ്രജ്ഞാശുദ്ധിയുള്ളവരുടെ കഥയാണ്. മലിനപ്രജ്ഞന്മാര്‍ക്ക് എത്രയൊക്കെ ശ്രമിച്ചാലുംവിചാരിച്ചാലും തത്വത്തെ ഗ്രഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. പ്രജ്ഞ വിഷയകാരയാണെന്നതുതന്നെയാണിതിനു കാരണം. അതിനാല്‍ ആത്മജ്ഞാന സമ്പാദനത്തിനു പ്രജ്ഞാശുദ്ധി ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ്.
ശ്രേയസ്സു പല പ്രകാരത്തിലുണ്ട്. പലരും പലതിനെയാണ് ആഗ്രഹിക്കുന്നതും. അവരവരുടെ ഇച്ഛയ്ക്കനുസൃതമായ ശ്രേയസ്സിനു വേണ്ടിയാണ് ഓരോരുത്തരും പരിശ്രമിക്കുന്നതും. എന്നാല്‍ ആത്മജ്ഞാനം ഒന്നുമാത്രമാണ് പരമശ്രേയസ്സ്. അതുകൊണ്ടുമാത്രമേ ജീവന്‍ ചരിതാര്‍ത്ഥനാവുന്നുള്ളൂ. മറ്റെല്ലാം ഓരോ പ്രകാരത്തില്‍ ജീവനെ തപിപ്പിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്യുന്നവയാണ്. വിവേകികള്‍ ആത്മജ്ഞാനത്തെ മാത്രമാണ് കാംക്ഷിക്കുന്നതും. മനുഷ്യജീവിതത്തില്‍ മാത്രമേ ശ്രമിച്ചാലും അതുണ്ടാവാന്‍ പോവുന്നുള്ളൂ. മനുഷ്യജീവിതമാകട്ടെ എപ്പോഴും എല്ലാവര്‍ക്കും സുലഭമല്ലതാനും. അതിനാല്‍ മനുഷ്യജീവന്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ജീവന്മാരും തങ്ങളുടെ പരമശ്രേയസ്സും, ജന്മസാഫല്യവുമായ ആത്മജ്ഞാനസമ്പാദനത്തിനുവേണ്ടി അവശ്യം പരിശ്രമിക്കേണ്ടതാണ്(വേദാന്തവിജ്ഞാനം-പേജ് 39,40,41).
ജ്ഞാനം ഗാന്ധിചിന്തയില്‍
ഗാന്ധിജിയും ജ്ഞാനത്തെ സത്യത്തിലേക്കെത്താനുള്ള മാര്‍ഗ്ഗമായി കാണുന്നു. സത്യത്തോടുള്ള ആഭിമുഖ്യമൊന്നുമാത്രമാണു നമ്മുടെ അസ്തിത്വത്തിനൊരു നീതീകരണം. നമ്മുടെ എല്ലാ പ്രവൃത്തികളുടെയും കേന്ദ്രം സത്യമായിരിക്കണം. നമ്മുടെ ജീവശ്വാസം തന്നെ സത്യമായിരിക്കണം. സത്യാന്വേഷകനായ തീര്‍ത്ഥാടകന്‍ അവന്റെ മാര്‍ഗ്ഗത്തില്‍ ഇത്രത്തോളം എത്തിക്കഴിയുമ്പോള്‍, സദാചാരപൂര്‍വ്വമായ ജീവിതത്തിന്റെ മറ്റു നിയമങ്ങള്‍ അനുഷ്ഠിക്കുന്നതിന് അവനൊട്ടും പാടുപെടേണ്ടിവരികയില്ല. അവയെ അനുസരിക്കുന്നത് വാസനാപ്രേരിതമായിട്ടും ആയിരിക്കും. പക്ഷേ, സത്യം കൂടാതെകണ്ടു ജീവിതത്തില്‍ യാതൊരു തത്ത്വവും യാതൊരു നിയമവും അനുസരിക്കുക സാധ്യമല്ല.
