Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

എം.ടി.കഥകളിലെ ദേശാതിര്‍ത്തികള്‍

ഡോ. റഷീദ് പാനൂർഡോ. റഷീദ് പാനൂർ
18 July 2025

എം.ടി. വാസുദേവന്‍ നായര്‍ ഒരു ബഹുമുഖപ്രതിഭയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ഉപന്യാസകാരന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മലയാള ചെറുകഥാസാഹിത്യം എം.ടിക്ക് ശേഷവും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചു. നോവല്‍ സാഹിത്യത്തില്‍ എം.ടിക്ക് വ്യക്തമായ മുദ്രയുണ്ട്. പക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റ് ആര് എന്ന ചോദ്യത്തിന് ബഷീര്‍, ഓ.വി.വിജയന്‍, ഉറൂബ്, ആനന്ദ് തുടങ്ങിയ പേരുകളാണ് ഗൗരവത്തോടെ വായനയെ സമീപിക്കുന്നവര്‍ ആദ്യം ഉന്നയിക്കുക. തിരക്കഥയുടെ രംഗത്ത് എം.ടിക്ക് അടുത്ത് വരാന്‍ പി. പത്മരാജന്‍ മാത്രമേയുള്ളൂ. മറ്റ് രംഗങ്ങളിലെല്ലാം എം.ടിയെ ഒന്നാം സ്ഥാനത്ത് ആരാണ് കാണുക?

Google NewsAdd Kesari Weekly as a preferred source on Google

കഥയുടെ തമ്പുരാന്‍
എസ്.കെ. പൊറ്റെക്കാട്ടിനെ മലയാള ചെറുകഥയുടെ രാജശില്‍പി എന്ന് പറയാറുണ്ട്. തകഴിയും, ദേവും, ബഷീറും, പൊറ്റെക്കാട്ടും, ചെറുകാടും, ആദ്യകാല മലയാള ചെറുകഥയക്ക് അടിത്തറയിട്ടവരാണ്. തകഴിയും ദേവും മറ്റും ഒരുമൂച്ചിന് എഴുതിക്കൂട്ടി സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാം എന്ന് കരുതിയ എഴുത്തുകാരാണ്. സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികള്‍ക്ക് (കമിറ്റ്‌മെന്റ് സാഹിത്യം) നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയെ മാറ്റിയെടുക്കാന്‍ കഴിയും എന്ന വിശ്വാസം ദേവ് അറുപതുകളില്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആഴമില്ലാത്ത സാമൂഹ്യ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സത്യം ആദ്യകാലത്ത് ദേവും തകഴിയും തിരിച്ചറിഞ്ഞില്ല. ബഷീറിയന്‍ കഥകള്‍ക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. കാരണം കലാപരമായി അത് തിളങ്ങിനില്‍ക്കുന്നു. പൊറ്റെക്കാട്ടിന്റേയും, കേശവദേവിന്റേയും മുഴുവന്‍ കഥകളും ഇന്ന് വായിക്കുന്ന ഒരു മികച്ച ആസ്വാദകന് മടുപ്പ് തോന്നും. കാരണം, കലയുടെ മെറ്റബോളിസം മാഗ്നറ്റിക്കായി തിളങ്ങി നില്‍ക്കുന്ന കഥകള്‍ തകഴിയും ദേവും മറ്റും വളരെ കുറച്ചേ എഴുതിയുള്ളൂ.

എം.ടിയുടേയും ടി.പത്മനാഭന്റേയും കാലമായപ്പോള്‍ കഥയുടെ രീതിയില്‍ മാറ്റമുണ്ടായി. മലയാള ചെറുകഥ കലാപരമായി ഔന്നത്യത്തിലേക്ക് പോകുന്നതിന്റെ തെളിവാണ് എംടിയുടെ തലമുറയുടെ കഥകള്‍. വ്യക്ത്യനുഭവങ്ങളുടെ സങ്കീര്‍ണ്ണമേഖലകളും, അവിടെ ഉയര്‍ന്നമരുന്ന ലോലഭാവങ്ങളുടെ ശോണമുഹൂര്‍ത്തങ്ങളും തേടി യാത്ര ചെയ്തവരാണ് എംടിയും, മാധവിക്കുട്ടിയും, ടി.പത്മനാഭനും. കഥകളെ സാമൂഹ്യ പുരോഗതിയുടെ ഉരകല്ലായി എം.ടിയും മറ്റും കണ്ടില്ല. അതുകൊണ്ടാണ് അവരുടെ കഥകള്‍ ഇന്നും സംവേദനക്ഷമത നഷ്ടപ്പെടാതെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ഈ മൂവര്‍ സംഘം സമൂഹത്തിലെ പരന്ന ദൃശ്യം പകര്‍ത്താതെ, വ്യക്തിയിലേക്ക്, അവനെ ചൂഴ്ന്നുനില്‍ക്കുന്ന പ്രശ്‌നങ്ങളിലേക്ക്, കടന്നുചെന്നു. ഒരു ഭാവഗീതത്തിന്റെ ഏകാഗ്രമായ ആഴവും, ഓളവും പുലര്‍ത്തുന്ന കഥകളാണ് ടി.പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന കുട്ടിയും’, ‘മഖന്‍സിങ്ങിന്റെ മരണ’വും. എം.ടിയുടെ ആദ്യകാല കഥകളെല്ലാം കവിതയുടെ താളലയമുള്ളവയാണ്.

