ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും ഇസ്ലാമിക മതമൗലികവാദ സംഘടനകളും എങ്ങനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു എന്നത് സമകാലീന സാഹചര്യത്തില്‍ പഠനവിഷയമാക്കേണ്ടതാണ്. കന്യാസ്ത്രീകളായ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ചേര്‍ത്തല ആസ്ഥാനമായുള്ള അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. ഇവരുടെ അറസ്റ്റോടെ ഭാരതത്തിലുടനീളം നടക്കുന്ന ക്രൈസ്തവ ഇസ്ലാമിക മതപരിവര്‍ത്തന ശ്രമങ്ങളും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറി.
ഛത്തീസ്ഗഡിലെ മാവോവാദി തീവ്ര കമ്മ്യൂണിസ്റ്റ് സംഘടനകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നാരായണ്‍പൂര്‍ മേഖലയില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികളും വനവാസി സമൂഹത്തിലെ ഒരാളുമായി കന്യാസ്ത്രീകള്‍ പോലീസ് പിടിയിലായത്. രണ്ട് പെണ്‍കുട്ടികളെയും വനവാസി സമൂഹത്തിലെ ഒരാളെയും ടിക്കറ്റ് ഇല്ലാതെ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തുകയായിരുന്നു. ടിക്കറ്റ് എടുത്തവര്‍ പുറത്തുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ടി.ടി.ഇ പോലീസിനെ വിളിച്ചതും ഇവരെ പിടിച്ചതും. വനവാസി സമൂഹത്തില്‍പ്പെട്ട നിരക്ഷരരായ ഇവരെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നഴ്‌സിംഗ് കോളേജില്‍ വനവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും അതിന് വഴങ്ങാത്തതിന് കോളേജിലെ പ്രാക്ടിക്കല്‍ പരീക്ഷകളില്‍ തോല്‍പ്പിക്കുകയും ചെയ്തു എന്ന പരാതിയെ അടിസ്ഥാനമാക്കി നേരത്തെ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ പോലീസ് സേനയ്‌ക്കോ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കോ ഇനിയും കടന്നുചെല്ലാന്‍ കഴിയാത്ത തീവ്രവാദമേഖലയായ നാരായണ്‍പൂരില്‍ എങ്ങനെയാണ് ക്രൈസ്തവ മിഷനറി സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നത് എന്നും അവിടെ വനവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നത് എന്നുമാണ് ആദ്യം അന്വേഷിക്കേണ്ടത്.
വനവാസി ഗോത്രവിഭാഗങ്ങളുടെ തനിമയും ആചാരവും സംസ്‌കാരവും നിലനിര്‍ത്താന്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവന്നത് ബിജെപി സര്‍ക്കാര്‍ അല്ല. 1968 ലാണ് കോണ്‍ഗ്രസ് ഈ നിയമം കൊണ്ടു വന്നത്. ദശാബ്ദങ്ങളായി ഈ നിയമം അവിടെയുണ്ട്. ആ നിയമത്തിനതീതമായി തങ്ങള്‍ ചെയ്യുന്നത് എന്തും ഭരണഘടനയോ ഭാരതീയ ന്യായസംഹിതയോ അനുസരിച്ച് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതാണെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം വേണമെന്നും സിബിസിഐയും ക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടാല്‍ അത് എങ്ങനെയാണ് അനുസരിക്കാന്‍ കഴിയുക.
