കേരളത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ പ്രതിപക്ഷനേതാവ് എന്ന ശബ്ദത്തിന് ജനപക്ഷനേതാവ് എന്ന പര്യായപദം എഴുതിച്ചേര്‍ത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. സമാനതകളില്ലാത്തവിധം സമരോത്സുകമായിരുന്നു ആ ജീവിതം. 1964 ല്‍ മുപ്പത്തിയൊന്നു പേര്‍ക്കൊപ്പം സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്നുള്ള വി.എസിന്റെ ഇറങ്ങിപ്പോക്ക് ചരിത്രപരമായ ഒരു പോരാട്ടത്തിന്റെ തുടക്കമായിരുന്നെങ്കില്‍ 2015 ലെ ആലപ്പുഴ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെയെല്ലാം ഒടുക്കമായിരുന്നു.
അഴിമതികളുടെ കറപുരണ്ടും അരമനകളുടെ പടി കയറിയും അധികാരസ്ഥാനങ്ങളിലേക്കുള്ള കുറുക്കുവഴികള്‍ തേടാതെ സാധാരണക്കാരും തൊഴിലാളികളും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കണ്ണും കരളുമായി വി.എസ്. കേരള രാഷ്ട്രീയത്തില്‍ കളം നിറഞ്ഞുനിന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും ഒരു പ്രതിപക്ഷ നേതാവിന്റെ ഭാവഹാവാദികളോടെ പതിറ്റാണ്ടുകളോളം അദ്ദേഹം പടപൊരുതി. ഇടമലയാര്‍ കേസ് മുതല്‍ ലാവലിന്‍ കേസ് വരെ കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസുകള്‍ പലതും കോടതിയിലും പൊതുമദ്ധ്യത്തിലും വ്യാപകമായ ചര്‍ച്ചാവിഷയമായതിന് കാരണം വി.എസിന്റെ വിട്ടുവീഴ്ചയില്ലാത്തതും വിലയ്‌ക്കെടുക്കപ്പെടാത്തതുമായ സമരവീര്യമായിരുന്നു. അങ്ങനെ വി.എസ്. എന്ന ദ്വയാക്ഷരീ അഴിമതിക്കാര്‍ക്കും സ്ത്രീപീഡകര്‍ക്കും വനംകയ്യേറ്റക്കാര്‍ക്കും ഭൂമാഫിയക്കാര്‍ക്കുമെതിരായ നേരിന്റെ പക്ഷമായി ജനമനസ്സുകളില്‍ ജ്വലിച്ചുയര്‍ന്നു. ‘സ്ത്രീപീഡകരെ കയ്യാമം വെച്ചു നടത്തിക്കും’ എന്നത് ഉള്‍പ്പെടെയുള്ള തന്റെ പല പ്രഖ്യാപനങ്ങളില്‍ നിന്നും ചിലപ്പോഴൊക്കെ വി.എസ്. തന്ത്രപൂര്‍വ്വം പിന്മാറുന്നതും കേരളം കണ്ടു. ‘പരാജയം ഭക്ഷിച്ചു ജീവിക്കുന്ന മനുഷ്യനാണ് വി.എസ്’ എന്ന എം.എന്‍. വിജയന്റെ അഭിപ്രായം ആ നിലയില്‍ അര്‍ത്ഥപൂര്‍ണ്ണമാണ്. 1998 ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് അച്യുതാനന്ദന്റെ അനുഗ്രഹത്തോടും ആശീര്‍വാദത്തോടും കൂടി പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ പതുക്കെ പാര്‍ട്ടിയെ തന്റെ കൈപ്പിടിയിലൊതുക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ പൊതുമദ്ധ്യത്തില്‍ അച്യുതാനന്ദന് നായകന്റെയും പിണറായി വിജയന് പ്രതിനായകന്റെയും പ്രതിച്ഛായയും പരിവേഷവും കൈവന്നു. സിപിഎമ്മില്‍ വിഎസ് പക്ഷവും പിണറായി പക്ഷവും തമ്മിലുള്ള അന്തര്‍ദ്വന്ദ്വങ്ങള്‍ രൂപപ്പെട്ടു. പാര്‍ട്ടിയില്‍ മുന്‍പില്ലാത്തവിധം വിഭാഗീയത മൂര്‍ച്ഛിച്ചു. 