ADVERTISEMENT

എം.ടിയുടെ കഥകള്‍
എം.ടി. മലയാളത്തിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളാണ്. പക്ഷെ ഓ.വി.വിജയന്‍, മാധവിക്കുട്ടി, ഉറൂബ്, ബഷീര്‍, ആനന്ദ്, സേതു തുടങ്ങിയ എഴുത്തുകാരുടെ മാസ്റ്റര്‍ പീസുകളോട് കിടപിടിക്കുന്ന കഥകള്‍ എം.ടി. എഴുതിയിട്ടുണ്ടോ? കേരളീയ ജീവിതത്തിന്റെ തനിമ നഷ്ടപ്പെടാതെയുള്ള സംസ്‌കാരത്തിന്റെ തുടിപ്പുകള്‍ നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ അബോധതലങ്ങളില്‍ സുഷുപ്തിയിലുണ്ട്. ഇതിന്റെ പല അംശങ്ങളും ഗോത്ര സ്മൃതിശകലങ്ങളാണ്. ഓരോ സംസ്‌കാരവും പതുക്കെ മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ അനുഷ്ഠാനങ്ങളും ആചാരങ്ങളും പുരാവൃത്തങ്ങളും, ഗ്രാമജീവിതത്തിന്റെ മാറില്‍ തൂങ്ങിനില്‍ക്കുന്നത് കാണാം. എം.ടി. വാസുദേവന്‍ നായരുടെ കഥകളുടെ സിരകളില്‍ കൂടി ഒഴുകുന്ന രക്തത്തില്‍ ഇത്തരം ഗോത്ര പൈതൃകത്തിന്റെ മൂര്‍ത്ത ഘടകങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. മഹാനഗരത്തിലെ തിരക്ക് കൂടിയ ജീവിതത്തിനിടയില്‍ അസ്തിത്വം നഷ്ടപ്പെട്ട് അന്യതാബോധത്തിന്റെ തുരുത്തില്‍ അകപ്പെട്ട എം.ടി.യുടെ കഥാപാത്രങ്ങള്‍ അശാന്തരായി അലയുമ്പോഴും അവരുടെ മനസ്സില്‍ വിഷാദത്തിന്റെ മൂവന്തി വെളിച്ചം നിറയ്ക്കുന്നത് നഷ്ടപ്പെട്ട ഗ്രാമീണതയുടെ സ്മൃതികളാണ്. ഗ്രാമീണ പാരമ്പര്യത്തിന്റെ സ്ഥലകാല ബദ്ധമായ ഗോത്രമുദ്രകളാണ് എം.ടിയുടെ കഥകളുടെ അസ്ഥിയും, മാംസവും. പ്രശസ്ത നിരൂപകന്‍ കെ.എസ്. രവികുമാര്‍ എം.ടിയുടെ കഥകളെകുറിച്ചെഴുതിയ പഠനത്തില്‍ പറയുന്നതിങ്ങനെയാണ്: ”താന്‍ ആഴത്തില്‍ അറിഞ്ഞ ജീവിതാവസ്ഥകള്‍ക്ക് മാത്രം കഥാരൂപം നല്‍കിയ എഴുത്തുകാരനാണ് എം.ടി. അത്തരം ഖണ്ഡങ്ങളെ ആത്മനിഷ്ഠമായി ചിത്രീകരിച്ചപ്പോഴൊക്കെ വായനക്കാരുടെ മുന്‍പില്‍ ഒരു മാന്ത്രികപേടകം തുറന്നു കാട്ടുകയാണ് അദ്ദേഹം ചെയ്തത്” കാല്‍പനികതയുടെ സരോവരം കഥയില്‍ തീര്‍ത്ത എം.ടി യൂനിവേഴ്‌സല്‍ അപ്പീല്‍ (universal appeal) കഥകള്‍ എഴുതിയിട്ടുണ്ടോ?