2008 ആഗസ്റ്റ് 23 നാണ് ഉത്തരഭാരതത്തിലെ പ്രമുഖ സന്യാസിവര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും പ്രഭാഷകനുമായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടത്. ഒറീസയും മധ്യപ്രദേശും ഛത്തീസ്ഗഡും ഒക്കെ അടങ്ങിയ വനവാസി മേഖലകളില്‍ ആദിവാസി ഗോത്രങ്ങളുടെയും വനവാസികളുടെയും ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും സ്വയം തൊഴില്‍ കണ്ടെത്താനും അവരെ സ്വയംപര്യാപ്തരാക്കാനും മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍ അകപ്പെടാതെ ഉത്തമ പൗരന്മാരാക്കി മാറ്റാനും ഒക്കെയായി രാവും പകലും ഇല്ലാതെ സ്വന്തം ആശ്രമത്തിന്റെ സംവിധാനത്തിനൊപ്പം അവര്‍ക്കിടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിക്കുകയായിരുന്നു സ്വാമി ലക്ഷ്മണാനന്ദ സരസ്വതി. സ്വാഭാവികമായും മതപരിവര്‍ത്തനലോബികളുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ഏഴുതവണയാണ് അദ്ദേഹത്തിനെതിരെ വധശ്രമം ഉണ്ടായത്. അവസാനം 2008 ആഗസ്റ്റ് 23 ന് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധിക്കപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ അറസ്റ്റിലായ ഏഴ് പേര്‍ ക്രിസ്ത്യന്‍ മിഷനറി സംഘടനയായ വേള്‍ഡ് വിഷന്‍ പ്രവര്‍ത്തകരാണ്. ഒപ്പം ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഒരാള്‍ മാവോവാദി നേതാവുമാണ്. ഇവിടെയാണ് ക്രൈസ്തവ മിഷനറി സംഘടനകളും മാവോവാദി പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ചര്‍ച്ചാവിഷയമാകുന്നത്. നേരത്തെ സ്റ്റാന്‍സാമി അറസ്റ്റ് ചെയ്യപ്പെട്ട് 84-ാം വയസ്സില്‍ ജയിലില്‍ മരിച്ചപ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേപോലെതന്നെ ഒച്ചപ്പാട് ഉണ്ടായതാണ്. സ്റ്റാന്‍സാമി എന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ മാവോവാദികളെ ആയുധമണിയിക്കാനും അവര്‍ക്ക് പണം സംഘടിപ്പിച്ചു കൊടുക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പോലീസ് പിടിയിലാക്കിയത്. മാവോവാദികളും സമാധാനത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് പറയുന്ന ക്രൈസ്തവമിഷനറിമാരും തമ്മില്‍ യോജിക്കുന്ന മേഖലയും പ്രവര്‍ത്തനവും ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന കാര്യം ഇപ്പോഴെങ്കിലും തുറന്നുപറയാതിരിക്കാന്‍ ആവില്ല.
ഛത്തീസ്ഗഡിലെ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് തൃശ്ശൂരില്‍ ഇതേ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ തെളിവുകള്‍ ഹാജരാക്കാത്തതുകൊണ്ട് രണ്ട് കന്യാസ്ത്രീകളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. വോട്ട് ബാങ്കിനുവേണ്ടി എന്തും ചെയ്യാന്‍ ഒരു മടിയും ഇല്ലാത്ത ജിഹാദികളെയും ക്രൈസ്തവ സംഘടനകളെയും പ്രീണിപ്പിക്കാന്‍ അല്പം പോലും മടികാണിക്കാത്ത പിണറായി വിജയനും ആഭ്യന്തരവകുപ്പും യാതൊരു രേഖകളും ഇല്ലാതെ ഉത്തരേന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന കുഞ്ഞുങ്ങളെ അനാഥാലയത്തില്‍ ആളെ കൂട്ടാനും വീട്ടുജോലിക്ക് അയക്കാനും വിട്ടുകൊടുത്തിട്ടുണ്ടെങ്കില്‍ കേരളത്തിലെ നിയമസംവിധാനം ലജ്ജാകരമാണെന്ന് പറയാതിരിക്കാനാവില്ല.
