ഭാരതീയ ആചാരങ്ങളെല്ലാം സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടെയും ഭ്രമണത്തെ ആസ്പദമാക്കിയാണ്. എല്ലാ കറുത്തവാവ് (അമാവാസി) ദിനങ്ങളിലും പിതൃതര്‍പ്പണം നടത്തണം. കാരണം ചന്ദ്രമണ്ഡലത്തില്‍ നിന്ന് അന്നേദിവസം പിതൃക്കള്‍ അവരുടെ തലമുറകളെ നോക്കുമെന്നാണ് വിശ്വാസം. ഇളം തലമുറ തങ്ങളെ സ്മരിക്കുന്നുണ്ടോ എന്നവര്‍ ചിന്തിക്കാതിരിക്കില്ലല്ലോ. കര്‍ക്കടകത്തിലെ കറുത്തവാവില്‍ ചന്ദ്രനും സൂര്യനും ഒരേ രാശിയില്‍ വരുന്നതും മറ്റൊരു പ്രത്യേകതയായി ആചാര്യന്മാര്‍ കാണുന്നു.
കര്‍ക്കടകത്തിലെ വാവുബലി തലമുറകളിലൂടെ പകര്‍ത്തുന്ന സംസ്‌കാരമാണ്. ആചാരങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് മഹത്തായ ഒരു സന്ദേശം നല്‍കുകയാണ് വാവുബലി. മാതാപിതാക്കളും അവരുടെ മുന്‍തലമുറകളും ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഇപ്പോഴത്തെ തലമുറ ചിന്തിക്കുന്നു. പിതൃക്കളെ അവര്‍ ആദരവോടെ സ്മരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴും മാതാപിതാക്കളെ ആദരിക്കണം. ആരാധിക്കണം. അവരുടെ വിയോഗശേഷം ആ പുണ്യസ്മരണ നിലനിര്‍ത്തുകയും വേണം. അതിനാണ് പിതൃകര്‍മ്മാനുഷ്ഠാനം. പിതൃലോകത്ത് അവരവരുടെ പൂര്‍വ്വ പിതാക്കന്മാര്‍ എല്ലാവരും ഉണ്ടാകുമല്ലോ.
വാവട
ഉത്തര-മധ്യകേരളത്തില്‍ പിതൃക്കള്‍ സ്വന്തം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ദിനമാണത്രേ വാവുദിനം. ഉണക്കലരിയും തേങ്ങയും ഉപ്പും ചേര്‍ത്ത് വാവട ഉണ്ടാക്കി ഉറ്റവര്‍ ഭൂമിയില്‍ കാത്തിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ‘പുട്ടി’യും ചൂടിയാണത്രേ പിതൃക്കള്‍ വരിക. ഭൂമിയിലേക്കുള്ള കടത്തുകാശ് കടം പറഞ്ഞിട്ടാണ് വരവ്. മടങ്ങിപ്പോകുമ്പോള്‍ കാശിനു പകരം വാവട കൊടുത്തു കടംവീട്ടണം. അടയ്ക്കു പുറമേ കരിക്കും മത്സ്യമാംസാദികളും മദ്യവുമൊക്കെ പിതൃക്കളുടെ ഇച്ഛക്കൊത്ത് അനന്തരവര്‍ കാത്തുവെക്കാറുണ്ട്.
സൂര്യന്റെ അയനങ്ങളില്‍ ഉത്തരായനം ദേവപ്രധാനവും ദക്ഷിണായനം പിതൃപ്രധാനവുമാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകമാസത്തിലേത്. ഉത്തരായനത്തിലെ ആദ്യത്തെ അമാവാസി വരുന്നത് മകരമാസത്തിലാണ്. അതു ദേവപൂജയ്ക്കുള്ളതാണെങ്കില്‍ കര്‍ക്കിടകത്തിലേതു പിതൃപൂജയ്ക്കുള്ളതാണ്. അന്നു ബലിയിട്ട് പിതൃതര്‍പ്പണം നടത്തിയാല്‍ പിതൃക്കള്‍ക്ക് മോക്ഷ പ്രാപ്തി ഉണ്ടാകുമത്രേ. അതിനായി തിരുനാവായ, തിരുനെല്ലി, തിരുവല്ലം, വര്‍ക്കല, ആലുവ തുടങ്ങിയ ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി എത്തുന്നു. കര്‍ക്കടക വാവില്‍ ബലിയിട്ട് പിതൃക്കള്‍ക്ക് മോക്ഷവും തങ്ങള്‍ക്ക് പുണ്യവും നേടുന്നു.