1996ല്‍മാരാരിക്കുളത്ത് പാര്‍ട്ടിക്കാര്‍ തന്നെ അച്യുതാനന്ദനെ കാലുവാരി തോല്‍പ്പിച്ചു. താന്‍ കൂടി മുന്‍കൈയെടുത്ത് രൂപീകരിച്ച പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് 2009 ല്‍ അദ്ദേഹം പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. ‘വിരട്ടലും വിലപേശലുമൊന്നും ഈ പാര്‍ട്ടിയോട് വേണ്ട’ എന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ചത് സിപിഎമ്മിനെ വിലയ്‌ക്കെടുക്കാനോ വരുതിയിലാക്കാനോ വന്ന മുതലാളിത്തത്തിന്റെ ദല്ലാളുമാരോടായിരുന്നില്ലെന്നും അത് സിപിഎം എന്ന പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായിരുന്ന വി.എസിനോടായിരുന്നുവെന്നതും മറ്റൊരു വൈരുദ്ധ്യം. ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ തീക്ഷ്ണതയും തിക്താനുഭവങ്ങളും വി.എസിന് ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. ഈ പോരിനിടയില്‍ സംഘടനാപരമായ അച്ചടക്കത്തിന്റെ അതിരുകള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് അന്യമായി. 2008 ലെ കോട്ടയം സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ അനുയായികള്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ആകാശത്തേക്കു കുപ്പികള്‍ വലിച്ചെറിയുകയുമുണ്ടായി. തുടര്‍ന്ന് പ്രസംഗിക്കാനെത്തിയ പിണറായി വിജയന്‍ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇവിടെ നടക്കുന്നത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ലെന്നും അകത്തു കിടക്കുന്ന മദ്യത്തിന്റെ ആവേശമല്ല ഇവിടെ കാണിക്കേണ്ടതെന്നും ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ രണ്ട് വിരുദ്ധധ്രുവങ്ങളായിരുന്നു വി.എസും പിണറായിയും. ഒരു ഘട്ടത്തിനുശേഷം പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസ്. നടത്തിയ പോരാട്ടങ്ങളെല്ലാം പിണറായിക്കെതിരായ പോരാട്ടം കൂടിയായിരുന്നു. പണാധിപത്യത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും പിടിയില്‍ നിന്ന് സിപിഎം എന്ന കേരള രാഷ്ട്രീയത്തിലെ പ്രബല പാര്‍ട്ടിയെ ഒരുപരിധിവരെ വി.എസ്. പ്രതിരോധിച്ചു നിര്‍ത്തി. മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ സാമൂഹിക സന്തുലനത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അപകടസാധ്യതകളെക്കുറിച്ച് അച്യുതാനന്ദന്‍ നല്‍കിയ മുന്നറിയിപ്പ് വലിയ വാര്‍ത്തയും വിവാദവും ഉണ്ടാക്കി. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രിത പദ്ധതിയെക്കുറിച്ച് ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വി.എസ്. ആഞ്ഞടിച്ചു. അവിടെയും അവസാനിച്ചില്ല. കമ്മ്യൂണിസത്തിന്റെ മറവില്‍ ഇസ്ലാമിസത്തിന് കുടപിടിക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയായിരുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ ഒരിക്കല്‍ വി.എസ്. പരസ്യമായി കുരങ്ങന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കെ.ഇ.