സനാതന സംസ്‌കാരത്തിന്റെ കരുത്തുറ്റ രംഗവേദിയാണ് തമിഴകം. ഭഗവാന്‍ സുബ്രഹ്മണ്യനാണ് തമിഴ്‌നാട്ടിലെ ഭക്തിയുടെയും വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടെയും അവസാനവാക്ക്. മുരുകനും മുരുകനോടുള്ള ഭക്തിയും തമിഴകത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ഭൂമിശാസ്ത്രത്തിലും അനാദികാലം മുതല്‍ തന്നെ അങ്കുരിച്ചതാണ്. ഭഗവാന്‍ മുരുകന്‍ തമിഴ്‌നാട്ടില്‍ അലിഞ്ഞുചേര്‍ന്നതുപോലെ ഏതെങ്കിലും ഒരു ആരാധനാമൂര്‍ത്തിയോ പുണ്യ പുരുഷനോ മറ്റേതെങ്കിലും ജനപദത്തില്‍ ഇത്ര ആഴത്തില്‍ വേരോടിയിട്ടുണ്ടോ എന്നതും സംശയമാണ്. അതുകൊണ്ടുതന്നെ ദക്ഷിണ ഭാരതത്തില്‍ സനാതന സംസ്‌കാരത്തിനെ എതിര്‍ക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വിലങ്ങുതടിയും തടസ്സവും ശ്രീമുരുകഭഗവാനിലുള്ള ജനങ്ങളുടെ ആരാധനയും വിശ്വാസവുമാണ്. അത് തിരിച്ചറിയുന്ന സനാതനധര്‍മ്മവിരുദ്ധര്‍ ആ ഭക്തിയും വിശ്വാസവും ഇളക്കുവാന്‍ കാലാകാലങ്ങളില്‍ അവരാലാകുന്നത് ചെയ്തിട്ടുണ്ട്.
സനാതനധര്‍മ്മവിശ്വാസത്തിനെതിരെയും മുരുക ഭഗവാനെതിരെയുമുള്ള ആക്രമണങ്ങള്‍ ആദ്യമൊക്കെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലോ ഒരു പരിധിവരെ അദൃശ്യമായോ ആയിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി അത്തരം ശ്രമങ്ങള്‍ വല്ലാതെ ശക്തിപ്പെട്ടു.
അടുത്തിടെ അങ്ങിനെയൊരാക്രമണം തുടങ്ങി വെച്ചത് 2019 -20 കാലത്ത് തമിഴ്‌നാട്ടിലെ ഒരു ഹിന്ദുവിരുദ്ധ സംഘടനയായ കറുപ്പര്‍ കൂട്ടമായിരുന്നു. പുതുതലമുറ മാധ്യമങ്ങളുടെ സാധ്യതകളുപയോഗിച്ച് യുക്തിവാദത്തിന്റെ മറവില്‍ ഹിന്ദു ദൈവങ്ങളെയും ഹിന്ദുക്കളെയും ബ്രാഹ്മണരെയും അധിക്ഷേപിക്കുന്ന വീഡിയോകള്‍ കുറെ കാലമായി കറുപ്പര്‍ കൂട്ടം യു ട്യൂബ്ചാനല്‍ വഴി പോസ്റ്റ് ചെയ്തു വരികയായിരുന്നു.
‘അശ്ലീല പുരാണം’ എന്ന പേരില്‍ ആ യൂട്യൂബ് ചാനലില്‍ പ്രചരിപ്പിച്ചു വന്നിരുന്ന പരിപാടികളില്‍ കറുപ്പര്‍ കൂട്ടത്തിലെ സുരേന്ദ്രന്‍ നടരാജന്‍ എന്നയാള്‍ ഭഗവാന്‍ മുരുകനെതിരെ അശ്ലീലം കലര്‍ന്ന പദപ്രയോഗങ്ങള്‍ നടത്തി. തമിഴകത്തെ ഓരോ ഹൈന്ദവനും തന്റെ മുരുകാരാധനയുടെ ഭാഗമായി ഉപാസിച്ചു വന്നിരുന്ന ‘സ്‌കന്ദഷഷ്ടി കവചം’ എന്ന കീര്‍ത്തനത്തിലെ ഏതാനും ഭാഗങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി അശ്ലീലം കലര്‍ത്തി അവര്‍ വ്യാഖ്യാനിച്ചു. ഇതേ തുടര്‍ന്ന് തമിഴകമെമ്പാടും ഹിന്ദു വിശ്വാസികള്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍.മുരുകന്‍ ‘വെട്രിവേല്‍ വീരവേല്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി തിരുച്ചെന്തൂരിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് തമിഴകമെമ്പാടും വ്യാപകമായ സ്വീകരണം ലഭിച്ചു.
