തമിഴകമെന്നാല്‍ തമിഴ് സംസാരിക്കുന്ന സ്ഥലം. തമിഴകത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് തൊല്‍കാപ്പിയത്തിലെ ചിറപ്പ്പായിരത്തില്‍ ‘വടവേങ്കിടം തെന്‍കുമരി ആയിടൈ തമിഴ്കൂറുനല്ലുലകം’ എന്ന് നല്‍കിയിരിക്കുന്നു. വടക്ക് തിരുപ്പതി മുതല്‍ തെക്ക് കന്യാകുമാരി വരെ എന്നര്‍ത്ഥം. നല്ല തമിഴ് സംസാരിക്കുന്ന ഈ പ്രദേശം സംഘസാഹിത്യത്തിലെ പ്രസിദ്ധമായ ഐന്തിണയെന്ന പരികല്‍പ്പനയുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതുപോലെതന്നെ ദ്രാവിഡ സംസ്‌കാരത്തിന്റെ അടിസ്ഥാനവും പ്രകൃതിയും ഭൂമിയുടെ ഘടനയുമായി ബന്ധപ്പെട്ടതാണ്. മലയുമായി ബന്ധപ്പെട്ട വാക്കാണ് ദ്രാവിഡം.237 ദ്രാവിഡര്‍ മലയാളികളായിരുന്നുവെന്ന് കമില്‍വി സ്വലിബില്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ സ്വയം കുറിക്കുന്നതിനുപയോഗിക്കുന്ന പദങ്ങളിലെല്ലാമുള്ള കൊ/കോ, കു/കൂ എന്നീപദങ്ങളും മല്‍-അയ് (മലൈ) എന്ന പദവും അവര്‍ക്ക് മലകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. ദ്രാവിഡ ഭാഷകളുടെ നാമങ്ങള്‍ മിക്കവയും മലയുമായി ബന്ധപ്പെട്ടവയാണ്.238 ഭാഷയുടെ ഉച്ചാരണത്തിലും ധ്വനിപരമായും ആര്യ-ദ്രാവിഡ ഭാഷകള്‍ തമ്മില്‍ വിശാലമായ സമ്പര്‍ക്കവും സാമ്യവുമുണ്ടായിരുന്നു. ഷൂള്‍ ബ്ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് ഡോ.കെ.എന്‍. എഴുത്തച്ഛനെഴുതുന്നത്, ക്രിസ്തുവര്‍ഷാരംഭത്തിലെ ഇന്ത്യന്‍ ഭാഷകളുടെ ചരിത്രം പരിശോധിച്ചാല്‍ തെക്കും വടക്കുമുള്ള എല്ലാഭാഷകളിലും സാമാന്യമായി ഒരേതരത്തിലുള്ള ധ്വനി വിജ്ഞാനീയ തത്വങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണാമെന്നാണ്. ഇന്‍ഡോ-ആര്യനും ദ്രാവിഡഭാഷകളും അക്കാര്യത്തില്‍ സമാനമാണ്. മഗധ, പഞ്ചാബ്, പടിഞ്ഞാറനിന്ത്യ എന്നിവിടങ്ങളിലെ ഭാഷാഭേദങ്ങള്‍ തമ്മിലും സംസ്‌കൃതത്തില്‍ നിന്നും അവ വ്യത്യാസപ്പെട്ടിരിക്കുന്നത് പ്രധാനമായും ഉച്ചാരണം, സ്വരഭേദങ്ങള്‍, വ്യഞ്ജന സംഘാതങ്ങളിലെ ലളിതവല്‍ക്കരണം, ലോപങ്ങള്‍, വികാരങ്ങളുടെയും ക്രിയാരൂപാഖ്യാനങ്ങളുടെയും അവ്യവസ്ഥ എന്നിവമൂലമാണ്. തൊട്ടുപിന്നാലേ ബുദ്ധമതഗ്രന്ഥങ്ങളിലുപയോഗിച്ചിട്ടുള്ള പാലി, ജൈന മതഗ്രന്ഥങ്ങളിലെ മാഗധി എന്നീ ഭാഷകളാണ്. അക്കാലത്ത് തെന്നിന്ത്യയില്‍ പൊതുവേ ഉപയോഗിച്ചിരുന്നത് ദ്രാവിഡ ഭാഷയാണ്. തെക്കന്‍ ദ്രാവിഡത്തില്‍ ഗോത്രഭാഷകളുള്‍പ്പെടെ പല ഭാഷകളുമുള്ളതില്‍ ഏറ്റവും പ്രമുഖം തമിഴും മലയാളവും കന്നഡം തെലുഗു എന്നിവയുമാണ്. തുളു, കൂര്‍ഗ് ഭാഷകളും അതില്‍പ്പെടുന്നുണ്ട്. ഇവയുടെയെന്നല്ല, പൊതുവേ ഭാഷകളുടെയെല്ലാം വര്‍ണമാലാക്രമം അ, ഇ, ഉ എന്ന ക്രമത്തിലല്ലാതെ മറ്റൊരു ക്രമത്തില്‍- ഉ കാര ഇ കാരങ്ങളായിട്ട് -മാറി വന്നുകൂടേ എന്ന ശങ്കയ്ക്കടിസ്ഥാനമില്ലെന്നും, ഇത് നമ്മുടെ പൂര്‍വികന്മാരാല്‍ ചെയ്യപ്പെട്ട ക്രമമാണെന്നും, അവര്‍ പ്രകൃതിചേഷ്ടയെ നോക്കാതെയും ഏതെങ്കിലുമൊരു ന്യായംകൂടാതെയും യാതൊന്നിനും വ്യവസ്ഥ ചെയ്തിട്ടുള്ളവരല്ലെന്നും അതിന്റെ ക്രമം ഒരിക്കലും മാറിയിട്ടില്ലെന്നും 239 ചട്ടമ്പിസ്വാമികളെഴുതുന്നത് തൊല്‍കാപ്പിയത്തിലെ പിറപ്പിയലിനെ ആധാരമാക്കിയാണെന്ന് വ്യക്തം. 240 എന്നാല്‍, ‘ഉച്ചാരണ ശാസ്ത്രത്തിന്റെ വൈജ്ഞാനികതലം പ്രാദേശിക വക്താവ് നല്‍കുന്ന ഉച്ചാരണ പ്രക്രിയയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളിലാണ് കേന്ദ്രീകരിക്കുന്നതെന്നും, അതിനാല്‍, ഉച്ചാരണശാസ്ത്രം ശരീരശാസ്ത്രപരമെന്നതിനെക്കാള്‍ സാമൂഹികശാസ്ത്രപരമാണെ’ന്നും 241 മാര്‍ഷല്‍ ഡര്‍ബിന്‍ വിശദീകരിക്കുന്നുണ്ട്. ആദിഭാഷയില്‍ (പു.131) ചട്ടമ്പിസ്വാമികള്‍ പറയുന്നത്, അലിപ്പാലിന്റെ തദ്ഭവരൂപങ്ങളാണ് അലിഫ്, ക്ലീബം, അല്‍ഫ, ഓലാഫ് മുതലായവ. ചപൂരത്തിന് സഫ(ബ)ര്‍, ബിന്ദു, അ, ഫ്‌തോ (പ്‌തോ) എന്നെല്ലാം അനുക്രമം, ഹിന്ദുസ്ഥാനി- അറബ്, സംസ്‌കൃതം, ലാറ്റിന്‍ -ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പറയാറുണ്ട്. എന്നാല്‍, മൂലദ്രാവിഡത്തിലെപോലെ ചപുരാദി സംജ്ഞകളുടെ വിവരണങ്ങളും മറ്റും ഇവയില്‍ കാണുന്നില്ല. അതുകൊണ്ട് അവയില്‍ ഈ സമ്പ്രദായത്തെ അര്‍ത്ഥവിചിന്തനംകൂടാതെ മൂലദ്രാവിഡത്തില്‍നിന്ന് പകര്‍ത്തിയതാണെന്നേ അനുമാനിച്ചുകൂടൂ. 