Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശ്രീരാമസ്തുതികള്‍ മലയാള സിനിമാഗാനങ്ങളില്‍

ശ്രീകുമാര്‍ ചേര്‍ത്തലശ്രീകുമാര്‍ ചേര്‍ത്തല
8 August 2025

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനാല്‍ വിരചിതമായ അദ്ധ്യാത്മ രാമായണത്തിന്റെ അലയൊലികള്‍ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഭക്തിസാന്ദ്രമായി മുഴങ്ങുന്ന രാമായണമാസം. കേക, കാകളി, കളകാഞ്ചി വൃത്തങ്ങളില്‍ ഉതിര്‍ന്നു വീഴുന്ന പൗരാണികമായ ഇതിഹാസത്തനിമയുടെ തെളിമ, അതാണ് ശുകകുലമൗലിമാണിക്യമായ കിളിപ്പൈതല്‍ പാടിയ രാമോക്തികള്‍. ത്യാഗരാജസ്വാമികള്‍ തന്റെ ഇഷ്ട ദേവതയായിരുന്ന ശ്രീരാമചന്ദ്രനെക്കുറിച്ച് ധാരാളം കീര്‍ത്തനങ്ങള്‍ എഴുതി, കര്‍ണ്ണാടകസംഗീതത്തിലെ വിവിധ രാഗങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാല്‍മീകി രാമായണത്തിലെ ആദര്‍ശപുരുഷോത്തമനായ ഭരണാധിപനും അദ്ധ്യാത്മരാമായണത്തിലെ ആശ്രിത വല്‍സലനും അവതാരപുരുഷനുമായ ഭഗവാനും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഇഷ്ടദേവനുമായ ശ്രീരാമനെക്കുറിച്ച് മലയാളത്തില്‍ മികച്ച ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭക്തിയുടെ സീമാതീതമായ ആനന്ദപ്രഹര്‍ഷങ്ങളില്‍ എത്തിക്കുന്ന ആ സ്തുതികളിലൂടെ ഒരു സഞ്ചാരമാവാമെന്നു കരുതുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ശ്രീരാമസ്തുതികളില്‍ ആദ്യം മനസ്സിലേക്കെത്തുന്നത് ‘ധ്വനി’ എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി രചിച്ച് ബോളിവുഡ് സംഗീതജ്ഞനായ നൗഷാദ് ഹിന്ദുസ്ഥാനി രാഗമായ യമന്‍ കല്യാണില്‍ സംഗീതം പകര്‍ന്ന് മെയില്‍വേര്‍ഷനില്‍ ഗാനഗന്ധര്‍വ്വനും ഫീമെയില്‍ വേര്‍ഷനില്‍ പി.സുശീലയും ആലപിച്ച ”ജാനകീ ജാനേ… രാമാ” എന്ന ഗാനം തന്നെയാണ്. പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ രചിച്ച ഗാനം യൂസഫലി കേച്ചേരിയുടെ സംസ്‌കൃതവ്യുല്‍പത്തിക്കും പാണ്ഡിത്യത്തിനും ഗാനരചനയിലുള്ള പ്രൊഫഷണലിസത്തിനും പ്രതിഭക്കും ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ”സീതയെ അറിയുന്ന രാമാ” എന്ന അഭിസംബോധനയോടെയാണ് കവിയുടെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ദു:ഖത്തിനു കാരണവും മോക്ഷത്തിന്റെ വഴിയും എന്താണെന്ന് അറിയില്ലെന്നും വിഷാദ കാലത്ത് രാമന്‍ മാത്രമാണ് സുഹൃത്തെന്നും ആരും ഭയപ്പെട്ടുപോകുന്ന ഇരുളില്‍ അദ്ദേഹം മാത്രമാണ് പ്രകാശമെന്നും കവിപാടുന്നു. സംസാരസാഗരം താണ്ടിക്കടക്കാനുള്ള വഞ്ചി രാമനാണെന്നും ദയ ചൊരിയുന്നവനും അമൃതം പോലെയുള്ളവനും തേന്‍ പോലെ മധുരം പകരുന്നവനും മുനിമാര്‍ പോലും തലകുനിച്ച് വന്ദിക്കുന്നവനും വേദങ്ങളുടെ സാരമായിട്ടുള്ളവനും ലൗകികതയെ ജയിച്ചവനുമായ രാമനെ നമിക്കുന്നുവെന്നുമാണ് കവി പാടുന്നത്.

പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ രചിച്ച ഗാനമെന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടി ശ്രദ്ധേയമായ ഗാനമാണ് ഇത്. രാഗമാധുര്യം കൊണ്ടും നൗഷാദിന്റെ സംഗീതം കൊണ്ടും ഗാനസ്‌നേഹികള്‍ ഏറ്റെടുത്ത ഗാനമാണ് ഇത്. ഇപ്പോഴും ഇത് ക്ഷേത്രങ്ങളിലും ആദ്ധ്യാത്മിക സ്ഥലികളിലും പ്രാര്‍ത്ഥനാഗാനമായി ആലപിക്കുന്നുണ്ട്.

ADVERTISEMENT

ഒരു സംഗീതക്കച്ചേരി കീര്‍ത്തനം പോലെ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മനോഹരമായ ശ്രീരാമസ്തുതിയാണ് ”രഘുവംശപതേ പരിപാലയമാം” എന്നു തുടങ്ങുന്ന ഗാനം. ‘ഭരതം’ എന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് രവീന്ദ്രന്റെ സംഗീതസംവിധാനത്തില്‍ യേശുദാസ് ആലപിച്ച മനോഹരമായ ഗാനമാണ് ഇത്. ‘ശങ്കരാഭരണം’ രാഗത്തിലാണ് ഇത് മനോഹരമായി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഭക്തഹനുമാനാല്‍ പൂജിക്കപ്പെടുന്നവനും ഉപമിക്കാനാവാത്ത വിധം സൗന്ദര്യത്തിന്റെ സാഗരമായിട്ടുള്ളവനുമായ രഘുവംശത്തിലെ പ്രധാനിയായിട്ടുള്ള രാമന്‍ കാത്തുരക്ഷിക്കണമേ എന്ന് കവി അപേക്ഷിക്കുന്നു. സീതയുടെ ഹൃദയേശ്വരനും ഗൗതമന്‍ തുടങ്ങിയ മുനികളാല്‍ പൂജിക്കപ്പെടുന്നവനും പൂര്‍ണ്ണചന്ദ്രനെപ്പോലെ മുഖമുള്ളവനും അഹങ്കാരനാശം വരുത്തുന്നവനുമായ രാമന്‍ ജയിച്ചാലും. ഈ ലൗകികതയില്‍ സുകൃതവും സന്തോഷവും നല്‍കിയാലും എന്നാണ് കവി പ്രാര്‍ത്ഥിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് രവീന്ദ്രന് ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണ്ണയകമ്മറ്റിയുടെ പ്രത്യേകജൂറി പരാമര്‍ശം ലഭിക്കുകയുണ്ടായി.

‘നാരായം’ എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ന്റെ ഈണത്തില്‍ പി.കെ ഗോപിയുടെ ”ശ്രീരാമനാമം ജപസാരസാഗരം” എന്നു തുടങ്ങുന്ന ശ്രീരാമ സ്തുതി ഒരു നവ്യാനുഭവം തന്നെയാണ്. ‘നാട്ട’ രാഗത്തില്‍ അതീവ ഭക്തിസുഖദമായി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ആലാപനത്തിന്റെ മനോഹാരിത എടുത്തു പറയാതെ വയ്യ. ആത്മാവില്‍ സരയൂ നദി പോലെ തിരയിടുന്ന ശ്രീരാമദേവന്റെ പാദങ്ങള്‍ ജനിമൃതികളകറ്റി മോക്ഷം നല്‍കുന്നവയാണെന്നും കടല്‍ പോലെ സാരമാര്‍ന്ന ആ രാമനാമം ജപിക്കുന്നത് പുണ്യമാണെന്നും കവി പറയുന്നു. കൊടും പാതകിയായിരുന്ന രത്‌നാകരനെ വാല്‍മീകി എന്ന ആദികവിയാക്കി പരിണാമപ്പെടുത്തുന്നത് ആ രാമനാമത്തിന്റെ മാഹാത്മ്യം തന്നെ എന്ന് കവി പറയുന്നു. ആദികവി പാടിയതും വനത്തിലെ പൂക്കള്‍ ആദ്യമായി ചെവിയോര്‍ത്തതും തുഞ്ചന്റെ തത്ത, കിളിപ്പാട്ടായി മൊഴിഞ്ഞ് ഭാരതപ്പുഴ ഏറ്റുപാടിയതുമായ സീതാകാവ്യമാണ് രാമായണം. അമരമായ അയോദ്ധ്യാകിരീടവും വെള്ളിരഥങ്ങളും തന്റെ അനുജനായ ഭരതനു നല്‍കിക്കൊണ്ട് പിതുരാജ്ഞ നിര്‍വ്വഹിക്കാനായി വനം പൂകിയ ദശരഥപുത്രന്‍, നിര്‍മാല്യ നിറവോടെ, ഉപമിക്കാനാവാത്ത പ്രഭയോടെ മനസ്സില്‍ നിറയണമെന്നും യുഗസ്‌നേഹമന്ത്രവരമരുളണമെന്നും കവി പ്രാര്‍ത്ഥിക്കുന്നു.

‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച് രവീന്ദ്രന്‍ ‘വൃന്ദാവനസാരംഗം’ എന്ന രാഗത്തില്‍ സംഗീതം പകര്‍ന്ന ‘ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ…’ എന്നു തുടങ്ങുന്ന ഗാനം ഒരു ഹിന്ദുസ്ഥാനി സ്പര്‍ശത്തോടെ അതീവ ഹൃദ്യമായി ഗായത്രി പാടിയിരിക്കുന്നു. ഭാവമധുരമായ ശ്രീരാമസ്തുതിയാണ് ഇത്. കരുണാവാരിധിയും ആശ്രയിക്കുന്നവരെ പാലിക്കുന്നവനും (ആശ്രിതവത്സലനും) മഞ്ഞവസ്ത്രധാരിയുമായ പാവനരാമന്‍ ജയിക്കട്ടെ എന്ന് കവി സ്തുതിക്കുന്നു. ശിലയായുറഞ്ഞു കിടന്ന അഹല്യക്ക് കാല്‍സ്പര്‍ശം കൊണ്ട് മോക്ഷമേകിയ കൗസല്യാപുത്രനായ രാമന്‍. ഭൂമിയുടെ പാലകനായ അങ്ങനെയുള്ള രാമനെ ഭജിച്ചാല്‍ ലൗകികദുരിതങ്ങള്‍ തീര്‍ന്നൊഴിയുക തന്നെ ചെയ്യുമെന്ന് കവി. ദു:ഖങ്ങളെ നശിപ്പിക്കുന്നവനും സൗമ്യനുമായ ശ്രീരാമചന്ദ്രന്‍ തലോടുമ്പോള്‍ നിളയും സരയുവായി മാറും. ഇരുള്‍വഴിയില്‍ സീത പിന്തുടരുന്ന രാമന്‍ ജയിക്കട്ടെ എന്ന് കവി ശ്രീരാമനെ പ്രകീര്‍ത്തിക്കുന്നു.

‘ഭക്തഹനുമാന്‍’ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച ശ്രീരാമ സ്തുതി ‘രാമ രാമ ലോകാഭിരാമ’ എന്നു തുടങ്ങുന്ന ഗാനം. മാനവത്വ മഹിമ വിശ്വഗാനമായ ദേവനായകനും വേദനായകനുമാണ് രാമനെന്നും മാരുതിയുടെ ഹൃദയത്താമര ചൂടുന്ന രാമന്‍ നിര്‍മ്മലനും ചിന്മയനും നിസ്തുലനും ഉണ്മയും നന്മയും ധര്‍മ്മപതിയുമാണെന്നും കവി.

ഇതേ ചിത്രത്തിലുള്ള മറ്റൊരു സ്തുതി ‘രാമജയം ശ്രീരാമജയം രാമപദാംബുജമേ അഭയം’ എന്നു തുടങ്ങുന്നു. ഭക്തിസായകമാണ് രാമനാമമെന്നും സേതുബന്ധനം മുക്തിദായകമാണെന്നും സീതാകാന്തനു സ്‌തോത്രമര്‍പ്പിക്കുന്നു കവി.