എന്‍. താങ്കളെ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടല്ലോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുഞ്ഞഹമ്മദിനെപ്പോലുള്ള കുരങ്ങന്മാരോട് ആര് മറുപടി പറയും എന്നായിരുന്നു വിഎസിന്റെ പ്രതികരണം. അമൃതാനന്ദമയീദേവിക്കെതിരെ സംഘടിതമായി നടക്കുന്ന ആക്ഷേപങ്ങളെയും അദ്ദേഹം ആര്‍ജ്ജവത്തോടെ എതിര്‍ത്തു. പിന്നീട് പിണറായിക്കാലമായപ്പോള്‍ അമൃതാനന്ദമയി അമ്മയെയും ആശ്രമത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ചാനലിനെ തന്നെ ഉപകരണമാക്കി. ചാനല്‍ മേധാവി തന്നെ വിദേശത്ത് പോയി ഗെയ്ല്‍ ട്രെഡ് വെലിന്റെ അഭിമുഖമെടുത്ത് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി ചാനലിലൂടെ സംപ്രേഷണം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നവന്‍ എന്ന ടി.കെ. ഹംസയുടെ വിമര്‍ശനത്തോടും വി.എസ്. ഒരുകാലത്ത് അതിരൂക്ഷമായാണ് പ്രതികരിച്ചത്. അമരാവതിയില്‍ നിരാഹാര സമരം നടത്തിയ എകെജിയെ കളിയാക്കിയവനാണ് ഹംസയെന്നും, എകെജി രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘കാലന്‍ വന്നുവിളിച്ചിട്ടും എന്തേ പോവാത്തൂ ഗോപാല…ഗോപാല’ എന്നു വിളിച്ചവനാണ് ഹംസയെന്നും വി.എസ്. തിരിച്ചടിച്ചു. കനകമലയില്‍ ഐഎസ് പരിശീലനം നടത്തിയവരെ അറസ്റ്റ് ചെയ്തപ്പോള്‍ എന്‍ഐഎക്കെതിരെ ടി.കെ. ഹംസ നടത്തിയ പ്രതികരണം കണ്ടപ്പോള്‍ വി.എസ്. ഹംസയ്‌ക്കെതിരെ അന്ന് നടത്തിയ വിമര്‍ശനം ആവശ്യമായിരുന്നുവെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അതില്‍ ചേരാന്‍ അവിടത്തന്നെ ധാരാളം ആളുകളുണ്ട്. ഇവിടെ കനകമലയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നും ആളെ ചേര്‍ക്കേണ്ട ഗതികേട് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കില്ല. ഇനി അഥവാ ഇവിടെനിന്നാരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് ജോലി അന്വേഷിച്ചായിരിക്കാം’ എന്നായിരുന്നു ഹംസയുടെ പ്രതികരണം. മലപ്പുറം ഡി.സി.സി. പ്രസിഡന്റായിരുന്ന ഹംസ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ഇടതുസ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. സിപിഎം അംഗവും എം.എല്‍.എ.യും മന്ത്രിയും എം.പി.യുമൊക്കെയായി. ‘ഞാനെങ്ങനെ കമ്മ്യൂണിസ്റ്റായി’ എന്നൊരു പുസ്തകം വരെയെഴുതി. 2005ല്‍ പ്രതിപക്ഷ നേതാവായിരിക്കെ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു ജയിക്കുന്നവരാണെന്ന വി.എസിന്റെ പരാമര്‍ശം അദ്ദേഹത്തിന് മുസ്‌ലിം വിരുദ്ധനെന്ന പഴി കേള്‍പ്പിച്ചു. വി.എസ്. അച്യുതാനന്ദന്‍ സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് 2012 ല്‍ തിരുകേശ വിവാദം കത്തിനിന്നപ്പോള്‍ അത് ബോഡി വേസ്റ്റാണെന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന് പരസ്യ നിലപാടെടുക്കാന്‍ കഴിഞ്ഞത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കി മുസ്ലിം ലീഗിനെ എല്‍ഡിഎഫിലെത്തിക്കാനുള്ള പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് തടസ്സം നിന്നതും അച്യുതാനന്ദനായിരുന്നു.