242 ആദിഭാഷയായി മൂലദ്രാവിഡത്തെയാണ് ഉദ്ദേശ്യമാക്കുന്നതെന്നകാര്യം സംശയലേശമെന്യേ സ്വാമികള്‍ പറയുന്നുണ്ട്. ‘അനേകകാലം പലപല പരിഷ്‌കാരങ്ങള്‍ ചെന്ന് പരിപുഷ്ടമായി ശോഭിക്കുന്ന തമിഴിന്റെ പൂര്‍വരൂപമായ മൂലദ്രാവിഡം തന്നെ ഇതരഭാഷകളുടെ ആദിമാതാവെന്ന് വ്യക്തമായല്ലൊ.’ അതിനാണ് ഭൂമിശാസ്ത്രപരമായ സാധ്യതയെന്നും, ജീവോല്‍പ്പത്തിക്ക്, ‘ശീതോഷ്ണങ്ങളുടെ മാത്രാനുഗുണ്യം മുതലായ ലക്ഷണങ്ങള്‍ തികഞ്ഞ സ്ഥലം സിംഹളദ്വീപിന് ഏതാണ്ട് പശ്ചിമഭാഗത്ത് കിടന്നിരുന്ന ഈ ഭൂവിഭാഗമാണെ’ന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. 243 ആദ്യം മനുഷ്യര്‍ പിറന്ന സ്ഥലത്താകുമല്ലോ ആദ്യത്തെ ഭാഷയും പിറന്നതെന്നും അത് തന്നെയാകണമല്ലൊ മറ്റ് ഭാഷകളുടെയും മാതാവെന്നുമാണ് തന്റെ നിലപാട് അദ്ദേഹം സാധൂകരിക്കുന്നത്. (പു.135) ആദ്യത്തെ മനുഷ്യോല്‍പ്പത്തി ആഫ്രിക്കയില്‍ മാത്രമല്ല, ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ പലേടത്തുമാകാമെന്ന് ഈ പഠനത്തിന്റെ മുന്‍ഭാഗത്ത് സെന്‍ഘോറിനെ ഉദ്ധരിച്ച് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. തമിഴെന്ന വാക്ക് ദ്രാവിഡഭാഷയെ കുറിക്കാനാണുപയോഗിച്ചു വന്നിരുന്നതെന്നും താനാണത് ഭാഷയെ സൂചിപ്പിക്കാനും ദ്രാവിഡപദം ഭാഷാകുടുംബ നാമമായും ഉപയോഗിച്ചു തുടങ്ങിയതെന്നും കാല്‍ഡ്വല്‍ എഴുതിയിട്ടുള്ളത് ഓര്‍ക്കുമല്ലൊ.
എങ്കിലും ഭൃഗുബ്രാഹ്മണരുടെ കേരളോല്‍പ്പത്തിവാദത്തെ നഖശിഖാന്തം ഖണ്ഡിച്ചു തള്ളുന്നതില്‍കാട്ടുന്ന വിട്ടുവീഴ്ചയില്ലായ്മ മൂലദ്രാവിഡത്തെക്കാള്‍ മൂപ്പുമുറ സംസ്‌കൃതത്തിനുണ്ടെന്ന പക്ഷത്തെ ഖണ്ഡിക്കുന്നതിലും തെളിഞ്ഞുകിടപ്പുണ്ട്. അത് പലപ്പോഴും സംസ്‌കൃതത്തിന് അര്‍ഹിക്കുന്ന വിഹിതം നല്‍കുന്നതില്‍ നിന്ന് സ്വാമികളെ തടയുന്നുമുണ്ട്. എന്നാല്‍, പ്രാകൃതത്തില്‍ നിന്നുണ്ടായതാണ് സംസ്‌കൃതമെന്ന അഭിപ്രായം തികച്ചും അസാധുവുമല്ല. അതിന് അദ്ദേഹമുന്നയിക്കുന്ന ന്യായങ്ങളും പൂര്‍ണമായി നിരാകരിക്കപ്പെടാവുന്നതല്ല. അത് അല്‍പ്പം കൂടി വികസിപ്പിച്ചാല്‍ പ്രാകൃതത്തിന്റെ അപഭൃംശമാണ് തമിഴെന്ന വാദത്തിലെത്തുകയും സ്വാമികളുന്നയിക്കുന്ന ദ്രാവിഡ പുത്രിയാണ് സംസ്‌കൃതമെന്ന