പാകിസ്ഥാന് എന്ന തെമ്മാടി രാഷ്ട്രം ഭാരതത്തിനെതിരെയുള്ള അവരുടെ തീവ്രവാദം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് പഹല്‍ഗാം സംഭവത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍, 1971 ല്‍ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തെ പുനരവലോകനം ചെയ്യുന്നതില്‍ സാംഗത്യമുണ്ട്.
യുദ്ധകാലത്ത് ലണ്ടനില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനം ചെയ്തിരുന്ന സശാങ്ക എസ്. ബാനര്‍ജി എഴുതിയ ‘India, Mujibur Rahman, Bangladesh Liberation & Pakistan: A Political Treatise’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളെ ആധാരമാക്കി അദ്ദേഹം തന്നെ ‘The Wire’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വിശദമായി എഴുതിയിട്ടുള്ള വസ്തുതകളുടെ മലയാളം പരിഭാഷയും, അതിനെ ആധാരമാക്കിയ ചില ചോദ്യങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്.
1971-ല്‍ പാകിസ്ഥാന്‍ കീഴടങ്ങിയതിനുശേഷം ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ ആശങ്ക മുജീബുര്‍ റഹ്മാന്റെ സുരക്ഷയായിരുന്നു. ബംഗ്ലാദേശി നേതാവിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഐഎസ്ഐയും ഈടാക്കിയ വിലയായിരുന്നു പാകിസ്ഥാന്‍ യുദ്ധത്തടവുകാരുടെ മോചനം. 1971 ഡിസംബര്‍ 16-ന് 13 ദിവസത്തെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം – 1972 ആഗസ്റ്റ് 2-ന് – ഇരു രാജ്യങ്ങളും ഷിംല കരാറില്‍ ഒപ്പുവച്ചു. യുദ്ധസമയത്ത് തങ്ങളുടെ സൈന്യം പിടിച്ചെടുത്ത 93,000 പാകിസ്ഥാന്‍ യുദ്ധത്തടവുകാരെയും (POW) മോചിപ്പിക്കാന്‍ ഭാരതം സമ്മതിച്ചു. ഇത് ഒരു വിവാദപരമായ തീരുമാനമായി മാറി, ഭാരതത്തിലെ പലരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്ഥാനുമായി വിലപേശാനും ഭാരതത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുമുള്ള സുവര്‍ണ്ണാവസരം പാഴാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉന്നയിച്ചു.
തടവുകാരെ വിട്ടയക്കാന്‍ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചത് എന്താണ്? തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണ് സംഭവിച്ചത്? റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്ന എന്തെങ്കിലും നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്നോ? അങ്ങനെ ഉണ്ടെങ്കില്‍, ഭാവി തലമുറകള്‍ക്ക് ചരിത്രത്തിന്റെ പാഠങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിന് അവ പൊതുസമക്ഷത്തിലേക്ക് കൊണ്ടുവരുന്നതാണ് ഉത്തമം. ഈ വിവരങ്ങള്‍ ലേഖകന് വ്യക്തിപരമായി അറിയാമായിരുന്നതിനാല്‍, ഒരു വിരമിച്ച നയതന്ത്രജ്ഞന്‍ എന്ന നിലയില്‍, പ്രസ്തുത സംഭവവികാസങ്ങള്‍ നടന്നിട്ട് 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന വസ്തുതകള്‍ ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ.
1971 ഡിസംബര്‍ 16 – ഇന്ത്യന്‍ സായുധ സേനയുടെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത കമാന്‍ഡിന് മുന്നില്‍ ധാക്കയില്‍ നടന്ന കീഴടങ്ങല്‍ ചടങ്ങില്‍ പാകിസ്ഥാന്റെ സായുധസേന ആയുധം താഴെവച്ച ദിവസം – ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും സൈനിക ചരിത്രത്തിലെ ഏറ്റവും മികച്ച സംഭവമായിരുന്നു.
എന്നിരുന്നാലും, രണ്ട് സായുധ സേനകളും ഒരു നിരന്തരമായ ശത്രുവിനെതിരെ അവരുടെ സൈനിക വിജയം ആഘോഷിക്കുമ്പോള്‍, ഭാരതം നേരിടുന്ന മറ്റ് നിര്‍ണായക പ്രശ്നങ്ങള്‍ ഇന്ദിരാ ഗാന്ധിയെ വല്ലാതെ ആകുലപ്പെടുത്തി.