ഇന്ന് നാം തമിഴകത്ത് കാണുന്ന ഹൈന്ദവ ആദ്ധ്യാത്മിക ഉണര്‍വിന്റെ ആദ്യ ചുവടുവെപ്പ് ആയിരുന്നു ആ യാത്ര. അതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ പക്ഷക്കാരുടെയും കോണ്‍ഗ്രസ്സിന്റെയും ഭാഗത്തുനിന്ന് നിരവധി ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ടായി. അതിലേറ്റവും പ്രധാനപ്പെട്ടത് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി നടത്തിയ ചില പരാമര്‍ശങ്ങളാണ്. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണം എന്നും കൊറോണയെപ്പോലെയും വസൂരിയെപ്പോലെയുംവെറുക്കപ്പെടേണ്ടതാണ് സനാതന ധര്‍മ്മമെന്നുമാണ് അയാള്‍ പൊതുവേദിയില്‍ പറഞ്ഞത്. ഇക്കുറി പ്രതിഷേധം തമിഴ്‌നാട് വിട്ട് പുറത്തേക്ക് വ്യാപിച്ചു. ഭാരതമെമ്പാടും ഉദയനിധിയുടെ പ്രസ്താവനക്കെതിരായ ആഹ്വാനങ്ങള്‍ മുഴങ്ങി.

തമിഴ്‌നാട് മന്ത്രിസഭയിലെ വിവാദ മന്ത്രിയായിരുന്ന കെ. പൊന്മുടി ശൈവ-വൈഷ്ണവ വിശ്വാസത്തെ ലൈംഗിക തൊഴിലാളികളുടെ പ്രവൃത്തിയുമായി സമീകരിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. പതിവുപോലെ തമിഴകം ആകെ ഇളകി മറിഞ്ഞപ്പോള്‍, സ്റ്റാലിന്റെ സഹോദരിയും എംപിയുമായ കനിമൊഴിക്കു പോലും പൊന്മുടിയെ തള്ളിപ്പറയേണ്ടി വന്നു. പൊന്മുടിയെ പുറത്താക്കാനുള്ള മുറവിളി തമിഴ്‌നാട്ടില്‍ എല്ലായിടത്തും ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി സ്റ്റാലിന്‍ അനങ്ങിയില്ല. ഒടുവില്‍ കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന് ഘട്ടം വന്നപ്പോഴാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നെന്ന വ്യാജേന പൊന്മുടിയെ പുറത്താക്കിയത്. കെ.പൊന്മുടിയുടെയും കറുപ്പര്‍ കൂട്ടത്തിലെ സുരേന്ദ്രന്‍ നടരാജന്റെയും അവഹേളനങ്ങള്‍ മര്യാദയുടെ എല്ലാ സീമകളെയും ലംഘിക്കുന്നതും പൊതുവേദിയില്‍ എടുത്തു പറയാന്‍ പറ്റാത്തത്ര അശ്ലീലത നിറഞ്ഞതുമാണ്.
തിരിച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ടി സമയത്ത് ദര്‍ശനത്തിനായി കൊള്ളനിരക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനവുമുണ്ടായി. അതിവേഗ ദര്‍ശനത്തിനായി ഒരാളുടെ കയ്യില്‍ നിന്ന് ആയിരം രൂപ ഈടാക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തമിഴ്‌നാട് ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ആ തീരുമാനം നടപ്പാക്കാനായില്ല.
അതിനിടെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് വെക്കാനുള്ള കോടതിവിധി ഉണ്ടായിരുന്നു. ഒരുദിവസം പഴനി ബസ് സ്റ്റാന്‍ഡിന് സമീപം പഴക്കട നടത്തുന്ന ഷാഹുല്‍ എന്നയാള്‍ ബുര്‍ഖ ധരിച്ച ചില സ്ത്രീകളുമായി പഴനിയിലെ വിഞ്ച് സ്റ്റേഷനില്‍, അതായത് മുകളിലേക്ക് കയറാനുള്ള റോപ്പ് വേയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചു. ബുര്‍ഖ ധരിച്ച അഹിന്ദുക്കള്‍ ടിക്കറ്റ് വാങ്ങി കുന്നിന്‍ മുകളില്‍ എത്താന്‍ ശ്രമിച്ചത് ടിക്കറ്റ് വിതരണ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ ടിക്കറ്റുകള്‍ തിരികെ വാങ്ങി. എന്നാല്‍ ഇതില്‍ കുപിതനായ ഷാഹുലാകട്ടെ ഇത് ഒരു ടൂറിസ്റ്റ് സ്ഥലമാണെന്ന് പറഞ്ഞ് വിഞ്ച് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് തര്‍ക്കിച്ചു. അഹിന്ദുക്കളെ അനുവദിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ അത് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കണം, എന്റെ പണത്തില്‍ നിന്ന് നിങ്ങള്‍ക്ക് കുറച്ച് ബോര്‍ഡ് ലഭിക്കുമോ എന്ന് നോക്കൂ എന്ന് അയാള്‍ പറഞ്ഞുവത്രേ. ഇത് ശ്രദ്ധയില്‍പെട്ട പഴനി മലയടിവാരത്ത് ഷഷ്ടി എന്നപേരില്‍ ഒരു ടോയ് ഷോപ്പ് നടത്തിവന്നിരുന്ന, Pazhani Hill Temple Devotee Organisation ഭാരവാഹിയായ ഡി.