1915ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയതോടെ ഭാരത സ്വാതന്ത്ര്യ സമരത്തില്‍ ഒരു ദിശാപരിവര്‍ത്തനം സംഭവിച്ചു. അഹിംസാമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ സമരപരിപാടികളിലേക്കും സത്യഗ്രഹ സമരങ്ങളിലേക്കും കോണ്‍ ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറി. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വീര സാവര്‍ക്കറെപ്പോലെയുള്ളവര്‍ പ്രകീര്‍ത്തിച്ച 1857ലെ സായുധ വിപ്ലവത്തിന് മുമ്പുതന്നെ രൂപംകൊണ്ട വിപ്ലവ സംഘടനകള്‍ രൂപം നല്‍കിയ വ്യത്യസ്തമായ ഒരു സ്വാതന്ത്ര്യസമരചരിത്രം അതിന് മുമ്പ് ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു.
1947 ആഗസ്റ്റ് 15-ാം തീയതി ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്ക് ഏറ്റവും താല്പര്യമുള്ളവരിലേക്ക് അധികാരം കൈമാറി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ തന്നെ ബ്രിട്ടന്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നതില്‍ നിന്ന് തകര്‍ക്കപ്പെട്ട ഒരു രാജ്യമായി മാറിയിരുന്നു. ഭാരതം പോലെയുള്ള വിശാലമായ ഒരു ഭൂപ്രദേശം അടക്കി ഭരിക്കുവാനുള്ള സൈനിക ശേഷിയും, സാമ്പത്തിക ശക്തിയും തങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന ഉത്തമ ബോധ്യം അവര്‍ക്ക് ഉണ്ടായിരുന്നു. 1943ല്‍ ബംഗാളില്‍ ഉണ്ടായ ഭക്ഷ്യക്ഷാമവും, നേതാജി ബോസ് രൂപീകരിച്ച ഐഎന്‍എയോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും അവരെ ഭയചകിതരാക്കി. കാവല്‍ മന്ത്രിസഭയുടെ കാലം മുതല്‍ ഭാരതീയര്‍ പഠിച്ചത് നെഹ്‌റുവിയന്‍ സ്തുതിപാഠ കരും, മാര്‍ക്‌സിയന്‍ ചരിത്രകാരന്മാരും എഴുതിയ കാപട്യം നിറഞ്ഞ കഥകളായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവപോരാട്ടങ്ങളുടെ രോമാഞ്ചജനകമായ കഥകള്‍ മനഃപൂര്‍വ്വം മറച്ചുവച്ചു. ഈ ധീരരക്തസാക്ഷികളുടെ വീരചരിത്രങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന പ്പോഴാണ് വളരെ അവിചാരിതമായി നീലേഷ് കുല്‍ക്കര്‍ണ്ണി’ എന്ന ദേശീയവാദി രചിച്ച ‘Uprising history behind liberation of Dadra and Nagar haveli’ ‘ എന്ന പുസ്തകത്തിനെ പറ്റി അദ്ദേഹം തന്നെ നടത്തിയ വളരെ ആവേശകരമായ വീഡിയോ കേള്‍ക്കാന്‍ അവസരം ലഭിച്ചത്.
