എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് വെച്ച് നടത്തിയ പ്രസംഗത്തില്‍ ഇസ്ലാമിക പ്രീണന രാഷ്ട്രീയവും കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഇസ്ലാമിക മതഭീകര സംഘടനകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നതിന്റെ ദുരന്തചിത്രവുമാണ് പങ്കുവെച്ചത്. ഏതെങ്കിലും രാഷ്ട്രീയ വേദിയിലല്ല വെള്ളാപ്പള്ളി തന്റെ അഭിപ്രായം തുറന്നടിച്ചത്. എസ്എന്‍ഡിപി യോഗം പാലാ, മീനച്ചില്‍ താലൂക്കുകളുടെ സംയുക്തസമ്മേളനത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ തന്റെ ആശങ്ക പങ്കുവെച്ചത്.
ഇന്നത്തെ നിലയില്‍ പോയാല്‍ 2040 ഓടെ കേരളം ഇസ്ലാമിക രാഷ്ട്രമായി മാറും എന്ന കാര്യവും കേരളത്തിലെ ഇടത് വലതുമുന്നണികള്‍ പൂര്‍ണമായും മുസ്ലിംലീഗിന്റെയും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെയും കൈപ്പിടിയില്‍ ആണെന്നുമുള്ള കാര്യവും വെള്ളാപ്പള്ളി തുറന്നുപറഞ്ഞു. ഈഴവസമുദായം ഒറ്റക്കെട്ടായി സംഘടിച്ചാല്‍ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള അധികാരം അല്ലെങ്കില്‍ അവകാശം തങ്ങള്‍ക്ക് കിട്ടും എന്ന കാര്യവും വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.
പതിവുപോലെ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുതല്‍ മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കളും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ നേതാക്കളും പരസ്യമായി രംഗത്തെത്തി. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ മതസൗഹാര്‍ദ്ദവും സമുദായ മൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ആരോപണമാണ് പ്രധാനമായും ഉയര്‍ത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു ‘ചത്ത കുതിര’ എന്ന് വിളിച്ച മുസ്ലിംലീഗിനെ തലയിലേറ്റി കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയത് കോണ്‍ഗ്രസും സിപിഎമ്മും അവര്‍ നയിക്കുന്ന മുന്നണികളുമാണ് എന്ന കാര്യം കേരള രാഷ്ട്രീയം പിന്തുടരുന്ന ആര്‍ക്കും അറിയാവുന്ന സത്യമാണ്. ഈ സത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ വേട്ടയാടാന്‍ ശ്രമിക്കുന്നത് തല്പരകക്ഷികളാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കാന്തപുരം മുതല്‍ ഇടതു-വലതു മുന്നണി നേതാക്കള്‍ വരെ രംഗത്തെത്തിയെങ്കിലും വെള്ളാപ്പള്ളി അല്പം പോലും പിന്നോട്ട് നീങ്ങിയില്ല. കോട്ടയത്തെ യോഗത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന്‍ പള്ളുരുത്തിയില്‍ നടത്തിയ യോഗത്തില്‍ വെള്ളാപ്പള്ളി നിലപാട് ആവര്‍ത്തിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് വെള്ളാപ്പള്ളിയെ ആദരിക്കാന്‍ സംഘടിപ്പിച്ച യോഗത്തില്‍ മന്ത്രി വാസവനും യുഡിഎഫ് എം.പി ഹൈബി ഈഡനും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ സാക്ഷിയാക്കി വെള്ളാപ്പള്ളി നിലപാട് ആവര്‍ത്തിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കാന്തപുരം എന്തു കുന്തം എടുത്ത് എറിഞ്ഞാലും പ്രശ്‌നമില്ല. പൊതുകാര്യങ്ങളില്‍ സത്യം പറയും. കോലമല്ല, എന്നെത്തന്നെ കത്തിച്ചാലും അഭിപ്രായം മരണം വരെയും പറയുമെന്നും വെള്ളാപ്പള്ളി നിലപാട് ആവര്‍ത്തിച്ചു. തീയില്‍ കുരുത്താണ് താന്‍ വളര്‍ന്നത്. എന്തുപറഞ്ഞാലും