ജൂലായ് മാസം അഞ്ച് രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ എട്ട് ദിന വിദേശപര്യടനം ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടി. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ ഏറ്റവും നീണ്ട യാത്രയായിരുന്നു അത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാനയും നമീബിയയും കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടോബാഗൊ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലും അര്‍ജന്റീനയുമായിരുന്നു അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങള്‍. സാമ്പത്തിക സൈനിക സഹകരണവുമായി ബന്ധപ്പെട്ട പരമ്പരാഗത കരാറുകളും ഉടമ്പടികളും മാറ്റി നിര്‍ത്തിയാല്‍ യാത്രയിലെ എട്ട് ദിനങ്ങള്‍ ഭാരതത്തിന്റെ ഊര്‍ജ്ജ നയതന്ത്രത്തിനായാണ് (Energy Diplomacy) അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഭൂമിയിലെ അപൂര്‍വ ധാതുക്ക(Rare Earth Minerals) ളാല്‍ സമ്പന്നമായ ഈ ആഫ്രിക്കന്‍ -ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുകയെന്ന അജണ്ടയില്‍ ഊന്നിയായിരുന്നു.
ഭാരതത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ നിര്‍മ്മിക്കാനാവശ്യമായ ലിഥിയത്തിന്റെ പ്രധാന ഉറവിടമാണ് ഘാന. ലിഥിയത്തിനായി ചൈനയെയും ആസ്‌ട്രേലിയയേയും മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. പ്രത്യേകിച്ചു ധാതു കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ നീക്കം അനിവാര്യമാണ്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ പ്രകൃതി വാതക മേഖലയില്‍ ഭാരതത്തിന് നിക്ഷേപിക്കുവാനും ഖനനം നടത്തുവാനും അവസരമൊരുക്കുകയെന്നതും അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യമായിരുന്നു. ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ‘ലിഥിയം ത്രികോണ’മെന്നറിയപ്പെടുന്ന രാജ്യങ്ങളിലാണ് ലോകത്തിന്റെ 50-60 ശതമാനം ലിഥിയം ശേഖരമുള്ളത്. അര്‍ജന്റീനയുമായി ചേര്‍ന്ന് ലിഥിയം ഖനന- വിതരണ മേഖലയില്‍ സഹകരിക്കുവാനും അദ്ദേഹത്തിന്റെ യാത്ര വളരെയധികം സഹായകരമായി. നിയോബിയീ തുടങ്ങിയ പ്രധാന ധാതുക്കളുടെ കേന്ദ്രമാണ് ബ്രസീല്‍. പ്രതിരോധ, വൈദ്യുതി മേഖലകളില്‍ പ്രധാനമായ ഡിപ്രോസ്യത്തിന്റെയും യുറേനിയത്തിന്റയും കേന്ദ്രമാണ് നമീബിയയും. കൂടാതെ ഭാരതത്തിന്റെ ശുദ്ധ ഹൈഡ്രജന്‍ സ്വപ്‌നങ്ങള്‍ക്കും ആണവ ഊര്‍ജ്ജ ഉത്പാദനത്തിനും ഒഴിവാക്കാനാവാത്ത രാജ്യം കൂടിയാണത്. ഇത്തരത്തില്‍ വിദേശനയത്തിലും നയതന്ത്രത്തിലും ഊര്‍ജ്ജ സുരക്ഷയെ ഭാഗമാക്കി രാജ്യത്തിനാവശ്യമായ ഊര്‍ജ്ജ ലഭ്യത ഉറപ്പു വരുത്തുകയാണ് ഭാരതം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ എട്ട് ദിവസങ്ങള്‍ നീണ്ടു നിന്ന വിദേശയാത്ര.

ലോക രാഷ്ട്രീയവും ഊര്‍ജ്ജ വിഭവങ്ങളും
ആഗോള രാഷ്ട്രീയ ഗതിയെ രൂപപ്പെടുത്തുന്നതില്‍ ഊര്‍ജ്ജ വിഭവങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കല്‍ക്കരി തുടങ്ങിയ ആദ്യകാല ഊര്‍ജ്ജ വിഭവങ്ങള്‍ക്കായുള്ള മത്സരം രാജ്യങ്ങളെ വിവിധ സഖ്യങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും, യുദ്ധങ്ങളിലേക്കും നയിച്ചത് ലോകം സാക്ഷ്യം വഹിച്ചു. കല്‍ക്കരിയുടെ ലഭ്യതയും ഉപയോഗവും ബ്രിട്ടനേയും ജര്‍മ്മനിയേയും അമേരിക്കയേയും പോലെയുള്ള രാജ്യങ്ങളെ 18-19 നൂറ്റാണ്ടുകളില്‍ വ്യവസായ ശക്തികളാക്കുകയും തത്ഫലമായി യൂറോപ്യന്‍ ശക്തികള്‍ വിഭവങ്ങള്‍ക്കായി ലോകത്തെ പല ഭാഗങ്ങളും കീഴടക്കുകയും ആ പ്രദേശങ്ങളെയും ജനങ്ങളെയും അവരുടെ കോളനികളാക്കി ഭരിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പ് ബ്രിട്ടനും ജര്‍മ്മനിയും തമ്മിലുള്ള നാവിക മത്സരം ഭാഗികമായി തങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു. ഒന്ന്-രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഈ മത്സരം എണ്ണപ്പാടങ്ങള്‍ക്ക് വേണ്ടിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പശ്ചിമേഷ്യ അഥവാ ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്തിന്റെ പ്രധാന ഊര്‍ജ്ജകേന്ദ്രമായി. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിലെ ശീതയുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ആ മേഖല മാറിയെന്ന് പറയാം. 1974 യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണച്ചതിന്റെ പേരില്‍ അമേരിക്കയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളേര്‍പ്പെടുത്തിയ എണ്ണ കയറ്റുമതി നിരോധനത്തോടെ ഊര്‍ജ്ജ രാഷ്ട്രീയത്തിന്റെ (Energy Politics) പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു. 1991 ലെ ഗള്‍ഫ് യുദ്ധവും 2003 ലെ അമേരിക്കയുടെ ഇറാഖ് ഇടപെടലുമെല്ലാം പരിശോധിച്ചാല്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ഊര്‍ജ്ജസുരക്ഷയെന്ന കാരണം കണ്ടെത്തുവാന്‍ സാധിക്കും. എന്നാല്‍ ഊര്‍ജ്ജ വിഭവങ്ങളുടെ നിയന്ത്രണത്തിനായി രാജ്യങ്ങള്‍ പരസ്പരം പോരടിച്ചിരുന്ന കാലത്തു നിന്നും ലോകം ഏറെ മുന്നോട്ട് പോവുകയും എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കത്തക്ക തരത്തില്‍ പരസ്പര സഹകരണത്തോടെയുള്ള ഊര്‍ജ്ജ നയതന്ത്രം മുന്‍പത്തേക്കാള്‍ കൂടുതല്‍ ശക്തമായി ഇന്ന് മാറുകയും ചെയ്തു. കലഹത്തേക്കാള്‍ നയതന്ത്രത്തിനും സഹകരണത്തിനുമാണ് രാജ്യങ്ങളിന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നിരുന്നാലും ചൈന, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഊര്‍ജ്ജസുരക്ഷയ്ക്കായി പരമ്പരാഗത അക്രമപാത ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഊര്‍ജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനായും, തടസ്സം നേരിടാതിരിക്കുവാനുമാണ് ലോകത്തിന്റെ പലഭാഗങ്ങളിലും കടലിലും കരയിലും രാജ്യങ്ങള്‍ സൈനിക താവളങ്ങള്‍ നിര്‍മ്മിക്കുകയും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്. മറ്റു രാജ്യങ്ങളും സമാന രീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത് പലപ്പോഴും രാജ്യങ്ങളെ സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും സഹകരണവും സൃഷ്ടിച്ചുകൊണ്ട് ആഗോള രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ ഊര്‍ജ്ജ വിഭവങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു.
ഊര്‍ജ്ജ ഉപഭോഗവും ഭാരതവും
ആഗോള ഊര്‍ജ്ജ നയതന്ത്ര- രാഷ്ട്രീയത്തിലെ ഒരു സ്വാധീന ശക്തിയാണ് ഭാരതം. ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്ത് ഊര്‍ജ്ജ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഭാരതമിന്ന്. ലോകത്തെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാഷ്ട്രമായി തുടരുവാന്‍ ഊര്‍ജ്ജ വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്നതാണ് ഭാരതത്തിന് ഏറ്റവും ആവശ്യമായത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വിദേശനയത്തില്‍ ഊര്‍ജ്ജ നയതന്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്.
2014-ല്‍ 2 ട്രില്യണ്‍ യുഎസ് ഡോളറായിരുന്ന ഭാരതത്തിന്റെ ജിഡിപി ഇന്ന് 4.19 ട്രില്യണ്‍ യുഎസ് ഡോളറായി വളര്‍ന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ ജിഡിപി ഇരട്ടിയോളമായി വര്‍ദ്ധിച്ചതും ഭാരതത്തിന്റെ ഊര്‍ജ്ജ ആവശ്യകത വര്‍ദ്ധിപ്പിച്ചു. അതുകൊണ്ടുതന്നെ ഊര്‍ജ്ജ നയതന്ത്ര രംഗത്ത് മുന്‍പത്തേക്കാള്‍ ഇരട്ടി ശക്തിയോടെയാണ് ഭാരതമിന്ന് ഇടപെടേണ്ടതും ഇടപെടുന്നതും. ഇന്നത്തെ സാമ്പത്തിക വളര്‍ച്ച തുടര്‍ന്നാല്‍ 2030 ഓടെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഭാരതം ചൈനയെ മറികടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA)യുടെ കണക്കുകള്‍ പ്രകാരം 2040 ഓടെ ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യകതയുടെ 30 ശതമാനം ഭാരതത്തില്‍ നിന്നാവുകയും 2035 ഓടെ തന്നെ ലോകത്തിന്റെ ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 8.6 ശതമാനവും ഭാരതത്തിലായിരിക്കുമെന്നാണ്.
ഭാരതത്തിന്റെ ഊര്‍ജ്ജ ഉപയോഗം ക്രൂഡ് ഓയിലടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. 2006-ല്‍ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 96 ശതമാനം ഫോസില്‍ ഇന്ധനങ്ങളായിരുന്നു. 2031-32 ആകുമ്പോഴേക്കും ഇത് 74-85 ശതമാനത്തിലേക്ക് കുറയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. 2019 ല്‍ ഭാരതത്തിലെ ഊര്‍ജ്ജ ഉപഭോഗമെടുത്താല്‍ 55 ശതമാനം കല്‍ക്കരിയില്‍ നിന്നും, 30 ശതമാനം പെട്രോളിയവും പ്രകൃതിവാതകവും, 10 ശതമാനം ജലവൈദ്യുതിയും, 6.5% പുനരുപയോഗ ഊര്‍ജ്ജവും, 3% ല്‍ താഴെ ആണവോര്‍ജ്ജവുമായിരുന്നു. ഊര്‍ജ്ജ ഉപഭോഗത്തില്‍ കല്‍ക്കരി ഇപ്പോഴും പ്രബലമാണ്. രാജ്യത്ത് വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന ഇന്ധനങ്ങളില്‍ 70 ശതമാനവും ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. ഇപ്പോഴും ഇതില്‍ വലിയ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പ്രത്യേകിച്ചു സൗരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഭാരതമിന്ന് വലിയ നേട്ടങ്ങള്‍ കൈവരിച്ചു. 2025 ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച്, ഭാരതത്തിന്റെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷി 476 ജിഗാവാട്ട് എന്ന സുപ്രധാന നാഴികക്കല്ല് താണ്ടുകയുണ്ടായി. ഇതില്‍ 240 ജിഗാവാട്ട് താപവൈദ്യതിയും, 110.9 ജിഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയും, 51.3 ജിഗാവാട്ട് കാറ്റാടി വൈദ്യുതിയും ഉള്‍പ്പെടുന്നു. 2014 മാര്‍ച്ചില്‍ 76.37 ജിഗാവാട്ടായിരുന്നു രാജ്യത്തെ പുനരൂപയോഗ ഊര്‍ജ്ജ ശേഷി. 2025 ജൂണില്‍ അത് 226.79 ജിഗാവാട്ടായി മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
ഊര്‍ജ്ജ സ്രോതസ്സിന്റെ വൈവിധ്യവത്കരണം ഭാരത നയതന്ത്രം
ഭാരതത്തിലെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 31 ശതമാനമാണ് ക്രൂഡോയിലിന്റെ ഉപയോഗം. ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഭാരതം വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. 2014 ന് മുന്‍പ് സൗദി, യുഎഇ, ഇറാന്‍, കുവൈറ്റ്, ഇറാഖ് തുടങ്ങിയ ഏതാനും ചില രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി നടത്തിയിരുന്ന ഭാരതമിന്ന് അത് നാല്‍പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. കുറച്ചു രാജ്യങ്ങളെ മാത്രം ആശ്രയിക്കുമ്പോള്‍ ഉണ്ടാകാനിടയുണ്ടായിരുന്ന ഊര്‍ജ്ജ സുരക്ഷാ ഭീഷണി ഒഴിവാക്കാനും ബാഹ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഭാരതത്തിന് ഇതിലൂടെ സാധിച്ചു. അതുകൊണ്ട് തന്നെ മുന്‍പ് സൂചിപ്പിച്ച ഗള്‍ഫ് മേഖലയ്ക്കപ്പുറം റഷ്യ, അമേരിക്ക, ആഫ്രിക്കന്‍, ലാറ്റിന്‍ രാജ്യങ്ങളിലേക്ക് ഭാരതം അതിന്റ ഊര്‍ജ്ജ നയതന്ത്രം വ്യാപിപ്പിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കയില്‍ നൈജീരിയ, അങ്കോള, മൊസാംബിക് എന്നീ രാജ്യങ്ങളും തെക്ക് കിഴക്കനേഷ്യയില്‍ നിന്നും മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഭാരതം സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങളാണ്. ഇതിന്റെ ഫലമായി ഒപ്പക് (OPEC) രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇപ്പോള്‍ അന്‍പത് ശതമാനം മാത്രമാണ്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടു 2022 മുതല്‍ റഷ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഭാരതം വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ന് മുന്‍പ് വെറും രണ്ട് ശതമാനമായിരുന്ന റഷ്യന്‍ എണ്ണ ഒരു ഘട്ടത്തില്‍ ഭാരതത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40-44 ശതമാനം വരെ ഉയര്‍ന്നു. വില കുറവായതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 25 ബില്യന്‍ യു എസ് ഡോളറാണ് ഭാരതം ഇത്തരത്തില്‍ ലാഭിച്ചത്. ഇതുകൂടാതെ ഭാരതത്തിനാവശ്യമായ പ്രകൃതി വാതകത്തിന്റെ അന്‍പത് ശതമാനവും ഖത്തര്‍, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിനാവശ്യമായ കല്‍ക്കരി ഇന്‍ഡോനീഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് ഭാരതത്തിന്റെ ഊര്‍ജ്ജ നയതന്ത്രം ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണിപ്പോള്‍.
ഭാരതത്തിന്റെ തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം
യുദ്ധങ്ങളുടെയോ പ്രകൃതി ദുരന്തങ്ങളുടെയോ ഭാഗമായി എണ്ണ ഇറക്കുമതിയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ 90 ദിവസങ്ങള്‍ വരെ ഇറക്കുമതിയെ ആശ്രയിക്കാതെ പിടിച്ചു നില്‍ക്കാനുള്ള എണ്ണ കരുതല്‍ സംഭരണ ശൃംഖലകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് രാജ്യമിപ്പോള്‍. കര്‍ണ്ണാടകയില്‍ മംഗലാപുരത്ത് 1.5 ദശലക്ഷം ടണ്‍ ശേഷിയും പാദൂരില്‍ 2.5 ദശലക്ഷം ടണ്‍ ശേഷിയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 1.33 ദശലക്ഷം ടണ്‍ ശേഷിയുമുള്ള തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം നിലവില്‍ രാജ്യത്തിനുണ്ട്. ഇറക്കുമതിയില്‍ തടസ്സങ്ങളുണ്ടായാല്‍ 5.33 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ ഇത് സഹായിക്കും. രാജസ്ഥാനിലെ മരുഭൂമി പ്രദേശമായ ബിക്കാനീറില്‍ 5.2 ദശലക്ഷം മുതല്‍ 5.3 ദശലക്ഷം ടണ്‍ വരെ ശേഷിയുള്ള ഒരു പുതിയ കരുതല്‍ ശേഖരവും കര്‍ണാടകയിലെ മംഗലാപുരത്ത് 1.75 ദശലക്ഷം ടണ്‍ ശേഷിയുള്ള കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുമാണ് രാജ്യമിപ്പോള്‍ പദ്ധതിയിടുന്നത്. കൂടാതെ മധ്യപ്രദേശിലെ ബിനയില്‍ മറ്റൊരു കരുതല്‍ കേന്ദ്രവും സൃഷ്ടിക്കുവന്‍ പദ്ധതിയുണ്ടെങ്കിലും അതിന്റ ശേഷി ഇതുവരെ നിശ്ചയിട്ടില്ല. ഇത് 90 ദിവസത്തേയ്ക്കുള്ള എണ്ണ കരുതല്‍ ശേഖരം കൈവരിക്കാന്‍ ഭാരതത്തിന് സഹായകരമാവും. എണ്ണ കമ്പനികളുടെ കൈവശമുള്ളതുള്‍പ്പെടെ ഭാരതത്തിന്റെ നിലവിലെ സംഭരണ ശേഷി 75 ദിവസമാണ്. കൂടാതെ യുഎഇ-സൗദി അടക്കമുള്ള രാജ്യങ്ങളും ഭാരതത്തില്‍ എണ്ണ സംഭരണ-സംസ്‌കരണ ശാലകള്‍ നിര്‍മ്മിക്കാനാവശ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഭാരതത്തിന്റെ വിദേശ എണ്ണ പര്യവേക്ഷണങ്ങളും വിതരണ ശൃംഖലകളും
എണ്ണ ഇറക്കുമതിയ്ക്ക് പകരമായി വിദേശ രാജ്യങ്ങളില്‍ എണ്ണ ഉത്പാദനത്തില്‍ പങ്കാളിയാവാനുള്ള നയതന്ത്ര ശ്രമങ്ങളും ഭാരതം നടത്തുന്നുണ്ട്. അതിനായി വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് ഡോളറുകളാണ് രാജ്യം നിക്ഷേപിക്കുന്നത്. ഭാരതത്തിന്റെ ദേശീയ എണ്ണ കമ്പനിയായ ഒഎന്‍ജിസി വിദേശ് (OLVറഷ്യ, മ്യാന്‍മര്‍, ബ്രസീല്‍, കൊളംബിയ, അസര്‍ബൈജാന്‍ എന്നിവയുള്‍പ്പെടെ 26-ലധികം രാജ്യങ്ങളിലെ വിദേശ പര്യവേക്ഷണ, ഉല്‍പ്പാദന പദ്ധതികളില്‍ സജീവമായി നിക്ഷേപം നടത്തിവരികയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഉത്പാദനത്തിനായി എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഓഹരികള്‍ വിദേശ രാജ്യങ്ങളില്‍ നേടിയെടുക്കുകയെന്നതാണ് ഈ നിക്ഷേപങ്ങളുടെ ലക്ഷ്യം.
കൊളംബിയയിലെ CPO 5 ബ്ലോക്കില്‍ ഒഎല്‍വി നടത്തിയ നിക്ഷേപമാണ് ഒരു പ്രധാന വിജയഗാഥ. സമാനമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ദക്ഷിണ സുഡാനില്‍ എണ്ണ പര്യവേക്ഷണത്തിലും ഉല്‍പാദനത്തിലും ഭാരതം നിക്ഷേപം നടത്തിയിട്ടുണ്ട്. രണ്ട് സംയുക്ത സംരംഭങ്ങളായിട്ടാണ് അവിടെ പ്രവര്‍ത്തനം നടത്തുന്നത്. അതില്‍ ഒരു കമ്പനി മാത്രം നടത്തുന്ന ഉത്പാദനം പ്രതിദിനം ഏകദേശം 55,000 ബാരലാണ്. യുഎഇയിലെ ലോവര്‍ സകം എണ്ണപ്പാടത്തും ഭാരതം നിക്ഷേപം നടത്തിയിട്ടുണ്ട്. ഒവിഎല്ലിന്റെ നേതൃത്വത്തില്‍ 2018 ല്‍ ഈ മേഖലയില്‍ 10 ശതമാനം പങ്കാളിത്ത ഓഹരി ഭാരതം സ്വന്തമാക്കി. ഈ കരാറിന്റെ കാലാവധി 40 വര്‍ഷത്തേക്കാണ്. അംഗോളയിലെ റോവുമ ഓഫ്‌ഷോര്‍ ബ്ലോക്കില്‍ ഒവിഎല്‍ 12 ബില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപം നടത്തിയിരിക്കുന്നതാണ് മറ്റൊരു ഉദാഹരണം. രണ്ട് അനുബന്ധ സ്ഥാപനങ്ങളിലൂടെ ഒവിഎല്ലിന് ബ്ലോക്കില്‍ ആകെ 16% ഓഹരി പങ്കാളിത്തമുണ്ട്. അതിലൊന്നില്‍ ഓയില്‍ ഇന്ത്യയും പങ്കാളിയാണ്.
ഭാരതത്തില്‍ നിന്നുള്ള എണ്ണക്കമ്പനികള്‍ ലിബിയയിലെ എണ്ണ പര്യവേക്ഷണത്തിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ലിബിയയിലെ സിറേനൈക്ക ഓഫ്‌ഷോര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോണ്‍ട്രാക്റ്റ് ഏരിയ 43 ലാണ് ഒവിഎല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതില്‍ 7449 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നാല് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നു.
ഊര്‍ജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിവിധ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനും ഭാരതം കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള എണ്ണ -പ്രകൃതി വാതക പൈപ്പ്‌ലൈനുകള്‍, എണ്ണ സംസ്‌കരണ ശാലകള്‍, വൈദ്യുതി ഗ്രിഡുകള്‍ എന്നിവയുള്‍പ്പെടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഭാരതം മറ്റ് രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ (Strategic Cooperation) ഏര്‍പ്പെടുന്നു. ഈ പങ്കാളിത്തങ്ങള്‍ ഊര്‍ജ്ജ വിഭവങ്ങളുടെ ചരക്ക് നീക്കവും വിതരണവും സുഗമമാക്കുകയും ഊര്‍ജ്ജ സുരക്ഷയും പ്രാദേശിക സംയോജനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്‌ലൈന്‍ (IPI), തുര്‍ക്ക്‌മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്‌ലൈന്‍ (TAPI), മ്യാന്‍മര്‍-ബംഗ്ലാദേശ്-ഇന്ത്യ പൈപ്പ്‌ലൈന്‍ (MBI) തുടങ്ങിയ അന്തര്‍ദ്ദേശീയ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ തുടങ്ങി ഭാരതം ഭാഗമായിട്ടുള്ള നിരവധി പ്രാദേശിക സഹകരണ പദ്ധതികള്‍ നിലവിലുണ്ട്. ഇത് കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി സംയുക്ത വൈദ്യുതി ഉത്പാദനം നടത്തി പ്രാദേശിക ഗ്രിഡുകള്‍ വഴി അവ കൈമാറ്റം ചെയ്യുന്നു. ഭാരതത്തിലെ സ്വകാര്യ കമ്പനികള്‍ക്ക് ഇത്തരം മേഖലകളില്‍ നിക്ഷേപം നടത്താനുള്ള അവസരവും രാജ്യം ഒരുക്കി നല്‍കുന്നുണ്ട്.

പുനരുപയോഗ ഊര്‍ജ്ജ മേഖല-ഒരു ഭാരത വിജയഗാഥ
കല്‍ക്കരി നല്‍കിയ ഊര്‍ജ്ജത്തിന്റെ പിന്‍ബലത്തില്‍ ലോകത്താരംഭിച്ച വ്യവസായ വിപ്ലവമിന്ന് എണ്ണയാല്‍ നയിക്കപ്പെടുമ്പോഴും പരിസ്ഥിതിയ്ക്കും നാളെയ്ക്കുമായുള്ള പുനരുല്പാദന ഊര്‍ജ്ജ വിഭവങ്ങളുടെ ഉല്പാദനത്തിലേക്ക് മനുഷ്യകുലം കടക്കുകയാണ്. കല്‍ക്കരി ക്രൂഡോയില്‍ തുടങ്ങിയ പരമ്പരാഗത ഊര്‍ജ്ജ വിഭവങ്ങള്‍ക്കപ്പുറം സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ വിഭവങ്ങളുടെ ലഭ്യതയ്ക്കായുള്ള നയതന്ത്ര ശ്രമങ്ങള്‍ ലോകരാഷ്ട്രങ്ങളിന്ന് നടത്തുന്നു. ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഭാരതം മുന്നേറിയത് പുനരുപയോഗ ഊര്‍ജ്ജ മേഖലയിലാണ്. ആഭ്യന്തര- അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ള വിവിധ നയങ്ങളുടെ ഭാഗമായി അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഭാരതം ഇക്കാലയളവില്‍ നേടിയത്.
ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടു അടുത്തിടെ ഭാരതമൊരു നേട്ടം കൈവരിക്കുകയുണ്ടായി. 2015 ലെ പാരീസ് കരാറിന്റെ ഭാഗമായി ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകള്‍ക്ക് (NDC) കീഴില്‍ 2030 ഓട് കൂടി ഭാരതത്തിലെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിന്നായിരിക്കണമെന്ന ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പേ തന്നെ രാജ്യം നേടി. രാജ്യത്തെ 484.8 ജിഗാവാട്ട് സ്ഥാപിത വൈദ്യുതി ശേഷിയില്‍ 242.8 ജിഗാവാട്ട് വൈദ്യുതി ഉല്പാദനത്തില്‍ എത്തിയപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര വേദികളിലെ ഭാരതത്തിന്റെ പ്രതിബദ്ധത കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ അധിഷ്ഠിത വൈദ്യുതി ഉല്പാദനം നടത്തുമെന്ന ലക്ഷ്യമാണ് രാജ്യമിപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ശുദ്ധമായ ഊര്‍ജ്ജ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. രാജ്യത്തെ സൗരോര്‍ജ്ജ സ്ഥാപിത ശേഷി 2014 മാര്‍ച്ച് 31-ന് 2.82 GW ആയിരുന്നത് 2025 ജൂണ്‍ 3-ന് 107.9 GW ആയി. 2014 മാര്‍ച്ചില്‍ 21.04 GW ആയിരുന്ന കാറ്റാടി ഊര്‍ജ്ജ ശേഷി 2025 ജൂണ്‍ 3 ആയപ്പോഴേക്കും 51.05 ജിഗാ വാള്‍ട്ട് ആയി വര്‍ദ്ധിച്ചു. 2030 ആകുമ്പോഴേക്കും 140 ജിഗാ വാള്‍ട്ട് വൈദ്യുതി ഉത്പാദനം കൈവരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2014 മുതല്‍ രാജ്യത്തെ ആണവോര്‍ജ്ജ ശേഷിയും വര്‍ദ്ധിച്ചു. 2014 ലെ 4.78GWല്‍ നിന്നും 2025 ജൂണ്‍ 3 ന് അത് 8.78GW ആയി ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശേഷി വര്‍ദ്ധനവാണ് ഭാരതം കൈവരിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 29.52 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തതോടെ രാജ്യത്തെ മുഴുവന്‍ സ്ഥാപിത ശേഷി 223.6 GW ആയി വര്‍ദ്ധിച്ചു.

പുനരൂപയോഗ ഊര്‍ജ്ജ മേഖയിലെ ഭാരത നയതന്ത്രം
ലോകത്തെതന്നെ പുനരുപയോഗ ഊര്‍ജ്ജ രംഗത്തേയ്ക്ക് നയിക്കാനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കി നിരവധി അന്താരാഷ്ട്ര പദ്ധതികള്‍ക്കും ഭാരതം നേതൃത്വം നല്‍കുന്നുണ്ട്. 2016 ല്‍ 160 ഓളം രാജ്യങ്ങളെ അംഗങ്ങളാക്കി ഫ്രാന്‍സുമായി ചേര്‍ന്ന് ഭാരതം രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ഒരു പ്രധാന ഉദാഹരണമാണ്. സാങ്കേതികവിദ്യ കൈമാറ്റം, നിക്ഷേപങ്ങളിലൂടെ രാജ്യങ്ങള്‍ക്കിടയില്‍ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംഖ്യത്തിന്റെ ലക്ഷ്യം. ശുദ്ധമായ ഹൈഡ്രജന്‍ ഉല്പാദനത്തിനായി ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയിലും ഭാരതം മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 2023 ല്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ ന്യൂദല്‍ഹിയില്‍ നടത്തിയ ജി-20 സമ്മേളനത്തില്‍ രൂപം നല്‍കിയ ആഗോള ജൈവ ഇന്ധന സഖ്യം (Global Biofuel Alliance) ആഗോളതലത്തില്‍ ജൈവ ഇന്ധന ഉല്പാദനത്തിന് പ്രോത്സാഹനം നല്‍കുന്നു. പരിസ്ഥിതി മേഖലയിലെ ഭാരതത്തിന്റെ കഴിഞ്ഞ കാലയളവിലെ സംഭാവനകള്‍ പരിഗണിച്ചാണ് 2018 ല്‍ ഐക്യരാഷ്ട്രസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്‌കാരം സമ്മാനിച്ചത്.
2021-ല്‍ സ്‌കോട്ട്‌ലന്റില്‍ നടന്ന പരിസ്ഥിതി സമ്മേളനമായ COP-26 ല്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോടും പരിസ്ഥിതിയോടുമുള്ള ഭാരതത്തിന്റെ പുരാതന കാലം മുതലുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ‘പഞ്ചാമൃത’മെന്ന പേരില്‍ അഞ്ചു ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളല്ലാതെ ഭാരതത്തിലെ ഊര്‍ജ്ജോല്പാദനം 500 ജിഗാവാട്ടായി ഉയര്‍ത്തുകയെന്നതാണ് ആദ്യ ലക്ഷ്യമായി അദ്ദേഹം പ്രഖ്യാപിച്ചത്. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങളില്‍ 50% പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് നിറവേറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അഞ്ച് വര്‍ഷം മുന്‍പ് 2025 ല്‍ തന്നെ ഭാരതം ആ ലക്ഷ്യം നേടുകയും ചെയ്തു. 2030 ആകുമ്പോഴേക്കും രാജ്യം പുറന്തള്ളുന്ന മൊത്തം കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കുമെന്നും കൂടാതെ 2030 ആകുമ്പോഴേക്കും സമ്പദ്‌വ്യവസ്ഥയുടെ കാര്‍ബണ്‍ തീവ്രത 45% ല്‍ താഴെയായി കുറയ്ക്കുമെന്നും ലക്ഷ്യങ്ങളായി അദ്ദേഹം പ്രഖ്യാപിച്ചു. 2070 ആകുമ്പോഴേക്കും ഭാരതം കാര്‍ബണ്‍ ന്യൂട്രല്‍ ആകുകയും നെറ്റ് സീറോ എമിഷന്‍ കൈവരിക്കുകയും പൂര്‍ണ്ണമായി പുനരുപയോഗ മാര്‍ഗ്ഗങ്ങളിലൂടെ വൈദ്യുതി ഉല്‍പാദനവും വ്യവസയവും മറ്റ് മേഖലകളും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ 2028 ലെ COP-33 പരിസ്ഥിതി സമ്മേളനത്തിന് വേദിയാവാനുള്ള അവസരവും ഭാരതത്തിന് ലഭിച്ചു.

ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര രാഷ്ട്രീയം വീണ്ടും കലുഷിതമായിരിക്കുകയാണ്. റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് അമേരിക്കയും യൂറോപ്പുമടങ്ങുന്ന പാശ്ചാത്യ ലോകത്തെ വിളറിപിടിപ്പിച്ചിരിക്കുന്നത്. 2022 മുതല്‍ ഭാരതം റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് വിറ്റിരുന്ന എണ്ണയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുറത്തെടുക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളെ തള്ളിക്കളയുകയാണ് ഭാരതം. ഇതിന് പകരമായി ഭാരതത്തില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് 50 % ഇറക്കുമതി ചുങ്കം ചുമത്തുകയും പിഴ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും എല്ലാ ഭീഷണികളെയും അവഗണിച്ചുകൊണ്ട് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഭാരതം തുടരുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ ദിവസവും 1.75 മില്യണ്‍ ബാരലല്‍ റഷ്യന്‍ എണ്ണയാണ് ഭാരതം ഇറക്കുമതി ചെയ്യുന്നത്. ഭീഷണിയ്ക്ക് വഴങ്ങി എണ്ണ ഇറക്കുമതി കുറച്ചാല്‍ വര്‍ഷം 9-11 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ട്ടമാണ് ഭാരതത്തിനുണ്ടാകുക. അതുകൊണ്ടു തന്നെ ദേശീയ താത്പര്യം സംരക്ഷിച്ചുകൊണ്ട് സഹകരണത്തിന്റെ നയതന്ത്രം മാത്രമല്ല പരുഷമായ നയവും സ്വീകരിക്കാനാവുമെന്ന് ഭാരതം തെളിയിച്ചു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ആഗസ്റ്റ് നാലാം തീയതി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ്. അതില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ആവശ്യങ്ങളെ തള്ളിക്കളയുക മാത്രമല്ല അവരുടെ ഇരട്ടത്താപ്പുകളെ തുറന്നു കാട്ടാനും രാജ്യം തയ്യാറായി.

ചുരുക്കത്തില്‍, ഊര്‍ജ്ജ സുരക്ഷയും പരിസ്ഥിതി സൗഹൃദമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ട് ഭാരതം സ്വീകരിച്ച ഊര്‍ജ്ജ നയതന്ത്ര പാത രാജ്യത്തിന്റെയും ലോകത്തിന്റെയും വിപുലമായ സാമ്പത്തിക വളര്‍ച്ചക്കും അന്താരാഷ്ട്ര സ്വാധീനത്തിനും അടിത്തറയിടുന്നതാണ്. പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് നേടിയ കുതിപ്പും, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, മധ്യേഷ്യ തുടങ്ങിയ വിഭവസമ്പന്നമായ മേഖലയിലേക്ക് ഊര്‍ജ്ജ-കേന്ദ്രിത വിദേശനയം വ്യാപിപ്പിച്ചതും പ്രധാനമന്ത്രി മോദിയുടെ ഒരു ദശാബ്ദ കാലത്തെ വിദേശയാത്രകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. കല്‍ക്കരി, എണ്ണ എന്നിവയെ ആശ്രയിച്ചിരുന്ന പരമ്പരാഗത ഉപഭോഗ മാതൃകയില്‍ നിന്ന് ധാതുക്കളിലും, പ്രകൃതി വാതകം, ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകളിലുമുള്ള നിക്ഷേപങ്ങളിലേക്കുള്ള നീക്കം, ഭാവിയിലേക്കുള്ള ഊര്‍ജ്ജ-സുരക്ഷിത, പരിസ്ഥിതി-ബോധപരമായ ആഗോള ശക്തിയാക്കി ഭാരതത്തെ മാറ്റുന്ന സാഹചര്യത്തിലേക്കാണിപ്പോള്‍ നയിക്കുന്നത്.






