പൊതുവെ പറഞ്ഞാല്‍ സത്യനിഷ്ഠയ്ക്കര്‍ത്ഥം പറയുന്നത് ‘സത്യമായിരിക്കണം’ എന്നു മാത്രമാണെന്ന് ഒരു ധാരണയുണ്ട്. പക്ഷേ, ഈ ആശ്രമത്തില്‍ പാര്‍ക്കുന്ന നമ്മള്‍ സത്യത്തെ കുറെക്കൂടി വ്യാപകമായ ഒരര്‍ത്ഥത്തില്‍ വേണം സ്വീകരിക്കാന്‍. ചിന്തയിലും സംഭാഷണത്തിലും പ്രവൃത്തിയിലും സത്യം പാലിക്കണം. സത്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍ സാക്ഷാത്കരിച്ച ഒരാള്‍ക്ക് മറ്റൊന്നും തന്നെ അറിയേണ്ടതായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, എല്ലാ ജ്ഞാനവും അതില്‍ ഉള്‍പ്പെടുന്നു. അതിലുള്‍പ്പെടാത്തതൊന്നും സത്യമല്ല. അതുകൊണ്ടുതന്നെ ജ്ഞാനവുമല്ല. യഥാര്‍ത്ഥമായ ജ്ഞാനമില്ലെങ്കില്‍ ആന്തരമായ സമാധാനം കൈവരുക സാധ്യമല്ല. ഒരിക്കലും തെറ്റാനിടയില്ലാത്ത സത്യത്തിന്റെ ഈ ഉരകല്ല് ഉപയോഗിക്കുന്നതിനു ശീലിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ കാണാം, എന്തൊക്കെ വായിക്കാം എന്നു മനസ്സിലാക്കാന്‍ യാതൊരു വിഷമവും ഉണ്ടാകുകയില്ല. (From Yaravada Mandir(1930) pp, 24 തത്ത്വചിന്തയും മതവും പേജ്- 51, കേരള ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരണം).
ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഭാരതീയ സംസ്‌കാരത്തിന്റെ ആണിക്കല്ലാണ് ഭഗവദ്ഗീത. വേദങ്ങളിലെ തത്വചിന്താ പ്രകരണമെന്നാണ് ഉപനിഷത്തുക്കളെ അറിയുന്നത്. ഗഹനങ്ങളായ ആ ഉപനിഷദ് തത്ത്വങ്ങളെ സാധാരണക്കാരനു മനസ്സിലാക്കാനുതകുന്ന രീതിയില്‍ സാരസര്‍വ്വസ്വമായി ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു. ഭഗവദ് ഗീതയെ അനാസക്തി യോഗമെന്ന പേരില്‍ ഗാന്ധിജി വ്യാഖ്യാനിച്ചിരിക്കുന്നു. അനാസക്തിയോഗമെന്ന ഭഗവദ്ഗീതാവ്യാഖ്യാനത്തെ കൂടുതല്‍ ലളിതമായി ഗീതാബോധമെന്ന പേരില്‍ ഗാന്ധിജി വീണ്ടും നിരൂപണം ചെയ്യുകയുണ്ടായി. ഗീതാബോധത്തിന്റെ രചനയെ സംബന്ധിച്ച് ഗാന്ധിജി ആശ്രമവാസികള്‍ക്കയച്ച കത്തില്‍ നിന്നു തന്നെ ഭഗവദ് ഗീത ഗാന്ധിജിയുടെ ജീവിതത്തിലും ചിന്തയിലും കര്‍മ്മങ്ങളിലും എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.
