ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് ഇത്ര ഫലം കിട്ടുമെന്ന് ആരു കണ്ടു! രാമബാണം പോലെ അത് ഇസ്ലാമിക ഭീകരരെ പിന്തുടര്‍ന്നു വധിക്കുക മാത്രമല്ല, അവര്‍ക്ക് അഭയം നല്കുന്ന പാകിസ്ഥാന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. തൊടുത്തുവിട്ട രാമബാണം ശത്രുവിനെ ഉന്മൂലനം ചെയ്‌തേ തിരിച്ചുവരൂ എന്നത് ഈ കലിയുഗത്തിലും യാഥാര്‍ത്ഥ്യമാകുന്നു. ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണം നടത്തി മുങ്ങിയ ഭീകരരെ പിന്തുടര്‍ന്ന് ജൂലായ് അവസാനം അതിന്റെ ആസൂത്രകനടക്കം നാലുപേരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചു. അവിടെയും തീര്‍ന്നില്ല രാമബാണത്തിന്റെ ശക്തി. പാകിസ്ഥാനെ അത് ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഭീകരര്‍ക്കെതിരെ മോദിക്കൊപ്പം നിന്നതോടെ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. ഇതോടെ പാകിസ്ഥാന്‍ ഭീകരര്‍ക്ക് തങ്ങളുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയും ഭീകരാക്രമണത്തിന്റെ ആസൂത്രകരായ ലഷ്‌കര്‍ ഇ തൊയ്ബയെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തുനോക്കി. ഇതുകൊണ്ടും രക്ഷയില്ലാതെ രാമബാണം ഭയന്ന് പരക്കംപായുന്ന മാരീചനെപോലെ ഭാരതത്തിന്റെ കാല്‍ക്കല്‍ വന്നു ചര്‍ച്ചക്കൊരുങ്ങി. അപ്പോഴും ആ രാജ്യം കാപട്യം വിട്ടില്ല. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവിയും ലഷ്‌കര്‍ നേതാവും പങ്കെടുത്തതിന്റെ വീഡിയോ ഭാരതം പുറത്തുവിട്ടതോടെ ഈ കാപട്യവും പുറത്തായി.
ജൂലായ് 30 ന് പാകധീന കാശ്മീരിലെ കുയ്യാന്‍ ഗ്രാമത്തില്‍ ഭീകരന്‍ ഹബീബ് താഹിറിന്റെ ശവസംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ കമാണ്ടര്‍ റിസ്വാന്‍ ഹനീഫും അനുയായികളും പങ്കെടുത്തപ്പോള്‍ അവര്‍ക്കെതിരെ നാട്ടുകാര്‍ തന്നെ പ്രതികരിച്ചു . ഹബീബിന്റെ മരുമകന്‍ തോക്കുമായെത്തി ഭീകരരെ വെല്ലുവിളിച്ചതോടെ അവര്‍ നാണംകെട്ട് തിരിച്ചുപോയി. കാശ്മീര്‍ തങ്ങളുടെതാണ് എന്നവകാശപ്പെടുന്ന പാകിസ്ഥാന് കാശ്മീര്‍ താഴ്‌വരയില്‍ ഒരു പിന്തുണയുമില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ കാശ്മീരിലെ മുസ്ലിങ്ങള്‍ രംഗത്തുവന്നത് അതിന്റെ സൂചനയാണ്. പാക്കധീന കാശ്മീരായിരുന്നു അവരുടെ നഴ്‌സറി. അവിടെയും രക്ഷയില്ല എന്നാണ് പുതിയ സംഭവം കാണിക്കുന്നത്. ഭീകരര്‍ക്കാശ്രയം നല്കിയാല്‍ തങ്ങളും രാമബാണമേറ്റ് നശിക്കുമെന്നു പാക്കധീന കാശ്മീരിലെ ജനത തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് കലിയുഗത്തിലും രാമബാണത്തിന്റെ ശക്തി.





















