കേരളത്തിലെ വിദ്യാഭ്യാസമേഖല ഇങ്ങനെ തകരാന്‍ എന്താണ് കാരണം? ഇത്തരം ഒരു തകര്‍ച്ച ഈ രംഗം അര്‍ഹിക്കുന്നില്ല. നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ സംസ്ഥാനം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിദ്യാലയ പ്രവേശനം നേടുന്ന സംസ്ഥാനം. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടിയ സംസ്ഥാനം. ഏറ്റവും അധികം കുട്ടികള്‍ കോളേജ് പ്രവേശനം തേടുന്ന സംസ്ഥാനം. ഖ്യാതി നേടാന്‍ നമുക്ക് കെല്‍പ് നല്‍കിയത് നമ്മുടെ നവോത്ഥാനകാലമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുള്ള ഒരു ചെറിയ കാലയളവാണ് നമ്മുടെ നവോത്ഥാന കാലം. അക്കാലത്താണ് മലയാളി മനുഷ്യനായി മാറിയത്. ജാതിമതങ്ങള്‍ തുടങ്ങി തറവാട്ടുമഹിമ വരെയുള്ള നൂറായിരം കാര്യങ്ങളുടെ പേരില്‍ തമ്മിലടിച്ചു തലകീറി കഴിഞ്ഞിരുന്ന മലയാളി തങ്ങള്‍ക്കിടയില്‍ പൊതുവില്‍ പലതുമുണ്ട് എന്ന് തിരിച്ചറിഞ്ഞ കാലമാണത്. ഈ തിരിച്ചറിവു നേടിയതിന് മുന്‍പുള്ള കേരളത്തെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ വഴിയൊരിക്കിയതും നമ്മുടെ വിദ്യാഭ്യാസ മികവാണ്. നമ്മുടെ നവോത്ഥാന നായകരെല്ലാം പരമപ്രാധാന്യം നല്‍കിയത് വിദ്യാഭ്യാസത്തിനാണ്.
1898 ല്‍ സ്ത്രീവിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കാനായി പ്രബന്ധം എഴുതിയ ബ്രഹ്മാനന്ദസ്വാമി ശിവയോഗി, വേദാധികാരം എന്നാല്‍ അറിവുനേടാനുള്ള അവകാശമാണെന്നും അറിവിന്റെ വിതരണ നീതി ഉറപ്പാക്കണം എന്നും ആഹ്വാനം ചെയ്ത ചട്ടമ്പിസ്വാമികള്‍, വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച ശ്രീനാരായണഗുരുദേവന്‍, പള്ളികള്‍ക്ക് ഒപ്പം പള്ളികൂടങ്ങളുമായി കടന്നു ചെന്ന കത്തോലിക്കാസഭയും ചാവറ പിതാവും, അവര്‍ണ്ണന്റെ അക്ഷരാധികാരത്തിനായി അടരാടിയ അയ്യന്‍കാളി എന്നിങ്ങനെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ അടക്കമുള്ള നവോത്ഥാന നായകരുടെ കൂട്ടായ പ്രവര്‍ത്തനഫലമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസം വികസിച്ചത്. തിരുവിതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാരും മലബാറിലെ ബ്രിട്ടീഷ് ഭരണവും ക്രൈസ്തവ മിഷനറിമാരും വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയത്. അവരുടെ പ്രവര്‍ത്തനഫലമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസം ഗുണത്തിലും ഗണത്തിലും മികവ് നേടിയത്. വിദ്യാസരംഗത്ത് വിതരണ നീതി ഉറപ്പാക്കുന്നതിനായി കത്തോലിക്കാ സഭ, എസ്എന്‍ഡിപി, എന്‍എസ്എസ്, പുലയ മഹാസഭ എന്നു തുടങ്ങിയ സമുദായ സംഘടനകള്‍ വലിയ പിന്തുണ നല്‍കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിന് നാം കടപ്പെട്ടിരിക്കുന്നത് സര്‍ സി.പി. രാമസ്വാമി അയ്യരോടാണ് എന്ന കാര്യവും മറക്കരുത്. അനാവശ്യമായ സര്‍ക്കാര്‍ ഇടപെടലിലൂടെ വിദ്യാഭ്യാസ രംഗത്തെ മലിനമാക്കാനുള്ള ശ്രമം തുടങ്ങിയതിന്റെ ‘മഹത്വം’ ജോസഫ് മുണ്ടശ്ശേരിക്ക് അവകാശപ്പെട്ടതാണ്!!
1957 ല്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അകാലമരണത്തിന് കാരണമായ വിദ്യാഭ്യാസ നിയമം കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തിന്റെ നാശത്തിനും തുടക്കമിട്ടു എന്നു പറയാവുന്നതാണ്. അതോടുകൂടിയാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല രൂപം കൊണ്ടത്. അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാദ്ധ്യത സര്‍ക്കാരിനും അവരെ നിയമിക്കാനുള്ള അധികാരം മാനേജ്‌മെന്റിനും നല്‍കിയ വിചിത്രമായ മാതൃകയെ വിശേഷിപ്പിക്കുന്ന ഓമനപ്പേരാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്നത്. ഈ സമ്പ്രദായം നിലവില്‍ വന്നത് മുതലാണ് അദ്ധ്യാപക-അനദ്ധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും കോഴപ്പണം കെട്ടി വെക്കുന്ന സമ്പ്രദായം ആരംഭിച്ചത്. മുണ്ടശ്ശേരി സ്‌കൂള്‍ തലത്തില്‍ പ്രയോഗത്തിലെത്തിച്ച ഈ സമ്പ്രദായത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചതിന്റെ മഹത്വം എ. കെ. ആന്റണിക്ക് അവകാശപ്പെട്ടതാണ്. 1972 ല്‍ ആന്റണി നേതൃത്വം നല്‍കി നടത്തിയ വിദ്യാര്‍ത്ഥി സമരത്തിന്റെ ഫലമായിട്ടാണ് എയ്ഡഡ് കോളേജുകള്‍ ഉദയംകൊണ്ടത്. അതോടെയാണ് കോഴവാങ്ങാന്‍ മാനേജ്‌മെന്റും ശമ്പളം നല്‍കാന്‍ സര്‍ക്കാരും എന്ന അവസ്ഥ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ വന്നത്. ഈ മധുരമനോഹര മനോജ്ഞ വ്യവസ്ഥയുടെ ഫലമായിട്ടാണ് പ്രൈമറി സ്‌കൂള്‍ ടീച്ചറുടെ നിയമനത്തിനുള്ള കോഴയുടെ കുറഞ്ഞനിരക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയും കോളേജ് അദ്ധ്യാപകനാകാനുള്ള കോഴ നിലവാരം ഒരു കോടി രൂപയുമായി ക്രമീകരിക്കപ്പെട്ടത്. ജാതിമത ശക്തികളും രാഷ്ട്രീയ അധികാരവും ധനശേഷിയും ഒരുമിച്ചു സമാസമം ചേര്‍ന്നാണ് ഈ അഴിമതി വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. എയ്ഡഡ് മേഖല വികസിക്കുന്നതിനു മുന്‍പ് സ്വകാര്യമേഖല എന്നാണ് ഈ രംഗം അറിയപ്പെട്ടിരുന്നത്. മുതല്‍മുടക്കി സ്ഥാപനം നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് പിരിച്ച് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്തിരുന്ന കാലം. അന്ന് അദ്ധ്യാപക നിയമനം സമുദായ സേവനത്തിന്റെ ഭാഗമായിരുന്നില്ല. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ മലയാളം വിഭാഗം മേധാവി എഴുത്തച്ഛന്റെ കൃതികളുടെ പരിശോധന നടത്തിയ എ.ഡി. ഹരിശര്‍മ്മയായിരുന്നു. കൊല്ലം എസ്.എന്‍ കോളേജ് തുടങ്ങിയപ്പോള്‍ ഏറ്റവും മികവുറ്റവരെയാണ് അദ്ധ്യാപകരായി ആര്‍.ശങ്കര്‍ നിയമിച്ചത്. ഇന്നാകട്ടെ ഈ രണ്ടിടത്തും മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെങ്കില്‍, അതത് സമുദായത്തില്‍ നിന്നും മിനിമം യോഗ്യതയുള്ള ഒരാളും ഉണ്ടാകരുത് എന്നതാണ് അവസ്ഥ. ഇന്ന് എയ്ഡഡ് മേഖല മതസമുദായങ്ങളെ പ്രീണിപ്പിക്കാനും പണം പരിക്കാനുമുള്ള ഇടങ്ങളായി മാറ്റിക്കഴിഞ്ഞു. എയ്ഡഡ് കോളേജുകളില്‍ ഈ സര്‍ക്കാര്‍ ആയിരം തസ്തികകള്‍ക്ക് അംഗീകാരം നല്‍കി എന്ന വാര്‍ത്ത കണ്ടു. അതായത് ആയിരം കോടി കള്ളപ്പണം ഒഴുകി എന്നു സാരം. ഇതിന്റെ ഫലമായി അദ്ധ്യാപക – അനദ്ധ്യാപക തൊഴില്‍ സംഘടനാരംഗം ശക്തമായി. ഇവരുടെ സമ്മര്‍ദ്ദ ഫലമായി അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന അധികാരവും നല്‍കി. അങ്ങനെ സര്‍ക്കാര്‍ ശമ്പളത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ച ഭാഗ്യവാന്മാരാണ് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അവരില്‍ നിന്നും നേതാക്കളും ഉയര്‍ന്നു വന്നു. കേരളത്തിലെ അറുപതുശതമാനം സ്‌കൂളുകളും എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ആകെ ജീവനക്കാര്‍ 97457. അതില്‍ 60000 പേര്‍ അദ്ധ്യാപകരാണ് എന്നു കണക്കാക്കപ്പെടുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയായിരുന്നു നിയമനമെങ്കില്‍ 9700 പട്ടികജാതി ജീവനക്കാര്‍ക്ക് അവിടെ നിയമനം ലഭിക്കുമായിരുന്നു. കേരളത്തിലാകെ 208 എയ്ഡഡ് കോളേജുകളുണ്ട്. അതിലാകട്ടെ 20000 ജീവനക്കാര്‍; അവരില്‍ 14000 പേര്‍ അദ്ധ്യാപകര്‍. സര്‍ക്കാര്‍ മേഖലയില്‍ ആകെ 49 കോളേജുകളും അവയിലാകെ രണ്ടായിരം അദ്ധ്യാപകരുമാണ് ഉള്ളത്. സംവരണതത്ത്വം പാലിച്ചിരുന്നു എങ്കില്‍ 1400 പട്ടികജാതിക്കാര്‍ക്ക് അവിടെ അധ്യാപകരായി നിയമനം ലഭിക്കുമായിരുന്നു. എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് മാത്രമായി പ്രതിവര്‍ഷം 3360 കോടി രൂപ ശമ്പള ഇനത്തില്‍ നല്‍കുമ്പോള്‍ അതില്‍ നിന്നും ഒരു രൂപപോലും പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. വിദ്യഭ്യാസത്തിനു വേണ്ടി ചെലവാക്കുന്നതില്‍ എണ്‍പതു ശതമാനം തുക ചെലവഴിക്കുന്ന രംഗത്ത് നടമാടുന്ന സാമൂഹിക അനീതി ചൂണ്ടി കാണിക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇത്രക്ക് നഗ്‌നമായ രീതിയില്‍ കോഴ കൈമാറ്റം ചെയ്യപ്പെടുന്ന ഈ അവസ്ഥയില്‍ നമ്മുടെ നാട്ടിലെ അഴിമതി വിരുദ്ധ സമരക്കാരും ആശങ്കപ്പെടുന്നില്ല എന്നും ഓര്‍ക്കണം.

ഇതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം കോളേജ് വിദ്യാഭ്യാസരംഗത്തെ എഴുപതു ശതമാനം അദ്ധ്യാപകരും നിയമിക്കപ്പെടുന്നതിന്റെ മാനദണ്ഡം അക്കാദമിക മികവല്ല എന്നതാണ്. മികവിനു പകരം ജാതിമതരാഷ്ട്രീയ സാമ്പത്തിക ശക്തികളുടെ സ്വാധീനത്താല്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മികവ് കൂടി വേണമെന്ന് നമുക്ക് ശഠിക്കാനാകില്ല. ഉന്നതവിദ്യാദ്യാസരംഗത്ത് നിലവാര തകര്‍ച്ചയുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംഘടിത ശക്തി ചെലുത്തുന്ന സ്വാധീനം മറ്റൊരു കാരണമാണ്. ഈ സംഘടിതശക്തിയാണ് കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഈ സംഘടനകളെ മുഴുവന്‍ നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ് വസ്തുത. വിദ്യാഭ്യാസ മികവിന് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഇവരെല്ലാവരും ഒരുമിച്ചു നിന്ന് അതിനെ എതിര്‍ക്കും എന്നതാണ് സത്യം. ഇത്രക്ക് സുശക്തമായ വര്‍ഗ്ഗബോധവും ഐക്യവും മറ്റൊരിടത്തും കാണാന്‍ കഴിയില്ല. യുജിസി പദ്ധതി നടപ്പിലാക്കുന്ന കാലത്ത് ശമ്പളം കൂടുതല്‍ നല്‍കുന്നതോടൊപ്പം മെറിറ്റിന് പ്രാധാന്യം നല്‍കണം എന്ന വ്യവസ്ഥ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. അന്ന് എല്ലാ അദ്ധ്യാപക സംഘടനകളും ഒരുമിച്ച് സമരം ചെയ്ത് അക്കാദമിക മികവുണ്ടാകണം എന്ന വ്യവസ്ഥ ഒഴിവാക്കിച്ചു. മാത്രമല്ല, യുജിസി പദ്ധതി നടപ്പിലാക്കിയതിനു ശേഷം കേരളത്തിലെ സര്‍വ്വകലാശാല/കോളേജ് അദ്ധ്യാപനത്തില്‍ എന്തു മികവുണ്ടായി എന്നു കൂടി പരിശോധിക്കപ്പെടേണ്ടതല്ലേ?
1986ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ടി. എം. ജേക്കബ്ബ് വിദ്യാഭ്യാസമന്ത്രിയും ആയിരുന്ന കാലത്താണ് കുപ്രസിദ്ധമായ പ്രീ-ഡിഗ്രി ബോര്‍ഡ് സമരം നടന്നത്. അക്കാലത്താണ് കോളേജുകളില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി പ്രീഡിഗ്രി ബോര്‍ഡ് എന്ന പേരില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ആ തീരുമാനം. പത്താം ക്ലാസ്സിനും ഡിഗ്രിക്കും ഇടയിലുള്ള കാലം കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കരുത് എന്ന വിദഗ്ദ്ധ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രീഡിഗ്രി ബോര്‍ഡ് ക്രമീകരിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കും എന്ന് ആദ്യം കണ്ടെത്തുന്നത് ശാസ്ത്രസാഹിത്യ പരിഷത്താണ്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതരായി തീരുന്ന അതിലെ അംഗങ്ങള്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുകയായിരുന്നു. ആഗോള സാമ്രാജ്യത്വശക്തികളുടെ ആസൂത്രിതമായ ഇടപെടലാണ് ബോര്‍ഡ് ക്രമീകരണത്തിന്റെ യഥാര്‍ത്ഥകാരണമെന്നും അവര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട്, സാമ്രാജ്യത്വശക്തികള്‍ക്ക് എതിരെ പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലൂടെ ആഞ്ഞടിക്കാന്‍ അവര്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എന്‍ജിഒ സഖാക്കളും ഒറ്റക്കെട്ടായി സമരം പ്രഖ്യാപിച്ചു. മാസങ്ങളോളം സമരം നീണ്ടുനിന്നു. 1987ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. അവര്‍ ബോര്‍ഡ് രൂപീകരണ തീരുമാനം റദ്ദുചെയ്തു. ഇ.കെ. നായനാരായിരുന്നു അന്നത്തെ മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറിയായി പ്രീഡിഗ്രി ബോര്‍ഡ് സമരം നയിച്ച നായനാര്‍ സഖാവ് തന്നെയാണ് 1990 ല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് രൂപീകരിച്ചതും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതും എന്ന് ഓര്‍ക്കാവുന്നതാണ്. അന്ന് സഖാവ് നായനാര്‍ പറഞ്ഞത്, പ്രിഡിഗ്രി ബോര്‍ഡ് സമരം നടത്തിയതും അതിനു ശേഷം ഹയര്‍ സെക്കണ്ടറി ബോര്‍ഡ് രൂപീകരിച്ചതും ശരിയായ തീരുമാനമാണെന്നാണ്. വിദ്യാഭ്യാസ മേഖലയില്‍ അവസരങ്ങള്‍ കൂടുതല്‍ ഒരുക്കുന്നതിനും കൂടുതല്‍ മികവുറ്റ വിദ്യാഭ്യാസം ലഭിക്കുന്നതിനും വേണ്ടിയാണ് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദ്ദേശിച്ചത്. അതുപ്രകാരം കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. പാര്‍ട്ടിയും ഭൂതഗണങ്ങളും അതിന് എതിരായിരുന്നു. സ്വകാര്യ മൂലധന നിക്ഷേപത്തിലൂടെ, വിദ്യാഭ്യാസത്തില്‍ കേരളം നേടിയ മികവിനെ തകര്‍ക്കുന്നതിനു