കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭാരതത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ സോവിയറ്റ് യൂണിയന്റെ സോയൂസ് പേടകത്തിലേറി ബഹിരാകാശത്ത് എത്തിയത്. ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി സംസാരിച്ചപ്പോള്‍, അവിടെ നിന്ന് നോക്കുമ്പോള്‍ ഭാരതം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് രാകേഷ് ശര്‍മ്മ മറുപടി പറഞ്ഞത് ‘സാരേ ജഹാം സെ അച്ച’ എന്നാണ്. അന്ന് സ്‌കൂള്‍ കുട്ടിയായിരുന്ന ഈ ലേഖകന്റെ സിരകളിലൂടെ പാഞ്ഞുപോയ വൈദ്യുതി ഇന്നും അതേ ശക്തിയോടെ ബാക്കിനില്‍ക്കുന്നു. നാലു പതിറ്റാണ്ടിനു ശേഷം ശുഭാന്‍ഷു ശുക്ല ബഹിരാകാശത്തേക്ക്‌പോകുമ്പോഴും ഭാരതമെന്ന വികാരം തന്നെയാണ് ജ്വലിച്ചു നില്‍ക്കുന്നത്.
എന്നാല്‍ അതിനൊപ്പം ചെറുതല്ലാത്ത നിരാശയുമുണ്ട് എന്നതും വാസ്തവമാണ്. ലോകത്തിലെ എണ്ണപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നായ ഭാരതത്തിനു ഒരു ബഹിരാകാശ സഞ്ചാരിയെ അയക്കാന്‍ ഈ നാലു പതിറ്റാണ്ട് വേണ്ടി വന്നു എന്നതാണത്. ബഹിരാകാശ സാങ്കേതികതയുടെ പരിസരങ്ങളില്‍ പോലുമില്ലാത്ത സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ അനേകം രാജ്യങ്ങള്‍ തങ്ങളുടെ സഞ്ചാരികളെ അന്താരാഷ്ട്ര സഹകരണത്തിലൂടെ പലവട്ടം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിട്ടുണ്ട്. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിലയത്തിലേക്ക് ഒരു ഭാരതീയന്‍ എത്തുന്നത്, 2030ല്‍ ഡി കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്ന നിലയത്തിന്റെ അന്ത്യനാളുകളിലാണ് എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട് എങ്കിലും വൈകിയെങ്കിലും ഇത് സാധിച്ചല്ലോ എന്ന സന്തോഷവുമുണ്ട്.
ഐഎസ്ആര്‍ഒയുടെ ആദ്യനാളുകളിലെ കഷ്ടപ്പാടിന്റെ ചരിത്രമൊക്കെ ഇന്ന് ചിത്രങ്ങളായി തന്നെ ലഭ്യമാണ്. സൈക്കിളിലും കാളവണ്ടിയിലുമൊക്കെ കൊണ്ടുപോകുന്ന റോക്കറ്റ് ഭാഗങ്ങള്‍, ഒരു ഫാന്‍ പോലുമില്ലാതെ വിയര്‍ത്തു കുളിച്ച് തറയിലിരുന്നു റോക്കറ്റ് അസംബ്ലിങ്ങും പരീക്ഷണങ്ങളും നടത്തുന്ന അബ്ദുല്‍ കലാമിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍-എന്നീ ചിത്രങ്ങള്‍ കാണുമ്പോഴും ആത്മരോഷം തിളച്ചുയര്‍ന്നു വരാറുണ്ട്.അവരെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്താന്‍ മാത്രം മോശമായ അവസ്ഥയൊന്നും ഒരിക്കലുമില്ലായിരുന്നു. അന്നും, രാഷ്ട്രീയ അഴിമതിയും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഒക്കെ കോടികളുടെ പൊതുസ്വത്ത് കൊള്ളയടിച്ചു തടിച്ചു കൊഴുക്കുന്നുണ്ടായിരുന്നു. വിക്രം സാരാഭായ്, സതീഷ് ധവാന്‍ എന്നീ യുഗപ്രഭാവന്മാരായ മഹാശാസ്ത്രജ്ഞരുടെ നേതൃത്വവും പ്രചോദനവും കൊണ്ട് മാത്രമായിരുന്നു തുച്ഛമായ ശമ്പളത്തില്‍ അക്കാലത്ത് ശാസ്ത്രജ്ഞര്‍ രാപ്പകല്‍ പണിയെടുത്ത് ഐഎസ്ആര്‍ഒ എന്ന മഹാസ്ഥാപനത്തെ കെട്ടിപ്പടുത്തത്. അല്ലങ്കില്‍ ശതകോടികളുടെ പൊതുമുതല്‍ തിന്നുകൊഴുക്കുന്ന അനേകം പൊതുമേഖലാ വെള്ളാനകളെപ്പോലുള്ള ഒരു ദേശീയ ദുരന്തമായി ഐ.എസ്.ആര്‍.ഒ യും മാറുമായിരുന്നു.തുച്ഛമായ ശമ്പളം, പരിമിതമായ ബജറ്റ്, ഈ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് മഹാനേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുഎന്നിടത്താണ് ഐ.എസ്.ആര്‍.ഒ ഒരു വിസ്മയമാകുന്നത്.
മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുന്ന നാലാമത്തെ രാജ്യമെന്ന നാഴികക്കല്ലിലേക്ക് ഭാരതത്തിനു അധിക ദൂരമില്ല. ഗഗന്‍യാന്‍ പദ്ധതി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഒരു ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുന്നത് പോലെയല്ല ജീവനുള്ള മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ബഹിരാകാശ സാങ്കേതികതയില്‍ അതിനിര്‍ണായകമായ കാര്യങ്ങള്‍ ഒന്നും ഒരു രാജ്യവും പങ്കുവെയ്ക്കില്ല. എത്ര അടുത്ത സൗഹൃദരാജ്യമാണെങ്കില്‍ പോലും. അവയൊക്കെ സ്വന്തമായി വികസിപ്പിക്കണം. റോക്കറ്റിന്റെ സൂക്ഷ്മതലം മുതല്‍ അതിനുള്ള പ്രത്യേക തയ്യാറെടുപ്പ് ആവശ്യമാണ്. എത്ര കഴിവ് തെളിയിക്കപ്പെട്ട റോക്കറ്റ് ആയാലും അതിനെ ഹ്യൂമന്‍ റേറ്റ് ചെയ്യണം. എന്നുവെച്ചാല്‍ സുരക്ഷിതത്വം നാലു മടങ്ങെങ്കിലും കൂട്ടണം. ഏതെങ്കിലും ഒരു ഘടകം പരാജയപ്പെട്ടാല്‍ മറ്റൊന്ന് എന്ന കണക്കില്‍ പ്ലാന്‍ ബി, പ്ലാന്‍ സി, പ്ലാന്‍ ഡി എന്നിങ്ങനെ ഒരു തരത്തിലും പരാജയപ്പെടാനുള്ള സാധ്യത ഇല്ലാതാക്കണം. മനുഷ്യന്‍ കയറാനുള്ള പ്രത്യേക പേടകം, അവര്‍ക്കണിയാനുള്ള സ്‌പേസ് സ്യൂട്ട്, ഭക്ഷണം, അന്തരീക്ഷം തുടങ്ങി നൂറു നൂറു കാര്യങ്ങള്‍. ഇതിനെല്ലാം ആവശ്യമായ ടെക്‌നൊളജികള്‍ വികസിപ്പിക്കുക, ടെസ്റ്റ് ചെയ്യുക, ട്രയല്‍ നടത്തുക എന്നതെല്ലാം സജീവമായി നടക്കുന്നു.
