ഇന്ദിരാഗാന്ധി ഒരിക്കലും ഒരു ജനാധിപത്യ വിശ്വാസിയായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയിലും ഭാരതീയ ദര്‍ശനങ്ങളിലും നീതിപുലര്‍ത്താനുള്ള മനസ്സും അവര്‍ക്കുണ്ടായിരുന്നില്ല. പുത്രിയോടുള്ള അമിതമായ സ്‌നേഹം കൊണ്ടാകാം, 1947 മുതല്‍ 1964 ല്‍ നെഹ്‌റുവിന്റെ മരണം വരെ, ഇന്ദിര അനൗദ്യോഗികമായി പ്രധാനമന്ത്രിയുടെ ഉപദേശക സംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് എപിജെ അബ്ദുല്‍ കലാം, നരേന്ദ്രമോദിയുടെ കാലത്ത് അജിത് ഡോവല്‍ എന്നിവര്‍ ചെയ്യുന്ന ജോലിയായിരുന്നു നെഹ്‌റുവിന്റെ കാലത്ത് 30 വയസ്സുള്ള ഇന്ദിര ചെയ്യേണ്ടിയിരുന്നത്. 1959 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാധീനം ഉപയോഗിച്ചാണ് അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റായത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ, ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാതെ തന്നെ പിരിച്ചുവിട്ടതും, അതിനുവേണ്ടി വിമോചന സമരം ഉള്‍പ്പെടെയുള്ള ജനാധിപത്യവിരുദ്ധ നടപടികളെ ആശ്രയിച്ചതും അവരുടെ മനോനിലയെ സൂചിപ്പിക്കുന്നു. 1952 മുതല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വച്ച്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍, അദ്ദേഹം ഇന്ദിരയെ വിശേഷിപ്പിച്ചത് ‘ഫാസിസ്റ്റ്’ എന്നാണ്.
ഇന്ദിരയുടെ വിവാഹവും ഒരു ചരിത്ര സംഭവമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഫിറോസ് ഇന്ദിരയുമായി പ്രണയത്തിലായി. പാര്‍സി യുവാവായ ഫിറോസുമായുള്ള ബന്ധം മതേതരവാദിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. മഹാത്മാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ദിര-ഫിറോസ് വിവാഹം നടന്നത്. അതോടെ ഫിറോസ്, ഫിറോസ് ഗാന്ധിയായി. എന്നിരിക്കിലും അദ്ദേഹവും നെഹ്‌റുവുമായുള്ള ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ല. മാത്രമല്ല, ഫിറോസിന് പാര്‍ലമെന്റ് അംഗമായിരുന്ന താര്‍കേശ്വരി സിന്‍ഹ, മൈമൂന സുല്‍ത്താന, സുഭദ്ര ജോഷി എന്നിവരൊക്കെയുമായി അവിഹിതബന്ധം ഉണ്ടെന്നുള്ള വാര്‍ത്തയും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പരന്നു. എന്നിട്ടും 1952 ലെ തിരഞ്ഞെടുപ്പില്‍ റായ്ബറേലി നിയോജകമണ്ഡലത്തില്‍ നിന്ന് ഫിറോസ് മത്സരിച്ചു, ജയിച്ചു. അതോടെ ഇന്ദിര-ഫിറോസ് ബന്ധം പൂര്‍ണമായും ശിഥിലമായി.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ടതിനെയും, വിമോചനസമരത്തെ തന്നെയും തള്ളിപ്പറഞ്ഞ ഏക ദേശീയ നേതാവ് മാധവ സദാശിവ ഗോള്‍വല്‍ക്കറായിരുന്നു എന്നുള്ളത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭരണഘടനാനുസൃതമായ കാഴ്ചപ്പാടിന്റെ സാക്ഷ്യപത്രമാണ്. 1948ലെ ഗാന്ധിവധത്തില്‍ സംഘത്തെ കക്ഷി ചേര്‍ത്തത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. തുടര്‍ന്നങ്ങോട്ട് ശ്യാംപ്രസാദ് മുഖര്‍ജി, ആചാര്യ കൃപലാനി, ബി.ആര്‍. അംബേദ്കര്‍, ജോണ്‍ മത്തായി തുടങ്ങിയവര്‍ ഓരോരുത്തരായി നെഹ്‌റു മന്ത്രിസഭയ്ക്ക് പുറത്തായി.
സ്ഥാനത്തും അസ്ഥാനത്തും മതങ്ങളെ കൂട്ടുപിടിക്കുന്ന, വൈദേശിക ശക്തികളോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റേത്. ഭാരതീയ ദര്‍ശനങ്ങളെയും, സങ്കല്‍പ്പങ്ങളെയും പഠിക്കാതെ, അംഗീകരിക്കാതെ സ്വയം വിശ്വപൗരനാകാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. 1947ല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച് കാശ്മീരിന്റെ ഒരു ഭാഗം സ്വന്തമാക്കി. മന്ത്രിസഭാംഗങ്ങളോടു പോലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ നെഹ്‌റു വിഷയം യുഎന്നില്‍ അവതരിപ്പിച്ചു. യു.എന്‍. സ്റ്റാറ്റസ് കോ നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയും, അതോടെ കാശ്മീരിന്റെ ഒരു ഭാഗം (ഇന്നത്തെ പിഓ കെ) പാകിസ്ഥാന്റെ ഭാഗമാവുകയും ചെയ്തു. അതൊക്കെ കൊണ്ടാണ് ഇന്നത്തെ കാശ്മീരിന്റെ അവസ്ഥയ്ക്ക് പൂര്‍ണ്ണ ഉത്തരവാദി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് ഇന്ത്യയിലെ രാഷ്ട്രീയവൃത്തങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നത്.
