അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ഒരു രാഷ്ട്രീയ വ്യക്തിത്വമാണ് ചേറ്റൂര്‍ ശങ്കരന്‍ നായരുടേത്. ഭാരതീയ സംസ്‌കാരത്തില്‍ ആഴത്തില്‍ അവഗാഹമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു നിയമജ്ഞനും പ്രഗത്ഭ ഭരണാധികാരിയും നിഷ്പക്ഷ രാഷ്ട്രീയമതിയുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍നായര്‍. സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടിയതിനു ശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്. കഷ്ടിച്ച് ഒന്‍പതു വയസ്സുള്ളപ്പോള്‍ അമരകോശവും, സിദ്ധരൂപവും സ്വായത്തമാക്കി. സംസ്‌കൃതഭാഷയും അതിന്റെ വ്യാകരണസവിശേഷതയും വശത്തായതു കാരണം ഭാരതീയ പൈതൃകഗ്രന്ഥങ്ങള്‍ വായിക്കുവാനും ഗ്രഹിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ഭാരതീയതയുടെ ഉറപ്പുള്ള ആരൂഢത്തില്‍ നിന്നാണ്, അദ്ദേഹം അനിതരസാധാരണമായ നിയമജ്ഞതയുടെ കൊടിയേറ്റം കുറിച്ചത്. മാത്രമല്ല ഇദ്ദേഹത്തിലൂടെ, ക്രിസ്തുവിനും രണ്ടു സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് ഉണ്ടായിരുന്ന ഭാരതീയ ധര്‍മ്മശാസ്ത്രങ്ങളുടെ അപ്രമാദിത്യത്തിനു മുന്നില്‍, റോമന്‍ പാരമ്പര്യം പേറുന്ന പാശ്ചാത്യനിയമസംഹിതകള്‍ പ്രായേണ ദുര്‍ബ്ബലമാണെന്നു കൂടി തെളിയിക്കപ്പെട്ടു. അതുകൊണ്ട് നിയമജ്ഞന്‍ എന്ന നിലയ്ക്ക് പാശ്ചാത്യരായ ആദിവക്താക്കള്‍ക്കുമേല്‍ അദ്ദേഹത്തിന് ഒരു മേല്‍ക്കൈ നേടാനായി. ആധുനിക വിദ്യാഭ്യാസം നേടിയ ഭാരതീയരായ ഉദ്യോഗസ്ഥപ്രഭൃതികള്‍ക്ക് ഭാരതീയ പാരമ്പര്യത്തില്‍ അപകര്‍ഷതാബോധം ഉണ്ടായിരുന്നു. എന്നാല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിച്ചിരുന്നു. അത് തൊലിയുടെ നിറത്തില്‍ ഗര്‍വ്വിഷ്ഠരായ വെള്ളക്കാരോട് തുറന്നുപറയുവാനും മടിച്ചിരുന്നില്ല. ലളിതമായ ഭക്ഷണരീതികളും യോഗാസനമുറകളും നല്ല ആരോഗ്യവും ചുറുചുറുക്കും പ്രായപരിധിക്കതീതമായി നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
1857 മെയ് 8-ാം തീയതിയാണ് മീററ്റിലെ പട്ടാളക്കാര്‍ അവരുടെ വെള്ളക്കാരായ മേലധികാരികളെ വധിച്ച് ദില്ലിയിലേക്ക് കുതിച്ചത്. ശിപായിലഹളയെന്നു പുച്ഛിച്ചു തള്ളിയ ഈ കലാപം വാസ്തവത്തില്‍ സംഘടിതവും വ്യാപകവുമായ ഒന്നാം സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. കലാപകാരികള്‍ക്ക്, ഇന്നലെകളിലെ ഭാരതീയപ്രതാപത്തിന്റെ പ്രതീകമായ ചക്രവര്‍ത്തിയെ പുനഃപ്രതിഷ്ഠിക്കുക എന്നൊരു ദൗത്യം കൂടി ഉണ്ടായിരുന്നു. അതു സൂചിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയബോധംതന്നെയാണ്. അതുകൊണ്ട് അതു കേവലം ഒരു കലാപമായിരുന്നില്ല. സ്വാതന്ത്ര്യസമരം തുടങ്ങി രണ്ടു മാസങ്ങള്‍ക്കുള്ളില്‍, അതായത്, ജൂലായ് 11, 1857-ലാണ് ശങ്കരന്‍ നായരുടെ ജനനം.
