ത്രിപുരയില്‍ കാല്‍നൂറ്റാണ്ടു കാലത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറിയതിനെ തുടര്‍ന്ന് തലസ്ഥാനമായ അഗര്‍ത്തലയില്‍ നിലനിന്നിരുന്ന ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യപ്പെടുകയുണ്ടായി. അധികാരം നഷ്ടപ്പെട്ടതിനേക്കാള്‍ അമര്‍ഷമാണ് ഇതിനെതിരെ ഇടതു പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്. രാജ്യമെമ്പാടും അവര്‍ ഏറെക്കാലം നീണ്ടുനിന്ന വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ലെനിന്‍ പ്രതിമ നീക്കം ചെയ്യപ്പെട്ടത് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, പ്രതിലോമ ശക്തികള്‍ ചരിത്രത്തെ പിന്നോട്ട് നയിക്കുകയാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഇടതു പാര്‍ട്ടികളും സഹയാത്രികരും ഉയര്‍ത്തുകയും ചെയ്തു. വാസ്തവത്തില്‍ ത്രിപുരയില്‍ നിലനിന്ന ജനവിരുദ്ധവും അക്രമാസക്തവുമായ ഇടതുഭരണത്തിന് അന്ത്യം കുറിച്ചതിന്റെ പ്രതീകാത്മക നടപടിയായി ലെനിന്‍ പ്രതിമയുടെ തിരോധാനത്തെ കാണേണ്ടതായിരുന്നു. പക്ഷേ മാനവരാശിയോട് തന്നെ നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും വലിയ തെറ്റ് ചെയ്തിരിക്കുന്നു എന്ന മട്ടിലായിരുന്നു ഇടതു പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍. ചിലര്‍ അതിനെ അയോധ്യയിലെ ‘ബാബറി മസ്ജിദ്’ തകര്‍ത്തതുമായി ബന്ധപ്പെടുത്തുകപോലും ചെയ്തു. ചരിത്രത്തോട് ചെയ്ത ഈ തെറ്റിന് ബിജെപി പിഴയൊടുക്കേണ്ടി വരുമെന്നും ഇടതുപക്ഷം മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ വച്ചുതന്നെ ഏറ്റവും വലിയ ലെനിന്‍ പ്രതിമകളില്‍ ഒന്നിനെ പഴയ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പിരിഞ്ഞുപോയ കിര്‍ഗിസ്ഥാന്‍ നീക്കം ചെയ്തിട്ടും ലോകത്ത് അങ്ങനെയൊരു സംഭവം നടന്ന ഭാവംപോലും ഇടതു പാര്‍ട്ടികള്‍ കാണിക്കുന്നില്ല. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മറ്റു മാധ്യമങ്ങള്‍ നല്‍കിയപ്പോള്‍ ഇടതുമാധ്യമങ്ങള്‍ നിശബ്ദത പാലിച്ചു. ഏഴ് പതിറ്റാണ്ടിലേറെക്കാലം നിലനിന്ന സോവിയറ്റ് യൂണിയന്റെ ശില്പി തന്നെയായിരുന്നുവല്ലോ ലെനിന്‍. സ്വാതന്ത്ര്യം നല്‍കാമെന്നു പറഞ്ഞ് ഒക്ടോബര്‍ വിപ്ലവത്തിനു ശേഷം ലെനിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമാക്കിയ റിപ്പബ്ലിക്കുകള്‍ക്കുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയാണ് ലെനിന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് കിര്‍ഗിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അന്നത്തെ പ്രവിശ്യകളില്‍ ലെനിന്റെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകങ്ങളായി ഈ പ്രതിമകള്‍ നിലനിന്നു. ഇവയാണ് ഒന്നിനുപുറകെ ഒന്നായി തിരോധാനം ചെയ്യപ്പെടുന്നത്.
