ഗ്രീക്കുമിത്തോളജിയിലെ രണ്ടു രസകരമായ കഥാപാത്രങ്ങളാണ് എക്കോയും(Echo) ) നാര്‍സിസസും(Narcissus). ഗ്രീസിലെ സിത്തറോണ്‍ (Cithaeron) മലനിരകളില്‍ വസിച്ചിരുന്ന സുന്ദരിയായ അപ്‌സരസ്സ് ആയിരുന്ന എക്കോ തന്റെ തന്നെ മനോഹരമായ ശബ്ദത്തില്‍ ആകൃഷ്ടയായതുമൂലം അമിതമായി സംസാരിച്ചത് അവള്‍ക്ക് വിനയായി. ജൂണോയും (ഗ്രീസില്‍ ഹീര) ജുപിറ്ററും (ഗ്രീസില്‍ സീയസ്) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആവശ്യത്തിലധികം സംസാരിച്ചതു കാരണം ജൂണോ എക്കോയെ ശപിച്ചു. ‘ഇനി മുതല്‍ സംസാരശേഷി നഷ്ടപ്പെട്ടുപോകട്ടേ. മറ്റുള്ളവരാരെങ്കിലും വന്നു സംസാരിച്ചാല്‍ അതിലെ അവസാനവാക്കുമാത്രം നിനക്ക് തിരിച്ചുച്ചരിക്കാന്‍ കഴിയും’ എന്നായിരുന്നു ശാപം അന്നുമുതല്‍ മലമുകളില്‍ പ്രതിധ്വനി കേള്‍പ്പിച്ചു കഴിയേണ്ടിവന്നു എക്കോക്ക്. നാര്‍സിസസ് എക്കോയുടെ താമസ സ്ഥലത്തു കൂടി കടന്നുപോയപ്പോള്‍ എക്കോയ്ക്ക് അയ്യാളോടു പ്രണയം തോന്നി പക്ഷേ പറയാന്‍ നിവൃത്തിയില്ല. അയാള്‍ പറഞ്ഞ വാചകങ്ങളിലെ അവസാനവാക്കുമാത്രം ആവര്‍ത്തിച്ച അവളെ നിഷ്‌ക്കരുണം തള്ളിമാറ്റി നാര്‍സിസസ് കടന്നുപോയി.
നാര്‍സിസസ് ആണെങ്കിലോ അസാധാരണ സൗന്ദര്യംമൂലം സ്ത്രീകളെയും പുരുഷന്മാരെയും ആകര്‍ഷിച്ച വ്യക്തിയായിരുന്നു. സമര്‍ത്ഥനായ വേട്ടക്കാരന്‍ കൂടിയായിരുന്ന അയാള്‍ വനത്തിലെ ജലാശയത്തില്‍ തന്റെ രൂപം പ്രതിബിംബിച്ചു കണ്ടപ്പോള്‍ അതു മറ്റാരോ ആണെന്നു കരുതി ആ പ്രതിബിംബത്തെ പ്രണയിക്കാന്‍ തുടങ്ങി. ഏതോ സുന്ദരിയായ (സുന്ദരനായ) അപ്‌സരസ്സ് വെള്ളത്തില്‍ ഒളിച്ചിരിക്കുകയാണെന്നായിരുന്നു നാര്‍സിസസ് ധരിച്ചത്. രാവും പകലും അവള്‍ക്കായി അയാള്‍ കാത്തിരുന്നു. ഒടുവില്‍ അവിടെ കിടന്നു തന്നെ അയാള്‍ മരിച്ചു (പ്രണയ നൈരാശ്യം മൂലം സ്വയം കുത്തി മരിച്ചു എന്നും ചില പാഠാന്തരങ്ങളുണ്ട്.)