സെന്തില്‍ കുമാര്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നാം എതിര്‍കക്ഷിയായി മാന്‍ഡമസ് റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്തു. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന അറിയിപ്പ് ബോര്‍ഡ് വീണ്ടും സ്ഥാപിക്കണമെന്ന് ഈ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി പറഞ്ഞു.കാറ്റുകൊള്ളാനും സൊള്ളാനും കറങ്ങിയടിക്കാനും മാംസാഹാരം കഴിക്കാനുമായി ഒരാളും ഇനി പഴനിയിലെന്നല്ല, തമിഴകത്തെ ഒരു ക്ഷേത്രത്തിലേക്കും എത്തേണ്ടതില്ല എന്ന അവസ്ഥ ഈ വിധിയിലൂടെ ഉണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ശ്രീമുരുകന്റെ ആറു പടൈ വീടുകളിലെ പ്രധാന ക്ഷേത്രമായ തിരുപ്പറകുണ്ഡ്രത്ത് ഉണ്ടായ സംഘര്‍ഷങ്ങള്‍. തിരുപ്പറംകുണ്ഡ്രത്ത് കുന്നിന്റെ മുകളില്‍ ഒരു ദര്‍ഗ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മറപിടിച്ച് ഒരുകൂട്ടം മുസ്ലിം മതമൗലികവാദികള്‍ കുന്നു മുഴുവന്‍ വഖഫ് സ്വത്താണ് എന്ന് വാദിക്കുകയായിരുന്നു. അതുകൂടാതെ ക്ഷേത്രപരിസരത്ത് കൂടി മൃഗങ്ങളെ മുകളിലെ ദര്‍ഗയില്‍ ബലി നല്‍കുവാനായി കൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായി. ദര്‍ഗയിലേക്ക് പാകം ചെയ്ത മാംസം കൊണ്ടുപോകാനും അവിടെയിരുന്ന് കഴിക്കുവാനും മുസ്ലീങ്ങള്‍ക്ക് മുന്‍പ് തന്നെ പോലീസ് അനുവാദം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് എസ്ഡിപിഐ 2025 ജനുവരി 18ന് ദര്‍ഗയില്‍ അറവുമാടുകളെ ബലിയര്‍പ്പിക്കാന്‍ പദ്ധതിയിട്ടു. ഇത് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ഒടുവില്‍ അത് കോടതി ഇടപെടലിലേക്ക് നയിച്ചു. ആ മുഴുവന്‍ കുന്നിനെയും ഹിന്ദുവിരുദ്ധര്‍ സിക്കന്ദര്‍ കുന്ന് എന്നാണ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മധുരയിലെ അവസാനത്തെ സുല്‍ത്താനായ സിക്കന്ദര്‍ ഷായുടെ സ്മരണാര്‍ത്ഥം എന്ന് പറയപ്പെടുന്ന ദര്‍ഗ പതിനേഴാം നൂറ്റാണ്ടിന് ശേഷം മാത്രമാണ് ഉണ്ടായത് എന്ന് മുസ്ലിങ്ങള്‍ പോലും സമ്മതിക്കുമ്പോഴാണ് ഈ പേരുമാറ്റം ഉണ്ടായത്.
തമിഴ്‌നാട്ടില്‍ ഉടനീളം ഉള്ള നിരവധി കുന്നുകളില്‍ ഭഗവാന്‍ മുരുകന്റെയോ ഭഗവതി അമ്മന്റെയോ വാസസ്ഥലങ്ങള്‍ ഉണ്ട്. കുന്നെല്ലാം മുരുകനുക്ക് എന്നത് തമിഴന്റെ ആപ്തവാക്യവുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ ഭഗവാന്‍ മുരുകനെതിരെ വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ തമിഴ്‌നാട്ടിലെ ഹിന്ദു സ്വത്വത്തെ പ്രകോപിപ്പിച്ചു. ജനപഥങ്ങളില്‍ മുരുക ഭക്തി അലയടിച്ചു തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ പ്രതിരോധിക്കണമെന്നുളള അഭിവാഞ്ഛയില്‍ തമിഴ് മക്കള്‍ നീറിക്കഴിയുകയായിരുന്നു. ഈ അവസ്ഥ മുന്‍കൂട്ടി കണ്ട സ്റ്റാലിന്‍ തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖര്‍ ബാബുവിനെ മുന്‍നിര്‍ത്തി പഴനിയില്‍ മുത്തമിഴ് മുരുകന്‍ സമ്മേളനം എന്ന പേരില്‍ ഒരു സമ്മേളനം നടത്തി. വിശ്വാസപരമായ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാതെ കേവലമായ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മുഖംമൂടി പരിപാടി മാത്രമായിരുന്നു അത്.
