അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ മറപിടിച്ച് ആര്‍. എസ്. എസ്സിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തോണ്ടാന്‍ വന്നാല്‍ ഇനി രക്ഷയില്ല. ഇത്തരക്കാരുടെ ചെവിക്കുപിടിക്കുമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നു. മധ്യപ്രദേശിലെ ഇന്തോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹേമന്ത് മാല്‍വിയ എന്ന കാര്‍ട്ടൂണിസ്റ്റിന് ആര്‍.എസ്.എസ്സിനെയും നരേന്ദ്രമോദിയേയും തോണ്ടി രസിക്കല്‍ ഒരു വിനോദമാണ്. 2021 ല്‍ കൊറോണ കാലത്ത് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആര്‍.എസ്.എസ്സിനും മോദിക്കും നേരെ അപമാനകരമായ ഒരു കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്തു. ഭഗവാന്‍ ശിവനെ അപമാനിക്കുന്ന ആ പോസ്റ്റ് പ്രകോപനപരമായിരുന്നു. 2025 മെയ് മാസത്തില്‍ അത് വീണ്ടും പോസ്റ്റ് ചെയ്ത് രസിച്ച മാല്‍വിയ സംഗതി കേസ്സാകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. വിനയ് ജോഷി എന്ന ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ ലാസൂദിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അറസ്റ്റിനെ ഭയന്ന് മാല്‍വിയ ഹൈക്കോടതിയില്‍ പാഞ്ഞെത്തിയെങ്കിലും അവിടെനിന്നും ജാമ്യം കിട്ടിയില്ല. പിന്നെ ഓട്ടം സുപ്രീം കോടതിയിലേക്കായി.
ശുഭാംശു ദുവെയും അരവിന്ദ് കുമാറും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് ഇടക്കാല ജാമ്യം നല്‍കിയെങ്കിലും മാല്‍വിയയുടെ ചെവിക്കുപിടിച്ചു നന്നായി രണ്ടു തിരി തിരിച്ചു. ഇയാള്‍ ജുഡീഷ്യറിയെ വരെ അപമാനിക്കുന്ന പോസ്റ്റ് ഇടാറുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന്‍ കോടതിയെ ബോധിപ്പിക്കുകയും പൊതുരംഗത്ത് ഹീറോ ആകാന്‍ ഇത്തരം വേലത്തരം കാട്ടുന്നു എന്ന് പറയുകയും ചെയ്തപ്പോള്‍ ഒരാള്‍ക്ക് ആരെയും എന്തും പറയാമെന്ന അവസ്ഥ ശരിയല്ലെന്നും ഇതില്‍ കോടതി തന്നെ ഇടപെടേണ്ടതാണ് എന്നും ജഡ്ജിമാര്‍ പറഞ്ഞു. അതോടെ എല്ലാ പോസ്റ്റും പിന്‍വലിക്കാമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പരാതിക്കാരന്റെ വക്കീല്‍ വൃന്ദാ ഗോവര്‍ സാഷ്ടാംഗം പറഞ്ഞു. ഒരാവശ്യവുമില്ലാതെ ആര്‍.എസ്.എസ്സിനെ വലിച്ചിഴച്ച് ഹീറോ ആകുന്ന വീരന്മാര്‍ കേരളത്തില്‍ ഏറെയുണ്ടല്ലോ. അവര്‍ക്കു മാല്‍വിയയുടെ അനുഭവം പാഠമാകട്ടെ.





