ഇവിടെ ഇപ്പോള്‍ മറ്റൊരു ചോദ്യം ഉയരുന്നുണ്ട്. നമ്മളെന്തിനാണിപ്പോള്‍ വന്‍ തുക മുടക്കി ബഹിരാകാശത്ത് പോകുന്നത്. ബഹിരാകാശത്തിന്റെ സാദ്ധ്യതകള്‍, ഉപഗ്രഹവിക്ഷേപണങ്ങള്‍, ഉപഗ്രഹ വാര്‍ത്താവിനിമയം, കാലാവസ്ഥ നിരീക്ഷണം എന്നിവയിലല്ലേ നാം ശ്രദ്ധിക്കേണ്ടത്, വന്‍ശക്തികള്‍ മത്സരിച്ചു കളിക്കുന്ന ഈ മേഖലയില്‍ ഇപ്പോള്‍ ആള്‍ക്കാരെ അയച്ചിട്ട് നാമെന്ത് നേടാനാണ് എന്നതാണ് പ്രധാന ചോദ്യം. ഭാരതം ബഹിരാകാശ ഗവേഷണം തുടങ്ങിയ കാലത്തും ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണിതൊക്കെ.
തന്റെ ലാബില്‍ മാഗ്‌നറ്റുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മൈക്കല്‍ ഫാരഡെയ്ക്ക് കടിച്ചു പിടിച്ച ചെമ്പു കമ്പിയില്‍ നിന്നും അസാധാരണമായ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഇതെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് കയ്യിലിരുന്ന മാഗ്‌നറ്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയാണത് എന്ന് മനസ്സിലായത്…ഇത് പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചത്രേ. ഇതുകൊണ്ട് എന്ത് പ്രയോജനം. ഗലീലിയോ ടെലിസ്‌കോപ്പ് കണ്ടെത്തി ശനിയുടെ വലയങ്ങളെ നിരീക്ഷിച്ചപ്പോഴും, ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിച്ചപ്പോഴും മാക്‌സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തത്തിനു വഴിമരുന്നിട്ടപ്പോഴും ഐന്‍സ്റ്റിന്‍ റിലേറ്റിവിറ്റി ആവിഷ്‌കരിച്ചപ്പോഴുമെല്ലാം അനുകൂലിച്ചവരെക്കാള്‍ കൂടുതല്‍ എതിര്‍ക്കാനും പരിഹസിക്കാനുമുണ്ടായിരുന്നു. ഇവരെല്ലാം ശരിയാണ് എന്ന് അംഗീകരിക്കപ്പെടാന്‍ പതിറ്റാണ്ടുകളും പലപ്പോഴും നൂറ്റാണ്ടുകളുമെടുത്തു.
1957 ല്‍ സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ റഷ്യ ആധുനിക ബഹിരാകാശ യുഗത്തിന് തുടക്കമിട്ടപ്പോള്‍ അത് അമേരിക്കയുമായുള്ള ശാക്തിക മത്സരത്തിന്റെ ഭാഗമായിട്ട് മാത്രമാണ് വിലയിരുത്തപ്പെട്ടത്. വലിയ താമസമില്ലാതെ അമേരിക്കയും അതില്‍ ചേര്‍ന്നപ്പോള്‍ ദശകങ്ങള്‍ സാക്ഷ്യം വഹിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ വെടിക്കെട്ടുകള്‍ക്കാണ്. എങ്ങനെയും സോവിയറ്റ് യൂണിയന്റെ മുന്നിലെത്തുക എന്ന അമേരിക്കയുടെ വാശിയില്‍ നിന്ന് മാത്രമാണ് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ അപ്പോളോ പദ്ധതി നടന്നത്. അമേരിക്ക ചന്ദ്രനിലേക്ക് ആളെ അയക്കുന്നത് വിമര്‍ശിക്കുന്നവര്‍ എന്നുമുയര്‍ത്തുന്ന ഒരു പ്രസക്തമായ ചോദ്യമുണ്ട്. അന്ന്, അന്‍പത് വര്‍ഷം മുമ്പ്, അന്നത്തെ ടെക്‌നോളജി വെച്ച് ചന്ദ്രനിലേക്ക് ആളെ അയച്ചെങ്കില്‍ പിന്നെ എന്തുകൊണ്ട് അയച്ചില്ല, അന്ന് ടെക്‌നോളജി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് എന്തിനിത്ര കഷ്ടപ്പെടുന്നു.
