ഓര്‍മ്മകളില്‍ നിന്നിറങ്ങി നടക്കവേ
വിറ്റു പോയ വീട് എതിരെ വരുന്നു.
ബാല്യം മണക്കുന്നൊരു കുഞ്ഞുടുപ്പ് നീട്ടി
തലോടി വീട് ചിരിച്ചു.
തൊടികളില്‍ നിറയെ തൊട്ടാവാടിച്ചെടികള്‍
തൊടാനായവേ വീട് പറഞ്ഞു,
നിറയെ മുള്ളാണ്.
കുഞ്ഞ് പാദങ്ങള്‍ തെളിഞ്ഞ മുറ്റത്ത്
മുക്കുറ്റികള്‍ പൂത്തത് കണ്ട് വീട് പറഞ്ഞു
ഓര്‍മ്മകളാണ് വിരിഞ്ഞു നില്ക്കുന്നത്.
അകത്തളത്തില്‍ നിന്ന് അമ്മ മുറ്റത്തേക്കിറങ്ങി
നടക്കുന്നു നനച്ചിട്ട സാരികളിലൊന്ന് തൊട്ടുനോക്കുന്നു.
സ്ഥാനം തെറ്റിപ്പോയ വള്ളിച്ചെരിപ്പുകളിലൊന്ന്
നേരെയാക്കി വയ്ക്കുന്നു അച്ഛന്‍.
പറന്നു പോകുന്നൊരു അപ്പൂപ്പന്‍ താടിയെ
നോക്കി പോകുന്നു പെങ്ങള്‍
വീടിനുള്ളിലാകെ ഇരുട്ടെങ്കിലും കണ്‍മുന്നിലെത്തുന്നു
പുസ്തകങ്ങള്‍ നിറച്ച പഴയ പെട്ടി
തീപ്പെട്ടി പടങ്ങള്‍ നിറഞ്ഞ കവറുകള്‍
എഴുതി തീര്‍ന്ന പേനകള്‍
ചിലന്തി വല കെട്ടിയ മയില്‍പ്പീലികള്‍.
ഒരു കണ്ണ് നഷ്ടമായൊരു പെണ്‍ പാവ.
വായിച്ച പുസ്തകങ്ങളുടെ താളുകള്‍.
പിന്‍വിളികള്‍, ശാസനകള്‍.
സ്‌നേഹസ്വരങ്ങള്‍, അമ്മവിളമ്പിയ കറികളുടെ മണം
അച്ഛന്റെ ക്യൂട്ടിക്കൂറാ പൗഡറിന്റെ ഗന്ധം.
ഏട്ടന്റെ പരാതികള്‍
പെങ്ങളുടെ ‘ഘനശ്യാമ സന്ധ്യാ ഹൃദയം’
എന്ന ലളിത ഗാനം
വിറ്റു പോയ വീട് തുറന്നിട്ട ലോകത്തിലൂടെ
നടക്കവേ വിട്ടു പോയവര്‍ പുറകേ വരുന്നു.
വിട്ടു പോകാന്‍ കഴിയാത്തൊരു ഓര്‍മ്മയായി വീട്
കൈപിടിച്ചൊപ്പം വരുന്നു.
വിറ്റു പോയ പോകാമെന്നല്ലാതെ
വിട്ടു കളയാന്‍ കഴിയാത്ത വീടുകള്‍
ഓര്‍മ്മകളില്‍ നിന്നിറങ്ങി നടക്കുന്നുണ്ട്.






















