കോണ്‍ഗ്രസിന്റെ പാകിസ്ഥാനോടുള്ള ആഭിമുഖ്യം കാലാകാലങ്ങളില്‍ പ്രകടമാക്കപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തെയും ഭാരത സൈന്യത്തെയും അവഹേളിക്കുകയും, അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ചാര്‍ത്തുന്നതുമായ നിലപാടുകളാണ്, പലപ്പോഴും പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രകടമാകുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം നമ്മുടെ സൈന്യത്തില്‍ നിന്നും തെളിവുകള്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനികളല്ല, മറിച്ച് പാകിസ്ഥാനില്‍ ഹാഫിസ് സയീദിനോളം സ്വീകാര്യത നേടിയ രാഹുല്‍ ഗാന്ധിയാണ്.
പഹല്‍ഗാമില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയ്ക്ക് മെയ് ഏഴാം തീയതി ഭാരതം ചുട്ടമറുപടി നല്‍കിയപ്പോള്‍, രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നെഞ്ചിടിപ്പ് കൂടിയെന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും പകല്‍പോലെ വ്യക്തമായിരുന്നു. എഐസിസിക്ക് ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖഭാവവും, വാക്കുകളിലെ പതര്‍ച്ചയും കണ്ട ഏതൊരാള്‍ക്കും, അദ്ദേഹത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അലട്ടുന്ന യഥാര്‍ത്ഥ വേദന എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചു.
ഇത് കേവലം ഒരു തോന്നലല്ല, മറിച്ച് ഇക്കൂട്ടരുടെ മനസ്സ് പാകിസ്ഥാനോടൊപ്പം സഞ്ചരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ്. രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും പഹല്‍ഗാമില്‍ നമ്മുടെ ഉറ്റവരെ ഇസ്ലാമിക തീവ്രവാദികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സമയത്തും, രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാവായ സൈഫുദ്ദീന്‍ അഭിപ്രായപ്പെട്ടത് പഹല്‍ഗാം അക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞാല്‍ അത് അംഗീകരിക്കണം എന്നാണ്. കോണ്‍ഗ്രസ്സ് എംഎല്‍എയായ വിജയ് വഡെറ്റിവാര്‍ തീവ്രവാദികള്‍ കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാകിസ്ഥാനെതിരെ യുദ്ധം ആവശ്യമില്ല എന്ന് നിലപാടെടുത്തു. കോണ്‍ഗ്രസ്സ് നേതാവ് താരീഖ് ഹമീദ് കര്‍റ പാകിസ്ഥാനുമായി ചര്‍ച്ച മാത്രം മതി എന്ന് പറഞ്ഞു. ചരണ്‍ജിത്ത് സിങ് ചന്നി, പാകിസ്ഥാനില്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്നത് കള്ളമാണെന്ന് വിധിയെഴുതി. കോണ്‍ഗ്രസ്സ് നേതാവ് അജയ് റായ് റഫാലില്‍ നാരങ്ങയും മുളകും തൂക്കിയിട്ട് വെറുതെ നിര്‍ത്തിയിട്ടുവെന്ന് പരിഹാസിച്ചു. രാഹുല്‍ ഗാന്ധി ഭാരതത്തിന്റെ എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി എന്ന് ചോദിക്കുകയും ഓപ്പറേഷന്‍ സിന്ദൂറിന്റെ തെളിവ് നല്‍കാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്സ് നേതാവ് റോബര്‍ട്ട് വദ്ര പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണം ഹിന്ദുത്വ മാണ് എന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാകിസ്ഥാന്റെ നാക്കായി അധഃപതിച്ചു എന്നതിന് ഇതില്‍പരം എന്ത് ഉദാഹരണങ്ങളാണ് വേണ്ടത്.
