ജര്‍മ്മനിയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായം വരച്ച ഫാസിസ്റ്റ് ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ മനുഷ്യച്ചോരകൊണ്ട് ഭീകരാദ്ധ്യായം കുറിച്ച കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്നു സ്റ്റാലിന്‍. ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലടിപ്പാടുകളിലൂടെ സഞ്ചരിച്ച് ഭാരതത്തില്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച്, ഭരണകൂടഭീകരതയുടെ ഇതിഹാസം രചിച്ച ഫാസിസ്റ്റ് ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി.
കോടതിവിധിയിലൂടെ നഷ്ടപ്പെട്ട സ്വന്തം അധികാരം തിരിച്ചു പിടിക്കാനാണ് ഇന്ദിര രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആ കറുത്ത ദിനങ്ങളില്‍ പിടിക്കുന്നിടത്തുവെച്ച് കൊന്നുകളയാനായിരുന്നു സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സിന്റെ കാര്യത്തില്‍ അധികാരികള്‍ക്ക് ഇന്ദിരാഭരണകൂടം നല്‍കിയിരുന്ന നിര്‍ദ്ദേശം. പിടിയിലായ ജോര്‍ജ്ജിനെ കിട്ടിയാല്‍ ഉടന്‍ തട്ടിക്കോളാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കല്‍ക്കട്ടയില്‍ വെച്ച് അദ്ദേഹം പിടിയിലായപ്പോള്‍ ഇന്ദിരയോട് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്താമെന്ന് ‘കൊട്ടാരം’ പോലീസ് കരുതിയിടത്താണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷയ്ക്ക് പഴുതൊരുങ്ങിയത്. ഇന്ദിര അപ്പോള്‍ സോവിയറ്റ് സന്ദര്‍ശനത്തിലായിരുന്നതു കൊണ്ട് അവരെ ബന്ധപ്പെടും വരെ തത്കാലം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിനെ പിടികൂടിയ വിവരം രഹസ്യമായി വെക്കുകയാണവര്‍ ചെയ്ത്. പക്ഷേ, വാര്‍ത്ത ചോര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ സെന്‍സറിങ്ങ് മൂലം മറച്ചുവെച്ചിരുന്ന ആ വാര്‍ത്ത ബിബിസിയും അന്തര്‍ദേശീയ മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. അത് ജര്‍മ്മന്‍ ചാന്‍സലറുള്‍പ്പടെയുള്ളവര്‍ അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സാഹചര്യം സൃഷ്ടിച്ചു. അങ്ങനെയാണ് ആ സോഷ്യലിസ്റ്റ് നേതാവിനെ ഇല്ലാതാക്കാനുള്ള ഇന്ദിരാ ഭരണകൂടത്തിന്റെ ഗൂഢപദ്ധതി പരാജയപ്പെട്ടത്. അതിന്റെ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ് (അക്കാലത്ത് ഇന്ദിരയുടെ ഇന്‍ഫര്‍മേഷന്‍ അഡൈ്വസറും വിശ്വസ്തനും ആയിരുന്ന എച്ച്.വൈ. ശാരദാ പ്രസാദിന്റെ മകന്‍ രവി വിശ്വേശ്വര്‍ ശാരദാ പ്രസാദും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ സെക്രട്ടറിയായിരുന്ന രവി നായരും നടത്തിയ വെളിപ്പെടുത്തലുകള്‍ ഡെക്കാന്‍ ഹെറാള്‍ഡ് 2019 ജൂണില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