വീഡിയോവില്‍ ആദ്യം തന്നെ സ്വാതന്ത്ര്യ കൈമാറ്റത്തിനെ പറ്റിയും, 1950 ല്‍ ഭരണഘടന നിലവില്‍ വന്ന് റിപ്പബ്ലിക്ക് ആയതിനെ പറ്റിയും പറയുന്നുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസ് അധീനതയില്‍ 450 വര്‍ഷം കഴിഞ്ഞു ഗോവ, ദാമന്‍, ദിയൂ എന്നിവ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ പ്രദേശങ്ങളിലെ പോര്‍ച്ചുഗീസ് അധിനിവേശം അനുഭവിച്ച തദ്ദേശ ജനതയും, ഭാരതത്തിന്റെ മണ്ണില്‍ നിന്ന് അതിനു നടത്തിയ അഹിംസയില്‍ അധിഷ്ഠിതമായ സമരങ്ങളും തികച്ചും വിപ്ലവകരമായി നടത്തിയ ഗറില്ലാ സമരങ്ങളും നടന്നിരുന്നു. ഗോവയും ദാമും സ്വതന്ത്രമാകുന്നതിന് മുമ്പ് 1954 ആഗസ്റ്റ് 11-ാം തീയതി ചെറുപ്പക്കാര്‍ അടങ്ങിയ സംഘം ഗറില്ലാ പോരാട്ടത്തിലൂടെ സ്വതന്ത്രമാക്കിയവയാണ് ഭാദ്രയും – നാഗര്‍ ഹവേലിയും. 1950 കാലത്ത് ബംഗാളിലെ ഫ്രഞ്ച് അധീന പ്രദേശമായ ചന്ദ്രനഗറും 1954ല്‍ തമിഴ്‌നാടിനോട് ചേര്‍ന്നു പോണ്ടിച്ചേരി, കാരക്കല്‍, യാനം, കേരളത്തില്‍ വടകരയ്ക്കും, തലശ്ശേരിക്കും ഇടയിലുള്ള മാഹിയും ഭാരതത്തിന് തിരിച്ചു നല്‍കി ഫ്രഞ്ചുകാര്‍ തിരിച്ചുപോയി. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ അവരുടെ അധീനത്തിലുള്ള പ്രദേശങ്ങള്‍ വിട്ടുപോകാന്‍ ഒരിക്കലും ഒരുങ്ങിയില്ല. അതിഭീകരമായ അടിച്ചമര്‍ത്തലും നിര്‍ബ്ബന്ധ മതംമാറ്റവുമാണ് പറങ്കികള്‍ സ്വീകരിച്ചത്.
1961 ഡിസംബര്‍ 19-ാം തീയതി ഭാരതത്തിന്റെ സേന മേജര്‍ ജനറല്‍ കുഞ്ഞിരാമന്‍ കാന്‍ഡെത്ത് എന്ന തലശ്ശേരിക്കാരനായ സൈനിക മേധാവിയുടെ നേതൃത്വത്തില്‍ ഗോവ ആക്രമിച്ച് രണ്ടുദിവസത്തെ പോരാട്ടത്തിനുശേഷം പോര്‍ച്ചുഗീസ് ആധിപത്യം അവസാനിപ്പിച്ചു. ഗോവ, ദാമന്‍, ദിയു മോചിപ്പിച്ചു.
1954 ആഗസ്റ്റ് 11-ന് തന്നെ അന്നത്തെ മഹാരാഷ്ട്രവും ഗുജറാത്തും ഉള്‍കൊളളുന്ന (ബോംബെ സംസ്ഥാനം) പ്രദേശത്തിന്റെ അതിര്‍ത്തിയിലുളള ഭാദ്ര-നാഗര്‍-ഹവേലി എന്ന 72 ഓളം ആദിവാസിഗ്രാമങ്ങളും, ആ പ്രദേശത്തിന്റെ ഭരണകേന്ദ്രവുമായ സില്‍വാസയും മോചിപ്പിച്ചത് ധീരദേശാഭിമാനികളും, ആര്‍എസ്എസ് ശാഖകളില്‍ നിന്ന് പകര്‍ന്നു കിട്ടിയ ദേശീയ ബോധവും, ആത്മാഭിമാനവും കൈമുതലാക്കിയ ബാല്യം വിട്ടുമാറാത്ത ‘ആസാദ് ഗോമന്തക് ദള്‍’ എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍ ആയിരുന്നു. ആധുനിക ആയുധങ്ങള്‍ ഉള്ള പോര്‍ച്ചുഗീസ് സേനയോട് നടത്തിയ രോമാഞ്ചജനകമായ കടുത്ത പോരാട്ടത്തിലൂടെ ജീവന്‍ കൊടുത്ത് സ്വതന്ത്രമാക്കിയ ധീരോദാത്ത പോരാട്ടത്തിന്റെ രോമാഞ്ചജനകമായ കഥ നീലേഷ് കുല്‍കര്‍ണ്ണി തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ പ്രദേശങ്ങളുമായി വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ദാമന്‍, ദിയൂ എന്നീ ചെറിയ തുറമുഖ പട്ടണങ്ങള്‍ അന്ന് കൈവശപ്പെടുത്താന്‍ പറ്റിയില്ല.