വേണ്ടി, അമേരിക്കന്‍ മുതലാളിത്തം നടത്തുന്ന ഗുഢപദ്ധതിയുടെ ഭാഗമാണ് സ്വാശ്രയ വിദ്യാഭ്യാസം എന്നാണ് അന്ന് പാര്‍ട്ടി ശരിയായി കണ്ടെത്തിയത്. പാര്‍ട്ടി എന്നും, എല്ലാ കാര്യവും ശരിയായി മാത്രമാണ് കണ്ടെത്തിയത് എന്ന് കേരളത്തിന്റെ ഇടതു മനസ്സ് പുരോഗമനപരമായി വിശ്വസിക്കുന്നു. മുപ്പതു കൊല്ലത്തിനു ശേഷം (ഇതാണ് തെറ്റുതിരുത്താനുള്ള ഇടത് മനസിന്റെ കാലയളവ്) മുന്‍ തീരുമാനം തെറ്റാണെന്നു കണ്ടെത്തുമ്പോഴും ആദ്യം എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് പറയാനും മടിക്കില്ല. 30 കൊല്ലം മുന്‍പുള്ള ഇടതുപക്ഷമാണെന്നോര്‍ക്കണം. അവരുടെ സമരമുറ സ്വാഭാവികമായും ഇന്നത്തെക്കാള്‍ പ്രാകൃതമായിരുന്നു. ഇവരുടെ പ്രാകൃത സമരങ്ങള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അദ്ധ്യാപക-അനദ്ധ്യാപക സഖാക്കളുടെ സഹകരണത്തിലൂടെ പൊടി പൊടിച്ചുകൊണ്ടിരിക്കെയാണ് കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടാനായി കേരളം വിട്ടുതുടങ്ങിയത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ ഒരു തൊഴില്‍ നേടണം എന്ന് ആഗ്രഹിച്ച ചെറുപ്പക്കാരെ കേരളം വിടാന്‍ പ്രേരിപ്പിച്ചതിന്റെ മഹത്വം ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ്. ഇതിനിടയിലാണ് എ. കെ. ആന്റണി സര്‍ക്കാര്‍ രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തത്ത്വം അംഗീകരിച്ചു കൊണ്ട് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയത്. അതായത്, 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റും 50 ശതമാനം സീറ്റില്‍ സര്‍ക്കാരും പ്രവേശനം നടത്തുംഎന്നായിരുന്നു ധാരണ. എന്നാല്‍, ഇതു സംബന്ധമായ ഒരു വ്യവസ്ഥയും രേഖാമൂലം ഉണ്ടാക്കിയിരുന്നില്ല. ആന്റണി അന്ന് അതിനു പറഞ്ഞ ന്യായീകരണം പതിവുപോലെ വിചിത്രമായിരുന്നു. മാന്യന്മാരുടെ വാക്കാണ്, അതിന് രേഖകളെക്കാള്‍ ഉറപ്പുണ്ട് എന്നായിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് കോടതിയില്‍ പോയി. കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചു. അതോടെ മുഴുവന്‍ സീറ്റും മാനേജ്‌മെന്റിന് ലഭിച്ചു. കേരളത്തില്‍ ഒരു പെട്ടിക്കട തുടങ്ങാന്‍ പോലും വ്യക്തമായ നിയമം നിലനില്‍ക്കവെയാണ് ഒരു നിയമത്തിന്റെ പിന്‍ബലവുമില്ലാതെ ആന്റണി സ്വാശ്രയ കോളേജ് തുടങ്ങിയത്. അതിന് എതിരെയും ഇടതു സമരം ആളിക്കത്തി. തുടര്‍ന്നു വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വാശ്രയനിയമം നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കി. അതുപ്രകാരം എല്ലാ മാനേജ്‌മെന്റ് സീറ്റിലേക്കും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് കണ്ടെത്തിയ സുപ്രീം കോടതി അത് റദ്ദു ചെയ്തു. അതുപ്രകാരം ഫീസ് നിശ്ചയിക്കാന്‍ വിദഗ്ധസമിതിയും നിലവില്‍ വന്നു. ഒരു കൊല്ലവും കൃത്യമായി, വിവാദരഹിതവും വ്യവഹാരാതീതവുമായ ഫീസ് ഉടമ്പടി ഉണ്ടായില്ല. അതുകൊണ്ട് കേരളത്തിലെ സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്ത്വം നിലനിന്നിരുന്നു. സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചു. ഇന്നും അതിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ എന്‍ജിനീയറിംഗ് പ്രവേശനം പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെ ഇപ്പോഴും മാര്‍ക്ക് സമീകരണത്തില്‍ സമവായമായിട്ടില്ല. സമയത്തിനും പണത്തിനും വില കല്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതര സംസ്ഥാന കോളേജുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു, അവിടെയെല്ലാം ക്ലാസ്സും തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരായിരുന്നു എങ്കിലും പാര്‍ട്ടി നേതാക്കള്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന് അനുകൂലമായിരുന്നു. ധീര സഖാക്കളായ വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, എ.കെ.ബാലന്‍ എന്നു തുടങ്ങിയ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ പഠിപ്പിച്ചു എന്ന കാര്യം ഇപ്പോള്‍ സഖാക്കള്‍ പോലും ഓര്‍ക്കാറില്ല. സ്വാശ്രയ സമരം നടത്തി വിദ്യാര്‍ത്ഥി സഖാക്കള്‍ തെരുവില്‍ സമരം ചെയ്തു തല്ലുകൊണ്ട് ജീവിതം തുലച്ചുകൊണ്ടിരിക്കുമ്പോഴാണ് നേതാക്കളുടെ മക്കള്‍ യാതൊരു അല്ലലുമില്ലാതെ സ്വാശ്രയ വിദ്യാഭ്യാസം നേടിയത്.