യുദ്ധത്തിന്റെ ഭീമമായ ചെലവിനു പുറമേ, 1971-ലെ ബംഗ്ലാദേശ് വംശഹത്യ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരമായ അതിക്രമങ്ങളില്‍ നിന്ന് പലായനം ചെയ്ത് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് വന്ന 10 ദശലക്ഷം അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതും നമുക്കൊരു ബാധ്യതയായി. ഇതിനിടയില്‍ സങ്കീര്‍ണമായ മറ്റൊരു വെല്ലുവിളി കൂടി ഏറ്റെടുക്കേണ്ടി വന്നു, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട 93,000 പാകിസ്ഥാന്‍ സൈനികരെ പരിപാലിക്കേണ്ടതിന്റെ അപ്രതീക്ഷിത ഉത്തരവാദിത്തമായിരുന്നു അത്. ദേശീയ സുരക്ഷയും വിദേശനയ പ്രശ്‌നങ്ങളും ഉള്‍പ്പെട്ടതിനാല്‍ നയതന്ത്രപരമായും വളരെ സൂക്ഷ്മമായും കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു അത്. ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ക്ക് അപ്പുറത്തേക്ക് പാകിസ്ഥാന്‍ സൈനികരെ സുഖകരമായി പരിപാലിക്കാന്‍ നമ്മള്‍ തീരുമാനിച്ചു. ഇതെല്ലാം കാരണം ബജറ്റിനപ്പുറത്ത് നമ്മുടെ ചിലവുകള്‍ കുതിച്ചുയര്‍ന്നു.
ആ സമയത്തെല്ലാം ഇന്ദിരാഗാന്ധിയുടെ പ്രധാന ആശങ്ക ബംഗ്ലാദേശ് നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ എങ്ങനെ ജീവനോടെയും ആരോഗ്യത്തോടെയും സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുവരാമെന്ന തായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്ത് വിലയും നല്‍കാന്‍ ഇന്ദിര തയ്യാറായിരുന്നു. പ്രധാനമന്ത്രി തന്റെ ‘അടുക്കള മന്ത്രിസഭ’യിലെ പ്രധാനിയായിരുന്ന റോ മേധാവി രാം നാഥ് കാവോനോട് തന്റെ ആവശ്യം അറിയിച്ചു. മുജീബിനെ പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി മരണ ശിക്ഷ വിധിച്ചത് ഇന്ദിരയ്ക്ക് അറിയാമായിരുന്ന വസ്തുതയായിരുന്നു. തന്നെയുമല്ല തങ്ങളുടെ ആജന്മശത്രുവായ മുജീബിനെ പാര്‍പ്പിച്ചിരുന്ന തടവ് മുറിയില്‍ 6.5 അടി നീളമുള്ള ഒരു ശവക്കുഴിയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന കുടുക്കിട്ട മരണക്കയര്‍ ഏതു നിമിഷവും ക്രൂരമായ മരണം അദ്ദേഹം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ്, അവര്‍ ഏതര്‍ത്ഥത്തിലും വധശിക്ഷ നടപ്പാക്കുമെന്നതില്‍ നിന്നും പിറകോട്ടില്ലെന്നതിന്റെ തെളിവായിരുന്നു.
പാകിസ്ഥാന്‍ സൈന്യം വധശിക്ഷ നടപ്പാക്കുകയും ബംഗ്ലാദേശിനെ അനാഥമാക്കുകയും ചെയ്താല്‍ അത് ഇന്ദിരയ്ക്ക് ഒരു പേടിസ്വപ്‌നമായിരിക്കും. ബംഗ്ലാദേശ് വിമോചന സമരത്തെ പിന്തുണച്ച ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ വധശിക്ഷ ഒരു അനിയന്ത്രിതമായ ദുരന്തമായിരിക്കും, ഒരു സ്വപ്‌നം തകര്‍ന്നുപോകും. അതിനാല്‍ മുജീബിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും നോക്കേണ്ടത് നമ്മുടെ അനിവാര്യമായ ഉത്തരവാദിത്തമായിരുന്നു
അതേസമയം, പാകിസ്ഥാന്‍ തങ്ങളുടെ മുഖ്യ ശത്രുവിനോട് പരാജയപ്പെട്ടത് അവരുടെ ദേശീയതയ്ക്ക് അപമാനമായി വിലയിരുത്തി. തന്നെയുമല്ല പാകിസ്ഥാന്റെ പകുതി പ്രദേശം ബംഗ്ലാദേശിലൂടെ നഷ്ടപ്പെട്ടതോടെ മുഹമ്മദ് അലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം എന്ന പ്രത്യയശാസ്ത്ര അടിത്തറ തകര്‍ന്നു എന്ന് അവര്‍ വിശ്വസിച്ചു. ഈ ദുരന്തത്തില്‍ മനംനൊന്ത് സൈനിക ഏകാധിപതി ജനറല്‍ യഹ്യഖാന്‍, പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞു.
