കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സംഭവവികാസങ്ങളെ സ്വതന്ത്രമായി വിലയിരുത്തുന്ന ആര്‍ക്കും ഈ മേഖലയുടെ ദൈന്യതയെക്കുറിച്ച് മനസ്സിലാവും. ഇടതുപക്ഷത്തിന്റെ കഴിഞ്ഞ ഒന്‍പതുവര്‍ഷത്തെ ഭരണകാലത്ത് ഉന്നത വിദ്യാഭ്യാസമേഖല തകര്‍ച്ച നേരിട്ടു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ 13 എണ്ണത്തിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല. ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള ചുമതലയില്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടപ്പിലാക്കിയ കീം പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. മെഡിക്കല്‍ കോളേജുകളിലാകട്ടെ ആവശ്യത്തിന് അധ്യാപകര്‍ പോലുമില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനാസ്ഥയുടെ നേര്‍ചിത്രമാണ് വരച്ചുകാട്ടുന്നത്.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും നിയമന ക്രമക്കേടിനും പരീക്ഷാ തട്ടിപ്പിനും പ്രവേശന ക്രമക്കേടിനും എതിരെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും നടപടിയെടുക്കുകയും ചെയ്തു. ഗവര്‍ണറെ നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യമനുസരിച്ച് ബിജെപിയോ, സംഘപരിവാര്‍ സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തോ മാത്രം ആവശ്യപ്പെട്ടതുകൊണ്ടായിരുന്നില്ല രാജ്ഭവന്റെയും ഗവര്‍ണറുടെയും ഈ ഇടപെടല്‍. യുഡിഎഫ് കാലത്ത് തന്നെ കോണ്‍ഗ്രസ് യൂണിയന്‍ നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറിന്റെയും തീവ്ര ഇടതുപക്ഷ സംഘടനയായ എഐഡിഎസ്ഒ നേതാവ് ഷാജിര്‍ഖാന്റെയും ഒക്കെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി നല്‍കിയ പരാതികളും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ അന്വേഷണങ്ങളും തെളിവെടുപ്പുകളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സിപിഎമ്മും എസ്എഫ്‌ഐയും നടത്തിക്കൂട്ടിയ തെമ്മാടിത്തങ്ങള്‍ തുറന്നുകാട്ടുന്നതുതന്നെയായിരുന്നു. നൂറു ശതമാനം സാക്ഷരതയും ഉന്നതമായ സാംസ്‌കാരികമൂല്യങ്ങളും എല്ലാമുള്ള കേരളീയ സമൂഹത്തെ വൈജ്ഞാനികമായും സാംസ്‌കാരികമായും ഇകഴ്ത്തിക്കാട്ടുന്ന പ്രവണതയാണ് കഴിഞ്ഞ കുറേക്കാലമായി ഇടതുപക്ഷ സംഘടനകളും ഭരണകൂടവും സര്‍വ്വകലാശാലകളില്‍ അനുവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.
ആരിഫ് മുഹമ്മദ് ഖാനോ അദ്ദേഹം പോയതിനുശേഷം വന്ന ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറോ ഒരു പ്രശ്‌നവും ഇല്ലാത്ത സര്‍വകലാശാലകളില്‍ രാഷ്ട്രീയമായ വൈരനിര്യാതനബുദ്ധിയോടെ ഇടപെട്ടതല്ല പ്രശ്‌നം. സര്‍വകലാശാലകളില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ (വലതുപക്ഷം ഭേദമായിരുന്നു എന്ന അഭിപ്രായമില്ല അതിലേക്ക് പിന്നെ വരാം) കാട്ടിക്കൂട്ടിയത് എന്തൊക്കെയായിരുന്നു? കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം മുതലാണ് ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സര്‍വ്വകലാശാലകള്‍ മാറിയത്. മെറിറ്റ് അട്ടിമറിച്ച് രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകി നിറച്ചപ്പോള്‍ ഒന്നാംറാങ്കുകാരനും മറ്റും വളരെ താഴ്ന്ന നിലയിലേക്ക് പോയതും കോടതി ഇടപെട്ടതും ഒക്കെ ചരിത്രമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുകാരനായി വന്ന വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍ നായര്‍ പിന്നീട് ഇടതുപക്ഷക്കാരുടെ കണ്ണിലുണ്ണിയാവുകയും ക്രമക്കേടുകള്‍ മുഴുവന്‍ നടത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സര്‍വ്വകലാശാലയില്‍ സൂക്ഷിക്കേണ്ട അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ ഹൈക്കോടതി ഇടപെട്ടിട്ടുപോലും കഴിഞ്ഞില്ല. റാങ്ക് ലിസ്റ്റില്‍ നിയമിക്കപ്പെട്ടവര്‍ക്ക് നിയമനം ലഭിച്ചു കാലമേറെ കഴിഞ്ഞു എന്ന പരിഗണന കിട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി ധാര്‍മികതയും സത്യസന്ധതയും പക്ഷപാതരാഹിത്യവും ഇല്ലാതാവുകയായിരുന്നു.
