ഒരു സമൂഹം അനുഷ്ഠിച്ചുവരുന്ന ആചാരങ്ങള്‍ക്ക് കാലങ്ങളിലൂടെ വ്യതിയാനം സംഭവിക്കാം. സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ആ വ്യതിയാനം നയിച്ചെന്നും വരാം. സതിയനുഷ്ഠാനം, ജാതിവ്യവസ്ഥ മുതലായവ ഇതിനുദാഹരണങ്ങളാണ്. യുദ്ധത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടാല്‍ ശത്രുക്കളുടെ കയ്യില്‍ അകപ്പെടാതിരിക്കാന്‍ കൈക്കൊണ്ട ഒരനുഷ്ഠാനമായിരുന്നു സതി എന്ന ആചാരം. ഭാരതം നിരന്തരം വൈദേശികാക്രമണത്തിന് വിധേയമായിക്കൊണ്ടിരുന്ന കാലത്തായിരുന്നല്ലോ ക്ഷത്രിയ സ്ത്രീകളുടെയിടയില്‍ ഈ അനുഷ്ഠാനം പ്രചാരത്തില്‍ വന്നത്. ഭഗവാനില്‍ സമര്‍പ്പിച്ചുകൊണ്ട് കര്‍മം ചെയ്യുകയെന്നത് ഭാരതീയ ആചാരങ്ങളുടെ ഒരു സവിശേഷതയാണ്. ഘോരയുദ്ധത്തെപ്പോലും സാമൂഹിക നന്മയ്ക്കായി അര്‍പ്പണം ചെയ്തുകൊണ്ട് കര്‍മത്തെ മഹത്തരമാക്കാന്‍ ഭഗവദ്ഗീതയും ഉപദേശിക്കുന്നുണ്ട്. ഇപ്രകാരം സ്ത്രീകള്‍, ശത്രുക്കളുടെ കയ്യിലകപ്പെട്ട് ദുരിതപൂര്‍ണമായേക്കാവുന്ന അവരുടെ ജീവിതം പരമശിവനെയും സതീദേവിയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് അവസാനിപ്പിച്ചിരുന്നതാണ് സതിയനുഷ്ഠാനം. സതീദേവി ഗത്യന്തരമില്ലാതെ തന്റെ ശരീരം യാഗാഗ്‌നിയില്‍ അര്‍പ്പിക്കുകയും, പിന്നീട് പാര്‍വ്വതിയുടെ രൂപത്തില്‍ ഭഗവാനെ പരിണയിക്കുകയും ചെയ്ത പുരാണ കഥയാണ് ഈ ആചാരത്തിന്നാധാരം. നിസ്സഹയാവസ്ഥയില്‍ ഈശ്വരനെ ശരണം പ്രാപിക്കുകയെന്നത് ഭാരതീയരെ സംബന്ധിച്ച് സദാചാരമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇതൊരു ദുരാചാരമായിത്തീര്‍ന്നു. ഏത് സാഹചര്യത്തിലായാലും ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ഭാര്യയും ജീവന്‍ ത്യജിക്കണമെന്നത് ഒരാചാരമായി മാറിയപ്പോള്‍ അത് ഏറെ ഹീനമായ ഒന്നായിത്തീര്‍ന്നു. ഇപ്രകാരം ഏത് കര്‍മവും അതിന്റെ ലക്ഷ്യമനുസരിച്ച് സദാചാരമോ ദുരാചാരമോ ആയിത്തീരാമെന്ന വാസ്തവമാണ് ഇവിടെ വ്യക്തമാകുന്നത്. ഗീതയിലെ നിഷ്‌കാമ കര്‍മത്തിന്റെ പൊരുളും ഇതുതന്നെയാണ്. കുരുക്ഷേത്രയുദ്ധത്തെ തുടക്കത്തില്‍ അര്‍ജുനന്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കൗരവര്‍ തങ്ങളില്‍ നിന്നു തട്ടിയെടുത്ത രാജ്യം തിരികെപ്പിടിക്കുന്നതാണ് ലക്ഷ്യമെന്നും, അതിനായി തന്റെ ബന്ധുജനത്തെ കുരുതികൊടുക്കുന്നതാണ് കുരുക്ഷേത്രയുദ്ധത്തിലൂടെ നടക്കാന്‍ പോകുന്നതെന്നുമാണ് അര്‍ജുനന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ കൃഷ്ണന്‍ ആ യുദ്ധത്തെ ധര്‍മസ്ഥാപനാര്‍ത്ഥമാണെന്ന് ബോധ്യപ്പെടുത്തിയതോടെ അത് മംഗളകരമായ ഒരു കര്‍മമായി മാറി വിജയം വരിച്ചു.