ആത്മപ്രണയികളാണ് എക്കോയും നാര്‍സിസസും. സമൂഹനിരപേക്ഷമാണ് രണ്ടുപേരുടേയും മനോഭാവം. അതവര്‍ക്കും വിനയായിത്തീരുകയായിരുന്നു. ഈ കഥകള്‍ വളരെ വലിയ ചില സന്ദേശങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് പുരാണകര്‍ത്താക്കള്‍ രചിച്ചിട്ടുണ്ടാവുക. ഒരു പരിധിക്കപ്പുറം സ്വയം സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയിക്കാനാവില്ല. എക്കോയും നാര്‍സിസസും സുന്ദരിയും സുന്ദരനുമായിരുന്നു. ഒരാള്‍ മനോഹരമായ ശബ്ദത്തിനുടമായിരുന്നു. രണ്ടാമന്‍ വലിയ വേട്ടക്കാരനായിരുന്നു. എന്നാല്‍ കടുത്ത ആത്മപ്രണയം രണ്ടുപേര്‍ക്കും വിനയായി. കേരളത്തിലെ മിക്കവാറും എഴുത്തുകാരെല്ലാം ഇത്തരം ആത്മപ്രണയികളാണ്. അവര്‍ക്കു ചുറ്റുമുള്ള സമൂഹം വലിയ വിപത്തിലേക്ക് നീങ്ങുമ്പോഴും അതിനെതിരെ ഒരു ചെറുവിരല്‍ പോലുമനക്കാതെ സ്വന്തം ദന്തഗോപുരങ്ങളില്‍ വസിക്കുകയാണവര്‍. ‘സമാധാനപൂര്‍ണമായ ഒരു സമൂഹത്തിലേ കലയും സാഹിത്യവുമൊക്കെ നിലനില്‍ക്കൂ.’ യുദ്ധവും വറുതിയും കലാപങ്ങളും വേട്ടയാടുന്ന ഒരു സമൂഹത്തില്‍ കലകളോട് ആര്‍ക്കും പ്രതിപത്തിയുണ്ടാവില്ല. പലസ്തീനിലെ മഹത്തായ കവിതകള്‍ എന്ന പേരില്‍ മാതൃഭൂമിയും മാധ്യമവും ഇടയ്ക്കിടക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്ന കവിതകളെല്ലാം ഒന്നുകില്‍ പ്രതികാരത്തിനുള്ള വെറും ആഹ്വാനങ്ങളോ അല്ലെങ്കില്‍ തങ്ങളുടെ ദയനീയതയെക്കുറിച്ചുള്ള വിലാപങ്ങളോ മാത്രമാണ്. അതിലൊന്നും യഥാര്‍ത്ഥത്തില്‍ സാഹിത്യമൊന്നുമില്ല. എങ്കിലും കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ അവയെയൊക്കെ കവിതയായി വെറുതെ ലോകം കണക്കാക്കാറുണ്ട്. പലസ്തീനിലെ ഏറ്റവും വലിയ കവിത യഥാര്‍ത്ഥത്തില്‍ ഏകെ ഫോട്ടിസെവന്‍ റൈഫിളുകള്‍ മാത്രമാണ്.