‘ശ്രീരാമരാജ്യം’ എന്നൊരു തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനും സംഗീതം ഇളയരാജയുമായിരുന്നു. ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌ന കീര്‍ത്തനങ്ങളില്‍ രാമചന്ദ്രനെ പ്രകീര്‍ത്തിക്കുന്നതും സ്വാമികളുടെ മറ്റ് കീര്‍ത്തനങ്ങളില്‍ നിന്നു വേറിട്ട് സംസ്‌കൃതത്തില്‍ രചിച്ചിട്ടുള്ളതുമായ ‘ജഗദാനന്ദകാരകാ ജയ ജാനകിപ്രാണനായകാ’ എന്നു തുടങ്ങുന്ന കീര്‍ത്തനമുണ്ട്. അതേ വരികളില്‍ ആരംഭിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്. ശ്രീരാമന്റെ പട്ടാഭിഷേകവുമായി ബന്ധപ്പെട്ട ഗാനമാണ് ഇത്. രാമന്റെ ഭരണത്തില്‍ ജീവിതം ഭാസുര കേദാരമായിരിക്കുമെന്നും സുഖശാന്തി നിറഞ്ഞതായിരിക്കുമെന്നും രാജ്യം പ്രേമസുധാമയ ദേവലോകമായിത്തീരുമെന്നും കവി. രാമനാമം ബഹുശക്തിമുക്തിസന്തായകമാണെന്നും അമൃതസമാനമാണെന്നും ശ്രീരാമകീര്‍ത്തനം സുകൃതമാണെന്നും രാമചന്ദ്രപാദപൂജനം ആത്മീയപുണ്യമാണെന്നും കവി.
‘മംഗളം രഘുരാമ മംഗളം സൂര്യകുല സിംഹാസനാരൂഢ രാമരാജാ മംഗളം ജാനകിദേവി തന്‍ വല്ലഭ മംഗളം ദശരഥ തനയനാം മന്നവാ കാരുണ്യസാഗരമേ സര്‍വജന മനസ്സിന്റെ ജയ മംഗളം നിത്യ ശുഭ മംഗളം” ഇങ്ങനെയൊരു മംഗളശ്ലോകം കൂടി ഈ ചിത്രത്തിലുണ്ട്.

‘ശ്രീരാമ പട്ടാഭിഷേകം’ എന്ന സിനിമയിലെ തിരുനയനാര്‍ കുറിച്ചി മാധവന്‍ നായര്‍ എഴുതി ബ്രദര്‍ ലക്ഷ്മണ്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. ‘നാടുവാഴുവാന്‍ പട്ടം കെട്ടും’ എന്നു തുടങ്ങുന്ന ഗാനത്തില്‍ (ആലാപനം-യേശുദാസ്, കമുകറ പുരുഷോത്തമന്‍, സുശീല, എ.പി. കോമള) രാജ്യാഭിഷേകത്തിനു മുന്‍പുള്ള മുന്നൊരുക്കങ്ങളാണ് സൂചിതമായിരിക്കുന്നത്. രാമരാജ്യം ക്ഷേമം ചേരുന്ന മനോഹരകാലമാണെന്നും ആനന്ദകരുണാവിലാസനും രഘുവംശത്തിലെ ചന്ദ്രനും ജാനകീമാനസവാസനുമാണ് രാമചന്ദ്രനെന്നും വാഴ്ത്തുകയാണ് കവി.

‘പോകുന്നിതാ.. നിന്‍ പ്രിയരാമന്‍ വനാന്തേ’ (ആലാപനം-പി.ബി. ശ്രീനിവാസ്) എന്ന ഗാനം രാമന്‍ വനത്തിലേക്കു യാത്രയാകുമ്പോഴുള്ള ഗാനമാണ്. അയോധ്യയുടെ ദീപം മറയുകയാണെന്നും രാമനില്ലാതെ രാജ്യം വെറുമാരു കാടായെന്നും അദ്ദേഹത്തിന്റെ പാദങ്ങള്‍ പതിയുന്ന വനം താമരയേന്തുന്ന നാടാകുമെന്നും കവി.