ഈ സമയത്ത്, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയോട് താന്‍ രാജിവെച്ച വിവരം ധരിപ്പിക്കുകയും, ഭുട്ടോയെ പാകിസ്ഥാന്റെ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതായി ജനറല്‍ യഹ്യഖാന്‍ അറിയിക്കുകയും ചെയ്തു. അതിനാല്‍ എത്രയും പെെട്ടന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് തങ്ങളുടെ സുഹൃത്തും അടിയന്തര സാഹചര്യങ്ങളില്‍ എല്ലാ ഉപദേശങ്ങളും തന്നിരുന്ന യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണെ സന്ദര്‍ശിക്കണമെന്നും ഭൂട്ടോയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഗ്രാന്‍ഡ് ഫിനാലെ -സാധ്യതയില്ലാത്ത ത്രില്ലര്‍
ഭൂട്ടോയുടെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ശേഖരിച്ചു, ഭൂട്ടോയുടെ വാഷിംഗ്ടണ്‍-റാവല്‍പിണ്ടി വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സ്റ്റോപ്പ് ഓവറിനായി ഷെഡ്യൂള്‍ ചെയ്തിരുന്ന വിവരം റോ മനസ്സിലാക്കി.
ന്യൂദല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസില്‍ ഇന്ദിര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. പാകിസ്ഥാന്‍ സൈനിക കോടതി മുജീബുര്‍ റഹ്മാനെ വധശിക്ഷയ്ക്ക് വിധിച്ചതിനെക്കുറിച്ച് ഭൂട്ടോ എന്താണ് ചിന്തിച്ചെതന്നറിയാന്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആസൂത്രണ മേധാവി ദുര്‍ഗാ പ്രസാദ് ധര്‍, റോ മേധാവി രാം നാഥ് കാവോ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എന്‍ ഹക്‌സര്‍ വിദേശകാര്യ സെക്രട്ടറി ടി.എന്‍. കൗള്‍ എന്നിവരുമായി ഇന്ദിരാഗാന്ധി യോഗം കൂടി. ഇവിടെയാണ് ലൈല എന്ന ഒരു പാകിസ്ഥാനിയെ നമ്മള്‍ അന്വേഷിച്ചത്.
1971 ഡിസംബര്‍ 16 ന് ധാക്കയില്‍, കിഴക്കന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ മുന്‍ ചീഫ് സെക്രട്ടറി മുസാഫര്‍ ഹുസൈനെ, ഭാരതം തടവിലാക്കിയിരുന്നെങ്കിലും, ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഡി.പി. ധറിന്റെ ഔദ്യോഗിക വസതിയില്‍ വിഐപി അതിഥിയായി ആയിരുന്നു അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്.
1971 ഡിസംബര്‍ 3 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലൈല നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങി. ഭാര്യാഭര്‍ത്താക്കന്മാര്‍ (ദല്‍ഹിയിലും, ലണ്ടനിലും) നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആയിരുന്നു പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. ഒരു വിഐപി കൊറിയറുടെ ജോലിയാണ് ഈ ലേഖകന്‍ അന്ന് വഹിച്ചിരുന്നത്. ഇവരുടെ കത്തിടപാടുമായി നിരവധി തവണ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടി വന്നു. അങ്ങനെ താമസിയാതെ ഞാന്‍ ലൈല ഹുസൈനുമായി പരസ്പര സഹായമായ ഒരു ബന്ധം സ്ഥാപിച്ചു.
ലൈലയും ഭൂട്ടോയും വളരെക്കാലമായി ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും അവര്‍ ഇപ്പോഴും ആ ബന്ധം തുടരുന്നു എന്നും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. ഹീത്രോ വിമാനത്താവളത്തിലെ വിഐപി ലോഞ്ചായ അല്‍കോക്ക് ആന്‍ഡ് ബ്രൗണ്‍ സ്യൂട്ടില്‍, ഭാരതത്തിനുവേണ്ടി ഒരു സുപ്രധാന പങ്ക് വഹിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി.