നമുക്ക് ജന്മംനല്‍കി വളര്‍ത്തി മിടുക്കരാക്കി ജീവിതം മുഴുവന്‍ നമുക്കുവേണ്ടി ഒരു പരിഭവവും കണക്കുകളും പറയാതെ നമ്മെ വിട്ടുപോയ മാതാപിതാക്കളെ അനുസ്മരിക്കാനുള്ള അവസരമാണ് വാവുബലിയിലെ പിതൃകര്‍മ്മം.
ഗതി കിട്ടാത്ത ആത്മാക്കള്‍
ഇക്ഷ്വാകുവംശത്തിലെ പ്രശസ്തനായ രാജാവായിരുന്നു ഭഗീരഥന്‍. ഭൗതികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ദുഃഖിതനായിരുന്നു. തന്റെ പിതൃക്കള്‍ക്ക് മോക്ഷം കിട്ടിയില്ലെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഭഗീരഥന്റെ പൂര്‍വികരായ സഗരപുത്രന്മാര്‍, അശ്വമേധത്തിനിടെ യാഗാശ്വത്തെ തേടി അലയുമ്പോള്‍, കപിലന്‍ എന്ന താപസശ്രേഷ്ഠന്റെ കോപത്തിനിരയായി കത്തിക്കരിഞ്ഞുപോയി. മുനിശാപം കാരണം അവരുടെ ആത്മാക്കള്‍ ഗതികിട്ടാതെ അലഞ്ഞു. സ്വര്‍ഗ്ഗത്തിലെ പുണ്യനദിയായ ഗംഗയിലെ ജലം, ഭസ്മമായി കിടക്കുന്ന പിതൃക്കളുടെ അവശിഷ്ടത്തില്‍ അഭിഷേകം നടത്തിയാലേ മോക്ഷം ഉണ്ടാകൂ എന്ന് പണ്ഡിതന്‍ പറഞ്ഞു. പക്ഷേ, ഗംഗയെ ഭൂമിയില്‍ എത്തിക്കുക എന്നത് മനുഷ്യര്‍ക്ക് അസാധ്യമായ കാര്യമാണ്.
എന്നാലും ഈ മഹാലക്ഷ്യം നിറവേറ്റാന്‍ അവരുടെ പിന്‍ഗാമികളായ അസമജ്ഞന്‍, അംശുമാന്‍, ദിലീപന്‍ തുടങ്ങിയവരെല്ലാം പരിശ്രമിച്ചിരുന്നു. സഫലമായില്ലെന്നു മാത്രം. പക്ഷേ, ദിലീപന്റെ പുത്രനായ ഭഗീരഥന്‍ തന്റെ പിതൃക്കള്‍ക്ക് താന്‍ മോക്ഷം നേടിക്കൊടുക്കും എന്ന് ദൃഢപ്രതിജ്ഞ ചെയ്യുകയും അതു ജീവിതലക്ഷ്യമായി ഉറപ്പിച്ച് ഹിമാലയത്തില്‍ പോയി ഗംഗയെ ധ്യാനിച്ച് തപസ് തുടങ്ങുകയും ചെയ്തു.
കൊടും തപസ്സിനൊടുവില്‍ ഭഗീരഥനില്‍ പ്രസാദിച്ച് ഗംഗാദേവി പ്രത്യക്ഷപ്പെട്ടു. ഭൂമിയിലേക്കൊഴുകി തന്റെ പിതൃക്കളുടെ ചിതാഭസ്മത്തെ ലയിപ്പിച്ച് മോക്ഷപ്രാപ്തി നല്‍കി അനുഗ്രഹിക്കണം എന്ന് അപേക്ഷിച്ചു.