അതേ മൂശയില്‍ വാര്‍ത്തെടുത്ത ഇന്ദിരാഗാന്ധിക്കും ജനാധിപത്യ സംവിധാനങ്ങളോടും, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ കോണ്‍ഗ്രസിനോടു തന്നെയും പരമപുച്ഛമായിരുന്നു. 1965ല്‍ ഇന്ത്യ -പാകിസ്ഥാന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ ഇന്ദിര ശ്രീനഗറില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാസേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അവര്‍ അവിടെ തന്നെ തങ്ങി. അന്നവര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ദിര ഒഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശ രൂപേണ പറയപ്പെട്ടിരുന്നു. 1965 ലെ ഇന്തോ- പാക് യുദ്ധത്തിന്റെ വിജയത്തിന് ശേഷം, റഷ്യയിലെ താഷ്‌കണ്ടില്‍ വച്ച് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി, അവിടെവെച്ച് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു.
1966 ല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റു. തുടര്‍ന്നങ്ങോട്ട് റഷ്യയുമായി വലിയ ബന്ധങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹ മരണം, വെറും മരണമായി മാറി. ഇന്ത്യയില്‍ റഷ്യയുടെ പിണിയാളന്മാരായ വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ദിരയ്ക്ക് പിന്തുണയുമായെത്തി. ഇന്തോ – സോവിയറ്റ് സാംസ്‌കാരിക സമിതികള്‍ ഭാരതത്തിലാകമാനം രൂപം കൊണ്ടു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ആളില്ലാത്ത പാര്‍ട്ടിയായിട്ടുകൂടി വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ എത്തി. ഇടതുപക്ഷത്തിന്റെ ദല്‍ഹിയിലെ സ്വാധീനത്തിന്റെ പിന്നില്‍ ഇന്ദിര- റഷ്യ കൂട്ടുകെട്ടായിരുന്നു എന്നതൊരു വസ്തുതയാണ്. ഭാരതത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം സാംസ്‌കാരിക മേഖലയില്‍ നിന്നകന്നു പോയതിന്റെ പ്രധാന കാരണവും ഇതൊക്കെ തന്നെയായിരുന്നു.
വി.വി.ഗിരി ഇന്ത്യന്‍ പ്രസിഡന്റാകുന്നു
1969ല്‍ രാഷ്ട്രപതി സക്കീര്‍ ഹുസൈന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നീലം സഞ്ജീവറെഡ്ഢിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നുള്ള എന്‍.സഞ്ജീവറെഡ്ഢിയെ നിര്‍ദ്ദേശിച്ചത്. അക്കാലത്ത് ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി സ്വതന്ത്രനായും നാമനിര്‍ദ്ദേശം സമര്‍പ്പിച്ചു. ചില പുറംശക്തികളുടെ താല്പര്യപ്രകാരമാണെന്ന് പറയുന്നു, ഇന്ദിരാഗാന്ധി ചുവടുമാറ്റി. അവര്‍ ഇടതു ചിന്താഗതിക്കാരനായ ഗിരിയ്ക്കു പിന്തുണയുമായെത്തി. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും, തികഞ്ഞ ഗാന്ധിയനുമായ മൊറാര്‍ജി ദേശായിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഇന്ദിരാഗാന്ധി അവരുടെ നയം വ്യക്തമാക്കി. പതിനാലു സ്വകാര്യ ബാങ്കുകളെ ദേശസാല്‍ക്കരിച്ചുകൊണ്ട്, റഷ്യയോടുള്ള വിധേയത്വവും, താന്‍ സോഷ്യലിസ്റ്റാണെന്ന സന്ദേശവും ഒരേസമയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ‘മനസ്സാക്ഷി’ക്കനുസരിച്ച് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് അംഗങ്ങളും ഇതനുസരിച്ചില്ല. ഇടതുപക്ഷത്തിന്റെ പിന്തുണ വി.വി. ഗിരിക്കായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സി.ഡി. ദേശ്മുഖ് മൂന്നാം സ്ഥാനത്തായി. നേരിയ ഭൂരിപക്ഷത്തില്‍ വി.വി. ഗിരി ഇന്ത്യന്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പുതിയ നിയമവ്യവസ്ഥ, പാര്‍ലമെന്റ് പ്രസിഡന്റ് (ധര്‍മ്മനിര്‍വഹണം) നിയമം പാസ്സാക്കി. രാഷ്ട്രപതിയുടെ നിയമനങ്ങളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്.
