കേരളത്തിലെ ജിഹാദികളും സിപിഎമ്മുകാരും കോണ്‍ഗ്രസ് നേതാക്കളും ഒരേപോലെ ചിന്തിക്കുന്നു എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍. ജിഹാദികളെ വെളുപ്പിക്കുകയും ജിഹാദികള്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്യുന്ന ഡൂള്‍ ന്യൂസും ദേശാഭിമാനിയും ഇവരുമായി ബന്ധമുള്ള ചില മാധ്യമപ്രവര്‍ത്തകരും ചില രാഷ്ട്രീയ നേതാക്കളും രണ്ടുകാലും വെട്ടിമാറ്റപ്പെട്ട സദാനന്ദന്‍ മാസ്റ്ററെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും ഇന്നുവരെ ഇല്ലാത്ത തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി തേജോവധം ചെയ്യാനും അദ്ദേഹം ക്രിമിനലാണെന്ന് വരുത്താനുമുള്ള ശ്രമം നടത്തിയതിന് പിന്നില്‍ ഒറ്റക്കാരണമേയുള്ളൂ; അത് ഭയമാണ്, ദേശീയതലത്തില്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന സിപിഎം ആക്രമണത്തിനെതിരായ ജനവികാരമാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമസംഭവങ്ങളുടെയും നിഷ്ഠൂരതയുടെയും നേര്‍ചിത്രം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയാകുന്നതോടെ സിപിഎം കെട്ടിപ്പൊക്കുന്ന താരപരിവേഷവും സമാധാന പുരോഗമന പ്രതിച്ഛായയും ഇല്ലാതാകുമെന്ന കാരണം തന്നെയാണ് അവരെ അലോസരപ്പെടുത്തുന്നത്.
കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന വൈരനിര്യാതനബുദ്ധി കൂടി ഈ വാര്‍ത്തയില്‍ ശ്രദ്ധേയമാണ്. വര്‍ഷങ്ങളോളം അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ അറിയപ്പെടുന്നത് തന്നെ സദാനന്ദന്‍ മാസ്റ്റര്‍ എന്നാണ്. ചിലരെങ്കിലും ബോധപൂര്‍വ്വം ആ പേരിനൊപ്പമുള്ള മാസ്റ്റര്‍ ഒഴിവാക്കി. ഡ്രില്ലും ക്രാഫ്റ്റും തുന്നലും പഠിപ്പിക്കുന്നവരെ ടീച്ചര്‍ എന്നും മാസ്റ്റര്‍ എന്നും വിളിക്കുന്നവര്‍ സദാനന്ദന്‍ മാസ്റ്ററുടെയും ശശികല ടീച്ചറുടെയും കാര്യം വരുമ്പോള്‍ മാസ്റ്ററും ടീച്ചറും അല്ലാതാക്കുന്നത് പ്രീണനത്തിന്റെ അസ്‌കിതകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകും. കാല്‍നൂറ്റാണ്ടുകാലം അധ്യാപനരംഗത്തും വര്‍ഷങ്ങളോളം ഭാരതത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായും ജന്മഭൂമി പത്രാധിപസമിതി അംഗമായുമൊക്കെ പ്രവര്‍ത്തിച്ച സദാനന്ദന്‍ മാസ്റ്ററുടെ യോഗ്യതയെക്കുറിച്ച് സംശയമുണര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. സദാനന്ദന്‍ മാസ്റ്ററെക്കാള്‍ കൂടുതല്‍ യോഗ്യതയുള്ള ആരെയാണ് കേരളത്തില്‍നിന്ന് ഇടതുമുന്നണിയും വലതുമുന്നണിയും രാജ്യസഭയിലേക്കോ ലോകസഭയിലേക്കോ അയച്ചതെന്ന് ആദ്യം വ്യക്തമാക്കണം. പാര്‍ലമെന്റിലും നിയമസഭയിലും ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച ഇടതുമുന്നണി നേതാവ് ഇ.കെ.നായനാരും യുഡിഎഫ് നേതാവ് കെ.