തമിഴ് വംശീയ പ്രശ്‌നം നടന്നകാലത്ത് ശ്രീലങ്കന്‍ തമിഴര്‍ യുദ്ധത്തിനിടയിലെ ഇടവേളകളില്‍ ഒത്തുകൂടി ചെറിയ കലാപ്രകടനങ്ങള്‍ നടത്തുന്നതിന്റെ ഒരു വീഡിയോ ഒരിക്കല്‍ കണ്ടത് ഓര്‍മവരുന്നു. എം.ജി. ആറിന്റെ ചിത്രം വച്ച് മാലയിട്ടശേഷം നടത്തുന്ന ആ കലാപ്രകടനത്തില്‍ കുട്ടികളെല്ലാം തോക്കേന്തിയാണ് നൃത്തം ചെയ്യുന്നത്. നൃത്തം എന്നൊന്നും പറയാനില്ല. ഒരാളുപോലും ചിരിക്കാത്ത ആ കലാവിരുന്നില്‍ നൃത്തമെന്ന പേരില്‍ ചില വികൃത ചലനങ്ങളേ കാണാന്‍ കഴിഞ്ഞുള്ളൂ. കാരണം മരണം ഏതുസമയത്തും തങ്ങളെ ആക്രമിച്ചു പിടിക്കും എന്ന അവസ്ഥയില്‍ ഒരു കലയും അവര്‍ക്കു വഴങ്ങുമായിരുന്നില്ല. പലസ്തീനിലെ കവികളും തമിഴ് കലാകാരന്മാരും നമുക്കു നല്‍കുന്നത് ഒരേ പാഠമാണ്. സുരക്ഷിതമായ ഒരു രാഷ്ട്രം ഉണ്ടെങ്കിലേ എല്ലാമുള്ളൂ, കലയും പ്രണയവും ജീവിതവും എല്ലാം. അതുകൊണ്ടു തന്നെ കലാപ്രവര്‍ത്തനത്തോടൊപ്പം തന്നെ ഒരു ക്ഷേമരാഷ്ട്രം നിലനിര്‍ത്താന്‍ പോന്ന പ്രവര്‍ത്തനങ്ങളിലും കലാകാരന്‍ പങ്കാളിയാകണം. കലയില്‍ അതു ഉള്‍പ്പെടുത്തണം എന്നല്ല ഇപ്പറയുന്നതിന്റെ പൊരുള്‍. അത്തരം പ്രവര്‍ത്തനങ്ങളോട് കൃത്യമായ പക്ഷപാതിത്വം കലാകാരന് ഉണ്ടായിരിക്കണം; പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യന്‍-കേരള സാഹചര്യത്തില്‍-സ്വരാജ്യത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ നാട്ടില്‍ ഉണ്ടെന്നിരിക്കേ അതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ എഴുത്തുകാരും കലാകാരന്മാരും ഉണ്ടാവണം. ആ പ്രവര്‍ ത്തനം സൂക്ഷ്മാര്‍ത്ഥത്തില്‍ രാജ്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനമല്ല. മറിച്ച് അവരവര്‍ക്കുവേണ്ടിയുള്ളതുതന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അരക്ഷിതത്വം നിറഞ്ഞ ഒരു രാഷ്ട്രത്തില്‍ കലയോ സാഹിത്യമോ ഉണ്ടാവില്ല. വെടിയൊച്ചകളായിരിക്കും അവിടത്തെ സംഗീതം. ചോരകൊണ്ടെഴുതുന്നവയാവും കവിതകള്‍. അതുകൊണ്ട് മലയാളത്തിലെ എഴുത്തുകാര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന രാഷ്ട്രവിരുദ്ധ സമീപനം ഉപേക്ഷിക്കേണ്ടത് അവരവര്‍ക്കു തന്നെ വേണ്ടിയാണെന്ന് ഓര്‍ത്താല്‍ നല്ലത്.
