കേരളത്തിലെ സ്‌കൂള്‍ സമയം സംബന്ധിച്ച സമവായ ചര്‍ച്ചയില്‍ ആരാണ് ജയിച്ചത്? ഇടത് സര്‍ക്കാര്‍ വിജയിച്ചു, സമയക്രമത്തില്‍ മാറ്റമില്ല, ഇക്കാര്യം സമസ്ത അംഗീകരിച്ചു എന്നാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പത്രക്കാരോടു പറഞ്ഞത്. സമവായ ചര്‍ച്ചയില്‍ പങ്കെടുത്ത സമസ്തയുടേതടക്കമുള്ള മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പറഞ്ഞത് മദ്രസ സമയത്തില്‍ ഒരു മാറ്റവുമില്ല, അടുത്ത വര്‍ഷം സ്‌കൂള്‍ സമയക്രമം മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട് എന്നാണ്. രണ്ടുകൂട്ടരും തങ്ങളുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ മാറ്റമില്ല എന്നു പറയുകയും ചെയ്യുന്നു. സ്‌കൂള്‍ സമയക്രമം പാലിക്കാന്‍ മദ്രസകള്‍ സമയക്രമം മാറ്റും എന്ന് സുന്നിമതനേതാക്കളെക്കൊണ്ടു സമ്മതിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിക്ക് സാധിച്ചിട്ടില്ല. പകരം അടുത്ത കൊല്ലം ഇപ്പോഴത്തെ സമയക്രമം പഴയതാക്കി മാറ്റാമെന്ന വാഗ്ദാനം കിട്ടി എന്നാണ് സമസ്തക്കാര്‍ പറഞ്ഞത്.
ഹൈക്കോടതിയെ പേടിച്ചാണ് സ്‌കൂള്‍ സമയക്രമം മാറ്റിയതെന്നും അതു തെറ്റിച്ചാല്‍ കോടതിക്കുമുമ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും എന്നതിനാല്‍ തങ്ങള്‍ നിസ്സഹായരാണ് എന്നുമുള്ള വാദമുന്നയിച്ചാണ് ശിവന്‍കുട്ടി മതപണ്ഡിതന്മാരെ നേരിട്ടത്. മദ്രസക്ക് വേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യാനും തയ്യാര്‍ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോള്‍ തന്നെ ക്ലാസുകള്‍ക്കിടയിലെ ഇടവേള, കുട്ടികള്‍ക്ക് ശുചിമുറിയില്‍ പോയി വരാന്‍ പോലും സമയം നല്‍കാതെ വെട്ടിക്കുറച്ചിട്ടും സമയം തികയാതെ വന്നപ്പോഴാണ് രാവിലെയും വൈകുന്നേരവും 15 മിനുറ്റ് വീതം കൂട്ടി കണക്കിലെ കളിയിലൂടെ കോടതിയുടെ കണ്ണില്‍ പൊടിയിട്ടത്. ഫലത്തില്‍ ഈ കാല്‍ മണിക്കൂര്‍ വര്‍ദ്ധന കുട്ടികള്‍ക്ക് പഠനത്തില്‍ ഒരു ഗുണവും ചെയ്യില്ല. മുസ്ലിം പണ്ഡിതര്‍ മദ്രസ സമയക്രമം മാറ്റാത്തതിനാല്‍ അതു കഴിഞ്ഞേ മുസ്ലിം കുട്ടികള്‍ സ്‌കൂളില്‍ എത്തൂ. അതിനുള്ള അനുമതി മന്ത്രി വാക്കാലേ നല്‍കാതെ പിടിവാശിക്കാരായ സമസ്തക്കാര്‍ പിന്മാറില്ല എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നാട്ടുകാരെ പറ്റിക്കുന്ന സമവായ ചര്‍ച്ച എന്ന ഒത്തുകളിയില്‍ ശിവന്‍കുട്ടിയും സമസ്തയും ജയിച്ചു; തോറ്റത് അമുസ്ലിം സമുദായക്കാരായ വിദ്യാര്‍ത്ഥികള്‍ – ഇതല്ലേ യാഥാര്‍ത്ഥ്യം?





