അതിനിടെ ക്ഷേത്ര പൂജാരിമാരെ പീഡിപ്പിക്കുവാനായി ഡിഎംകെയുടെ നീക്കം. ഭക്തര്‍ വഴിപാടായി നല്‍കുന്ന ‘തളിക നിവേദ്യം അഥവാ ദക്ഷിണ’ സര്‍ക്കാരിലേക്ക് നല്‍കണം എന്ന തീരുമാനം കടുത്ത രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. അര്‍ച്ചന സമയത്ത് ഭക്തര്‍ പൂജാരിമാര്‍ക്ക് സന്തോഷപൂര്‍വ്വം നല്‍കുന്ന ദക്ഷിണയാണ് ഇങ്ങനെ സര്‍ക്കാര്‍ കൊള്ളയടിക്കാന്‍ തുടങ്ങിയത്. യഥാര്‍ത്ഥത്തില്‍ ജീവിത പ്രാരാബ്ധത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ക്ഷേത്ര പൂജാരിമാര്‍ക്ക് ഒരു വലിയ ആശ്വാസമായിരുന്നു ഈ ദക്ഷിണ. തളികനിവേദ്യം ദക്ഷിണ സര്‍ക്കാരിലേക്ക് അടച്ചില്ല എന്ന പേരില്‍ നിരവധി പൂജാരിമാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്ന സാഹചര്യവുമുണ്ടായി.
ഇങ്ങനെ സനാതന ധര്‍മ്മത്തിന്റെ ഉള്‍ക്കാമ്പിനെ തൊടുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ തമിഴകത്ത് വര്‍ദ്ധിച്ചു വന്നപ്പോഴാണ് ഹിന്ദു മുന്നണി മുരുക സമ്മേളനവുമായി രംഗത്തുവന്നത്. ‘മുരുക ഭക്തര്‍കളിന്‍ ആത്മീയ മാനാട്’ എന്ന പേരില്‍ മധുരയിലാണ് ഈ സമ്മേളനം പ്രഖ്യാപിക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും വിഷയത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാറുണ്ട്. എങ്കില്‍പോലും ഭഗവാന്‍ മുരുകന്റെ പേരില്‍ നടത്താനൊരുങ്ങിയ ഈ സമ്മേളനത്തിന്റെ പ്രഖ്യാപനവേളയില്‍ തന്നെ ഡിഎംകെ സര്‍ക്കാര്‍ അപകടം മണത്തു. അപ്പോള്‍ മുതല്‍ തന്നെ ഈ സമ്മേളനത്തിനെതിരെയുള്ള വിവിധ നടപടികളുമായി അവര്‍ മുന്നോട്ടു പോയി. എം.കെ. സ്റ്റാലിന്‍ നടത്തുന്ന ഹിരണ്യകശിപുഭരണം അതിന്റെ സമസ്തശേഷിയുമുപയോഗിച്ച് ഈ സമ്മേളനത്തെ ഞെക്കിക്കൊല്ലുവാന്‍ തുനിഞ്ഞു. നിരവധി കോടതി വ്യവഹാരങ്ങളുണ്ടായി. ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മും കൂടാതെ അവരുടെ നിഴല്‍സംഘടനകളും മുരുകഭക്തരുടെ സമ്മേളനത്തെ പലരീതിയില്‍ അവഹേളിക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നു. സമ്മേളന വേദിയില്‍ ശ്രീമുരുകന്റെ ആറു പടൈവീടുകളുടെ രൂപങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ അതിനെതിരെ സര്‍ക്കാരും, ചില സര്‍ക്കാര്‍ സ്‌പോ ണ്‍സര്‍ സംഘടനകളും രംഗത്ത് വന്നു. ഒടുവില്‍ കോടതി ഇടപെട്ട് ഹിന്ദു മുന്നണിക്ക് ഈ സമ്മേളന വേദിയില്‍ ആറു പടൈവീടുകളുടെ മിനിയേച്ചറുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി നല്‍കി.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സമ്മേളനത്തിന് പോകുവാനുള്ള ഒരുക്കങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ തുടങ്ങിയിരുന്നു. ഇതിന് തടയിടുവാനായി മധുരയിലേക്ക് പോകുന്ന വാഹനങ്ങളെ പലരീതിയില്‍ പോലീസ് ബുദ്ധിമുട്ടിച്ചു. ഇന്നേവരെ കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലുള്ള അനുമതിപത്രങ്ങളുടെ നിബന്ധനകള്‍ ഈ സമ്മേളനത്തിന് പോലീസ് കൊണ്ടുവന്നു. ഒടുവില്‍ അത്തരത്തിലുള്ള എല്ലാ തടസ്സങ്ങളെയും കോടതി ഇടപെട്ട് നീക്കം ചെയ്യുകയാണുണ്ടായത്.
ഈ മുരുകസമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാനും പങ്കെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. അതോടെ ഇരുവരെയും ലാക്കാക്കി പ്രാദേശികവാദം ഇളക്കിവിടുകയാണ് ഡിഎംകെ ചെയ്തത്. എന്നാല്‍ ഇത്തരത്തിലുള്ള ദുഷ്പ്രചരണങ്ങളെ ഹിന്ദുമുന്നണിയും ബിജെപിയും മുരുകഭക്തരും ആശയപരമായി തന്നെ പ്രതിരോധിച്ചു. പ്രാദേശികവാദം ഉയര്‍ത്താനുള്ള ഡിഎംകെയുടെ എല്ലാ നീക്കങ്ങളെയും തകര്‍ത്തു.