ഗംഗ പറഞ്ഞു: ആഗ്രഹം ഞാന്‍ നിറവേറ്റിത്തരാം. പക്ഷേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് പതിക്കുമ്പോള്‍ എന്റെ കരുത്തു താങ്ങാന്‍ പരമശിവന് മാത്രമേ കഴിയൂ. അദ്ദേഹത്തെ പ്രത്യക്ഷപ്പെടുത്തി വരം നേടൂ. എങ്കില്‍ തീര്‍ച്ചയായും ആഗ്രഹം സാധിക്കും.
ഗംഗാദേവിയുടെ പ്രസാദത്തിനായുള്ള തപസ്സിനു തന്നെ ഭഗീരഥന്റെ പകുതിയോളം ആയുസ്സ് തീര്‍ന്നു പോയിരുന്നു. എന്നാലും അദ്ദേഹം ശിവനെ പ്രീതിപ്പെടുത്താന്‍ കഠിനമായ തപസ്സില്‍ മുഴുകി. ദശാബ്ദങ്ങളുടെ തപസ്സിനൊടുവില്‍ പരമശിവന്‍ പ്രത്യക്ഷനായി. ഗംഗ ഭൂമിയില്‍ പതിക്കുമെങ്കില്‍ താന്‍ താങ്ങി കൊള്ളാമെന്നു സമ്മതിച്ചു.
ശേഷം വീണ്ടും ഗംഗാദേവിയെ ധ്യാനിച്ച് ഭഗീരഥന്‍ തപസ്സുചെയ്തു. വരം അനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഗംഗ പ്രവഹിച്ചു. പരമശിവന്‍ ശിരസുകൊണ്ട് ഗംഗയെ ആവാഹിച്ചു.
ഭഗീരഥന്റെ പിതൃക്കളുടെ ഭൗതിക അവശിഷ്ടങ്ങളിലൂടെ ഗംഗ ഒഴുകി. അങ്ങനെ പിതൃക്കളുടെ മോക്ഷത്തിന് ഗംഗ ഭൂമിയിലെത്താന്‍ ഭഗീരഥന്‍ കാരണമായി. അതികഠിനമായ പാതകള്‍ പിന്നിട്ട് പിതൃക്കള്‍ക്ക് മോക്ഷം നേടിക്കൊടുത്ത ഭഗീരഥന്റെ പ്രയത്‌നത്തെ ഓര്‍മിപ്പിച്ച്, അത്തരം പ്രവര്‍ത്തികളെ ഭഗീരഥപ്രയത്‌നം എന്നു പറയുന്നു. അസാധ്യമെന്നു തോന്നുന്ന ഒരു കാര്യത്തിനുവേണ്ടി നടത്തുന്ന പരിശ്രമത്തെയാണ് ഇങ്ങനെ പറയുന്നത്. മഹാഭാരതത്തില്‍ നിന്നാണ് ഇത് ഉരിത്തിരിഞ്ഞു വന്നത്. പിതൃതര്‍പ്പണം ആചാരമാകാന്‍ കാരണവും ഇതാണെന്ന് അനുമാനിക്കാം.
പിതൃതര്‍പ്പണം
തര്‍പ്പണം എന്നാല്‍ തൃപ്തിപ്പെടുത്തല്‍ എന്നാണ്. പിതൃതര്‍പ്പണം എന്ന യജ്ഞത്തില്‍ നമ്മുടെ ആയുരാരോഗ്യത്തിനും കഴിവുകള്‍ക്കും ഒക്കെ ആധാരമായ ജീവനുകള്‍ നമുക്ക് സമ്മാനിച്ച കുടുംബത്തിലെ പൂര്‍വികരെ നിത്യവും അനുസ്മരിക്കുന്നതു വഴി നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന അവരുടെ ഗുണങ്ങളെ നമ്മള്‍ തഴുകിയുണര്‍ത്തുകയാണ്.. തര്‍പ്പണം എന്ന പദത്തിനു സന്തോഷിപ്പിക്കുക എന്നാണര്‍ത്ഥം. ജപം മാനസികമായോ ഉപാംശുവായോ (പുറത്തു കേള്‍ക്കാതെ മന്ത്രിക്കുന്നത്) ചെയ്യുന്നത് പലമടങ്ങ് ഫലവത്താണ് .