”ഏതു ഗ്രന്ഥത്തെ നാം നമ്മുടെ ജീവിത വ്യാപാരങ്ങളിലെല്ലാം ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ, ഏതു ഗ്രന്ഥത്തിന്റെ സഹായംകൊണ്ടു നമ്മുടെ ആത്മീയമായ സകല വിഷമപ്രശ്‌നങ്ങള്‍ക്കും സമാധാനം കാണുവാന്‍ നാം ഉദ്യമിക്കുന്നുണ്ടോ ആ ഗ്രന്ഥത്തെ, ഏതുവിധത്തിലെല്ലാമാണോ മനസ്സിലാക്കുവാന്‍ കഴിയുന്നത് ആവിധത്തിലെല്ലാം മനസ്സിലാക്കുകയും, വീണ്ടും വീണ്ടും മനനം ചെയ്കയും ചെയ്യുന്നപക്ഷം, നമുക്ക് അവസാനത്തില്‍ അതില്‍ തന്മയത്വം പ്രാപിക്കാന്‍ കഴിയുന്നതാണ്. എനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ ഗീതാമാതാവിനെ ശരണംപ്രാപിക്കുകയാണ് പതിവ്. ഇന്നുവരെ എനിക്ക് അവിടെനിന്നും ആശ്വാസം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു ഞാന്‍ ഗീതയില്‍ നിന്നു മനസ്സമാധാനം ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു ദിവസേന ഗീതാര്‍ത്ഥം മനസ്സിലാക്കുന്ന രീതി ഗ്രഹിക്കുന്നതു കുറച്ചൊരു സഹായമായി വന്നേക്കാം. അഥവാ പുതുതായിത്തന്നെ എന്തെങ്കിലും അതില്‍ കാണുവാന്‍ അവര്‍ക്കു സാധിച്ചുവെന്നും വരാം”(അനാസക്തിയോഗം- എം.കെ.ഗാന്ധി. പരിഭാഷ: അമ്പാടി ഇക്കാവമ്മ.- ആമുഖം 2-ാം പതിപ്പ്). പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസ്താവനയില്‍ ഗാന്ധിജി പറഞ്ഞിരിക്കുന്നു. ”ഗീത ഒരു സൂത്രഗ്രന്ഥമല്ല. അതു മഹത്തായ ഒരു ധര്‍മ്മകാവ്യമാകുന്നു. എത്രമാത്രം അഗാധമായി ആലോചിക്കുന്നുവോ അത്രയധികം നൂതനവും രമണീയവുമായ അര്‍ത്ഥം അതില്‍ നിന്നു കിട്ടും. ഗീത സാധാരണ ജനങ്ങള്‍ക്കായി രചിക്കപ്പെട്ടിട്ടുള്ളതാണ്. അതില്‍ ഓരോ വിഷയവും മനോഹരമായ വിധത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഗീതയിലെ മഹാശബ്ദങ്ങളുടെ അര്‍ത്ഥം കാലം തോറും മാറുകയും അധികം വിസ്തൃതമാകുകയും ചെയ്യുന്നു. ഗീതയിലെ മൂലമന്ത്രമാകട്ടെ ഒരിക്കലും മാറുന്നതല്ല. ഏതു രീതിയനുസരിച്ച് ആ പരമോപദേശത്തെ അനുഭവസിദ്ധമാക്കുവാന്‍ കഴിയുമോ ആ രീതിയനുസരിച്ച് അതിന് ഏതര്‍ത്ഥവും കല്പിക്കുവാന്‍ ജിജ്ഞാസുക്കള്‍ക്കു സാധിക്കും.
ഗീത വിധിനിഷേധങ്ങളെ പ്രവചിക്കുന്ന ഒരു ഗ്രന്ഥവുമല്ല. ഒരാള്‍ക്കു വിഹിതമായിട്ടുള്ളതു മറ്റൊരുവന് അഹിതമായി എന്നു വരാം. ഒരു കാലദേശാവസ്ഥയ്ക്കുപയുക്തമായിട്ടുള്ളതു മറ്റൊരു കാലദേശാവസ്ഥക്കു യോജ്യമല്ലാതെയും വന്നേക്കാം. നിഷിദ്ധമായിട്ടുള്ളതു ഫലാസക്തി മാത്രവും, വിഹിതമായിട്ടുള്ളതു അനാസക്തിമാത്രവുമാകുന്നു. ഗീതയില്‍ ജ്ഞാനത്തിന്റെ മഹിമ സുരക്ഷിതമായിരിക്കുന്നു. എന്നാലും ഗീത ബുദ്ധികൊണ്ടു മാത്രം ഗ്രാഹ്യമല്ല. അതു ഹൃദയംഗമവും ഹൃദയംകൊണ്ടു ഗ്രഹിക്കപ്പെടേണ്ടതുമാകയാല്‍ ശ്രദ്ധാവിഹീനന്മാര്‍ക്കുള്ളതല്ല.”(പരിഭാഷ: അമ്പാടി ഇക്കാവമ്മ).