ദേശാഭിമാനവും സ്വാതന്ത്ര്യമോഹവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും നിഴലിച്ചത് അതുകൊണ്ടായിരിക്കാം. ആ കാലഘട്ടത്തിലെ മുന്തിയ തറവാടുകളിലൊന്നായിരുന്നു ഒറ്റപ്പാലം താലൂക്കിലെ മങ്കരദേശത്തെ ചേറ്റൂര്‍. അച്ഛന്‍ തഹസില്‍ദാര്‍ ആയിരുന്നു. അഞ്ചു വയസ്സുവരെ ശങ്കരന്‍ സംസാരിക്കുമായിരുന്നില്ല. അതുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് സംസ്‌കൃതം പഠിക്കുവാന്‍ തുടങ്ങിയത്. സംസ്‌കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്കു ശേഷം ഒമ്പതു വയസ്സുള്ളപ്പോള്‍ അങ്ങാടിപ്പുറത്ത് ഇംഗ്ലീഷ് സ്‌കൂളിലും, അച്ഛന് സ്ഥലം മാറ്റമായപ്പോള്‍ കണ്ണൂരിലും, പിന്നീട് കോഴിക്കോട്ടും പഠിച്ചു. ബുദ്ധിശാലിയായ ശങ്കരന്‍ എപ്പോഴും പഠനത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു. അദ്ദേഹം പഠിച്ച കോഴിക്കോട്ടെ സ്‌കൂളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ പേര് ഫലകത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മദിരാശിയിലാണ് അദ്ദേഹം ബിരുദത്തിനും നിയമബിരുദത്തിനും പഠിച്ചത്. സിവില്‍ ജൂറിസ്പ്രൂഡന്‍സിലും ഹിന്ദുനിയമത്തിലും നൂറില്‍ നൂറു മാര്‍ക്കു വാങ്ങിയത് ഒരു റിക്കാര്‍ഡു തന്നെയാണ്.
സര്‍ ഹോറോഷിയോ ഷേഫോര്‍ഡിന്റെ ജൂനിയര്‍ ആയിട്ടായിരുന്നു ശങ്കരന്‍ നായര്‍ വക്കീല്‍പ്പണി ആരംഭിച്ചത്. പിന്നീട് മുന്‍സിഫ് ആയെങ്കിലും, അതുവേണ്ടെന്നുവെച്ച് ബാറില്‍ തിരിച്ചുചെന്നു. മദിരാശി പ്രൊവിന്‍സിന്റെ അഡ്വക്കേറ്റ് ജനറലായി. അതിനുശേഷം യാഥാസ്ഥിതികരായ ബ്രിട്ടീഷ് ബാരിസ്റ്റര്‍മാരെയൊക്കെ ഞെട്ടിച്ച് ശങ്കരന്‍ നായര്‍ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായി. 1893-ല്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഗവര്‍ണ്ണറെ സഹായിക്കുവാനുള്ള കൗണ്‍സില്‍ അംഗമായി. 1915 നവംബര്‍ 2-നു ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് മെമ്പറായി. ഭാരതത്തിലെ സര്‍വ്വകലാശാലകള്‍ ഇന്ന് അനുഭവിക്കുന്ന സ്വയംഭരണ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ സംഭാവനയാണ്. ബ്രിട്ടീഷ് ഭരണാധികാരികളുടെ എതിര്‍പ്പിനെ മറികടന്നാണ് ശങ്കരന്‍നായര്‍ ഇതു നേടിയെടുത്തത്. ബനാറസ് സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ അനുവാദം കൊടുത്തതും ശങ്കരന്‍ നായര്‍ അധികാരത്തില്‍ തുടരുമ്പോഴായിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സ്ഥാനം ത്യജിക്കുകയാണുണ്ടായത്.
ഇരുപതാംനൂറ്റാണ്ടിന്റെ മൂന്നാംദശകത്തോടെ ഭാരതീയരുടെ അനിഷേധ്യനേതാവായി ഗാന്ധിജി അവരോധിക്കപ്പെട്ടു. ഗാന്ധിജിയുടെ വ്യക്തിത്വം കാഴ്ചപ്പുറത്ത് ലളിതമാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അതിശക്തമായിരുന്നു. ഗാന്ധിജി ലണ്ടനില്‍നിന്നു പരിശീലനം നേടിയ ബാരിസ്റ്ററും അഹിംസാവാദിയും ആയിരുന്നുവെങ്കിലും, ഫലത്തില്‍ അന്നത്തെ രാഷ്ട്രീയക്കളരിയിലെ അരാജകത്വവാദിയായിരുന്നു. അസാധാരണമായ ഈ രീതി അന്നത്തെ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുമായിരുന്നു. ഗാന്ധിജിക്ക് സമരമുറകള്‍ ഭരണഘടനപ്രകാരമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. അതിന് ധര്‍മ്മത്തിന്റെ പരിവേഷം മാത്രമുണ്ടായാല്‍ മതി. ധാര്‍മ്മികബോധം വ്യക്തിഗതമായതുകൊണ്ട് വ്യത്യസ്തമായിരിക്കുമല്ലോ. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ നേരെ വിപരീതമായിരുന്നു. നിയമജ്ഞനായ ശങ്കരന്‍നായര്‍ നിയമം അനുസരിക്കുന്ന കാര്യത്തില്‍ കണിശക്കാരനായിരുന്നു. അതുകൊണ്ട് ശങ്കരന്‍നായര്‍ ഗാന്ധിജിയുടെ കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞു. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനമായിരുന്നു പ്രത്യക്ഷകാരണം.