കരുണാകരനുമായിരുന്നു. പത്താംക്ലാസ് പാസ് ആയിട്ടില്ലാത്ത ഇവരുടെ രണ്ടുപേരുടെയും ഭരണശേഷിയോ മികവോ മറ്റേത് നേതാവിന് ഉണ്ടായിരുന്നു എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ക്ക് നിശബ്ദനായി കൂട്ടുനിന്നു എന്ന പാപം ഒഴിച്ചാല്‍ ഒരുപക്ഷേ, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോന്‍ തന്നെയായിരുന്നു. രമേശ് ചെന്നിത്തല സദാനന്ദന്‍ മാസ്റ്ററില്‍ കാണാതെപോയ യോഗ്യത എന്താണെന്ന് അപഗ്രഥിക്കുമ്പോള്‍ അത് വ്യക്തിനിഷ്ഠമാണെന്ന് പറയാതിരിക്കാനാവില്ല. കൈക്കൂലിയും അനാശാസ്യവും നര്‍ത്തകിമാര്‍ക്ക് വീടുവാങ്ങി കൊടുക്കലും സ്വന്തം മുഖ്യമന്ത്രിക്ക് പണികൊടുക്കാന്‍ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സോളാര്‍ കേസുണ്ടാക്കുകയും അത് കൈരളിക്കാരന് ചോര്‍ത്തിക്കൊടുത്ത് വാര്‍ത്തയാക്കുകയും ഉത്സവപ്പറമ്പിന്റെ തിരക്കുള്ള ക്ലിഫ് ഹൗസില്‍ പീഡനം നടത്തി എന്ന ആരോപണമുയര്‍ത്തി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്ന സാധാരണ യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയ അളവുകോലുകളില്‍ സദാനന്ദന്‍ മാസ്റ്റര്‍ യോഗ്യനല്ല എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. രമേശ് ചെന്നിത്തലയുടെ അളവുകോല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വത്തിനും മാത്രമേ പാകമാവുകയുള്ളൂ. അതുവെച്ച് ഈ രാഷ്ട്രത്തിനുവേണ്ടി ജീവിതം പതിക്കട്ടെ എന്ന് ദിവസവും കൈ നെഞ്ചില്‍ ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുന്ന സംഘ സ്വയംസേവകരെ അളക്കാന്‍ ശ്രമിക്കരുത്. അളവുകോലിന്റെ കള്ളത്തരം പുറത്തുവന്നാല്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തിന് കുപ്പായം തയ്പ്പിച്ച് വി.ഡി.സതീശനുമായി കൊമ്പുകോര്‍ത്തു നില്‍ക്കുന്ന ചെന്നിത്തലയ്ക്ക് തലയില്‍ മുണ്ടിട്ടേ പുറത്തിറങ്ങാന്‍ കഴിയൂ എന്നകാര്യം ഓര്‍മ്മിപ്പിക്കട്ടെ.
ഡൂള്‍ ന്യൂസും ദേശാഭിമാനിയും ലക്ഷ്യമിട്ടത് സിപിഎമ്മിനെ പോലെ തന്നെ സദാനന്ദന്‍ മാസ്റ്ററും അക്രമിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിനായിരുന്നു. അതിന്റെ ഭാഗമായി ആദ്യം ഉയര്‍ത്തിയ ആരോപണം എസ്എഫ്ഐ നേതാവായ സുധീഷിന്റെ മരണത്തില്‍ സദാനന്ദന്‍ മാസ്റ്റര്‍ക്ക് പങ്കുണ്ട് എന്നായിരുന്നു. 1994 ജനുവരി 25 നാണ് സദാനന്ദന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കൂത്തുപറമ്പിലുള്ള അമ്മാവനെ സഹോദരിയുടെ വിവാഹനിശ്ചയത്തിന്റെ കാര്യങ്ങള്‍ അറിയിക്കാന്‍ പോയശേഷം മടങ്ങിവന്ന് ഉരുവംചാലില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സിപിഎമ്മിന്റെ പതിവ് സ്റ്റൈലില്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബസ്സില്‍നിന്ന് ഇറങ്ങിയ മാസ്റ്ററെ ബലംപ്രയോഗിച്ച് കീഴടക്കി കാലുകള്‍ വെട്ടിമാറ്റി അടുത്തപറമ്പിലേക്ക് എറിയുകയായിരുന്നു. വെട്ടിമാറ്റിയ കാലുകളില്‍നിന്ന് ചോര ചീറ്റിയൊഴുകി. ബോംബേറും ഭീകരാന്തരീക്ഷവും കണ്ട് ആളുകള്‍ ഓടി മാറി. റോഡിലൂടെ പോയ വാഹനങ്ങള്‍ പോലും മുറിവേറ്റുകിടന്ന ആളെ രക്ഷപ്പെടുത്താന്‍ എത്തിയില്ല. ആരോ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞാണ് പോലീസ് എത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലില്‍നിന്ന് ചോരയൊഴുകുമ്പോഴും മാസ്റ്ററുടെ ബോധം നഷ്ടപ്പെട്ടിരുന്നില്ല. കാല് അടുത്തപറമ്പിലേക്ക് വലിച്ചെറിഞ്ഞു എന്ന് പോലീസിനോട് പറഞ്ഞതും മാസ്റ്റര്‍ തന്നെയായിരുന്നു. മാസ്റ്ററുടെ മരണമാണ് സിപിഎമ്മുകാര്‍ ലക്ഷ്യമിട്ടത്. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയില്‍ ഒരു മറുശബ്ദം ഒരിക്കലും അവര്‍ക്ക് പൊറുക്കാവുന്നതായിരുന്നില്ല. മനസ്സിന്റെ ഉറപ്പും ധൈര്യവും കൊണ്ടു മാത്രമാണ് അദ്ദേഹം പിടിച്ചുനിന്നത്. പറമ്പിലേക്ക് വലിച്ചെറിഞ്ഞത് മൂലം മണ്ണ് പറ്റിയതുകൊണ്ട് മുറിച്ചുമാറ്റപ്പെട്ട ഭാഗത്ത് കാലുകൂട്ടി ചേര്‍ക്കാന്‍ കഴിയില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധന്മാര്‍ പറഞ്ഞു. മുട്ടിന് താഴെവച്ച് രണ്ടുകാലുകളും നഷ്ടമായ അദ്ദേഹം മൂന്നുമാസം കൊണ്ട് ആസ്പത്രി വിട്ടു. പിന്നെയും ആറുമാസം വേണ്ടിവന്നു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍.
ദേശീയതയുടെ ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിച്ചു എന്നതാണ് സദാനന്ദമാസ്റ്ററില്‍ അവര്‍ കണ്ട കുറ്റം. ചികിത്സകഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും അദ്ദേഹം ജോലിചെയ്തിരുന്ന പെരിഞ്ചേരി എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വ്വം ടി.സി വാങ്ങിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനം ഉപയോഗപ്പെടുത്തി. കുട്ടികള്‍ കുറഞ്ഞതോടെ ഡിവിഷന്‍ നഷ്ടപ്പെട്ട് അദ്ദേഹത്തിന് ജോലിയില്ലാതായി. ഇതോടെ അദ്ദേഹം ജന്മഭൂമിയില്‍ സഹപത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. രണ്ടുമൂന്ന് വര്‍ഷത്തിനുശേഷമാണ് പേരാമംഗലം ദുര്‍ഗ്ഗാ സ്‌കൂളില്‍ അദ്ദേഹം വീണ്ടും അധ്യാപകനാകുന്നതും ദേശീയ അധ്യാപക പരിഷത്തിന്റെ കേരള ഘടകമായ എന്‍.ടി.യുവില്‍ സജീവമാകുന്നതും. സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാര്‍ത്തയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
രക്തസാക്ഷികളെ സൃഷ്ടിക്കാനും അതിന്റെ പേരില്‍ പണപ്പിരിവ് നടത്താനും രക്തസാക്ഷിമണ്ഡപം കെട്ടാനും മാത്രം പഠിച്ചിട്ടുള്ള സിപിഎം ഒരിക്കലും ജീവിതം കരുപ്പിടിപ്പിക്കാനും പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ കൊടുത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിച്ചില്ല. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതത്തിനൊപ്പം സംഘം എന്ന പ്രസ്ഥാനം ഉണ്ടായിരുന്നു. അധ്യാപകജോലി നഷ്ടപ്പെട്ടപ്പോള്‍ ജന്മഭൂമിയിലേക്കും പിന്നീട് സംഘ ഉടമസ്ഥതയില്‍ തന്നെയുള്ള ദുര്‍ഗ്ഗാ സ്‌കൂളിലേക്കും അദ്ദേഹത്തെ കൊണ്ടുവന്നു. ബിഎഡ്ഡിന് പഠിക്കുമ്പോള്‍ പരിചയമുണ്ടായിരുന്ന പാനൂര്‍ സ്വദേശിനി വനിതാ റാണിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായത്. കാലു വെട്ടിമാറ്റിയതിനുശേഷം ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെയോര്‍ത്ത് ജീവിതം കളയണ്ടെന്നും മറ്റൊരു കല്യാണത്തിലൂടെ ജീവിതം നോക്കാനും അദ്ദേഹം നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതിരുന്ന അവര്‍ കാലുകളെയല്ല സ്നേഹിച്ചത് എന്ന് മാസ്റ്ററെ ബോധ്യപ്പെടുത്തുകയായിരുന്നു. പിന്നീട് വിവാഹിതരായി സംഘത്തിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള ചേര്‍പ്പ് സി എന്‍എന്‍ സ്‌കൂളില്‍ സേവനമനുഷ്ഠിച്ചു.