ഇപ്പോള്‍ സ്വകാര്യസര്‍വ്വകലാശാലകളും ആകാം എന്ന നിലയില്‍ പാര്‍ട്ടി എത്തി. വിദേശസര്‍വ്വകലാശാലകളെ ആനയിക്കാനുള്ള ചുവപ്പു പരവതാനിയും വാങ്ങി സര്‍ക്കാര്‍ കാത്തിരിക്കുന്നു. പക്ഷേ, സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുമെന്നു പറഞ്ഞെങ്കിലും ഇതുവരെ വരവൊന്നും കണ്ടിട്ടില്ല. ഇക്കാര്യത്തിലും നമ്മള്‍ മൂന്നു പതിറ്റാണ്ടു പിന്നിലാണ്. ആദ്യം വന്നവര്‍ നേട്ടം കൊയ്തു. നാം അവര്‍ക്കും പിന്നിലാണ്. അതായത്, ചുരുങ്ങിയത് മൂന്നുപതിറ്റാണ്ടെങ്കിലും പിന്‍പേ നടക്കുന്നതാണ് കേരളത്തിലെ പുരോഗമനം. അതാണ് ഇടതു മനസ്സ്. ഈ സമരകാലങ്ങളില്‍ എസ്എഫ്‌ഐക്കാരായി സമരം ചെയ്തു സ്വയം നശിക്കുകയും കേരളത്തെ മുടിപ്പിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ മാധ്യമ സിംഹങ്ങളായി ചാനലുകളില്‍ അലറുന്നവരില്‍ അധികം പേരും. കേരളത്തെ പിന്നിലാക്കുന്നതില്‍ ഇടതു മനസ്സ് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മലമ്പുഴ അണക്കെട്ട് പണിയുന്ന കാലത്ത് പാര്‍ട്ടി അതിനെ എതിര്‍ത്തു. മലമ്പുഴയില്‍ കടത്തുകാരായി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നാണ് പാര്‍ട്ടി അതിനു പറഞ്ഞ കാരണം. അമേരിക്കന്‍ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളുടെ ഭാഗമായിട്ടാണ് അണക്കെട്ട് നിര്‍മ്മാണം എന്നും പാര്‍ട്ടി അന്ന് ശരിയായി കണ്ടെത്തി. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് തീവണ്ടിപ്പാത പണിയുന്നതിനും പാര്‍ട്ടി എതിരായിരുന്നു. തിരുവിതാംകൂറിലെ ലോഹമണല്‍ തീവണ്ടി മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിക്കുകയും അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ആറ്റം ബോംബുണ്ടാക്കി സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിനുവേണ്ടി അമേരിക്ക ആവിഷ്‌ക്കരിച്ച ഗൂഢ പദ്ധതിയുടെ ഭാഗമാണ് റയില്‍പ്പാത നിര്‍മ്മാണം എന്നാണ് അന്ന് പാര്‍ട്ടി കണ്ടെത്തിയത്. കുട്ടനാട് കൃഷിയന്ത്രം വന്നപ്പോള്‍ പാര്‍ട്ടി ശരിയായ രീതിയില്‍ അതിനെ എതിര്‍ത്തു. കേരളത്തിലെ ഇടതു പുരോഗമന മനസ്സ് കംപ്യൂട്ടറിന് എതിരെ ആഞ്ഞടിച്ചു. കൊച്ചി അന്താരാഷ്ടവിമാനത്താവള നിര്‍മ്മാണത്തെ, വഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ – അങ്ങിനെ ഇടതു പുരോഗമന മനസ്സ് എല്ലാത്തിനേയും എതിര്‍ത്തു കൊണ്ടേയിരുന്നു. ഇന്നും അത് തുടരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം മന്ത്രിസഭയുടെ കാലത്താണ് ഇന്റര്‍ നാഷണല്‍ എജ്യൂക്കേഷന്‍ മീറ്റ് എറണാകുളത്ത് നടന്നത്. ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രി. കേരളത്തിലെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തെ ലോകസര്‍വ്വകലാശാലകളുമായി ബന്ധപ്പെടുത്തി ഗുണനിലവാരം ഉയര്‍ത്തലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തില്‍ അവസരം ഒരുക്കലുമായിരുന്നു ലക്ഷ്യം. എസ്എഫ്‌ഐ, എകെജിസിറ്റി, എകെ പിസിടി എന്‍ജിഒ യൂണിയന്‍ എന്നു തുടങ്ങി പാര്‍ട്ടിയുടെ ഭുത ഗണ സംഘങ്ങള്‍ മുഴുവന്‍ സമരവുമായി രംഗത്തുവന്നു. ആഗോള മുതലാളിത്തം ഇന്ത്യയില്‍ നുഴഞ്ഞു കറയുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു സംരംഭം എന്നായിരുന്നു പാര്‍ട്ടി ഭാഷ്യം. പിന്നീട് വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ വിദേശ മുതലാളിത്ത ശക്തികളെ കയ്യാമം വെച്ചു ജയിലില്‍ അടക്കുമെന്നു പ്രസ്താവിച്ചു. അതോടെ, ആ വാതിലുകള്‍ അടഞ്ഞു. നമ്മുടെ ഭാഗ്യത്തിന് പിണറായി സര്‍ക്കാര്‍ അതിനും അംഗീകാരം നല്‍കി. പക്ഷേ, നാം വളരെ വൈകിപ്പോയി എന്നതാണ് പരമാര്‍ത്ഥം. ഇപ്പോഴും മുപ്പതു വര്‍ഷം പിന്നില്‍.