അങ്ങനെ ഒടുവില്‍ തടസ്സങ്ങളുടെയും ശല്യപ്പെടുത്തലുകളുടെയും ഉപരോധത്തിന്റെയും ഒരു മഹാസാഗരത്തെ നീന്തിക്കടന്ന് മുരുകഭക്തരുടെ സമ്മേളനം ജൂണ്‍ 22ന് മധുരയില്‍ നടക്കുക തന്നെ ചെയ്തു. ഏതാണ്ട് 7 ലക്ഷം ജനങ്ങളാണതില്‍ പങ്കെടുത്തത്. സമ്മേളനതീയതിക്ക് 10 ദിവസം മുന്‍പേ തന്നെ സ്ഥാപിച്ച ആറു പടൈവീടുകളുടെ മാതൃകയില്‍ ലക്ഷക്കണക്കിന് ഭക്തരായിരുന്നു ഓരോ ദിവസവും വന്ന് പ്രാര്‍ത്ഥിച്ചിരുന്നത്. 7 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഒരുമിച്ചിരുന്ന് സ്‌കന്ദഷഷ്ഠി കവചം ചൊല്ലി. ഇത്രയധികം ജനങ്ങള്‍ ഒരുമിച്ച് എത്തിയിട്ടും മധുര നഗരത്തില്‍, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അനിഷ്ടസംഭവങ്ങളല്ലാതെ മറ്റൊരു ദുരനുഭവങ്ങളുമുണ്ടായില്ല. ദേവസേനാപതിയായ കാര്‍ത്തികേയന്റെ ഉത്തമ ഭക്തരായ ആ ജനത അടുക്കോടും ചിട്ടയോടും അതിലുപരി ഉത്തരവാദിത്തത്തോടും കൂടി ആ സമ്മേളനത്തെ സമീപിക്കുകയായിരുന്നു.
ഇതിന്റെ സാരസ്യം മനസ്സിലാക്കണമെങ്കില്‍ തമിഴിലെ പ്രമുഖ ദിനപത്രമായ ദിനമലര്‍ 2025 ജൂണ്‍ 25-ാം തീയതി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധിക്കണം. സാധാരണഗതിയില്‍ തമിഴ്‌നാട്ടില്‍ ഏത് സമ്മേളനം നടന്നാലും ആ പ്രദേശത്തെ വിദേശമദ്യശാലകളിലും ബാറുകളിലും വില്പന കുതിച്ചുയരാറുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെമ്പാടും നിന്ന് 7 ലക്ഷത്തോളം ഭക്തര്‍ മുരുകഭക്ത സമ്മേളനത്തിനായി എത്തിച്ചേര്‍ന്ന മധുരയില്‍ ആ കാലയളവില്‍ ടാസ്സ്മാക്കിലെ വില്‍പ്പന സാധാരണ നിലയില്‍ തന്നെയായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് മുമ്പും ശേഷവും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും മറ്റ് അനവധി മാലിന്യങ്ങളും കൊണ്ട് ആ പ്രദേശമാകെ നിറയും. എന്നാല്‍ ഈ മഹാസമ്മേളനം നടക്കുമ്പോഴോ, അത് കഴിഞ്ഞ ശേഷമോ മധുരാനഗരം അങ്ങേയറ്റം വൃത്തിയുള്ളതായി കാണപ്പെട്ടു. തമിഴ്‌നാട്ടിലെ ഔദ്യോഗിക മദ്യ വില്പനശാലയായ ടാസ്മാക്കിന്റെ വിവിധ ദിവസങ്ങളിലെ വില്പനകളുടെ കണക്കുകള്‍ പോലും ദിനമലര്‍ പുറത്തുവിട്ടിട്ടുണ്ട്. ഉത്സവപ്രതീതിയുണ്ടായിരുന്ന ആ ദിവസങ്ങളില്‍ ഒരൊറ്റ മുരുക ഭക്തരെയും മദ്യശാലകളുടെ ക്യൂവില്‍ കാണുവാന്‍ കഴിഞ്ഞില്ല എന്ന് ടാസ്മാക്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് തമിഴ്‌നാടിന്റെ എന്നല്ല ഏതൊരു ജനപഥത്തിന്റെയും പൊതുസ്വഭാവത്തിനെതിരാണ്. കാര്‍ത്തികേയന്റെ അനുഗ്രഹത്തിലൂടെ ഭഗവാന്റെ ഭക്തര്‍ നേടിയെടുത്ത ആത്മീയ ഉന്നതിയാണ് ഈ വസ്തുത കൊണ്ട് ഭാരതം മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് മുരുക ഭക്തസമ്മേളനത്തിന് സ്വാഗതം പറഞ്ഞ ഹിന്ദുമുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യം തന്റെ ലഘു പ്രസംഗത്തില്‍ ഈ സമ്മേളനം തമിഴ്‌നാട്ടില്‍ ഒരു ആത്മീയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞത്. പിന്നാലെ സംസാരിച്ച ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനും ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് ഡോ.ആര്‍.വന്നിയ രാജനും മുരുക ഭക്ത സമ്മേളനത്തിന്റെ രാഷ്ട്രീയ-ആദ്ധ്യാത്മിക പ്രാധാന്യം ഊന്നിപ്പറഞ്ഞു. എന്നാല്‍ സമ്മേളനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമായിരുന്ന ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, തന്റെ കാര്യമാത്രപ്രസക്തമെങ്കിലും കുറിക്കുകൊള്ളുന്ന, വസ്തുതാപരമായപ്രസംഗത്തിലൂടെ തമിഴ് ജനതയുടെ മനം കവരുക തന്നെ ചെയ്തു. തമിഴ് മക്കളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയ പദമായ പുരട്ച്ചിതലൈവര്‍ എന്ന വാക്ക് വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പവന്‍ കല്യാണ്‍ തന്റെ പ്രസംഗം നടത്തിയത്.