രാജ്യ സുരക്ഷ, ഒരു താരതമ്യം
കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ നേതാക്കന്മാരും ഭാരതത്തെ ശത്രു രാജ്യത്തിനു മുന്നില്‍ എറിഞ്ഞു കൊടുക്കുവാനാണ് ശ്രമിച്ചത്. എത്ര തീവ്രവാദ ആക്രമണങ്ങളാണ് യുപിഎ ഭരണകാലത്ത് ഭാരതത്തില്‍ അരങ്ങേറിയത്! അന്ന് ചെറുവിരല്‍ അനക്കാനോ പ്രതിരോധ മേഖലയ്ക്കായി കാര്യമായി എന്തെങ്കിലും ചെയ്യാനോ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചില്ല എന്നത് കേവലം കഴിവുകേട് മാത്രമല്ല, ശത്രുരാജ്യത്തിന്റെ ഇംഗിതമാണോ അന്നത്തെ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
യുപിഎ ഭരണകാലത്ത്, രാഷ്ട്രസുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുകയും പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ നീക്കിയിരിപ്പുകള്‍ നടത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി, പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോഴെല്ലാം അമേരിക്ക പോലുള്ള രാജ്യങ്ങളുടെ മുന്നില്‍ സഹായത്തിനായി കേഴേണ്ടുന്ന ഒരു ദയനീയ അവസ്ഥയാണ് സംജാതമായത്. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സാഹചര്യത്തിന് കാര്യമായ മാറ്റമുണ്ടായി. പ്രതിരോധ മേഖലയ്ക്ക് മുഖ്യപരിഗണന നല്‍കുകയും, നൂതന സാങ്കേതികവിദ്യകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ശ്രദ്ധയൂന്നുകയും, ഈ രംഗത്ത് വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു. ഇത്തരം ക്രിയാത്മകമായ ഇടപെടലുകള്‍ ഫലം കണ്ടു എന്നതിന്റെ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രതിരോധ മേഖലയെ മനഃപൂര്‍വം തളര്‍ത്തിയപ്പോള്‍, അതിനെ പുനരുജ്ജീവിപ്പിച്ച് വിജയത്തിലേക്ക് നയിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രതിരോധകയറ്റുമതിയിലും, തദ്ദേശീയ പ്രതിരോധ സംവിധാനത്തിന്റെ ഉത്പാദനത്തിലും നാം കൈവരിച്ച നേട്ടങ്ങള്‍.
2014-ല്‍ അധികാരമേറ്റതു മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഏറ്റവും ഒടുവില്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 6.81 ലക്ഷം കോടി രൂപ ഈ മേഖലയ്ക്കായി നീക്കി വെച്ചു. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9.53% അധികമാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ (2014-2024) മോദി സര്‍ക്കാര്‍ പ്രതിരോധത്തിനായി മാത്രം നീക്കിവെച്ചത് ഏകദേശം 55 ലക്ഷം കോടി രൂപയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ (2004-2014) വകയിരുത്തിയത് കേവലം 15.6 ലക്ഷം കോടി രൂപ മാത്രമായിരുന്നു. അതായത്, യുപിഎ സര്‍ക്കാരിനേക്കാള്‍ 250 ശതമാനത്തിലധികം, മോദി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്കായി മാറ്റിവെച്ചു എന്ന് സാരം.
യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കുകയുമായിരുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഡിആര്‍ഡിഒയ്ക്കും ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് & ഡെവലപ്‌മെന്റിനും BPR &D) കൂടി ആകെ നീക്കിവെച്ചത് വെറും 10,934 കോടി രൂപയായിരുന്നു. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ ഈ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് മുന്‍കൈയെടുക്കുകയും 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് 26,816 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് മുന്‍ വിഹിതത്തേക്കാള്‍ ഏകദേശം നൂറ്റമ്പത് ശതമാനം കൂടുതലാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ സംഭരണങ്ങളില്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടത്ര ഊന്നല്‍ നല്‍കിയിരുന്നില്ല. ഇതിന് തെളിവാണ് 2013-ലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് നടപടിക്രമങ്ങളില്‍ (ഡിപിപി 2013), തദ്ദേശീയമായ ഉള്ളടക്കം, കുറഞ്ഞത് 30% ആയിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത് എന്നത്. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി, 2020-ല്‍ മോദി സര്‍ക്കാര്‍ ഈ പരിധി 50% ആയി ഉയര്‍ത്തുകയും അതുവഴി ആഭ്യന്തര വ്യവസായങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുകയും ചെയ്തു.
യുപിഎ ഭരണകാലത്ത്, സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള താല്‍പര്യക്കുറവും മൂലം എംഎംആര്‍സിഎ (മീഡിയം മള്‍ട്ടി-റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ്) കരാറിന്റെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ ഇടപാടുകള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി. ഭാരതീയ കരസേനയ്ക്ക് വ്യോമപ്രതിരോധ സംവിധാനങ്ങളുടേയും പീരങ്കികളുടേയും റൈഫിളുകളുടേയും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെയും കടുത്ത ക്ഷാമം നേരിട്ടു. ഭാരതീയ വ്യോമസേനയുടെ പോര്‍വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും തദ്ദേശീയമായി വികസിപ്പിക്കുന്ന എല്‍സിഎ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാവുകയും ചെയ്തു. അതേസമയം, ഭാരതീയ നാവികസേന തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ വെല്ലുവിളികള്‍ നിലനിന്നിട്ടും, ഇവ പരിഹരിക്കാന്‍ യുപിഎ ഭരണകാലത്ത് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.