ബലിതര്‍പ്പണം
പിതൃമോക്ഷ മന്ത്രങ്ങളിലലിഞ്ഞ്, ശാന്തമായി ഒഴുകുന്ന പെരിയാറിന്‍ തീരത്ത് മഹാശിവരാത്രി ആഘോഷത്തിനും ബലിതര്‍പ്പണത്തിനും ഭക്തിനിര്‍ഭരമായ തുടക്കമാണ് എല്ലാവര്‍ഷവും. മഹാദേവക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന തൊഴുത് വഴിപാടുകള്‍ നടത്തി ബലിയിടാനായി രാവിലെ മുതല്‍ ഭക്തജനങ്ങള്‍ എത്തും. ഒരിക്കലെടുത്ത്, ശിവ-പഞ്ചാക്ഷരി ചൊല്ലി ഉറക്കമൊഴിച്ചു കാത്തിരുന്നവര്‍ അര്‍ദ്ധരാത്രിയില്‍ ശിവരാത്രിവിളക്ക് കഴിയുന്നതോടെ പിതൃകര്‍മ്മങ്ങള്‍ക്കായി പുഴയോരത്തെ ബലിത്തറയിലേക്ക് നീങ്ങും. ശിരസ്സില്‍ ചേര്‍ത്തുവച്ച നാക്കിലയുമായി പ്രാര്‍ത്ഥനയോടെ സ്‌നാന ഘട്ടങ്ങളില്‍ സ്വയം ശുദ്ധീകരിച്ച് അവര്‍ പൂര്‍വികര്‍ക്ക് ബലിപിണ്ഡം അര്‍പ്പിക്കും.
പിതൃ സങ്കല്പവും ശ്രാദ്ധതര്‍പ്പണങ്ങളും
‘ആത്മാവൈ പുത്രനാമാസി’ എന്ന ശ്രുതിവചനമനുസരിച്ച് അച്ഛനമ്മമാരുടെ ആത്മാവ് തന്നെയാണ് പുത്രഭാവത്തില്‍ പിറക്കുന്നത്. ആ പിതൃ-പുത്ര ബന്ധം ഒരിക്കലും മാറ്റാന്‍ സാധിക്കാത്തതുമാണ്. നാം ജനിക്കുന്നതോടുകൂടി തന്നെ നമുക്ക് മുന്‍പെ ഇവിടെ ജന്മം കൊണ്ട എല്ലാവരും നമ്മുടെ പിതൃഭാവനയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ജീവിച്ചിരിക്കുമ്പോള്‍ നാം അവരെ കാരണവന്മാര്‍ എന്നും മരിച്ചു കഴിഞ്ഞാല്‍ പിതൃക്കളെന്നും സംബോധന ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പരിരക്ഷണവും സംരക്ഷണവും കൊടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം ആകുമ്പോള്‍ മരണാനന്തരം ചെയ്യേണ്ട ശ്രാദ്ധബലി തര്‍പ്പണങ്ങള്‍ നമ്മുടെ കടമയാണ്. കടമ എന്നാല്‍ ‘കടം’ തന്നെ.
മൂന്ന് കടവുമായാണ് ഓരോരുത്തരും ഇവിടെ ജനിച്ചുവരുന്നതെന്ന് സ്മൃതികള്‍ പറയുന്നു. ദേവ, ഋഷി, പിതൃ എന്നീ മൂന്ന് കടങ്ങളാണുള്ളത്. പഞ്ചമഹായജ്ഞത്തിന്റെ മറ്റൊരു രൂപമാറ്റമാണിത്. ഈ മൂന്ന് കടങ്ങള്‍ക്കും നിത്യേന ഗൃഹസ്ഥന്‍ ചെയ്യേണ്ടതിനെയാണ് തര്‍പ്പണങ്ങള്‍ എന്ന് പറയുന്നത്. വാര്‍ഷികമായി അനുസ്മരിക്കുന്ന ചടങ്ങാണ് ശ്രാദ്ധം. ശ്രദ്ധയോടെ ചെയ്യേണ്ടത് എന്നാണ് ഇതിന്റെ വാച്യ അര്‍ത്ഥം. മരിച്ച പിതൃക്കള്‍ക്ക് വ്യക്തിപരമായി ചെയ്യുന്നതാണ് ശ്രാദ്ധബലി. എന്നാല്‍ കര്‍ക്കടകവാവ്, തുലാവാവ്, കുംഭവാവ് തുടങ്ങിയ അമാവാസി ദിവസങ്ങളില്‍ ചെയ്യുന്ന ബലിതര്‍പ്പണങ്ങള്‍ പിതൃ ഗണങ്ങളെ അനുസ്മരിക്കുവാനും പ്രീതിപ്പെടുത്താനുമാണ്.