നിലയിലേയ്‌ക്കെത്തിച്ചേരുകയും ചെയ്യും. പക്ഷേ, പ്രാകൃതവും ദ്രാവിഡവും തികച്ചും ഏകമാണെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടില്ല. സംസ്‌കൃതത്തിലും ദ്രാവിഡത്തിലും ആസ്‌ത്രോ ഏഷ്യാറ്റിക് ഭാഷകളിലെ വാക്കുകള്‍ ധാരാളമുണ്ടെന്ന് 244 സില്‍വിയന്‍ ലെവി, ജയിംസ് ഹോര്‍ണല്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഡോ.കെ.എന്‍. എഴുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 245 Dravidian Languages An Introduction എന്ന കൃതിയില്‍, എമിനോവിനെ ഉദ്ധരിച്ചുകൊണ്ട് കമില്‍.വി.സ്വലിബില്‍ എഴുതുന്നത്, വൈദിക സംസ്‌കൃതത്തെ സ്വാധീനിച്ചിട്ടുള്ളത് മുണ്ഡഭാഷയും വടക്കേ ഇന്ത്യന്‍ ദ്രാവിഡ ഭാഷയുമാണെന്ന അഭിപ്രായമാണ്. തെക്കേ ഇന്ത്യയിലെ ജനസംഖ്യയില്‍ ദ്രാവിഡര്‍ക്ക് മുമ്പുള്ള പോലിനേഷ്യക്കാരുടെ കലര്‍പ്പ് ധാരാളമുണ്ടെന്നും, ദ്രാവിഡരുടെ ആഗമനത്തിന് ശേഷവും മലേഷ്യയില്‍ നിന്ന് ഇവിടെ കുടിയേറിപ്പാര്‍പ്പുണ്ടായിട്ടുണ്ടെന്നും, അവരാണ് മലയാ ഉപദ്വീപില്‍നിന്ന് തെങ്ങ് ഇന്ത്യന്‍ ഉപദ്വീപില്‍ കൊണ്ടുവന്നതെന്നും ജെയിംസ് ഹോര്‍ണല്‍ പറയുന്നത് ലെവി ചൂണ്ടിക്കാണിക്കുന്നു. സ്ഥലനാമങ്ങളിലും സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും നാമിപ്പോഴുപയോഗിക്കുന്നതും ദ്രാവിഡമെന്ന് ഉറച്ച് വിശ്വസിക്കുന്നതുമായ നിരവധി വാക്കുകള്‍- ഉദാ. കര്‍, കുക്, ഉരു, ഉര്‍, ഊര്‍ മുതലായ സ്ഥലനാമ സൂചകങ്ങള്‍-സുമേറിയ നോ, ആസ്‌ത്രോ ഏഷ്യനോ ആകാമെന്ന് വിശദീകരിക്കുന്നുണ്ട്. തെക്കന്‍ദ്രാവിഡത്തിലെ സ്വതന്ത്രമെന്ന് വച്ചിട്ടുള്ള പദകുടുംബം തന്നെ പ്രാചീനമുണ്ഡയോട് കടപ്പെട്ടിരിക്കുന്നുവെന്ന് എഫ്.ആര്‍. ഝേയും കൂപ്പറും വിശദീകരിച്ചിട്ടുണ്ട്. 246 വൈദികസംസ്‌കൃതത്തിലും ലൗകിക സംസ്‌കൃതത്തിലും രൂപംമാറി എത്തിയിട്ടുള്ള മുണ്ഡാപദങ്ങളുടെ ഒരുപട്ടിക അദ്ദേഹം നല്‍കിയിട്ടുണ്ട്. സംസ്‌കൃതവും ദ്രാവിഡവും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ആ ഭാഷകളിലെ ആസ്‌ത്രോ – ഏഷ്യന്‍, മുണ്ഡാഭാഷകളുടെ ഇടപെടല്‍ വളരെ പ്രധാനമാണെന്ന് സൂചിപ്പിക്കുകയാണിവിടെ.