മാസ്റ്ററെ വെട്ടിപ്പരിക്കല്‍പ്പിച്ചത് 1994 ജനുവരി 25 നായിരുന്നു. അതിനടുത്ത ദിവസം 26 നാണ് എസ്എഫ്ഐ നേതാവ് സുധീഷ് കൊല്ലപ്പെട്ടത്. കാലു വെട്ടിമാറ്റി ഗുരുതരമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സദാനന്ദന്‍ മാസ്റ്ററാണ് സുധീഷിന്റെ കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്നും അദ്ദേഹം അക്രമിയാണെന്നുമാണ് ഇപ്പോള്‍ ദേശാഭിമാനിയും ഡൂള്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകരും അവരുടെ ക്യാപ്സ്യൂള്‍ തൊഴിലാളികളും പ്രചരിപ്പിച്ചത്. ദിവസത്തിന്റെ കാര്യത്തിലെ തെറ്റ് പിന്നീട് ബോധ്യപ്പെട്ടപ്പോഴാണ് മറ്റൊരു ക്യാപ്സൂളുമായി രംഗത്ത് വന്നത്. സദാനന്ദന്‍ മാസ്റ്റര്‍ കാരണമാണ് തനിക്ക് പരിക്കേറ്റത് എന്നുപറഞ്ഞ് പെരിഞ്ചേരിയിലുള്ള ജനാര്‍ദ്ദനന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ മുന്നോട്ടുവന്നു. പിന്നീട് പുറത്തിറക്കിയത്. സദാനന്ദന്‍ മാസ്റ്റര്‍ ജനാര്‍ദ്ദനന്റെ കുട്ടികളെ അനുവാദമില്ലാതെ ബാലഗോകുലം പരിപാടിയില്‍ കൊണ്ടുപോവുകയും അത് ചോദ്യം ചെയ്തതിന് തല്ലി എന്നും കാലു വെട്ടി എന്നൊക്കെയായിരുന്നു ആരോപണം. എന്നാല്‍ ഈ സംഭവവുമായി സദാനന്ദന്‍ മാസ്റ്റര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബന്ധുവിന്റെ മരണം കാരണം ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് മാസ്റ്റര്‍ ആ തവണ ബാലഗോകുലം ശോഭായാത്രയിലോ പരിപാടികളിലോ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, ബാലഗോകുലത്തിന്റെ ഏതു പരിപാടിക്കും ആരെ കൊണ്ടുപോകണമെങ്കിലും വീട്ടുകാരുടെ അനുവാദത്തോടു കൂടി, അല്ലെങ്കില്‍ ബന്ധുക്കളുടെ ഒപ്പമോ സാന്നിധ്യത്തിലോ മാത്രമേ കൊണ്ടുപോകാറുള്ളു. ജനാര്‍ദ്ദനന്റെ മക്കളെ അന്ന് ബാലഗോകുലം പരിപാടിക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരുന്നു എന്നാണ് ബാലഗോകുലം പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സദാനന്ദന്‍ മാസ്റ്ററെ നേരിട്ടറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വവും ഹൃദയനൈര്‍മല്യവും ആദര്‍ശദൃഢതയും അറിയാം. അതുകൊണ്ടുതന്നെ ക്യാപ്സൂളുകള്‍ ജിഹാദികള്‍ക്കും സഖാക്കള്‍ക്കും സ്വന്തമായി പ്രചരിപ്പിച്ച് ആശ്വസിക്കാം.