എങ്ങനെയാണ് ഈ പ്രദേശങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ അധീനതയില്‍ വന്നു ചേര്‍ന്നത് എന്നതും നമ്മള്‍ അറിയേണ്ടതായിട്ടുണ്ട്. ഗോവ പുരാതനകാലത്ത് ‘ഗോമന്തകം’ എന്നും അറിയപ്പെട്ടിരുന്നു. കറുംബവംശം സിഇ 14-15, വിജയ നഗരസാമ്രാജ്യം സിഇ 15-16, ബാമിനി സാമ്രാജ്യം സിഇ 16-20, എന്നീ കാലഘട്ടങ്ങളില്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ഡച്ചുകാരുടെ ആക്രമണത്തില്‍ കൊച്ചിയുടെ നിയന്ത്രണം നഷ്ടമായ പോര്‍ച്ചുഗീസുകാര്‍ അല്‍ഫോണ്‍സോഡി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവയിലെ ചില തീരപ്രദേശങ്ങളില്‍ അധീശത്വം സ്ഥാപിച്ചു. ബാമിനി സാമ്രാജ്യം തകര്‍ന്നപ്പോള്‍ പല ചെറിയ രാജ്യങ്ങളായി ചിന്നിച്ചിതറി. അതില്‍പ്പെട്ട ബീജാപ്പൂരിന്റെ സുല്‍ത്താനായിരുന്ന അദില്‍ഷായുടെ കാലത്ത് ഗോവയില്‍ പോര്‍ച്ചുഗീസ് അധികാരവ്യാപനം പൂര്‍ണ്ണമായി.
മൂന്നാം പാനിപ്പത്ത് യുദ്ധത്തിലേറ്റ കനത്ത തിരിച്ചടി മാറാട്ടാ സാമ്രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പേഷ്വയായിരുന്ന നാരായണ റാവു അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രനെ പേഷ്വയായി സ്ഥാനാരോഹണം ചെയ്യിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. ഈ കാലത്ത് ബ്രിട്ടീഷുകാര്‍ ഇതില്‍ വിമതപക്ഷത്തിന്റെ സഹായത്തിനെത്തി. ഗത്യന്തരമില്ലാതെ പേഷ്വയുടെ മകന്‍ പോര്‍ച്ചുഗീസുകാരുടെ സഹായം തേടി. ഇതിന് പ്രത്യുപകാരമായി പോര്‍ച്ചുഗീസുകാര്‍ക്ക് ഭാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയൂ എന്നീ പ്രദേശങ്ങള്‍ ഏകദേശം 500 ഏക്കര്‍ പ്രദേശം വീട്ടുകൊടുത്തു. 1779-ലാണ് ഈ ഉടമ്പടിപ്രകാരം പോര്‍ച്ചുഗീസുകാര്‍ ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ചത്.
1947 ആഗസ്റ്റ് 15ന് ശേഷം അധികാരത്തില്‍ വന്ന നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭ കാശ്മീര്‍ പ്രശ്‌നം, നാട്ടുരാജ്യങ്ങളുടെ സംയോജനം പോലെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നതിനാല്‍ ഭാരതത്തില്‍ അവശേഷിക്കുന്ന പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഭാദ്ര-നാഗര്‍ ഹവേലി മോചിപ്പിക്കാന്‍ തദ്ദേശവാസികള്‍ ആയ യുവാക്കള്‍ ശ്രമിക്കുന്ന 1954 കാലത്ത് ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയായിരുന്നു. തികഞ്ഞ ഗാന്ധിയനും, അഹിംസാവാദിയുമായ അദ്ദേഹം എല്ലാതരം സായുധവിപ്ലവങ്ങളെയും എതിര്‍ക്കുന്ന വ്യക്തിയായിരുന്നു. അതിനാല്‍ യാതൊരു സഹായവും ലഭിക്കുകയില്ല എന്ന് വിപ്ലവകാരികള്‍ മനസ്സിലാക്കി. മഹാരാഷ്ട്രയിലും, നാഗര്‍ഹവേലി ഭാദ്ര ഭാഗത്തുമുള്ള യുവാക്കള്‍ (ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു) ആര്‍.എസ്.