തൊല്‍കാപ്പിയര്‍ സംസ്‌കൃത വ്യാകരണപ്രകാരമാണ് തമിഴിന്റെ വ്യാകരണവിധികള്‍ രൂപപ്പെടുത്തിയതെന്ന സ്വാമികളുടെ നിരീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് 247 കെ.എന്‍. എഴുത്തച്ഛന്റെയും പൊര്‍ക്കോവിന്റെയും മറ്റും ഈ വിഷയത്തിലുള്ള വിചിന്തനങ്ങള്‍. പദാരംഭത്തിലും പദാവസാനത്തിലുംമറ്റും വരുന്ന വ്യഞ്ജനങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങളില്‍ പ്രാതിശാഖ്യ ഗ്രന്ഥങ്ങളാണ് തൊല്ലാചാര്യന്റെ മാതൃകയെന്ന് 248 എഴുത്തച്ഛന്‍ പറയുന്നു. തൊല്‍കാപ്പിയവും അഷ്ടാധ്യായിയുമെന്ന ഗവേഷണകൃതിയിലും249 മറ്റും പറയുന്ന ഇക്കാര്യം തൊല്ലില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘തമിഴാണ് ഏറ്റവും പഴക്കമേറിയ (ദ്രാവിഡഭാഷകളില്‍) തെന്നായിരുന്നൂ പണ്ട് ഭാഷാപണ്ഡിതന്മാരുടെ പക്ഷ’മെന്നും ‘ഇന്നതിന് ഇളക്കം തട്ടിയിരിക്കുന്നു’വെന്നും 250 എഴുത്തച്ഛന്‍ പറയുന്നു.

തെന്നിന്ത്യന്‍ സംസ്‌കാരം/ തമിഴക പാരമ്പര്യം
ഇന്ത്യയുടെ കാലാവസ്ഥാപരിണാമം ഒരു പ്രത്യേക രീതിയിലാണുണ്ടായതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. വരള്‍ച്ച, മഴ, വീണ്ടും വരള്‍ച്ച, പിന്നെയും മഴ ഇങ്ങനെ മാറി മാറി പല ആവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇന്നത്തെ കാലാവസ്ഥയിലെത്തിച്ചേര്‍ന്നത്. ഇന്ത്യയുടെ മിക്കപ്രദേശങ്ങളുടെയും കഥയാണിത്. 251 ഉദാഹരണത്തിന്, ഹാരപ്പാന്‍ സംസ്‌കാരത്തിന്റെ കാലത്ത് രജപുത്താന ഒരു കടലായിരുന്നുവെന്നാണ് ഡോ.സങ്കാലിയ അഭിപ്രായപ്പെടുന്നത്. കടല്‍ പിന്‍വാങ്ങിയതിനുശേഷമാണ് രജപുത്താന ഒരു വരണ്ട മരുഭൂമിയായി മാറിയത്. ഇത്തരം മാറ്റങ്ങള്‍ പല പ്രാവശ്യം സംഭവിച്ചിട്ടുള്ള മേഖലയാണ് കേരളം. 252 ലോകത്തിന്റെ പൊതുസാഹചര്യങ്ങളില്‍ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ പ്രാചീനവികാസങ്ങളെന്ന് കരുതാന്‍ കാരണമൊന്നുമില്ലെന്ന് ഡി.ഡി. കൊസാംബി പ്രസ്താവിക്കുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യയുടെ പ്രാങ്ചരിത്രത്തില്‍, ഒടുക്കത്തെ ഹിമയുഗം യൂറോപ്പിലേത് പോലെ അത്ര കഠിനമോ വിപുലമോ ആയിരുന്നില്ല. വേട്ടയാടല്‍, മത്സ്യംപിടിക്കല്‍ എന്നിവയ്ക്കുപുറമേയുള്ള ഭക്ഷണാന്വേഷണരീതികളും ഇന്ത്യന്‍പ്രദേശങ്ങളില്‍, യൂറോപ്പിലോ, യൂറോപ്യന്‍ വന്‍കരയിലോപെട്ട പ്രദേശങ്ങളിലേതിനെക്കാള്‍, സുഖകരമായിരുന്നു. കൂടുതല്‍ വിസ്തൃതരംഗവും ഉണ്ടായിരുന്നു. കാര്‍ഷികവിഭവങ്ങളും പ്രകൃതിവിഭവങ്ങളും ധാരാളം ലഭ്യമായിരുന്നു. ജീവികളെ കൊന്നുതിന്നാതെതന്നെ സന്തുലിതമായ ആഹാരം ലഭിക്കുകയും ചെയ്യുമായിരുന്നു. 253 അഹിംസയ്ക്കും അധ്യാത്മവിദ്യയ്ക്കും പ്രഭവഭൂമിയായി ഇന്ത്യ മാറാന്‍ ഇതൊരു പ്രധാന സാഹചര്യമാണെന്ന് കൊസാംബി പ്രസ്താവിക്കുന്നു. അതുകൊണ്ട് മറ്റിടങ്ങളില്‍ ആളുകള്‍ ഭക്ഷ്യോല്പാദകരായി മാറിയപ്പോള്‍ ഇവിടെ കുറേപ്പേര്‍ക്ക് ഭക്ഷ്യാന്വേഷകരായി കഴിയാന്‍ സാധിച്ചു. ഭക്ഷ്യാന്വേഷകര്‍ സഞ്ചാരി വര്‍ഗമായിരിക്കുമല്ലോ.