ഒക്ടോബര്‍ വിപ്ലവത്തിന്റെ ശില്പിയായി കമ്യൂണിസ്റ്റുകള്‍ വാഴ്ത്തിപ്പാടുന്ന വ്‌ളാഡിമിര്‍ ലെനിന്റെ കൂറ്റന്‍ പ്രതിമ ഇപ്പോഴും റഷ്യയുടെ സഖ്യകക്ഷിയായി തുടരുന്ന കിര്‍ഗിസ്ഥാന്‍ നീക്കം ചെയ്തതില്‍ നിരവധി മാനങ്ങളുണ്ട്. മദ്ധ്യേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ലെനിന്‍ പ്രതിമയായിരുന്നു ഇത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് കിര്‍ഗിസ്ഥാനില്‍ സ്ഥാപിച്ച 23 മീറ്റര്‍ ഉയരമുള്ള ഈ സ്മാരകം 50 വര്‍ഷത്തോളം ഓഷ് നഗരത്തിലെത്തുന്നവരെ സ്വാഗതം ചെയ്ത് ആകാശംമുട്ടെ ഉയര്‍ന്നു നിന്നിരുന്നു. ഈ പ്രതിമ യാതൊരു പ്രതിഷേധവുമുണ്ടാകാതെ ശാന്തമായാണ് നീക്കം ചെയ്യപ്പെട്ടത്. സോവിയറ്റ് ചിഹ്നങ്ങളിലെ പ്രധാന കഥാപാത്രമായ ലെനിന്‍ പ്രതിമകള്‍, ക്രെയിനിന്റെ സഹായത്തോടെ താഴേക്കിറക്കി നിലത്തു കിടത്തുന്നതു കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

സോവിയറ്റ് യൂണിയന്റെ മുന്‍ റിപ്പബ്ലിക്കുകളില്‍ പലതും റഷ്യയുമായുള്ള പഴയ ബന്ധങ്ങള്‍ക്ക് പ്രധാന്യം കൊടുക്കാതെ അവരുടെ ദേശീയ ബോധം പുതുക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടാണ് കിര്‍ഗിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ലെനിന്‍ പ്രതിമ നീക്കിയതില്‍ ആ രാജ്യത്തെ ഭരണാധികാരികളോ ജനങ്ങളോ വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്.
റഷ്യയുടെ പുതിയ പങ്കാളിയായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെങ്കിലും ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്ന കാര്യത്തില്‍ കിര്‍ഗിസ്ഥാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. അടുത്തിടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ മറ്റൊരു സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. കിര്‍ഗിസ്ഥാന്‍ ഇത് കണക്കിലെടുത്തില്ല എന്നര്‍ത്ഥം.
ബെര്‍ലിന്‍ മുതല്‍ ബിഷ്‌കെക്കുവരെ
കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരമായ ബിഷ്‌ക്കെക്കിനു ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഓഷിലെ നഗരസഭ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘നഗരത്തിന്റെ വാസ്തുശില്പപരവും സൗന്ദര്യപരവുമായ രൂപം മെച്ചപ്പെടുത്തുന്നതിനായുള്ള സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രതിമ മാറ്റിയത്.’
റഷ്യയില്‍ മുന്‍പ് ലെനിന്‍ പ്രതിമകള്‍ നീക്കം ചെയ്ത ഉദാഹരണങ്ങളും ഓഷ് നഗരസഭ ചൂണ്ടിക്കാട്ടുകയുണ്ടായി. ലെനിന്‍ പ്രതിമയെ നേരത്തെ ബിഷ്‌ക്കെക് നഗരത്തില്‍ നിന്ന് നീക്കം ചെയ്തതുപോലെയാണ് ഓഷില്‍ നിന്നും നീക്കം ചെയ്തത്. ലെനിന്‍ പ്രതിമ സ്ഥിതിചെയ്തിരുന്നിടത്ത് കൊടിമരം സ്ഥാപിക്കാനാണത്രേ അധികൃതര്‍ ഉദ്ദേശിക്കുന്നത്.