പാകിസ്ഥാനിലും ചൈനയിലും റഷ്യയിലും മറ്റു ജനാധിപത്യ വിരുദ്ധ രാജ്യങ്ങളിലും നിലനിന്ന അതേ തന്ത്രം ശ്രീമതി ഇന്ദിരാഗാന്ധി ഭാരതത്തിലും പ്രയോഗിക്കുകയായിരുന്നു. ആസേതു ഹിമാചലുമുള്ള കോടിക്കണക്കിന് ജനതയുടെ ജീവവായുവായ ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ഇളംതൈകള്‍ അവരുടെ ഭരണകാലത്ത് കരിച്ചു ചാമ്പലാക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് നാടുകളിലെ പോലെ സര്‍ക്കാരും ഭരണകക്ഷിയും ഒന്നുതന്നെ എന്ന പ്രതീതിയുണ്ടാക്കുവാന്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പ് തന്നെ ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നു. റഷ്യയുടെ ഉപദേശപ്രകാരം ‘ലൈസന്‍സ് രാജ്’ ഏര്‍പ്പെടുത്തി. അതുവഴി ഭാരതത്തില്‍ സൈക്കിളിനും റേഡിയോക്കും വരെ ലൈസന്‍സ് ആയി. പല സംസ്ഥാനസര്‍ക്കാരുകളും ഇതിനെ എതിര്‍ത്തപ്പോള്‍, 1967 ലെ കേരളത്തിലെ ഇഎംഎസ് സര്‍ക്കാര്‍ ഇവിടെ സൈക്കിളിനും റേഡിയോക്കും ലൈസന്‍സ് ഏര്‍പ്പെടുത്തി. നാട്ടുരാജ്യങ്ങള്‍ക്ക് ജീവനാംശമായി നല്‍കിയിരുന്ന പ്രിവിപഴ്‌സ് നിര്‍ത്തലാക്കി.
ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് (ഇന്ദിര) പിറവിയെടുക്കുന്നു
ഔദ്യോഗിക വിഭാഗത്തില്‍ പ്രസിഡന്റ് എസ്.നിജലിംഗപ്പയും മൊറാര്‍ജി ദേശായിയും കെ.കാമരാജും മറ്റു മുതിര്‍ന്ന നേതാക്കളും അണിനിരന്നപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) രൂപീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തുടര്‍ന്നു, 1971 ലെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് ഇന്ദിര വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ന്നു നടന്ന ഇന്ത്യ -പാക് യുദ്ധത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അണിനിരന്നു. യുദ്ധത്തിലേക്ക് ഭാരതത്തെ പാകിസ്ഥാന്‍ വലിച്ചിഴക്കുകയായിരുന്നു. പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ ബംഗാളിലെ മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് വന്‍ഭൂരിപക്ഷം നേടി. എന്നാല്‍ ഒരു ബംഗാളിയെ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാനിലെ സൈന്യവും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തയ്യാറായിരുന്നില്ല. അവര്‍ ഭരണമാറ്റത്തിന് എതിരു നിന്നു. കിഴക്കന്‍ ബംഗാളിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ആയിരക്കണക്കിന് കിഴക്കന്‍ ബംഗാളികള്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് ഒഴുകി. ആദ്യമൊക്കെ ആസാം സംസ്ഥാന സര്‍ക്കാരും, പടിഞ്ഞാറന്‍ ബംഗാള്‍ സംസ്ഥാന സര്‍ക്കാരും, ബീഹാര്‍, ഒറീസ സംസ്ഥാനങ്ങളും അഭയാര്‍ത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും, എണ്ണം കൂടി വന്നപ്പോള്‍ അവരുടെ കൈകളില്‍ നിന്നില്ല. സാമ്പത്തിക പരാധീനത നിമിത്തം ബുദ്ധിമുട്ടിയിരുന്ന ഭാരത സര്‍ക്കാരും അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോടാവശ്യപ്പെട്ടു. അന്നത്തെ ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് മന്ത്രി സ്വരണ്‍ സിംഗ് യു.എന്‍. അംഗരാജ്യങ്ങളെ മുഴുവന്‍ കണ്ട്, തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. നിവൃത്തികെട്ട ഭാരതം പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും കിഴക്കന്‍ ബംഗാളിനെ ‘ബംഗ്ലാദേശ്’എന്ന പേരില്‍ അംഗീകരിക്കുകയും ചെയ്തു.
അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള അന്നത്തെ മുഖ്യപ്രതിപക്ഷമായ ജനസംഘവും, ഏറ്റവും വലിയ ദേശീയ പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക സംഘവും അഭിപ്രായവ്യത്യാസങ്ങള്‍ മറന്നുകൊണ്ട് ഇന്ദിരാ ഗാന്ധിയെ പൂര്‍ണമായി പിന്തുണച്ചു. പ്രതിപക്ഷ കക്ഷികള്‍, കേന്ദ്ര സര്‍ക്കാരിനോട് യുദ്ധത്തിന്റെ തെളിവുകള്‍ ആവശ്യപ്പെട്ടില്ല. ഒരൊറ്റ രാജ്യം ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. ഇന്ദിരാഗാന്ധിക്ക് ഭരണകക്ഷിയിലെ ആരെയും വിശ്വാസമുണ്ടായിരുന്നില്ല. അന്നത്തെ കരസേനാ മേധാവിയും, പില്‍ക്കാലത്തെ ഫീല്‍ഡ് മാര്‍ഷലുമായ ജനറല്‍ മാനേക് ഷായെ യുദ്ധത്തിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിച്ചു. പതിമൂന്നു ദിവസം കൊണ്ട് ഇന്ത്യന്‍ പട്ടാളം പാകിസ്ഥാനെ മുട്ടുകുത്തിച്ചു. ഒരു ലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഭാരതം, ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ഈ യുദ്ധത്തിന്റെ വിജയം ഇന്ദിരാഗാന്ധി സ്വന്തം വിജയമായി കണക്കാക്കി. പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ സിംലയിലേക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. അവിടെവച്ച് തടവിലുണ്ടായിരുന്ന 90,368 പാക് സൈനികരെയും മോചിപ്പിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചു. യുദ്ധത്തിന്റെ തുടര്‍ച്ചയായി ഭാരതം വലിയ കടക്കെണിയില്‍പ്പെട്ടു. ആകെയുണ്ടായിരുന്ന 60 കോടി ജനങ്ങളില്‍ 30.6 കോടി ജനങ്ങളും ഒരു നേരത്തെ ആഹാരത്തിന് നിവൃത്തിയില്ലാതെ നട്ടംതിരിഞ്ഞു. ഇന്ദിരാഗാന്ധിയുടെ താന്‍പോരിമയുടെയും, അഴിമതിയുടെയും ഫലമായി ജനങ്ങള്‍ വട്ടംതിരിഞ്ഞതായി പത്രമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
‘രാജസ്ഥാനിലെ ബെന്‍സ്വാര്‍ഡ് ഗ്രാമത്തിലേക്ക് ഓരോ ദിവസവും മൂവായിരത്തോളം ആളുകള്‍ ഒരു കഷണം റൊട്ടിക്കുവേണ്ടി മാത്രം വന്നുകൊണ്ടിരിക്കുന്നു. (ടൈംസ് ഓഫ് ഇന്ത്യ, ജയ്പൂര്‍ 17. 9.74).
വെസ്റ്റ് ബംഗാളിലെ ഉരുളിയാ ജില്ലയിലെ 16 ലക്ഷം ജനങ്ങളില്‍ 76 ശതമാനവും മാസങ്ങളായി അരിയുടെയും ഗോതമ്പിന്റെയും സ്വാദ് അറിഞ്ഞിട്ടില്ല. (സ്റ്റേറ്റ്‌സ്മാന്‍, കല്‍ക്കട്ട, 14.8.1974).
ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലയിലെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാര കുറവ് മൂലം കാഴ്ചശക്തി നഷ്ടപ്പെടുന്നു. (ഹിന്ദുസ്ഥാന്‍ ടൈംസ് 8.10.1974).
ഉത്തര്‍പ്രദേശില്‍ ഓരോ രണ്ടു മണിക്കൂറിനുള്ളിലും ഓരോ കൊലപാതകവും കവര്‍ച്ചയും നടക്കുന്നു (യു.എന്‍.ഐ. 11.7.1974).
കേരളത്തിലെ റേഷന്‍ ഇന്നുമുതല്‍ നാല് ഔണ്‍സായി കുറച്ചു (അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 1.6 കിലോ അരി). (മലയാള മനോരമ 25.5.1973).
മഹാത്മാഗാന്ധിയും പുതിയ ഗാന്ധിയും
1931 ഒക്ടോബറില്‍ ഗാന്ധിജി യങ് ഇന്ത്യയില്‍ എഴുതി:- ‘ഇന്ത്യ സ്വന്തം നാടാണ്. ഈ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഫലപ്രദമായ പങ്കുണ്ട്. സമാജത്തിലെ ഏറ്റവും അടിത്തട്ടില്‍ ഉള്ളവര്‍ക്കും അനുഭവപ്പെടുന്ന ഒരു രാഷ്ട്രത്തിനു വേണ്ടി ഞാന്‍ പരിശ്രമിക്കും. ആ ഭാരതത്തില്‍ ഉച്ചനീചത്വം ഉണ്ടായിരിക്കയില്ല. എല്ലാവരും പൂര്‍ണ്ണ സൗഹാര്‍ദ്ദത്തോടെ ജീവിക്കും.’ എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്, 1973- 74 കാലത്ത് അടിമപ്പണി ചെയ്യുന്ന 27 ലക്ഷം പേര്‍ ഭാരതത്തിലുണ്ടെന്ന് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊടിയ ദാരിദ്ര്യത്തില്‍ നിന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ സമഗ്ര വിപ്ലവത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചത്. അതിന് നേതൃത്വം കൊടുക്കാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്ന ജയപ്രകാശ് നാരായണന്‍ തന്നെ നേരിട്ടെത്തിയത് സമരവീര്യം ഉയര്‍ത്താന്‍ സഹായകമായി.