കേരളത്തില്‍ നിന്നുള്ള പന്ത്രണ്ടായിരം അച്ചന്മാരും ഇരുപതിനായിരം കന്യാസ്ത്രീകളുമാണ് ഇന്ന് ആഗോളതലത്തില്‍ സുവിശേഷവേല ചെയ്യുന്നത്. ഇവരില്‍ ഏറിയ പങ്കും ഭാരതത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരമാണ്ടില്‍ തന്നെ ഭാരതത്തെ സുവിശേഷവല്‍ക്കരിക്കാനും ക്രൈസ്തവ രാഷ്ട്രമാക്കാനും ക്രൈസ്തവ സംഘടനകള്‍ പദ്ധതി തയ്യാറാക്കിയിരുന്നതാണെങ്കിലും മതപരിവര്‍ത്തനശ്രമങ്ങള്‍ക്കും സംഘടിതമായ നീക്കങ്ങള്‍ക്കും തിരിച്ചടി വന്നതോടെ അതിന് കഴിഞ്ഞില്ല. സ്വവര്‍ഗരതിയും ലൈംഗിക അരാജകത്വവും അടക്കം ക്രൈസ്തവസഭകളില്‍ അരങ്ങേറുന്ന സദാചാരവിരുദ്ധ, മതവിരുദ്ധ നിലപാടുകളെ തള്ളിപ്പറയുകയും പ്രപഞ്ചസൃഷ്ടി സംബന്ധിച്ച ക്രൈസ്തവസങ്കല്പം ശാസ്ത്രാധിഷ്ഠിതം അല്ലെന്ന് അടുത്തിടെ കാലം ചെയ്ത പോപ്പ് തന്നെ പ്രഖ്യാപിക്കുകയും ചെയ്തത് ക്രൈസ്തവ മതപ്രവര്‍ത്തനത്തിലും പരിവര്‍ത്തനത്തിലും ഒരു പുതിയ വീക്ഷണമാണ് തുറന്നത്. പക്ഷേ, അദ്ദേഹം പോലും മതപരിവര്‍ത്തനത്തെ തള്ളിപ്പറഞ്ഞില്ല. ഈ സഹസ്രാബ്ദത്തില്‍ ഭാരതത്തെ സുവിശേഷവല്‍ക്കരിച്ച് ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനവുമായാണ് വിവിധ സഭകള്‍ മുന്നോട്ടുപോകുന്നത്. കെനിയയുടെ മുന്‍പ്രസിഡന്റായ ജോമോ കെനിയാട്ട ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ള ഒരു പ്രസ്താവന ഭാരതത്തിനും പാഠമാണ്. അദ്ദേഹം പറഞ്ഞു, ‘മിഷനറിമാര്‍ ആഫ്രിക്കയില്‍ എത്തിയപ്പോള്‍ അവരുടെ കൈവശം ബൈബിളും ഞങ്ങളുടെ കൈവശം ഭൂമിയും ഉണ്ടായിരുന്നു. പിന്നീട് അവര്‍ ഞങ്ങളെ കണ്ണടച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. കണ്ണുകള്‍ തുറന്നപ്പോള്‍ ഭൂമി അവരുടെ കൈവശവും ഞങ്ങളുടെ കൈകളില്‍ ബൈബിളുമായിരുന്നു.’ സത്യത്തില്‍ ഇതുതന്നെയല്ലേ കേരളത്തിലും ഭാരതത്തിലും നടക്കുന്നത് എന്ന കാര്യം നെഞ്ചില്‍ കൈവെച്ച് ക്രൈസ്തവസഭകളും ഉറഞ്ഞുതുള്ളുന്ന മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന വര്‍ഗീയകക്ഷികളുടെ അടിമകളും ആലോചിക്കണം.
വയനാട്ടിലെ വനവാസി ഗോത്ര സമൂഹത്തിന്റെ കൈയേറിയ ഭൂമി തിരിച്ചു കൊടുക്കാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. ഡോ. നല്ലതമ്പിത്തേര അടക്കമുള്ള സാമൂഹികപ്രവര്‍ത്തകര്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ നിയമപോരാട്ടം നടത്തിയാണ് വനവാസി ഗോത്ര സമൂഹത്തിന്റെ ഭൂമി തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതിയില്‍നിന്ന് ഉത്തരവ് നേടിയത്. ആ ഉത്തരവിനെതിരെ കേരളം നിയമം കൊണ്ടുവന്നു. ആദിവാസിഭൂമി വീണ്ടെടുക്കല്‍ നിരോധനനിയമം എന്ന ആ നിയമത്തിലൂടെ വനവാസികള്‍ക്ക് സ്വന്തം ഭൂമി തിരിച്ചുകിട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് നിഷേധിക്കാനുള്ള നിയമനിര്‍മ്മാണം കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചാണ് നിയമസഭയില്‍ കൊണ്ടുവന്ന് അംഗീകരിച്ചത്. സത്യത്തില്‍ കെ. ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് ഇടിച്ച് ചൊറികൊണം നടണം എന്നു പറഞ്ഞത് ഇത്തരം നിയമനിര്‍മാണങ്ങളെ ഉദ്ദേശിച്ച് തന്നെയാവണം. കെ.ആര്‍. ഗൗരിയമ്മ ഒഴികെ മുഴുവന്‍ യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങളും ഈ നിയമത്തെ പിന്തുണച്ചു എന്നറിയുമ്പോഴാണ് വോട്ടുബാങ്ക് രാഷ്ട്രീയവും മതപരിവര്‍ത്തനലോബിയും എത്രമാത്രം ശക്തമാണ് എന്ന് ബോധ്യപ്പെടുക. സുപ്രീംകോടതി പാവപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവ് ഒരു നിയമനിര്‍മ്മാണം മൂലം സംസ്ഥാന സര്‍ക്കാരിന് ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍ വനവാസികളുടെ മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ മറ്റൊരു സംസ്ഥാനത്തിന് കഴിയില്ലേ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.
ആസാമിലെ വനവാസിമേഖലകളില്‍ ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനം കണ്ട് അന്നത്തെ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ഇതിന്റെ പിന്നില്‍ നടക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്രയും ദൂരം വന്ന് ഇത്രയും പണം ചെലവാക്കി ഞങ്ങള്‍ സേവനം നടത്തുന്നത് വെറുതെയാകണോ എന്ന ചോദ്യമാണ് അന്നത്തെ സ്ഥാപനമേധാവിയായ പള്ളിവികാരി ചോദിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസിന്റെ സര്‍സംഘചാലകായ കെ.എസ്. സുദര്‍ശന്‍ജിയുടെ നേതൃത്വത്തില്‍ ക്രൈസ്തവസഭകളമായി കോട്ടയത്ത് ഓശാന മൗണ്ടില്‍ ചര്‍ച്ച നടത്തിയിരുന്നു. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായി നടത്തിയ ചര്‍ച്ചയുടെ സംഘാടകന്‍ ക്രൈസ്തവ പരിഷ്‌കരണ വാദിയായിരുന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലായിരുന്നു. ആ ചര്‍ച്ചയിലും ഉയര്‍ന്നുവന്ന ഏറ്റവും വലിയ പ്രശ്‌നം മതപരിവര്‍ത്തനശ്രമങ്ങള്‍ തന്നെയായിരുന്നു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമാകുന്ന പ്രദേശങ്ങളില്‍ ശക്തമാകുന്ന ഭാരതവിരുദ്ധതയും വിഘടനവാദവും ഭാരതത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും കാണാതിരിക്കാന്‍ ആവില്ല. മിസോറാമില്‍ ഗവര്‍ണര്‍സ്ഥാനം ഏറ്റെടുക്കാന്‍ കുമ്മനം രാജശേഖരനും പി.എസ.് ശ്രീധരന്‍പിള്ളയും എത്തുമ്പോള്‍ ആ ദിവസം ബന്ദ് ആചരിച്ചതും ക്രൈസ്തവസഭകള്‍ അവര്‍ക്കെതിരെ നിലപാടുമായി രംഗത്തുവന്നതും മറക്കരുത്. മതം മാറുമ്പോള്‍ വിശ്വാസം മാത്രമാണ് മാറുന്നത്. പക്ഷേ, ഇവിടെ മതം മാറുമ്പോള്‍ രാഷ്ട്ര വിരുദ്ധത ശക്തമാവുകയും ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ സായുധപ്രക്ഷോഭം ശക്തമാവുകയുമാണ്.