മുസ്ലിം സമുദായത്തെ മൊത്തം ആക്ഷേപിച്ചുവെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തുവരും. മുട്ടാളന്മാരുടെ മുന്നില്‍ മുട്ടുമടക്കുന്ന പ്രശ്‌നമില്ല. മുസ്ലിംലീഗിനെ പറഞ്ഞുപറഞ്ഞ് മതേതര പാര്‍ട്ടിയാക്കി. മുസ്ലിംലീഗ് എന്നാല്‍ മുസ്ലിം കൂട്ടായ്മ എന്നാണ്. അത് എങ്ങനെ മതേതരമാകും – വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തില്‍ ജനാധിപത്യത്തിന് പകരം മതാധിപത്യം പുലരുന്ന കാഴ്ചയാണ് കാണുന്നത്. മതപണ്ഡിതന്മാര്‍ക്ക് വലിയ വില കല്‍പ്പിക്കുകയും അവരുടെ അഭിപ്രായം മാത്രം പരിഗണിക്കുകയും ചെയ്യുന്ന രീതി ഇവിടെ നിലനില്‍ക്കുന്നു. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. 24 മണിക്കൂറും ജാതിക്കുവേണ്ടി പറയുന്നവരാണ് വര്‍ഗീയതയുടെ പേരില്‍ എന്നെ ആക്ഷേപിക്കുന്നത്. സമുദായത്തിനുവേണ്ടി സംസാരിക്കാനാണ് എന്നെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഈഴവര്‍ക്ക് ഒരു കോളേജ് പോലുമില്ലെന്ന് പറഞ്ഞതിനാണ് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക സര്‍വ്വേ കൂടി എടുക്കാന്‍ ഭരണകൂടം തയ്യാറാകണം. സംഘടിത വോട്ടുബാങ്കായ സമുദായങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഈഴവസമുദായം തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പരസ്യമായി നിഷേധിക്കാനോ ഖണ്ഡിക്കാനോ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തയ്യാറായില്ല. അതേസമയം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം, ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനം തുടങ്ങി പരോക്ഷമായി വെള്ളാപ്പള്ളിയെ വിമര്‍ശിക്കാനുള്ള ധൈര്യം മാത്രമേ സിപിഎമ്മിന് ഉണ്ടായിരുന്നുള്ളൂ. അതിന്റെ കാരണം ഇത് സംബന്ധിച്ച കൂടുതല്‍ സജീവമായ ചര്‍ച്ചയുണ്ടായാല്‍ ആ ചര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടതുമുന്നണിയെ തന്നെയായിരിക്കും എന്നതാണ്. യുഡിഎഫ് ഘടകകക്ഷിയായി കൊണ്ടുനടക്കുന്ന മുസ്ലിംലീഗിനെയും ഇസ്ലാമിക തീവ്രവാദി സംഘടനകളെയും ഇന്ന് ഏറ്റവും കൂടുതല്‍ പ്രീണിപ്പിക്കാനും ഒപ്പം നിര്‍ത്താനും ശ്രമിക്കുന്നത് സിപിഎം ആണ് എന്നത് പരസ്യമായ രഹസ്യമാണ്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ അതേ അഭിപ്രായം വലിയ വ്യത്യാസം ഇല്ലാതെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വി.എസ്.അച്യുതാനന്ദനും പരസ്യമായി പറഞ്ഞതാണ്. ദല്‍ഹിയിലെ കേരള ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും ലൗജിഹാദ് അടക്കമുള്ള ചതിക്കുഴിയുടെയും കാര്യം അച്യുതാനന്ദന്‍ തുറന്നടിച്ചത്. അച്യുതാനന്ദന്റെ ആ പ്രസംഗത്തെ നിഷേധിക്കാനോ ഖണ്ഡിക്കാനോ തയ്യാറാകാത്തവര്‍ ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ വാള്‍ ഉയര്‍ത്തുന്നത് എന്തുകൊണ്ടാണ്? ഇസ്ലാമിക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭരണത്തിന്റെ തണലില്‍ നേടുന്ന അനധികൃത ആനുകൂല്യങ്ങളെക്കുറിച്ച് മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തിലും കാരൂര്‍ സ്മാരക പ്രഭാഷണത്തിലും മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി തുറന്നു പറഞ്ഞതിന് പകരമായാണ് അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തി സ്ഥാനഭ്രഷ്ടനാക്കിയത്.
പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഈഴവര്‍ അടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ക്കും ലഭിക്കേണ്ട സംവരണ ആനുകൂല്യം ധനാഢ്യരായ മുസ്ലിം പ്രമാണിമാരും അവരുടെ കുടുംബക്കാരും കയ്യടക്കുന്നു എന്ന കാര്യം സത്യമല്ലേ? കേരളത്തിലെ ഏറ്റവും വലിയ പണക്കാരനായ എം.എ. യൂസഫലിയുടെ മക്കള്‍ക്ക് പോലും മത സംവരണം അനുഭവിക്കാന്‍ കഴിയുമ്പോള്‍ ഒരുനേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത വയനാട്ടിലെ ആദിവാസി സമൂഹം പട്ടിണിമരണം അനുഭവിക്കുന്നു. പോഷകാഹാരകുറവ് മൂലം ഏറ്റവും കൂടുതല്‍ ശിശുമരണം അട്ടപ്പാടിയില്‍ സംഭവിക്കുമ്പോള്‍ അവിടെ ഒരുനേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്നപേരില്‍ ആദിവാസി യുവാവ് മധു സംവരണം നേടുന്നവരുടെ മര്‍ദ്ദനമേറ്റ് മരിച്ചത് കേരളത്തിലെ യാഥാര്‍ത്ഥ്യമാണ്. 28 ശതമാനം വരുന്ന മുസ്ലിം ജനസമൂഹം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്ക വിഭാഗമായി മാറുന്നത്? ഇസ്ലാമിക വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇടതു-വലുതുമുന്നണികള്‍ കാലാകാലങ്ങളില്‍ അനുവര്‍ത്തിക്കുന്ന പ്രീണന മനോഭാവത്തിന്റെ ആത്യന്തികഫലം മാത്രമാണ് കേരളത്തിലെ മുസ്ലിം സമൂഹം അനുഭവിക്കുന്ന സംവരണം. ഭരണഘടനയനുസരിച്ച് ജാതീയമായോ അല്ലാതെയോ ഉള്ള പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം നടപ്പാക്കുന്നത്. സമാധാനത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് അവകാശപ്പെടുന്ന, സാമ്പത്തികമായ ആനുകൂല്യങ്ങള്‍ നേടുന്നത് ഹറാമാണെന്ന് വിശ്വസിക്കുന്ന ഇസ്ലാമികസമൂഹത്തിന് എങ്ങനെയാണ് സംവരണം ആനുകൂല്യമാക്കാന്‍ കഴിയുക. ഉദരനിമിത്തം ബഹുകൃതവേഷം! വോട്ടുബാങ്കിന് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയം എന്ന തലത്തില്‍ മാത്രമേ ഇതിനെ കാണാന്‍ കഴിയു.
ശ്രീനാരായണ ഗുരുദേവന്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാടും 1921 ലെ മാപ്പിള കലാപത്തിലെ ഹിന്ദു വംശഹത്യയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുമാണ് അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനെക്കൊണ്ട് ദുരവസ്ഥ എഴുതിക്കാന്‍ ഇടയാക്കിയത്. ഒരു നൂറ്റാണ്ടിനുശേഷവും അതേ അവസ്ഥ ഇന്നും നിലനില്‍ക്കുകയാണ്. മന്നത്ത് പത്മനാഭനും ടി.കെ. മാധവനും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ കഥകള്‍, മന്നവും ശങ്കറും ഒറ്റക്കെട്ടായി നില്‍ക്കുകയും ഹിന്ദുമഹാമണ്ഡലം രൂപീകരിക്കുകയും എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ചരിത്ര സംഭവം മന്നത്ത് പത്മനാഭന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു മഹാമണ്ഡലം രൂപീകരിക്കുകയും ആ രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്തിരുന്നെങ്കില്‍ കേരളം ഇന്ന് കാണുന്ന അവസ്ഥയില്‍ ഇസ്ലാമിക ഭീകരവാദികളുടെ കയ്യില്‍ അകപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
ചരിത്ര പാഠങ്ങള്‍ തെറ്റു തിരുത്താനുള്ളതാണ്. എസ്എന്‍ഡിപിക്കാരെ മാത്രം സംഘടിപ്പിച്ചാല്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ശക്തമായ വോട്ടുബാങ്ക് സൃഷ്ടിക്കാനാവില്ല. എസ്എന്‍ഡിപി, എന്‍എസ്എസ്, വിശ്വകര്‍മ്മ മഹാസഭ, പുലയര്‍ മഹാസഭ മുതലുള്ള എല്ലാ ഹൈന്ദവസംഘടനകളും കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നം തിരിച്ചറിയണം. ലൗജിഹാദും ലാന്‍ഡ് ജിഹാദും ഹലാല്‍ സാമ്പത്തിക വ്യവസ്ഥയും വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ ഇസ്ലാമികവല്‍ക്കരണവും മൂലം സ്വത്ത് ആര്‍ജ്ജിക്കുന്നതും ഹിന്ദുക്കളെയും ക്രൈസ്തവരെയും ഒന്നടങ്കം വ്യാപാര വാണിജ്യ വ്യവസായ മേഖലകളില്‍നിന്ന് തുരത്തുന്നതും അതിനുവേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങളും തിരിച്ചറിയുകയും ചര്‍ച്ചചെയ്യുകയും വേണം. ഹിന്ദുക്കള്‍ക്കൊപ്പം ക്രിസ്ത്യാനികളും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളാണ്. ആ സത്യം തിരിച്ചറിഞ്ഞ് 28 ശതമാനം വരുന്ന ഇസ്ലാമിക വോട്ടുബാങ്കിനെതിരെ 60 ശതമാനത്തിലേറെ വരുന്ന ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുബാങ്ക് സൃഷ്ടിച്ചില്ലെങ്കില്‍ ഇരു സമൂഹങ്ങളും ഒരേപോലെ കേരളത്തില്‍ അന്യവല്‍ക്കരിക്കപ്പെടുമെന്നും കേരളം കാശ്മീരായി മാറുമെന്നുമുള്ള യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തണം. ഒപ്പം ദേശസ്‌നേഹികളായ, ദേശീയവാദികളായ മുസ്ലിം സമൂഹത്തെയും ഈ ധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയണം.