”ഇന്ദ്രിയങ്ങളെക്കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത ദേഹിക്കു വിഷയങ്ങള്‍ അകലുന്നുണ്ട്. പക്ഷേ, അവയിലുള്ള ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ ദര്‍ശിച്ചാലാകട്ടെ ആ ആസക്തിയും മാഞ്ഞുപോകുന്നു.” ഈ നിയന്ത്രണം താത്കാലികമോ യാന്ത്രികമോ അല്ല. ഒരിക്കല്‍ അതു നേടിക്കഴിഞ്ഞാല്‍ പിന്നീടതു നഷ്ടമാകുകയില്ല. ആ അവസ്ഥയിലെത്തിയാല്‍ ജീവചൈതന്യം യാതൊരു മാര്‍ഗ്ഗത്തിലൂടെയും നഷ്ടമാകാതെ സംഭരിക്കപ്പെടും (ഹരിജന്‍, 23-7-1938, (ടലഹള ൃലേെൃമശി േഢ ടലഹള കിറൗഹഴലിരല ുു 162, 163തത്ത്വചിന്തയും മതവും പേജ്-41, കേരള ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരണം).
ഭഗവദ്ഗീതാ ശ്ലോകത്തെ ഗാന്ധിജി വ്യഖ്യാനിച്ചിരിക്കുന്നു.
”ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധ: കാലേനാത്മനി വിന്ദതി (അദ്ധ്യായം 4 ശ്ലോകം 38).
(ഈ സംസാരത്തില്‍ ജ്ഞാനത്തിനു തുല്യം ശുദ്ധികരമായി വേറേ ഒന്നും തന്നെ ഇല്ല. യോഗംകൊണ്ട് സിദ്ധനായവന്‍ കാലംകൊണ്ട് ആ ജ്ഞാനം സ്വയം (ആയാസം കൂടാതെ) പ്രാപിക്കുന്നു (വന്നുചേര്‍ന്നതായറിയുന്നു.)
തത്ത്വാന്വേഷകന് ശ്രദ്ധയും ശാന്തമായ മാനസികാവസ്ഥയും (സമാധാനവും) ആവശ്യമാണ്. തത്ത്വപരമായ ആശയങ്ങളെയും സൂക്ഷ്മമായ പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചിന്തോപകരണം മൂര്‍ച്ചയുള്ളതും നേര്‍മ്മയുള്ളതുമാക്കിത്തീര്‍ക്കണം. മേധാശക്തി മന്ദതയുള്ളതാണെങ്കില്‍ അതിന് സത്യത്തെ പ്രതിഫലിപ്പിക്കാനോ, അസത്യത്തില്‍ നിന്നും തെറ്റിദ്ധാരണയില്‍ നിന്നും സത്യത്തെ വേര്‍തിരിച്ചറിയാനോ കഴിയുകയില്ല. അതുകൊണ്ട് ബ്രഹ്മസാക്ഷാത്കാരത്തിന് – തത്ത്വജ്ഞാനത്തിന്- ഏറ്റവും യോജിച്ച സാമഗ്രി സാത്വികവും പ്രകാശമാനവുമായ ഒരു മനസ്സാണ്.
ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തല്‍പര: സംയതേന്ദ്രിയ:
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാഗച്ഛതി. (ഭഗവദ്ഗീത അദ്ധ്യായം 4 ശ്ലോകം 39)
(വിശ്വാസത്തോടുകൂടിയവനായും, അതില്‍ത്തന്നെ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുന്നവനായും, ഇന്ദ്രിയങ്ങളെ അടക്കിയവനായും ഇരിക്കുന്നന്‍ ബ്രഹ്മജ്ഞാനത്തെ സമ്പാദിക്കുന്നു. ജ്ഞാനം സമ്പാദിച്ചിട്ടു വേഗത്തില്‍ പരമശാന്തിയെ പ്രാപിക്കുന്നു. (പരിഭാഷ: അമ്പാടി ഇക്കാവമ്മ). ജ്ഞാനത്തിന് ശ്രദ്ധ ആവശ്യമാണ്. ‘ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. മുന്‍വിധികളും പൂര്‍വ്വധാരണകളുമില്ലാതെ കാര്യങ്ങളെ യഥാതഥമായി നോക്കിക്കാണുക. ശ്രദ്ധ എന്നാല്‍ സര്‍വ്വതിനെയും ആകമാനം സസൂക്ഷ്മം കാണാനാകുക എന്നാണ്. തത്വത്തില്‍ നിന്നും വിട്ടകന്ന ഇന്നത്തെ തലമുറയ്ക്ക് എല്ലാം വിഭിന്ന ഭാഗങ്ങളായി വേര്‍തിരിച്ച് വിഭാഗങ്ങളെ പഠിക്കുന്ന രീതിയാണുള്ളത്. അന്ധന്‍ ആനയെക്കാണുന്നതുപോലെ. ആധുനിക ശാസ്ത്രം വരെ ആ രീതിയിലാണ് പുരോഗമിക്കുന്നത്. എല്ലാറ്റിലും സ്‌പെഷ്യലൈസേഷനാണ്. സമഗ്രമായ ശ്രദ്ധയില്ലാതെ ജ്ഞാനത്തിലേയ്‌ക്കെത്താനാകില്ല.
തപോവനസ്വാമികള്‍ ഹിമഗിരി വിഹാരത്തില്‍ ശ്രദ്ധയെപ്പറ്റി പറഞ്ഞിരിക്കുന്നത് ”ഹാ ശ്രദ്ധയെന്നത് മഹാവൈഭവത്തോടും മഹാവൈചിത്ര്യത്തോടും കൂടിയ ഒരു വസ്തു തന്നെ! അതു വെള്ളത്തെ തീര്‍ത്ഥമാക്കുന്നു. കല്ലിനെ ഈശ്വരനാക്കുന്നു. ലോകത്തിലുള്ള എല്ലാ ധര്‍മ്മ സംസ്ഥകളും ശ്രദ്ധയില്‍പ്രതിഷ്ഠിതമാകുന്നു. അത് ഒരു സേനാനായകന്‍ സൈന്യത്തെ എന്നപോലെ ജഗത്തിനെ മുന്നോട്ടു നയിക്കുന്നു. ശ്രദ്ധയില്ലെങ്കില്‍ ജഗത്തില്‍ യാതൊരു ധര്‍മ്മകാര്യങ്ങളും ഇല്ല തന്നെ. സ്വഭാവസിദ്ധമായ മൃഗീയവ്യാപാരങ്ങളില്‍ ഏര്‍പ്പെട്ട് അധര്‍മ്മഗര്‍ത്തത്തില്‍ അകപ്പെടാതെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ കൂടെ ലോകത്തെ നയിക്കുന്നത് ശ്രദ്ധയാകുന്നു. ഈ ലോകത്തില്‍ ഉണ്ടായിട്ടുള്ള ദാര്‍ശനികന്മാരുടെ ഭിന്നഭിന്നമായഅനേകമനേകം ധര്‍മ്മസിദ്ധാന്തങ്ങളെല്ലാം ശ്രദ്ധയെ ആശ്രയിച്ചു തന്നെ ജീവിക്കുന്നു.