ദേശഭാവനയുടെ അതിര്‍ത്തികള്‍
അറിയപ്പെടുന്ന സാഹിത്യരചനകളില്‍ ഭൂമികയായി നിലകൊള്ളുന്ന ദേശം എപ്പോഴും എഴുത്തുകാരന്റെ രചനകളോടൊപ്പം ചര്‍ച്ച ചെയ്യാറുണ്ട്. ഒരെഴുത്തുകാരന്‍ അവതരിപ്പിക്കുന്ന ദേശം അദ്ദേഹത്തിന്റെ ജന്മദേശമായിക്കൊള്ളണമെന്നില്ല. എഴുത്തുകാരന്‍ സാങ്കല്‍പികമായി നിര്‍മ്മിക്കുന്ന കഥയും ദേശവും മനുഷ്യ സംസ്‌കാരത്തിന്റെ വികാസവും മനുഷ്യര്‍ എപ്പോഴും താല്‍പര്യത്തോടെ പഠിക്കുന്നു. ചിലപ്പോള്‍ തന്റെ കല്‍പിത ദേശത്തിന്റെ തകര്‍ച്ചയുടെ കഥയായിരിക്കും എഴുത്തുകാരന്‍ പറയുന്നത്. തന്റെ കഥാപാത്രങ്ങളുടെ ജീവമുദ്രപേറുന്ന ഇത്തരം ഇടങ്ങള്‍ വിശ്വസാഹിത്യ കൃതികളില്‍ കാണാന്‍ കഴിയും. നാടിന്റെ ഒട്ടേറെ സവിശേഷതകള്‍ കൂടിക്കലര്‍ന്ന ‘ഏകാന്തതയുടെ ഒരു നൂറ് വര്‍ഷങ്ങളും’, ‘ഖസാക്കിന്റെ ഇതിഹാസ’വും ‘നല്ല ഭൂമി’യും ബഷീറിന്റെ രചനകളും നമ്മുടെ മുന്‍പിലുണ്ട്. ഒരെഴുത്തുകാരനും തന്റെ ദേശത്തിന്റെ നേര്‍പകര്‍പ്പ് സൃഷ്ടിക്കുന്നില്ല. അത് മിമിക്രി കലാകാരന്റെ തൊഴിലാണ്. നോവലിസ്റ്റും, കഥാകൃത്തും, ദേശത്തെ പകര്‍ത്തുന്നവനല്ല, ദേശത്തെ ഭാവനയിലൂടെ സൃഷ്ടിക്കുന്ന സ്രഷ്ടാവാണ്. അയാളുടെ ദേശം എസ്.കെ. പൊറ്റക്കാട്ടിന്റെ ദേശം പോലെ ഒരു ടെറിട്ടറിയല്ല. വിശാലമായ അര്‍ത്ഥത്തത്തില്‍ പറഞ്ഞാല്‍ അത് ഗാര്‍സിയാമാര്‍ക്കേസിന്റ ‘മാക്കൊണ്ട’ പോലെ സേതുവിന്റെ ‘പാണ്ഡവപുരം’ പോലെ തന്റെ ദേശത്തിന്റെ അതിരുകള്‍ ചുരുങ്ങിപ്പോകുകയും അത് പ്രാപഞ്ചികമായി വളര്‍ന്ന് വലുതാകുകയും ചെയ്യുന്നു. ഇങ്ങ നെ ഒരു ദേശം മലയാളത്തിലെ വലിയ എഴുത്തുകാരില്‍ ഒരാളായ എംടിയ്ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഗൂഡല്ലൂരിലെ തകര്‍ന്ന തറവാട്ടില്‍ വിഷാദത്തിന്റെ ഈണം മിട്ടുന്ന കുട്ടിയുടെ മുഖം എല്ലാ എം.ടി കഥകളിലും ഉണ്ട്. ഖസാക്കിലെ രവി സ്വന്തം ദേശത്തോട് വിട പറഞ്ഞാണ് തസ്രാക്കില്‍ എത്തുന്നത്. ഇവിടെ സദാചാരനിയമങ്ങളോ ദേശനിയമങ്ങളോ പാലിക്കാതെ ഒരു റിബല്‍ ആയി കഴിഞ്ഞ രവിക്ക് രണ്ടാം ലോകമാണ് തസ്രാക്ക്. ഈ അത്ഭുത ലോകം വിജയന്‍ നിര്‍മ്മിച്ചതാണ്. ലോകംതന്നെ ഒരു ഗ്ലോബല്‍ വില്ലേജായി മാറിയ ആധുനികകാലത്ത് നാം കണ്ടുമുട്ടുന്ന ദേശങ്ങള്‍ പലതും എഴുത്തിലെ ബഹുസ്വരതയുടെ മുഴക്കങ്ങളാണ്.