നിയമപരിജ്ഞാനവും ആദര്‍ശവും
ആത്മാഭിമാനമുള്ള ഭാരതീയനായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ വംശീയമായ ധാര്‍ഷ്ട്യം അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നിയമവിദ്യാര്‍ത്ഥിയായിരിക്കെ, അസാധാരണ ബുദ്ധിശക്തി കാരണം ഇദ്ദേഹം അദ്ധ്യാപകരുടെ പ്രിയങ്കരനായിരുന്നു. ജസ്റ്റിസ് ഹോളോവി എന്ന ഒരു പ്രൊഫസ്സര്‍, മറ്റൊരു വംശത്തിനു കീഴടങ്ങാത്ത ഒരേ ഒരു വംശം ഇംഗ്ലീഷുകാരുടേതാണെന്നു വീമ്പിളക്കി. ഉരുളക്കുപ്പേരിപോലെ ശങ്കരന്‍ നായര്‍ പ്രതികരിച്ചു. ഇതുശരിയല്ല, ഈ ബഹുമാനം ഞങ്ങള്‍ നായന്മാര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. ഉദാഹരണത്തിന്, പാശ്ചാത്യരായിരുന്ന പോര്‍ച്ചുഗീസുകാരെ ഞങ്ങള്‍ തോല്‍പ്പിച്ചിട്ടുണ്ട് എന്നും വാദിച്ചു.
ഫ്രഞ്ച് ചരിത്രകാരന്‍ അവകാശപ്പെടുന്നത്, ഫ്രഞ്ച്‌നോര്‍മ്മന്‍ രാജാക്കന്മാരില്‍ നിന്ന് ഇംഗ്ലീഷ് രാഷ്ട്രം, മറ്റേതൊരു രാഷ്ട്രവും അഭിമുഖീകരിക്കാത്ത കനത്ത പരാജയം ഏറ്റുവാങ്ങി, അക്രമികളുടെ അടിമകളായി എന്നാണ്. പ്രൊഫസറുടെ വാദം ഫ്രഞ്ച് ചരിത്രകാരന്‍ അറിവില്ലാത്തവനായിരുന്നു, കാരണം, നോര്‍മ്മന്‍കാരും സാക്‌സണ്‍ വംശജരും ഒരേ ഗോത്രക്കാരായിരുന്നുവല്ലോ എന്നായിരുന്നു. ഇതിനു നായരുടെ പ്രതികരണം, അങ്ങനെയാണെങ്കില്‍ നമ്മളെല്ലാവരും ഒരേ നരവംശത്തില്‍ ഉള്‍പ്പെട്ടവരാണല്ലോ എന്നായിരുന്നു. നരവംശശാസ്ത്രം ഇന്‍ഡോ-യൂറോപ്യന്‍ ജനതയെ ഒരേവംശത്തിലാണ് ഉള്‍പ്പെടുത്തുന്നത്. പക്ഷെ, പ്രൊഫസര്‍, നായര്‍ അഹങ്കാരിയും ദുര്‍ബുദ്ധിയുള്ളവനുമാണെന്ന് പ്രതികരിച്ചു. വിദ്യാര്‍ത്ഥി മാത്രമായിരുന്നുവെങ്കിലും ശങ്കരന്‍ നായര്‍ ചരിത്രപരമായി വളരെ ശരിയായിരുന്നു. നായര്‍പട, മൈസൂര്‍ പടയോട്ടക്കാലത്ത്, മുഹമ്മദീയരുടെ കൂറുമാറ്റം കാരണം പരാജയപ്പെട്ടു. പക്ഷേ അവര്‍ തന്നെ കമ്പനിപ്പട്ടാളത്തിന്റെ നേതൃത്വത്തില്‍ മൈസൂര്‍പടയെ ഓടിച്ചു- മൈസൂര്‍ പട്ടാളം ഒടുവില്‍ പാലക്കാട് കോട്ടവരെ നിര്‍ത്താതെ ഓടി. യൂറോപ്യന്‍ ശക്തിയായ ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ പരാജയപ്പെടുത്തിയിരുന്നു. ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമായ ആത്മാഭിമാനം അദ്ദേഹത്തെ അന്നത്തെ കോണ്‍ഗ്രസ്സുകാരില്‍നിന്നും വ്യത്യസ്തനാക്കി. അതുകൊണ്ടുതന്നെ വെള്ളക്കാരുടേയും ആംഗ്ലോ ഇന്ത്യക്കാരുടേയും ശത്രുവുമായി.