പോലീസിന് ആദ്യം പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പിടികൂടാന്‍ അവര്‍ കണ്ട കുറുക്കുവഴിയായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്മാരായ മൈക്കിള്‍ ഫെര്‍ണ്ണാണ്ടസിനെയും ലോറന്‍സ് ഫെര്‍ണ്ണാണ്ടസിനെയും പിടികൂടി കൊടും പീഡനത്തിന് വിധേയമാക്കുകയെന്നത്. അങ്ങനെ മൃഗീയമായ പീഡനത്തില്‍ ജീവച്ഛവമായ ഇളയ മകന്‍ ലോറന്‍സിന്റെ ജീവന്‍ രക്ഷിക്കാന്‍ അവരുടെ അമ്മ നല്‍കിയ കത്ത്, ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നയന്‍താരാ സഹ്ഗല്‍ എഴുതിയ ‘ഇന്ദിരാ ഗാന്ധി: ട്രിസ്റ്റ് വിത്ത് പവര്‍ (‘Indira Gandhi:Tryst with Power’) എന്ന പുസതകത്തില്‍ നല്‍കിയിട്ടുണ്ട്. ആ കത്തില്‍ പറയുന്നു:
”1976 മെയ് 12-ന് ഞാന്‍ അയച്ച കത്തിനു തുടര്‍ച്ചയായി, നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച്, വേദന നിറഞ്ഞ മനസ്സോടെ ഈ കത്ത് എഴുതുകയാണ്. 1976 മെയ് 1 ശനിയാഴ്ച രാത്രി 9 മണിയോടെ എന്റെ രണ്ടാമത്തെ മകന്‍, 44 വയസ്സുള്ള ലാറന്‍സ് ഫെര്‍ണാണ്ടിസിനെ, ഞങ്ങളുടെ വീട്ടില്‍ നിന്ന് പോലീസ് കൊണ്ടുപോയി. എന്റെ മൂന്നാമത്തെ മകനായ മൈക്കല്‍ ഫെര്‍ണാണ്ടസിനെ (ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ ഓഫീസറും, ഒരു ട്രേഡ് യൂണിയന്‍ നേതാവും) 1975 ഡിസംബര്‍ 22 മുതല്‍ മിസ പ്രകാരം തടവിലിട്ടിരിക്കുകയാണ്. അക്കാര്യത്തില്‍ ഈ ഫെബ്രുവരിയില്‍ ഞങ്ങള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതായിരുന്നു. അത് സംബന്ധിച്ച് ചോദ്യം ചെയ്യണം എന്ന വ്യാജേനയായിരുന്നു ലാറന്‍സിനെ കൊണ്ടു പോയത്. ഒരു മണിക്കൂര്‍ വരെ ഈ വ്യാജനാടകം തുടര്‍ന്ന ശേഷം, പൊലീസ് എന്റെ മൂത്ത മകനായ ജോര്‍ജ് ഫെര്‍ണാണ്ടസ് എവിടെയാണെന്ന് ചോദ്യം ചെയ്യാന്‍ തുടങ്ങി. പിന്നീട് അത്യന്തം ക്രൂരവും, നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ മൂന്നാംമുറ പീഡനങ്ങള്‍ തുടങ്ങി. അത് പുലര്‍ച്ചെ 3 മണിവരെ നീണ്ടു.
ലാത്തികള്‍ കൊണ്ടുള്ള അടികള്‍ക്കു ശേഷം (അഞ്ചു ലാത്തികള്‍ തകര്‍ന്നു!) ബൂട്ടിട്ട് ചവിട്ടി; കൈകള്‍ കൊണ്ട് കനത്ത അടികള്‍ തുടര്‍ന്നു. കുടുംബത്തെ കുറിച്ച് ഏറ്റവും അശ്ലീലമായ ഭാഷയില്‍ അധിക്ഷേപിച്ചു. ജോര്‍ജ് എവിടെയെന്ന് പറഞ്ഞില്ലെങ്കില്‍ ഓടുന്ന തീവണ്ടിയുടെ മുമ്പിലേക്കെറിഞ്ഞ്, അവര്‍ക്കതില്‍ ഒരു പങ്കും ഉണ്ടെന്ന് വെളിപ്പെടാന്‍ തെളിവൊന്നും ബാക്കിവെക്കാതെ, തീര്‍ത്തുകളയും എന്ന് ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ 3 മണിക്ക് അവനെ കൊലപ്പെടുത്താനുള്ള ഒരുക്കം ശരിക്കും തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അത്യന്തം മോശമായത്.
ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയില്‍ മെയ് 20 വരെ അദ്ദേഹത്തെ ഒറ്റയ്ക്കു തടവിലാക്കി. തുടര്‍ന്നും പീഡനത്തിന് വിധേയനാക്കിക്കൊണ്ട് ചോദ്യം ചെയ്തു. 3 ദിവസം ഭക്ഷണം നല്‍കിയില്ല, മറ്റ് ദിവസങ്ങളിലും ശരിയായ ഭക്ഷണമൊന്നും നല്‍കിയില്ല, സിഗരറ്റ് പോലും അനുവദിച്ചില്ല. 20 ദിവസത്തിനിടയില്‍ മൂന്ന് ദിവസം മാത്രമേ കുളിക്കാന്‍ അനുവദിച്ചിട്ടുള്ളു. ചികിത്സിക്കാന്‍ കൊണ്ടുപോയപ്പോള്‍ നല്‍കിയിരുന്ന വസ്ത്രം തന്നെ ഇട്ടുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിച്ചു. ഓരോ തവണയും വ്യത്യസ്തരായ ഡോക്ടര്‍മാരുടെ അടുത്തേക്കും ആശുപത്രികളിലേക്കും, പൊലീസ് ഓഫീസറുടെ വ്യാജ പേരും നല്‍കി, കൊണ്ടുചെന്ന് ജീവന്‍ നിലനിര്‍ത്താനുള്ള, ചികിത്സകള്‍ നല്‍കുകയായിരുന്നു. ഒരു രാത്രിയില്‍ പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് ഡോക്ടറെ കൊണ്ടുവന്ന് ചികിത്സിച്ചത്.
മെയ് 9ന്, പൊലീസ് വാഹനത്തില്‍ 300 കിലോമീറ്റര്‍ അകലെയുള്ള ദാവംഗേരെയിലേക്ക് കൊണ്ടുപോയി. തലേദിവസം അവിടെ അറസ്റ്റ് ചെയ്തതായി കള്ളക്കഥയും പറഞ്ഞ് മെയ് 10ന്, മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മെയ് 11 വരെ ലോക്കപ്പില്‍ അടച്ചു. അവിടെയും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് തിരിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നു. നിയമ സഹായം നിഷേധിക്കപ്പെട്ടു, വീട്ടിലേക്ക് കത്തോ ഫോണ്‍കോളോ അനുവദിച്ചില്ല. പത്രങ്ങള്‍ വായിക്കാനോ മറ്റാരുമായും ബന്ധപ്പെടാനോ അനുവദിച്ചില്ല. മജിസ്‌ട്രേറ്റിനോടോ മറ്റാരോടെങ്കിലുമോ പീഡനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഭീകരമായ ശിക്ഷകളുണ്ടാകും എന്ന ഭീഷണിയുമുണ്ടായിരുന്നു. ഒടുവില്‍ മെയ് 20ന്, ഉച്ചഭക്ഷണ സമയത്ത് രണ്ടാം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കി. പിന്നീട് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കോ മാനസിക അസ്വസ്ഥതയുള്ള തടവുകാര്‍ക്കോ ജയില്‍ ചട്ടം ലംഘിച്ചവര്‍ക്കോ വേണ്ടിയുള്ള സെല്ലില്‍ അടച്ചു.