34 വര്‍ഷം മുന്‍പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴാണ് കിര്‍ഗിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയത്. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തെ കാണിക്കുന്ന ചില ചിഹ്നങ്ങള്‍ ഇപ്പോഴും കിര്‍ഗിസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയും മാറ്റണമെന്ന മനോഭാവമാണ് കിര്‍ഗിസ്ഥാന്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമുള്ളത്. റഷ്യന്‍ പേരുകളുള്ള പട്ടണങ്ങള്‍ക്കു പുതിയ പേരുകള്‍ നല്‍കുകയും, സോവിയറ്റ് നേതാക്കളുടെ പ്രതിമകള്‍ മാറ്റി പ്രാദേശിക, ദേശീയ നായകന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്ത് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ സ്വത്വബോധം ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്.
റഷ്യ ഇപ്പോഴും കിര്‍ഗിസ്ഥാനില്‍ സൈനിക താവളങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. ചൈനയുടെ മത്സരത്തെ നേരിടുന്നതിനും, യുക്രെയിനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം സ്വാധീനം നിലനിര്‍ത്തുന്നതിനുമാണ് റഷ്യയുടെ ഈ ശ്രമം. 75 അടി ഉയരമുള്ള ലെനിന്‍ പ്രതിമയാണ് നീക്കം ചെയ്യപ്പെട്ടത്. ഈ നടപടിയെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രാത്രിയില്‍ വളരെ ശാന്തമായാണ് പ്രതിമ നീക്കം ചെയ്തത്. നഗരം മോടി പിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ രാഷ്ട്രീയം മറച്ചുപിടിക്കാനാവില്ല. റഷ്യയില്‍ നിന്നുതന്നെ മാര്‍ക്‌സിന്റെയും ലെനിന്റെയുമൊക്കെ പ്രതിമകള്‍ നീക്കം ചെയ്തത് ഉദാഹരണമായി ചൂണ്ടിക്കാട്ടുമ്പോള്‍ ഇത് വ്യക്തമാണ്.
സോവിയറ്റ് സ്വാധീനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സോവിയറ്റ് നേതാക്കളുടെ സ്മാരകങ്ങളും പ്രതിമകളും കിഴക്കന്‍ യൂറേഷ്യന്‍ പ്രദേശത്ത് സാധാരണമായിരുന്നു. കിര്‍ഗിസ്ഥാനിലെ നഗരങ്ങളില്‍ ഭൂരിപക്ഷത്തിലും ലെനിന്‍ പ്രതിമകളുണ്ട്. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുകയാണ് ഇവിടുത്തെ ഭരണാധികാരികളുടെ ലക്ഷ്യം.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് കിര്‍ഗിസ്ഥാന്‍ ബലംപ്രയോഗിച്ച് റഷ്യന്‍ സാമ്രാജ്യത്തില്‍ ചേര്‍ക്കപ്പെട്ടത്. 1917-ലെ ബോള്‍ഷെവിക്ക് വിപ്ലവത്തിനു പിന്നാലെ സോവിയറ്റ് യൂണിയന്റെ ഭാഗമാവുകയും ചെയ്തു. 1917 ലെ ബോള്‍ഷെവിക് വിപ്ലവം കഴിഞ്ഞ് ഏകദേശം എഴുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടുന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകള്‍ കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കിഴക്കന്‍ യൂറോപ്പും മധ്യേഷ്യയും മറ്റും ഇതോടെ മോസ്‌കോയ്ക്കു കീഴില്‍ അല്ലാതായി. ഈ ഭൂപ്രദേശങ്ങളിലെ ഭരണ സംവിധാനങ്ങള്‍ ശീതയുദ്ധാനന്തര കാലത്തേക്ക് അതിവേഗം മാറാന്‍ തുടങ്ങി. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ മുതല്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കുവെരയുള്ള പുതിയ അധികാര വ്യവസ്ഥകള്‍ രൂപം കൊണ്ടു. പകരം വന്ന ഭരണകൂടങ്ങള്‍ സോവിയറ്റ് അധികാരത്തെ പ്രതിനിധീകരിക്കുന്ന സ്മാരകങ്ങളെ പൊളിച്ചു മാറ്റി സ്വന്തം അധികാരത്തെ നീതീകരിക്കാന്‍ ശ്രമിച്ചു. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ സ്മാരകങ്ങള്‍ പൊളിച്ചു നീക്കുകയും, പുതിയ ഭരണകൂടങ്ങളുടെ ദേശീയ സ്വത്വം പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് പഴയ ചരിത്രകഥകള്‍ പുതുക്കാന്‍ ശ്രമിച്ചു. സ്വന്തം ജനതയുടെ ചരിത്രത്തെ പ്രതിനിധീകരിക്കുന്ന പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി.