ബംഗ്ലാദേശ് വിമോചന സമരം നടന്നിരുന്ന 1971 മാര്‍ച്ച് 25 മുതല്‍ 1971 ഡിസംബര്‍ 16 വരെയുള്ള ഒമ്പത് മാസത്തിനിടെ ലണ്ടനില്‍ വെച്ച് വിദേശകാര്യ മന്ത്രാലയത്തിലെ നയ ആസൂത്രണ മേധാവി ധറിനെ പലതവണ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ആ സമയത്താണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അദ്ദേഹം ഒരു എളിമയുള്ള, പരിഷ്‌കൃതനായ സാഹിത്യകാരനായിരുന്നു, ഉറുദു കവിതയില്‍ അങ്ങേയറ്റം പ്രാവീണ്യമുള്ളവനായിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതല്‍ ഉറുദു കവിതയോടുള്ള എന്റെ പ്രണയമാണ് ഔദ്യോഗിക ശ്രേണിയിലെ വലിയ വിടവ് ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിന് കാരണമായത്.
ഭൂട്ടോ ലണ്ടനില്‍ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് എനിക്ക് ദല്‍ഹിയില്‍ ധറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഭൂട്ടോയെ പാകിസ്ഥാന്റെ ചീഫ് മാര്‍ഷ്യല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായി (സി.എം.എല്‍.എ) നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുകയാണെന്നും ലൈലയെ അറിയിക്കണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇന്ധനം നിറയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ വിമാനം ഹീത്രോ വിമാനത്താവളത്തില്‍ നിര്‍ത്തുമെന്നും ലൈലയെ ഭൂട്ടോയെ കാണാന്‍ പ്രേരിപ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം.
ഭൂട്ടോയുമായുള്ള അവരുടെ സൗഹൃദം എനിക്കറിയാമെന്ന് അവര്‍ക്കും അറിയാമായിരുന്നു. പാകിസ്ഥാന്റെ നിര്‍ദിഷ്ട ഭരണാധികാരി എന്ന നിലയില്‍ തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഭൂട്ടോയോട് അഭ്യര്‍ത്ഥിക്കാന്‍ അവളോട് ഞാന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ മുജീബുര്‍ റഹ്മാനെ മോചിപ്പിച്ച് ബംഗ്ലാദേശിലേക്ക് മടക്കി അയക്കാന്‍ ഭൂട്ടോ തയാറാകുമോ അതോ, വധശിക്ഷ നടപ്പാക്കുമോ എന്ന് മനസ്സിലാക്കണമെന്നും ഞാന്‍ ലൈലയോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ച ക്രമീകരിക്കുന്നതില്‍ ഞാന്‍ വിജയിച്ചു. വളരെക്കാലമായി കണ്ടുമുട്ടാതിരുന്ന രണ്ട് സുഹൃത്തുക്കളായ ലൈലയും ഭൂട്ടോയും ഹീത്രോ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ കണ്ടുമുട്ടി. കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു. അത് കഴിയുന്നത്ര സുഖകരമായിരുന്നു. പിന്‍വാതില്‍ കൂടിക്കാഴ്ച വലിയ ചരിത്ര പ്രാധാന്യമുള്ള ഒരു കൂടിക്കാഴ്ചയായി മാറി. ഇത് ശരിക്കും ഒരു ത്രില്ലറായിരുന്നു, ഒരു വലിയ സംഭവത്തിന്റെ മഹത്തായ സമാപനമായി ഈ കൂടിക്കാഴ്ച മാറി.
ഭര്‍ത്താവിനെ ഭാരതത്തിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കണമെന്ന ലൈലയുടെ വൈകാരിക അഭ്യര്‍ത്ഥന കേട്ട ഭൂട്ടോ, ലൈല യഥാര്‍ത്ഥത്തില്‍ ഭാരത സര്‍ക്കാരിന്റെ ഏതോ ആവശ്യവുമായാണ് വന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അദ്ദേഹം വിഷയം മാറ്റി ലൈലയുടെ തോളില്‍ കൈവെച്ച് മാറ്റി നിര്‍ത്തി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ വളരെ സെന്‍സിറ്റീവും അതീവ രഹസ്യവുമായ ഒരു സന്ദേശം ലൈലയോട് മന്ത്രിച്ചു. ലൈല പറഞ്ഞത് ഞാന്‍ ഇവിടെ അതുപോലെ എഴുതുന്നു.