വിദ്യാഭ്യാസ രംഗത്തു ഇവര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഇവര്‍ പുറത്തു പറയുന്ന കാരണമായിരിക്കില്ല യഥാര്‍ത്ഥകാരണം. ഗവര്‍ണര്‍ക്ക് എതിരെ സമരം എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ സമരം ചെയ്യാന്‍ പാര്‍ട്ടി ഇപ്പോള്‍ ഒഴിവുകണ്ടിരിക്കുന്നത് വിദ്യാര്‍ത്ഥി സഖാക്കളെയാണ്. അവരെ അദ്ധ്യാപക-അനധ്യാപക വര്‍ഗ്ഗബഹുജനസംഘടനകള്‍ പിന്‍തുണക്കും. പാര്‍ട്ടിയുടെ ഇപ്പോഴത്തെ വര്‍ഗ്ഗശത്രു ഭാരതമാതാവാണ്. ഭാരതമാതാവിനെ വകവരുത്തിയേ സമരം പിന്‍വലിക്കുകയുള്ളു എന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗവര്‍ണറെ എല്ലാ ദിവസവും മുന്നില്‍ കിട്ടില്ല. അതുകൊണ്ട്, വിസിക്ക് എതിരെയാണ് സമരം. വര്‍ഗ്ഗശത്രു തൊടുന്നതെന്തും തെറ്റായിരിക്കും. ഗുരുക്കന്മാര്‍ക്ക് നല്‍കുന്ന പാദനമസ്‌കാരവും തെറ്റായിരിക്കും. അതിനെതിരെ പറയുന്ന ന്യായങ്ങള്‍ ഇവയാണ്. അദ്ധ്യാപകരുടെ പാദനമസ്‌കാരം പുരോഗമനത്തിന് എതിരാണ്. പഴകിയ ഫ്യൂഡല്‍ മൂല്യങ്ങളുടെ തിരിച്ചുവരവാണത്. അത് അശാസ്ത്രീയമാണ്. എന്നാല്‍ ഒന്നു ചോദിക്കട്ടെ എന്താണ് പുരോഗമനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ഏതാണ് പരോഗമനം ഏതാണ് അതിന് എതിര് എന്നു നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡമെന്ത്? ഇവര്‍ക്ക് അതിന് ആര് അധികാരം നല്‍കി? കമ്മ്യൂണിസം തന്നെ ലോകത്ത് കാലഹരണപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് അത് എങ്ങനെ പുരോഗമനപരമാകും? കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് സര്‍വ്വകലാശാല / കോളേജ് കാമ്പസ്സുകളിലാണ്. അവിടങ്ങളില്‍ മയക്കുമരുന്നു മാഫിയ, ഇസ്ലാമിക ടെറര്‍ ഗ്രൂപ്പുകള്‍ എന്നിവകളുടെ സഹായ സഹകരണത്തോടെയാണ് ഇന്നു കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ് ഐ, കെഎസ്‌യു സഖ്യം ഭരണം നടത്തുന്നത്. മയക്കുമരുന്നു മാഫിയയാണ് ഇപ്പോള്‍ ഇസ്ലാമിക ടെറര്‍ ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത്. ആ ടെറര്‍ ഫണ്ടിംഗിന്റെ അംശാദായം പറ്റിക്കൊണ്ടാണ് കെ എസ് യു വും എസ് എഫ് ഐയും പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സംഘടനകള്‍ക്കും മാത്രം ആധിപത്യുള്ളതാണ് കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല കാമ്പസ്. ആ കാമ്പസ് മയക്കുമരുന്ന് മാഫിയുടെ പിടിയിലാണെന്നതിന്റെ തെളിവാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ 14/7/ 2025 ല്‍ കാലടി പോലീസിനു നല്‍കിയ കത്ത്. മയക്ക് മരുന്നു ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സര്‍വ്വകലാശാല സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്ക് പോലീസ് സഹായം വേണമെന്നാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും രജിസ്ടാറും ഒരുമിച്ച് ആവശ്യപ്പെടുന്നത്. സര്‍വ്വകലാശാല കാമ്പസിലെ അച്ചടക്കം തകര്‍ക്കുന്ന രീതിയിലാണ് എസ് എഫ് ഐ പ്രവര്‍ത്തിക്കുന്നത് എന്ന് സഖാക്കള്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. അതിനെതിരെ ഇടത് സിന്‍ഡിക്കേറ്റ് നീങ്ങുന്നു എന്ന വിചിത്രവസ്തുതയും നിലനില്‍ക്കുന്നു. എന്നാല്‍ ആ സര്‍വ്വകലാശാലയിലെ ഇടതു സംഘടനാനേതാക്കളായ പന്ത്രണ്ട് അദ്ധ്യാപകര്‍, മയക്കുമരുന്നു മാഫിയക്ക് അനുകൂലമായി സമരം ചെയ്യുന്ന എസ്എഫ്‌ഐ സഖാക്കള്‍ക്ക് അനുകൂലമായി നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഇടത് സിന്‍ഡികേറ്റ് ഈ അദ്ധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാത്തത്? ഇസ്ലാമിസ്റ്റ് ടെറര്‍ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഭാരത് മാത അഭിവാദ്യവും ഗുരുവന്ദനവും എസ്എഫ് ഐ വിവാദമാക്കി നിലനിര്‍ത്തുന്നതും കെഎസ്‌യു അതിന് പിന്‍തുണ നല്കുന്നതും. ഇസ്ലാം മതവിശ്വാസപ്രകാരം ഒരു രാജ്യത്തെദേവിയുടെ രൂപത്തില്‍ സങ്കല്പിക്കുന്നതും ആരാധിക്കുന്നതും ദൈവനിന്ദയാണ്. ശരിയത്ത് നിയമപ്രകാരം ദൈവനിന്ദ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. അതുപോലെ അല്ലാഹുവിനെ അല്ലാതെ മറ്റാരെ ആദരിക്കുന്നതും ദൈവനിന്ദയാണ്. ശരിയനിയമപ്രകാരം ഗുരുവന്ദനവും ദൈവ നിഷേധമാണ്. അതിനെ എതിര്‍ക്കുക എന്നത് ഒരു മുസ്ലീമിന്റെ പ്രാഥമിക കടമയാണ്. ഈ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ രണ്ടു സംഭവങ്ങളും വിവാദമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ ഇതു മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ക്ക് എതിരെ സമരവുമായി എസ് എഫ് ഐയും കെ എസുയുവും രംഗത്തുനില്‍ക്കുന്നത്. രണ്ടു കൂട്ടരും ഇസ്ലാമിക പ്രീണനം നടത്തുന്നതില്‍ മത്സരിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും നിയമവാഴ്ചയില്‍ വിശ്വസിക്കാത്തവരാണ്. അതുകൊണ്ടാണ് സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ അവര്‍ തയ്യാറാകുന്നത്.
സര്‍വ്വകലാശാല നിയമവും ചട്ടങ്ങളും അനുസരിച്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല. അധികാരം സിന്‍ഡിക്കേറ്റിനാണ് ഉള്ളത്. അതും സില്‍ഡിക്കേറ്റ് യോഗം ചേരുമ്പോള്‍ മാത്രമാണ് ആ അധികാരമുള്ളതും. സിന്‍ഡിക്കേറ്റ് യോഗം ചേരാത്ത സന്ദര്‍ഭത്തില്‍ ആ അധികാരം വൈസ് ചാന്‍സലറില്‍ നിക്ഷിപ്തമാണ്. അതു പ്രകാരം വിസി എടുക്കുന്ന തീരുമാനങ്ങള്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ വെച്ച് അംഗീകരം നേടിയിരിക്കണം. എന്നാല്‍, സിന്‍ഡിക്കേറ്റിന് ഭൂരിപക്ഷ തീരുമാനപ്രകാരം അംഗീകാരം നല്‍കാതിരിക്കാം. അത്തരം സാഹചര്യങ്ങളില്‍ ഫയല്‍ ചാന്‍സലര്‍ക്ക് നല്‍കുകയും ചാന്‍സലര്‍ക്ക് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യാം. സിന്‍ഡിക്കേറ്റ് തീരുമാനം എന്തു തന്നെ ആയാലും വിസി ഒപ്പുവെച്ചു ഉത്തരവായി ഇറക്കിയാല്‍ മാത്രമാണ് അത് പ്രാബല്യത്തില്‍ വരുന്നത്. ഇതാണ് നിയമം. എന്നാല്‍ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ സിന്‍ഡിക്കേറ്റും രജിസ്ട്രാറും തയ്യാറാകുന്നില്ല. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനുള്ള അധികാരം വിസിയില്‍ നിക്ഷിപ്തമാണ്. വിസി സസ്‌പെന്റ് ചെയ്ത രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ് അജണ്ടയില്‍ വിസി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം നിശ്ചയിക്കപ്പെട്ട അജണ്ടക്ക് പുറത്തുള്ള ഇനമായി പരിഗണിക്കണമെങ്കില്‍ അതിനും വിസിയുടെ സമ്മതം ആവശ്യമാണ്. അതിന് വിസി സമ്മതം നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ രജിസ്ട്രാര്‍ ഇപ്പോഴും സസ്പന്‍ഷനില്‍ തന്നെയാണ്. എന്നിട്ടും രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നു. ഫയലുകളില്‍ തീരുമാനം എടുക്കുന്നു.
