‘ആദ്യം നമ്മുടെ സ്വന്തം നാടിനോട് സ്‌നേഹം കാണിക്കൂ എന്നിട്ട് പോരേ മറ്റു രാജ്യങ്ങളിലെ ജനങ്ങളുടെ കാര്യത്തിലുള്ള ഇടപെടല്‍?’ എന്ന മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുടെ ചോദ്യത്തിനു മുമ്പില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ചൂളിപ്പോയി. ഇതിന്റെ ചമ്മലില്‍ നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിമാരെ ഭരണഘടന പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ് പാര്‍ട്ടി. കുറച്ചു കാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ക്ക് ഭരണഘടനയോടുള്ള ഭക്തി കലശലാണ്. ഭരണഘടന കീശയില്‍ വെച്ചു നടക്കുകയും നാഴികക്ക് നാല്പതു വട്ടം അതെടുത്ത് കാട്ടി ഭരണഘടനാ ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന രാഹുലിനോടാണ് അവരുടെ മത്സരം. ഏതാനും നാള്‍ മുമ്പാണ് എസ്.എഫ്.ഐക്കാര്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ഭരണഘടന പഠിപ്പിക്കും എന്ന് ‘ഭീഷ്മപ്രതിജ്ഞ’യെടുത്തത്. പ്രതിജ്ഞയെടുത്ത എസ്.എഫ്.ഐ നേതാക്കള്‍ എവിടെയുണ്ടെന്നറിയാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഏറെ തപ്പിനോക്കിയിട്ടും പൊടി പോലും പിന്നെ കണ്ടിട്ടില്ല. ഇതിനു പിന്നാലെയാണ് ജഡ്ജിമാരെ ഭരണഘടന പഠിപ്പിക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തന്നെ ഇറങ്ങിത്തിരിച്ചത്.
പലസ്തീന്‍, ഗാസ എന്നൊക്കെ കേട്ടാല്‍ സഖാക്കള്‍ക്ക് വല്ലാത്ത ആവേശമാണ്. ഗാസയിലെ കുട്ടികള്‍ക്കായി റാലി നടത്തല്‍ അവരുടെ നിത്യവ്യായാമമാണ്. ഇത്തരം ഒരു റാലി മുംബൈയിലെ ആസാദ് മൈതാനത്ത് ആള്‍ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഫൗണ്ടേഷന്റെ പേരില്‍ നടത്താന്‍ സി.പി.എം തീരുമാനിച്ചു. മഹാരാഷ്ട്രസര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിച്ചു. ഇതിനെതിരെ പാര്‍ട്ടി മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിങ്കിള്‍ ബഞ്ച് ഹര്‍ജി സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ‘പലസ്തീനൊപ്പം നില്ക്കണോ, ഇസ്രായേലിനൊപ്പം നില്‍ക്കണോ എന്നത് സര്‍ക്കാരിന്റെ പണിയാണ്. രാജ്യം ഏതെങ്കിലും ഒരു പക്ഷത്താണ് എന്ന തോന്നല്‍ ഉണ്ടാക്കിയിട്ട് നിങ്ങള്‍ക്ക് എന്ത് നേട്ടം?’എന്നാണ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ പാര്‍ട്ടിയുടെ വക്കീല്‍ മിഹിര്‍ ദേശായിയോട് ചോദിച്ചത്. ‘നമ്മുടെ നാട്ടില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വെള്ളപ്പൊക്കം, ഓടയില്‍ മാലിന്യം കെട്ടിക്കിടക്കല്‍ തുടങ്ങി എന്തൊക്കെ സാമൂഹ്യ, പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും പ്രതിഷേധിക്കാതെ ആയിരക്കണക്കിന് മൈല്‍ അകലെയുള്ള ഗാസയുടെ കാര്യത്തില്‍ എന്താണിത്ര താല്പര്യം? ആദ്യം സ്വന്തം നാടിനോട് ദേശസ്‌നേഹം കാട്ടിക്കൂടേ?’ എന്ന് ജസ്റ്റിസ് ഗൗതം അംഗദനും ചോദിച്ചു. ഇത് ഭരണഘടനാ വിഷയമൊന്നുമല്ല, നാട്ടുകാരുടെ നൂറുകണക്കിന് ഹര്‍ജികള്‍ ഞങ്ങള്‍ക്ക് മുമ്പിലുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ പാര്‍ട്ടിയുടെ പരാതി തള്ളിയത്. നാണംകെട്ടതോടെ പക്ഷപാതപരമായാണ് ബഞ്ച് പെരുമാറുന്നതെന്നും ജഡ്ജിമാര്‍ക്ക് ഭരണഘടന അറിയില്ലെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിറക്കി. ജഡ്ജിമാരെ ഭരണഘടന പഠിപ്പിക്കുന്ന പണി പോളിറ്റ്ബ്യൂറോ ഏറ്റെടുത്തു എന്നാണ് തോന്നുന്നത്. അതിന്റെ ഭാഗമായ രാഷ്ട്രീയ നടപടിയാണല്ലോ കോടതിവിധിക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങളോടുള്ള അവരുടെ ആഹ്വാനം.ശാകല്യന്‍





