”ലൈല, നിനക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. ഇന്ദിരാഗാന്ധിയില്‍ നിന്ന് നീ ഒരു അഭ്യര്‍ത്ഥന വഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ നാട്ടില്‍ എത്തി അധികാരമേറ്റ ശേഷം, മുജീ ബുര്‍ റഹ്മാനെ ഉടന്‍ മോചിപ്പിക്കുമെന്നും, അദ്ദേഹത്തെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നുമുള്ള സന്ദേശം അവര്‍ക്ക് കൈമാറുക. എനിക്ക് അതിന് പകരമായി വേണ്ടത്, മറ്റൊരു വഴിയിലൂടെ ഇന്ദിരാഗാന്ധിയെ ഞാന്‍ അറിയിച്ചുകൊള്ളാം എന്നും പറയുക. ഇപ്പോള്‍ നിനക്ക് പോകാം.” മീറ്റിംഗിന് ശേഷം ലൈല ഈ ലേഖകനെ അറിയിച്ച വിവരങ്ങള്‍ ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞാന്‍ ഒട്ടും സമയം പാഴാക്കിയില്ല.
അനൗദ്യോഗികമായി ഒരു പിന്‍വാതിലിലൂടെയാണ് നയതന്ത്ര ഇടപാടുകള്‍ ചെയ്തതെങ്കിലും ഭൂട്ടോ ഒരു പോസിറ്റീവ് സന്ദേശം അയച്ചതില്‍ ഇന്ദിരാ ഗാന്ധി സന്തോഷിച്ചു. എന്നിരുന്നാലും ഭൂട്ടോയെ വിശ്വസിക്കാന്‍ കഴിയുമോ എന്ന് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു, ഭൂട്ടോ ഭാരതത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നോ? ഒരു ദുരുദ്ദേശ്യത്തോടെ അദ്ദേഹം, സന്തോഷത്തിന്റെ പ്രഭാതം സൃഷ്ടിക്കുകയായിരുന്നോ? ജാഗ്രതയോടെയാണ് ഇന്ദിര ശുഭാപ്തിവിശ്വാസം പുലര്‍ത്തിയത്.

ഞങ്ങളുടെ നയതന്ത്ര ദൗത്യത്തില്‍ നിന്ന് ലൈല കൈമാറിയ സന്ദേശത്തിന്റെ ആധികാരികത എത്രയും വേഗം സ്ഥിരീകരിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍, സ്ഥിരീകരണ റിപ്പോര്‍ട്ട് ഇസ്ലാമാബാദില്‍ നിന്ന് വന്നു. ഈ ഘട്ടത്തില്‍, ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് ചര്‍ച്ച മാറി. ഇന്ദിരാ ഗാന്ധി കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു, മുജീബുര്‍ റഹ്മാന്‍ ആദ്യം ലണ്ടനില്‍ ഇറങ്ങുമെന്നും പിന്നീട് അവിടെ നിന്ന് ധാക്കയിലേക്ക് പറക്കുമെന്നും അല്ലെങ്കില്‍ ദല്‍ഹി വഴിയായിരിക്കുമെന്നും ഗാന്ധിക്ക് അറിവ് ലഭിക്കുന്നു. തന്റെ അടുക്കള കാബിനറ്റിലെ ഒരു അംഗത്തോട്, റഹ്മാന്റെ വരാനിരിക്കുന്ന മോചനത്തിന് പകരമായി ഭൂട്ടോ തന്നില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ദിര പറഞ്ഞു.
ആദ്യം മുജീബുര്‍ റഹ്മാനെ മോചിപ്പിക്കുക എന്നതല്ലാതെ ഭൂട്ടോയ്ക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. അതിനു ശേഷം യുദ്ധത്തടവുകാരെ ഇന്ദിരാ ഗാന്ധി വിട്ടയക്കുമെന്നതില്‍ ഭൂട്ടോയ്ക്ക് സംശയമില്ലായിരുന്നു. അങ്ങനെ ഒരു തീരുമാനം എടുത്തു കാണുമെന്നു ഭൂട്ടോയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഉദാരതയുടെ ഒരു പ്രവൃത്തിക്ക് അനുയോജ്യമായ കൃപയുടെ ഒരു പ്രവൃത്തി കൂടി ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
വളരെ കൃത്രിമവും സാങ്കേതികവുമായ അന്താരാഷ്ട്ര രാഷ്ട്രീയ ഔദാര്യ പ്രകടനത്തില്‍, (ഐഎസ്‌ഐ) റാവല്‍പിണ്ടിയിലെ ഒരു സൈനിക കോടതി വിധിച്ച വധശിക്ഷ ഭൂട്ടോ റദ്ദാക്കുകയും 1972 ജനുവരി 8 ന് മുജീബുര്‍ റഹ്മാനെ മോചിപ്പിക്കുകയും ചെയ്തു. തിരിച്ചെത്തിയ മുജീബുര്‍ റഹ്മാന്‍ 1972 ജനുവരി 10 ന് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാനെ മോചിപ്പിച്ചതിന് എട്ട് മാസങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചതിന് ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട്, 1972 ആഗസ്റ്റ് 2 ലെ ഷിംല കരാര്‍ പ്രകാരം 93,000 പാകിസ്ഥാന്‍ യുദ്ധത്തടവുകാരെയും മോചിപ്പിക്കാന്‍ ഭാരതം ഉത്തരവിട്ടു. യുദ്ധത്തടവുകാരുടെ വിഷയത്തില്‍ പാകിസ്ഥാനോട് ഭാരതം കാണിച്ച മാന്യത അന്താരാഷ്ട്ര ബന്ധങ്ങളില്‍ ലോകത്ത് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല.