വി.എസില്‍ നിന്ന് പിണറായിയിലേക്കുള്ള സിപിഎമ്മിലെ അധികാരക്കൈമാറ്റത്തോടെ പാര്‍ട്ടിയുടെ നയവ്യതിയാനം അതിന്റെ മൂര്‍ധന്യത്തിലെത്തി എന്നു കരുതുന്നവരുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ച് വി.എസില്‍ നിന്ന് പിണറായി വിജയനിലേക്കുള്ള ദൂരം വീഴ്ചയുടേതും വ്യതിചലനത്തിന്റേതുമായിരുന്നു. പാര്‍ട്ടി പിണറായിസത്തിന്റെ പിടിയിലമരാന്‍ തുടങ്ങിയപ്പോള്‍ ഇസ്ലാമിക മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയനയത്തിന് പ്രാമുഖ്യവും പ്രോത്സാഹനവും ലഭിച്ചു. പൊന്നാനിയില്‍ പിഡിപിക്കാരനെ സിപിഎം സ്ഥാനാര്‍ഥിയാക്കി. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി.എസ്. ചിരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയുടെ തെളിവായി പോലും ഇത് ചിത്രീകരിക്കപ്പെട്ടു. ശംഖുമുഖത്ത് നവകേരള മാര്‍ച്ചിന്റെ സമാപന വേദിയിലേക്ക് വിഎസ് കടന്നുവന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന പിണറായി വിജയന്‍ എടപ്പാളില്‍ മദനി വന്നപ്പോള്‍ എഴുന്നേറ്റ് ചെന്നു സ്വീകരിച്ചു. നവകേരളയാത്രയുടെ സമാപന പരിപാടിയില്‍ വി.എസിനെ വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹത്തെ വ്യക്തിപരമായി തന്നെ ലക്ഷ്യം വെച്ചുകൊണ്ട് പിണറായി പറഞ്ഞ കടല്‍വെള്ളത്തിന്റെ കാര്യം പരാമര്‍ശിക്കുന്ന ഉറുദു കഥ പഴയ സിമി നേതാവായ കെ.ടി. ജലീല്‍ പറഞ്ഞുകൊടുത്തതാണെന്ന് അന്ന് പരക്കെ പ്രചരിക്കപ്പെട്ടിരുന്നു. നവകേരള ജാഥയിലെ പാര്‍ട്ടിക്കാരനല്ലാത്ത ഏക അംഗമായിരുന്നു അന്ന് ജലീല്‍. അന്ന് വി.എസിനെതിരെ പോരാടാന്‍ പിണറായിക്ക് ആശയവും ആയുധവും നല്‍കിയ ജലീല്‍ ഗുജറാത്ത് ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ചു മുസ്ലിംലീഗ് വിട്ടയാളായിരുന്നു. പിന്നീട് പാര്‍ട്ടി സഹയാത്രികനും മന്ത്രിയുമായി. പില്‍ക്കാലത്ത് ജലീലിന്റെ ബന്ധുനിയമനവും ഖുറാന്‍ വിതരണവും ഈന്തപ്പഴ വിവാദവുമെല്ലാം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയപ്പോള്‍ വി.എസ്. ആയിരുന്നു ശരിയെന്ന് പാര്‍ട്ടിക്കാര്‍ പോലും അടക്കം പറഞ്ഞു. പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ പദ്ധതികളെ പരസ്യമായി ചൂണ്ടിക്കാട്ടിയ വി.എസിന്റെ ഭൗതികശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിക്കപ്പെടുമ്പോള്‍ അദ്ദേഹം കൂടി നേതൃത്വം നല്‍കി രൂപീകരിച്ച പാര്‍ട്ടി പ്രീണന രാഷ്ട്രീയത്തിന്റെ കഫിയ പുതച്ചു നില്‍ക്കുകയാണെന്നത് കാലത്തിന്റെ ദുര്യോഗമാവാം. വി.എസിന്റെ നിശ്ചലദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിയപ്പോള്‍ തന്നെയാണ് സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പാര്‍ട്ടിക്കകത്ത് അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ കൂടി വിജയമാണത്. വി.എസ്. നിശബ്ദനായപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങളെല്ലാം നിശബ്ദമാവുകയായിരുന്നു. പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയതിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിനെ ‘വെറുക്കപ്പെട്ടവന്‍’ എന്ന് വി.