‘തിന്മ ലോകത്തെ മുഴുവന്‍ വിഴുങ്ങുമ്പോള്‍ ആ തിന്മയെ വെട്ടി മുറിക്കുന്നത് പുണ്യമാണ്. എല്ലാവരെയും തുല്യമായി കാണുന്നത് പുണ്യമാണ്. അതിന്റെ പേര് വിപ്ലവം എന്നാണ്. ലോകത്തിലെ ആദ്യത്തെ വിപ്ലവ നേതാവാണ് മുരുകന്‍.. അനീതിയെ നശിപ്പിച്ചതിനാല്‍ തീര്‍ച്ചയായും അദ്ദേഹം ഒരു വിപ്ലവ നേതാവാണ്’ തന്നെ കേള്‍ക്കാന്‍ കാത്തിരുന്ന ആ പുരുഷാരത്തിനിടയിലേക്ക് പവന്‍ കല്യാണിന്റെ അഗ്‌നിസമാനമായ ഈ വാക്കുകള്‍ അരിച്ചിറങ്ങിയപ്പോള്‍ ആ ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ എഴുന്നേറ്റുനിന്ന് കൈയ്യടിക്കുകയായിരുന്നു. ഏതാണ്ട് ഏഴ് ലക്ഷം ജനങ്ങളില്‍ നിന്ന് ഒരേസമയം ഹര ഹരോ ഹര ഹര വിളികള്‍ ഉയര്‍ന്നു. ‘വെട്രിവേല്‍ വീരവേല്‍’ ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. ‘ഒരു ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയാകാം, ഒരു മുസ്ലിമിന് മുസ്ലിമാകാം എന്നാല്‍ ഒരു ഹിന്ദു ഹിന്ദുവായി തുടര്‍ന്നാല്‍ അവര്‍ക്ക് ഒരു പ്രശ്‌നമുണ്ട്. ഒരാള്‍ ഹിന്ദുവായി തുടര്‍ന്നാല്‍ ചിലര്‍ക്ക് പ്രശ്‌നമുണ്ട് ഇത് കപട മതേതരത്വമാണ്’ പവന്‍ കല്യാണ്‍ തുടര്‍ന്നു പറഞ്ഞു.
‘എന്റെ മതവിശ്വാസങ്ങളെ ആഘോഷിക്കാന്‍ എനിക്ക് അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? ഞങ്ങള്‍ നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ല. നിങ്ങളും അതേ മര്യാദ പാലിക്കണം എന്റെ മതത്തെ ബഹുമാനിക്കുന്നില്ലെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ എന്നെ, എന്റെ മതവിശ്വാസങ്ങളെ അനാദരിക്കരുത്. മുരുകനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങള്‍ക്ക് അറേബ്യയില്‍ നിന്ന് വന്ന മതങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാമോ? അതിനുള്ള ധൈര്യമുണ്ടോ?’ ചാട്ടുളി പോലെയുള്ള പവന്‍ കല്യാണിന്റെ വാക്കുകള്‍ തമിഴ് – തെലുങ്ക് ദേശങ്ങളുടെ ആദ്ധ്യാത്മിക മനസ്സിനെ പിടിച്ചുലക്കുക തന്നെ ചെയ്തു.
മധുരയില്‍, മീനാക്ഷി അമ്മന്റെയും സുന്ദരേശ്വര ഭഗവാന്റെയും ദിവ്യശക്തിസങ്കേതമായ മധുരയില്‍, ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി, ദക്ഷിണ ഭാരതം മറന്നുപോയ ഒരു ദുരനുഭവം ഓര്‍മിപ്പിക്കുകയുണ്ടായി. ‘ഇന്ന് നമ്മള്‍ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ പോയി അനുഗ്രഹവും കുങ്കുമവും പ്രസാദവും സ്വീകരിക്കും. പക്ഷേ നിങ്ങള്‍ക്കറിയാമോ ഒരുകാലത്ത് മധുര ഇരുട്ടില്‍ ആയിരുന്നു, മീനാക്ഷി ക്ഷേത്രത്തില്‍, നമുക്ക് തെളിച്ചം നല്‍കുന്ന മീനാക്ഷി ക്ഷേത്രത്തില്‍, വെളിച്ചം ഇല്ലായിരുന്നു, കാവി പതാക പാറിക്കാന്‍ ആരുമില്ലായിരുന്നു, ക്ഷേത്രം തകര്‍ന്നു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാലിക്ക് കഫൂര്‍ മധുര കൊള്ളയടിച്ചു. അതിനുശേഷം മീനാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ 60 വര്‍ഷത്തേക്ക് വെളിച്ചമില്ലായിരുന്നു. അത് അടച്ചിരുന്നു. അതൊരു ഇരുണ്ട കാലഘട്ടം ആയിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മധുരയില്‍ വെളിച്ചം പുനര്‍ജനിച്ചു. വിജയനഗര രാജകുമാരന്‍ കുമാര കമ്പനന്‍ ആ വിളക്ക് വീണ്ടും തെളിച്ചു.’ മീനാക്ഷി ദേവിയുടെയും സുന്ദരേശ്വര ഭഗവാന്റെയും സംഗമഭൂമിയിലെ അന്തിത്തിരിയുടെ വെളിച്ചം കുറഞ്ഞൊരു കാലത്തേക്ക് അണഞ്ഞ ദുരനുഭവത്തെക്കുറിച്ച് പവന്‍ കല്യാണ്‍ ഓര്‍മിപ്പിച്ചപ്പോള്‍ ആ ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ജാഗരൂകരാകുക തന്നെ ചെയ്തു.