1971 മെയ് 24ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അവരുടെ സെക്രട്ടറി പി.എന്‍. ഹക്‌സറിന്റെയും ഒരു ടെലിഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് അറുപതുലക്ഷംരൂപ പിന്‍വലിക്കപ്പെട്ടു. നാഗര്‍വാല എന്നയാള്‍ ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ ബാങ്കിലെ മാനേജര്‍ മല്‍ഹോത്രയെ വിളിച്ച് പണം പിന്‍വലിപ്പിക്കുകയായിരുന്നു എന്നാണ് ഭാഷ്യം. നാലുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നാഗര്‍വാല പോലീസ് കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു നാഗര്‍വാലാ സംഭവം.
1971 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് രാജനാരായണന്‍, തിരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഇന്ദിരയുടെ താല്‍പര്യപ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എസ്.കെ. പാട്ടീല്‍, 1974 സപ്തംബറില്‍ സര്‍ക്കാര്‍ ജോലികള്‍ കോണ്‍ഗ്രസുകാരുടെ മക്കള്‍ക്കു മാത്രമായി സംവരണം ചെയ്യണമെന്ന് പരസ്യമായി വാദിച്ചു. ഹരിയാനയിലാകട്ടെ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ കോണ്‍ഗ്രസ് ഓഫീസിലൂടെ മാത്രം വിതരണം ചെയ്തു. പൊതുമേഖലാസ്ഥാപനങ്ങളിലെ ജോലികള്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രം നല്‍കി.
1975 ജൂണ്‍ 12ന് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദ് ചെയ്യുകയും ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിരാഗാന്ധി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും അടല്‍ ബിഹാരി വാജ്‌പേയിയും ജോര്‍ജ് ഫെര്‍ണാണ്ടസും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അഴിമതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഗുജറാത്തിലും ബീഹാറിലും സമര രംഗത്തേക്കിറങ്ങി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാകട്ടെ സ്വയം ഹൈക്കമാന്റായി ചമഞ്ഞ് സംസ്ഥാന മുഖ്യമന്ത്രിമാരെ വര്‍ഷാവര്‍ഷം മാറ്റാന്‍ തുടങ്ങി. സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും അഴിമതി തങ്ങളുടെ ജന്മാവകാശമായി കണക്കാക്കി.
അടിയന്തരാവസ്ഥ എന്നാലെന്ത്?
ഭാരത ഭരണഘടന 352-ാം വകുപ്പനുസരിച്ച് രാഷ്ട്രപതിക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. അതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. എന്നാല്‍ 1975 ജൂണ്‍ 25-ാം തീയതി അര്‍ദ്ധരാത്രി പെട്ടെന്നുണ്ടായ അടിയന്തരാവസ്ഥ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നില്ല. അര്‍ദ്ധരാത്രി 11:45ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ജയപ്രകാശ് നാരായണനടക്കം ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കളും ഇരുമ്പഴികള്‍ക്കുള്ളിലായി കഴിഞ്ഞിരുന്നു. 1971ല്‍ അന്നത്തെ രാഷ്ട്രപതി പുറപ്പെടുവിച്ച അടിയന്തരാവസ്ഥ നിലവിലിരിക്കുമ്പോഴാണ് രാഷ്ട്രപതി ഇത്തരം ഒരു നടപടിക്ക് മുതിര്‍ന്നതെന്നതും പ്രസ്താവ്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനം മുതല്‍ അത് പിന്‍വലിക്കുന്നത് വരെ, പൗരന് സ്വാഭാവിക നീതി നിഷേധിക്കുന്ന പല നിയമഭേദഗതികളും പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുവാന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞു. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും, ധീരേന്ദ്ര ബ്രഹ്മചാരി, സിദ്ധാര്‍ത്ഥ ശങ്കര്‍റേ, അവരുടെ കോക്കസിലെ മറ്റു ചില അംഗങ്ങള്‍ എന്നിവരായിരുന്നു സത്യത്തില്‍ പാര്‍ലമെന്റിനും കോടതികള്‍ക്കും മേലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ. ബറുവ ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന പ്രഖ്യാപനം നടത്തുകയും ഭാരതത്തിലാകമാനമുള്ള കോണ്‍ഗ്രസുകാരും, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും ചില മാധ്യമ പ്രഭൃതികളും ഇതിനു വലിയ പ്രചാരം നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണഘടന
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1947 ആഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മ്മാണസഭ സമ്മേളിച്ചു. കരട് തയ്യാറാക്കുന്ന കമ്മറ്റിയംഗങ്ങളെ ഈ സമ്മേളനം പ്രഖ്യാപിച്ചു. ഡോ. അംബേദ്കര്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയില്‍ സര്‍ അല്ലാടി കൃഷ്ണസ്വാമി അയ്യര്‍, സര്‍ ബി.എന്‍. റാവു, സെയ്ദ് എം. സാദുള്ള, സര്‍ എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, ഡോ. കെ.എം. മുന്‍ഷി, സര്‍ ബി.എന്‍. മിറ്റര്‍, ഡി.പി. ഖൈത്താന്‍ എന്നിവരും, പിന്നീട് എന്‍. മാധവറാവു, ടി.ടി. കൃഷ്ണമാചാരി എന്നിവരെയും ഉള്‍പ്പെടുത്തി. ഡോ. അംബേദ്കറാണ് കരട് ഭരണഘടന മിക്കവാറും എഴുതിയത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന അദ്ദേഹം മാതൃകയായി സ്വീകരിച്ചത് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഇന്ത്യ ഗവണ്‍മെന്റ് ആക്ടും, അമേരിക്ക, ആസ്‌ട്രേലിയ എന്നീ നാടുകളിലെ ഭരണഘടനകളുമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ മൊത്തം ലക്ഷ്യവും മാര്‍ഗ്ഗവും പ്രതിഫലിപ്പിക്കുന്നതാണ്. അതിങ്ങനെയാണ്:-
‘ഭാരതത്തിലെ ജനങ്ങളായ ഞങ്ങള്‍ ഭാരതത്തില്‍ ഒരു പരമാധികാര ജനായത്ത റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാര്‍ ക്കെല്ലാം- സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും – ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും – പദവിയിലും അവസരത്തിനും സമത്വം ലഭ്യമാക്കുവാനും – അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്ര ത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും- ഗൗരവം തീരുമാനിച്ചിരിക്കുകയാല്‍, നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ 1949 നവംബര്‍ 26 തീയതി, ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.’
