രാമായണമാസം തുടങ്ങിയതേയുള്ളു, മലയാളികള്‍ തുഞ്ചന്റെ രാമകഥ വായിക്കാന്‍ ആരംഭിച്ചിട്ടേയുള്ളു. അപ്പോഴേക്കും കേരളത്തില്‍ രാവണപ്പട തോറ്റമ്പി. പുതിയ രാമായണകഥ ഇത്രവേഗം സുഖപര്യവസായിയാകും എന്ന് ആരെങ്കിലും കരുതിയോ? എ.കെ.ജി. സെന്റും ക്ലിഫ് ഹൗസും കേന്ദ്രീകരിച്ച് സി.പി.എമ്മും മുഖ്യന്റെ പി.ആര്‍. ഗ്രൂപ്പും കേരള സര്‍വ്വകലാശാലാ രജിസ്ട്രാര്‍ വഴി ഭാരതമാതാവിനെ ബന്ധിയാക്കി ആരംഭിച്ച പുതിയ രാമായണ കഥയില്‍ എസ്.എഫ്.ഐയും കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറുമൊക്കെ രാവണപ്പടയിലെ കൂലിപ്പട്ടാളങ്ങള്‍ മാത്രം. ചുടുചോറുവാരാന്‍ എ. കെ. ജി. സെന്ററില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ അതു അപ്പടി അനുസരിക്കുക എന്നതാണല്ലോ അവരുടെ തലവിധി. തലയില്‍ അല്പം വെളിച്ചമുണ്ടായിരുന്നെങ്കില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇതേപോലെ വീരവാദം മുഴക്കിയ എസ്.എഫ്.ഐയുടെ പഴയ നേതാവ് ആര്‍ഷോവിന്റെ അനുഭവം തൊട്ടുമുമ്പില്‍ കണ്ടിട്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് എസ്.ശിവപ്രസാദ് ഇത്തിരി വിവേകം കാണിക്കേണ്ടതായിരുന്നു.
എസ്.എഫ്.ഐക്കാരുടെ കണക്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതിലും വലിയ തെറ്റാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചെയ്തത്. അദ്ദേഹം രാജ്ഭവനെ ആര്‍.എസ്.എസ്. ശാഖയാക്കിക്കളഞ്ഞു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രം വെച്ച് പുഷ്പാര്‍ച്ചന നടത്തി. അര്‍ലേക്കറെ ഭരണഘടനയുടെ ഓരോ പേജും മനപ്പാഠം പഠിപ്പിക്കാനിറങ്ങിയ എസ്.എഫ്.ഐ രാക്ഷസപ്പട എ.കെ.ജി.സെന്ററില്‍ നിന്നുള്ള ക്യാപ്‌സ്യൂളും വിഴുങ്ങി കേരളാ യൂണിവേഴ്‌സിറ്റിയെ വിറപ്പിച്ചു! പിറ്റേന്ന് രാജ്ഭവനെ കയ്യിലെടുത്ത് അമ്മാനമാടും എന്നായിരുന്നു അവരുടെ പ്രഖ്യാപനം. എന്നാല്‍ ഇതൊന്നും കണ്ട് ഗവര്‍ണര്‍ കുലുങ്ങിയില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഭാരതമാതാവിനെ മതചിഹ്നം എന്ന ചങ്ങലക്കിട്ട് ബന്ധിയാക്കി ഗവര്‍ണറുടെ പരിപാടിക്ക് വിലക്കിടാന്‍ നോക്കിയ രജിസ്ട്രാര്‍ അനില്‍കുമാറിന് എസ്.എഫ്.ഐക്കാര്‍ ഭരണഘടന സമ്മാനിച്ച് ഹനുമാനെ ബന്ധിച്ച ഇന്ദ്രജിത്തിന് സമന്‍ എന്ന് വാഴ്ത്തി. എന്നാല്‍ രാജ്ഭവന്റെ മൗനത്തിനു മുമ്പില്‍ തന്നെ ഈ അസുരപ്പടക്ക് അടി തെറ്റി. അനില്‍കുമാര്‍ വെറും കറിവേപ്പിലയായി. ഗവര്‍ണറെ വിറപ്പിക്കാന്‍ പോരിനിറങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു എന്ന ചുകപ്പന്‍ വീര്യം വമിക്കുന്ന ഗോളം തണുത്തു തണുത്ത് സമവായ ചര്‍ച്ചയുടെ വക്താവായ നിസ്സാരമായ ഒരു ബിന്ദുവായി തീര്‍ന്നു. വി.സി.യെ വിലക്കിയ എസ്.എഫ്.ഐയേയും ഇടത് സര്‍വ്വകലാശാലാ യൂണിയനേയും സിണ്ടിക്കേറ്റ് അംഗങ്ങളേയും കാണാനേയില്ല. അവരെ കടലെടുത്തുപോയോ എന്നറിയില്ല. കേരളത്തിലെ പുതിയ രാമായണകഥ പര്യവസാനിക്കുമ്പോള്‍ ഭാരതമാത സുസ്‌മേരവദനയായി കാവിക്കൊടിയുമെന്തി പൂര്‍വ്വശോഭയോടെ നില്ക്കുന്നു.





