ലോകത്ത് ഒരിടത്തും ഹിന്ദുക്കള്‍ മതസംഘര്‍ഷത്തിന് പോയിട്ടില്ല. സഹിഷ്ണുതയുടെ പര്യായമായ ഹിന്ദു എല്ലാവരെയും രണ്ട് കൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. ഭാരതത്തില്‍ വന്ന എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുകയും അവര്‍ക്ക് ആരാധനാസൗകര്യം നല്‍കുകയും ചെയ്ത ഹിന്ദുസമൂഹത്തെ ചോളപ്പൊടി കൊടുത്തും തട്ടിപ്പിലൂടെയും വഞ്ചനയിലൂടെയും മതപരിവര്‍ത്തനം ചെയ്തതിന്റെ കഥകള്‍ വീരസവര്‍ക്കര്‍ മുതല്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മതപരിവര്‍ത്തന ശ്രമങ്ങളുടെ അന്തസാരശൂന്യതയും അന്തസ്സില്ലാത്ത നിലപാടും മഹാത്മാഗാന്ധി വ്യക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ മേശപ്പുറത്ത് അടുക്കിവെച്ചിരുന്ന പുസ്തകങ്ങളുടെ ഏറ്റവും മുകളില്‍ ബൈബിളും ഏറ്റവും അടിയില്‍ ഭഗവദ്ഗീതയും കണ്ട് മിഷണറി പ്രവര്‍ത്തകന്‍ അന്ന് പുസ്തകം വെച്ചിരിക്കുന്നത് ഉചിതമായ രീതിയിലാണ് ഏറ്റവും ഉന്നതമായത് ബൈബിള്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാത്തിന്റെയും ആധാരം ഹിന്ദുത്വമാണ് അതുകൊണ്ടാണ് ഗീത തന്നെ ഏറ്റവും താഴെയുള്ളതെന്ന് മറുപടി പറഞ്ഞത് മഹാദേവ ദേശായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞില്ല, ഗാന്ധിജി മതപരിവര്‍ത്തനത്തെ കുറിച്ച് ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായ ഹരിജനിലും യംഗ് ഇന്ത്യയിലും എഴുതിയത് പ്രസക്തമാണ്. ‘എനിക്ക് നിയമം നിര്‍മ്മിക്കാന്‍ അധികാരം ഉണ്ടെങ്കില്‍ എല്ലാ മതപരിവര്‍ത്തന ശ്രമങ്ങളെയും ഞാന്‍ തടയുമായിരുന്നു’ (1935 മെയ് 11 ഹരിജന്‍), ‘ഈയിടെയാണ് പട്ടിണി ബാധിച്ച പ്രദേശത്ത് കീശയില്‍ നിറയെ പണവുമായി ഒരു മിഷനറി കടന്നുചെന്നു പട്ടിണിക്കാര്‍ക്ക് പണം നല്‍കി അവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തു അവരുടെ ക്ഷേത്രം കയ്യടക്കി നശിപ്പിച്ചു’ (ഹരിജന്‍ 11-5- 1935) ,’തന്റെ മതം പ്രചരിപ്പിക്കുന്നതിന് വേണ്ടി മറ്റൊരുവനെ സന്ദര്‍ശിക്കുന്ന മിഷനറി സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന കച്ചവടക്കാരനെ പോലെയാണ്’ (ഹരിജന്‍ 3-4-1937).
ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനത്തിന് എതിരെ ശ്രീനാരായണഗുരുദേവനും കുമാരനാശാനും ചട്ടമ്പിസ്വാമിയും തൈക്കാട് അയ്യാസ്വാമിയും അയ്യാ വൈകുണ്ഠസ്വാമികളും മഹാത്മാ അയ്യങ്കാളിയും ഏകമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു. അറസ്റ്റിലായ കന്യാസ്ത്രീകളെ ഒരു നിയമ നടപടിയും ഇല്ലാതെ വിട്ടയക്കണം എന്ന് ആവശ്യമുയര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരേപോലെ രംഗത്ത് വന്നു. പാര്‍ലമെന്റിലും അവര്‍ ഈ ആവശ്യം ഉന്നയിച്ചു. പാലാ ബിഷപ്പിനെതിരെ ഇസ്ലാമിക സംഘടനകള്‍ മതവൈരം സൃഷ്ടിക്കുന്ന രീതിയില്‍ പെരുമാറിയപ്പോഴും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സിനെ മുസ്ലിം ലീഗുകാര്‍ പൂട്ടിയിട്ടപ്പോഴും ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് ക്രൈസ്തവരോട് അവിലും മലരും കുന്തിരിക്കവും വാങ്ങിവെക്കാന്‍ പറഞ്ഞപ്പോഴും ഇല്ലാത്ത വികാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് എവിടെ നിന്നാണ് ഉണ്ടായത്? മതേതര സമൂഹം പ്രതികരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ നിന്ന് മുസ്ലിം എന്ന പദം മാറ്റാന്‍ തയ്യാറാകാത്ത, വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പും മേധാവികളില്‍ 23 പേരെയും മുസ്ലിം സമൂഹത്തില്‍ നിന്ന് നിയമിക്കുകയും, ഗംഗ തന്റെ മതവിശ്വാസത്തിന് എതിരായ പേരാണെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിനെ തിരുത്താനുള്ള ആര്‍ജ്ജവം പോലും കാട്ടാത്ത പാണക്കാട് തങ്ങള്‍മാര്‍ ബിജെപിയെ മതേതരത്വം പഠിപ്പിക്കരുത്. ലവ് ജിഹാദിന്റെയും ലാന്റ് ജിഹാദിന്റെയും പേരില്‍ കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളും റംസാന്‍ നോമ്പ് സമയത്ത് ഇതര മതക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ പോലും അനുവാദം നല്‍കാത്ത ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും ഇല്ലാത്ത കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നതും തിയറ്ററുകളും കള്ളുഷാപ്പുകളും തീ വെക്കുന്നതും അടക്കം നിയമവിരുദ്ധ കാര്യങ്ങള്‍ നിര്‍ത്തിയിട്ട് പോരേ മതേതരത്വസംരക്ഷണം. പൊന്നാനി മുതല്‍ വെള്ളയില്‍ വരെയുള്ള കടപ്പുറത്തുനിന്ന് ഇസ്ലാം മതവിശ്വാസികള്‍ അല്ലാത്തവരെ മുഴുവന്‍ ഒഴിവാക്കാനുള്ള ഇസ്ലാമിക ജിഹാദി സംഘടനകളുടെയും ലീഗിന്റെയും പ്രവര്‍ത്തനം മതേതരമാണോ എന്നും തങ്ങള്‍ പറയണം.
ഏകം സത് വിപ്രാ ബഹുധാ വദന്തിയും കൃണ്വന്തോ വിശ്വമാര്യവും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും പറഞ്ഞ ഹിന്ദുത്വം എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുന്നതാണ്. ഇനിയെങ്കിലും നിയമവിരുദ്ധമായ, സദാചാര വിരുദ്ധമായ മതപരിവര്‍ത്തന ശ്രമങ്ങളില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മാത്രമേ ക്രൈസ്തവസഭകള്‍ക്ക് ഭാരതത്തില്‍ നിലനില്‍പ്പുള്ളു എന്ന കാര്യം സഭകള്‍ മനസ്സിലാക്കണം. കന്യാസ്ത്രീകള്‍ ആയാലും അച്ചന്മാരായാലും നിയമവിധേയമായി മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകൂ. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. ഇനിയെങ്കിലും ക്രൈസ്തവ സഭകളും ജിഹാദി സംഘടനകളും മതപരിവര്‍ത്തന ശ്രമങ്ങളെ കുറിച്ച് പുനരാലോചന നടത്തണം. ഏകോദര സഹോദരങ്ങളെപ്പോലെ നമുക്ക് ജീവിക്കാന്‍ അത് അനിവാര്യമാണ്. അമേരിക്കയും ആഫ്രിക്കയും യൂറോപ്പും വീണ്ടും ഡികോളനൈസേഷനിലൂടെ തങ്ങളുടെ വേരുകളിലേക്കും പഴയ മതങ്ങളിലേക്കും തിരിച്ചു പോകുന്ന പ്രക്രിയയിലാണ് എന്ന കാര്യം ഭാരതത്തിലെ ക്രൈസ്തവസഭകള്‍ തിരിച്ചറിയണം. യൂറോപ്പിലെ പള്ളികള്‍ ലേലത്തില്‍ പിടിച്ച് ഇസ്‌കോണിന്റെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളും വ്യാപാരികളുടെ നേതൃത്വത്തില്‍ ബാറുകളും ആയി മാറുന്നതും പള്ളികളില്‍ ഭക്തര്‍ വരാത്തതും തിരിച്ചറിയണം. മതപരിവര്‍ത്തനം കാടത്തമാണ് അത് അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് കാട്ടേണ്ടത്.






