1966 ലെ ഗോലക്‌നാഥ് കേസില്‍ സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാടില്ലെന്ന് വിധിച്ചു. ഈ വിധിയെ മറികടക്കാന്‍ 1971 ല്‍ തന്നെ ഇന്ദിരാഗാന്ധി ഇരുപത്തിനാലാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു പാസ്സാക്കി. അതോടെ മൗലികാവകാശ ങ്ങളടക്കം ഏതൊരു വകുപ്പും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം ലഭിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇതിനകം പ്രസിദ്ധമായ കേശവാനന്ദഭാരതി കേസില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. സുപ്രീം കോടതി സര്‍ക്കാര്‍ നിലപാടിന് അംഗീകാരം കൊടുത്തു. 24-ാം ഭരണഘടനാഭേദഗതി സാധുവാണെന്ന് 1973 ഏപ്രില്‍ മാസത്തില്‍ വിധിച്ചു. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തരുത് എന്ന നിര്‍ദ്ദേശവും സുപ്രീംകോടതി നല്‍കി.
ഭരണഘടനയില്‍ അടിയന്തരാവസ്ഥക്കാലത്ത് രണ്ടു വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷനേതാക്കളെയും പതിനായിരക്കണക്കിന് ജനങ്ങളെയും തടവില്‍ വച്ചുകൊണ്ടാണ് ‘സോഷ്യലിസ്റ്റ്, സെക്കുലര്‍’ എന്നീ വാക്കുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. നിയമത്തിന്റെ മുമ്പില്‍ തുല്യതയും അവസര സമത്വവും പ്രദാനം ചെയ്യുന്ന ഒരു ഭരണഘടനയില്‍ അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പദങ്ങള്‍ തിരുകി കയറ്റുന്നതിന് ഡോ. അംബേദ്കറിന് താല്പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ തിരുകി കയറ്റിയ വാക്കുകളാണ് ഭരണഘടനയുടെ അടിസ്ഥാനമെന്നു പോലും കോണ്‍ഗ്രസുകാര്‍, എക്കാലത്തും പ്രചരിപ്പിച്ചു പോന്നു.
ഭരണഘടന ഭേദഗതി ചെയ്യാന്‍ 368-ാം വകുപ്പ് പാര്‍ലമെന്റിന് അധികാരം നല്‍കുന്നുണ്ട്. അതുപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ തന്നെ മാറ്റം വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ സുപ്രീം കോടതി തടഞ്ഞു. ‘ഭരണഘടനയുടെ അടിത്തറ തകര്‍ക്കാന്‍ പാടില്ല’ എന്നു വിധിച്ച മൂന്നു ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് ഷേലത്ത്, ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ, ജസ്റ്റിസ് ഗ്രോവര്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വക പ്രതിഫലം ഉടനെ കിട്ടി. അവരുടെ മൂന്നുപേരുടെയും സീനിയോറിറ്റി മറികടന്ന് താരതമ്യേന ജൂനിയറായ എ.എന്‍. റേയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കി.
അലഹബാദ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് 39-ാം ഭരണഘടനാഭേദഗതി കൊണ്ടുവന്നത്. ഇതുമൂലം ഇന്ദിരാഗാന്ധിക്ക് തിരഞ്ഞെടുപ്പ് കേസില്‍ അവരുടെ അംഗത്വം റദ്ദ് ചെയ്യുന്നതിന് കാരണമായി തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ കുറ്റമല്ലാതാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ചണ്ഡീഗഡില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ഭരണഘടനാ പുനരവലോകനം ആവശ്യമാണെന്ന് തീരുമാനിച്ചു. ഭരണഘടനയുടെ 32, 226 എന്നീ വകുപ്പുകളാണ് പൗരന്മാര്‍ക്ക് കോടതികളുടെ സംരക്ഷണം (റിട്ടധികാരമടക്കം) ഉറപ്പു നല്‍കുന്നത്. ഈ വകുപ്പുകളെപ്പറ്റി 1948 ഡിസംബര്‍ 9ന് ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പറഞ്ഞത് ഇങ്ങനെയാണ് :- ‘ ഈ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകള്‍ ഏതാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും 32, 226 വകുപ്പുകളാണെന്ന്. ആ വകുപ്പുകളാണ് നമ്മുടെ ഭരണഘടനയുടെ ഹൃദയവും ആത്മാവും.