തോമസ് ഹാര്‍ഡിയുടെ നോവലുകളില്‍ ‘വെസ്സക്‌സ്’ എന്ന ദേശം അദ്ദേഹത്തിന്റെ കൃതികളുടെ ജിവാത്മാവാണ് ‘Far from the Madding crowd’ ‘ എന്ന നോവലില്‍ ‘വെഡ്ഡക്‌സി’നെ “A merely dream country’ എന്നാണ് പറയുന്നത്. ഹാര്‍ഡിയുടെ നോവലുകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് ആരും അന്വേഷിക്കാറില്ല. അദ്ദേഹം ജനിച്ചു വളര്‍ന്ന ‘ഡാര്‍സെറ്റി’യാണ് ‘വെസ്സക്‌സ്’ ആയി മാറിയത്. ഹാര്‍ഡിയുടെ ‘വെസ്സക്‌സ്’ വീണ്ടും വീണ്ടും രൂപം മാറികൊണ്ടിരുന്നു. ‘Jude the obscure’ (ആര്‍ക്കും അറിയാത്ത ജ്യൂഡ്) എഴുതിയപ്പോള്‍ വെസ്സക്‌സിന്റെ അതിര്‍ത്തികള്‍ ഹാപ്ഷയര്‍, സോമര്‍സെറ്റ് എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ ഹാര്‍ഡി ഒരു സ്വപ്‌നലോകം സൃഷ്ടിക്കുകയായിരുന്നു. വിക്ടോറിയന്‍ ഇംഗ്ലണ്ട് ഇന്‍സ്ട്രീയലൈസേഷനില്‍ മാറി വന്നപ്പോള്‍ ഹാര്‍ഡിയുടെ സ്വപ്‌നലോകം ഒരു ഐഡിയല്‍ പ്രദേശമായി അവശേഷിച്ചു. ലോകത്തിന് മുമ്പില്‍ ‘വെസ്സക്‌സ്’ സേതുവിന്റെ പാണ്ഡവപുരം പോലെ ഒരു ഫാന്റസിയാണ്.