കോളനി ഭരണകര്‍ത്താക്കളുമായി ഏറ്റുമുട്ടല്‍
പാശ്ചാത്യരും ആംഗ്ലോ ഇന്ത്യക്കാരും ഭരണസിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിയിരുന്നു. പല നിയമവ്യവസ്ഥകളും അവര്‍ക്ക് അനുകൂലമായിരുന്നു. പ്രധാനമായും അന്നത്തെ നിയമമനുസരിച്ച് ക്രിമിനല്‍കേസുകളില്‍ ഭാരതീയരായ ജഡ്ജിമാര്‍ക്ക് ഇവരെ വിചാരണ ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് നീതിയല്ലാത്തതുകൊണ്ട് അന്നത്തെ വൈസ്രോയി റിപ്പണ്‍പ്രഭു നിയമനിര്‍മ്മാണത്തിന് തുനിഞ്ഞു. ബില്ല്, ഐബേര്‍ട്ട് എന്ന ഒരു നിയമജ്ഞനായിരുന്നു എഴുതിയത്. അതുകൊണ്ട് ഇത് ഐബേര്‍ട്ട്ബില്‍ എന്ന പേരില്‍ അറിയപ്പെട്ടു.
വെള്ളക്കാരും ആംഗ്ലോ-ഇന്ത്യക്കാരും കുപിതരായി. വൈസ്രോയിയെ തട്ടിക്കൊണ്ടുപോയി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഏതെങ്കിലും കപ്പലില്‍ കേറ്റിവിടാനായിരുന്നു പ്ലാന്‍. പക്ഷേ നിയമജ്ഞരുടേയും നാട്ടുകാരുടേയും ഇടപെടല്‍ കാരണം അതു നടന്നില്ല. ആ ബില്ലു നിയമവുമായില്ല. എന്നിരുന്നാലും, ശങ്കരന്‍ നായര്‍ തങ്ങളുടെ ആജന്മശത്രുവെന്ന് ഈ താപ്പാനകള്‍ തീര്‍ച്ചപ്പെടുത്തി. അതുകൊണ്ട് അവസാനത്തെ അങ്കംവരെ, അതായത് മൈക്കിള്‍ ഒ ഡയറിന്റെ മാനനഷ്ടകേസുവരെ, ഈ ശത്രുത തുടര്‍ന്നു. ആയിടെയാണ് പബ്ലിക്‌പ്രോസിക്യൂട്ടര്‍ ആന്റ് അഡ്‌വൊക്കേറ്റ് ജനറലിന്റെ ഒഴിവിലേക്ക് ശങ്കരന്‍ നായര്‍ പരിഗണിക്കപ്പെട്ടത്. വിവരം അറിഞ്ഞ വെള്ളക്കാരുടെ ലോബി, സര്‍ക്കാരുമായി വിവരം പങ്കുവെക്കുന്ന ഈ തസ്തികയില്‍ ഒരു ഭാരതീയനെ നിയമിക്കരുത് എന്ന് ഗവര്‍ണ്ണര്‍ക്കെഴുതി. ഗവര്‍ണര്‍, ജസ്റ്റിസ് സര്‍ ആര്‍തര്‍ കോളിന്‍സ് എന്ന ന്യായാധിപന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം തനിക്ക് ഒരു ഭാരതീയനെ ഈ തസ്തികയിലേക്ക് നിയമിക്കുന്നതില്‍ അഭിപ്രായം ഒന്നും പറയാനില്ലെങ്കിലും സര്‍ക്കാരിന്, നായരെ വിശ്വസിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹത്തെ നിയമിക്കാതിരിക്കുന്നതിന് കാരണം ഒന്നും ഇല്ല എന്നും വ്യക്തമാക്കി (ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആത്മകഥ, പേജ് 35).