യൂറോപ്പില്‍ ആധുനിക നാടകത്തിന്റെ പിതാവായി കണക്കാക്കുന്നതു ഹെന്റിക് ഇബ്‌സനെയാണ് (Henrik Ibsen). നോര്‍വീജിയന്‍ എഴുത്തുകാരനായ അദ്ദേഹം മരിക്കുന്നത് 1906ല്‍ ആണ്. അപ്പോള്‍ നൊബേല്‍ സമ്മാനം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 1901ലാണ് സളി പ്രൂഥോവിന് (Sully Prudhome – French) ആദ്യ സമ്മാനം ലഭിക്കുന്നത്. മഹാസാഹിത്യകാരനായി ലോകം വാഴ്ത്തിയിട്ടും ഇബ്‌സന് നൊബേല്‍ ലഭിച്ചില്ല. യോണ്‍ സ്റ്റേണ്‍ യോണ്‍സണ്‍ (Bjornstjerne Bjornson), നെട്ട് ഹാംസണ്‍(knut hamsun), സിഗ്രിഡ് യൂണ്‍സെറ്റ് (sigrid undset), യോണ്‍ ഫോസ്സേ ((Jonfosse) എന്നിങ്ങനെ നാലു നോര്‍വീജിയന്‍ സാഹിത്യകാരന്മാര്‍ക്ക് നൊബേല്‍ ലഭിച്ചിട്ടുണ്ട്. അതില്‍ മലയാളികള്‍ക്കു പരിചയം ഇബ്‌സനേയും നട്ട്ഹാംസനേയും മാത്രമാണ്. രണ്ടുപേര്‍ക്കും ഇവിടെ ധാരാളം അനുകര്‍ത്താക്കളുണ്ടായി. ഇബ്‌സനെ ഒരു മലയാളി എഴുത്തുകാരന്‍ എന്ന് തോന്നിക്കുന്ന നിലയില്‍ നമുക്കു പരിചിതമാണ്. പ്രൊഫ. എന്‍. കൃഷ്ണപിള്ളയെ ഇവിടെ ചിലര്‍ കേരളത്തിലെ ഇബ്‌സണ്‍ എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മിക്കവാറും കൃതികളും മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഗുപ്തന്‍ നായരെപ്പോലുള്ള നിരൂപകര്‍ അദ്ദേഹത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അതുപോലെതന്നെ നട്ട്ഹാംസനേയും പലരും അനുകരിച്ചു. അദ്ദേഹത്തിനും ധാരാളം വിവര്‍ത്തനങ്ങളും പരാമര്‍ശങ്ങളും ഉണ്ടായി (ശരിയായ ഉച്ചാരണ ക്‌ന്യൂട്ട് ഹാംസണ്‍ എന്നാണെങ്കിലും മലയാളികള്‍ ആദ്യകാലങ്ങളില്‍ ന്യൂട്ട്ഹംസണ്‍ എന്നും പിന്നീട് നട്ട് ഹാംസണ്‍ എന്നും ആണ് ആ പേരിനെ എഴുതിയിരുന്നത്.)
വെറും അന്‍പത്തിയാറുലക്ഷം പേരുമാത്രം താമസിക്കുന്ന ഇന്ത്യയുടെ ഏകദേശം പത്തിലൊന്നു വലിപ്പമുള്ള ഒരു ചെറുരാജ്യമാണ് നോര്‍വേ. അവിടെ നിന്നു നാലുപേര്‍ക്കു നൊബേല്‍ സമ്മാനം ലഭിച്ചുവെന്നത് ഒരു വലിയ സംഭവമായി നമുക്കു തോന്നാം. നമ്മള്‍ മലയാളികള്‍ക്ക് മൂന്നരക്കോടിയിലധികം ജനസംഖ്യയുണ്ടായിട്ടും നമുക്കൊരു നൊബേല്‍ സമ്മാനം ലഭിച്ചില്ലല്ലോ എന്നു നമ്മള്‍ പരിഭവിച്ചേക്കാം. സ്വീഡിഷ് അക്കാദമി ഇംഗ്ലീഷ്, സ്വീഡിഷ്, ജര്‍മന്‍, ഫ്രെഞ്ച് എന്നീ ഭാഷകളിലെ കൃതികളെ മാത്രമേ പരിഗണിക്കൂ എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. ലോകത്തിലെ ഏതുഭാഷയിലെ കൃതിയേയും അക്കാദമി പരിഗണിക്കും. കൃതിയുടെ സാഹിത്യമൂല്യത്തെക്കുറിച്ച് അംഗങ്ങള്‍ക്കു ബോധ്യപ്പെട്ടാല്‍ അതതുഭാഷകളില്‍ നിന്നുതന്നെ വിദഗ്ദ്ധരെ നിയമിച്ച് അക്കാദമി വിലയിരുത്തും. സത്യത്തില്‍ തര്‍ജ്ജമകള്‍ ക്കല്ല അവാര്‍ഡ് നല്‍കുന്നത്. എന്നാല്‍ തര്‍ജ്ജമകളിലൂടെ കൃതിയുടെ സാഹിത്യമൂല്യം സ്വീഡന്‍ വരെ എത്തിയാലേ അക്കാദമിയുടെ ശ്രദ്ധയില്‍ പെടുകയുള്ളൂ. അറബ് ഭാഷയില്‍ എഴുതിയിരുന്ന ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂദിന് (Naguib Mahfouz) 1988ല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