സര്‍വ്വകലാശാലയുടെ നിയമവും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനായ രജിസ്ട്രാര്‍ പരസ്യമായി നിയമലംഘനം നടത്തുന്നു. മാത്രമല്ല തനിക്ക് എതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഗുരുതരമായ നിയമലംഘനം നടത്തിയ രജിസ്ട്രാറെ നിയമരഹിതമായി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇടത് മനസ്സുള്ളവരെല്ലാം ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസമില്ല എന്നു പറയുന്നത്. നിയമവാഴ്ചയില്‍ വിശ്വസിക്കാത്തവര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നവരാണ്. കാരണം നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ അടിത്തറ. നിയമവാഴ്ച തകര്‍ന്നാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകും. അതിന്റെ ഫലം അരാജകത്വമായിരിക്കും. സംഘടിത ശക്തിയുടെ കയ്യൂക്ക് കൊണ്ട് എസ് എഫ് ഐയും ഇടതു സംഘടനകളും അക്കാദമിക രംഗത്ത് അരാജകത്വം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് കേരളത്തിലെ കാമ്പസ്സുകളില്‍ അരാജകവാഴ്ചയാണ് നടമാടുന്നത്. അതിന്റെ ഫലമായി കാമ്പസ് ഭരണം എസ്എഫ്‌ഐ ഏറ്റെടുത്തിരിക്കുന്നു. അവര്‍ക്ക് ഒപ്പം ഇസ്ലാമിസ്റ്റുകളും ചേര്‍ന്നിരിക്കുന്നു. ഇസ്ലാമിസ്റ്റുകള്‍ക്കായി കോളേജ് കാമ്പസ്സുകളില്‍ നിസ്‌ക്കാര പള്ളികള്‍ ഉയര്‍ന്നിരിക്കുന്നു. ഇക്കാര്യത്തില്‍ കെഎസ്‌യുക്കാരും എസ്എഫ്‌ഐക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു ഇസ്ലാമിസ്റ്റുകളെ സഹായിക്കുന്നു. ഈ സംഘടിത ശക്തികളുടെ കയ്യൂക്കിന്റെ ബലത്തിലാണ് കേരളത്തിലെ കാമ്പസ്സുകള്‍ ലഹരി മാഫിയയുടെ പിടിയിലായത്. ഇതിന്റെയെല്ലാം ഫലമായി മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തെ ഉപേക്ഷിക്കുന്നു.

അതിന്റെ ഫലമായിട്ടാണ് ഏതാണ്ട് 50000 ബിരുദ തല സീറ്റുകള്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലായി ഒഴിഞ്ഞു കിടക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളും സ്വയംഭരണ കോളേജുകളും നല്‍കുന്ന ബിരുദത്തിന് മൂല്യശോഷണം സംഭവിച്ചു. നമ്മുടെ സാങ്കേതിക സര്‍വ്വകലാശാല നടത്തിയ വാര്‍ഷിക പരീക്ഷയില്‍ 35 ശതമാനം പേര്‍ മാത്രമാണ് വിജയിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പോലും 28 ശതമാനം പേര്‍ തോറ്റു. പരീക്ഷ എഴുതിയവരില്‍ ആരും ജയിക്കാത്ത രണ്ട് കോളേജുകള്‍, രണ്ടു പേര്‍ മാത്രം ജയിച്ച 4 കോളേജുകള്‍, പത്തുശതമാനം പേര്‍ മാത്രം ജയിച്ച 22 കോളേജുകള്‍ എന്നിങ്ങനെ പോകുന്നു വിജയഗാഥകള്‍. 36 കോളേജുകളില്‍ വിജയശതമാനം 20 മാത്രം. ആകെയുള്ള 148 എല്‍ജിനീയറിംഗ് കോളേജുകളില്‍ 50 ശതമാനം പേരെ ജയിപ്പിക്കാന്‍ കഴിഞ്ഞത് പത്തു കോളേജുകള്‍ക്ക് മാത്രം. വെറുതെയല്ല എല്‍ജിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. ആരും ജയിക്കാത്ത കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ചേരണമെന്ന് വകുപ്പുമന്ത്രി വാശിപിടിക്കരുത്. എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ ചേരുന്ന കോളേജുകളിലെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. നമ്മുടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ കിടപ്പാടം വിറ്റും പഠിക്കാനായി വിദേശത്ത് പോകുന്നു. അതിന് സാധിക്കാത്തവര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. അതിനൊന്നും കഴിവില്ലാത്ത സാധാരണക്കാരന്റെ മക്കളാണ് ഇവിടത്തെ കോളേജുകളില്‍ ചേരുന്നത്. അവരുടെ ജീവിതമാണ് വിപ്ലവകാരികളേ, നിങ്ങള്‍ പെരുമ്പറയടിച്ചു ഘോഷിക്കുന്ന ഇടത് മനസ്സ് നശിപ്പിക്കുന്നത്. അവര്‍ക്ക് മികവുറ്റ വിദ്യാഭ്യാസം ലഭിക്കാനുള്ള അന്തരീക്ഷമാണ് ആദ്യം സമരം പിന്നെ പഠനം എന്ന മുദ്രാവാക്യം വിളിച്ച് നിങ്ങള്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ നേര്‍വഴിയിലെത്തുന്നതുവരെ വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍ നില്‍ക്കട്ടെ എന്നാണ് നിങ്ങള്‍ ആക്രോശിക്കുന്നത്. പി എംശ്രീ പദ്ധതി നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നതിലൂടെ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തേയും നിങ്ങള്‍ നശിപ്പിക്കുന്നു. നിങ്ങള്‍ക്ക് വോട്ടു ചെയ്യുന്ന മനുഷ്യരോട് നിങ്ങള്‍ ഇങ്ങനെ ക്രൂരത കാണിക്കരുത്, പ്ലീസ്!






