താഴെ മുതല്‍ മുകളില്‍ വരെ എല്ലാ അധികാരികള്‍ക്കും ഞാന്‍ വാക്കാലുള്ള പരാതികള്‍ക്ക് പുറമെ, രേഖാമൂലമുള്ള പരാതികളും ടെലഗ്രാമുകളിലൂടെയും കത്തുകളിലൂടെയും നല്‍കി. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പരാതികള്‍ ലഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണമോ മകന്‍ ലോറന്‍സ് എവിടെയാണെന്ന വിവരമോ ഞങ്ങള്‍ക്ക് ആരും നല്‍കിയില്ല. മെയ് 20ന് ഒരു അഭിഭാഷകനില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച് ഞാന്‍ അദ്ദേഹത്തോടൊപ്പം ജയിലിലെത്തി, 6:45 മുതല്‍ വൈകിട്ട് 7:30 വരെ കാത്തിരുന്നിട്ടും എന്നെ എന്റെ മകനെ കാണാന്‍ അനുവദിച്ചില്ല. 21ന് രാവിലെ 10:45 മുതല്‍ 3 മണിക്കൂര്‍ കാത്തിരിപ്പിച്ചതിന് ശേഷം 2 മണിയോടെയാണ് സെല്ലിലേക്ക് എന്നെ കൊണ്ടുപോയത്.

ഞാന്‍ അവനെ ജീവച്ഛവം പോലെയാണ് കണ്ടത്. രണ്ട് ആളുകളുടെ സഹായം കൂടാതെ അവന് നടക്കാന്‍ കഴിയുമായിരുന്നില്ല, അതും വലിയ വേദനയോടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇടതു വശം, തളര്‍ന്നതു പോലെ, ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇടതു കാലും കൈയും നീരുവെച്ച് വീര്‍ത്തിരിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും തകര്‍ന്ന നിലയിലായിരുന്നു. കുഴയാതെ സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. വലിയ മാനസിക ഭീതിയിലായിരുന്നു. പോലീസോ, കാക്കി യൂണിഫോമുള്ള ആരെങ്കിലുമോ ബൂട്ടിട്ട് അടുത്തു വരുന്നതായി തോന്നിയാല്‍ അവരെല്ലാം ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യാന്‍ വരുന്നവരാണെന്ന് ഭയപ്പെട്ടിരുന്നു. ഈ മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്കൊക്കെ മേല്‍ മറ്റൊരു പ്രഹരം എന്നപോലെ 1976 മെയ് 21-ന് കമ്മീഷണര്‍ ഒപ്പുവച്ച മിസ പ്രകാരമുള്ള തടങ്കല്‍ ഉത്തരവ് മെയ് 22ന് ജയിലില്‍ അവന് കൈമാറി.
ഞാന്‍ മുകളില്‍ പറഞ്ഞതെല്ലാം ഞങ്ങളുടെ കുടുംബം ലോറന്‍സുമായി ലോക്കപ്പില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ലഭിച്ച വിവരങ്ങളാണ്. പരിഷ്‌കൃത മനുഷ്യരുടെയും അവരുടെ സര്‍ക്കാരുകളുടെയും പെരുമാറ്റത്തിലെ എല്ലാ നന്മകളുടെയും, നീതിയുടെ പേരില്‍, ഈ പൈശാചികമായ പീഡനത്തെക്കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും, ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവനെ ഒരു നല്ല ആശുപത്രിയിലേക്ക് മാറ്റണമെന്നും, മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് ഒരു മനുഷ്യനാകാന്‍ ഇടവരുത്തും വിധം അവന് ശാരീരികവും, മാനസികവുമായ വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും, കുടുംബത്തിന് അവനെ ദിവസേന സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.”
ലാറന്‍സിന് നേരെ നടപ്പാക്കിയ ക്രൂരത നേരി0.ട്ടറിഞ്ഞ മധു ദന്തവാതേ, ഇന്ദിരാ ഗാന്ധിയ്ക്ക് എഴുതിയതും ചരിത്രമാണ്. അദ്ദേഹത്തിന്റെ മേല്‍ നടന്ന കൊടുംക്രൂരത എല്‍.കെ. അദ്വാനിയുടെ ‘My Country My Life’ എന്ന ഓര്‍മ്മക്കുറിപ്പുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ തനിനിറം ഭാരതം മറക്കരുത്; അവരുടെ പേരും പറഞ്ഞ് അധികാരം അവകാശപ്പെടുന്നവരോട് പൊറുക്കുകയും അരുത്.





