സദാനന്ദന്‍ മാസ്റ്റര്‍ ഒരു വ്യക്തിയെന്ന നിലയിലല്ല രാജ്യസഭയിലേക്കെത്തുന്നത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ ഒരു പ്രതീകമാണ്. ആദര്‍ശദൃഢതയുടെയും നിര്‍ഭയതയുടെയും പ്രതീകം. സിപിഎം അടക്കമുള്ള ഇടതുവൈതാളികരും ജിഹാദികളും കേരളത്തിന്റെ മണ്ണില്‍ സൃഷ്ടിക്കുന്ന ചോരപ്പുഴയും അലോസരവും എത്ര വലുതാണെങ്കിലും അതിനെ അതിജീവിച്ച് ദേശീയതയുടെ ശംഖധ്വനിയായി, ഭാരതാംബയുടെ അര്‍ച്ചനക്കായി ഈ പ്രസ്ഥാനം ഉണ്ടാകുമെന്ന വളരെ വ്യക്തമായ സൂചന തന്നെയാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. കേരളത്തിലെ സിപിഎം ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. കേരളത്തില്‍ ഏതാണ്ട് 500 ലേറെ പേര്‍ക്ക് രാഷ്ട്രീയസംഘര്‍ഷത്തില്‍ ജീവഹാനി നേരിട്ടു. എല്ലാ അക്രമസംഭവങ്ങളിലും ഒരുഭാഗത്ത് സിപിഎം ഉണ്ടെന്നകാര്യം മറക്കരുത്. തലശ്ശേരി വര്‍ഗീയ കലാപത്തിലും സിപിഎമ്മിന്റെ നിസ്തുലമായ പങ്ക് സമാധാനത്തിനായിരുന്നില്ല, പകരം അക്രമത്തിനായിരുന്നു എന്നകാര്യം കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും കമ്മീഷന്‍ മുമ്പാകെ സിപിഐയുടെ അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ഇ.ബലറാം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തില്‍ വര്‍ഗീയസംഘര്‍ഷത്തില്‍ ഒരു മുസ്ലീം പള്ളി ആദ്യം തകര്‍ത്തതും സിപിഎമ്മാണെന്ന് ആ റിപ്പോര്‍ട്ടിലാണ് വന്നത്. കഴിഞ്ഞില്ല, 5000 ത്തിലേറെ പേര്‍ക്ക് കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ അംഗഭംഗം വന്നു. ഈ ആക്രമണങ്ങളില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഉണ്ട്. പക്ഷേ, എല്ലായിടത്തും ഒരുഭാഗത്ത് സിപിഎം ഉണ്ടായിരുന്നു. ഏതാണ്ട് ഇരുപത്തയ്യായിരത്തിലേറെ പേര്‍ക്കാണ് രാഷ്ട്രീയ ആക്രമണങ്ങളില്‍ കേരളത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടത്. ഇതിലും ഒരുഭാഗത്ത് സിപിഎം മാത്രമായിരുന്നു എന്ന് കാണുമ്പോഴാണ് കേരളത്തിലെ സിപിഎം നടത്തുന്ന രാഷ്ട്രീയ അതിക്രമത്തിന്റെയും അസഹിഷ്ണുതയുടെയും തീവ്രത ആര്‍ക്കും ബോധ്യപ്പെടുന്നത്. വടകരയിലെ വിനീത കോട്ടായിയുടെ പറമ്പിലെ തേങ്ങയടത്താന്‍ സമ്മതിക്കാത്തതും പയ്യന്നൂരിലെ ചിത്ര എന്ന പട്ടികജാതി പെണ്‍കുട്ടിയെ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കാത്തതും ഒക്കെ ഇതിന്റെ തുടര്‍സംഭവങ്ങള്‍ മാത്രമാണ്.