‘മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം 60 വര്‍ഷത്തേക്ക് അടച്ചിട്ടത് നമ്മള്‍ കണ്ടുകൊണ്ടിരുന്നു, ആ ധൈര്യത്തോടെയാണ് അവര്‍ സംസാരിക്കുന്നത്’ എന്ന പവന്‍ കല്യാണിന്റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ടിരുന്ന ഓരോരുത്തരുടെയും മനസ്സിനെ വല്ലാതെ അലട്ടിയിട്ടുണ്ട്. മുരുകഭക്തസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിച്ചേര്‍ന്നിരുന്ന ഏതാണ്ട് എല്ലാ മാധ്യമങ്ങളും പവന്‍ കല്യാണിന്റെ ഇടിമുഴക്ക സമാനമായ വാക്കുകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുകയുണ്ടായി. കുറിക്ക് കൊള്ളുന്ന വാക്കുകളും വസ്തുതകളും ഉപയോഗിച്ച് തമിഴ് ജനതയുടെ മനം കവര്‍ന്ന പവന്‍ കല്യാണിനെതിരെ വ്യത്യസ്ത തലങ്ങളില്‍ നിന്നും പിറ്റേദിവസം കൂട്ടമായ ആക്രമണം ഉണ്ടായി. ഡിഎംകെയും സിപിഎമ്മും കോണ്‍ഗ്രസ്സും അദ്ദേഹത്തിന് എതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തുവന്നു. എന്നാല്‍ ഇതോടെ പവന്‍ കല്യാണ്‍ നടത്തിയ പ്രസംഗം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയും, അത് ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് പ്രചരിക്കുകയും ചെയ്തു.

രാമസ്വാമി നായ്ക്കര്‍ മുന്നോട്ടുവെച്ച ദ്രാവിഡ പ്രത്യയശാസ്ത്രം ഹിന്ദുമതത്തിനെതിരെ എന്തു ചെയ്തു എന്ന് കാണിക്കുന്ന ഒരു വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും അത് പിറ്റേദിവസം തമിഴ്‌നാട്ടില്‍ എമ്പാടും ചര്‍ച്ചയാവുകയും ചെയ്തു.
”കുണ്ഡ്രം കാക്ക, കോവി ലൈ കാക്ക”, ”കുന്നിനെ സംരക്ഷിക്കാന്‍. ക്ഷേത്രത്തെ സംരക്ഷിക്കാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തി മധുരയില്‍ നടന്ന മുരുക ഭക്തരുടെ മഹാസമ്മേളനത്തില്‍ ആറ് പ്രമേയങ്ങള്‍ പാസ്സാക്കി.
1 . തിരുപ്പരന്‍കുണ്ഡ്രം മലയില്‍ കാര്‍ത്തിക ദീപനാളില്‍ ദീപം തെളിക്കും
2 . പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങള്‍.
3 . തമിഴ്‌നാട്ടിലെ എല്ലാ കുന്നുകളും കുമാരന്റേതാണ്, നമ്മള്‍ എല്ലാ പര്‍വതങ്ങളെയും സംരക്ഷിക്കണം, തിരുപ്പരന്‍കുണ്ഡ്രം, പഴനി ഉള്‍പ്പെടെയുള്ള മുരുകന്റെ കുന്നുകള്‍ സംരക്ഷിക്കപ്പെടണം.
4 . ഹിന്ദു എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ (മത ധര്‍മ്മ വകുപ്പ്) നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങള്‍ വിടുതല്‍ നേടണം.
5. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കള്‍ ഐക്യത്തോടെ നിലകൊള്ളണം. ഹിന്ദുക്കള്‍ ഒന്നിച്ച് തങ്ങളുടെ ഹിന്ദു വോട്ടുബാങ്ക് തെളിയിക്കണം. ഹിന്ദു വിരുദ്ധരും ദേശവിരുദ്ധരുമായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുത്.
6 . എല്ലാ മാസവും ഷഷ്ഠി നാളില്‍ ഏവരും ഒരുമിച്ച് സ്‌കന്ദ ഷഷ്ഠി കവചം ആലപിക്കണം. എന്നിവയാണ് ആ പ്രമേയങ്ങള്‍.
