കേരള വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി സഖാവിന്റെ ഇയ്യിടെയുള്ള ചില പ്രസ്താവനകള്‍ കേട്ട് കോള്‍മയിരണിയാത്തവര്‍ ‘മതേതര’ കേരളത്തില്‍ ഉണ്ടോ എന്ന് സംശയം. മതമൗലികവാദികളോട് ഇത്ര കര്‍ശന നിലപാടെടുത്ത വിദ്യാഭ്യാസമന്ത്രി കേരള ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് പാര്‍ട്ടിക്കാര്‍ ഊറ്റംകൊണ്ടു. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സമയത്തില്‍ ഒരു കാരണവശാലും മാറ്റം വരുത്തില്ലെന്നും അതിന്റെ പേരില്‍ സര്‍ക്കാരിനെ വിരട്ടാന്‍ വരണ്ട എന്നുമായിരുന്നു സമസ്തയടക്കമുള്ള സുന്നിമത പുരോഹിതന്മാരോട് സഖാവ് കനപ്പിച്ചു പറഞ്ഞത്. ഒരു മതവിഭാഗക്കാര്‍ക്കായി മൊത്തം സ്‌കൂള്‍ സമയക്രമം മാറ്റില്ലെന്നും എതിര്‍പ്പുള്ളവര്‍ അവരുടെ മതപഠനത്തിന്റെ സമയക്രമം മാറ്റട്ടെ എന്നും അദ്ദേഹം ശക്തമായി പറഞ്ഞു. ഇതോടെ ശിവന്‍കുട്ടി മതേതരഹീറോ ആയി. രണ്ടാമത്തെ പ്രസ്താവനയുടെ ആവേശം പാര്‍ട്ടി അണികളില്‍നിന്ന് വിട്ടുപോകും മുമ്പ് അതാ വരുന്നു ശിവന്‍ കുട്ടിയുടെ അടുത്ത പ്രസ്താവന. സമസ്തയുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്നും താന്‍ അവരോട് ഒരു ധിക്കാരവും കാണിച്ചിട്ടില്ല എന്നും വിനീതവിധേയനായി ശിവന്‍ കുട്ടി തന്റെ വാക്കുകള്‍ തിരുത്തുന്നു. സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഒന്നു കണ്ണുരുട്ടുമ്പോഴേക്കും വിരണ്ടുപോയ സഖാവ് സമയക്രമം മാറ്റാന്‍ പറ്റില്ല എന്നു പറഞ്ഞത് താനല്ല, കോടതിയാണ് എന്നു പറഞ്ഞു തടിതപ്പുകയും ചെയ്തു. എ.കെ.ജി സെന്ററില്‍ നിന്നും കൊണ്ടുവന്ന ചുവപ്പു പരവതാനി വിരിച്ച് ചര്‍ച്ചക്കെത്തുന്ന തങ്ങന്മാരുടെ കാലുകഴുകാന്‍ കിണ്ടിയില്‍ വെള്ളവുമായി കാത്തുനില്ക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി!
ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ ആരുടെയും കാലു കഴുകുന്നത് അദ്ദേഹത്തിന് സഹിക്കില്ല. വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി കുട്ടികള്‍ അദ്ധ്യാപകരെ പാദപൂജ ചെയ്തു എന്നു കേട്ടതും ശിവന്‍കുട്ടി ഫത്വയിറക്കി. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഉടനെ റിപ്പോര്‍ട്ടു നല്‍കുക. വിദ്യാനികേതന്‍ സ്‌കൂളില്‍ കുട്ടികളെക്കൊണ്ട് കാലു കഴുകിച്ചു എന്ന ഡിഫിക്കാരുടെ പരാതിക്കപ്പുറം വേറെ റിപ്പോര്‍ട്ടു വേണ്ട, എന്നാലും ഒരു ചടങ്ങിന് വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ടു തേടി എന്നു മാത്രം. വരുംതലമുറക്ക് നാടിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗുരുപൂജക്കെതിരെ രോഷംകൊള്ളുന്ന മന്ത്രി അതേ ശ്വാസത്തില്‍ മതമൗലിക വാദികളായ തങ്ങന്മാരെ ക്ഷണിക്കുകയാണ് വരൂ കാലു കഴുകാന്‍ താന്‍ സദാ സന്നദ്ധനാണെന്ന്.





















