നായകനായ ഗുണ്ടാ തലവന്‍ വിദേശ നിര്‍മ്മിത ഏസി കാറില്‍ പൊതു റോഡില്‍ വന്നിറങ്ങി നായകന് ഇഷ്ടമല്ലാത്ത സത്യം തുറന്നുപറഞ്ഞയാളെ തലങ്ങും വിലങ്ങും വെട്ടി താഴെയിട്ട് നെറ്റിയിലെ വിയര്‍പ്പു തുടച്ച് ഇതെല്ലാം കണ്ടുനില്‍ക്കുന്നവരെ പുച്ഛത്തോടെ ഒന്ന് നോക്കിയശേഷം തന്റെ കാറില്‍ കയറി തിരിച്ചുപോകുന്ന രംഗം ചില ഇടി സിനിമകളില്‍ കാണാറില്ലേ. അതിന്റെ കേരളാ മോഡല്‍ രാഷ്ട്രീയ ആവിഷ്‌കാര ത്തിനാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. കേരള മുഖ്യന്‍ കാരണഭൂതനാണ് ഇവിടെ നായകന്‍. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രതികരിച്ച ഡോ.ഹാരിസ് ചിറയ്ക്കലാണ് കപ്പിത്താന്റെ മുമ്പിലെ ധിക്കാരി. കാരണഭൂതന്റെ ഭരണത്തില്‍ കേരളം നമ്പര്‍ വണ്‍ എന്നല്ലാതെ മറ്റെന്തു പറയുന്നതും കുറ്റകരമായ നടപടിയാണ്. ഡോക്ടറുടെ അഭിപ്രായം തിരുത്തലല്ല തകര്‍ക്കലാണ് എന്ന് കാരണഭൂതന്‍ വിധിച്ചതോടെ ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്നു പറഞ്ഞ മന്ത്രി സജി ചെറിയാനും പാര്‍ട്ടിനേതാവ് എം.വി. ഗോവിന്ദനും പാര്‍ട്ടി പത്രവുമൊക്കെ ഡോക്ടറെ വളഞ്ഞിട്ടാക്രമിച്ചു. എല്ലാ മര്‍ദ്ദനവും സഹിച്ച ശേഷം തന്റെ തുറന്നു പറച്ചില്‍ പ്രൊഫഷണല്‍ ആത്മഹത്യയാണെന്ന പത്രക്കാരോടുള്ള ഡോക്ടറുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പായി കരുതേണ്ടതാണ്. അതനുസരിച്ച് ആത്മഹത്യാ പ്രേരണാകുറ്റത്തിന് മുഖ്യമന്ത്രിയുടെ പേരില്‍ കേസ്സെടുക്കേണ്ടതുമാണ്.
ഇത് വെറും പ്രൊഫഷണല്‍ ആത്മഹത്യയല്ല, പ്രൊഫഷണല്‍ കൊലയാണ്. വെറും കൊലയല്ല, കൂട്ടക്കൊല. ഡോക്ടറുടെ അനുഭവം കണ്ട് പൊതുജനം ഭയന്നിരിക്കുന്നു. എന്തു അനീതി കണ്ടാലും ഒരാള്‍ പോലും ഇനി പ്രതികരിക്കില്ല. ജനങ്ങളുടെ പ്രതികരണ ശേഷിയെ മുഖ്യനും മന്ത്രി പരിവാരങ്ങളും പാര്‍ട്ടിയും കൂടി കൂട്ടക്കൊല ചെയ്തിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിവാദം കെട്ടടങ്ങും മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കം വന്ന കെട്ടിടം തകര്‍ന്നുവീണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഒരു പാവപ്പെട്ട സ്ത്രീ മരണപ്പെട്ടു. അത് സിസ്റ്റത്തിന്റെ തകരാറാണ് എന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കൈകഴുകുന്നു. തിരിച്ചു പറയാന്‍ സാംസ്‌കാരിക നായകരില്ല, പൊതുജനമില്ല. അവരൊക്കെ കൂട്ടക്കൊലക്കിരയായിക്കഴിഞ്ഞു. മുഖ്യന്‍ അവകാശപ്പെടുന്ന കേരളത്തിലെ മികച്ച ആരോഗ്യരംഗത്തിന്റെ പച്ചയായ അവസ്ഥയാണിത് എന്നു ഉച്ചത്തില്‍ പറയാനും അതിനുത്തരവാദിയായ മുഖ്യനും പാര്‍ട്ടിയും ഈ കൂട്ടക്കൊലക്ക് ശിക്ഷ ഏറ്റുവാങ്ങണം എന്ന് ആവശ്യപ്പെടാനും ആരുണ്ടിവിടെ?





