ജാതിവ്യവസ്ഥ ഗതിമാറുമ്പോള്‍
ജാതിവ്യവസ്ഥയുടെ കാര്യമെടുത്താല്‍, ആദ്യം അത് ജന്മവാസനയനുസരിച്ചുള്ള തൊഴില്‍ വ്യവസ്ഥയായിരുന്നുവെന്ന അഭിപ്രായം ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. പിന്നീട് അതിന്റെ ലക്ഷ്യവും ഗതിയും മാറിപ്പോയി. തൊഴിലിനോടും കര്‍മശേഷിയോടുമുള്ള ബന്ധം വിട്ട്, ജാതി കുലവുമായി ബന്ധം സ്ഥാപിക്കുകയും, തൊഴിലിതര സാമൂഹിക രംഗങ്ങളില്‍ കടന്നുകയറുകയും ചെയ്തതുകാരണം അങ്ങേയറ്റം ദുഷിച്ച രീതിയായിത്തീര്‍ന്നു. സമൂഹത്തില്‍ ജ്ഞാനം പ്രസരിപ്പിക്കാനുള്ള അവകാശം ജ്ഞാനികളിലും, ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം കായബലവും ധൈര്യവുമുള്ള ക്ഷത്രിയന്മാരിലും, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ മറ്റുള്ളവരിലും നിക്ഷിപ്തമാക്കിയെന്നതില്‍ തെറ്റു കാണാന്‍ സാധ്യമല്ല. എല്ലാത്തരം തൊഴിലിനും മാന്യത കല്പിക്കണമെന്നതില്‍ വിട്ടുവീഴ്ച കാണിക്കുമ്പോഴാണ് പ്രശ്‌നമുദിക്കുന്നത്. ഏത് തൊഴിലിനും യോഗ്യത കണക്കിലെടുക്കുന്നത് ഇന്നും നടന്നുവരുന്നു. ഇത് ജാതിയുടെ അടിസ്ഥാനത്തില്‍ അല്ലെന്നതും ശ്രദ്ധേയമാണ്. പ്രാചീന ഗ്രീസില്‍ പ്ലേറ്റോയും ഗുണങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരെ തരം തിരിക്കണമെന്ന വാദമുന്നയിച്ചിരുന്നു. ഉദാഹരണത്തിന് ജ്ഞാനികളായിരിക്കണം ഭരണത്തലവന്മാര്‍ എന്നായിരുന്നു പ്ലേറ്റോയുടെ അഭിപ്രായം. ആധുനിക കാലത്ത് എഫ്.എച്ച്. ബ്രാഡ്‌ലി ‘മൈ സ്റ്റേഷന്‍ ആന്‍ഡ് ഇറ്റ്‌സ് ഡ്യൂട്ടീസ്’ എന്ന ശ്രദ്ധേയമായ പ്രബന്ധത്തില്‍ ഗുണാനുസൃത തൊഴില്‍ വ്യവസ്ഥയെ അനുകൂലിക്കുന്ന വാദമുയര്‍ത്തിയിരുന്നു. ഉത്തമ സമൂഹത്തില്‍ ഓരോ വ്യക്തിക്കും തന്റെ പ്രത്യേക താല്പര്യവും സാമര്‍ത്ഥ്യവും അനുസരിച്ചുള്ള തൊഴില്‍ ഏറ്റെടുക്കാന്‍ സാധ്യമാകണമെന്നും, വ്യക്തികള്‍ അവരവരുടെ കഴിവുകള്‍ക്കനുസരണം ജോലി ചെയ്യുകയെന്നത് അവരുടെ സ്വധര്‍മമാണെന്നും ബ്രാഡ്‌ലി വാദിച്ചു.