അതുപോലെ 359-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി പുറപ്പെടുവിച്ച ഒരുഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്തതിന് അറ്റോണി ജനറല്‍ നിരണ്‍ഡെ നല്‍കിയ വിശദീകരണം അടിയന്തരാവസ്ഥയുടെ ഭീകരമുഖം വ്യക്തമാക്കുന്നു: ‘ഒരു മിസ്സാ തടവുകാരനെ വെടിവെച്ചു കൊന്നാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നായിരുന്നു നിരണ്‍ഡെയുടെ വാദം.’ ബോംബെ ഹൈക്കോടതിയിലും ഇതുപോലൊരു വാദമുണ്ടായി. അവിടെ സര്‍ക്കാര്‍ വക്കീലന്മാര്‍ വാദിച്ചത് ‘മിസാ തടവുകാരന് ഭക്ഷണമോ വെള്ളമോ കൊടുത്തില്ലെങ്കില്‍ പോലും അതില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവകാശമില്ല’ എന്നായിരുന്നു. 42-ാം ഭരണഘടനാഭേദഗതിക്കാധാരം 1976 ല്‍ നിയമിച്ച സ്വരണ്‍ സിംഗ് കമ്മറ്റി റിപ്പോര്‍ട്ടാണ്. അതില്‍ പറഞ്ഞിരിക്കുന്നത് ഭേദഗതി നിയമങ്ങളെ ഒരു കോടതിയിലും ചോദ്യം ചെയ്തുകൂടെന്നാണ്. പൊതുവില്‍ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണം എന്നതായിരുന്നു സ്വരണ്‍സിംഗ് കമ്മറ്റിയുടെ ശുപാര്‍ശകള്‍.
സ്വരണ്‍സിംഗ് കമ്മറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ അന്തുലെ സ്വന്തമായൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ആവശ്യപ്പെട്ടത് ഏക പാര്‍ട്ടി ജനാധിപത്യ രീതിയാണ്. നിലവിലുള്ള പാര്‍ലമെന്റിനെ തന്നെ ഒരു രണ്ടാം ഭരണഘടനാ നിര്‍മ്മാണസഭയായി പരിവര്‍ത്തനം ചെയ്യണമെന്ന് മറ്റുചില കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമമന്ത്രി എച്ച്.ആര്‍.ഗോഖലെ 42-ാം ഭരണഘടനാഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 59 വകുപ്പുകളോട് കൂടിയ ഈ ഭേദഗതി ജനായത്ത സംവിധാനം തകര്‍ക്കുന്നതായിരുന്നു. 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ 44-ാം ഭേദഗതിയിലൂടെ ജനായത്ത മൂല്യങ്ങള്‍ക്ക് സംരക്ഷണം നല്‍കി.
ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ തകര്‍ക്കുന്നു
പാര്‍ലമെന്റിനെയും മന്ത്രിസഭയെ തന്നെയും നോക്കുകുത്തിയാക്കി കൊണ്ടാണല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനോടൊപ്പം തന്നെ ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ മാധ്യമപ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാനും ഇന്ദിരാഗാന്ധി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ജൂണ്‍ 26 ന് തന്നെ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അതിനുള്ള കാരണമായി ജൂലായ് 22ന് പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധി ഇങ്ങനെ വിവരിച്ചു: ‘പത്രങ്ങള്‍ എന്ന ഒന്നില്ലാതായാല്‍ പിന്നെ ഒരു പ്രക്ഷോഭണവും ഉണ്ടാകില്ല. പ്രക്ഷോഭണങ്ങള്‍ മുഴുക്കെ പത്രങ്ങളുടെ പേജുകളിലാണ്. എന്തുകൊണ്ട് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി എന്ന് ചോദിച്ചാല്‍ അതിന്റെ കാരണം ഇതാണ്. മറ്റൊന്നും തെളിയിച്ചിട്ടില്ലെങ്കില്‍ തന്നെ സെന്‍സര്‍ഷിപ്പ് ഈയൊരു കാര്യം തെളിയിച്ചിട്ടുണ്ട്. പത്രങ്ങള്‍ക്ക് പണ്ടത്തെ പോലെ സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കില്‍ ഇന്ന് ഭയങ്കരമായ സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നു.’