പുത്രപൗത്രാദി വംശപരമ്പര ഇല്ലാത്തവര്‍ക്ക് മോക്ഷഗതി ഇല്ലെന്നാണ് ധര്‍മ്മശാസ്ത്രങ്ങള്‍ പറയുന്നത്. ഇതിനു നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും നമുക്ക് കാണാം. രാമായണത്തില്‍ പുന്നാകമെന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നതിനാലാണ് പുത്രന്‍ എന്ന പേരു തന്നെ വന്നതെന്ന് ലക്ഷ്മണോപദേശത്തില്‍ കാണാം.
ശ്രാദ്ധാദി ബലിതര്‍പ്പണങ്ങള്‍ നടത്തുന്നതിന് പ്രധാനമായും ജലത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ പവിത്രമായ നദീതീരങ്ങളിലും സമുദ്രതീരങ്ങളിലുമാണ് പ്രധാനമായും കര്‍മ്മങ്ങള്‍ ചെയ്യുന്നത്. കാശി, ഗയ, രാമേശ്വരം, ഗോകര്‍ണം എന്നിവ ഇതില്‍ പ്രധാനങ്ങളാണ്. ഗയാ ശ്രാദ്ധത്തില്‍ ഒടുങ്ങാത്ത പാപങ്ങള്‍ ഇല്ല എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, ആലുവ മണപ്പുറം തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങള്‍. അവനവന്റെ ഗൃഹത്തില്‍ ശുദ്ധിയോടെയും ഇത് ചെയ്യാവുന്നതാണ്. എവിടെയായാലും സ്ഥലശുദ്ധി വളരെ പ്രധാനമാണ്. ഗൃഹത്തില്‍ ആണെങ്കില്‍ ചാണകശുദ്ധി വരുത്തേണ്ടതുമാണ്.
മനുഷ്യര്‍ക്ക് ഭൂമിയിലെ ഒരു വര്‍ഷമാണ് പിതൃക്കളുടെ ഒരു ദിവസമായി കണക്കാക്കപ്പെടുന്നത്. ആറുമാസം വീതമുള്ള ദക്ഷിണായനം, ഉത്തരായനം എന്നീ രണ്ട് അയനങ്ങള്‍ യഥാക്രമം പകലും രാത്രിയും ആകുന്നു. പ്രപഞ്ചത്തില്‍ ചന്ദ്രമണ്ഡലത്തിന്റെ മറുഭാഗത്തായാണ് പിതൃക്കളുടെ വാസസ്ഥാനമായി പറയുന്നത്. അപ്പോള്‍ കറുത്തവാവ് അവര്‍ക്ക് പൗര്‍ണമി ആയിരിക്കും. ഇതാണ് കറുത്തവാവിന്റെ പ്രത്യേകത. ദക്ഷിണായന കാലത്തെ കര്‍ക്കടക മാസത്തിലെ കറുത്തവാവും (അമാവാസി) തുലാമാസത്തിലെ കറുത്തവാവും പിതൃക്കള്‍ക്ക് ഏറ്റവും പ്രധാനമാണെന്നു പറയപ്പെടുന്നു.