ഭാരതത്തില്‍ പില്‍ക്കാലത്ത് ജാതിവ്യവസ്ഥ തൊഴില്‍ സംവിധാനത്തില്‍ നിന്നകന്ന് കുടുംബ വ്യവസ്ഥയായി മാറിയപ്പോള്‍ സ്വാഭാവികമായിത്തന്നെ മനുഷ്യവിരുദ്ധമായ നിരവധി അനാചാരങ്ങളും ഉടലെടുക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ശക്തമായ ഇടപെടലുകളിലൂടെ സമൂഹത്തിന് ഉദ്‌ബോധനം നല്‍കിയതോടെ അനാചാരങ്ങള്‍ക്ക് വലിയൊരളവോളം അറുതിവന്നു. ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നവരും നിരാകരിക്കുന്നവരും അതിനോട് ഒരുപോലെ വൈകാരിക സമീപനം സ്വീകരിക്കുന്നത് കാണാം. ജാതി ഉരുത്തിരിഞ്ഞതും പരിണമിച്ചതുമായ സാഹചര്യം വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിന് ഈ സമീപനം തടസ്സമാണ്. ജാതി നിലനിര്‍ത്തിക്കൊണ്ട് ജാതീയമായ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെന്നുണ്ടെങ്കില്‍ അത് ഉടലെടുത്തതും ഉരുത്തിരിഞ്ഞതും പരിണമിച്ചതുമായ സാമൂഹ്യ സാഹചര്യം അറിയേണ്ടതുണ്ട്. രോഗനിര്‍ണയം ശരിയായില്ലെങ്കില്‍ ചികിത്സ ഫലിക്കില്ലല്ലോ.
ആധുനിക കാലത്തെ ചില കലാസാഹിത്യകാരന്മാരെയും ആത്മീയാചാര്യന്മാരെയുമാണ് ജാതിക്കെതിരായ സദാചാര ഉദ്‌ബോധകരായി പരിഗണിക്കുന്നത്. എന്നാല്‍ ദ്വാപരയുഗത്തിന്റെ അവസാനം ജാതി (വര്‍ണം) സമ്പ്രദായം മുറുകെപ്പിടിച്ചിരുന്ന ഹസ്തിനപുര രാജവംശജരുടെ നായകനായ ശ്രീകൃഷ്ണനാണ് ഈ വ്യവസ്ഥയെ ആദ്യം ചോദ്യം ചെയ്ത സാമൂഹിക പരിഷ്‌ക്കര്‍ത്താവ്. ഗുണങ്ങള്‍ക്കനുസരിച്ചുള്ള വര്‍ണവ്യവസ്ഥ പ്രകൃതിയുടെ ത്രിഗുണങ്ങളെ ആസ്പദമാക്കിയുള്ള സ്വാഭാവിക തരംതിരിവാണെന്ന് ഗീതയില്‍ കൃഷ്ണന്‍ സ്വയം വ്യക്തമാക്കുന്നുവെന്നത് ശരിയാണ്. സൃഷ്ടിയില്‍ നിന്ന് അന്യമല്ലെന്നതിനാല്‍ മനുഷ്യന്‍ തന്റെ പ്രകൃത്യാലുള്ള ഗുണമനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നത് സൃഷ്ടിയുടെ നിയോഗമാണെന്നു സാരം. എന്നാല്‍ ആത്യന്തിക സത്യങ്ങളാകുന്ന പ്രകൃതി-പുരുഷന്മാരുടെ അവതാരമെന്ന നിലയ്ക്ക് ഇപ്രകാരം വര്‍ണവ്യവസ്ഥയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന ശ്രീകൃഷ്ണ ന്‍ തന്നെയാണ് അതിലെ ക്രമക്കേടുകളെയും ദുരാചാരങ്ങളെയും എതിര്‍ത്തു തോല്പിച്ചത്. ക്ഷത്രിയന്‍ യുദ്ധം ചെയ്യുന്നത് സ്വാര്‍ത്ഥലാഭം മുന്നില്‍ കണ്ടുകൊണ്ടാവരുത്, സാമൂഹിക നന്മ ലക്ഷ്യം വച്ചുകൊണ്ടായിരിക്കണമെന്നും, അയാള്‍ തന്റെ കടമയില്‍ നിന്ന് പിന്‍മാറാന്‍ പാടില്ലെന്നുമുള്ള വിലപ്പെട്ട സന്ദേശം നല്‍കിക്കൊണ്ട് പാണ്ഡവരെ സ്വധര്‍മത്തിലേക്ക് നയിച്ച കൃഷ്ണനാണ് മറ്റ് സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ക്കെല്ലാം മാതൃകയായിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നതാണ് അശ്വത്ഥാമാവ് എന്ന കുറ്റവാളിയായ ബ്രാഹ്മണനോടുള്ള കൃഷ്ണന്റെ നിലപാട്.
പാണ്ഡവരുടെ വിജയത്തിന് ഏറ്റവും വലിയ വിലങ്ങുതടികളായിരുന്ന ഭീഷ്മര്‍, ദ്രോണര്‍, കര്‍ണന്‍ മുതലായവരെ നിര്‍മാര്‍ജനം ചെയ്ത ശേഷം അവര്‍ക്ക് നേരിടേണ്ടിവന്ന കൊടുംവിനയായിരുന്നു ദ്രോണപുത്രന്‍ അശ്വത്ഥാമാവ്. അശ്വത്ഥാമാവിന്റെ ദുരാഗ്രഹങ്ങള്‍ക്ക് കുട പിടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട പിതാവ് ദ്രോണര്‍ക്ക് സംഭവിച്ചത് ‘ഗുരു’ എന്ന തന്റെ ശ്രേഷ്ഠപദവിയില്‍ നിന്നുള്ള പതനമായിരുന്നു. സ്വന്തം മകന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത കേട്ട് ദുഃഖിതനായ ദ്രോണര്‍ യുദ്ധം നിര്‍ത്തിവച്ച് ധ്യാനനിരതനായിരിക്കുമ്പോഴാണ് ധൃഷ്ടദ്യുമ്‌നന്‍ വകവരുത്തിയത്. ഇതില്‍ പ്രതികാര ദാഹംപൂണ്ട് പാണ്ഡവകുലത്തെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാന്‍ അശ്വത്ഥാമാവ് തീരുമാനിക്കുന്നു. ഒരു ഗുരുവിനെ കൊല്ലാന്‍ ശിഷ്യന്മാര്‍ തന്നെ ഗൂഢതന്ത്രം പ്രയോഗിച്ചുവെന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ യുദ്ധരംഗത്ത് ആരും ഗുരുക്കന്മാരോ ശിഷ്യന്മാരോ ആകുന്നില്ല, യോദ്ധാക്കള്‍ മാത്രമാണ്. യുദ്ധക്കളത്തില്‍ ഒരാള്‍ ധ്യാനനിരതനാകുന്നത് അസ്വാഭാവികമാണ്. എതിരാളി അത് മാനിക്കേണ്ട കാര്യമില്ല. മാത്രമല്ല, ആ ധര്‍മയുദ്ധത്തിന് ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നായിരുന്നു ദ്രോണര്‍. ഭീഷ്മരും കര്‍ണനുമായിരുന്നു മറ്റ് ഭീഷണികള്‍. ഇവരെ മൂന്നുപേരെയും വധിച്ചത് കുതന്ത്രങ്ങളുടെ ബലത്തിലാണെന്ന വിമര്‍ശനമുണ്ട്. എന്നാല്‍ യുദ്ധത്തെ യുദ്ധം കൊണ്ടു നേരിടുന്നതുപോലെ കുതന്ത്രത്തെ കുതന്ത്രം കൊണ്ടും നേരിടുന്ന കാഴ്ചയാണ് ഇവരുടെ വധത്തില്‍ പ്രകടമാകുന്നത്. ശകുനിയുടെ കുതന്ത്രങ്ങള്‍ക്കുള്ള മറുപടിയായിരുന്നു വാസ്തവത്തില്‍ കുരുക്ഷേത്രയുദ്ധം. കുതന്ത്രം ധര്‍മസ്ഥാപനാര്‍ത്ഥമാകുമ്പോള്‍ അതിനെ യുദ്ധതന്ത്രമായി മാത്രം കരുതുന്നതാണ് യുക്തി.
