(ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം പ്രതിഭാശാലിയായ ഒരു കവി നമുക്കു സിദ്ധിച്ചിട്ടില്ല എന്ന വിഷാദത്തില്‍ നിന്ന്)
ബാലചന്ദ്രാ, കവേ! നിങ്ങളേകനാ-
യീ യാനപാത്രത്തില്‍ നില്‍ക്കുന്നനന്യനായ്
താങ്കളാണോ അവസാനയാത്രികന്‍?
കപ്പല്‍മുങ്ങുമോ താങ്കളിറങ്ങിയാല്‍?
കവികള്‍ കായ്ക്കാത്ത പടുവൃക്ഷമായിതാ
മരുവില്‍ നില്‍ക്കുന്നു മലയാള സംസ്‌കൃതി
ഭാഷ, വംശം, കുലം ഗോത്ര ചിന്തകള്‍
ഭാസുരിപ്പിക്കേണ്ട കാലത്തിവരെന്തേ
അന്യഗോത്രത്തിനപ്പോസ്തലന്മാരായ്
വന്യചിന്തയാല്‍ ഭ്രാന്തു പുലമ്പുന്നു.
മഞ്ഞുമേഘം, നിലാക്കുളിര്‍, ചന്ദനം,
കുഞ്ഞുസ്വപ്നങ്ങള്‍ കൂട്ടിവച്ചെപ്പൊഴും
സ്തന്യപാനം നടത്തേണ്ടൊരര്‍ഭകര്‍
അക്ഷരത്തെറ്റുമോന്തിയ ജീര്‍ണ്ണത്താല്‍
സ്തബ്ധരായൊട്ടു പരിഹാസ്യരായി
നില്ക്കയാണീ സംസ്‌കാരക്കവലയില്‍.
കവിതഗാനമല്ലക്ഷരക്കൂട്ടങ്ങള്‍
വെറുതെ ചേര്‍ത്തുവയ്ക്കുന്നതുമല്ലല്ലോ
ഹൃദയമതിനോടു തലച്ചോറുരസി
പൊരികള്‍ ചിന്തുന്നൊരത്ഭുതമാ-
ണറിവുഹൃദയം മുറിപ്പെടുത്തുമ്പൊഴാ-
വിടവില്‍ നിന്നും തുളിക്കും ദ്രവത്തിനെ
കവിതയെന്നു വിളിപ്പൂ മഹാമൗന
ക്കുരുതിയില്‍ നിന്നുയിര്‍പ്പു വല്‍മീകമായ്.
പിറവികൊണ്ടതിന്നുള്ളില്‍ ജ്വലിച്ചതാം
സുകൃതമല്ലോയീകാവ്യ മാധ്വീരസം
അതു നുകര്‍ന്നവന്‍ മാത്രം കവിയവന്‍
സകലകാലത്തുമക്ഷയനവ്യയന്‍.
നീലച്ചന്ദ്രനുദിക്കുന്നതുപോലെ1
നീവരുന്നതപൂര്‍വ്വതിഥികളില്‍
നിനക്കുപാദുകം തന്‍ വാറഴിക്കുവാ-
നൊരുത്തനെത്തു2ന്നതൊന്നാണു സല്‍ക്കവേ?
1. Once in a blue moon വളരെ അപൂര്‍വ്വം എന്നതിനുള്ള ഇംഗ്ലീഷ് ശൈലി.
2. ”എന്റെ പിന്നാലെ വരുന്നവന്‍ അവന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല” ബൈബിള്‍വാക്യം.






