തുടര്‍ന്ന് നടന്ന അധ്യാപകനിയമനങ്ങളില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഇടതുനേതാക്കളുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കുടുംബക്കാരും ബന്ധുക്കളും മെറിറ്റ് അട്ടിമറിച്ച് നിയമിതരാവുകയും ഉന്നത യോഗ്യതയുള്ള, അക്കാദമിക് മേന്മയുള്ള അറിയപ്പെടുന്ന എഴുത്തുകാരും ഗവേഷകരും ഒക്കെയായവര്‍ പിന്തള്ളപ്പെടുകയും ചെയ്തു. സര്‍വ്വകലാശാലകളില്‍ നിയമനം ലഭിക്കാത്ത ബന്ധുക്കളുള്ള ഇടതുപക്ഷ നേതാക്കള്‍ ചുരുങ്ങും. ഇക്കാര്യങ്ങള്‍ കോടതികളില്‍ നല്‍കിയ കേസുകളിലും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതികളിലും ഒക്കെ വ്യാപകമായി പരാമര്‍ശിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ തരത്തില്‍ അധ്യാപകനിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും അനാശാസ്യങ്ങള്‍ക്കും ഒത്താശ ചെയ്യുന്നവരെ വൈസ് ചാന്‍സലര്‍മാരായും രജിസ്ട്രാര്‍മാരായും കൊണ്ടുവരുന്നതില്‍ ഇടതുപക്ഷത്തിന് അല്പം പോലും മടിയുണ്ടായിരുന്നില്ല. കേരള സര്‍വകലാശാല ആരംഭിക്കുമ്പോള്‍ ഐന്‍സ്റ്റീനെ വൈസ് ചാന്‍സലറായി കൊണ്ടുവരാന്‍ കത്തെഴുതിയ പാരമ്പര്യം ഉണ്ടായിരുന്നു. ജോണ്‍ മത്തായി മുതല്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ശാസ്ത്രജ്ഞന്‍ ഹര്‍ഷ് ഗുപ്തയും ഒക്കെ വൈസ് ചാന്‍സലര്‍മാരായി വന്ന ഇടങ്ങളില്‍ പിന്നീട് വന്നവര്‍ ആരാണെന്ന് മലയാളികള്‍ വിലയിരുത്തട്ടെ.
ഈ നിലവാരത്തകര്‍ച്ച ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായി കാണാം. സര്‍വ്വകലാശാലകളില്‍ പ്രതിഭകളുടെ മിന്നലാട്ടം അവസാനിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതികരംഗത്തെ മികവാര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ, പ്രതിഭകളുടെ ഉജ്ജ്വലമായ മാസ്മരിക പ്രകടനങ്ങള്‍ പഴങ്കഥയായിക്കഴിഞ്ഞു. ഗവേഷണം സത്യാന്വേഷണത്തില്‍നിന്നും ധാര്‍മികതയില്‍നിന്നും വ്യതിചലിച്ച് കോപ്പിയടിയായി ചുരുങ്ങിയപ്പോള്‍ സര്‍വ്വകലാശാലകളിലെ പിഎച്ച്ഡി പ്രബന്ധങ്ങള്‍ കോപ്പിയെടുക്കാനുള്ള അനുമതി പോലും നിഷേധിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ വന്നതിന് ഉത്തരവാദികള്‍ ഗവര്‍ണര്‍മാരോ നീതിപീഠങ്ങളോ ആണോ? ഗവേഷണപ്രബന്ധങ്ങളുടെ നിലവാരത്തകര്‍ച്ച, ഉന്നതസ്ഥാനീയരുടെ ഗവേഷണപ്രബന്ധങ്ങള്‍ പൂര്‍ണ്ണമായും പകര്‍ത്തി അടിച്ചതാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കണ്ടറിഞ്ഞതാണ്. ‘വൈലോപ്പിള്ളിയുടെ വാഴക്കുലയും ചങ്ങമ്പുഴയുടെ ദുരവസ്ഥയും’ ഒക്കെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഗവേഷണ പ്രബന്ധങ്ങളായി. ഒന്നും കണ്ടുപിടിക്കപ്പെടാതെ പിഎച്ച്ഡി അവാര്‍ഡ് ചെയ്യുന്ന സാഹചര്യത്തിലേക്ക് സര്‍വകലാശാലകളെ എത്തിച്ചത് ഗവര്‍ണര്‍മാരോ കോടതികളോ ആണോ? പരീക്ഷ എഴുതാത്തവര്‍ വിജയിക്കുകയും പൂജ്യം വാങ്ങി തോറ്റവര്‍ റാങ്ക് നേടുകയും മാത്രമല്ല, എസ്എഫ്‌ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ ജയിക്കാന്‍ കഴിയുന്ന രീതിയില്‍ കോപ്പിയടിക്കാന്‍ പരീക്ഷാ ഹാളിനുള്ളില്‍ത്തന്നെ സൗകര്യമൊരുക്കിയതും പിഎസ്‌സി പരീക്ഷയില്‍ പോലും ക്രമക്കേട് നടത്താന്‍ അവസരം ഒരുക്കിയതും ഗവര്‍ണര്‍മാരോ കോടതികളോ ആണോ എന്ന കാര്യം ചിന്തിക്കണം. ഡിഗ്രി പരീക്ഷക്ക് വിജയിക്കാത്തവന് കായംകുളം എംഎസ്എം കോളേജില്‍ പിജി പ്രവേശനമൊരുക്കിയ സിപിഎം നേതാക്കള്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
ഗവര്‍ണര്‍മാരുടെ നിയമനം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധി ഇപ്പോള്‍ രാഷ്ട്രപതിയുടെ സ്‌പെഷ്യല്‍ റഫറന്‍സില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ആ വിധി പാഠപുസ്തകമാക്കി തന്റെ ഗുണ്ടായിസം വിദ്യാഭ്യാസമേഖലയില്‍ കൂടി പ്രകടമാക്കിയ വി. ശിവന്‍കുട്ടി പാഠ്യവിഷയമാക്കേണ്ടത് മറ്റു ചിലതാണ്. ഗുണ്ടായിസത്തിന് രാഷ്ട്രീയത്തിലുള്ള സ്വാധീനവും മന്ത്രിപദവി വരെ എത്താന്‍ പറ്റുന്ന രീതിയില്‍ ഗുണ്ടാപ്പണി എങ്ങനെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി എന്ന സ്വന്തം ജീവിതാനുഭവങ്ങളുമാണ് ഒന്നാമത്തെ വിഷയം. നിയമസഭാ വേദിയില്‍ സ്പീക്കറുടെ പോഡിയത്തിലെ കസേര തകര്‍ക്കുകയും ബെഞ്ചിനു മുകളില്‍ താണ്ഡവമാടിയുള്ള പ്രകടനത്തിന്റെ മാസ്മരികതയുടെ ഓര്‍മ്മക്കുറിപ്പുകളും പാഠ്യവിഷയമാക്കാവുന്നതാണ്. അഴിമതി, കൂലിത്തല്ല്, രാഷ്ട്രീയ അടിമത്തം എന്നിവയൊക്കെ പാഠ്യവിഷയമാക്കാവുന്നതാണ്. അതിനുപകരം ഗവര്‍ണറുടെ പെരുമാറ്റം എങ്ങനെയാവണമെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യം ഗവര്‍ണര്‍ എപ്പോഴെങ്കിലും ശിവന്‍കുട്ടിയും ഇടതുപക്ഷ മന്ത്രിമാരും പെരുമാറുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടോ എന്നതാണ്.
സര്‍വ്വകലാശാലയില്‍ പോലീസ് ഒത്താശയോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ സംരക്ഷണയില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിക്കൂട്ടിയ അക്രമത്തിന്റെ പ്രചോദനവും ശിവന്‍കുട്ടി തന്നെയല്ലേ? ഭാരതമാതാ സങ്കല്പം സഹസ്രാബ്ദങ്ങളായി ഉള്ളതാണ്. ഭാരതത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ് സമര്‍ത്ഥരാമദാസും മറ്റു സന്യാസിമാരും കൈമാറിയ ഈ കാവി പതാക. ഈ പതാക തന്നെയാണ് ഛത്രപതി ശിവാജി പേറിയത്. ഇതുതന്നെയാണ് കൃഷ്ണന്‍ തേര്‍ തെളിച്ച മഹാഭാരത യുദ്ധക്കളത്തിലെ രഥത്തിന്റെ മുകളില്‍ പാറിപ്പറന്നത്. ആര്‍എസ്എസും ലോകമാന്യതിലകന്‍ മുതലുള്ള സ്വാതന്ത്ര്യസമരസേനാനികളും ഉപയോഗിച്ച തരത്തിലുള്ള ഭാരതമാതാ ചിത്രം ഗവര്‍ണ്ണര്‍ രാജ്ഭവനിലും പുറത്തും ഉപയോഗിക്കുന്നത് എസ്എഫ്‌ഐക്കാരെ എന്തിനാണ് അലോസരപ്പെടുത്തുന്നത്. ശബരിമല പ്രക്ഷോഭകാലത്ത് ആര്‍ത്തവസമരം നടത്തി സ്ത്രീകളുടെ ലൈംഗികാവയവത്തിന്റെ രൂപകല്പനയില്‍ കവാടം സൃഷ്ടിച്ച് മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളത്ത് പരിപാടി ഒരുക്കിയത് എന്തുകൊണ്ടാണ് എസ്എഫ്‌ഐയെയും ഇടതുപക്ഷനേതാക്കളെയും അലോസരപ്പെടുത്താത്തത്. ഭാരതമാതാവ് പേറുന്ന കാവിപതാക ധര്‍മ്മപതാകയാണ്. അതിനോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, അത് ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസൃതമായി വേണം.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിന് അനുസൃതമാണോ? ഇതിനു മറുപടി പറയാനുള്ള ബാധ്യത ഉന്നത വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഇല്ലേ. പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍മാത്രം ബാക്കിനില്‍ക്കെ പ്രോസ്‌പെക്ടസിലും റാങ്കിന്റെ ഫോര്‍മുലയിലും മാറ്റം വരുത്തി തിരിമറി നടത്തിയതിന് എന്ത് ന്യായമാണ് പറയാന്‍ കഴിയുക. പ്രവേശന പരീക്ഷയുടെ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനും റാങ്ക് നിര്‍ണയ സംവിധാനം മാറ്റിമറിക്കാനും ഒക്കെ കഴിയുമായിരുന്നു. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഭാവി കൊണ്ട് പന്താടുന്ന രീതിയില്‍ അവസാന നിമിഷം തിരിമറി നടത്തുന്ന സംവിധാനം കുറ്റമറ്റതാണെന്നും ഗവര്‍ണര്‍ അത് ചോദ്യം ചെയ്യേണ്ടതല്ലെന്നും പറയുന്നതിലെ ഭോഷ്‌ക്ക് വ്യക്തമാണ്. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ മിക്കതിലും പഠിപ്പിക്കാന്‍ അധ്യാപകരോ വേണ്ടത്ര സംവിധാനമോ ഇല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ട് എത്രകാലമായി! ഇതില്‍ എന്തു നടപടിയാണ് സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചത്. ബന്ധുനിയമനവും പരീക്ഷാക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും ഒക്കെ നടത്തിയത്. ഇതിന്റെ ഫലമാണ് കേരളത്തിനെക്കാള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കമായ പല സംസ്ഥാനങ്ങളും കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എന്നുകൂടി മനസ്സിലാക്കണം. സിവില്‍ സര്‍വീസ് അടക്കമുള്ള അഖിലേന്ത്യാ പരീക്ഷകളിലും കേരളം ഏറെ പിന്നിലാണ്. തലയില്‍ വീടും ഉള്ളില്‍ ചെളിയുമായി നടക്കുന്ന മന്ത്രിമാര്‍ ഉണ്ടാവുമ്പോള്‍ ഇതിനപ്പുറവും സംഭവിച്ചേക്കാം.
വൈസ് ചാന്‍സലര്‍മാരുടെ നിയമനം സെനറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതെയും മറ്റും വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍പോലും ഹാജരാകാതെ യോഗങ്ങള്‍ പിരിച്ചുവിട്ട സംഭവം എത്രയാണ്. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് തന്നെ കേരള യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സം നിന്നത് സംസ്ഥാന സര്‍ക്കാരാണ്. അദ്ദേഹം പോയി പുതിയ ഗവര്‍ണര്‍ വന്നിട്ടും തങ്ങളുടെ സ്വന്തം പെട്ടിയെടുപ്പുകാരെ തന്നെ വൈസ് ചാന്‍സലര്‍മാരാക്കി ഉന്നത വിദ്യാഭ്യാസരംഗം വീണ്ടും അഴിമതിയുടെയും അരാജകത്വത്തിന്റെയും ക്രമക്കേടിന്റെയും കേന്ദ്രമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിനു കൂട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ ഇല്ല. അതുകൊണ്ടാണ് ഗവര്‍ണറെ മാറ്റാനുള്ള ശ്രമത്തിന് നിയമസഭയെ തന്നെ കരുവാക്കിയത്. ഇത്തരത്തിലുള്ള നടപടികള്‍ കേരളത്തെ മുന്നോട്ടു നയിക്കുമോ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയാല്‍ മാത്രമേ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും സത്യസന്ധതയും വീണ്ടെടുക്കാന്‍ കഴിയൂ.






