അവര്‍ ജീവിതസൗകര്യങ്ങള്‍ മിക്കവാറുമുള്ള ഡക്കാനില്‍ കെട്ടിപ്പടുത്ത സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് പിന്നീട് ദക്ഷിണേന്ത്യന്‍ സംസ്‌കാരമെന്നറിയപ്പെട്ടത്. മാടുകളുടെ സാന്നിദ്ധ്യം, ഉപ്പിന്റെ വിനിമയം, തീരപ്രദേശത്തിലേയ്ക്കുള്ള വഴികള്‍, ശിലോപകരണങ്ങള്‍, തീയുടെ പ്രയോഗം, തീരപ്രദേശത്തിനടുത്തുള്ള മലനാടുകളില്‍ ലഭ്യമായ പരമാവധി പ്രകൃതി വിഭവങ്ങള്‍-എന്നിവ ഡക്കാനില്‍ ചരിത്രത്തിന്റെ ആരംഭത്തിനുള്ള രംഗമൊരുക്കി. 254 ആ രംഗത്ത് ആദ്യം എത്തപ്പെട്ടവരെ, അഥവാ അവിടുത്തെ മലനിരകളില്‍ കുടുങ്ങിപ്പോയവരായ ആദിമനിവാസികളെ ഉള്‍ക്കാടുകളിലേയ്ക്കും മലകളിലേയ്ക്കും തള്ളിയത് ദ്രാവിഡരാണെന്ന് ഒരു സിദ്ധാന്തമുണ്ട്. ദ്രാവിഡരെ തെക്കോട്ട് തള്ളിയത് ആര്യന്മാരാണെന്നും. പക്ഷേ, ദ്രാവിഡര്‍ ആദിമജനതയുമായി നേര്‍ക്കുനേരേ വരേണ്ട ഒരു സാഹചര്യവും അന്നില്ല. ഇന്നത്തെ ഗോത്ര സമൂഹങ്ങളില്‍ സമതലങ്ങളുമായി ബന്ധപ്പെട്ടവരല്ലാത്ത പ്രാചീനഗോത്രങ്ങളില്‍ കാടര്‍, തോടര്‍, കാട്ടുനായ്ക്കന്മാര്‍ തുടങ്ങിയവരുടെ പുരാവൃത്തങ്ങളിലും അത്തരം ആക്രമണങ്ങളുടെയും പിന്‍വാങ്ങലുകളുടെയും അടയാളങ്ങളില്ല. എന്നാല്‍, കേരളത്തിലെ കുറിച്യര്‍, ആദിദ്രാവിഡര്‍, മന്നാന്മാര്‍, മുതുവാന്മാര്‍ തുടങ്ങിയ താരതമ്യേന ആധുനികരായ ഗോത്രസമൂഹങ്ങളില്‍ ഇത്തരം പുരാവൃത്തങ്ങള്‍ ധാരാളമുണ്ടുതാനും. ഗോത്രഗാനങ്ങളും കലാരൂപങ്ങളും പരിശോധിച്ചുനോക്കിയാലും കേരളത്തിലെ ആദിമനിവാസികളെല്ലാം ഒരേ സാമൂഹികപാരമ്പര്യമല്ല പങ്കിടുന്നതെന്ന്കാണാം. ചിലര്‍ കാട്ടില്‍ പാരമ്പര്യാവകാശികളാണെങ്കില്‍ മറ്റുചിലര്‍ പിന്നീട് കുടിയേറിയവരാണ്. ഇടുക്കിയിലെ ആദിവാസിപ്പാട്ടുകള്‍ വിശകലനം ചെയ്തതില്‍നിന്ന് ഇത് വ്യക്തമായിട്ടുണ്ട്. ചുരുക്കത്തില്‍ ആദിവാസിഗോത്രങ്ങളും ദ്രാവിഡരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതിന്റെ സൂചനകള്‍ ഒരു വിഭാഗം ഗോത്രകലാരൂപങ്ങളില്‍ മാത്രമേ കാണുന്നുള്ളൂ. അത് വളരെ നവീനചരിത്രഘട്ടത്തില്‍ എ.