ഈ നിയമനത്തിനു കുറച്ചുദിവസം മുമ്പേ ശങ്കരന്‍ നായര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണര്‍, അഡ്‌വൊക്കെറ്റ് ജനറല്‍ തസ്തികയിലേക്ക് പരിഗണിക്കേണ്ടതിലേക്ക് ശങ്കരന്‍നായരുടെ അഭിപ്രായം ആരാഞ്ഞു. അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം തന്നെ നിയമിക്കണമെന്ന് നായര്‍ മറുപടികൊടുത്തു. സ്വന്തം താല്പര്യത്തിനുവേണ്ടി വാദിക്കുന്നതിന്റെ ഔചിത്യം ചോദിച്ചപ്പോള്‍ നായര്‍ വിശദീകരിച്ചു: ഈ നിയമനത്തിന് എന്റെ സീനിയര്‍മാര്‍ പ്രായാധിക്യം കാരണം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. എന്റെ ജൂനിയര്‍മാരുടെ കാര്യമാണെങ്കില്‍ എന്നെ മറികടക്കാനുള്ള കാരണമൊന്നുമില്ല”(ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആത്മകഥ, പേജ് 35). വ്യക്തതയോടെ തന്റെ അഭിപ്രായം തുറന്നുപറയാന്‍ ധൈര്യമുള്ള ഒരു നിയമജ്ഞനായിരുന്നു ശങ്കരന്‍നായര്‍. പാശ്ചാത്യരായ ഇവിടുത്തെ ഉദ്യോഗസ്ഥ പ്രഭൃതികള്‍ക്കും, ആംഗ്ലോ-ഇന്ത്യക്കാര്‍ക്കും അദ്ദേഹം അനഭിമതനായിരുന്നു. അവര്‍ അതുകൊണ്ട് തുടക്കംമുതല്‍ക്കുതന്നെ ശങ്കരന്‍നായരെ ആക്രമിക്കുവാന്‍ കോപ്പു കൂട്ടുകയായിരുന്നു. മൈക്കിള്‍ ഒ ഡയര്‍ പ്രഭുവിന്റെ മാനനഷ്ടക്കേസ് അവര്‍ക്ക് നല്ലൊരു അവസരം ഉണ്ടാക്കിക്കൊടുത്തു. അവര്‍ അത് ശരിക്കുപയോഗിക്കുകയും ചെയ്തു. ഡയര്‍ പ്രഭു വെളുത്ത വര്‍ഗ്ഗക്കാരന്റെ ധാര്‍ഷ്ട്യത്തിന്റേയും ഭാരതീയരോടുള്ള അവമതിപ്പിന്റേയും പ്രതീകമാണ്. മറിച്ച്, ശങ്കരന്‍നായര്‍ ആത്മാഭിമാനമുള്ള ഭാരതീയരുടെ നിലപാടിന് ഒരുദാഹരണമാണ്.
കോണ്‍ഗ്രസ്സും രാഷ്ട്രീയവീക്ഷണവും
1897-ലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ശങ്കരന്‍നായരായിരുന്നു സര്‍വ്വസമ്മതനായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രത്തിന് വളരെ മോശം സമയമായിരുന്നു അത്. പൂനെ, പ്ലേഗിന്റെ പിടിയിലായിരുന്നു. അതുകൊണ്ട് സമ്മേളനം അമരാവതിയിലാക്കി. രാഷ്ട്രം ഒന്നടങ്കം വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ശങ്കരന്‍നായര്‍ ഈ രണ്ടു ദുരന്തങ്ങളേയും നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇടക്കിടെ വരള്‍ച്ച ഭാരതത്തില്‍ പതിവായിരിക്കുന്നു. 1877ലും ഈ വര്‍ഷവും ജീവനാശം വളരെ വലുതാണ്. ഓരോ വരള്‍ച്ചയും ജനതയുടെ, പ്രത്യേകിച്ച് കര്‍ഷകരുടെ, ചെറുത്തുനില്‍പ്പിനു ക്ഷതമേല്‍പ്പിക്കുന്നു. ഈ സ്ഥിതി എന്നേക്കും തുടരണമോ? ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശമില്ലേ? പ്രത്യേകിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടത് ജനതയെ സഹായിക്കുവാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്തൊക്കെ പരിപാടികളാണ് ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി സ്വീകരിക്കുന്നത്? ഇത്രയും ഫലഭൂയിഷ്ഠമായ രാജ്യത്ത്, കാലാവസ്ഥയുടെയും കൃഷിയുടെയും വൈവിദ്ധ്യവും കര്‍ഷകരുടെ പ്രവര്‍ത്തനക്ഷമതയും കണക്കിലെടുത്താല്‍ ഇവിടുത്തെ ഉല്പാദനം, ഇവിടത്തുകാരുടെ പോഷണത്തിനുതന്നെ തികയുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഭരണാധികാരികളുടെ ഇടപെടല്‍ നീതിയുക്തമല്ലെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുമാണ്. മാത്രമല്ല കൃഷിക്കുവേണ്ട മൂലധനത്തെ ഭയപ്പെടുത്തി ഓടിക്കുന്നതു തന്നെയാണ് കാരണം. ഇതൊക്കെ ജനസംഖ്യ വര്‍ദ്ധനവുകൊണ്ടാണെന്ന സര്‍ക്കാരിന്റെ വിശദീകരണം, കാലാകാലമായി ഭരണാധികാരികളുടെ പാപം മൂലമാണ് ഈ തരം പ്രകൃതി ദുരന്തങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് എന്ന വാദം പോലെ അപകടകരമാണ ്(ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആത്മകഥ, പേജ് 300).