നൊബേല്‍ ഒരു സാഹിത്യകാരനു ലഭിക്കുന്ന പരമാവധി അംഗീകാരമാണ് എന്ന് കണക്കാക്കേണ്ടതില്ല. യൂറോപ്പിന്റെ സാഹിത്യാസ്വാദന മാനദണ്ഡമല്ല നമ്മുടേത്. തകഴി മിക്കവാറും യൂറോപ്യന്‍ ഭാഷകളിലേയ്ക്കും വി വര്‍ത്തനം ചെയ്യപ്പെട്ടിട്ടും യൂറോപ്പില്‍ ത്തന്നെ വളരെയധികം ഭാഷകളില്‍ ചെമ്മീനിനും സിനിമാ രൂപാന്തരണമുണ്ടായിട്ടും തകഴിയെ സമ്മാനത്തിനു പരിഗണിച്ചില്ല. ടാഗൂറിനെക്കാളും തികച്ചും മികച്ച നോവലിസ്റ്റ് തകഴി തന്നെയാണ്. എന്നാല്‍ കവിതയിലും നാടകത്തിലുമൊക്കെ ടാഗൂര്‍ ചെയ്തതൊന്നും തകഴി ചെയ്തിട്ടില്ല. സമ്മാനം ലഭിക്കാതിരുന്നിട്ടും ഇബ്‌സണ്‍ മലയാളികള്‍ക്കു പ്രിയങ്കരനായി. യോണ്‍ഫോതസയ്ക്കാണ് 2023ല്‍ നൊബേല്‍ ലഭിച്ചത്. സമ്മാനം ലഭിച്ച സന്ദര്‍ഭത്തില്‍ ചില ലേഖനങ്ങളൊക്കെ വന്നിരുന്നെങ്കിലും ഇബ്‌സനും ഹാംസനും ലഭിച്ച വ്യാപകമായ പരിചയം ഫോസ്സേയ്ക്കും ലഭിച്ചില്ല. ചില വിവരങ്ങള്‍ ഉണ്ടായെങ്കിലും അതിനൊന്നും സ്വീകാര്യതയുണ്ടായില്ല. 70ലധികം നോവലുകളും കവിതകളും ബാലസാഹിത്യ കൃതികളും നാടകങ്ങളും എഴുതിയിട്ടുള്ള ഫോസ്സേയുടെ ഒരു കൃതിക്കു പോലും കേരളത്തില്‍ കാര്യമായ വായനക്കാരെ കിട്ടുന്നില്ല. അന്‍പതിലധികം ലോകഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്രേ! നൊബേല്‍ ലഭിക്കുമ്പോള്‍ പേരിനുവേണ്ടി ചില വിവര്‍ത്തനങ്ങള്‍ പ്രധാന ഭാഷകളിലെല്ലാമുണ്ടാവും. മലയാളത്തില്‍ വായനക്കാരില്ല എന്നതുകൊണ്ട് ഫോസോയുടെ കൃതികള്‍ മോശമാണെന്നല്ല അര്‍ത്ഥം.
ഫോസെയുടെ മെലങ്കളി(Melancholy) ) പോലുള്ള കൃതികള്‍ അതിഗഹനമായ മനുഷ്യാവസ്ഥകളെ അനാവരണം ചെയ്യുന്നതാണ്. നാലുഭാഗങ്ങളുള്ള നോവലിലെ ഭാഷ കവിതയ്ക്കു സമമാണ്. Lar Hertervig എന്ന ചിത്രകാരന്റെ ജീവിതം, പ്രണയം, അയാളെ ബാധിക്കുന്ന മാനസികരോഗം, മാനസികരോഗവും പ്രതിഭയും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് സൂക്ഷ്മമായി അന്വേഷിക്കുന്ന മഹത്തായ ഈ കൃതി ഗൗരവമായി വായിക്കപ്പെടേണ്ട ഒന്നാണ്. മലയാളത്തില്‍ ഇതിനു വിവര്‍ത്തനം ഉണ്ടാകട്ടേ എന്നു ആഗ്രഹിക്കുന്നു. ഇത്തരം സൂക്ഷ്മാംശങ്ങളിലേയ്ക്ക് പോകാന്‍ നമുക്കു താല്പര്യമില്ല. പകരം എങ്ങനെയെങ്കിലും വിവാദമുണ്ടാക്കി പ്രശസ്തനാവുക എന്നതാണ് നമ്മുടെ ലക്ഷ്യം.