നോവലിന്റെയും കഥയുടെയും ലോക ഭൂപടത്തില്‍ സാങ്കല്‍പിക ദേശത്തെ സൃഷ്ടിച്ച എഴുത്തുകാരുടെ ലിസ്റ്റില്‍ വില്യംഫോക്ക്‌നറുടെ പേര് കടന്നു വരാറുണ്ട്. പുതിയ ദേശവും, അതുവഴി ഒരു ദേശത്തിന്റെ സംസ്‌കാരവും സൃഷ്ടിച്ച ഫോക്ക്‌നര്‍ തന്റെ മുന്‍പിലുള്ള സംഭവങ്ങളെ ആഴത്തില്‍ പഠിച്ചു. ‘യോക്‌നാ പടാഫ’ എന്ന സാങ്കല്‍പിക സ്ഥലം വിശ്വസാഹിത്യത്തില്‍ ഇടം നേടി. ഓ.വി. വിജയനും, കോവിലനും, എന്‍.പി.മുഹമ്മദും വിഭാവനം ചെയ്ത ദേശചരിത്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ എം.ടിയുടെ ഗുഡല്ലൂര്‍ ഒരു പ്രദേശിക സ്ഥലം മാത്രമാണ്. അതിന്റെ അതിരുകളെ വികസിപ്പിക്കാന്‍ എം.ടിക്ക് കഴിഞ്ഞില്ല.
എം.ടിയുടെ കഥകള്‍
വര്‍ത്തമാനകാലത്തിലെ ഒരുനിമിത്തത്തില്‍ നിന്നുകൊണ്ട് ബാല്യകാല സ്മരണകളുടെ വാതിലുകള്‍ തുറന്നിടുന്ന കഥകളാണ് എം.ടി. എഴുതിയവയില്‍ ഏറെയും. എം.ടി അമ്പത് വര്‍ഷം മുന്‍പ് എഴുതിയ ‘പടക്കം’ എന്ന കഥയില്‍ ഒരു വിദ്യാര്‍ത്ഥിയുണ്ട്. ഇടിഞ്ഞ് പൊളിഞ്ഞ നായര്‍ തറവാട്ടിലെ ദുഃഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ വളര്‍ന്ന കുട്ടിക്ക് വിഷുവിന് പടക്കം പൊട്ടിക്കണം, പക്ഷേ അത് വാങ്ങാന്‍ കയ്യില്‍ കാശില്ല. അയല്‍വക്കത്തെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ ദരിദ്രബാലന്റെ മനസ്സ് പിടഞ്ഞു. അവന്‍ മച്ചിലെ ഭഗവതിയുടെ മുന്‍പില്‍ നിന്ന് നാലണയെടുത്തു. അത് വീട്ടിനടുത്തുള്ള പണിക്കാരനായ ചെറുമന്റെ കയ്യില്‍ കൊടുത്തു പടക്കംവാങ്ങി. പക്ഷേ അവന്റെ മനസ്സില്‍ ഭഗവതി നല്‍കുന്ന ശിക്ഷയെക്കുറിച്ചുള്ള പേടി ഇരട്ടിച്ചു. പ്രാചീനമായ ഭയമാണിവിടെ വിദ്യാര്‍ത്ഥിയുടെ മനസ്സിലുള്ളത്. അത് എം.ടി വിദഗ്ദ്ധമായി അവതരിപ്പിക്കുന്നു. വള്ളുവനാടന്‍ ഗ്രാമം മിത്തുകളുടെ ശവപ്പറമ്പാണ്, അവിടെ കുന്നിന്‍ ചെരുവില്‍ പുല്ലാനിപൊന്തകളുടെ മറവില്‍ നട്ടുച്ചയ്ക്ക് മുടി അഴിച്ചിട്ടിരിക്കുന്ന കരിനീലി എം.ടിയുടെ ആദ്യകാല കഥകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എം.ടിയുടെ 40 കഥകള്‍ക്ക് എം.ടി തന്നെ തിരക്കഥ എഴുതിയിട്ടുണ്ട്. അതില്‍ മഹാഭൂരിപക്ഷവും കലാപരമായും, വാണിജ്യപരമായും വിജയമാണ്. തിരക്കഥയുടെ ലോകത്ത് എം.ടി. എതിരാളികളില്ലാത്ത ചക്രവര്‍ത്തിയാണ്. പി. പത്മരാജന്‍ മാത്രമാണ് എം.ടിയുടെ തൊട്ടടുത്ത് വരുന്ന മറ്റൊരു തിരക്കഥാകൃത്ത്.