നോക്കൂ അന്ന് വെറും വാശിപ്പുറത്ത്, പരസ്പരം ജയിക്കാന്‍ വേണ്ടി മാത്രം നടത്തിയ പദ്ധതിയായിരുന്നു അത്. അതിനൊരു വലിയ ഫണ്ട് അനുവദിച്ചിരുന്നു. മത്സരത്തില്‍ അവര്‍ ജയിച്ചു, ഫണ്ട് തീര്‍ന്നു, പരിപാടി നിര്‍ത്തി. ആ മത്സരത്തില്‍ സോവിയറ്റ് യൂണിയന്‍ തോറ്റു. അവരും കീഴടങ്ങി. മത്സരത്തിനപ്പുറം ചന്ദ്രന്റെ സാദ്ധ്യതകള്‍ ഭാവി തലമുറക്കും മനുഷ്യരാശിക്കും ഗുണകരമായി ഉപയോഗിക്കുക എന്ന ലക്ഷ്യം ആ പദ്ധതികള്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് തുടരുമായിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയിവരുന്നത് പോലെ ചന്ദ്രനില്‍ പോയിവരുന്ന അവസ്ഥയിലേക്ക് വളരുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും മിലിട്ടറി താല്പര്യം ഉണ്ടായിരുന്നെങ്കിലും ഇരു വന്‍ശക്തികളും ചന്ദ്ര പദ്ധതികള്‍ തുടര്‍ന്നേനെ. മറ്റ് ബഹിരാകാശ പദ്ധതികള്‍ തുടര്‍ന്നതിന്റെ പ്രധാനകാരണം സൈനിക താല്പര്യങ്ങള്‍ തന്നെ ആയിരുന്നു.
അപ്പോളോ പദ്ധതികള്‍ക്ക് വേണ്ടിയാണ് ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചത്, കമ്പ്യൂട്ടര്‍, കമ്മ്യുണിക്കേഷന്‍ സാങ്കേതികവിദ്യ എല്ലാം പല മടങ്ങു വികസിച്ചത് അതിന്റെ ഫലമായിട്ടാണ്. പേടകം നിര്‍മിച്ച മെറ്റലര്‍ജി പിന്നീട് അമേരിക്കന്‍ വ്യവസായങ്ങളുടെ നട്ടെല്ലായി. അങ്ങനെയങ്ങനെ അമേരിക്കയെ ഒരു ടെക്‌നോളജിക്കല്‍ ജയന്റ് ആക്കിയതിന്റെ പിന്നില്‍ അപ്പോളോ പദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്. ഇത് അമേരിക്ക തന്നെ തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതി പുനരാരംഭിക്കുമ്പോള്‍ എല്ലാം അവര്‍ക്ക് പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വരുന്നു. അന്നത്തെ ടെക്‌നോളജികള്‍ ഇന്ന് പ്രാവര്‍ത്തികമല്ല, ആ പദ്ധതി തുടര്‍ന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും കാലത്തിനനുസരിച്ചുള്ള അപ്‌ഡേറ്റുകള്‍ വരുമായിരുന്നു.
പറഞ്ഞുവന്നത്, ബഹിരാകാശ പദ്ധതികളില്‍ നിക്ഷേപിക്കുന്ന വലിയ മുതല്‍മുടക്ക് പ്രയോജനപ്പെടാന്‍ ഒരുപാട് കാത്തിരിക്കണം. എഴുപതുകളില്‍ നാം റോക്കറ്റ് വിക്ഷേപണം ആരംഭിച്ചപ്പോള്‍ വെറും പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. അത് നമ്മുടെ സ്വന്തം ഉപഗ്രഹങ്ങളായി, കമ്മ്യൂണിക്കേഷന്‍ ശൃംഖലയായി ഒക്കെ വളരാനും പ്രയോജനപ്പെടാനും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. ഇന്ന് ഉപഗ്രഹങ്ങള്‍ ഇല്ലെങ്കില്‍ ഫോണുകള്‍ വര്‍ക്ക് ചെയ്യില്ല, സിനിമ കാണില്ല, ടെലിവിഷന്‍ കാണാന്‍ കഴിയില്ല, ട്രെയിനുകള്‍ ഓടില്ല, വിമാനങ്ങള്‍ പറക്കില്ല, ബാങ്കിലിട്ടിരിക്കുന്ന പണം എടുക്കാന്‍ കഴിയില്ല, ലോകത്തില്‍ ഏത് കോണില്‍ ഇരിക്കുന്നവരോടും മണിക്കൂറുകള്‍ സംസാരിക്കാന്‍ കഴിയില്ല, അതായത്, ഈ ആകാശദൂതന്മാര്‍ ഇല്ലെങ്കില്‍ ഒരു നിമിഷം നമുക്ക് ജീവിക്കാന്‍ കഴിയില്ല.
