ഭാരതത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റേയും ജാതീയ അവഗണന നേരിട്ടിരുന്ന സാധാരണ ജനങ്ങളുടേയും മോചനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്ത മഹാനാണ് ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കര്‍. വിഭജനകാലത്ത് ഭാരതത്തിന്റെ രാഷ്ട്രീയ – സാമൂഹിക ഉന്നതിക്കും പുരോഗതിക്കും വേണ്ടി അതികഠിനമായി പ്രയത്‌നിച്ച അദ്ദേഹം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ നിയമ മന്ത്രിയുമായിരുന്നു. രാംജി മലോജി സക്പാലിന്റെയും ബീമാഭായി സക്പാലിന്റെയും പതിനാലാമത്തെ പുത്രനായി 1891 ഏപ്രില്‍മാസം 14-നാണ് അംബേദ്ക്കര്‍ ജനിച്ചത്. സാമ്പത്തികാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പിതാവ് കൂടുതല്‍ പ്രാധാന്യം നല്‍കി. അങ്ങനെ മുംബൈ യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി (ന്യൂയോര്‍ക്ക്), ഗ്രേയ്‌സ് ഇന്‍ യൂണിവേഴ്‌സിറ്റി (ലണ്ടന്‍), ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളില്‍ അംേബദ്കര്‍ ഉപരിപഠനം നടത്തി. അതിനുശേഷം അദ്ദേഹം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ദളിതരുടേയും ഉന്നമനത്തിനായി വിവിധ സംഘടനകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടി, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ചേര്‍ന്ന് അദ്ദേഹം പോരാടി. അംബേദ്ക്കര്‍ എന്നത് അദ്ദേഹത്തിന്റെ സര്‍ നെയിം ആയിരുന്നു. ഇതു കണ്ട് പലരും അദ്ദേഹത്തെ ബ്രാഹ്മണനായി തെറ്റിദ്ധരിച്ചു. ഭീം റാവു എന്നാണ് അംബേദ്ക്കറുടെ യഥാര്‍ത്ഥ പേര് എന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
ഭാരതത്തിന് തനതും അതിശ്രേഷ്ഠവുമായ ഒരു ഭരണഘടന സൃഷ്ടിക്കപ്പെടണമെന്നും അത് വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലാത്ത ഒരു ക്ഷേമ രാഷ്ട്ര പ്രതിഷ്ഠക്ക് അനിവാര്യമാണെന്നും അംബേദ്ക്കര്‍ കരുതിയിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ നേതൃത്വം നല്‍കിയതു കൊണ്ടു തന്നെ ഡോക്ടര്‍ അംബേദ്കര്‍ ഭരണഘടനാ ശില്‍പ്പി എന്നും ആധുനിക ഭാരത മനു എന്നും പിന്നീട് അറിയപ്പെട്ടു. ഭരണഘടനാ സമിതിയുടെ ചെയര്‍മാന്‍, സ്വതന്ത്ര ഭാരതത്തിലെ ആദ്യ നിയമ മന്ത്രി, ബ്രിട്ടീഷ് വൈസ്രോയിയുടെ കീഴിലെ തൊഴില്‍ മന്ത്രി എന്നിങ്ങനെ വിവിധ ചുമതലകള്‍ അംബേദ്കര്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ ജീവിത കാലം മുതല്‍ തന്നെ അംബേദ്ക്കര്‍ ജാതീയമായ വിവേചനം അനുഭവിച്ചു. എന്നാല്‍ ദൃഢനിശ്ചയം അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്, ഭരണഘടനാശില്‍പ്പി, സാമ്പത്തിക വിദഗ്ദന്‍, സര്‍വ്വോപരി ഭാരതത്തിന്റെ പുരോഗതിക്കുവേണ്ടി യത്‌നിച്ച സമുന്നതനായ രാഷ്ട്രീയ ദാര്‍ശനികന്‍ എന്നീ വിശേഷണങ്ങള്‍ക്ക് അംബേദ്ക്കര്‍ അര്‍ഹനാണ്. ഒട്ടനവധി പേര്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി സമര രംഗത്ത് വന്നു. ദളിത് – പിന്നോക്ക വിഭാഗങ്ങള്‍ക്ക് മതിയായ ഭരണ പ്രാതിനിധ്യം വേണം എന്നും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രത്യേക സംവരണം വേണമെന്നും അംബേദ്കര്‍ ശക്തമായി വാദിച്ചിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തിരയിളക്കത്തില്‍ മലബാറില്‍ നടന്ന മാപ്പിളകലാപത്തെ അംബേദ്ക്കര്‍ അതിനിശിതമായി അപലപിക്കുകയും ഹിന്ദുക്കള്‍ക്ക് എതിരെ പ്രത്യേകിച്ച് മലബാറില്‍ അന്ന് ഉണ്ടായിരുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളെ വംശീയമായി കൂട്ടക്കൊല ചെയ്തതിനേയും നിര്‍ബന്ധിതമായി ഭീഷണിപ്പെടുത്തി മതം മറ്റം നടത്തിയതിനേയും മഹാത്മാഗാന്ധി, ആനിബസന്റ്, മാധവന്‍ നായര്‍, മഹാകവി കുമാരനാശാന്‍ എന്നിവരോടൊപ്പം അദ്ദേഹം അതിനിശിതമായി വിമര്‍ശിക്കുകയും ഭാരതത്തില്‍ ഖിലാഫത്ത് സമരം അനാവശ്യമായിരുന്നു എന്ന് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.