പക്ഷേ അദ്ദേഹത്തെ മോചിപ്പിച്ച് മൂന്ന് വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് 1975 ആഗസ്റ്റ് 15-ന് അബോട്ടാബാദില്‍ പരിശീലനം ലഭിച്ച ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തി അവരുടെ വിധി നടപ്പാക്കി എന്നതും ചരിത്രം.
ഭാരതത്തിന്റെ വീക്ഷണകോണില്‍, കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടര്‍ന്നു; പാകിസ്ഥാന്‍ നിരന്തരമായ നിഴല്‍ യുദ്ധം ഇപ്പോഴും തുടരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രക്തം ഒരിക്കലും വറ്റിയില്ല; കണ്ണുനീര്‍ ഒഴുകുന്നത് ഒരിക്കലും നിലച്ചിട്ടില്ല.
വളരെ ആധികാരികമായി ഭാരതം യുദ്ധജയത്തിലേക്ക് നീങ്ങിയ സമയം, ബംഗ്ലാദേശിലെ (കിഴക്കന്‍ പാകിസ്ഥാന്‍) ജസ്റ്റിസ് അബു സെയ്ദ് ചൗധരി (പിന്നീട് അദ്ദേഹം ബംഗ്ലാദേശ് പ്രസിഡന്റ് ആയി), പടിഞ്ഞാറന്‍ മുന്നണിയില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിന് ഭാരതം തീരുമാനിച്ചാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശ് യുദ്ധത്തിന്റെ പകുതി മാത്രമേ പൂര്‍ത്തിയായുള്ളു എന്നും ‘നിങ്ങള്‍ ഒരു മൂര്‍ഖന്റെ വാല്‍ മുറിക്കുമ്പോള്‍, അതിന്റെ തല പത്തിരട്ടി വിഷമുള്ളതായി മാറുന്നു’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉപസംഹാര വരി. എന്നിട്ടും 1971 ഡിസംബര്‍ 17നു ഭാരതം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
എസ്. ബാനര്‍ജിയുടെ ഈ ലേഖനത്തിന്റെ ആധികാരികത നാളിതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലന്ന യാഥാര്‍ത്ഥ്യം വിലയിരുത്തുമ്പോള്‍, അനുകൂലമായും പ്രതികൂലമായും ഇതുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ നില നില്‍ക്കുന്നു.
മുജീബുര്‍ റഹ്മാന്‍, പാകിസ്ഥാന്റെ ജയിലില്‍ മരണപ്പെട്ടാല്‍ ബംഗ്ലാദേശ് നാഥനില്ലാതെ ശിഥിലപ്പെട്ടു പോകുമെന്ന് നമ്മള്‍ ആശങ്കപ്പെട്ടതിനോട് യോജിക്കാന്‍ കഴിയുന്നില്ല. എന്തെന്നാല്‍ മഹാത്മാഗാന്ധിക്ക് ശേഷം ഭാരതത്തില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായോ? മുജീബുര്‍ റഹ്മാന്റെ മോചനത്തിന് മുന്‍പ് താല്‍ക്കാലിക പ്രസിഡന്റായ താജുദ്ദീന്‍ അഹമ്മദ്, പ്രധാനമന്ത്രി സയ്യിദ് നസ്‌റുല്‍ ഇസ്ലാം തുടങ്ങി എം. മന്‍സൂര്‍ അലി, മൗലാന അബ്ദുല്‍ ഹമീദ് ഖാന്‍ ഭാഷാനി, ബീഗം സൂഫിയ കമാല്‍ ഉള്‍പ്പടെ ഒരു ഡസനിലധികം രാഷ്ട്രീയ, സാമൂഹ്യ രംഗത്തുള്ള നേതാക്കള്‍ മുന്‍നിരയില്‍ നിന്ന് നയിച്ച വിമോചന സമരത്തിന്റെ പരിസമാപ്തിയില്‍, റഹ്മാന്റെ മരണം (ഉണ്ടായാല്‍) സ്വാഭാവികമായും അവരെ നൊമ്പരപ്പെടുത്തുമെന്നതിനപ്പുറം, ബംഗ്ലാദേശ് ശിഥിലമാകുമെന്ന നമ്മളുടെ ആശങ്ക ആസ്ഥാനത്തല്ലായിരുന്നോ?
തന്നെയുമല്ല, യുദ്ധത്തില്‍ ദയനീയമായി പരാജപ്പെട്ട പാകിസ്ഥാന്‍ ഒരു വിമോചന സമര നായകനെ നിഷ്ഠൂരമായി വധിച്ചാല്‍, അന്താരാഷ്ട്ര സമൂഹത്തില്‍ അതുണ്ടാക്കുന്ന തിരിച്ചടികള്‍ പാകിസ്ഥാന് താങ്ങാവുന്നതിനപ്പുറമായിരിക്കും എന്ന് നമുക്ക് ചിന്തിക്കാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കണോ?
ഇവിടെയാണ് സാന്ദര്‍ഭികമായി പല കോണില്‍ നിന്നും ഉയര്‍ന്നു വന്ന വിശ്വസനീയമായ ചില വാര്‍ത്തകള്‍, വിലയിരുത്തണമെന്ന് തോന്നുന്നത്. പാക് ഭീകരതയില്‍ നിന്നും മോചനം നേടാന്‍ വിമോചന സമരം നടത്തിയ കിഴക്കന്‍ പാകിസ്ഥാനിലെ ഏകദേശം 30 ലക്ഷത്തോളം ജനങ്ങളെ നിഷ്ഠൂരമായി കൊലപ്പെടുത്തി, രണ്ട് ലക്ഷത്തോളം സ്ത്രീകളെ, പെണ്‍കുട്ടികളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത്, അക്രമം അഴിച്ചുവിട്ട പാക് പട്ടാളത്തിന്റെ മുന്‍പില്‍ വിറങ്ങലിച്ചുപോയ, നിരാലംബരായ ജനങ്ങളെ രക്ഷിച്ച ഭാരതം, അതിന്റെ ഭരണാധികാരി എന്തുകൊണ്ടും അന്താരാഷ്ട്ര സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സമാധാനത്തിനുള്ള നോബെല്‍ അംഗീകാരം ഒരുപക്ഷേ ഇന്ദിരയെ തേടിയെത്തും എന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നെങ്കില്‍ അതിനെ തെറ്റുപറയാന്‍ സാധിക്കില്ല. ആ പ്രതീക്ഷക്ക് ബലമാകാന്‍ മുജീബിന്റെ മോചനം കൂടി അനിവാര്യമാണെന്ന ചിലരുടെ ചിന്തകള്‍, എന്ത് വിധേനെയും അദ്ദേഹത്തെ മോചിപ്പിക്കുക എന്ന പദ്ധതിയിലേക്ക് എത്തിയെന്ന വാദം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?
നമ്മുടെ കുറ്റകരമായ അനാസ്ഥയുടെ ചോദ്യചിഹ്നമായി നില്‍ക്കുന്ന നമ്മുടെ സ്വന്തം കാശ്മീരിന്റെ പകുതി (പാക് അധിനിവേശ കാശ്മീര്‍) തിരികെ എടുക്കാനും, യുദ്ധാനന്തരം പാകിസ്ഥാന്‍ തടവിലാക്കിയ ഉന്നത ഓഫീസര്‍മാരുള്‍പ്പെട്ട 54 യുദ്ധത്തടവുകാരെ (പീന്നീട് അവര്‍ പാകിസ്ഥാന്‍ ജയിലില്‍ ക്രൂരമായി വധിക്കപ്പെട്ടു) മോചിപ്പിക്കാന്‍ 93000 തടവുകാരെ മുന്‍പില്‍ നിര്‍ത്തി നമ്മള്‍ വിലപേശുന്നതില്‍ നിന്ന് എങ്ങനെ പരാജയപ്പെട്ടു എന്ന വസ്തുത വിലയിരുത്തുമ്പോള്‍ സ്വപ്നം കണ്ട ‘നോബെല്‍’ സമ്മാനം നമ്മളെ നോക്കി ച്ചിരിക്കുന്നുണ്ടാകും.
13 ദിവസം നീണ്ടുനിന്ന യുദ്ധം, ഭാരതം ആധികാരികമായി വിജയിച്ചു മുന്നോട്ടു പോകുന്നു, പാകിസ്ഥാന്റെ തന്ത്ര പ്രധാനമായ രണ്ടു സിറ്റികളായ ലാഹോറും സിയാല്‍കോട്ടും പിടിച്ചടക്കാന്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഭാരതം ഡിസംബര്‍ 16-ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. മറിച്ചായിരുന്നെങ്കില്‍ പാകിസ്ഥാന്‍ എന്നന്നേക്കുമായി തകര്‍ന്നു പോകും. പിന്നീട് ഒരിക്കലും ഭാരതത്തിനെതിരെ ഒരു ചെറുവിരല്‍ ചൂണ്ടാനുള്ള ശക്തിപോലും അവര്‍ക്ക് ലഭിക്കില്ല. അവര്‍ പല രാജ്യങ്ങളായി വിഭജിക്കപ്പെടും. നമ്മള്‍ മുന്‍പോട്ട് വെയ്ക്കുന്ന, കാശ്മീര്‍ ഉള്‍പ്പെടെയുള്ള എന്ത് ആവശ്യവും പാകിസ്ഥാന്‍ അംഗീകരിക്കേണ്ടി വരുമെന്ന ദീര്‍ഘവീക്ഷണം നമുക്ക് എന്തെ ഇല്ലാതെ പോയി? മുജീബുര്‍ റഹ്മാനെ രക്ഷിക്കാന്‍ കാട്ടിയ ബുദ്ധി എന്തെ മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്ക് ഉപയോഗിക്കാതെ പോയി. നമ്മുടെ തോളോട് ചേര്‍ന്ന് യുദ്ധം ചെയ്ത ബംഗ്ലാദേശിന്റെ ‘മുക്തി ബാഹിനി’യും, ഭാരതത്തിലെ ചില ഉന്നത സൈനിക ഉദ്യോഗസ്ഥരും, സൈനികരും ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ അസ്വസ്ഥരായിരുന്നു എന്ന വസ്തുതയും ചര്‍ച്ച ചെയ്യപ്പെടെണ്ടതല്ലേ?.
ജസ്റ്റിസ് അബു സെയ്‌ന് ചൗധരി ഇന്ദിരയ്ക്ക് എഴുതിയ കത്തില്‍ പരാമര്‍ശിച്ച ‘ഒരു മൂര്‍ഖന്റെ വാല്‍ വെട്ടിമാറ്റുമ്പോള്‍, അതിന്റെ തല പത്തിരട്ടി വിഷമുള്ളതായിത്തീരും’ എന്ന വരികള്‍ എത്ര അന്വര്‍ത്ഥമായിരുന്നു എന്ന് പാകിസ്ഥാന്‍ അവരുടെ തുടര്‍ന്നുള്ള നടപടികളില്‍ കാട്ടിത്തന്നു. 1975 ആഗസ്റ്റ് 15ന് അവരുടെ ആജന്മശത്രുവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടു. അവര്‍ അവരുടെ വിധി നടപ്പാക്കി, 93000 യുദ്ധത്തടവുകാരെയും കൊണ്ടുപോയി. ഭാരതത്തിന് എന്ത് നേട്ടം? നമ്മള്‍ സൃഷ്ടിച്ച ബംഗ്ലാദേശ് ഇന്ന് നമ്മളുടെ ശത്രുവായി, പാകിസ്ഥാന്‍ പൂര്‍വാധികം ശക്തമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു ആയിരകണക്കിന് മരണങ്ങള്‍. നമ്മള്‍ക്ക് സൈ്വര്യമുണ്ടോ? ഇവിടെ ആര്‍ക്ക് തെറ്റ് പറ്റി എന്നതിനപ്പുറം നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ ഒരുപാട് പാടി പുകഴ്ത്തുന്നതിന്റെ യാഥാര്‍ഥ്യം ഇനിയെങ്കിലും വിലയിരുത്താന്‍ നമ്മള്‍ തയ്യാറാകണം, വരുംതലമുറയ്ക്ക് അത് മനസ്സിലാക്കി കൊടുക്കണം.
‘രക്തവും ജലവും ഒരുപോലെ ഒഴുകില്ല’ എന്ന ദൃഢ പ്രതിജ്ഞ യാഥാര്‍ഥ്യമാകട്ടെ.





