ഡി. ആദ്യനൂറ്റാണ്ടുകള്‍തൊട്ട് പത്തുപതിനൊന്നുനൂറ്റാണ്ടുകള്‍ക്കിടയില്‍ സംഭവിച്ചതാണെന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. ആദ്യകാലങ്ങളില്‍ ഭക്ഷണോല്‍പാദകര്‍ക്കും ഭക്ഷണാന്വേഷികള്‍ക്കും ആരെയും തള്ളിനീക്കേണ്ടിയിരുന്നില്ലെന്ന കൊസാംബിയുടെ നിരീക്ഷണം വസ്തുതാപരമാണ്. ഭക്ഷണാന്വേഷകരായ ജനങ്ങള്‍ മാറിയും മറിഞ്ഞും പാര്‍ക്കുന്നിടങ്ങളിലേയ്ക്ക് ഭക്ഷണോല്‍പാദകജനത പതുക്കെ വ്യാപിക്കുന്ന ചിത്രമാണ് ചരിത്രം നല്‍കുന്നത്. ഉല്പാദകസമൂഹം വേഗം പെരുകുന്നു. അതനുസരിച്ച് അവര്‍ പുതുഭൂമികള്‍ അന്വേഷിക്കുകയും ഭക്ഷണാന്വേഷകരുമായി ഇടകലരുകയും ചെയ്യുന്നു. ചിലപ്പോള്‍ യുദ്ധങ്ങളിലൂടെയും പലപ്പോഴും വിനിമയബന്ധങ്ങളിലൂടെയും അവര്‍ പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടുന്നു.
11,600 വര്‍ഷംമുമ്പ് ലോകത്ത് കൃഷി ആരംഭിച്ചെങ്കിലും കിഴക്കന്‍പ്രദേശങ്ങളില്‍ ക്രി.ന് 9000 വര്‍ഷം മുമ്പുമുതലാണ് ആദ്യമായി കാര്‍ഷിക സമ്പദ്‌വ്യവസ്ഥ രൂപംകൊണ്ടത്. ചൈനയില്‍ ക്രി. മുമ്പ് 7000 ലും മധ്യഅമേരിക്കയില്‍ ക്രി.മു. 6000ലും പെറൂവിയന്‍ മേഖലയില്‍ ക്രി.മു. 5000 ലുമാണ് കാര്‍ഷിക സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കപ്പെട്ടത്. 255 ഈ പ്രദേശങ്ങളെക്കാള്‍ കാലാവസ്ഥയിലും വിഭവസമൃദ്ധിയിലും മെച്ചപ്പെട്ട ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജനസമൂഹവ്യാപനത്തിന്റെ ഒരു പ്രധാനകേന്ദ്രമെന്ന നിലയില്‍ അക്കാലത്തുതന്നെ കാര്‍ഷികജീവിതം ആരംഭിച്ചിരുന്നുവെന്നതില്‍ സംശയിക്കാനൊന്നുമില്ല. ഇന്ത്യയുടെ ചരിത്രം ആര്യന്മാരുടെ വരവ് മുതല്‍ ആരംഭിക്കുന്നതായി പല ചരിത്രകാരന്മാരും കരുതുന്നു. എന്നാല്‍, ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിച്ചേരുമ്പോള്‍ മിശ്രവംശങ്ങളുടെ ഒരു സങ്കരസമൂഹം ഇന്ത്യയിലുണ്ടായിരുന്നു. 256 വേട്ടയാടുന്നവരും നാടോടികളും സംസ്‌കാര വൈവിധ്യമുള്ളവരുമായ വിവിധസമൂഹങ്ങളുടെ കൂട്ടങ്ങളായിരുന്നു അവര്‍. അതില്‍ ഒരുകൂട്ടര്‍ ദ്രാവിഡരുമായി വളരെയധികം ചാര്‍ച്ചകളുള്ള ഇളമൈറ്റുകളാണെന്ന് 257 ആര്‍.എസ്.ശര്‍മ പ്രസ്താവിക്കുന്നു. തെക്കേ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളുള്‍പ്പെടുന്നതും ഇന്റോ-ഇറാനിയന്‍, ഇന്റോ-ആര്യന്‍ ഭാഷകള്‍ സംസാരിച്ചിരുന്നവരുമായ ജനസമൂഹം ക്രി.മു.2000നുശേഷം കുടിപാര്‍ത്തിരുന്ന വിശാലമായ ഭൂപ്രദേശങ്ങള്‍ ആര്യന്മാര്‍ക്കു മുന്നേ ജനവാസകേന്ദ്രങ്ങളായിരുന്നു. ഹാരപ്പന്‍ ജനത ആര്യേതരര്‍ ആയിരുന്നുവെന്നാണ് അവിടെനിന്നുലഭിച്ച തലയോട്ടികളും അസ്ഥികൂടങ്ങളും പരിശോധിച്ചപ്പോള്‍ തെളിഞ്ഞത.