മിലേ സുര്‍ മേരാ… തുമാരാ… എന്ന ദേശീയോദ്ഗ്രഥന ഗാനം 1988ല്‍ ദൂരദര്‍ശനില്‍ പിറന്നു വീഴുമ്പോള്‍ ഭീംസെന്‍ ജോഷിയോടൊപ്പം ആ ഗാനാലാപനത്തില്‍ പങ്കെടുത്ത ‘ബാല മുരളീകൃഷ്ണ’പറഞ്ഞു ”കടലിന്റെയോ നദിയുടെയോ പശ്ചാത്തലത്തില്‍ വേണം ചിത്രീകരിക്കാന്‍. സംഗീതം പോലെ, ഇന്ത്യയുടെ മറ്റൊരു ചിന്മുദ്ര ജലമാണ്.” താന്‍ പാടിയുണര്‍ത്തിയ ഗോദാവരിയുടെയും കാവേരിയുടെയും തീരങ്ങള്‍ അപ്പോള്‍ ഗായകന്റെ മനസ്സില്‍ ഉണ്ടായിരിക്കണം. ശ്രുതിയും താളവും സംഗീതവും സാഹിത്യവും മാലികകളായി കോര്‍ത്തിണക്കിയ ജീവിതം. കര്‍ണാടക സംഗീതശാഖയെ വൈവിധ്യപൂര്‍ണ്ണവും മധുരോദാരവും ജനപ്രിയവുമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച പ്രതിഭയാണ് 2016 നവംബര്‍ 22ന് വിടവാങ്ങിയത്. നിരുപമമായ രാഗവിന്യാസങ്ങളും രാഗഛായ സഞ്ചാരങ്ങളും ശബ്ദമാധുര്യവും ലയഭംഗിയും സമ്മേളിക്കുന്ന ആ കച്ചേരികള്‍ നാദഗംഭീരവും ദൃശ്യമോഹനവുമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നിരവധി വലിയ ഗായകര്‍ കര്‍ണാടക സംഗീതലോകത്തേക്ക് വന്നിട്ടുണ്ട്. അവരില്‍ സാമാന്യജനങ്ങളോട് ഏറ്റവുമടുത്തു നിന്നത് ബാലമുരളീകൃഷ്ണതന്നെ. കര്‍ണാടകസംഗീതത്തിലെ ഇടിമുഴക്കമായിരുന്നു അദ്ദേഹം. ബധിര കര്‍ണ്ണങ്ങളെ അതുണര്‍ത്തി. രാഗങ്ങളെയും രസങ്ങളെയും പരസ്പരം തൊടാതെ ഘടകങ്ങളായി നിര്‍ത്തുന്ന വിരസതയില്‍ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. സാഹിത്യത്തെയും സംഗീതത്തെയും അര്‍ത്ഥത്തിന്റെയും രസത്തിന്റെയും ഭാവങ്ങളുടെയും സൗന്ദര്യവുമായി കൂട്ടിയിണക്കി. മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബാലമുരളി ശാസ്ത്രീയസംഗീതത്തെ ജനപ്രിയമാക്കി.
ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം ഗ്രാമത്തില്‍ 1930 ജൂലായ് ആറിനാണ് മംഗലം പള്ളി ബാലമുരളീകൃഷ്ണയുടെ ജനനം. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അച്ഛനില്‍ നിന്നും പഠിച്ച ശേഷം ത്യാഗരാജസ്വാമികളുടെ പിന്‍ഗാമിയായ പാരുപള്ളിരാമ കൃഷ്ണയ്യപന്തുലുവിന്റെ ശിഷ്യനായി. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. ഏട്ടാമത്തെ വയസ്സില്‍ കൃഷ്ണയുടെ ആദ്യകച്ചേരി കേട്ട പ്രശസ്ത ഹരികഥാകലാകാരന്‍ മുസുനുറി സൂര്യനാരായണ മൂര്‍ത്തി ഭാഗവതരാണ് ”ബാല” എന്ന വിശേഷണം പേരിനൊപ്പം ചേര്‍ത്തത്. വായ്പാട്ടില്‍ മാത്രമല്ല ഉപകരണസംഗീതത്തിലും അദ്ദേഹത്തിന് തികഞ്ഞ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. മൃദംഗവും വീണയും ഗഞ്ചിറയുമൊക്കെ അസാധാരണ മികവോടെയാണ് അദ്ദേഹം വായിച്ചിരുന്നത്. നിരവധി തില്ലാനകളും കൃതികളും വര്‍ണ്ണനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ”ലാവംഗി, മഹതി, മനോരമ, മുരളി, സുമുഖം, ഓംകാരി” തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. ഇവയെല്ലാം ആസ്വാദകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. ബാലമുരളിയുടെ സംഗീതം സമുദ്രഗര്‍ജനം പോലെ മുഴങ്ങുന്നതും നദീപ്രവാഹം പോലെ സ്വച്ഛതയാര്‍ന്നതും ആകാശം പോലെ വിസ്തൃതവുമാണ്. അസൂയാവാഹമായ മനോധര്‍മ്മം, സാന്ദ്രതയേറിയ രാഗാലാപനം, കൃത്യതയുള്ള ഉച്ചാരണം കാല്‍പ്പനികത, സൗന്ദര്യാനുഭൂതികള്‍, സ്വച്ഛന്ദത, കാന്തികത എന്നിങ്ങനെ ബാലമുരളീകൃഷ്ണയുടെ സംഗീതത്തില്‍ തന്മയീഭാവങ്ങള്‍ ഏറെയുണ്ട്. മലയാളവും സംസ്‌കൃതവും തമിഴും തെലുങ്കുമെല്ലാം അദ്ദേഹത്തിനു വഴങ്ങി.
മഹാരാജപുരം വിശ്വനാഥ അയ്യര്‍, അരിയക്കുടി രാമാനുജ അയ്യര്‍, ശെമ്മാക്കുടി ശ്രീനിവാസ അയ്യര്‍, എംഡി. രാമനാഥന്‍, എം.എസ്. സുബ്ബലക്ഷ്മി, സി.കെ. പട്ടമ്മാള്‍ എന്നിങ്ങനെ കര്‍ണാടക സംഗീതത്തെ ചരിത്രബദ്ധമാക്കിയ ഗായകരുടെ അവസാന കണ്ണിയായി ബാലമുരളീകൃഷ്ണയെ കരുതാം. കര്‍ണാടക സംഗീതം സാക്ഷ്യം വഹിച്ച മഹാപ്രതിഭകളെല്ലാം കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ വിടവാങ്ങി മറഞ്ഞപ്പോള്‍ ബാലമുരളീകൃഷ്ണ ആ മഹാകാലത്തിന്റെ ബൃഹത്തായ സംഗീതപാരമ്പര്യത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് സധീരം നയിച്ചുകൊണ്ടുപോയി. നാഗസ്വരത്തില്‍ രാജരത്തിനംപിള്ളയെപ്പോലെ പുല്ലാംങ്കുഴലില്‍ മഹാലിംഗത്തിനെപ്പോലെ ജനക്കൂട്ടത്തെ ആകര്‍ഷിച്ചടുപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം നിര്‍വഹിച്ച പ്രയോഗപരീക്ഷണങ്ങള്‍ വേഗത്തില്‍ ജനകീയമായി. അതിലുപരി ബാലമുരളിയുടെ സംഗീതത്തില്‍ ഒരു സാമൂഹികതയുണ്ട്. പാരമ്പര്യാധിഷ്ഠിതമായ ഗാനപദ്ധതിയെ ബാലമുരളി കാലോചിതമായി പരിഷ്‌കരിച്ചു, മൗലിക ചേരുവകളാല്‍ അതിനെ കൂടുതല്‍ രുചികരമാക്കി. തളംകെട്ടികിടക്കുന്ന ജലത്തെ പോലെയാകരുത് ‘സംഗീതം’ എന്ന മതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതംപോലെ സംഗീതവും നൈരന്തര്യമുള്ളതാവണമെന്നും അതിനെ കാലാനുസൃതമായി പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ചലനാത്മകത കൊണ്ടു മാത്രമേ ക്ലാസിക്കല്‍ സംഗീതത്തെ, വിശിഷ്യാ കര്‍ണാടക സംഗീതത്തെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചു. ത്യാഗരാജ കൃതി സ്വതസിദ്ധ ശൈലിയില്‍ ആലപിക്കാനും അത് എങ്ങനെ പാടേണ്ടതാണ് എന്ന് ഉറപ്പിച്ചു പറയാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രശസ്തമായ ‘മാനസ സഞ്ചരരേ…’ യുടെ ആലാപനം, ശ്യാമരാഗത്തില്‍ പതിവായി പാടുന്ന കൃതിയെ ബാല വിഭിന്നമായി ആലപിച്ചു കേള്‍വിക്കാരില്‍ പുതിയ ഇമ്പമുണര്‍ത്തുവാന്‍ കഴിഞ്ഞു.
യേശുദാസ് സിനിമയില്‍ ഗായകനായി അഭിനയിക്കുമ്പോള്‍, ചുണ്ടനക്കാന്‍ ദാസും ആലപിക്കാന്‍ മറ്റൊരാളും. 1966ല്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘അനാര്‍ക്കലി’ എന്ന ചിത്രത്തില്‍ വയലാറിന്റെ വരികള്‍ക്ക് ബാബുക്കായുടെ സംഗീതത്തില്‍ ‘സപ്തസ്വര… സുധാ സാഗരമേ…’ എന്ന ഗാനം പാടിയതും ബാല തന്നെ. ശ്രീകുമാരന്‍ തമ്പിയുടെ ‘ഗാനം’ എന്ന ചിത്രത്തില്‍ ‘യാരമിതാ വനമാലിന, എന്തരോ മഹാനു ഭാവലു… അദ്രീസുധാവര’ എന്നീ മൂന്നുഗാനങ്ങള്‍ ആലപിച്ചു. 1977ല്‍ ഇറങ്ങിയ ‘പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍’ എന്ന സിനിമയില്‍ ‘കണ്ണന്റെ കവിളില്‍ സിന്ദൂര തിലകത്തിന്‍’ എന്ന ഗാനം സൂപ്പര്‍ഹിറ്റ്. ലെനിന്‍ രജേന്ദ്രന്റെ സംഗീത ചിത്രമായ സ്വാതിതിരുനാളില്‍ ഉജ്വലമായി ആലപിച്ച ശാസ്ത്രീയഗാനങ്ങള്‍ ഉണ്ടായിരുന്നു. സംഗീതപ്രാധാന്യമുള്ള രാജീവ് നാഥ് സംവിധാനം ചെയ്ത ‘കാവേരി’യില്‍ ദക്ഷിണാമൂര്‍ത്തിയും ഇളയരാജയും ചേര്‍ന്ന് സംഗീതമൊരുക്കി. ഇതില്‍ കാവാലം ‘രചിച്ച’ നീലലോഹിത ഹിതകാരിണീ… എന്ന ഗാനം ആരാധകര്‍ക്ക് ഏറെപ്രിയം. സിബിമലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന് അംഗീകാരം നേടിയ ‘ഭാരത’ത്തിലും പാടി ‘ഭക്തപ്രഹ്ലാദ’യെന്ന സിനിമയില്‍ നാരദവേഷം ശ്രദ്ധേയമായി. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം’ എന്ന ചിത്രത്തില്‍ ഭാസ്‌കരന്‍ ഭാഗവതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാഗവതരുടെ മകളായി നടി ‘സീമയും’ സംഗീതാദ്ധ്യാപകനായി മമ്മുട്ടിയും…!
രാഗങ്ങളെയും രസങ്ങളെയും പരസ്പരം തൊടാത്ത ഘടകങ്ങളായി നിര്‍ത്തുന്ന വിരസതയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബാലയുടെ ആലാപനം. സാഹിത്യത്തെയും സംഗീതത്തെയും അര്‍ത്ഥത്തിന്റെയും രസത്തിന്റെയും ഭാവങ്ങളുടേയും സൗന്ദര്യവുമായി കൂട്ടിയിണക്കി. ഭീംസെന്‍ ജോഷി, ഹരിപ്രസാദ് ചൗരസ്യ, കിഷോരി അമോങ്കര്‍ എന്നീ പ്രഗല്‍ഭ സംഗീതജ്ഞര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ജുഗല്‍ബന്ദികള്‍ അനുപമമായിരുന്നു. ലോകത്തിലങ്ങോളമിങ്ങോളമായി അദ്ദേഹം 25,000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ കലകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഭാരത സര്‍ക്കാര്‍ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ‘ഹംസഗീതേ’ എന്ന ഗാനത്തിന് മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയപുരസ്‌കാരവും മാധവാചാര്യ എന്ന സിനിമയില്‍ സംഗീതം നല്‍കിയതിന് മികച്ച സംഗീതജ്ഞനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാനപുരസ്‌കാരങ്ങളും ലഭിച്ചു (ചിത്രം: സ്വാതിതിരുനാള്‍). വിവിധ സര്‍വകലാശാലകളില്‍ നിന്നായി നാലോളം ഡിലിറ്റ്, ഒന്‍പതു സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് അദ്ദേഹത്തെ തേടിയെത്തി. 2012ല്‍ കേരളം സ്വാതിസംഗീത പുരസ്‌കാരം നല്‍കി ആദരിച്ചു. ആന്ധ്രാസര്‍ക്കാരിന്റെ ആസ്ഥാനവിദ്വാന്‍ പദവിയും ലഭിച്ചിട്ടുണ്ട്.
ആറാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി സംഗീതത്തിനായി ജീവിതം നല്‍കിയ അദ്ദേഹം നിസ്വനമാണെന്നു തോന്നിച്ച സംഗീതവൃത്തിയെ രാജകീയ പാതകളിലൂടെ ആനയിച്ചു. പകരം വെയ്ക്കാനാവില്ലാത്ത സംഗീതവും ജീവിതവും നിലച്ചു; ആ മുരളീരവവും, കാലത്തിന് മുമ്പേ പറന്ന സംഗീതജ്ഞന് പ്രണാമം.





