ഉസ്‌ബെകിസ്ഥാന്റെ തിരിച്ചുപോക്ക്
മുന്‍ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശത്തില്‍ നിന്ന് മോചനം നേടുന്ന മറ്റൊരു രാജ്യമാണ് ഉസ്‌ബെക്കിസ്ഥാന്‍. ഉസ്‌ബെക്കിസ്ഥാന്റെ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അയല്‍രാജ്യങ്ങളിലെ ഭരണാധികാരികളെ പോലെ പഴയ ചരിത്രത്തെ നിലവിലെ ആഭ്യന്തര നയങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പ്രേരിപ്പിച്ചു. ശക്തരായ രാജാക്കന്മാര്‍, സാഹിത്യ നായകന്മാര്‍ എന്നിങ്ങനെ പുതിയ രാജ്യം പിന്തുണയ്ക്കുന്ന ദേശീയതയുമായി ബന്ധപ്പെട്ട വ്യക്തികളെ അവതരിപ്പിക്കാന്‍ തുടങ്ങി. രാജ്യത്തുടനീളമുള്ള കാറല്‍ മാര്‍ക്‌സിന്റെയും, ഒക്ടോബര്‍ വിപ്ലവത്തിന്റെയും ശില്പിയായി കരുതപ്പെടുന്ന ലെനിന്റെയും പ്രതിമകള്‍ ഒരുതരം പ്രതികാര ദാഹത്തോടെ നീക്കം ചെയ്യപ്പെട്ടു. പതിനാലാം നൂറ്റാണ്ടിലെ പ്രശസ്ത യുദ്ധവീരന്‍ തിമൂറും പതിനഞ്ചാം നൂറ്റാണ്ടിലെ തുര്‍ക്കി കവി മിര്‍ അലി-ഷിര്‍ നവായിയും പകരക്കാരായി വലിയ ആഘോഷത്തോടെ പ്രതിഷ്ഠിക്കപ്പെട്ടു. ഈ മാറ്റങ്ങള്‍ ഉസ്‌ബെക്കിസ്ഥാന്റെ റഷ്യന്‍ ആധിപത്യത്തില്‍ നിന്നുള്ള വിടവാങ്ങലായി കാണുന്ന പുതിയ ഗവേഷണങ്ങള്‍ പുറത്തുവന്നു. റഷ്യന്‍ സാറിസ്റ്റ് സാമ്രാജ്യവാദത്തെയും സോവിയറ്റ് അനുഭവത്തെയും നിരാകരിച്ച് മുന്നോട്ട് നയിക്കുന്ന പുതിയ ചരിത്ര പ്രതിനിധാനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ മധ്യേഷ്യയിലെ നിയന്ത്രണ സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ അത് ഉസ്‌ബെക് ചരിത്ര പാരമ്പര്യം മാറ്റാനുള്ള സോവിയറ്റ് യൂണിയന്റെ തന്ത്രങ്ങളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. മാര്‍ക്‌സിന്റെയും ലെനിന്റെയുമൊക്കെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഈ സോവിയറ്റ് പദ്ധതി തന്ത്രപരമായ റഷ്യന്‍വല്‍ക്കരണം തന്നെയായിരുന്നു.