് ആദ്യം വന്നവര്‍ മധ്യധരണ്യാഴിയില്‍ നിന്നു വന്ന് പശ്ചിമേഷ്യയില്‍പാര്‍പ്പുറപ്പിച്ചു. രണ്ടാമത്തെ വിഭാഗം പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വിഭാഗക്കാരാണ്. അവര്‍ക്ക് ശരീരഘടനാപരമായി ദ്രാവിഡരുമായി സാദൃശ്യമുണ്ട്. അവര്‍ ആസ്‌ത്രേലിയയിലും ഇന്ത്യാസമുദ്രത്തിലെ ദ്വീപുകളിലും താമസിക്കുന്നു. മൂന്നാമത്തെ വിഭാഗം മംഗലോയിഡുകളാണ്. 258 അതില്‍പ്പെട്ട ഒരു അസ്ഥിക്കൂടുമാത്രമേ ലഭിച്ചിട്ടുള്ളൂ. എന്തായാലും ഹാരപ്പന്‍ജനത ആര്യന്മാരായിരുന്നില്ലെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും സംശയമില്ല.
(തുടരും)
പരാമൃഷ്ടകൃതികള്‍
237 മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു. 15
238 Dravidian Linguistics An Introduction p.50
239 ആദിഭാഷ പു. 44
240 മലയാളഭാഷ തൊല്‍കാപ്പിയത്തില്‍ പു. 18
241 Studies in Culture, Linguistics and Speechology p.77,Edi. Dr.A.W.Endwisil, Dr. P.L. Maneria
242 ആദിഭാഷ പു132
243 ഇ.പു.പു. 134
244 തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ (വോള്യം 2) പു.22 കെ എന്‍ എഴുത്തച്ഛന്‍.
245 Dravidian Languages An Introduction p.46 Kamil V. Zwelebil.
246 തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ (വോള്യം 2) ലേഖനം, ആര്യര്‍ക്കും ദ്രാവിഡര്‍ക്കും മുമ്പ് പു. 23-24
കെ.എന്‍.എഴുത്തച്ഛന്‍.
247 ഇ.പു. പു. 24
248 ഇ.പു. പു. 65
249 Tolkappiyam and Ashttadhyaayi K. Meenakshi IITS 1997.
250 തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ (വോ ള്യം 2) പു. 88 കെ.എന്‍.എഴുത്തച്ഛന്‍.
251 കേരളത്തനിമ (ഒന്നാം പതിപ്പ്) പു. 83,ഡോ.ആര്‍.ഗോപിനാഥന്‍. ഹെറിറ്റേജ് സ്റ്റഡീസ് 2010
252 പ്രാചീനഭാരതത്തിന്റെസംസ്‌കാരവുംനാഗരികതയും:ചരിത്രപരമായ രൂപരേഖ, ഡി.ഡി.കൊസാംബി ,
പുറം 53. വിവ. എം.ലീലാവതി ഐ.സി.എച്ച്.ആര്‍.-ഡി.സി. ബുക്ക്‌സ് 2003
253 ഇ.പു.പു 60
254 An outline of History : H.G. Wells ; P-251
255 മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു : ഗോര്‍ഡന്‍ ചൈല്‍ഡ് (വിവ. സി.അച്യുതമേനോന്‍) പുറം 133
256 Looking for the Aryans p.69 R.S.Sharma Orient Longman 1996
257 ഇ.പു.പു.71
258 കേരളത്തനിമ പു. 182 ആര്‍. ഗോപിനാഥന്‍





















