ഛത്തീസ്ഘട്ടില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും സംബന്ധിച്ച കേസ്സില്‍ ജയിലിലായ നാള്‍മുതല്‍ മാര്‍ക്‌സിസ്റ്റുകാര്‍ തുടങ്ങിയ ‘ന്യൂനപക്ഷ വേട്ട’ എന്ന മന്ത്രത്തിന്റെ അഖണ്ഡനാമജപം അവര്‍ ജയിലില്‍ നിന്നിറങ്ങിയിട്ടും നിര്‍ത്തിയിട്ടില്ല. പാര്‍ട്ടി പത്രത്തിലൂടെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെ സന്ദര്‍ശിച്ചും സഖാക്കള്‍ നടത്തുന്ന കൂട്ടജപത്തിന് ശക്തി പോരാത്തതു കൊണ്ടാവും പാര്‍ട്ടിയുടെ എം.പിമാരായ ബ്രിട്ടാസും റഹീമും വനിതാനേതാക്കളായ വൃന്ദയും ശ്രീമതിയുമൊക്കെ കന്യാസ്ത്രീകള്‍ കിടന്ന ജയിലിനു മുമ്പിലിരുന്നു ജപിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ ജപം കൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത് എന്ന് അവര്‍ ഊറ്റം കൊള്ളുമ്പോഴാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കന്യാസ്ത്രീകളുടെ ജയില്‍ മോചനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്‍കിയത്. ഇത് സഖാക്കള്‍ക്ക് സഹിക്കുമോ? പാംപ്ലാനി നേരത്തെ തന്നെ സഖാക്കളുടെ ഗുഡ്ബുക്കിലല്ല. റബ്ബറിന് വില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്കാര്‍ക്ക് വോട്ടു ചെയ്യാമെന്നു അദ്ദേഹം പരസ്യമായി പറഞ്ഞതും ഇതിനെ വിമര്‍ശിച്ച സഖാക്കള്‍ക്ക് മറുപടിയായി ‘വിചാരധാര’ യെ ന്യായീകരിച്ചതും അവര്‍ക്ക് തീരെ സഹിച്ചില്ല. അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റവരും പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെറ്റിവീണു മരിച്ചവരുമാണ് രാഷ്ട്രീയക്കാരുടെ രക്തസാക്ഷികള്‍ എന്ന് ചെറുപുഴയിലെ ഒരു പരിപാടിയില്‍ സംസാരിച്ചതോടെ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയടക്കം കണ്ണൂര്‍ സഖാക്കള്‍ വളഞ്ഞിട്ടാക്രമിച്ചു. ഒടുവില്‍ അമിത്ഷായെ സ്തുതിച്ചു എന്ന കുറ്റം കൂടിയായപ്പോള്‍ അന്തിമശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ഇതൊക്കെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വേട്ടയല്ല, ന്യൂനപക്ഷ സംരക്ഷണമാണ്.
ന്യൂനപക്ഷ സംരക്ഷണം തങ്ങളുടെ കുത്തകയാണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. അതിന്റെ പട്ടിക തന്നെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ ദിവസം തന്നെ (ആഗസ്റ്റ് 3) ഇംഗ്ലീഷ് ദേശാഭിമാനിയായ ദി ഹിന്ദു പത്രത്തില്‍ ആലപ്പുഴയിലെ സി.പി.എം നേതാവ് ജി. സുധാകരന്റെ അഭിമുഖം അച്ചടിച്ചുവന്നിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 20 ശതമാനം വോട്ടു ബി.ജെ.പി നേടി എന്നാണ്. പുന്നപ്രയില്‍ സി.പി.എം മൂന്നാം സ്ഥാനത്തായി എന്നും ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തും പാര്‍ട്ടിക്ക് ലീഡ് ഇല്ല എന്നും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബി.ജെ.പി വലിയൊരളവില്‍ സീറ്റു നേടിയെന്നും അദ്ദേഹം സമ്മതിക്കുന്നു. ന്യൂനപക്ഷ വേട്ട എന്ന അഖണ്ഡനാമജപം പാര്‍ട്ടി നിര്‍ത്താതെ തുടരട്ടെ; രക്തസാക്ഷികളുടെ മണ്ണ് വരെ ബി.ജെ.പിയുടെ കയ്യിലാവട്ടെ.





