പഴയകാലത്തെ കേരളത്തിലെ എഴുത്തുകാര്‍ പാശ്ചാത്യകൃതികളില്‍ നിന്നും ഉത്തേജനം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഇംഗ്ലീഷ് മീഡിയം ഉല്‍പ്പന്നങ്ങളായ എഴുത്തുകാര്‍ അക്ഷരംപ്രതി അവയെ പിന്‍പറ്റാനാണ് നോക്കുന്നത്. എന്നാല്‍ ആ പിന്‍പറ്റല്‍ അവയുടെ ഉള്ളിലേയ്ക്ക് കടന്നിട്ടല്ല. പുറന്തോടുമാത്രം അനുകരിക്കലാണ് പുതിയ എഴുത്തുകാരുടെ രീതി. പിന്നെ നേരത്തേ സൂചിപ്പിച്ചപോലെ ഒരു വിവാദം ഉണ്ടാക്കി സജീവമായി നിലനില്‍ക്കുക എന്ന പൊടിക്കൈയും.
‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന ശ്രദ്ധേയമായ നോവല്‍ എഴുതിയിട്ടും കേരള സമൂഹത്തില്‍ നിന്നും വേണ്ടത്ര പിന്‍തുണ തനിക്കുകിട്ടുന്നില്ല എന്ന തോന്നലാവാം ‘അന്ധര്‍, ബധിരര്‍, മൂകര്‍, എന്ന തികച്ചും ദേശവിരുദ്ധമായ ഒരു നോവല്‍ എഴുതാന്‍ റ്റി.ഡി. രാമകൃഷ്ണനെ പ്രേരിപ്പിച്ചത്. കാശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ അവിടത്തെ പെണ്‍കുട്ടികളെ ബലാല്‍ സംഗം ചെയ്യുന്നു എന്ന നുണയൊക്കെ എഴുതിയാല്‍ തനിക്കു നോബേല്‍ സമ്മാനം ലഭിക്കും എന്ന് രാമകൃഷ്ണന്‍ കരുതുന്നുണ്ടാവാം. സത്യമാണ് ഏറ്റവും വലിയ സാഹിത്യം എന്നു ഈ നോവലിസ്റ്റ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വന്തം ജന്മരാജ്യത്തെ ബോധപൂര്‍വ്വം ഒറ്റിക്കൊടുത്തുകൊണ്ട് മഹാസാഹിത്യകാരനാവാം എന്ന രാമകൃഷ്ണന്റെ ദുര്‍ബുദ്ധി വിലപ്പോവുമെന്നു തോന്നുന്നില്ല. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനെതിരെ ചില അമേരിക്കന്‍ എഴുത്തുകാര്‍ രംഗത്തെത്തിയത് അതില്‍ സത്യമുള്ളതുകൊണ്ടാണ്. ഇന്ത്യയുടെ കാശ്മീര്‍ നയത്തില്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ ഒന്നുമില്ല. റ്റി.ഡി രാമകൃഷ്ണന്‍ എഴുതുന്നതു പച്ചക്കള്ളം. അതിനു നിലനില്പില്ല. മലയാളം വാരികയില്‍ ദിവ്യ അരുണ്‍ യോണ്‍ഫോസോയുടെ സാഹിത്യ (ജൂലായ് 14) ജീവിതത്തെക്കുറിച്ചെഴുതിയത് വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ കുറിക്കാന്‍ തോന്നിയത്.






