‘രാമ രാമ സീതാരാമരഘുപതിരാഘവ രാജാരാമ’ (ആലാപനം- കെ.ജെ. യേശുദാസ്, കോറസ്) എന്നു തുടങ്ങുന്ന രാമസ്തുതിയുണ്ട് ഈ സിനിമയില്‍. ദു:ഖമകറ്റുന്ന രാമനാമം ബ്രഹ്മാനന്ദമാണെന്നും മായയാകുന്ന കടലിന്റെ മറുകരയെത്താന്‍ ഈ നാമം അനിവാര്യമെന്നും കവി.
സാക്ഷാല്‍ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ വരികളുമുണ്ട് ഈ സിനിമയില്‍. (ആലാപനം-കമുകറ പുരുഷോത്തമന്‍) ‘വത്സസൗമിത്രേ കുമാര നീ കേള്‍ക്കണം, മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍’ എന്നു തുടങ്ങുന്ന വരികള്‍ (രാമായണത്തിലെ ‘ലക്ഷ്മണോപദേശം’) തത്വചിന്താപരമാണ്. ദേഹം മൂലമുള്ള മോഹം ജ്ഞാനമില്ലായ്മയുടെ ലക്ഷണമാണെന്നും ജീവിതം സ്വപ്‌നതുല്യമാണെന്നും ഭോഗങ്ങള്‍ മിന്നലുപോലെ ക്ഷണികമാണെന്നും ആയുസ്സ് പെട്ടെന്നു നഷ്ടമാകുമെന്നും മലയാളഭാഷാപിതാവ്. അറിവുള്ളവര്‍ കോപം ഉപേക്ഷിക്കണം. കോപം മൂലം മനസ്താപമുണ്ടാകുന്നുവെന്നും കോപം കര്‍മ്മക്ഷയകരമാണെന്നും സംസാരബന്ധനമാണെന്നും തുഞ്ചത്ത് എഴുത്തച്ഛന്‍.
‘താതന്‍ നീ… മാതാവ് നീ’ എന്നു തുടങ്ങുന്ന ഗാനം (ആലാപനം പി.ബി. ശ്രീനിവാസ്) രാമനും ല്ക്ഷ്മണനും ഗാഢബന്ധം കാണിക്കുന്ന പരസ്പരമുള്ള സംഭാഷണമാണ്.
‘രാജാധിരാജ സുത രാജിതശരീരാ’ എന്ന ഗാനം ദശരഥനെക്കുറിച്ചാണ് (ആലാപനം- ജിക്കി, എ.പി. കോമള)
‘പൂക്കാത്ത കാടുകളെ പൂവണിഞ്ഞു (ആലാപനം കെ.ജെ.യേശുദാസ്, കോറസ്) എന്ന ഗാനത്തില്‍ രാമന്‍ വനത്തിലേക്കു വരികയാണെന്നും വെണ്‍ചാമരം വീശുന്നതിനായി താമരപ്പൂങ്കാവില്‍ നിന്നുള്ള പൂമണവുമായി വരണമെന്നും ആവശ്യപ്പെടുന്നു കവി.
‘പറന്നു പറന്നു പറന്നു പൊങ്ങും’ (ആലാപനം കമുകറ പുരുഷോത്തമന്‍, പി.സുശീല) എന്ന ഗാനത്തില്‍ ഭര്‍ത്താവ് അരികിലാണെങ്കില്‍ കാട് തനിക്ക് ദേവലോകമാണെന്ന് സീത പറയുന്നു.
‘മമ തരുണി സീതേ’ (ആലാപനം കമുകറ പുരുഷോത്തമന്‍) എന്ന ഗാനം സീതയെ വനത്തില്‍ നഷ്ടപ്പെട്ട രാമന്റെ വിലാപമാണ്.
ശ്രീരാമവ്യക്തിത്വം നിറയുന്ന മറ്റൊരു ഗാനമാണ് ബിച്ചു തിരുമല എഴുതി ദേവരാജന്‍ ഈണമിട്ട് യേശുദാസ് ആലപിച്ച ‘ഊഞ്ഞാല്‍’ എന്ന ചിത്രത്തിലെ ‘ശ്രീരാമചന്ദ്രന്റെയരികില്‍, സുമന്ത്രര്‍ തെളിക്കുന്ന തേരില്‍’ എന്നു തുടങ്ങുന്ന ഗാനം.