ഇരുട്ടിന്റെ ആത്മാവ്
മാധവിക്കുട്ടിയുടേയും ടി. പത്മനാഭന്റേയും കാലത്തോടെ, പരന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വിട്ട് ബാഹ്യസംഭവങ്ങളെ ധ്വനിപ്പിക്കുക മാത്രം ചെയ്ത ബോധാബോധാ മണ്ഡലങ്ങളിലേക്ക് ഇറങ്ങി സൂക്ഷ്മാനുഭൂതികളെ പ്രകാശിപ്പിക്കുന്ന രീതിയിലേക്ക് മലയാള ചെറുകഥകളെ പിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളില്‍ ഒരാള്‍ എം.ടിയാണ്. ഭ്രാന്തന്‍ വേലായുധന്റെ ചിതറിയ മാനസികാവസ്ഥയെ എം.ടി. ഒപ്പിയെടുക്കുന്നു. വേലായുധന്റെ ചുറ്റുമുള്ള വസ്തുക്കള്‍ക്കോ സംഭവങ്ങള്‍ക്കോ യഥാസ്ഥിതമായ പ്രാധാന്യമില്ല. അവ വേലായുധന്റെ ചേതനയില്‍ ഉണര്‍ത്തുന്ന ഭാവസ്പന്ദനങ്ങള്‍ക്കാണ് പ്രാധാന്യം. ഈ രീതി ഉപയോഗിച്ചത് കൊണ്ട് വേലായുധന്‍ നായര്‍ തറവാട്ടില്‍ ഒറ്റപ്പെട്ടതായി വായനക്കാരന് തോന്നുന്നു. മാനസികമായി വളര്‍ച്ചയെത്താത്ത വേലായുധന്റെ മനസ്സില്‍ സ്ത്രീയുടെ സാമീപ്യം വേണമെന്ന ചിന്ത കൂട് കെട്ടിയിരിക്കുന്നു. എം.ടിയുടെ കഥകള്‍ വായനക്കാരെ ഏതാനും നിമിഷം വിനോദിപ്പിക്കാനുള്ളതല്ല. ‘ഇരുട്ടിന്റെ ആത്മാവും’, ‘പള്ളിവാളും കാല്‍ ചിലമ്പും’, ‘വളര്‍ത്തുമൃഗങ്ങളും’, വായനക്കാരന്റെ മനസ്സിനെ ഷോക്കേല്‍പ്പിക്കുന്നു. എം.ടി. കവിതതുളുമ്പുന്ന ശൈലിയിലാണ് കഥയവതരിപ്പിക്കുന്നത്. എം.ടിയുടെ കഥകളില്‍ കാതല്‍ മാത്രമേയുള്ളൂ പൂതലില്ല. ഒരു ഭാവഗാനം പോലെയാണ് എം.ടിയും ടി. പത്മനാഭനും കഥകള്‍ക്ക് രൂപം നല്‍കിയത്. മനസ്സിന് മുറിവ് പറ്റിയ വേലായുധനെന്ന കഥാപാത്രത്തിന്റെ മനസ്സില്‍ തീ കോരിയിടുന്നത് പഴയ നായര്‍ തറവാട്ടിലെ ബന്ധുക്കളാണ്. സ്‌നേഹം പങ്കുവെക്കുന്നതിലും സുഖദുഃഖ സംവേദനത്തിലും യാതൊരു വൈകല്യവുമില്ലാത്ത വേലായുധന്‍ മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമാണ്. വെള്ളിത്തിരയില്‍ അനശ്വരനായ പ്രേംനസീറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘അന്തിവെളിച്ചം’ എന്ന കഥയും എം.ടി എഴുതിയത് ഈ കഥയെഴുതുന്നതിന്റെ തൊട്ട് മുമ്പാണ്. വേലായുധന്റെ മനസ്സിലെ എട്ടുകാലി വലപോലുള്ള ഭാവസൂക്ഷ്മതന്തുക്കള്‍ പകര്‍ത്തുന്നതില്‍ എം.ടി അസാധാരണമായി വിജയിച്ചു. എം.ടിയുടെ ‘മരണം’, ‘കറുത്ത ചന്ദ്രന്‍’ ‘ബന്ധനം’, ‘വാരിക്കുഴി’ തുടങ്ങിയ കഥകളെല്ലാം ഒരേ അച്ചിലിട്ടു വാര്‍ത്തതുപോലെ തോന്നും. എം.ടിയുടെ മുഴുവന്‍ കഥകളും വായിച്ചാല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ‘ഷെര്‍ലക്ക്’ പോലുള്ള വളരെക്കുറച്ച് കഥകള്‍ മാത്രമേയുള്ളൂ. ‘ഷെര്‍ലക്ക്’ എന്ന കഥയെക്കുറിച്ച് പ്രസിദ്ധ നവീന നിരൂപകന്‍ വി.രാജകൃഷ്ണന്‍ പറയുന്നതിങ്ങനെയാണ്:”ഒരു മലയാളി കുടുംബത്തിനുള്ളിലെ മൂക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കക്കാരുടെ ദേശീയ സവിശേഷതകളില്‍ ഒന്നായി മാറിക്കഴിഞ്ഞ ഈ കൗതുകത്തിന്റെ (ജലരtuഹൗേൃല) പൊരുള്‍ തൊട്ടറിയാനുള്ള ശ്രമമാണ് ‘ഷെര്‍ലക്ക്’ എന്ന കഥയില്‍ എം.ടി. നടത്തുന്നത്! ” കരിന്തിരി കത്തുന്ന നായര്‍ തറവാടില്‍ നിന്ന് എം.ടി. പുറത്ത് വന്ന സമയമാണിത്.