1924 -ല്‍ അദ്ദേഹം ‘ബഹിഷ്‌കൃത ഹിതകാരിണി സഭാ’- എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെവര്‍ക്കായി ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. ദളിത്- പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉയര്‍ച്ച അദ്ദേഹം ഇതുവഴി വിഭാവനം ചെയ്തു നടപ്പാക്കി. അദ്ദേഹം അക്കാലത്ത് സ്വന്തമായി ‘മൂക്‌നായക്’ (Silent leader), ‘ബഹിഷ്‌കൃത് ഭാരത്’ ‘ഇക്ക്വാലിറ്റി ജനത’ എന്നീ വാരികകള്‍ പ്രസിദ്ധീകരിച്ച് സാധാരണക്കാരെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചു.
1927ല്‍ ഇതിന്റെയെല്ലാം ഫലമായി ‘മഹത് സത്യഗ്രഹം’ നടത്തുകയും ദളിത വിഭാഗക്കാര്‍ക്ക് പൊതുകിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നതിനായി മഹാരാഷ്ട്രയിലെ മഹദില്‍ (ജന്മസ്ഥലം) പ്രത്യക്ഷസമരം നടത്തുകയും ചെയ്തു. 1930 ല്‍ കേരളത്തില്‍ ദളിത് വിഭാഗക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് അംബേദ്ക്കര്‍ പ്രേരണയും പ്രോത്സാഹനവും നല്‍കി. ദളിത് വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിനായി അംബേദ്ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ലണ്ടനില്‍ വെച്ചു നടന്ന വട്ടമേശസമ്മേളനത്തില്‍ ദളിത് -പിന്നേക്കക്കാരുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുകയും ദളിതര്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയ പ്രാതിനിധ്യം വേണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തു. അതിന്റെ ഫലമായി 1932 ലെ പൂനെ പാക്ട് പ്രകാരം ദളിതര്‍ക്ക് തിരഞ്ഞെടുപ്പില്‍ സംവരണ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രമേയം അവതരിപ്പിച്ചുവെങ്കിലും ഗാന്ധിജിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് തള്ളിപോവുകയാണ് ഉണ്ടായത്.
1936 ല്‍ അംബേദ്ക്കര്‍ ഇന്റിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്നു. 1937 ല്‍ ഈ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ചില വിജയങ്ങള്‍ നേടി. അങ്ങനെ ബോംബെ പ്രസിഡന്‍സി ഇലക്ഷനില്‍ അംബേദ്ക്കര്‍ ഒരു പ്രധാന സ്ഥാനീയനായി മാറുകയും തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
പിന്നീടാണ് അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ ചെയര്‍മാനായത്. അയിത്തം, ഉച്ചനീചത്വം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവ നിരോധിക്കണമെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിവിധ തൊഴില്‍ പരിഷ്‌കാര നിയമങ്ങള്‍ നടപ്പാക്കുന്നതിനും അംബേദ്ക്കര്‍ നേതൃത്വം നല്‍കി. 1946 ലെ ഫാക്ടറീസ് ആക്ട്, ഇഎസ്‌ഐ ആക്ട്, ട്രേഡ് യൂണിയന്‍ ആക്ട്, ഇപിഎഫ് ആക്ട് എന്നിവ അവയില്‍ ചിലത് മാത്രമാണ്.
ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി എന്ന നിലക്ക് അംബേദ്ക്കര്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1951 മുതല്‍ കേന്ദ്രനിയമ മന്ത്രിയായി നെഹ്‌റു മന്ത്രിസഭയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഹിന്ദു നിയമങ്ങള്‍ ഏകീകരിക്കാന്‍ അദ്ദേഹം ഒരു ഹിന്ദു കോഡ് ബില്‍ തയ്യാറാക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കുന്ന രീതിയില്‍ നിലവിലുണ്ടായിരുന്ന ഹിന്ദു വ്യക്തി നിയമങ്ങളില്‍ സമൂലമായ മാറ്റം വരുത്തുകയും തുല്യ നീതി ഉറപ്പാക്കുന്നതിനായി ബില്ല് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ നെഹ്‌റു ക്യാബിനറ്റില്‍ അത് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്ന് അംബേദ്ക്കര്‍ നെഹ്‌റു മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. പിന്നീട് പലതവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും നെഹ്‌റുവിയന്‍ രാഷ്ട്രീയം അബേദ്ക്കറെ പരാജയപ്പെടുത്താന്‍ കൂട്ടു നിന്നു. ഏറ്റവും കൂടുതല്‍ ജാതീയമായ അവഹേളനവും അപമാനവും അംബേദ്ക്കര്‍ക്ക് നേരിടേണ്ടി വന്നത് നെഹ്‌റുവിയന്‍ കോണ്‍ഗ്രസ്സില്‍ നിന്നായിരുന്നു.
വിഭജനാനന്തര ഭാരതത്തിന്റെ രാഷ്ട്രീയ സമസ്യകളോട് അംബേദ്ക്കര്‍ ഏറെയൊന്നും ഒത്തുപോയിരുന്നില്ല, എന്നു മാത്രമല്ല രാജ്യം സ്വതന്ത്രമായി ഒരു ഭരണഘടനക്ക് കീഴില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാര്‍ത്ഥരാഷ്ട്രീയ താല്‍പ്പര്യങ്ങളേയും കുടുംബാധിപത്യ സര്‍വ്വാധിപത്യത്തേയും വര്‍ഗ്ഗീയ ചിന്താ പ്രേരണകെളയും അംബേദ്ക്കര്‍ എതിര്‍ക്കുകയും ഭാരതം ഹിന്ദുസ്ഥാനായും പാകിസ്ഥാന്‍ മുസ്ലീം രാഷ്ട്രമായും മതാടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞതിനെ അംബേദ്ക്കര്‍ ഒരിക്കലും അനുകൂലിച്ചിരുന്നില്ല. ഈ രാഷ്ട്രത്തെ വെട്ടിമുറിക്കാന്‍ ബ്രിട്ടീഷുകാര്‍ എറിഞ്ഞ വിഷവിത്ത് വിഭജനവാദമായി മുളച്ചുപൊങ്ങുകയും മുന്‍കൂട്ടി തയ്യാറാക്കിയ നെഹ്‌റു – അബ്ദുള്ള -ജിന്ന അദൃശ്യ കൂട്ടുകെട്ട് അംബേദ്ക്കറെ അസ്വസ്ഥനാക്കുകയും ചെയ്തു. ഭരണഘടനയില്‍ അതുകൊണ്ടു തന്നെ ഭാരതത്തെ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാത്രമാണ് അംബേദ്ക്കര്‍ വിഭാവനം ചെയ്തത്.
ഭാരത ഭരണഘടനയുടെ 42-ാം ഭേദഗതിപ്രകാരം 1976 ല്‍ ഇന്ദിരാഗാന്ധി ഭരണഘടനയുടെ പ്രിയാമ്പിള്‍ ഭേദഗതി വരുത്തി, സോഷ്യലിസവും, സെക്യൂലറിസം (മതേതരത്വം) കൂട്ടിച്ചേര്‍ത്ത് ഭാരതത്തിന്റെ സ്വത്വം ചോര്‍ത്തിക്കളഞ്ഞതില്‍, നെഹ്‌റു കുടുംബം രാജ്യത്തോടു ചെയ്ത കൊടുംചതി വ്യക്തമാവുകയും ചെയ്തു. അതിന്റെയെല്ലാം ദുരന്തങ്ങള്‍ അംബേദ്ക്കര്‍ മുന്‍കൂട്ടി കാണുകയും പല പ്രസംഗങ്ങളിലും ഒരു അസ്ഥിര ഭാരതത്തെ കുറിച്ച് ആശങ്കയോടെ സംവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും അംബേദ്ക്കര്‍ എന്ന വിപ്ലവകാരിയെ അവഗണിച്ചതിന്റേയും, അടിസ്ഥാനപരമായി ഭാരതത്തിന്റെ ധര്‍മ്മത്തിലുണ്ടായ അതിയായ മൂല്യച്യുതിയിലും ജാതീയതയിലും വിഷമിച്ച് ക്രുദ്ധനായ അംബേദ്ക്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചതായി പ്രസ്താവിക്കുകയും, മരണത്തിന് തൊട്ടുമുമ്പ് 1956 ല്‍ ഒക്‌ടോബര്‍ മാസം 14 ന് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. അതിന്റെ യഥാര്‍ത്ഥ വസ്തുതകളെ കുഴിച്ചു മൂടുകയാണ് പലരും ചെയ്തത്.