മനുഷ്യനെ അയക്കുന്ന ഒരു ദൗത്യം എന്നാല്‍ സാധാരണ ഉപഗ്രഹങ്ങള്‍ അയക്കുന്നത് പോലെ അല്ല എന്ന് പറഞ്ഞല്ലോ. ഇതിനെല്ലാം പുതിയ ടെക്‌നോളജി ആവശ്യമാണ്. ഇങ്ങനെ വികസിപ്പിക്കുന്ന പല ടെക്‌നൊളജികളുമാണ് നാളെ സാധാരണ മനുഷ്യരുടെ ജീവിതത്തെ പോലും മാറ്റിമറിക്കാന്‍ പോകുന്നത്. ഒരു ഉദാഹരണം പറയാം. പിഎസ്എല്‍വിയുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് നമ്മള്‍ മാറാജ് സ്റ്റീല്‍ എന്ന പ്രത്യേക, ഭാരം കുറഞ്ഞ എന്നാല്‍ അതിശക്തമായ ഉരുക്ക് നിര്‍മ്മിച്ചത്. ആ ടെക്‌നോളജി പിന്നീട് ഇന്‍ഡസ്ട്രികള്‍ക്ക് കൈമാറി. ഇന്ന് നാവികസേനക്ക് വേണ്ടി അന്തര്‍വാഹിനികളുടെ ബോഡി നിര്‍മ്മിക്കുന്നത് എല്‍ ആന്‍ഡ് ടി ആണ്. അവരതിന് ഉപയോഗിക്കുന്നത് ഇസ്രോ നല്‍കിയ ടെക്‌നോളജിയാണ്. അവിടെ മാത്രമല്ല, വാഹന നിര്‍മ്മാണം, വിമാനഘടകങ്ങളുടെ നിര്‍മ്മാണം തുടങ്ങി ഇന്ത്യയിലെ ഘന വ്യവസായങ്ങളില്‍ എല്ലാം മാറാജ് സ്റ്റീല്‍ ഒരു അവിഭാജ്യഘടകമാണ്. നമ്മള്‍ ബഹിരാകാശ പദ്ധതികളില്‍ മുതല്‍മുടക്കിയില്ലായിരുന്നു എങ്കില്‍ മാറാജ് സ്റ്റീലിനുവേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമായിരുന്നു. അതുപോലെ മനുഷ്യ ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള പേടകങ്ങളിലെ സൂക്ഷ്മമായ ഇലക്ട്രോണിക്‌സ്, അനുബന്ധ ഘടകങ്ങളൊക്കെ നമ്മുടെ സൈബര്‍ മേഖലക്ക് എന്നും മുതല്‍ക്കൂട്ടാണ്.