പ്ലേഗിന്റെ പേരില്‍ ഭരണാധികാരികള്‍ ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയെ ശങ്കരന്‍ നായര്‍ വിമര്‍ശിച്ചു. ഇംഗ്ലീഷുകാര്‍ക്ക് ഭാരതീയരുടെ ആചാരമര്യാദകള്‍ പരിചയമില്ലായിരുന്നു. പക്ഷെ ഭാരതീയരുടെ വികാരങ്ങളെ മാനിക്കാതെ അവര്‍ പൂനെയില്‍ വീടുകളില്‍ കേറി ഇറങ്ങുവാന്‍ തുടങ്ങി. ജനങ്ങളുടെ വ്രണപ്പെട്ട വികാരം പ്രാദേശിക പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു പത്രങ്ങളുടെ നടത്തിപ്പുകാര്‍, അതായത് നാറ്റുസഹോദരന്മാരും ലോകമാന്യ തിലകനും, വിചാരണ നേരിട്ടു. തിലകനെ ബര്‍മ്മയിലേക്ക് നാടുകടത്തി.
നാറ്റു സഹോദരന്മാരെ തടവിലാക്കിയ നടപടിയെ നിരുത്തരവാദപരമായ സ്വേച്ഛാധിപത്യത്തിന്റെ നാള്‍വഴികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരുപക്ഷേ ശങ്കരന്‍ നായരിലൂടെ ആദ്യമായി ഭാരതം ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ ധൈര്യപ്പെട്ടു. മറാഠാ എന്ന പത്രം, പ്ലേഗ് ഞങ്ങളോട് (നാട്ടുകാരോട്) ഭരിക്കുന്ന മനുഷ്യരെക്കാളും ദയയോടെ പെരുമാറി എന്ന് തുറന്നടിച്ചു. സവര്‍ണ്ണരായ കുടുംബങ്ങള്‍ വീടുകളില്‍ ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യാന്‍ തയ്യാറല്ലായിരുന്നു. അതിനു കാരണം അവരുടെ ശൗചം ചെയ്യുന്ന രീതികൊണ്ട് ഇംഗ്ലീഷുകാരെ അശുദ്ധിയുള്ളവരായും, അവര്‍ വീടുകളില്‍ പ്രവേശിക്കുന്നതുതന്നെ അശുദ്ധിയുളവാക്കും എന്ന വിചാരവുമായിരുന്നു. നാട്ടുകാരുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാതെ, ഇംഗ്ലീഷുകാര്‍ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ ്‌ചെയ്തത് (ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആത്മകഥ, പേജ് 304). തീര്‍ച്ചയായും ശങ്കരന്‍ നായര്‍ സ്തുതി പാഠകനായിരുന്നില്ല. ഭാരതത്തിന്റെ പട്ടാളക്കാരെയും സമ്പത്തിനെയും ഉപയോഗിച്ച് അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നതിനും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്റെ പ്രസംഗത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഭരണാധികാരികള്‍ നിയമങ്ങളിലൂടെ ഭാരതീയര്‍ക്ക് ഭരണപങ്കാളിത്തം നിഷേധിക്കുന്ന പക്ഷപാതപരമായ നിലപാടിനേയും നിശിതമായി വിമര്‍ശിക്കാന്‍ മടിച്ചില്ല. അന്നുവരെയുള്ള കീഴ്‌വഴക്കങ്ങളനുസരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ സ്ഥാനത്തിരിക്കുന്നവര്‍ ഭരണാധികാരികളെ വിമര്‍ശിക്കുന്ന പതിവില്ലായിരുന്നു.