യാജ്ഞവല്‍ക്യന്‍, ഋഷ്യശൃംഗന്‍ തുടങ്ങിയ ഋഷിവര്യന്മാരാണ് പിതൃകര്‍മ്മങ്ങളുടെ വക്താക്കളായി അറിയപ്പെടുന്നത്. ഇന്ന് ആചരിച്ചു വരുന്ന പിതൃകര്‍മ്മസമ്പ്രദായങ്ങള്‍ ഈ ഋഷിമാരാല്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഗൃഹസ്ഥന്മാരാണ് ശ്രാദ്ധ ബലിതര്‍പ്പണങ്ങള്‍ ചെയ്യേണ്ടത്. അച്ഛന്‍, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്നീ മൂന്ന് തലമുറയ്ക്കാണ് നാം പ്രത്യേകം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. പിതൃ പിതാമഹ, പ്രപിതാമഹ, മാതൃപിതാമഹി, പ്രപിതാമഹി, മാതാമഹ, മാതൃപിതാമഹ, മാതാമഹി എന്നിങ്ങനെയുള്ള പിതൃക്കള്‍ക്ക് ഇത്തരം വേളകളില്‍ പ്രത്യേകം ബലികര്‍മ്മങ്ങള്‍ സമര്‍പ്പിക്കുന്ന ഉദാത്തമായ ചടങ്ങ് നമ്മെ വിശ്വതലത്തോളം ഉയര്‍ത്തുന്ന മഹത്തായ കാഴ്ചപ്പാടാണ്.
ബ്രാഹ്മണര്‍ തര്‍പ്പണം ചെയ്യുന്നത്
നിത്യകര്‍മ്മത്തിന്റെ ഭാഗമായി കുളികഴിഞ്ഞു വരുന്ന ബ്രാഹ്മണര്‍ ഉടനെ അതേ ജലാശയത്തില്‍ വെച്ചു തര്‍പ്പണം ചെയ്യണമെന്ന് വിധിയുണ്ട്.
ഇരുകൈപ്പത്തികളും ചേര്‍ത്ത്, പൂണൂല്‍ പെരുവിരലില്‍ കോര്‍ത്ത് കൈകുടുന്നയില്‍ ജലം കോരിയെടുത്ത് വിരലറ്റത്തുകൂടെ താഴേക്ക് പകരും. ഇതിന് തര്‍പ്പണം, അര്‍ഘ്യദാനം എന്നൊക്കെ പറയും. വിരലറ്റത്താണ് ദേവതീര്‍ത്ഥം. ‘ദേവന്‍ തര്‍പ്പയാമി’ എന്നാണ് മന്ത്രം. ഇത് മൂന്നുതവണ ആവര്‍ത്തിച്ച ശേഷം മന്ത്രം അല്പം വിപുലമാക്കി മൂന്നുതവണ കൂടി അര്‍ഘ്യം നല്‍കും. മന്ത്രം ‘ദേവഗണാന്‍ തര്‍പ്പയാമീ’, ദേവകള്‍ക്കും ദേവഗണങ്ങള്‍ക്കും തര്‍പ്പണം.
പിന്നെ പൂണൂല്‍ നിവീതമാക്കി, അതായത് വലതുകൈയ്യ് മുക്തമാക്കി കഴുത്തില്‍ മാത്രം തൂക്കിയിട്ട പൂണൂല്‍ സഹിതമായി കൈകുടന്നയില്‍ വെള്ളം കോരി മൂന്നുതവണ ‘ഋഷീന്‍ തര്‍പ്പയാമി’ എന്നും മൂന്നുതവണ ‘ഋഷി ഗണാന്‍ തര്‍പ്പയാമി’ എന്നും തര്‍പ്പിക്കും. അപ്പോള്‍ വെള്ളം രണ്ട് കൈപ്പത്തികളുടെ മധ്യത്തിലൂടെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുക. ചെറുവിരലിലൂടെ കടക്കലാണ് ഋഷി തീര്‍ത്ഥം.