ജാതി സമ്പ്രദായത്തിനെതിരായ പ്രതിഷേധമായി അംബേദ്കറുടെ മതംമാറ്റത്തെ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും അവസാന കാലം വരെ ഹിന്ദുവായി ജീവിച്ച് പരിവര്‍ത്തനത്തിനുവേണ്ടി പ്രവര്‍ത്തിച്ച് സത്കീര്‍ത്തിയും പ്രതാപവും ആര്‍ജിച്ച ദളിതനായ അംബേദ്ക്കര്‍, ഒരു വിജയിയായിരിക്കെ എന്തുകൊണ്ട് ഭാരത രാഷ്ട്രീയ നഭോമണ്ഡലത്തില്‍ നിന്നും വര്‍ജിക്കപ്പെട്ടു എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു നേരെ ഒരു ചോദ്യമായി നില്‍ക്കുന്നു. ഇതില്‍ നിന്നും ജനങ്ങളുടെ ചിന്ത വഴി തിരിച്ചുവിടുന്നതിനുള്ള കോണ്‍ഗ്രസ്സിന്റെ കുടില തന്ത്രമായിരുന്നു ജാതി വിവേചനത്തില്‍ നിന്നുമുള്ള മോചനത്തിനായി അംബേദ്ക്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നു എന്ന കെട്ടുകഥ.
യഥാര്‍ത്ഥത്തില്‍ നെഹ്‌റുവിയന്‍ രാഷ്ട്രീയത്തിന്റെ ജാതീയമായ വിവേചനം സാര്‍വ്വത്രികമായി അംബേദ്ക്കര്‍ക്കെതിരെ ഒരു ഭയപ്പാടോടെ നെഹ്‌റുവും കൂട്ടാളികളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒത്താശയോടെ പ്രകടിപ്പിക്കുകയും തിരഞ്ഞെടുപ്പുകളില്‍ ജാതികാര്‍ഡ് പ്രയോഗിച്ച് കോണ്‍ഗ്രസ്സ് അംബേദ്ക്കറെ ലക്ഷ്യം വെച്ച് പരാജയപ്പെടുത്തിയതും, അബേദ്ക്കര്‍ കൊണ്ടുവന്ന സാമൂഹിക നിയമ പരിഷ്‌കാരങ്ങള്‍ തള്ളിക്കളഞ്ഞപ്പോഴും നെഹ്‌റുവിയന്‍ രാഷ്ട്രീയം ജാതീയതയെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ചെയ്തപ്പോള്‍ ബുദ്ധന്റെ വഴിയെ ചിന്തിക്കാന്‍ അദ്ദേഹം തയ്യാറായി എന്നതാണ് സത്യം.
ഡോക്ടര്‍ അംബേദ്ക്കറെയും അദ്ദേഹത്തിലൂടെ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി, ഷെഡ്യുള്‍ കാസ്റ്റ് ഫെഡറേഷന്‍ എന്നീ സംഘടനകളെയും തച്ചുതകര്‍ക്കുക എന്ന പദ്ധതി നടപ്പിലാക്കുന്നതിന് തന്റെ വിശ്വസ്തരായ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളെയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഉപയോഗിച്ചത്. അങ്ങനെ ഡോക്ടര്‍ അംബേദ്ക്കറെയും ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജിയേയും ഗൂഢാലോചനയിലൂടെ പരാജയപ്പെടുത്തി അവരുടെ പാര്‍ലമെന്ററി വളര്‍ച്ചയ്ക്ക് നെഹ്‌റു തടയിട്ടു. അവരുടെ വാക്ചാതുരിയും നിപുണതയും പൊതുജനസമ്മതിയും നെഹ്‌റുവിനെ വിറളിപിടിപ്പിച്ചു. അങ്ങനെ അന്നത്തെ സിപിഐ നോതാവായിരുന്ന എ.കെ. ഗോപാലന് എതിരായി സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒത്തുചേര്‍ന്ന് ഈ രണ്ട് മഹാന്മാരേയും നിഷ്‌ക്കരുണം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യാന്‍ നെഹ്‌റുവും കൂട്ടരും ഗൂഢാലോചന നടത്തി. ഗാന്ധിജിയും അബേദ്ക്കറും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഭാരത സ്വാതന്ത്ര്യ പോരാട്ടത്തിലെ ജാതീയമായ വിവേചനങ്ങളായിരുന്നു പ്രധാന തര്‍ക്കവിഷയം. ഗാന്ധിജി ജാതി വിവേചനം ഉച്ചാടനം ചെയ്യാന്‍ ഉദ്ദേശിച്ചപ്പോള്‍ അംബേദ്ക്കര്‍ ജാതി നിരോധനം മുന്നോട്ട് വെച്ച് രാഷ്ട്രീയവും നിയമപരവുമായ പരിഷ്‌കാരത്തിന് ഊന്നല്‍ നല്‍കി.
തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നിവ ഉന്മൂലനം ചെയ്ത് ഹിന്ദുമതത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ മഹാത്മാഗാന്ധി പോരാടി. പ്രത്യേക വോട്ടവകാശം എന്ന ആശയത്തെ ഗാന്ധിജി നിര്‍ദ്ദയം എതിര്‍ക്കുകയും അത് കൂടുതല്‍ വിഭാഗീയത സൃഷ്ടിക്കും എന്ന് ഭയപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 1932 ലെ പൂന പാക്ട് പ്രകാരം മരണം വരെ ഉപവാസം നടത്താന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത് അംബേദ്ക്കറെ വല്ലാതെ വേദനിപ്പിച്ചു.
1951 – 1952 ആദ്യ സ്വാതന്ത്ര്യാനന്തര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംബേദ്ക്കറെ തീര്‍ത്തും തഴഞ്ഞു. നെഹ്‌റു രണ്ട് വ്യക്തികളെയും സംഘടനകളെയുമാണ് പിന്നീട് സ്വന്തം അധികാരം നില നിര്‍ത്തുന്നതിന് വേണ്ടി അടിച്ചമര്‍ത്തിയത്. ആദ്യത്തേത് ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജിയിലൂടെ ജനസംഘത്തേയും ഡോ. അംബേദ്ക്കറിലൂടെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി പട്ടികജാതി ഫെഡറേഷന്‍ എന്നിവയേയും. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ മരണശേഷം അംബേദ്ക്കര്‍ തീര്‍ത്തും ഒറ്റപ്പെടുകയും ദേശീയ രാഷ്ട്രീയത്തില്‍ നെഹ്‌റുവിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്‌റുവും ഡോക്ടര്‍ അംബേദ്ക്കറേയും ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയേയും ദേശീയ സര്‍ക്കാരിന്റെ ഭാഗമാവുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുകയും അവര്‍ വിഭാവനം ചെയ്ത പുരോഗമനാശയങ്ങളെ തള്ളിപ്പറയുകയും അവരെ മാറ്റി നിര്‍ത്താന്‍ ഏറെ പണിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ ജനസംഘ സ്ഥാപകനായ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി എല്ലാ പ്രതിബന്ധങ്ങളേയും തൃണവല്‍ഗണിച്ചു കൊണ്ട് സ്വന്തം പ്രത്യയശാസ്ത്രത്തില്‍ നിന്നു കൊണ്ടു തന്നെ കല്‍ക്കട്ട സൗത്ത് മണ്ഡലത്തില്‍ നിന്നും, കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് എതിര്‍പ്പുകള്‍ അതിജീവിച്ച് വിജയിച്ച് ജനപ്രതിനിധിയായി. എന്നാല്‍ കോണ്‍ഗ്രസും നെഹ്‌റുവും കമ്മ്യൂണിസ്റ്റ് ഒത്താശയോടെ ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കറുടെ സാമൂഹ്യ പരിഷ്‌കരണ നയങ്ങളെയും ജനാധിപത്യ പ്രാതിനിധ്യ ശ്രമങ്ങളേയും ജാതീയമായി അവഗണിച്ച് അവഹേളിച്ചു എന്നു മാത്രമല്ല, മഹാരാഷ്ട്രയിലെ ബോംബെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജാതീയമായ അവഹേളനം അംബേദ്കറെ തീര്‍ത്തും നിരാശനാക്കുകയും ഹിന്ദുമതത്തോട് അവമതിപ്പ് ജനിപ്പിക്കാന്‍ ഇടയാവുകയും ചെയ്തു. നെഹ്‌റു അംബേദ്ക്കര്‍ക്കെതിരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഒപ്പം കൂട്ടി ഗൂഢാലോചന നടത്തുകയും ജാതീയമായി അവഗണിക്കുകയും നിയമനിര്‍മ്മാണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്ത ചരിത്രം ജീവചരിത്രകാരനായ ധനഞ്ജയ് കീര്‍ എഴുതിയിട്ടുണ്ട്. അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ്.