നക്ഷത്രലിപിപൂത്തു നില്‍ക്കും തൃസന്ധിയില്‍
നന്മത്തുലാസിന്റെ ഇരുതട്ടിലും
നാദസൂര്യാംശുവും, നാണയച്ചന്ദ്രനും
നേടും തുലാഭാരമെന്നപോലെ
വാക്കുകള്‍വാസനപ്പൂക്കളമായ് വിശൈ്വക
വേദമായ് വിരിയുന്ന വെയിലരങ്ങില്‍
വേദനിപ്പോര്‍ക്കുള്ള സ്‌നേഹപാഥേയമായ്
വാഴ്‌വില്‍ വിളയേണം എന്റെ ജന്മം
അന്ധവേഗങ്ങളില്‍ ചിന്താധ്രുവങ്ങളില്‍
സന്ധിചെയ്യാന്‍ ചെന്നു, ചേരാതെയീ
ബന്ധുരമാനവ ഹൃദയാടനത്തിനായ്
സിന്ധുവും നീന്തി കരേറിടേണം
ആധിത്തമസ്സിന്റെ ബാധയില്ലാത്തൊരു
ബോധിത്തണലത്തിരുന്നു വീണ്ടും
സാധിതമായ സമഭാവസുകൃതത്തിന്‍
മൂര്‍ത്ഥാവിന്‍നാളം കൊളുത്തുന്നു ഞാന്‍
ശ്രുതിയിലും, സ്മൃതിയിലും, സഹനാനുഭൂതിയായ്
മതിവരാതുണരുന്ന ഋതുരാഗമായ്
അതിരമ്യമായൊരു മന്ദസ്മിതത്തിന്റെ
ഗതിയോടു വ്യതിചലിച്ചകലാതെയും
നീയുമീ ഞാനും നിലാലോലസ്വപ്നവും
നീരറ്റു വേരറ്റു പോകാതെയും
നീഹാരബിന്ദുപോല്‍ തോരാതെയും നിത്യം
നീങ്ങേണമെന്നതേ മൂകലക്ഷ്യം
പുലരണം നമ്മളീ ക്ഷണിക ജന്മത്തിന്റെ
വിലയറിഞ്ഞോടല്‍ വിളക്കാകണം.
ജലരാശിയില്‍ കുഞ്ഞു, കുമിളപോലുടയാതെ
ഫലദീപ്തിയില്‍ പ്രാണകല ചൂടണം






