ഓ.വി. വിജയന്‍
ഓ.വി. വിജയന്‍ എഴുതിയ കഥകളില്‍ ഒന്നുപോലും പതിരായി എന്ന് പറയാനില്ല. ഓ.വിയുടെ കഥാപ്രപഞ്ചത്തെ ഒരു ‘പ്ലാനറ്റോറിയം’ എന്ന് വിശേഷിപ്പിക്കാം. തീമുകളില്‍ ഇത്രയും വൈവിധ്യമുള്ള മറ്റൊരു കഥാകൃത്ത് മലയാളത്തില്‍ വേറെയില്ല. അസ്തിത്വത്തിന്റെ ഗഹന പ്രശ്‌നങ്ങളും, ദുഃഖവും ഫലിതവും കൂടിക്കലരുന്ന ദര്‍ശനവും ഓ.വി. അവതരിപ്പിക്കുന്നു. ആത്മീയ തലങ്ങളില്‍ നിന്ന് കൊണ്ട് രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ നിര്‍മ്മിക്കുന്ന രീതി മലയാളത്തില്‍ പരീക്ഷിച്ചതും ഓ.വിയാണ്. ലൈംഗികതയേയും ആത്മീയതയേയും പരീക്ഷിക്കുന്ന രീതി ഇത്ര വിദഗ്ദ്ധമായി മലയാളത്തില്‍ മറ്റാരാണ് ചെയ്തത്? ആധ്യാത്മികതയും രാഷ്ട്രീയവും, സമ്മേളിക്കുന്ന കഥകളും ഓ.വി. എഴുതിയിട്ടുണ്ട്. കാര്‍ട്ടൂണിന്റേയും ഗൗരവബുദ്ധിയുടേയും സ്വഭാവങ്ങള്‍ ഇടകലര്‍ത്തി കഥകള്‍ എഴുതിയതും ഓ.വിയാണ്. മലയാളത്തില്‍ ബഷീറിന്റേയും ഓ.വിയുടേയും ഊറൂബിന്റേയും കഥകള്‍ വിശ്വസാഹിത്യത്തിലെ ആധുനിക കഥകള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്. ‘പാറകള്‍’ ‘അരിമ്പാറ’ (ഓ.വി) ‘രാച്ചിയമ്മ’ (ഉറൂബ്) ‘അനല്‍ഹഖ്’ (ബഷീര്‍) ഇത്തരം കഥകള്‍ക്ക് യൂണിവേഴ്‌സലായി എല്ലുറപ്പുണ്ട്. ഇത്തരം കഥകള്‍ എം.ടിയുടെ ലോകത്തില്ല. മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’ പോലുള്ള കഥകളും, എം.സുകുമാരന്റെ ‘ചരിത്രഗാഥ’യും എം.ടിയുടെ പേരെടുത്ത കഥകളെക്കാള്‍ പഠനം അര്‍ഹിക്കുന്നതാണ്. അനുഭവത്തിന്റെ ഒന്നില്‍ കൂടുതല്‍ തലങ്ങളെ സ്പര്‍ശിക്കാന്‍ ക്ലാസിക് രചന നിര്‍വ്വഹിച്ച എഴുത്തുകാര്‍ക്ക് കഴിയുന്നു.