ശങ്കരന്‍നായരും മൊണ്‍ടാഗു-ഷെംസ്‌ഫോര്‍ഡ് റിഫോംസും
ഹാര്‍ഡിംഗ് പ്രഭുവിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലായിരുന്നു ശങ്കരന്‍നായരുടെ രംഗപ്രവേശം. ഹാര്‍ഡിംഗ് പ്രഭു നിസ്സംശയം ഒരു ഉദാരമതിയായ ഭരണാധികാരിയായിരുന്നു. അതുകൊണ്ട് ശങ്കരന്‍നായര്‍ക്ക് ആ കാലയളവില്‍ ഭരണനിര്‍വ്വഹണ സമിതിയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനുശേഷം വന്ന വൈസ്രോയ് ഷെംസ് ഫോര്‍ഡ് പ്രഭു കടുത്ത യാഥാസ്ഥിതികനും ഭാരതീയരോട് അകലം പാലിക്കുന്ന രീതിക്കാരനുമായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് പത്തുകൊല്ലം കൂടുമ്പോള്‍ പുരോഗമനപരമായ ഭരണപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പ്രസ്താവനകള്‍ ആവശ്യപ്പെട്ടത്. കരുതിയതുപോലെതന്നെ ഷെംസ് ഫോര്‍ഡ്പ്രഭു ഭാരതീയര്‍ക്ക് ഇംഗ്ലണ്ടിലേതുപോലെയുള്ള ഭരണസംവിധാനങ്ങള്‍ നിലനിര്‍ത്താനുള്ള പാരമ്പര്യമില്ലാത്തതുകൊണ്ട്, തല്‍ക്കാലം അവരുടെ പുതിയ ഭരണസംവിധാനങ്ങളുടെ നടത്തിപ്പ് പരീക്ഷിച്ച് കരുതലോടെ അധികാരം കൈമാറുകയാണ് വേണ്ടത് എന്ന് ശുപാര്‍ശ ചെയ്തു. വളരെ നിരാശാജനകമായ ശുപാര്‍ശകളാണ് തന്റെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയത്. ശങ്കരന്‍ നായര്‍ അതില്‍ ഒപ്പുവെച്ചില്ല. അദ്ദേഹം തന്റെ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഭരണ നിര്‍വ്വഹണ സമിതിയില്‍ ഭിന്നാഭിപ്രായത്തിന്റെ കീഴ്‌വഴക്കമില്ലെന്നും, എന്തു തീരുമാനിച്ചാലും അതു കൂട്ടായ തീരുമാനമായതുകൊണ്ട് ആ കുറിപ്പ് പിന്‍വലിക്കാന്‍ വൈസ്രോയ് തന്നാലാവുന്ന സമ്മര്‍ദ്ദങ്ങളെല്ലാം ചെലുത്തി; പക്ഷേ നായര്‍ വഴങ്ങിയില്ല. മാത്രമല്ല, അദ്ദേഹം ജിന്നയടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു നിര്‍ദ്ദേശം ബ്രിട്ടീഷ് മന്ത്രിസഭയില്‍, ഭാരതത്തിന്റെ ചുമതലയുള്ള മന്ത്രിയുടെ പരിഗണനയ്ക്കു വിടാനും തീരുമാനിച്ചു. അത് എഴുതിയുണ്ടാക്കിയത് സര്‍ ബി.എന്‍. ശര്‍മ്മയും, ഭൂപേന്ദ്രനാഥ ബസുവുമായിരുന്നു. ജിന്നയടക്കമുള്ള പ്രതിനിധികള്‍ അതില്‍ ഒപ്പുവെച്ചു. മൊണ്‍ടാഗുവിന് ജനപ്രതിനിധികളുടെ നിര്‍ദ്ദേശം തള്ളുക സാധ്യമായിരുന്നില്ല. മാത്രമല്ല, വൈസ്രോയിയുടെ നിര്‍ദ്ദേശവും സ്വീകാര്യമല്ലായിരുന്നു. കാരണം ശങ്കരന്‍ നായര്‍ എന്ന ഏക ഭാരതീയ അംഗത്തിന്റെ വിയോജനക്കുറിപ്പുതന്നെ. അതുകൊണ്ട് അദ്ദേഹം സ്വയം ഭാരതത്തില്‍ വന്ന് കാര്യങ്ങള്‍ വിലയിരുത്തുവാന്‍ തീരുമാനിച്ചു. മൊണ്‍ടാഗു തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സര്‍.സി.പി. രാമസ്വാമിഅയ്യര്‍, ശങ്കരന്‍നായര്‍ക്ക് മറ്റേതൊരു ഭാരതീയനേക്കാളും സ്വാധീനമുണ്ടെന്നും അതുകൊണ്ട്, അദ്ദേഹത്തെ എന്റെ പക്ഷത്ത് നിര്‍ത്തണം എന്നും ഉപദേശിച്ചു (Chettur Sankaran Nair, builders of modern India series KPS Menon. P-þ85). മൊണ്‍ടാഗോ തുടരുന്നു: ശങ്കരന്‍നായര്‍ താന്‍പെരുമ ഇഷ്ടപ്പെടുന്നില്ല എന്നും എങ്കിലും തന്റെ നിര്‍ദ്ദേശങ്ങള്‍ പൊതുജനം സ്വീകരിക്കുമെന്നും അങ്ങനെയല്ലെങ്കില്‍ മറ്റാര്‍ക്കും അവരെക്കൊണ്ട് സ്വീകരിപ്പിക്കാനുകകയില്ല എന്നും വ്യക്തമാക്കി (builders of modern India series KPS Menon. P-85). പിന്നീട് നടന്ന സംഭവവികാസങ്ങള്‍ ശങ്കരന്‍ നായരുടെ സ്വീകാര്യതയ്ക്കുള്ള ബ്രിട്ടീഷുകാരന്റെ ഡയറിക്കുറിപ്പ് വാസ്തവം തന്നെയെന്നു തെളിയിക്കപ്പെട്ടു.