സ്മാരകങ്ങള്‍ പുരാതന നഗരസമൂഹങ്ങളിലാണ് കണ്ടെത്താനാകുന്നത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഉയര്‍ച്ചയോടെ വലിയ തോതില്‍ പുത്തന്‍ സ്മാരകങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇവ പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരികമായ ആശയങ്ങളുടെ രാഷ്ട്രീയം പൊതുജനങ്ങള്‍ക്ക് ദ്രുതഗതിയില്‍ കൈമാറാന്‍ സഹായകമായിരുന്നു. ഒരു സ്മാരകം അതിന്റെ കാലപരിധിയില്‍ വ്യക്തികളെയും സംഭവങ്ങളെയും ആദരിക്കുകയും, ചരിത്രപരവും സാംസ്‌കാരികവുമായ അവബോധത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു.
റഷ്യന്‍ ഭാഷയില്‍ സ്മരണ എന്ന ആശയം സ്മാരകം എന്നതിനോട് അടുത്ത ബന്ധമുള്ളതാണ്. പൊതു സ്മരണയുടെ ഭാഗമായ ഒരു സ്മാരകം, ഒരു സമൂഹത്തിന്റെ പഴയകാല ഓര്‍മ്മകള്‍ ഭൗതിക രൂപത്തില്‍ പ്രകടിപ്പിക്കുകയാണ്. സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിനുശേഷം താഷ്‌കെന്റില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. സ്മാരകങ്ങളുടെ കാര്യത്തിലും ഇത് പ്രത്യക്ഷമായിരുന്നു.
1900-കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് താഷ്‌കെന്റ്, ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാന നഗരിയായി. ഇതോടൊപ്പം സ്മാരകങ്ങളും അവ പ്രചരിപ്പിച്ച ചരിത്രവും രാഷ്ട്രീയ സാഹചര്യങ്ങളോടനുബന്ധിച്ച് മാറുകയും ചെയ്തു. 1865-ല്‍ ജനറല്‍ ചെര്‍നിയാവിന്റെ നേതൃത്വത്തില്‍ സാറിസ്റ്റ് സൈന്യങ്ങള്‍ താഷ്‌കെന്റ് കീഴടങ്ങിയപ്പോള്‍, റഷ്യന്‍ സാമ്രാജ്യത്തിന് പുതിയ കൊളോണിയല്‍ ഭരണരീതികള്‍ പരീക്ഷിക്കാനുള്ള പ്രധാന കേന്ദ്രമായി താഷ്‌കെന്റ് മാറി. ഫ്രാന്‍സിലെ ഹൗസ്മാന്‍ രീതികളിലുള്ള നഗര വികസനം ഇവിടെ നടന്നു.
1913-ല്‍ സാര്‍ ചക്രവര്‍ത്തിയുടെ സൈന്യങ്ങള്‍ പുതിയ താഷ്‌കെന്റിലെ രണ്ടാമത്തെ വലിയ ചതുരത്തില്‍, തുര്‍ക്കിസ്ഥാന്റെ ആദ്യ റഷ്യന്‍ ഗവര്‍ണര്‍ ജനറല്‍ കോണ്‍സ്റ്റന്റിന്‍ പേട്രോവിച് വോണ്‍ കൗഫ്മാന്റെ പ്രതിമ സ്ഥാപിച്ചു. ഈ പ്രതിമ ആശയതലത്തില്‍ തദ്ദേശ ഭരണം റഷ്യന്‍ അധികാരപ്രതീകങ്ങളാല്‍ മാറ്റാന്‍ ശ്രമിക്കുന്നതായിരുന്നു. 1917-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജിച്ചശേഷം ഈ സ്ഥലം വിപ്ലവ ചത്വരമാക്കി. ഗ്രാനൈറ്റില്‍ നിര്‍മിച്ച കൗഫ്മാന്‍ പ്രതിമ തകര്‍ത്തു. ഇതിന്റെ സ്ഥാനത്ത് സോവിയറ്റ് യൂണിയന്റെ വലിയ പതാക ഉയര്‍ത്തി. കീഴടങ്ങിയ രാജ്യമായി ഉസ്‌ബെക്കിസ്ഥാന്‍ മാറി. പക്ഷേ സോവിയറ്റ് ഭരണകൂടവും താഷ്‌കെന്റിലെ ജനതയെ വരുതിയിലാക്കാനും അധികാരം പ്രദര്‍ശിപ്പിക്കാനും കോളോണിയല്‍ രീതികള്‍ തുടര്‍ന്നു. 1919-ല്‍ സോവിയറ്റ് യൂണിയന്‍ അധികാരികള്‍ ഒരു അരിവാള്‍ ചുറ്റിക സ്മാരകം നിര്‍മിച്ചു. താഷ്‌കെന്റിലെ സാറിസ്റ്റ് സ്മാരകങ്ങളില്‍ നിന്നുള്ള വലിയ വ്യതിയാനമായിരുന്നു ഇത്.
കേരളവും കാത്തിരിക്കുന്നു
മുന്‍ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ നീക്കം ചെയ്തത് ഭാരതത്തെ സംബന്ധിച്ചിടത്തോളം കൗതുകകരമാണ്. സ്വാതന്ത്ര്യസമരകാലത്ത് ഒരു അനിസ്ലാമിക രാജ്യത്ത് വസിക്കുന്നത് മതവിരുദ്ധമാണെന്ന് വിശ്വസിച്ച് ഭാരതം ഉപേക്ഷിച്ചു പോയ ഇസ്ലാമിക മതമൗലികവാദികളെ ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റില്‍ 1920ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനൗദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ നായകനായ ലെനിന്റെ നിര്‍ദ്ദേശപ്രകാരം എം.എന്‍.റോയ് ആണ് ഈ യോഗം വിളിച്ചു ചേര്‍ത്തത്. ഇതിനുശേഷമാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 1924 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സത്യഭക്തയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി രൂപം കൊണ്ടത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ സ്വാധീനിക്കാനും അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താനും ലെനിന്‍ നിരവധി അടവുനയങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഉദ്ദേശിച്ച രീതിയില്‍ ഫലം കണ്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പിതൃഭൂമിയില്‍ നിന്നു തന്നെ ലെനിന്റെ പ്രതിമകള്‍ തിരോധാനം ചെയ്യപ്പെടുമ്പോള്‍ ഭാരതത്തിലെ ഇടതു പാര്‍ട്ടികള്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ത്രിപുരയിലെ ലെനിന്‍ പ്രതിമ നീക്കം ചെയ്യപ്പെട്ടതില്‍ കണ്ണീരൊഴുക്കിയവര്‍ കാറല്‍ മാര്‍ക്‌സിനും ലെനിനും മറ്റും മുന്‍ സോവിയറ്റ് യൂണിയന്‍ റിപ്പബ്ലിക്കുകളില്‍ സംഭവിക്കുന്ന ദുര്‍ഗതിയില്‍ നിശബ്ദത പാലിക്കുന്നത് തന്ത്രപരമാണ്. ആഗോളതലത്തില്‍ മാര്‍ക്‌സിസം തിരിച്ചുവരികയാണെന്ന അസംബന്ധപ്രചാരണം നടത്തി അവശേഷിക്കുന്ന അണികളെ വിശ്വസിപ്പിക്കാന്‍ ഇത്തരം കണ്ണടച്ചിരുട്ടാക്കലുകള്‍ ആവശ്യമാണെന്ന് ഇടതു പാര്‍ട്ടികള്‍ കരുതുന്നു. മാറിയ കാലത്ത് മാര്‍ക്‌സും ലെനിനുമൊന്നും തങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് മനഃസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇക്കൂട്ടര്‍ സമൃദ്ധമായി മറച്ചുപിടിക്കുകയാണ്. ത്രിപുരയിലേതു പോലെ കേരളത്തിലെ ലെനിന്‍ സ്‌ക്വയറുകളും പ്രതിമകളും അപ്രത്യക്ഷമാകുന്ന കാലം അതിവിദൂരമല്ല.





