ഉറങ്ങിക്കിടന്നിരുന്ന പാണ്ഡവ പുത്രന്മാരെയും പാഞ്ചാലീസോദരന്‍ ധൃഷ്ടദ്യുമ്‌നനെയും വധിച്ച ശേഷം അശ്വത്ഥാമാവ് വ്യാസനെ അഭയം പ്രാപിക്കുന്നു. അയാള്‍ക്കറിയാം കൃഷ്ണനും പാണ്ഡവരും തന്നെത്തേടി വന്ന് ആക്രമിക്കുമെന്ന്. ഇവിടെ, ക്രൂരകൃത്യം ചെയ്ത അശ്വത്ഥാമാവിനോടുള്ള പാണ്ഡവരുടെയും വ്യാസന്റെയും ശ്രീകൃഷ്ണന്റെയും പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ അക്കാലത്തെ ആചാരം, സാമൂഹിക പരിഷ്‌ക്കരണം, സനാതന ധര്‍മനിഷ്ഠ എന്നിവയുടെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കും. അശ്വത്ഥാമാവിനെ കീഴ്‌പ്പെടുത്തിയ ശേഷം അയാളെ പിടിച്ചുകെട്ടി പാണ്ഡവരുടെ പാളയത്തിലേക്ക് കൊണ്ടുവരുന്നു. അയാള്‍ക്ക് എന്ത് ശിക്ഷ കൊടുക്കണമെന്ന് പാണ്ഡവര്‍ ദ്രൗപദിയോട് ചോദിക്കുന്നു. അശ്വത്ഥാമാവിന്റെ മാതാവിനെ ഓര്‍ത്തുകൊണ്ടും, അയാള്‍ ബ്രാഹ്മണനാണ് അതിനാല്‍ വധ്യനല്ലെന്ന അന്നത്തെ സാമൂഹിക പരിഗണന വകവച്ചുകൊണ്ടും ദ്രൗപദി അശ്വത്ഥാമാവിന് വധശിക്ഷ നല്‍കുന്നത് നിരാകരിക്കുന്നു. മറ്റ് പാണ്ഡവരും ഇതിനോട് യോജിക്കുന്നു.
എന്നാല്‍ ശ്രീകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് മറിച്ചായിരുന്നു. ‘ഇവനെ ബ്രാഹ്മണനായിക്കരുതി വെറുതെ വിടാന്‍ പാടില്ല, ഭീകര ശത്രുവും നിഷ്ഠൂരനുമായ ഇവന് വധശിക്ഷ നല്‍കേണ്ടതാണ്.’ പാണ്ഡവരുടെ വംശം നശിപ്പിക്കുന്നതിനായി വിനാശകരവും ജനദ്രോഹകരവുമായ ബ്രഹ്മാസ്ത്രം, അതും അയാള്‍ക്ക് നിയന്ത്രണവിധേയമല്ലാത്ത മഹാസ്ത്രം രണ്ടുപ്രാവശ്യം പ്രയോഗിച്ച അധമനാണ് അശ്വത്ഥാമാവ്. ഇവിടെ ശിക്ഷാവിധിയുടെ കാര്യത്തില്‍ ജാതിയുടെ പരിഗണന നല്‍കുന്നതിനെ എതിര്‍ക്കുന്ന ദ്വാപരയുഗ സാമൂഹിക പരിഷ്‌ക്കര്‍ത്താവിനെയാണ് ശ്രീകൃഷ്ണനില്‍ കാണാന്‍ സാധിക്കുന്നത്. അതിപുരാതന കാലത്തുപോലും ആചാരം ദുരാചാരമായാല്‍ എതിര്‍ക്കാന്‍ സാമൂഹിക വിപ്ലവകാരികള്‍ രംഗത്തുണ്ടായിരുന്നുവെന്ന് വ്യക്തം.