2014 ഫെബ്രുവരിയില്‍, അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി, എംഎംആര്‍സിഎ കരാറിന്റെ ഭാഗമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ആ സാമ്പത്തിക വര്‍ഷം പണമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, റഫാല്‍ ഇടപാട് മാത്രമല്ല ഈ അവഗണന നേരിട്ടത്. തങ്ങളുടെ പോരാട്ടശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആധുനിക ആക്രമണ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ ഭാരതീയ സായുധ സേന നിരന്തരം പാടുപെടുകയായിരുന്നു. ജാതി പറഞ്ഞു ഭാരതീയ സൈന്യത്തിന്റെ ആത്മവീര്യത്തെ കെടുത്താന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍!
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രതിരോധ കയറ്റുമതിയില്‍ വന്‍കുതിച്ചുചാട്ടമാണ് രാജ്യം കണ്ടത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഈ രംഗത്തെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വെറും 512.48 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് നടന്നത്. തൊട്ടടുത്ത വര്‍ഷം, അതായത് 2012-13ല്‍ ഇത് 446.75 കോടി രൂപയായി ഇടിഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ക്കായി മുമ്പ് 65-70 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചിരുന്ന നാം, ഇപ്പോള്‍ 65 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിലൂടെ ഈ രംഗത്ത് വലിയ സ്വാശ്രയത്വം കൈവരിച്ചിരിക്കുന്നു. 2013- 14 കാലയളവില്‍ കേവലം 686 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 2024-25 കാലയളവ് ആയപ്പോഴേക്കും 23,622 കോടിയായി ഉയര്‍ന്നു. അതായത് കേവലം 10 വര്‍ഷത്തില്‍ 34 മടങ്ങ് വര്‍ദ്ധന. മോദി സര്‍ക്കാര്‍ സ്വീകരിച്ച തദ്ദേശീയവല്‍ക്കരണത്തിനായുള്ള ഊര്‍ജ്ജിത നടപടികളും പോസിറ്റീവ് ഇന്‍ഡിജിനൈസേഷന്‍ (positive indigenisation) പോലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഈ മാറ്റത്തിന് പിന്നില്‍.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശീയ പ്രതിരോധ ഉത്പാദനം, മുന്‍ വര്‍ഷത്തെ (2022-23) അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി സര്‍വ്വകാല റെക്കോര്‍ഡായ 1,26,887 കോടി രൂപയിലെത്തി. അതായത് 2014-15 മായി തട്ടിച്ചു നോക്കുമ്പോള്‍ 174 ശതമാനത്തിന്റെ വര്‍ദ്ധന. 2029 ഓടെ പ്രതിരോധ ഉത്പാദനത്തില്‍ 3 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കൈവരിക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.
ഇന്ന് ലോകത്തെ പ്രധാന 25 ആയുധ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. നിലവില്‍ 90 ഓളം രാജ്യങ്ങളിലേക്ക് ഭാരതം തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സംവിധാനങ്ങള്‍ കയറ്റി അയക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭാരതത്തെ സൈനികമായി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും ദൃഢനിശ്ചയത്തിലും ഭാരതം അസ്ത്രം ഒടുങ്ങാത്ത അവനാഴിയായി മാറി.
ഒരു കാലത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്ന് ലജ്ജയില്ലാതെ തീവ്രവാദികളുടെ ദല്ലാളുമാരായി അധഃപതിച്ചിരിക്കുന്നു! രാഹുല്‍ ഗാന്ധി ഇന്ന് ഇല്‍ഹാന്‍ ഒമറിനെപ്പോലുള്ള ഐ എസ് ഐഎസ് ചാരന്മാരുടെയും രാജ്യദ്രോഹശക്തികളുടെയും കളിപ്പാവയായി മാറി. രാജ്യത്തിനകത്തിരുന്ന് ഭീകരവാദികളെ സഹായിക്കുന്ന ഇത്തരക്കാര്‍ക്ക് ഈ രാജ്യത്തിന്റെ മണ്ണില്‍ ചവിട്ടിനില്‍ക്കാന്‍ പോലും അര്‍ഹതയില്ല!





