എ.ഡാങ്കേയുടെ ആഹ്വാനം ഇപ്രകാരമായിരുന്നു. ”നിങ്ങള്‍ വോട്ടുവേണമെങ്കില്‍ നശിപ്പിച്ചുകൊള്ളു, എന്നാലും അംബേദ്ക്കര്‍ക്ക് വോട്ട് ചെയ്യരുത്.” ഇതില്‍ നിന്നും അംബേദ്ക്കറോട് നെഹ്‌റുവും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എടുത്തിരുന്ന രാഷ്ട്രീയ അയിത്തവും തൊട്ടുകൂടായ്മയും വളരെ വ്യക്തമാണെങ്കിലും അതെല്ലാം ചരിത്ര പുസ്തകത്താളുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മായ്ച്ചു കളയുകയും, മരണശേഷം അവരെല്ലാം അംബേദ്ക്കര്‍ ഭക്തരാവുകയും അംബേദ്ക്കര്‍ വിഭാവം ചെയ്ത ആശയങ്ങളെ മഹത്വവല്‍ക്കരിച്ച് മുതലെടുക്കാനുമാണ് മത്സരിച്ചത്. യാതൊരു വിധത്തിലും അംബേദ്ക്കറുടെ ദേശീയതയില്‍ ഊന്നിയ പ്രത്യയശാസ്ത്രത്തേയോ വിശ്വാസങ്ങളേയോ കോണ്‍ഗ്രസ്സോ കമ്മ്യൂണിസ്റ്റുകളോ മുഖവിലക്കൊടുക്കാതെ അദ്ദേഹത്തെ ശത്രുവായി പ്രഖ്യാപിച്ച് പരാജയപ്പെടുത്തിയ സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങളുമാണ് നിരാശനും നിരാശ്രയനുമായ അംബേദ്ക്കറെ ബുദ്ധമതത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സും നെഹ്‌റുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തന്നോട് കാണിച്ച വെറുപ്പും അസ്പൃശ്യതയും ജാതീയമായ അവഹേളനവും അംബേദ്ക്കര്‍ എന്ന ധിഷണാശാലിയെ ബുദ്ധനിലേക്ക് നീങ്ങാനും നിശബ്ദതയില്‍ ലയിക്കാനും പ്രേരണയാകുകയും തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് 1986 ഡിസംബര്‍ 14ന് അദ്ദേഹം നിത്യതയില്‍ വിലയം പ്രാപിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് പ്രചരിപ്പിക്കപ്പെട്ട പോലെ ഹിന്ദു മതത്തിലെ ജാതീയമായ അസന്തുലിതാവസ്ഥ നേരിട്ടതിലുള്ള പ്രതിഷേധമായിരുന്നില്ല അംബേദ്ക്കറെ ബുദ്ധന്റെ വഴിയിലേക്ക് നയിച്ചത്. അങ്ങനെ ആയിരുന്നുവെങ്കില്‍ അംബേദ്ക്കര്‍ തന്റെ അവസാന കാലം അതിനുവേണ്ടി തിരഞ്ഞെടുക്കാതെ തന്റെ യൗവ്വന കാലഘട്ടത്തില്‍ തന്നെ ഹിന്ദുമതം ഉപേക്ഷിച്ചു പോകുമായിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചു മൂടിയ കൂട്ടത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ രാജ്യത്ത് പ്രചരിപ്പിച്ചു. രാജ്യത്തിന്റെ പ്രതിഭകളെയെല്ലാം കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് അച്ചുതണ്ട് അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഇല്ലാതാക്കിയത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. മണ്‍മറഞ്ഞ അത്തരം മഹാരഥന്മാരുടെ കൂട്ടത്തില്‍ അഗ്രഗണ്യനാണ് ഡോക്ടര്‍ ഭീം റാവു അംബേദ്ക്കര്‍.





