ലോക സംഘര്‍ഷ സമിതിയും രാഷ്ട്രീയ സ്വയംസേവക സംഘവും ഇതിനെ നേരിട്ടത് ‘ജനസന്ദേശം, കുരുക്ഷേത്രം, സുദര്‍ശനം’ തുടങ്ങിയ ജനകീയ പത്രികകള്‍ പുറത്തിറക്കിക്കൊണ്ടാണ്. അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുകൊണ്ടുള്ള എകെജിയുടെ പാര്‍ലമെന്റ് പ്രസംഗം താന്‍ വായിച്ചത് കുരുക്ഷേത്രത്തില്‍ നിന്നാണെന്ന് പ്രസിദ്ധ ചരിത്രകാരനായ വി. വി. കെ. വാലത്ത് പറയുന്നു. അന്നാ പ്രസംഗം പ്രസിദ്ധീകരിക്കാന്‍ ദേശാഭിമാനിക്ക് സാധിക്കുമായിരുന്നില്ല. ഓരോ ദിവസത്തെ പത്രവാര്‍ത്തയുമായി പത്രാധിപന്മാര്‍ ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനു മുമ്പില്‍ ക്യൂ നിന്ന് അംഗീകാരം നേടേണ്ട സാഹചര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്, കേസരി, ജന്മഭൂമി, രാഷ്ട്രവാര്‍ത്ത, ദേശാഭിമാനി തുടങ്ങി നിരവധി ദിനപത്രങ്ങളും വാരികകളും ദിവസങ്ങളോളം അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ടാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. കേസരി വാരികയുടെ ഓഫീസ് അര്‍ദ്ധരാത്രിയില്‍ വന്ന് അടച്ചുപൂട്ടി സഹ പത്രാധിപര്‍ രാജശേഖരന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു കണ്ണുകെട്ടി കൊണ്ടാണ് പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയത്. ദല്‍ഹിയില്‍ നിന്നിറങ്ങുന്ന ശങ്കേഴ്‌സ് വീക്കിലിയുടെ തേരാളിയായിരുന്ന കെ. ശങ്കരപ്പിള്ള (കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍) തന്റെ സ്ഥാപനം അടച്ചുപൂട്ടി ഇനി എന്റെ സ്ഥാപനത്തിന് പ്രസക്തിയില്ല എന്ന് ആമുഖത്തോടെ താക്കോല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുക്കുകയുണ്ടായി.
കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ മാതൃഭൂമി ദിനപ്പത്രം ആദ്യ ദിവസങ്ങളില്‍ അടിയന്തരാവസ്ഥയെ തുറന്നു കാട്ടുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ പ്രായാധിക്യം കൊണ്ട് കെ.പി. കേശവമേനോന്‍ നിശ്ശബ്ദനാവുകയും മാതൃഭൂമി ദിനപത്രം, മലയാള മനോരമയുടെ വഴിയിലൂടെ സഞ്ചരിച്ച് അടിയന്തരാവസ്ഥയുടെ പ്രചാരകരാവുകയും ചെയ്തു. രാംനാഥ് ഗോയങ്കയും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും അടിയന്തരാവസ്ഥയുടെ പൊള്ളത്തരം പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
ഒ.വി.വിജയനും എം.ഗോവിന്ദനും
ചിത്രകാരന്‍ എന്ന നിലയ്ക്കും എഴുത്തുകാരന്‍ എന്ന നിലയ്ക്കും മലയാളിയുടെ പ്രിയങ്കരനായ ഒ.വി. വിജയന്‍ അടിയന്തരാവസ്ഥ ഇടതുപക്ഷങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ച നിര്‍ഭയനാണ്. ആനന്ദ്, എം.പി. നാരായണ പിള്ള, എം. സുകുമാരന്‍ പട്ടത്തുവിള കരുണാകരന്‍, വി.കെ.എന്‍, കാക്കനാടന്‍, കെ. അയ്യപ്പപ്പണിക്കര്‍, വൈലോപ്പിള്ളി, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങി മൗലിക ചിന്തയുള്ള പലരും അടിയന്തരാവസ്ഥയ്‌ക്കെതിരെ രംഗത്തുവന്നത് അഭിമാനത്തോടെ സ്മരിക്കേണ്ടതാണ്.
‘എഴുത്തോ നിന്റെ കഴുത്തോ?
ഏറെക്കൂറ് ഏതിനോട് എന്നു ചോദിച്ചൊരുവന്‍
എന്റെ മുന്നില്‍ വരും മുമ്പേ
എന്റെ ദൈവമേ
നീ ഉണ്‍മയെങ്കില്‍
എന്നെ കെട്ടിയെടുത്തേക്കു
നരകത്തിലെങ്കിലങ്ങോട്ട്’ എന്ന കവിത എഴുതിയ നിര്‍ഭയനാണ് എം. ഗോവിന്ദന്‍. താന്‍ സ്വന്തക്കാരെന്നും പക്ഷക്കാരെന്നും കരുതിയ പലരും അവസരവാദികളും ഭീരുക്കളുമായിരുന്നെന്ന് തിരിച്ചറിഞ്ഞ അവസരമായിരുന്നു അടിയന്തരാവസ്ഥയെന്ന് എം.ഗോവിന്ദന്‍ പലരോടും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു എന്നുറപ്പു വന്നപ്പോള്‍ നോവലും ലേഖനവും കഥകളും എഴുതി പലരും അടിയന്തരാവസ്ഥയുടെ വിമര്‍ശികരായി രംഗത്തുവന്നതിനും ചരിത്രം സാക്ഷിയാണ്.





