വെള്ളാപ്പള്ളി നടേശനും ജി.സുകുമാരന്‍ നായരും ഒന്നിച്ചു നിന്നപ്പോള്‍ പല രാഷ്ട്രീയകക്ഷികളുടെയും മുട്ടിടിച്ചു എന്ന കാര്യം കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്കും രാഷ്ട്രീയം പഠിക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ ഹിന്ദു ഐക്യത്തിനൊപ്പം ക്രൈസ്തവിഭാഗങ്ങളെക്കൂടി ഒന്നിപ്പിച്ച് വോട്ടുബാങ്ക് സ്വഭാവത്തില്‍ സംഘടിപ്പിച്ചാല്‍ മാത്രമേ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും ഭരണത്തെയും തീരുമാനിക്കാന്‍ കഴിയൂ. അതിനെതിരെ മുസ്ലിം ലീഗും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപി ഐയും ജമാഅത്തെ ഇസ്ലാമിയും ഒക്കെ രംഗത്ത് വരും. മുസ്ലിം ലീഗ് കേരളത്തിലെ ഭരണമുന്നണികളില്‍ മാറിമാറി ചേക്കേറി കൈവരിച്ച നേട്ടങ്ങളാണ് ഇന്ന് ഇസ്ലാമികസമൂഹം കൈവരിച്ചിട്ടുള്ള സാമ്പത്തിക-സാമൂഹിക മുന്നേറ്റത്തിന് പിന്നിലുള്ള ശക്തി എന്ന കാര്യം തിരിച്ചറിയണം. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോള്‍ 23 വകുപ്പു മേധാവികളില്‍ 23 പേരും മുസ്ലിം സമുദായത്തില്‍ നിന്ന് മാത്രമായതും ബ്ലാക്ക് ബോര്‍ഡ് മാറ്റി പച്ച ബോര്‍ഡാക്കിയതും സ്വന്തം വീടിന്റെ ഗംഗ എന്ന പേര് ഗ്രേസ് എന്ന് മാറ്റിയതും ഒക്കെ തിരിച്ചറിയണം. അറബി പഠനത്തിനും ഉറുദു പഠനത്തിനും വേണ്ടി മുസ്ലിംലീഗ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ സംസ്‌കൃതത്തിനോ നമ്മുടെ മാതൃഭാഷയായ മലയാളത്തിലോ കിട്ടിയിട്ടുണ്ടോ എന്നതും വിലയിരുത്തപ്പെടണം. കേരളത്തില്‍ ഉറുദു സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള റബ്ബിന്റെയും യുഡിഎഫിന്റെയും ശ്രമം ഈ അവസരത്തിലും ഓര്‍മ്മിക്കണം. മുസ്ലിം വിധവകള്‍ക്ക് മാത്രം ലഭിക്കുന്ന ഭവന നിര്‍മ്മാണാനുകൂല്യങ്ങളും പെന്‍ഷനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകളും സിവില്‍ സര്‍വീസ് അടക്കമുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കുപോലും കിട്ടുന്നില്ല. ഭാരതത്തിലെ കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് പോലും ഒബിസി സംവരണം ഫലപ്രദമായി ഉപയോഗിക്കാന്‍ എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പരിശീലനകേന്ദ്രങ്ങളും ഹിന്ദുസമൂഹം കാണണം അറിയണം.
വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അതിനനുസരിച്ച് സ്വന്തം സമുദായത്തില്‍ മാത്രമല്ല, മറ്റ് ഹൈന്ദവ-ക്രൈസ്തവ സംഘടനകളേയും കൂടി അണിനിരത്തി ഇതിനെതിരെ ചടുലമായ പ്രവര്‍ത്തനം സജ്ജമാക്കാനുമാണ് ശ്രമിക്കേണ്ടത്. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കാര്യം തുറന്നുപറഞ്ഞ് സംഘടിത വോട്ടുബാങ്കായി ഹൈന്ദവരെയും ക്രൈസ്തവരെയും മാറ്റാനുള്ള ശ്രമം ഉണ്ടാവണം. മൂന്നു പതിറ്റാണ്ടായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പരിവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കണം. സ്വന്തം ജീവിതം ഇസ്ലാമിക തീവ്രവാദികള്‍ ഇരയാക്കിയിട്ടുപോലും നിലപാട് മാറ്റാത്ത കുമാരനാശാന്‍ തന്നെയായിരിക്കണം വെള്ളാപ്പള്ളിയുടെ മാതൃക.






