എസ്. ആവര്‍ത്തിച്ച് വിശേഷിപ്പിച്ചിരുന്നു. അത് വലിയ ചര്‍ച്ചയായി. തൊട്ടുപിന്നാലെ പാര്‍ട്ടി ചാനലില്‍ ഫാരിസിന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പെട്ടു. അതില്‍ വി.എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. പിന്നീട് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. വി.എസിന്റെ വെറുക്കപ്പെട്ടവന്‍ പിന്നീട് പാര്‍ട്ടിയുടെ വിരുന്നുകാരനായി മാറി എന്നതു ചരിത്രം. വിഭാഗീയതയ്ക്കും വിവാദങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കുമൊന്നും വി.എസിനെ ജനമനസ്സുകളില്‍ നിന്ന് പറിച്ചെറിയാന്‍ സാധിച്ചില്ല. എം.എന്‍. വിജയനും ടി.പി. ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനോട് ആശയപരമായും സംഘടനാപരമായും ഏറ്റുമുട്ടി രക്തസാക്ഷികളായത് വി.എസിനു വേണ്ടി കൂടിയായിരുന്നു. പാര്‍ട്ടിയില്‍ ഉഗ്രപ്രതാപിയായി വാണിരുന്ന കാലത്ത് അക്രമരാഷ്ട്രീയത്തിന് അരികുനിന്ന വി.എസ്. പാര്‍ട്ടിയുടെ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ ഭീകരമുഖം തിരിച്ചറിഞ്ഞതും ചന്ദ്രശേഖരന്‍ വധത്തോടെയാണ്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനമസ്സുകളില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രതിച്ഛായയ്ക്ക് ഒരിക്കലും മങ്ങലേറ്റിരുന്നില്ല. സമരസപ്പെടാത്ത സമരമുഖമായി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. പ്രതിപക്ഷ നേതാവായിരിക്കെ ഭാരതീയവിചാരകേന്ദ്രവും വിവേകാനന്ദ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങില്‍ വി.എസ്. പങ്കെടുക്കുകയും ആര്‍എസ്എസ് പ്രചാരകനായ പി. പരമേശ്വര്‍ജിയുമായി വേദിപങ്കിടുകയും ചെയ്തു. തന്റെ വിയോജിപ്പുകളും വി.എസ്. അവിടെ തുറന്നു പറഞ്ഞു. അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന പ്രതിപക്ഷ ബഹുമാനത്തിന്റെ ഉദാഹരണമായി ഈ സംഭവത്തെ കണക്കാക്കാം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ക്കാരന്‍ എന്നും അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവ് എന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ വി.എസിനെ സംബന്ധിച്ചെടുത്തോളം അര്‍ത്ഥശൂന്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് മാനസികമായി അകലം പാലിച്ചുകൊണ്ട് മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പൊതുസമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നപ്പോഴാണ് വാസ്തവത്തില്‍ അച്യുതാനന്ദന്‍ ജനകീയനും പൊതുസ്വീകാര്യനുമായി മാറിയത്. ഒരുപക്ഷേ, തൊഴിലാളി നേതാവായിരുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്നു കാലം അദ്ദേഹത്തെ വിലയിരുത്തിയേക്കാം. വി.എസ്. എന്ന പോരാളിയുടെ വിടവാങ്ങലോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നൂറ്റാണ്ടിന്റെ പ്രക്ഷോഭപര്‍വ്വത്തിനും പ്രതിപക്ഷശബ്ദത്തിനുമാണ് പര്യവസാനമാവുന്നത്. പൊതുമദ്ധ്യത്തില്‍ പ്രതിപക്ഷ നേതാവിന്റെയും, വിപ്ലവപ്പാര്‍ട്ടി എന്ന് സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ അപ്രതിരോധ്യമായ പ്രതിവിപ്ലവത്തിന്റെയും പ്രതിപുരുഷനായിരുന്നു വി.എസ്. അച്യുതാനന്ദന്.





