രവീന്ദ്രന്റെ ചാരുതയാര്‍ന്ന സംഗീതത്തില്‍ കൈതപ്രം രചന നിര്‍വ്വഹിച്ച്, യേശുദാസ് തന്റെ മികവാര്‍ന്ന ആലാപന വൈശിഷ്ട്യത്താല്‍ ചോതോഹരമാക്കിയ മൂന്നു ചിത്രങ്ങളുണ്ട്. സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നിവയാണവ. തുടര്‍വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഈ മൂന്നു ചിത്രങ്ങളിലെ ഗാനങ്ങളില്‍ ശ്രീരാമന്റെ ജീവിതം മിന്നിത്തെളിയുന്നുണ്ട്. ആദ്യത്തേത് ‘ജോഗ്’ രാഗത്തിന്റെ മാധുര്യം നിറയുന്ന ‘പ്രമദവനം വീണ്ടും ഋതുരാഗം ചൂടി’ എന്ന പ്രശസ്തമായ ഗാനം. ആദികവിയുടെ ഗാനരസാമൃതലഹരിയില്‍ ഇതള്‍വിരിയുന്ന അയോധ്യാധിപതിയുടെ വ്യക്തിചിത്രം ഗാനത്തിന്റെ അനുപല്ലവിയില്‍ നിറയുന്നു. രാജകിരീടമണിഞ്ഞ ശേഷം സരയൂവിലൊരു ചുടുമിഴിനീര്‍ക്കണമായി അവതാരോദ്ദേശ്യം അവസാനിപ്പിക്കുന്ന രാമന്റെ പുരാവൃത്തം സിനിമയുടെ ഇതിവൃത്തവുമായി മനോഹരമായി കൂട്ടിയിണക്കുന്നു കവി.
തീവ്രദു:ഖത്തെ നന്നായി ദീപ്തമാക്കാന്‍ കഴിയുന്ന രാഗമാണ് ‘ശുഭപന്തുവരാളി’. ഈ രാഗത്തില്‍ ‘രാമകഥാഗാനലയം’ എന്നു തുടങ്ങുന്ന ഗാനം അതിവൈകാരിക വിഷാദസാന്ദ്രതയില്‍ ദ്രുതതാളലയങ്ങളില്‍ രാമചരിതം നിറക്കുന്നു. കാതരയായ ശാരികയെപ്പോലെ അയോധ്യ രാമനുവേണ്ടി പാടുന്നുവെന്ന് കവി. ശ്രുതിലയങ്ങളാകുന്ന സാഗരത്തോട് രാമകഥയാകുന്ന ഗാനലയം തന്റെ തംബുരുവിലേക്ക് പകരാനാവശ്യപ്പെടുകയാണ് അയോദ്ധ്യ. ആരണ്യകാണ്ഡവും സീതയുടെ വിലാപവും വല്‍മീകത്തിലെ (ചിതല്‍പുറ്റ്) താപസമൗനവും, നന്ദിഗ്രാമത്തില്‍, കെട്ടിയുണ്ടാക്കിയ ആശ്രമത്തില്‍ മരവുരി ധരിച്ച് ശ്രീരാമപാദുകങ്ങള്‍ പൂജിച്ചുകൊണ്ട് ഭരതന്‍ അയോദ്ധ്യ ഭരിച്ചതും ഒക്കെ സിനിമയുടെ തിരക്കഥക്കും സന്ദര്‍ഭത്തിനും അനുയോജ്യമായ വിധം ഗാനത്തില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു പ്രതിഭാധനനായ കൈതപ്രം.
ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയാകുന്ന സീതയുടെ അവസാനനിമിഷങ്ങളില്‍ ദു:ഖപുത്രി രാമനോടു സംസാരിക്കുന്നതാണ് ”സുമുഹൂര്‍ത്തമായ് സ്വസ്തി” എന്ന ഗാനം. രാമന്റെ സങ്കല്‍പ പാദപദ്മങ്ങളില്‍ തലചായ്ച്ചുറങ്ങിയ പതിവ്രതയായ സീതയെക്കുറിച്ചുള്ള സ്ത്രീപക്ഷ രചനയാണ് ഇത്. ഹംസധ്വനി, ആഭോഗി, സാരമതി, ഹംസാനന്ദി, മധ്യമാവതി എന്നീ രാഗങ്ങളിലൂടെ മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു രാഗമാലികയാണ് ഇത്. സൂര്യവംശത്തിലെ അയോധ്യാസാമ്രാജ്യവും ത്രൈയംബകം വില്ലൊടിച്ചുകൊണ്ടുള്ള സീതാസ്വയംവരവും (മണ്‍കിടാവ് എന്നാണ് കവി സീതയെ വിശേഷിപ്പിക്കുന്നത്. ഭൂമി ഉഴുതപ്പോള്‍ ഉഴവുചാലില്‍ (‘സിത’) നിന്നും സീതയെ ജനകമഹാരാജാവിനു ലഭിച്ചുവെന്നാണല്ലോ ഐതിഹ്യം. അങ്ങനെയാണ് സീതക്ക് ആ പേര് ലഭിക്കുന്നത്.) വിവാഹത്തിന്റെ അടയാളമായ മുദ്രമോതിരം വലിച്ചെറിയുന്നതു പോലെ സീതയെ വനത്തിലേക്ക് പരിത്യജിച്ചതും അഗ്‌നിയില്‍ സീതയുടെ പാതിവ്രത്യമളന്നതും എല്ലാം സൂചിതമായിരിക്കുന്നു ഈ ഗാനത്തില്‍.