വര്‍ണവ്യവസ്ഥ ദൃഢമായി പാലിക്കപ്പെട്ടിരുന്ന ഹസ്തിനപുര വാസികള്‍ ബ്രാഹ്മണഹത്യ പാപമായിക്കരുതിയതിനാലാണ് അശ്വത്ഥാമാവിനെ കൊല്ലാന്‍ വിമുഖത കാട്ടിയത്. അയാള്‍ക്ക് ജന്‍മനായുണ്ടായിരുന്ന ദിവ്യപരിവേഷം (നെറ്റിയിലെ രത്‌നം) അടര്‍ത്തി മാറ്റി വിട്ടയയ്ക്കുകയാണ് ചെയ്തത്. ആ അധമനോടു തോന്നിയ ബ്രാഹ്മണഭക്തി കാരണം ഒട്ടും താമസം കൂടാതെ തന്നെ പാണ്ഡവര്‍ വീണ്ടും ആക്രമണത്തിനു വിധേയരായി – അശ്വത്ഥാമാവ് അഭിമന്യുവിന്റെ പത്‌നിയായ ഉത്തരയുടെ ഗര്‍ഭസ്ഥ ശിശുവിനെപ്പോലും വധിക്കാനൊരുങ്ങി. ഈ സന്ദര്‍ഭം വ്യക്തമാക്കുന്നത്, കുറ്റവാളികള്‍ക്ക് ജാതിയുടെയും മറ്റും ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ പാടില്ല. ഒരേ കുറ്റം ചെയ്യുന്നവര്‍ ഏത് ജാതിയില്‍പ്പെട്ടാലും ഒരേ രീതിയില്‍ ശിക്ഷിക്കപ്പെടണം. ഇതുള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ നമ്മുടെ ഭരണഘടന. എന്നിട്ടും ചിലര്‍ ചില അവസരങ്ങളില്‍ തുറുപ്പുചീട്ടായി ജാതിക്കാര്‍ഡ് ഇറക്കുന്നത് ആശ്ചര്യമുളവാക്കുന്നതാണ്. ജാതിയുടെ ആനുകൂല്യം സ്വന്തം ഉല്‍ക്കര്‍ഷത്തിനായി ഉപയോഗപ്പെടുത്താന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. പക്ഷേ ആ ആനുകൂല്യം സാമൂഹിക ദ്രോഹികളുടെ കൈകളില്‍ സാമുദായിക ധ്രുവീകരണത്തിന് ആയുധമാക്കപ്പെടുന്നത് ചോദ്യം ചെയ്യേണ്ടതാകുന്നു.