എസ്സിന്റെ ശാഖകളില്‍ പരിശീലനം നേടിയാവരായിരുന്നു. അവര്‍ ‘ആസാദി ഗോമന്തക് ദള്‍’ എന്ന സായുധ വിപ്ലവ സംഘടന രൂപീകരിച്ചു. ഭാദ്രാ-നാഗര്‍ ഹവേലി ഭാഗത്തെ ഗ്രാമങ്ങളില്‍പ്പോലും പോലീസ് ക്യാമ്പുകള്‍ ഉണ്ടായിരുന്നു. അവിടെ ആധുനികമായ ആയുധങ്ങള്‍ ഉള്ള ഭടന്മാര്‍ സദാ കാവലുണ്ടായിരുന്നു. അതിനാല്‍ സായുധാക്രമണം നടത്തിയുള്ള വിമോചനം വളരെ സാഹസികമായിരുന്നു. ആധുനിക മെഷീന്‍ ഗണ്ണുകളും, പിസ്റ്റളുകളും, ബോംബുകളും വേണം. ഇത് ആയുധ കരിഞ്ചന്തയില്‍ നിന്ന് മാത്രമേ വാങ്ങാന്‍ കഴിയൂ. അതിന് വലിയ തോതില്‍ ധനസഹായം ആവശ്യമാണ്. ഇതിനായി ‘ആസാദ് ഗോമന്തക് ദള്‍’ പ്രവര്‍ത്തകര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. പ്രമുഖ ഗാനരചയിതാവായ ‘ലതാമങ്കേഷ്‌കറുടെ’ അച്ഛന്‍ ദീനനാഥ മങ്കേഷ്‌കറുടെ ജന്മസ്ഥലം ഗോവയിലെ ലങ്കേഷ് ക്ഷേത്രത്തിന് അടുത്താണ്. പോര്‍ച്ചുഗീസുകാര്‍ മങ്കേഷി ക്ഷേത്രത്തില്‍ വലിയ അതിക്രമം നടത്തുകയും, വിഗ്രഹങ്ങള്‍ തകര്‍ക്കുകയും, പൂജാരിയെ വധിക്കുകയും ചെയ്തിരുന്നു. ‘മങ്കേഷ് ക്ഷേത്രത്തിനോട്’ അതീവ ഭക്തിയുള്ളവരാണ് ലതാജി എന്ന് യുവാക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ അന്നത്തെ മറാട്ടി നാടക, ഗാനരചയിതാവും വളരെ പ്രസിദ്ധനുമായിരുന്ന സുധീര്‍ ഫട്‌കേജിയെയും പ്രശസ്ത സാഹിത്യകാരനായിരുന്ന ബാബുദായ് ഭണ്ഡാരിയേയും ചെന്നു കണ്ടു. അവര്‍ രണ്ടുപേരും തികഞ്ഞ ദേശീയവാദികളും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നവരും ആയിരുന്നു. അവര്‍ രണ്ടുപേരും ലതാജിയുമായി വളരെ സൗഹാര്‍ദ്ദമുള്ളവരും ആയിരുന്നു. അവരുടെ സാന്നിദ്ധ്യത്തില്‍ ലതാജിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ലതാജിയെ കണ്ട് ഗോവയിലെ പുരാതന മങ്കേഷി ക്ഷേത്രത്തില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ അതിക്രമങ്ങള്‍ വിവരിച്ചു. തങ്ങളുടെ ദൗത്യം ഈ പ്രദേശങ്ങള്‍ മോചിപ്പിക്കുക എന്നതാണെന്നും, അതിന് സായുധ വിപ്ലവം മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്നും ധരിപ്പിച്ചു. ആയുധങ്ങള്‍ വാങ്ങാന്‍ പണം ആവശ്യമാണെന്ന് പറഞ്ഞു. ഇതെല്ലാം കേട്ട് കുറച്ചു സമയം അവര്‍ തലതാഴ്ത്തി ഇരുന്നു. അവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി വീണു. ആയുധങ്ങള്‍ വാങ്ങാന്‍, അതും ഗറില്ലാ സായുധപോരാട്ടത്തിന്, പണം നല്‍കുന്നത് ക്രിമിനല്‍ കുറ്റമാകും. അതിനാല്‍ ലതാജി ഒരു പദ്ധതി പറഞ്ഞു. പൂനയില്‍ വലിയ രീതിയില്‍ മുഹമ്മദ് റാഫി സാഹിബിനെയും കൂടി പങ്കെടുപ്പിച്ച് വിപുലമായി ടിക്കറ്റ് വച്ച് സംഗീതപരിപാടി നടത്തുക. അതില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന പണം യുവാക്കളായ വിപ്ലവകാരികള്‍ക്ക് നല്‍കാമെന്ന് തീരുമാനിച്ചു. മുഹമ്മദ് റാഫി സാബ് വളരെ സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുത്തു. ധാരാളം പണം സമാഹരിക്കാന്‍ കഴിഞ്ഞു.