അടുത്തത് പിതൃക്കള്‍ക്കുള്ള തര്‍പ്പണമാണ്. പൂണൂല്‍ ഇടതാക്കിയാണ് പിതൃതര്‍പ്പണം. വലതുകൈയിന്റെ ചൂണ്ടുവിരലിന്റെ കടക്കല്‍ ആണ് പിതൃതീര്‍ത്ഥം. അതിലൂടെ കൈക്കുടന്നയിലെ വെള്ളം വലത്തോട്ട് പകര്‍ന്നുകൊണ്ട് ‘പിതൃന്‍ തര്‍പ്പയാമി’ എന്നു മൂന്നും ‘പിതൃ ഗണാന്‍ തര്‍പ്പയാമി’ എന്നും മൂന്നും തര്‍പ്പിക്കും. തര്‍പ്പണം എന്നാല്‍ തൃപ്തിപ്പെടുത്തല്‍ എന്നാണ് അര്‍ത്ഥം.
മനുഷ്യന്‍ ജനിക്കുമ്പോള്‍ 3 കടങ്ങളുമായാണ് ജനിക്കുന്നത് എന്ന് ‘മനു’ പറയുന്നു. ദേവന്മാര്‍, പിതൃക്കള്‍, ഋഷിമാര്‍ ഈ മൂന്നുപേരോടും ഉള്ള കടവുമായാണ് മനുഷ്യന്‍ ജനിക്കുന്നത്.
”ദേവാനാം ച പിതൃണാം ച
ഋഷീണാം ച തഥാ നര:
ഋണവാന്‍ ജായതേ യസ്മാത്
തന്‍മോക്ഷേ പ്രയതേത് സദാ’
അതുകൊണ്ട് അതിന്റെ മോചനത്തിനായി എപ്പോഴും ശ്രമിക്കണം എന്ന് ശ്ലോക താല്‍പര്യം. മൂന്ന് കടങ്ങള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. അതു ഞാന്‍ എന്റെ ജീവിതത്തില്‍ വീട്ടി തീര്‍ത്തു കൊള്ളാം എന്ന ഒരു ഓര്‍മ്മപുതുക്കലാണ് ഈ ദേവ-ഋഷി-പിതൃതര്‍പ്പണങ്ങള്‍. യജ്ഞം കൊണ്ട് ദേവഋണവും പൂജകള്‍, ഉപവാസാദി വ്രതങ്ങളെ കൊണ്ട് ദേവന്മാരോടുള്ള കടവും വീട്ടാം. വിദ്യാഭ്യാസത്തിലൂടെയും വേദപഠനത്തിലൂടെയും തപസ്സിലൂടെയും ഋഷിമാരുടെ ഋണവും തീര്‍ക്കാം. ശ്രാദ്ധം ഊട്ടിയും സന്താനോല്പാദനത്തിലൂടെയും പിതൃഋണം വീട്ടാം. ദേവന്മാര്‍ എന്നാല്‍ പ്രകൃതി, പ്രകൃതിശക്തികള്‍ എന്നും അര്‍ത്ഥമുണ്ട്. വായുദേവന്‍, അഗ്‌നിദേവന്‍, വരുണദേവന്‍ മുതലായവ പ്രകൃതിശക്തികള്‍ തന്നെ. അപ്പോള്‍ ദേവഋണം എന്നാല്‍ പ്രകൃതിയോടുള്ള കടപ്പാട് തന്നെ. അമ്മയുടെ ഉദരത്തില്‍ വെച്ചായാലും പുറത്തായാലും പ്രകൃതിയാണ്, ചുറ്റുപാടുകളാണ് നമ്മെ വളര്‍ത്തുന്നത്. അമ്മയുടെ മുലപ്പാലടക്കം പ്രകൃതിയുടെ ദാനമാണ്, തിരിച്ചു കൊടുക്കേണ്ട കടമാണ്. പ്രകൃതിയെ ദുഷിപ്പിക്കാതെ പോഷിപ്പിച്ച് ജീവിച്ചാല്‍ ദേവ ഋണം വീടും. അതുതന്നെ യജ്ഞം. ‘ദേവാന്‍ ഭാവയതാനേന…’ എന്ന് ഭഗവത്ഗീത നമ്മെ പഠിപ്പിക്കുന്നു.