അശ്വത്ഥാമാവ് വധാര്‍ഹന്‍
ഹൈന്ദവ ആചാരങ്ങളില്‍ ധര്‍മയുദ്ധം സദാചാരമാണെങ്കിലും അഹിംസയാണ് കേവലമായിട്ടുള്ള സനാതന ധര്‍മം. ഇവിടെ അശ്വത്ഥാമാവിന് അഭയം നല്‍കിയ വ്യാസന്‍ വ്യക്തമാക്കുന്നത് കേവലമായിട്ടുള്ള സനാതന ധര്‍മമാണ്. സനാതന ധര്‍മം ലക്ഷ്യവും സദാചാരം മാര്‍ഗവുമാണ്. കേവല സത്യത്തില്‍ ധ്യാനനിരതരാകുന്ന ഋഷികള്‍ക്ക് സാമൂഹികാചാരങ്ങളുമായി ബന്ധമില്ല. എന്നാല്‍ അവര്‍ അഹിംസ പോലുള്ള സനാതന ധര്‍മം പുലര്‍ത്തുന്നവരാണ്. സദാചാരം സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ളതാണ്. യഥാര്‍ത്ഥ സന്ന്യാസിക്ക് ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ല. ധര്‍മികളും അധര്‍മികളുമെന്ന വിവേചനം പോലുമില്ല. അതിനാലാണ് അവര്‍ സമൂഹംവിട്ട് ഏകാന്തവാസം നയിക്കുന്നത്. വ്യാസന്‍ അശ്വത്ഥാമാവിനെ സ്വീകരിച്ചത് ഇക്കാരണത്താലാണ്. എന്നാല്‍ സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് സത്യം, ന്യായം, നന്മ മുതലായ മൂല്യങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ പക്ഷം പിടിച്ച് പ്രവര്‍ത്തിക്കുകയെന്നത് ധര്‍മ്മവും സദാചാരവുമാണ്. സമൂഹത്തെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. അധര്‍മനിരതരെ ശിക്ഷിക്കുന്നതും ധര്‍മ്മം തന്നെയാകുന്നു. അഹിംസ പോലുള്ള കേവലാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് തപോവനങ്ങളില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഋഷികള്‍ തന്നെയാണ് സമൂഹത്തിനു വേണ്ടതായ ഇത്തരം ധാര്‍മിക നിര്‍ദ്ദേശങ്ങള്‍ അവരുടെ മഹത്തായ കൃതികളിലൂടെ നല്‍കിയിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്. രാമായണത്തില്‍ താടകയെക്കൊല്ലാന്‍ വിശ്വാമിത്രന് സാധിക്കുമായിരുന്നിട്ടും അത് ചെയ്യുന്നില്ല, രാമനെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. ഇവിടെ വിശ്വാമിത്രന്റെ സ്വധര്‍മം അഹിംസയാകുന്നു. എന്നാല്‍ രാജകുമാരനായിരുന്ന രാമനെ സംബന്ധിച്ച്, മനുഷ്യരെ കൊന്നുതിന്നുന്ന യക്ഷിയായ താടകയെ വധിക്കുകയെന്നത് സ്വധര്‍മമാകുന്നു. ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ കുറ്റം വിലയിരുത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവയൊന്നും വ്യക്തികളില്‍ നിക്ഷിപ്തമല്ല. എന്നാല്‍ ധര്‍മം സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനമൊന്നുമില്ല. ഇതിനര്‍ത്ഥം ധര്‍മസംരക്ഷണാര്‍ത്ഥം ശബ്ദമുയര്‍ത്തുകയെന്നത് സമൂഹത്തില്‍ ജീവിക്കുന്നവരും ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നവരുമായ പൗരന്മാരുടെ സ്വധര്‍മ്മമാകുന്നുവെന്നാണ്. എന്നാല്‍ അധികം പേരും അധര്‍മത്തിനു നേരെ കണ്ണടയ്ക്കുന്നവരാണ്. ഇക്കാര്യത്തില്‍ അവര്‍ ഋഷികളെപ്പോലെ ക്ഷമാശീലരാകുന്നു! വിവേചനരഹിതരാകുന്നു! വാസ്തവത്തില്‍ ഇവര്‍ സ്വന്തം സന്തോഷത്തിനു മുകളില്‍ ധര്‍മത്തെ കാണാത്തവരാകുന്നു, അതിനാലാണ് അധര്‍മത്തെ നേരിടാനുള്ള ആര്‍ജവം നഷ്ടപ്പെട്ടവരാകുന്നത്.





