2026 അവസാനത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും നമ്മുടെ സഞ്ചാരികളെയും വഹിച്ച് ഗഗന്‍യാന്‍ കുതിക്കുമ്പോള്‍ നമുക്ക് അനുഭവസമ്പത്തിന്റെ പിന്‍ബലം ആവശ്യമുണ്ട്. അതിനു വേണ്ടിയാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ലയെ അയച്ചത്. പതിനാലു ദിവസം ബഹിരാകാശത്ത്, അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അദ്ദേഹം ചെലവഴിച്ചു നേടിയ അനുഭവം ഭാവിപദ്ധതികളിലേക്കുള്ള ഭാരതത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കാലാവധി കഴിയുന്നതിനു മുമ്പ്, ഗഗന്‍ യാന്‍ പേടകങ്ങള്‍ നിലയവുമായി ഡോക്ക് ചെയ്യാനുള്ള സാങ്കേതിക സഹകരണവും ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 2028 ല്‍, ഭാരതത്തിന്റെ സ്വന്തം ബഹിരാകാശനിലയം, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കുകയാണ്.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബാക്കിയുള്ള മൊഡ്യൂളുകളും വിക്ഷേപിച്ച്, 2035 ആകുമ്പോഴേക്കും നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ആ നിര്‍മ്മാണത്തിലും നമുക്ക് അനുഭവസമ്പത്ത് ആവശ്യമാണ്.
കൂടാതെ, ശുഭാംശു ശുക്ല അവിടെ അറുപത് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം അവിടെ പയര്‍ വിത്തുകള്‍ മുളപ്പിച്ചതാണ്. ഗുരുത്വാകര്‍ഷണം ഇല്ലാത്ത സാഹചര്യത്തില്‍ മുളച്ച വിത്തുകള്‍ ഇനി ഭൂമിയില്‍ വളരുമ്പോഴുള്ള ജൈവിക മാറ്റങ്ങള്‍ കൂടുതല്‍ പഠനവിധേയമാകും. അങ്ങനെ ഭാവിയില്‍ കൂടുതല്‍ കാലം ബഹിരാകാശത്ത് തങ്ങേണ്ടി വരുമ്പോള്‍ അവിടെ കൃഷി ചെയ്യാന്‍ വേണ്ട തയ്യാറെടുപ്പ്, ബയോടെക്‌നോളജിയില്‍ ഉണ്ടാകാന്‍ പോകുന്ന വികസനങ്ങള്‍, അതിലൂടെ ഭാവിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങി ശാസ്ത്ര സാങ്കേതിക മേഖലയിലെ സാദ്ധ്യതകള്‍ നീണ്ടുകിടക്കുകയാണ്. അതുപോലെ ബഹിരാകാശത്ത് കഴിയുമ്പോള്‍ പേശികള്‍ക്ക് ഉണ്ടാകുന്ന മാറ്റങ്ങളും ശുഭാംശു ശുക്ലയുടെ പരീക്ഷണമായിരുന്നു. ഇത് മെഡിക്കല്‍ സയന്‍സിനു മുതല്‍ക്കൂട്ടാണ്. ഇങ്ങനെയൊക്കെയാണ് ബഹിരാകാശത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ മാനവരാശിയുടെ സമഗ്രപുരോഗതിക്ക് സംഭാവനകള്‍ നല്‍കിയത്, നല്‍കുന്നത്.
നാളെ ഒരിക്കല്‍ മനുഷ്യന്‍ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ കോളനികള്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ ഭാരതത്തിന്റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തപ്പെടണങ്കില്‍, അതിലൂടെ നമ്മുടെ സമൂഹത്തിനു പ്രയോജനങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഇങ്ങനെയുള്ള ദൗത്യങ്ങളില്‍ നാം ഇപ്പോഴേ ഇറങ്ങിത്തിരിക്കുക തന്നെ വേണം. അത് കാണാന്‍ ഒരുപക്ഷെ നമുക്ക് കഴിഞ്ഞു എന്ന് വരില്ല. അത് സാരമില്ല, വെറും മുപ്പത്തഞ്ച് കിലോ ഭാരമുള്ള ഉപഗ്രഹം ആദ്യമായി വിക്ഷേപിച്ചപ്പോള്‍ സന്തോഷിച്ച തലമുറ ഇന്നില്ലല്ലോ. പക്ഷെ അവര്‍ നമുക്ക് വേണ്ടി ഒരുപാട് സന്തോഷിച്ചില്ലേ. അതുപോലെ അടുത്ത തലമുറക്ക് വേണ്ടി നമുക്കും അധ്വാനിക്കാം, സന്തോഷിക്കാം.






