ശ്രദ്ധയില്ലാത്ത ഒരുവന് ദര്‍ശനങ്ങളില്‍ ഒന്നിനെയും സത്യമായി അംഗീകരിച്ച് അനുഷ്ഠിക്കുവാന്‍ സാധിക്കുന്നതല്ല. ശ്രദ്ധയെ ലേശവും ആശ്രയിക്കാതെ സര്‍വ്വസമ്മതമായ യുക്തിവാദങ്ങളെക്കൊണ്ടു മാത്രം വസ്തു നിര്‍ണ്ണയം ചെയ്യുക എന്നത് തീരെ അശക്യമാമെന്നുള്ളതു തന്നെ അതിനുള്ള ഹേതു. ലോകത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ള യാതൊരു ദര്‍ശനത്തിനും അനുമാനങ്ങളെ മാത്രം പ്രയോഗിച്ചുകൊണ്ട് വസ്തു നിര്‍ണ്ണയം ചെയ്യുവാന്‍ സാധിച്ചിട്ടില്ല. ഇനി ഭാവിയില്‍ അങ്ങനെ സാധിക്കുമെന്ന് പ്രതീക്ഷിക്കുവാനും തരമില്ല. പ്രത്യക്ഷപ്രമാണത്തിനു ഗോചരമല്ലാത്ത വിഷയങ്ങളെ ദാര്‍ശനികന്മാര്‍ അനുമാനപ്രമാണം കൊണ്ട് നിര്‍ണ്ണയിക്കുന്നു. എന്നാല്‍ അനുമാനത്തിനും എത്തുവാന്‍ കഴിയാത്ത പല സൂക്ഷ്മ തത്ത്വങ്ങളും നിഗൂഢമായി, സത്യമായി വിജയിക്കുന്നുണ്ട്. അവയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ? അവയെ മഹാത്മാക്കളിലും ശാസ്ത്രത്തിലുമുള്ളശ്രദ്ധകൊണ്ടു മാത്രം നിര്‍ണ്ണയിക്കുന്നു. ശ്രദ്ധയില്ലാത്തവന് അവയുടെ നിര്‍ണ്ണയവും സാധ്യമല്ല. വസ്തുതത്ത്വം അനിര്‍ണ്ണീതമെങ്കില്‍ തദ്വിഷയകമായ സാധനകളില്‍പ്രവര്‍ത്തിക്കുന്നതെങ്ങനെ? ഇങ്ങനെ അഭ്യുദയനി:ശ്രേയങ്ങള്‍ക്ക് ഏകകാരണമായി, ദുഷ്‌കരതപസ്യകളെപ്പോലും സുകരമാക്കി തീര്‍ക്കുന്ന ശ്രദ്ധയുടെ വൈഭവത്തെയും വൈചിത്ര്യത്തെയും പറ്റി എങ്ങനെ വിസ്തരിക്കേണ്ടു?”
അങ്ങനെ ശുദ്ധവും ശാന്തവുമായ മനസ്സിലൂടെ, പ്രജ്ഞാ ശുദ്ധിയോടെ, ശ്രദ്ധാപൂര്‍വ്വം, ധര്‍മ്മാധിഷ്ഠിതമായി, വിവേകിയായി, ജ്ഞാനത്തിലെത്തി ഈശ്വരനെ കണ്ടെത്തണം. അതാണ് മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം. അതു തന്നെയാണ് ലോകാ: സമസ്താ സുഖിനോ ഭവന്തു- എന്ന ഭാരതീയ സാംസ്‌കാരിക ലക്ഷ്യത്തിന്റെ കാതലും. അതിനുവേണ്ടിയുള്ള ചെറുതായെങ്കിലുമുള്ള ശ്രമം വിവേകത്തെ കാംക്ഷിക്കുന്ന ഓരോരുത്തരിലും ഉണ്ടാകേണ്ടതാണ്. സമാധാനവും സന്തോഷവും ഉള്ള ഒരു ജീവിതത്തിന് ഇതേ ഒരു മാര്‍ഗ്ഗമുള്ളൂ. ഇതേ വാക്കുകളിലൂടെ പറയുന്നില്ലെങ്കിലും ഈയൊരു അടിസ്ഥാനം ഈശ്വരനെ കണ്ടെത്തുന്നതിനായി തിരഞ്ഞെടുക്കുന്ന ഏതു മാര്‍ഗ്ഗത്തിനും അനിവാര്യവുമാണ്.





