‘ഇലവംഗപ്പൂവുകള്‍ മിഴി തുറന്നു’ (ചിത്രം-ഭക്തഹനുമാന്‍) എന്ന ഗാനവും രാമചരിതത്തിന്റെ ഒരു ഏടാണ്. ‘ആരാണു ഞാനെന്നറിയാമോ? രാമന്‍… ശ്രീരാമന്‍…’ (ചിത്രം, അയോദ്ധ്യ, ഗാനരചന- പി.ഭാസ്‌കരന്‍, സംഗീതം-ദേവരാജന്‍, ആലാപനം-ജയചന്ദ്രന്‍) എന്ന ഗാനം രാമന്റെ വിലാപമാണ്. ഈ ഗാനത്തില്‍ മന്ഥരയുടെ ഉപജാപവും രാജ്യം വിട്ട് കാട്ടിലലയേണ്ടി വന്നതിനേക്കുറിച്ചും ലക്ഷ്മണനേയും സീതയേയും കാട്ടിലുപേക്ഷിച്ചതിനെക്കുറിച്ചും രാമന്‍ പരിതപിക്കുന്നു. ”സൗമിത്രിയുമതു കേട്ടു” (സാക്ഷാല്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ക്ക് ദേവരാജന്റെ സംഗീതം. ആലാപനം-മാധുരി) ‘സീതാ സീമന്തം’ എന്നു തുടങ്ങുന്ന ഗാനം സീതയുടെ വിവാഹാഘോഷങ്ങളെക്കുറിച്ചുള്ളതാണ്. (ചിത്രം-ശ്രീരാമ രാജ്യം, സംഗീതം-ഇളയരാജ, രചന-മങ്കൊമ്പ്).
പഞ്ഞമാസവും വറുതിക്കാലവുമായ കര്‍ക്കടകത്തില്‍ ആദര്‍ശവാനായ ഉത്തമഭരണാധികാരിയുടെ നിദര്‍ശനമെന്ന നിലയില്‍ ശ്രീരാമചന്ദ്രനെ രാമായണപാരായണത്തിലൂടെയും ചിങ്ങമാസത്തില്‍ പ്രജാക്ഷേമതല്‍പരനായ മഹാബലിയെ തിരുവോണ ഐതിഹ്യങ്ങളിലൂടെയും കേരളീയര്‍ സ്മരിക്കുന്നത് ഉത്തമഭരണം നാടിന്റെ സമാധാനത്തിനും പ്രജകളുടെ ഉന്നമനത്തിനും ഐശ്വര്യത്തിനും അത്യന്താപേക്ഷിതമാണ് എന്ന ബോധ്യം ഉണര്‍ത്താന്‍ കൂടിയാവണം. ഈ രാമായണകാലം നന്മയും അഭിവൃദ്ധിയും ഉണര്‍ത്തട്ടെ. ആധ്യാത്മിക ചിന്തയുടേയും ഭക്തിസാധനയുടേയും ഉണര്‍ത്തുപാട്ടാവട്ടെ രാമായണപാരായണം.

Tags: രാമായണം
Share17TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies