അയിരൂര്‍ നാട്ടുകാരനായിരുന്ന ആറന്മുള നാരാണദേവന്റെ പാദദാസന്‍ ‘കോവിന്ദ’ കവി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ എഴുതിയ കമനീയമായ ഒരു പാട്ടു കാവ്യമാണ് തിരുനിഴല്‍മാല. പള്ളിയോടവും വഞ്ചിപ്പാട്ടും ആറന്മുളക്കണ്ണാടിയും വഞ്ചിപ്പാടും വള്ളസദ്യയും പിറവി കൊണ്ട നാട്ടില്‍ പതിമൂന്നു നൂറ്റാണ്ടിനു മുമ്പേ ഭക്തോത്തമനായ ഒരു പണ്ഡിതകവി ജന്മം കൊണ്ടിരുന്നു. ആറന്മുളയെക്കുറിച്ചുള്ള ആദ്യ ലിഖിത ചരിത്രമാണത്. അതിമധുരമായ ഒരു തോറ്റംപാട്ടാണ് തിരുനിഴല്‍മാലയെങ്കിലും കേവലമായ ഒരു നാട്ടു പാട്ടു മാത്രമല്ലത്. ജംബ്ബുദ്വീപ് എന്ന ഭാരത്തെക്കുറിച്ചും അതില്‍പ്പെടുന്ന മലയാള നാടിനെ, പ്രത്യേകിച്ച് നന്മ നിറഞ്ഞ ദേവഗണങ്ങള്‍ കൊതിക്കുന്ന ആറന്മുളയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാട്ടുകാവ്യമാണ് തിരുനിഴല്‍മാല.
‘മലനാട്ടുഭാഷയുടെ പ്രാഗ് രൂപത്തെക്കുറിച്ചും അന്ന് പരക്കെ പ്രചാരത്തിലിരുന്ന സവിശേഷമായ പാട്ടു സാഹിത്യരൂപത്തെപ്പറ്റിയും വിലപ്പെട്ട അറിവുകള്‍ പകര്‍ന്നു തരാന്‍ പറ്റിയ ഒരു ഗ്രന്ഥമാണ്. വിസ്മൃതിയുടെ കൂരിരുളിലാണ്ടുപോയ ഈ അമൂല്യ താളിയോല ഗ്രന്ഥം 2005 മെയ് മാസത്തിലാണ് കാസര്‍കോട് ജില്ലയിലെ തായന്നൂരിലെ തെയ്യാട്ട സമുദായത്തില്‍പ്പെട്ട ഒരു മലയന്‍ പണിക്കരുടെ കുടിലില്‍ നിന്നും എനിക്ക് കണ്ടെടുക്കാന്‍ സാധിച്ചത്. അതിന്റെ ആദ്യ താളിയോലപ്പതിപ്പ് കണ്ണൂര്‍ ജില്ലയിലെ ചാമക്കാവ് ദേവസ്വത്തില്‍ നിന്ന് കണ്ടെത്തി കോഴിക്കോട് സര്‍വ്വകലാശാലയില്‍ എത്തിച്ചത് ഡോ.കെ.കെ കരുണാകനായിരുന്നു. അതാണ് ഡോ. എം.എം. പുരുഷോത്തമന്‍ നായര്‍ വ്യാഖ്യാന സഹിതം സര്‍വ്വകലാശാലയ്ക്ക് വേണ്ടി 1981 ല്‍ പ്രസിദ്ധീകരിച്ചത്. അതാകട്ടെ അപൂര്‍ണ്ണമാണ്. ദശാവതാരം, പാട്ടു വരികള്‍ ഇവയിലെല്ലാം ഈ അപൂര്‍ണ്ണത സംദൃശ്യമാണ്. എന്നാല്‍ തായന്നൂരില്‍ നിന്ന് കണ്ടെടുത്ത ഗ്രന്ഥം 97 ചതുഷ്പദികളും 573 ഓളം ഈരടികളും കൊണ്ട് മനോജ്ഞമായ ഒരു കാവ്യ മാലികയാണ്. ഏതുകമോനാദിപാട്ടുലക്ഷണങ്ങള്‍ ഈരടികള്‍ക്കു കൂടി ചാര്‍ത്തിക്കൊടുത്ത പാട്ടുപ്രസ്ഥാനത്തിലെ മുഖ്യമായ കൃതിയാണിത്. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് വേണ്ടിയാണ് 2006 മെയ് മാസത്തില്‍ സവ്യാഖ്യാനം ഞാനീ അമൂല്യ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
അക്കാലത്തെ ഭാഷ, സാഹിത്യ രീതി സമൂഹഘടന, സമുദായ ജീവിത രീതി, വിശ്വാസപ്രമാണങ്ങള്‍, ജനജീവിതത്തിന്റെ വിഭിന്നവും സവിശേഷവുമായ നില എന്നു വേണ്ട അവരുടെ ആശാ നിരാശകളും പ്രതീക്ഷകളും എല്ലാമെല്ലാം വ്യക്തമാക്കുന്ന അമൂല്യമായ ഒരു ഗ്രന്ഥമാണ് തിരുനിഴല്‍മാല’. തിരുനിഴല്‍മാലാകാരന്റെ സുചിന്തിതമായ അഭിപ്രായത്തില്‍ കേരളപ്പിറവി ”മുരണെഴും തപം പൊലിന്ത മുനിവര്‍ കോന്‍ പരചുരാമന്‍ വരുണനോടിരന്നു കൊണ്ട് മണിമുറമെടുത്തെറിന്തു” കൊണ്ടാണ് കടല്‍ പിന്മാറി കേരളം ഉയര്‍ന്നുവന്നത്. മറ്റാരും രേഖപ്പെടുത്താത്ത ഒരു ചരിതമാണിത്. ഇമ്മട്ടില്‍ ചരിത്രവും ഭൂമിശാസ്ത്രവും ഭാരതീയന്റെ ആത്മദര്‍ശനവും പ്രതിഫലിക്കുന്ന മന്ത്രവാദ ഗീതയാണിത്.

ആറന്മുള നാരായണ ദേവന്റെ കണ്ണേറും നാവേറും മന്ത്രവാദ സഹിതം പിണി ഒഴിപ്പിക്കുന്ന രംഗമാണ് ഇതിലെ പ്രതിപാദ്യം എങ്കിലും ഒരു ഉത്തമകൃതി എന്ന നിലയില്‍ തനിക്കു ചുറ്റിലുമുള്ള ജീവിത രംഗങ്ങളെ കവി ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ഇതില്‍ …. ഒരു സാംസ്‌കാരിക ചിഹ്നം എന്ന നിലയില്‍ ഏതു കൃതിക്കും കാലാതിവര്‍ത്തിയാകാന്‍ ഈ ഉള്ളടക്കം അനിവാര്യവുമാണ് – ജന ജീവിത വിശ്വാസങ്ങളും പ്രതീക്ഷകളും ദൈവത്തില്‍ സമര്‍പ്പിച്ചു കൊണ്ട് മര്‍ത്യജീവിതത്തെ വ്യാഖ്യാനിക്കാനുള്ള മനുഷ്യന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് മിക്ക പ്രാചീന കൃതികളും – ആറന്മുള ദേവന്റെ ബാധ ഒഴിപ്പിക്കുന്ന വിപുലവും വിശേഷവുമായ ചടങ്ങുകളാണ് ഗ്രന്ഥം വിശദീകരിക്കുന്നത് എങ്കിലും അക്കാലത്തെ ക്ഷേത്ര ഭരണം സംബന്ധിച്ച് അന്നുണ്ടായിരുന്ന ഒട്ടനേകം അരുതായ്മകളെ മുനകൂര്‍ത്ത പരിഹാസശരങ്ങളാലാണ് ‘ഗോവിന്ദ കവി’ നേരിടുന്നതും കാട്ടിത്തരുന്നതും.
അന്ന് അമ്പലം നടത്തിച്ചുവന്നവരുടെ മത്സരബുദ്ധിയേയും ഭക്തിയേതുമില്ലാത്ത അഭിലഷണീയമേയല്ലാത്ത നിലപാടുകളെയും കവി കണക്കിന് പരിഹസിക്കുന്നുണ്ട്. അന്നത്തെ ഊരാളന്മാരും കാരാണന്മാരും അമ്പലവാസികളും കാട്ടുന്ന വിക്രിയകളും നീതി രാഹിത്യവും കാണുക …..
‘ആയിരം നാക്കിണങ്ങു/ മനന്തനുമെളുതല്ലാ’/തിരുവോണച്ചെലവ് കേള്‍ക്ക/ ഇവര്‍ തല്‍ചരിതം പുക്ക / പുവനിയിലില്ലാ പാര്‍ മേല്‍’ ഈ മട്ടിലെ കണക്കെഴുത്തുകാരായ പൊതുവാന്മാരും
‘കേതിയായിരിക്കുന്ന തേവന്മാര്‍ മുമ്പിന്ന്
ചതിയപ്പറഞ്ഞു തന്താനം – മുടിക്കുന്ന ഭക്ത
ശിരോമണിമാരും……
‘നാവിന്മേലെച്ചില്‍ പൂവിന്‍ മേല്‍ വീണിട്ട്
തേവന്മാര്‍ ചീറ്റംതിരു മരിക്കുന്ന’
പുഷ്പകന്മാരും
‘കാരിയമായൊരു പെണ്‍കെട്ടി നാലത –
ങ്ങാരണര്‍ക്കാക്കിയുഴന്നു നടക്കുന്ന’
വാരിയര്‍മാരും……….
‘കാതത്തിന്മേല്‍ വഴിയൂണിനു
മണ്ടുമ്പോള്‍/പാദത്തില്‍ മുള്ളുതറച്ചി
ട്ടിരിപ്പോര്‍’ ആയ ഓതിക്കോന്മാരും’
അടങ്ങിയ സമുഹം ദൈവത്തിന്റെ തൊട്ടടുത്ത ബന്ധുക്കളെന്ന് കരുതപ്പെടുന്ന ബ്രാഹ്മണരെ ഭയഭക്തിബഹുമാനസമേതമാണ് നോക്കിക്കണ്ടത്.
അന്നത്തെ മിക്ക ജനവിഭാഗത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന കവി ചില ക്ഷേത്ര ദേവന്മാരുടെ ഗതികേടുകളും വിവരിക്കുന്നുണ്ട്.
‘അഴി കൂടം മുടിയില്‍ വീണിട്ട മിണ്ണു പുക്കിരിക്കും ദേവര്‍ നീരാടും പീടത്തിന്മേല്‍ നിടനിട നില്‍ക്കും ദേവര്‍ അങ്ങാടിത്തെരുവുതോറും അയ്യം പുക്കിരക്കു ദേവര്‍……..’
ക്ഷേത്രഭരണ കാര്യത്തില്‍ മേല്‍കൈ നേടാനുള്ള കടുത്ത മത്സരത്തിനിടയില്‍ ക്ഷേത്രീതന്നെ തകര്‍ന്ന് വീണ് ദേവന്‍ തെരുവിലിറങ്ങുന്ന ഭയനീയ ദുരവസ്ഥ അക്കാലത്തെ കാഴ്ചകളാകുന്നു. ആത്മീയ രംഗത്തെ ഈ കൊള്ളരുതായ്മകളെ മുഖം നോക്കാതെ കഠിനമായി വിമര്‍ശിക്കാന്‍ കവി മടിക്കുന്നതേയില്ല.
ദ്രമിഡസംഘാതാക്ഷരങ്ങള്‍ മാത്രമാണ് കവി ഭാവനയ്ക്ക് ചിറകുവിരിക്കാനുള്ള പരിമിതാകാശീ. അതിഖരം, മൃദു, ഘോഷം, ഊഷ്മാക്കള്‍, ഋ, നു, വിസര്‍ഗ്ഗം എന്നിവ വര്‍ജിച്ചു തമിഴ് അക്ഷരമാലയിലെ പന്ത്രണ്ടു സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളുമടങ്ങിയ മുപ്പതക്ഷരം കൊണ്ടു വേണം പാട്ടുകവിക്ക് കാവ്യപ്രപഞ്ചം തീര്‍ക്കാന്‍.’
ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് അനന്യസാധാരണമായ കൈമിടുക്കോടെ അചുംബിത കല്പനകളാല്‍ ആപാദമധുരവും ശബ്ദാര്‍ത്ഥ സൗകുമാര്യ സുഗന്ധവുമാര്‍ന്ന ഒരു കാവ്യതല്ലജമാണ് കൈരളിക്ക് കണ്ഠാഭരണമായി കവി നിവേദിച്ച തിരുനിഴല്‍മാല’.
കവി കുലഗുരുക്കന്മാരെ വന്ദിക്കുന്ന ഭാഗത്ത് ആദികവി വാല്മീകിയെ കന്നി മണ്ണിലെ ആദി കര്‍ഷകനായാണ് ചിത്രീകരിക്കുന്നത് ‘വാക്കു ചേര്‍ക്കഴനി തന്നില്‍ വല്മീകിയുഴവന്‍ വന്നു കവിതയാം വിത്തു കോരികരുത്തോടു വിതത്തിതത്തില്‍’ നൂറു മേനി വിളവെടുത്ത മുനിക്കു പിന്നാലെ കമ്പരും കുറുമൂര്‍ക്കവിളും മുഖം കാട്ടുന്നുണ്ട്. പകലോനായ മാന്‍ കിടാവിന്റെ ഭയപ്പാട് നോക്കുക.
‘മുകിലാന മൂന്‍ ചുകപ്പും
മുകള്‍ മുല്ലനകം കയറ്റി
തികള്‍ നീഴ് മീന്‍ പുള്ളി
പൊന്‍കതിചയെന്നും വാ പുളന്നു’
സന്ധ്യയാകുന്ന പുലി അന്തിമേഘച്ചുവപ്പില്‍ നക്ഷത്രപ്പുള്ളികളോടെ മുല്ലമൊട്ടു നഖം നീട്ടി പാഞ്ഞുവരുന്നതു കണ്ടിട്ടാണ് പകലോനെന്ന മാന്‍കുട്ടി കടലിലേക്ക് ചാടിയതത്രെ.
ഇങ്ങനെ സാഹിത്യ ഭംഗി കൊണ്ട് അത്യമൂല്യമായ ഈ കൃതി ഒരു കാലത്ത് മലയര്‍ കാണാപ്പാഠം പഠിച്ച് ഉരുവിടുമായിരുന്നു.

കാവ്യ നാമം – ഉച്ചബലിച്ചടങ്ങ്
തിരുനിഴല്‍മാല എന്നാണ് തന്റെ കൃതിക്ക് കവി പേര് നല്‍കിയിരിക്കുന്നത്. നിഴല്‍ എന്ന പദത്തിന് പിണി, ബാധ, സഭ തുടങ്ങി അനകം അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇവിടെ ശ്രീ നാരായണ ദേവന്റെ നിഴല്‍ ബാധ ഒഴിപ്പിക്കുന്ന വിപുലമായ ചടങ്ങുകളുടെ വിശദമായ വിവരണങ്ങളാണ്. ദേവഗന്ധര്‍വ്വ യക്ഷ കിന്നരന്മാരും ദേവീ ദേവവൃന്ദവും സന്നിഹിതരായ വേളയില്‍ തുമ്പുരു നാരദാദി മുനിമാര്‍ക്കൊപ്പമാണ് മന്ത്രതന്ത്രങ്ങളില്‍ പ്രവീണരായ മലയര്‍ എത്തുന്നത്. നാരായണ ഭഗവാനെ പീഠത്തില്‍ ഇരുത്തുന്നതും തുകലും ഞെഴുവും ഉഴിഞ്ഞ് ഹൃദി നിറഞ്ഞ് പറകൊട്ടിപാടി, പിണി ഒഴിക്കുന്നതും ഉച്ചബലി എന്ന കോലീ കെട്ടി ആള്‍ ബലി കൊടുക്കുന്നതുമായ വിശദവും വിപുലവുമായ വിവരണങ്ങള്‍ ഇതില്‍ കാണാം…
ഇവിടെയാണ് ഉത്തരമലബാറിന് ആറന്മുളയുമായുള്ള ഹൃദയബന്ധം വ്യക്തമാകുന്നത്. തിരുനിഴല്‍മാലയില്‍ വിവരിക്കുന്ന ഏറെ നൂറ്റാണ്ടു പഴക്കമുള്ള ചടങ്ങുകളോരോന്നും ഇന്നും ഇവിടത്തെ തെയ്യക്കാവുകളില്‍ കാണാം. തിരുവാറന്മുള ദേവന്റെ പിണി ഒഴിപ്പിക്കാന്‍ തെയ്യക്കാരായ മലയര്‍ പണ്ടേ തന്നെ പാടി വന്ന തിരുനിഴല്‍മാലയിലെ മന്ത്രഗാനങ്ങളാണ് പത്ത് വര്‍ഷം മുമ്പു വരെ ഇവിടെ പാടി വന്നത്. പഴയ വരികള്‍ക്ക് പകരം വടക്കന്‍ മലയാളം പലേടത്തും കടന്നുവന്നിട്ടുണ്ടെങ്കിലും അതില്‍ സൂചിപ്പിച്ച ചടങ്ങുകള്‍ ഇവര്‍ ഇന്നും തുടരുന്നുണ്ട്. ആറന്മുള ദേവരുടെ പിണി ഒഴിപ്പിക്കുന്ന മന്ത്രഗാനമാണ് കൊട്ടിക്കണ്ണറ് ഉച്ചബലി എന്ന പേരില്‍ ഇവിടത്തെ തെയ്യാട്ടക്കാരായ മലയര്‍ അവതരിപ്പിക്കുന്നത്: വടക്കന്‍ മലയ സമുദായം തങ്ങളുടെ ഉല്‍പ്പത്തിപ്പാട്ട് പുരാണമായി പവിത്രമായി കരുതുന്ന ഒന്നാണ് തിരുവാറന്മുള ശാസ്ത്രമെന്ന പേര്‍ കൂടിയുള്ള ഈ പുരാതന ഗ്രന്ഥം.
പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് വരെ ‘കര്‍ക്കടക സംക്രമനാളിലും ചിങ്ങമൊന്നാം നാളിലും വടക്കന്‍ കേരളത്തിലെ പ്രഭു കുടുംബങ്ങളില്‍ ഇവര്‍ ഈ ചടങ്ങ് നടത്തി വന്നിരുന്നു. ആറന്മുള നാരായണദേവന്റെ ബാധയാണ് അവിടെ ഒഴിപ്പിക്കുന്നതെങ്കില്‍ അതേ മന്ത്രഗാനം പാടി ഇവിടെ തറവാട്ടു നാഥന്റെ പാപവിമുക്തി സാധിക്കുന്നത്.
അന്വേഷണം ഏറെ നടത്തിയെങ്കിലും മലയര്‍ എന്ന തെയ്യാട്ട മന്ത്രവാദി സമുദായം ആറന്മുളയിലോ പരിസര പ്രദേശങ്ങളിലോ താമസിച്ചു വരുന്നില്ല. മറിച്ച് പത്തു കൊല്ലം മുമ്പ് വരെ എല്ലാ മലയാള മാസം ഒന്നാം തീയതിയും ആറന്മുള ദേവന്റെ (കണ്ണേറു) ബാധയൊഴിപ്പിക്കുന്ന പറ കൊട്ടിപ്പാടാന്‍ ഒരാള്‍ കൃത്യമായി എത്തിയിരുന്നു. അത് വേലന്‍ സമുദായത്തില്‍പ്പെട്ട മല്ലപ്പുഴ ഗോവിന്ദപണിക്കരായിരുന്നു. ഇപ്പോള്‍ ആ ചടങ്ങ് നടക്കാറില്ല. അപ്പോള്‍ ഒരു ചോദ്യം സംഗതമാകുന്നു. വേലന്മാരും ഉത്തര കേരള മലയന്മാരും ഒരേ വിഭാഗമാണോ? ആറന്മുള ശാസ്ത്രം ഇരുസമുദായവും നെഞ്ചേറ്റി നില്‍ക്കുന്നത് ഈ വാദത്തിന് ശക്തി പകരുന്നുമുണ്ട്. തെയ്യാട്ടക്കാരായ നാല് തറവാട്ടിലുള്ളവരെ പണ്ട് പഴയ കോലത്തിരിത്തമ്പുരാന്‍ ഇന്നാട്ടിലേക്ക് വിളിച്ചു വരുത്തിയ കഥ വിശ്വസനീയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ആദ്യകാലത്ത് ഉത്തരകേരളത്തിലെ മലയരും തെക്ക് ആറന്മുളയിലെ വേലരും ഒരേ ശാഖയാകാം.
പിന്നീട് കാലക്രമേണ ബന്ധങ്ങള്‍ അകലാനും കാരണാന്തരങ്ങളാല്‍ പേരുമാറ്റം വന്നതുമാകാം. ഈ ഗ്രന്ഥത്തിന്റെ താളിയോലപ്പതിപ്പ് തേടിയുളള നാലുവര്‍ഷത്തെ അന്വേഷണത്തില്‍ എന്നെ തുണച്ചത് മൂന്ന് തിരുനിഴല്‍മാലാ ഗ്രന്ഥങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ്… അവയൊക്കെ മലയ സമുദായ ഗൃഹങ്ങളാണ് കാത്തു വെച്ചിരുന്നത്.
സാഹിതീ മാധുര്യം പുരണ്ട വരികളുടെ ഒരുത്തമ സമാഹാരമാണിത്. മന്ത്രവാദപ്പാട്ടായി മലയര്‍ പാടി വന്ന ഈ ഗാന സഞ്ചയം ഗ്രന്ഥമായി മാറിയപ്പോള്‍ ഒന്നാന്തരം സാഹിത്യഗ്രന്ഥമായി മാറുന്നു. ചെറു ചെണ്ടത്താളത്തില്‍ മലയര്‍ ഈണമിട്ട് പാടുന്ന കാവ്യാരംഭത്തിലെ ശ്രീകൃഷ്ണ സ്തുതി കാണുക.
കാരേറും മഴക്കൊണ്ടല്‍
പഴിക്കുന്ന മെയ് വിളങ്ക
കാലിക്കു പിന്നോട-
ക്കുഴലൂതും മണി വര്‍ണ്ണ
ചീരേറ്റും വിയം തീര്‍ത്ത
പടപ്പാര്‍ത്ഥനു പോരില്‍
തേരോന്നു നടത്തിയ
പടക്കല്‍പ്പുതമേകേള്‍
‘ദ്രമിഡസംഘാതാക്ഷരനിബദ്ധവും എതുക, മോന അന്താദിപ്രാസവും ചേര്‍ന്ന ഈ പാട്ട് സംസ്‌കൃതകാവ്യങ്ങളോട് മത്സരിച്ചാണ് സാഹിത്യ രംഗത്ത് അന്ന് നിലകൊണ്ടത്. പാട്ടുപ്രസ്ഥാനത്തിലെ ആദ്യ കൃതിയായിരിക്കണം തിരുനിഴല്‍ മാല. കാരണം തനിക്കു മുമ്പ് ജീവിച്ച ഓരോ കവിയേയും ആദരവോടെ അനുസ്മരിക്കുന്ന ഗോവിന്ദ കവി രാമചരിതമെന്ന വിഖ്യാതമായ പാട്ടുകൃതിയെയും തല്‍ക്കര്‍ത്താവായ ചീരാമ കവിയേയും പരാമര്‍ശിക്കുന്നേയില്ല. ഇതിനു കാരണം തിരുനിഴല്‍ മാലയുടെ കാലം രാമചരിതത്തിന് മുമ്പ് ആയിരിക്കും എന്നാണ്. അല്ലെങ്കില്‍ പാട്ടു പ്രസ്ഥാനത്തിലെ പേരു കേട്ട രാമചരിതത്തെ അനുസ്മരിക്കാതിരിക്കില്ല.
ഉച്ചബലി തെയ്യം
തെയ്യം കെട്ടുകാരായ മലയര്‍ മുമ്പേ പ്രഭു കുടുംബങ്ങളിലും തറവാട്ടുകാവുകളിലും തെയ്യാട്ടത്തോടനുബന്ധിച്ച് നടത്തി വരുന്നതാണ് ഉച്ചബലി തെയ്യം. തലേ ദിവസം വൈകുന്നേരം തുടങ്ങി പിറ്റേന്ന് നട്ടുച്ചനേരം വരെ നീണ്ടുനില്‍ക്കുന്ന അനേകം അനുഷ്ഠാനടച്ചടങ്ങുകള്‍ ഇതിനുണ്ട്. കളിയാമ്പള്ളിക്കടുത്ത് പ്രത്യേകം കളം വരച്ച്, തറവാട്ടുകാരണവരെ മുന്‍നിര്‍ത്തി ഉച്ചാടന കര്‍മ്മങ്ങള്‍ ഏറെ നടക്കാനുണ്ട്. ശകുനക്കോഴിയാണൊന്ന്. കൂകിത്തെളിഞ്ഞ കോഴിയെ കളിയാമ്പള്ളിക്കിപ്പുറത്ത് ഒരു കുഴി കുത്തി അതില്‍ കിടത്തി, ആ കുഴിക്ക് മുകളില്‍ അടുപ്പ് കൂട്ടി അതില്‍ ഉണ്ണിയപ്പം ചുട്ടെടുക്കും. മണിക്കൂറുകള്‍ക്കൊടുവില്‍ കോഴിയെ പുറത്തെടുക്കുമ്പോള്‍ അത് ചിറക് കുടഞ്ഞ് കൂകിയാല്‍ ശുഭഫലമെന്നാണ് വെപ്പ്. തുടര്‍ന്നാണ് ഉച്ചബലിത്തെയ്യവും ഭൂതഗണങ്ങളും അരങ്ങിലെത്തുന്നത്. ഉച്ചനേരത്ത് തെയ്യം തന്റെ കൈത്തണ്ടയില്‍ മുനകൂത്ത നാരായം കുത്തി ചോര ശക്തിയായി ഒഴുക്കി തെയ്യക്കാരന്‍ നിണബലി കൊടുക്കും. അതാണ് ഉച്ചബലി.
ആയിരത്താണ്ടു പഴക്കമുള്ള വേലന്‍ വെറിയാട്ടത്തിലും ഇമ്മാതിരി ചടങ്ങുണ്ടെന്ന് ഡോ കെ.കെ.എന്‍. കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ തെയ്യം തെക്കു വടക്കായി മലര്‍ന്ന് വീഴുന്നേരത്ത് വെള്ളത്തുണി കൊണ്ട് ‘ശവം മൂടിക്കൊണ്ട്’ മൂന്നുപേര്‍എടുത്തു കൊണ്ട് തെക്കേ ദിശയിലേക്ക് കൊണ്ടുപോകും.
നൂറ്റാണ്ടു പഴക്കമുള്ള ഈ ഉച്ചാടന കര്‍മ്മം പയ്യന്നൂരില്‍ വെള്ളാറത്തറവാട്ടിലും കല്ലിടില്‍ തറവാട്ടിലും ചൂവാട്ടത്തറവാട്ടിലും മാത്രമേ ഇന്ന് നടക്കുന്നു വരുന്നുള്ളൂ. ഇത് ആണ്ടുകളിയാട്ടത്തിന് മുന്നോടിയായാണ് അവതരിപ്പിക്കുന്നത്. എത്രയോകാലമായി നടന്നുവരുന്ന ഈ ചടങ്ങുകള്‍ അനുഷ്ഠാനപരമായി അമൂല്യമാണ്. പൂര്‍വ്വ പിതാമഹന്മാര്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അമൂല്യമായ ഒരുപാട് നാട്ടു നന്മകള്‍ ഉണ്ടായിരുന്നു. അവ ഒന്നൊന്നായി തുടച്ചുനീക്കുന്ന കാഴ്ചകള്‍ക്ക് നാം മൂകസാക്ഷികളാവുകയാണ്. പഴയകാല മനുഷ്യജീവിത വിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണിവ. ആറന്മുള വള്ളംകളിയുടെയും ലോഹക്കണ്ണാടിയുടെയും നാട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ മലനാട്ടു സംസ്‌കൃതിയേയും കലാസാഹിത്യ മാന്ത്രിക അനുഷ്ഠാന തലങ്ങളെ കുറിച്ചു ലോകത്തോട് വിളിച്ചു പാടിയ മഹത്തായ ഒരു പ്രാചീന കൃതിയും തല്‍ കര്‍ത്താവും പിറവി കൊണ്ട നാടാണത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ എഴുതപ്പെട്ടത് എന്ന് വിശ്വസിക്കുന്ന കൃതിയാണ് തിരുനിഴല്‍മാല എന്ന ആ മഹത്തായകൃതി… പാട്ടു ലക്ഷണങ്ങള്‍ മുഴുവന്‍ ഈരടികള്‍ കൂടി ചാര്‍ത്തിക്കൊടുത്ത ഹൃദ്യവും സാഹിത്യ സുരഭിലവുമായ കൃതിയാണ് തിരുനിഴല്‍ മാല…. ആറന്മുള ദേവന് ബാധിച്ച നാവേറുദോഷവും, കണ്ണേറുദോഷവും മഹാ പാപങ്ങളുമെല്ലാം അനുഷ്ഠാനപരമായ ചടങ്ങുകളോടെ മന്ത്രവാദികളായ മലയര്‍ കൊട്ടിപ്പാടി ഒഴിപ്പിക്കുന്ന ചടങ്ങുകളാണ് തിരുനിഴല്‍മാലയിലെ പ്രതിപാദ്യം … മന്ത്രവാദ ഗീത എന്നതിന് ഉപരിയായി സാഹിത്യപരവും സാംസ്‌കാരികവും കലാപരവുമായ നാനാമേഖലകളെ ആ പ്രാചീന പാട്ടു കൃതി മറ നീക്കി കാണിച്ചു തരുന്നുണ്ട്. തിരുനിഴല്‍മാല.
കേവലമൊരു മന്ത്രവാദ ഗീതാ ഗ്രന്ഥം മാത്രമല്ല അത്. ആശയസമൃദ്ധി കൊണ്ട് ആകാശവിസ്തൃതവും സാഹിതീഭംഗി കൊണ്ട് സാഗര ഗംഭീരവും സാമൂഹിക സാംസ്‌ക്കാരിക രംഗവിമര്‍ശനങ്ങള്‍ കൊണ്ട് കവി കുഞ്ചന്‍ നമ്പ്യാരുടെ അഗ്രഗാമിത്വ പ്രതിഭാ പ്രസരവും തിളങ്ങി നില്‍ക്കുന്ന മഹത്തായ ഒരു കൃതിയാണത്.
കവി
‘ഇയല്‍ ചേരും കവികള്‍ക്കെല്ലാ / മില്ല
മായിരിക്കുമെങ്കള്‍ / അയിരൂരെന്നിവിടം’
എന്ന് സ്വദേശമായ അയിരൂര്‍ ദേവനഗരി പോലും നാണിക്കുന്നത്ര സമ്പന്നമാണത്രെ.
നാട്ടു വേദം ഇതിവൃത്തമായി സ്വീകരിച്ച് അതി സുന്ദരമായ ഒരു സാഹിത്യ സൃഷ്ടി നടത്തിയ മഹാപണ്ഡിതനായ കവിയാണ് തിരുനിഴല്‍മാലാകാരന്‍’.മഹാഭാരതം കമ്പ രാമായണം, വാല്‍മീകി സാഹിതി തുടങ്ങിയ പുരാണ കൃതികളിലും നാട്ടു പുരാവൃത്തങ്ങളിലും കലാപരമായ അറിവുകളിലും മന്ത്രതന്ത്രങ്ങളിലും അനുഷ്ഠാനങ്ങളിലും അതി ചതുരനാണ് കവി എന്ന് കാവ്യം തന്നെ വിളിച്ചറിയിക്കുന്നുണ്ട്.
‘പിറവയാവ കടലില്‍നിന്നും
പിഴത്തു പോയ് നീന്തിച്ചെന്ന് /
മറുകര കണ്ടുകൊള്ളാന്‍ വഴിയിതെന ബന്നറിന്തു കൊണ്ട്’ ആണ് കവി ഈ കൃതി രചിക്കുന്നത്. വാല്‍മീകി വന്ന് കവിതയാകുന്ന വിത്തു വാരി വിതച്ച ഭാരത മണ്ണില്‍ കാവ്യരചനയില്‍ ചതുരനല്ലാത്ത താന്‍ അഗസ്ത്യരുടയും കമ്പരുടയും പിറകെ മിനക്കെട്ടിറങ്ങുകയാണ്…. മലനാട്ടില്‍ ആ കാവ്യ ശാഖയെ പുഷ്‌ക്കലമാക്കിയ കുറുമര്‍പ്പള്ളി കവിള്‍ക്കു പിന്നാലെ ‘ഇനി നിന്ന് കവിയൂരപ്പാനിടമില്ലെന്നറിന്തുന്ത കൊണ്ടു തന്നെയാണ’ മോക്ഷകാരണമായ ഈ കൃതി ചമയ്ക്കുന്നത് എന്ന് കവി തന്നെ തുറന്ന് പറയുന്നു. പണ്ട്… തന്റെ ജന്മനാടിന്റെ പ്രത്യേകത കവി തന്നെ പറയുന്നത് കേള്‍ക്കുക
‘ഇയല്‍ചേരും കവികള്‍ക്ക് എല്ലാം ഇല്ലം ആയിരിക്കും
എങ്കള്‍അയിരെന്നിവിടമല്ലോ
അളകേശന്‍ പഴിക്കുമേടം:
ആയിരൂര്‍ ഗ്രാമക്കാരനാണ് താനെന്നും ആ നാട് അനേകം പ്രതിഭാശാലികളായ കവികള്‍ക്ക് ഈറ്റില്ലമാണെന്നും പറഞ്ഞുകൊണ്ട് തന്റെ പേരു വെളിപ്പെടുത്തുന്നു.
നിരമേത്തമായ നയിം പാടി മണിത്തിറ
മേറുമാറന്മുളത്തിറം
ചേരു മണ്ണല്‍ തന്‍ പദപങ്കജത്തില്‍
തിരുനിഴല്‍മാലന്താഴ്ത്തി
അതിനിട നികഴ്ത്തുവോരു
പായ വന്ത കോവിന്തന്‍ ചൊല്‍’
നേരത്തെ സൂചിപ്പിച്ചതുപോലെ അന്ന് കേരളക്കരയില്‍ നിലനിന്നിരുന്ന സാമുദായിക ഘടനയെക്കുറിച്ചും സാംസ്‌കാരിക രംഗത്തെ കുറിച്ചും കലാ മാന്ത്രിക രംഗങ്ങളെക്കുറിച്ചും ഒക്കെ കോവിന്ദ കവിക്ക് നല്ല പാണ്ഡിത്യമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഭാരതം എന്ന ജംബുദ്വീപിനെക്കുറിച്ച് പൊതുവേയും കേരളത്തെയും അവിടത്തെ പ്രസിദ്ധ ക്ഷേത്രങ്ങളെ കുറിച്ച് പ്രത്യേകിച്ചും അറിവ് നേടിയ പ്രസിദ്ധനായ കവിയായിരുന്നു ഗോവിന്ദ കവി’.





