ബഷീറിന്റെ ‘പത്തുമ്മയുടെ ആട്’, ‘മതിലുകള്‍’, ‘ബാല്യകാല സഖി’, ഓ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, ‘ധര്‍മ്മപുരാണം’, ‘ഗുരുസാഗരം’ ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’, സേതുവിന്റെ ‘പാണ്ഡവപുരം’ തുടങ്ങിയ നോവലുകള്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ വിട്ട് വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക് പറന്നുയരുന്നു. ഇത്തരം നോവലുകള്‍ എം.ടിയുടെ സാഹിത്യ പ്രപഞ്ചത്തില്‍ നിന്ന് കണ്ടെത്തുക എളുപ്പമല്ല. നാലുകെട്ടിന്റെ ദര്‍ശനം എന്ത് എന്ന ചോദ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. എംടിയെന്ന നോവലിസ്റ്റ് തന്നെ അടയാളപ്പെടുത്തിയ കൃതിയാണ് ‘നാലുകെട്ട്’. ”അവിടെ കുറച്ച് കൂടി വെളിച്ചമുള്ള ഒരു വീട് കെട്ടണം” എന്ന് നോവലിസ്റ്റ് അപ്പുണ്ണിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഈ നോവല്‍ നല്‍കുന്ന ഇന്‍സൈറ്റ്. ഈ നോവല്‍ മുഴുവന്‍ വായിച്ച് കഴിയുമ്പോള്‍ വെളിച്ചം കയറാത്ത പ്രേതങ്ങള്‍ കുടിയിരിക്കുന്ന ഒരിടമായിട്ടാണ് നാലുകെട്ട് നമ്മുടെ മുന്‍പിലെത്തുന്നത്. തെക്കിനിയും വടക്കിനിയും കുളവും കുളപ്പുരയും എം.ടിയുടെ ആദ്യകാലത്തെഴുതിയ നോവലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ”ഇവനെ മനുഷ്യനായി വളര്‍ത്തണം.” എന്ന് ഗോവിന്ദന്‍കുട്ടി എന്ന അസുരവിത്തിലെ നായകന്‍ പറയുന്നത് ഈ നോവലിന്റെ ദാര്‍ശനിക തലമാണോ? ‘കാലം’ എന്ന നോവലില്‍ എം.ടി തന്നെയാണോ നായകനായ സേതു? നര്‍സിസ്റ്റായ സേതുവിന് എന്നും സേതുവിനോട് തന്നെയാണ് കടപ്പാട്. തകര്‍ന്ന നായര്‍ തറവാടിന്റെ കഥ വീണ്ടും വീണ്ടും പറഞ്ഞ എം.ടിയുടെ നോവലുകളില്‍ ഒരു വ്യത്യസ്തത കണ്ടെത്താന്‍ കഴിഞ്ഞത് കാവ്യാത്മക നോവലായ ‘മഞ്ഞി’ ലാണ്. എംടിയുടെ പ്രമേയങ്ങളില്‍ നിന്ന് വഴിമാറി നടന്ന ‘മഞ്ഞ്’ ഒരു ഭഗ്ന പ്രണയത്തിന്റെ കഥയാണെന്ന് തോന്നാം. ഈ നോവലിന്റെ ദാര്‍ശനിക തലം അനാവരണം ചെയ്ത് കെ.പി. അപ്പന്‍ എഴുതിയ ‘സമയതീരങ്ങളിലെ സംഗീതം’ എന്ന പഠനം ശ്രദ്ധേയമായിരുന്നു. ഈ നോവലിന്റെ പഠനമായി പ്രസാധകര്‍ എടുത്ത് ചേര്‍ത്തത് കെ.പി. ശങ്കരന്റെ പഠനമാണ്. കെ.പി. അപ്പന്റെ പഠനത്തില്‍ നിന്നുള്ള ഒരു ഭാഗമിതാ: ”കഥയുടെ മൃദുലാംശം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ‘മഞ്ഞ്’ വിമലയുടെ ഭഗ്നമായ പ്രേമബന്ധത്തിന്റെയും കാല്‍പ്പനികമായ ഒരുതരം കാത്തിരിപ്പിന്റേയും കലാസൃഷ്ടി മാത്രമാണ്. എന്നാല്‍ ഈ ചെറിയ നോവല്‍ അതിനപ്പുറം ചിലതുകൂടിയാണ് എന്ന് ആവര്‍ത്തിച്ചുള്ള വായന നമ്മെ പഠിപ്പിക്കുന്നു. ഒന്നില്‍ കൂടുതല്‍ തവണ വായിക്കുമ്പോള്‍ ആദ്യ വായനയില്‍ അവ്യക്തമായി കിടന്നിരുന്ന ബോധചിത്രങ്ങളും മറഞ്ഞിരിക്കുന്ന ആഴങ്ങളും സ്ഫുടമായിത്തീരുന്നു. കാലനോവലുകളുടെ (Time Novels) സ്വഭാവം മഞ്ഞ് കുറച്ചൊക്കെ പ്രകടിപ്പിക്കുന്നു” (മാറുന്ന മലയാള നോവല്‍ പുറം 22).’രണ്ടാമൂഴം’ ഏറെ ആഘോഷിക്കപ്പെട്ട എം.ടിയുടെ നോവലുകളില്‍ ഒന്നാണ്. ഭീമന്‍ നായകനായ ഈ നോവലില്‍ ഡിമിസ്റ്റിഫിക്കേഷനുണ്ട്. ഇതിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന നോവലാണ് പി.കെ.ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’, പക്ഷേ ബാലകൃഷ്ണന്‍ എന്തുകൊണ്ട് തമസ്‌ക്കരിക്കപ്പെട്ടു?

Tags: എം ടി
Share18TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies