പാണ്ഡവരുടെ പുതിയ രാജധാനി കാണാന്‍ വന്ന് സ്ഥലജല ഭ്രാന്തിയില്‍ പെട്ട കൗരവന്മാരെപ്പോലെയാണ് കേരളത്തിലെ സി.പി.ഐയുടെ സ്ഥിതി. തങ്ങള്‍ ഇടതുമുന്നണിയിലാണോ പുറത്താണോ എന്നു തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങുകയാണ് ആ പാര്‍ട്ടിയുടെ അണികള്‍. പ്രതിപക്ഷത്തെ ബി.ജെ.പിയും കോണ്‍ഗ്രസ്സും വിമര്‍ശിക്കുന്നതിലും രൂക്ഷമായാണ് ജില്ലാ സമ്മേളന റിപ്പോര്‍ട്ടുകളില്‍ ഇടതുഭരണത്തെ വിമര്‍ശിക്കുന്നത്. സി.പി.ഐയുടെ നാലു മന്ത്രിമാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാണെന്നും തുടങ്ങി മുഖ്യമന്തി വിജയന്‍ സഖാവിനെ വരെ തോണ്ടിയിട്ടുണ്ട് ചില സമ്മേളന പ്രതിനിധികള്‍. കോട്ടയത്തും ഇടുക്കിയിലും അവര്‍ ചട്ടിയിലിട്ട് വറുത്തെടുത്തത് കേരള കോണ്‍ഗ്രസ്സിനെയാണ്. മാണി കേരള കോണ്‍ഗ്രസ്സിന് ഇടുക്കിയില്‍ ചില പോക്കറ്റുകളിലേ സ്വാധീനമുള്ളു എന്നും ഇടതുമുന്നണിയില്‍ അര്‍ഹതപ്പെട്ടതിലധികം സ്വാധീനം കയ്യടക്കിയിട്ടുണ്ടെന്നും ആ പാര്‍ട്ടിയുടെ നേതാക്കളല്ലാതെ അണികള്‍ യു.ഡി.എഫില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി ജില്ലാസമേളനത്തിലെ പരാതിയുടെ ബാക്കിയാണ് കോട്ടയം സമ്മേളന റിപ്പോര്‍ട്ടില്‍ കണ്ടത്. കോട്ടയത്ത് കൊച്ചുമാണിയുടെ പാര്‍ട്ടിക്ക് ഒരു സ്വാധീനവുമില്ലെന്നും അവരുടെ ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും വരെ മുന്നണി വളരെ പുറകിലായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.പി.ഐക്ക് തെക്കന്‍ ജില്ലകളിലേ എന്തെങ്കിലും വേരുള്ളുവെങ്കിലും തങ്ങളാണ് മുന്നണിയിലെ രണ്ടാം കക്ഷി എന്ന അവരുടെ ഭാവമാണ് കൊച്ചുമാണി ഗ്രൂപ്പുകാരുടെ വരവോടെ നിഷ്പ്രഭമായത്. അതിന്റെ അമര്‍ഷം അവര്‍ക്ക് കാര്യമായുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കോട്ടയം ലോകസഭാ സീറ്റില്‍ വൈക്കം മണ്ഡലത്തില്‍ മാത്രമേ മേല്‍ക്കയ്യ് കിട്ടിയുള്ളൂ എന്നും അതിനു കാരണം സി.പി.ഐയുടെ വോട്ടാണ് എന്നുമാണ് കോട്ടയം ജില്ലാസമേളനത്തിലെ അവകാശ വാദം. അത് മാണി കേരള കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എന്നാല്‍ സി.പി.എം ഈ ബഹളങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ല. വല്ലാതെ തലവേദനയാകുമ്പോള്‍ ഒന്ന് ചെവിക്കുപിടിച്ചാല്‍ സി.പി.ഐ നേതൃത്വം വായടയ്ക്കും. ചായക്കോപ്പയിലെ കൊടുങ്കാറ്റ് കെട്ടടങ്ങും. പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവര്‍ക്ക് പിച്ചും പേയും കൂടുന്നത് സ്വാഭാവികമാണ് എന്നും വലിയേട്ടനറിയാം. ഇപ്പോള്‍ സ്ഥിതി പഴയതല്ല. ഇടതുമുന്നണി കപ്പല്‍ മുങ്ങുകയാണ്, ജനം അതിനെ കൈവിട്ടിരിക്കുന്നു. ഞാഞ്ഞൂലിനും വിഷം വെക്കുന്ന സമയമായോ എന്നറിയാന്‍ ഗോവിന്ദന്‍ സഖാവ് തളിപ്പറമ്പിലെ പ്രശസ്ത ജ്യോത്സ്യന്‍ മാധവപൊതുവാളെ കണ്ട് ഒരു മണിക്കൂര്‍ കവടി നിരത്തി പരിഹാരം തേടിയിട്ടുണ്ടെങ്കിലും സി.പി.ഐക്ക് അതില്‍ വിശ്വാസം പോര. കാര്യങ്ങള്‍ വഷളായ സ്ഥിതിക്ക് ഇടത് മുന്നണിയില്‍ നിന്ന് ആദ്യം പുറത്തു ചാടുന്ന എലി സി.പി.ഐയോ കൊച്ചുമാണിയോ എന്നാണ് കണ്ടറിയേണ്ടത്.





