ഹൈദരാബാദ് അന്ന് ആയുധക്കച്ചവടക്കാരുടെ കേന്ദ്രമായിരുന്നു. അതിനാല്‍ അവിടെ നിന്ന് തോക്കുകളും, പിസ്റ്റളുകളും, സ്‌ഫോടകവസ്തുക്കളും വാങ്ങാന്‍ തീരുമാനമായി. എങ്ങനെ ഹൈദരാബാദ് ആയുധക്കച്ചവടക്കാരുടെ കേന്ദ്രമായി എന്ന കഥകൂടി അറിയണം.
1948 ല്‍ ഭാരതത്തിലെ 560 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഭാരതമെന്ന രാഷ്ട്രം പൂര്‍ണ്ണമാക്കാന്‍ സര്‍ദാര്‍ പട്ടേലും, വി.പി. മേനോനും അശ്രാന്ത പരിശ്രമം നടത്തിയ സമയം ഹൈദരാബാദിലെ നൈസാം ‘മീര്‍ അലീഖാന്‍ അലിമുല്‍ക്കം’ സ്വതന്ത്രരാജ്യമായി നില്‍ക്കാന്‍ തീരുമാനിച്ചു. ഇതിന് പാകിസ്ഥാനും, ഭാരതത്തിലെ ബ്രിട്ടീഷ് ഭരണകൂടത്തിലെ ചിലരും, രഹസ്യമായി പിന്താങ്ങിയിരുന്നു. ഹൈദരബാദില്‍ നൈസാമിന്റെ ഭീകരഭരണത്തിന് എതിരെ ആരംഭിച്ച ജനകീയ സമരം സായുധ ഗറില്ലാ പോരാട്ടമായി മാറിയിരുന്നു.
ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിന്റെ അതിര്‍ത്തികളില്‍ നിന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി, ആര്‍. എസ്.എസ് ശാഖകളില്‍ ഉള്ളവര്‍, ആര്യസമാജം, ഹിന്ദുമഹാസഭ ഇവര്‍ നിരന്തരം ഗറില്ലാ ആക്രമണങ്ങള്‍ നടത്തിയിരുന്നു. 1945 ല്‍ ‘ആന്ധ്ര മഹാജനസഭ’ എന്ന ജനകീയ ബഹുജന ഐക്യമുന്നണി പ്രസ്ഥാനം രൂപീകരിച്ചു. നൈസാമിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഹിന്ദുഭൂഉടമകളും കോണ്‍ഗ്രസ്സും ബഹുജനസമരത്തില്‍ നിന്നും വിട്ടുനിന്നു. ആന്ധ്രമഹാജന സഭയുടെ ബഹുജന സമരം, പിന്നീട് സായുധ ഗറില്ലാ പോരാട്ടമായി മാറി. ഇത്രയും ആയപ്പോള്‍ കേന്ദ്രത്തിലെ ഭരണകൂടത്തിന് ആന്ധ്രയില്‍ ഇടപെടല്‍നടത്തേണ്ടത് അത്യാവശ്യമായി. ഇത് അറിഞ്ഞു നൈസാം തന്റെ സഹായിയായിരുന്ന തീവ്ര മുസ്ലിം വര്‍ഗ്ഗീയ വാദിയായ ‘കാസിം റസ്വി’ എന്ന ഗുണ്ടാനേതാവിന്റെ കീഴില്‍ രണ്ടുലക്ഷം വരുന്ന കൂലിപ്പട്ടാളത്തിനെ തയ്യാറാക്കി. ഇതില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരായ ചെറുപ്പക്കാര്‍ ആയിരുന്നു. ‘റസാക്കര്‍മാര്‍’ എന്ന ഈ ഗുണ്ടാ സൈന്യത്തിനു പുറമെ രണ്ടുലക്ഷം പട്ടാളവും, പോലീസും നൈസാമിനുണ്ടായിരുന്നു. ഭാരതത്തിന്റെ സൈന്യം ഏതു നിമിഷവും ഹൈദരാബാദില്‍ കടക്കും എന്ന നിലയായപ്പോള്‍ അതിനെ നേരിടാനായി അത്യാധുനികമായ ആയുധങ്ങള്‍ ചില പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും അനധികൃതമായി ഹൈദരാബാദില്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. സ്വാതന്ത്ര്യാനന്തരം കുറച്ചുകാലം പാകിസ്ഥാന്റെ സൈനിക മേധാവി ഒരു ബ്രിട്ടീഷ് കാരനായിരുന്നു. അയാളുടെ സഹായത്താല്‍ ‘സിഡ്‌നി കാര്‍ട്ടന്‍’ എന്ന പാശ്ചാത്യ ആയുധ വ്യാപാരി, അത്യാധുനികമായ മെഷീന്‍ ഗണ്ണുകളും, പിസ്റ്റളുകളും, ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കറാച്ചിയില്‍ എത്തിച്ച്, നമ്മുടെ വായുസേനയുടെ റഡാറുകളുടെ ദൃഷ്ടിയില്‍ പെടാതെ ഹൈദരാബാദില്‍ എത്തിച്ചു. അവ റസാക്കര്‍മാര്‍ക്ക് കൊടുത്തു. എന്നാല്‍ യാതൊരു സൈനിക പരിശീലനവും ഇല്ലാത്ത ബാലന്മാരായ റസാക്കര്‍മാര്‍ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. ഭാരതത്തിന്റെ സൈന്യം ജനറല്‍ ‘ജയന്ത് ചൗധരിയുടെ’ നേതൃത്വത്തില്‍ 1948 ല്‍ ഹൈദരാബാദില്‍ എത്തി. അതിനെ നേരിടാന്‍ കഴിയാതെ റസാക്കര്‍മാര്‍ അവരുടെ ആയുധങ്ങള്‍ ആയുധവ്യാപാരികള്‍ക്ക് കൊടുത്ത് ഒളിച്ചോടി. ഈ ആയുധങ്ങളില്‍ കുറെ എണ്ണം ആസാദ് ഗോമന്തക് പ്രവര്‍ത്തകര്‍ വാങ്ങി. എന്നാല്‍ ഈ ആയുധങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ ഹൈദരാബാദിന് പുറത്ത് എത്തിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ ഓരോ പാര്‍ട്ടുകളും വേറെയാക്കി ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ സഞ്ചികളിലാക്കി അതിര്‍ത്തി കടത്തി പൂനെയിലും നാസിക്കിലും എത്തിച്ച് അവിടെ കൂട്ടിയോജിപ്പിച്ച് ഉപയോഗപ്രദമാക്കി.
മഹാരാഷ്ട്രയിലെ താനയിലും മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയിലെ ദഹാനു-കോം പ്രദേശങ്ങളിലും, ദാദ്ര-നാഗര്‍-ഹവേലി ഭാഗത്തും ഉള്ള പ്രബല ഗോത്രവര്‍ഗ്ഗ വിഭാഗമായിരുന്നു ‘വര്‍ളികള്‍’. സ്വാതന്ത്രത്തിനുമുമ്പും, അതിനുശേഷവും ഇവര്‍ കടുത്ത പീഡനങ്ങള്‍ക്കും, വിവേചനങ്ങള്‍ക്കും വിധേയരായി. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും, ഭൂപ്രഭുക്കളും, എല്ലാം ചേര്‍ന്ന് ഇവരെ നിര്‍ദ്ദയമായി ചൂഷണം ചെയ്തു. ‘താന’യില്‍ ഇവര്‍ക്ക് നേതൃത്വം നല്‍കിയത് ഗോദാവരി പരുലേക്കര്‍ എന്ന വനിതാ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ബോംബെയില്‍ ജനിച്ചു വളര്‍ന്നു ഉന്നതപഠനം നിര്‍വ്വഹിച്ച് നിയമബിരുദവും നേടിയ ഗോദാവരി വര്‍ളിയിലെ ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് പകര്‍ന്നു നല്‍കിയ പോരാട്ട വീര്യം അളവറ്റതായിരുന്നു. മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയില്‍പ്പെട്ട ദഹാനും-കോം, ദാദ്ര-നാഗര്‍ ഹവേലി ഈ പ്രദേശങ്ങളിലും ജനസംഖ്യയില്‍ വലിയൊരു ശതമാനം വര്‍ളി ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരുന്നു. ‘ഗോദാവരി പത്രലേക്കര്‍’ ഭാദ്ര-നാഗര്‍ ഹവേലി എന്നീ പ്രദേശങ്ങള്‍ മോചിപ്പിക്കുന്നതിന് പിന്തുണ നല്‍കി.
(തുടരും)





