ഋഷി എന്നു പറയുന്നത് നമുക്ക് ജന്മനാ പാരമ്പര്യമായി ലഭിച്ച സഞ്ചിതമായ അറിവുകളുടെ പ്രതീകമാണ്. ഈ പുണ്യ ഭൂമിയില്‍ ജനിച്ചവര്‍ക്കു തന്നെ ഋഷിയുടെ അനുഗ്രഹമുണ്ട്. ആ അറിവിനെ സ്വാധ്യായത്തിലൂടെയും പഠനത്തിലൂടെയും വര്‍ദ്ധിപ്പിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലൂടെയാണ് ഋഷിഋണം വീട്ടേണ്ടത്. ഗുരു പ്രാപ്തിയും ഗുരു ശുശ്രൂഷയും ഇതിന്റെ ഭാഗമാണ്. ‘സ്വാധ്യായാത് മാ പ്രമദ’ എന്ന് വേദം. അധീതി-ബോധ-ആചരണ-പ്രചാരണം എന്ന് പണ്ടുള്ളവര്‍ പറയും.
നമുക്ക് ആരോഗ്യപൂര്‍ണമായ, ധര്‍മ്മ സാധനമായ ഈ ശരീരം കിട്ടിയത് പൈതൃകമായാണ്. അതിനെ വേണ്ടവണ്ണം പരിപാലിക്കേണ്ടത് നമ്മുടെ പിതൃക്കളോടുള്ള ‘കടമ’ കൂടിയാണ്. ആത്മഹത്യ ഈ കടമയുടെ ലംഘനമാണ്. തമേതു പോലെയുള്ള മറ്റൊരു ശരീരത്തെ ഉണ്ടാക്കുക (സന്താനസൃഷ്ടി) എന്നത് പിതൃ കടം വീട്ടലാണ്. മരിച്ചവരെ ഓര്‍ത്ത് ബലിശ്രാദ്ധാദികള്‍ ചെയ്യുന്നതും കടം തീര്‍ക്കലാണ്. ഇത്തരം ഓര്‍മ്മപ്പെടുത്തലുകളാണ് ജീവിതത്തിനു ഗൗരവം നല്‍കുന്നതും അര്‍ത്ഥവത്താക്കുന്നതും.
വാവുബലിയും വിശ്വാസവും
നമുക്ക് നമ്മുടെ മാതാപിതാക്കളോടുള്ള കടം തീര്‍ക്കാനാവുമോ? അവരെ ഭക്തിപൂര്‍വ്വം സ്മരിക്കുന്നതിലൂടെ അല്പമെങ്കിലും ആ കടപ്പാടു ലഘൂകരിക്കാനായാല്‍ അത്രയെങ്കിലും ആയല്ലോ എന്നു നമുക്ക് സമാധാനിക്കാം. വാവുനാളിലെ ശ്രാദ്ധക്രിയ അതിനാണ്.
ശ്രദ്ധയോടും വിശ്വാസത്തോടും ചെയ്യുന്നതാണ് ശ്രാദ്ധം. പിതൃ കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്താല്‍ വംശശുദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബശാന്തി എന്നിവ ഉണ്ടാകും എന്നാണല്ലോ വിശ്വാസം. പിതൃക്കളോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം ശ്രാദ്ധ ക്രിയ മാത്രമല്ലേ?
നമുക്കൊരു സൂക്ഷ്മ ശരീരം കൂടിയുണ്ട്. അത് പ്രാണമയമാണ്. സ്ഥൂല ശരീരം നിലനില്‍ക്കുന്നതു സ്ഥൂലമായ ആഹാരം കഴിക്കുന്നതിലൂടെയാണല്ലോ. മരണത്തോടെ ശരീരം നഷ്ടമാകുന്നു. പ്രാണമയമായ സൂക്ഷ്മ ശരീരം അപ്പോഴും ബാക്കിയാകുമെന്ന് വിശ്വസിക്കുന്നവരാണ് ഹൈന്ദവര്‍. പ്രാണമയമായത് എന്നതൊരു ജലതത്വമാണ്. അതിനാല്‍ പിതൃക്കള്‍ക്ക് ആഹാരം ജലത്തിലൂടെ നല്‍കാനാകുമെന്നാണ് വിശ്വാസം. ഇതുതന്നെയാണ് പിതൃതര്‍പ്പണതത്വവും.





