ലോകം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും സൂപ്പര്‍ ബ്രെയിനിലേക്കും ഒക്കെ നീങ്ങുമ്പോള്‍ പഴയ ബൊളിവിയന്‍ കാടുകളിലെ ലഹരി സംസ്‌കാരമല്ല കേരള രാഷ്ട്രീയത്തെയും ഭാരത രാഷ്ട്രീയത്തെയും മുന്നോട്ട് നയിക്കേണ്ടത്. നിങ്ങള്‍ വെട്ടിയിട്ട കാലുകളില്‍നിന്ന്, മുറിച്ചു മാറ്റാന്‍ ശ്രമിച്ച ജീവിതത്തില്‍നിന്ന് സര്‍വ്വംസഹയായ ഭാരതാംബയ്ക്കു വേണ്ടി ജീവിതമര്‍പ്പിച്ച് ഉയര്‍ത്തെഴുന്നേറ്റുവന്ന ഒരു മനുഷ്യന്‍ നിവര്‍ന്നുനിന്ന് നിങ്ങളുടെ രാഷ്ട്രീയത്തെയും അക്രമത്തെയും വെല്ലുവിളിക്കുമ്പോള്‍ നിങ്ങള്‍ എത്ര ചെറുതായി പോകുന്നു എന്ന് കാണാന്‍ ഒരു മൈക്രോസ്‌കോപ്പിനു പോലും കഴിയുന്നില്ല. ഭാവാത്മകമായ മാറ്റം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ എന്തായാലും അതിനപ്പുറം രാഷ്ട്രപുരോഗതിക്കും ദേശസുരക്ഷയ്ക്കും വേണ്ടി ഒന്നിച്ചുനില്‍ക്കാനും ഒരുമിച്ചു പോരാടനുമുള്ള ആര്‍ജ്ജവം ഉണ്ടാകാനുള്ള അവസാന അവസരമാണിത്. മാഷോട് മാത്രമല്ല, നിങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്‍ അടക്കമുള്ള രാഷ്ട്രീയക്കാരുടെ കുടുംബങ്ങളോടും അംഗഭംഗം വന്നവരോടും ജീവനോപാധി നഷ്ടപ്പെട്ടവരോടും സദാനന്ദന്‍ മാസ്റ്റര്‍ എന്ന പ്രതീകത്തിലൂടെ മാപ്പ് പറയുക. ആര്‍എസ്എസ് എന്ന പ്രസ്ഥാനം എങ്ങനെയാണ് സ്വയംസേവകരെ വാര്‍ത്തെടുക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. നിങ്ങള്‍ കാലു മുറിച്ചാലും ജീവനെടുക്കാന്‍ ശ്രമിച്ചാലും ഈ രാഷ്ട്രത്തിനുവേണ്ടി ഹിമഗിരിശൃംഗത്തെപ്പോലെ ഉറച്ചുനില്‍ക്കാനുള്ള ചങ്കുറപ്പാണ് ഈ പ്രസ്ഥാനത്തിനുള്ളത്. ജീവിക്കാനും വളരാനും വളര്‍ത്താനുമാണ് അത് പഠിപ്പിക്കുന്നത്. ഹിംസയല്ല, ഓരോ പദത്തിലും ഭാവാത്മകവും സര്‍വ്വാശ്ലേഷിയുമായ ജീവിതനൈര്‍മല്യവും ഹൃദയവിശാലതയുമാണ് പുലര്‍ത്തുന്നത്. പക്ഷേ, അത് ദൃഢചിത്തതയുടെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ അണുവിട വ്യതിചലിക്കാതെയാണ്. പറമ്പിലേക്ക് കാലുകള്‍ വെട്ടിയെറിഞ്ഞിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഭാരതരാഷ്ട്രീയത്തിന്റെ ശ്രീകോവിലില്‍ സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ അക്രമോന്മുഖ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന് സ്വന്തം ജീവിതംകൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ എന്ന പ്രതീകം ഒരു പുതിയ അനുഭവസാക്ഷ്യമാണ് സമര്‍പ്പിക്കുന്നത്.






