ശങ്കരന്‍ നായര്‍ വെള്ളക്കാരുടെ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടിയിരുന്നു. മൊണ്‍ടാഗുവിനോട് അദ്ദേഹം വ്യക്തമായിപറഞ്ഞു: ഞങ്ങള്‍ ഭാരതീയര്‍ താഴെതട്ടില്‍ ഉള്ളവരെ സഹായിക്കുവാന്‍ ആവുന്നത്ര ശ്രമിച്ചു. അതിനുവേണ്ടി ഞങ്ങള്‍ വിവാഹനിയമങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നു. അതിനെ എതിര്‍ത്തത് സര്‍ക്കാരായിരുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ടത് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമായിരുന്നു. സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. ഈ രണ്ടു നിയമങ്ങളും അവരെ സ്വയം മുന്നേറുന്നതിന് പ്രാപ്തരാക്കുമായിരുന്നു. അതുകൊണ്ട് ജാതി വൈഷമ്യങ്ങളെ മറികടക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ജാതിവ്യവസ്ഥയുടെ പേരിലും താണജാതിക്കാരുടെ കഷ്ടപ്പാടിന്റെ പേരിലും സ്വയംഭരണം നിഷേധിക്കുന്നത് ധാര്‍മ്മികമല്ല. ഞാനെന്തൊക്കെ പറഞ്ഞു എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. പക്ഷെ തീര്‍ച്ചയായും എന്റെ പെരുമാറ്റം മൊണ്‍ടാഗോവിനോടും ഷെംസ് ഫോര്‍ഡ് പ്രഭുവിനോടും അത്ര ഉദാരമായിരുന്നില്ല.”
ഭരണപരിഷ്‌കാരങ്ങള്‍ ചര്‍ച്ചചെയ്യവേ ശങ്കരന്‍ നായര്‍ മൊണ്‍ടാഗോവിനോടു പറഞ്ഞു: ഞാന്‍ ദ്വിഭരണ(Diarchy) സമ്പ്രദായംകൊണ്ട് തല്‍ക്കാലം തൃപ്തിപ്പെടാം. പക്ഷെ പാഴ്‌വാക്കുകളുപയോഗിച്ച് സ്വയംഭരണത്തിലേക്കുള്ള പുരോഗതി തടയരുത്. ഇതിനോടു മൊണ്‍ടാഗോ യോജിച്ചു. ഭാരതത്തെ നിരീക്ഷണത്തില്‍വെക്കാനുള്ള വൈസ്രോയിയുടെ നിര്‍ദ്ദേശം പാടെ തള്ളുവാന്‍ അദ്ദേഹം തയ്യാറായി. മാത്രമല്ല, ഉത്തരവാദഭരണം തിരഞ്ഞെടുത്ത വിഷയങ്ങളിലെങ്കിലും പ്രവിശ്യകളില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ചുരുക്കിപ്പറയുകയാണെങ്കില്‍, പ്രവിശ്യകളില്‍ ഭാഗികമായ സ്വയംനിരീക്ഷണത്തില്‍ ഭരണവും ഡയാര്‍ക്കിയും (ദ്വിഭരണാധിപത്യം) നേടിയെടുക്കുവാന്‍ ശങ്കരന്‍നായര്‍ക്കു കഴിഞ്ഞു. ഭാരതത്തിന്റെ ഭരണഘടനാപരമായ പുരോഗതിയില്‍ ഈ പരിഷ്‌കാരങ്ങള്‍ ഒരു നാഴികക്കല്ലായിരുന്നു.
(തുടരും)





