ആ സമ്മേളനത്തില്‍ പങ്കെടുത്ത ഓരോ മനുഷ്യരും തമിഴ്‌നാട്ടിലെ ഹിന്ദുധര്‍മ്മ വകുപ്പ് അഥവാ ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള തങ്ങളുടെ അതൃപ്തി തങ്ങളെ സമീപിക്കുന്ന ഓരോ പത്രലേഖകരോടും വ്‌ളോഗര്‍മാരോടും പറയുന്നുണ്ടായിരുന്നു. ഡിഎംകെ സര്‍ക്കാരിനെതിരെ സാധാരണ ജനങ്ങള്‍ പ്രതികരിക്കുന്നതിന്റെ നൂറുകണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ആ സമയത്ത് ട്രെന്‍ഡിങ് ആയത്.
ഇങ്ങനെ ഏതൊരു സാഹചര്യത്തില്‍ നോക്കിയാലും ‘മുരുക ഭക്തരുടെ ആത്മീയമാനാട്’ എന്ന പേരില്‍ ഹിന്ദുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ മഹാസമ്മേളനം ഒരു വന്‍വിജയം തന്നെയായിരുന്നു. ഡിഎംകെ മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വരെ, കോണ്‍ഗ്രസ് മുതല്‍ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ്‌നാട് വരെ വിവിധ സംഘടനകള്‍ നിര്‍മ്മിച്ച കലാപസമാനമായ അന്തരീക്ഷത്തെയും, അനേകം അനേകം കോടതി നടപടികളെയും ക്ഷമയോടെയും ആത്മധൈര്യത്തോടെയും നേരിട്ട് ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന ഭൂരിഭാഗം പേരും ഹിന്ദുമുന്നണിയുടെയോ ആര്‍എസ്എസിന്റെയോ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നില്ല. അവരിലെ ഏകത്വം മുരുക ഭക്തി എന്നതായിരുന്നു. അവരെ നയിച്ചത് ‘വെട്രിവേല്‍ വീരവേല്‍’, ‘ഹര ഹരോ ഹര ഹര’, എന്നീ മുദ്രാവാക്യങ്ങളായിരുന്നു. മധുരയിലേക്കും തിരിച്ചുമുള്ള യാത്രയിലും സമ്മേളന വേദിയിലും ആ ജനത പാരായണം ചെയ്തത് സ്‌കന്ദഷഷ്ഠി കവചമായിരുന്നു. ഏതാണ്ട് രണ്ടുമാസമായി ഡിഎംകെ സര്‍ക്കാരും അതിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉപഗ്രഹ സംഘടനകളും ഭരണകൂടത്തിന്റെ സമസ്ത നിഗ്രഹാനുഗ്രഹശക്തികളും ഉപയോഗിച്ച് ഈ സമ്മേളനത്തിനെതിരെ നടത്തിയ പ്രചണ്ഡപ്രചരണത്തിന് തമിഴ് ജനത നല്‍കിയ കുറിക്കു കൊള്ളുന്ന മറുപടിയാണ് ഈ സമ്മേളനത്തിലെ ജനപങ്കാളിത്തം. എന്നാല്‍ ഈ മഹാസമ്മേളനം കണ്ടു ഭയന്ന സ്റ്റാലിന്‍ പോലീസിനെ ഉപയോഗിച്ച് നിയമ നടപടിയെടുത്താണ് പ്രതികാരം ചെയ്യാന്‍ തുനിഞ്ഞത്. മധുരയിലെ മുരുക ഭക്ത സംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സംഘാടകര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പരിപാടിയില്‍ രാഷ്ട്രീയവും മതപരവുമായ പ്രസംഗങ്ങള്‍ നടത്തിയെന്നും, ഹൈക്കോടതിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നുമാണ് E3 അണ്ണാനഗര്‍ പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസില്‍ ആരോപിക്കുന്നത് . ഹിന്ദു മുന്നണി പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യം, എസ് മുത്തുകുമാര്‍,ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, അണ്ണാമലൈ, ആര്‍എസ്എസ്, ബിജെപി, ഹിന്ദു മുന്നണി, അനുബന്ധ ഹിന്ദു സംഘടനകളുടെ സംഘാടകര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
ദ്രാവിഡവാദം നിറഞ്ഞ ഒരു സംസ്ഥാനത്ത് അതിസാധാരണക്കാരായ ജനങ്ങളെ അണിനിരത്തി ഇത്രയും വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ഈ പരിപാടിയുടെ വന്‍ വിജയങ്ങളില്‍ ഒന്നാണ്. തമിഴകത്തിന്റെ ആദ്ധ്യാത്മികതയുടെ കേന്ദ്രബിന്ദുവായ മുരുക ഭഗവാനെതിരെ കാലാകാലങ്ങളായി നടന്നുവന്നിരുന്ന അക്രമങ്ങളുടെയും അവഹേളനങ്ങളുടെയും സ്വാഭാവിക പ്രതിരോധം എന്ന നിലയില്‍ രൂപപ്പെട്ട മധുര മുരുകന്‍ സമ്മേളനം ജനതയ്ക്ക് ആത്മീയവും രാഷ്ട്രീയവുമായ ഉണര്‍വ് പ്രദാനം ചെയ്തു എന്നതില്‍ സംശയമില്ല. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തില്‍, ഇ.വി. രാമസ്വാമി നായ്കരുടെ കാലഹരണപ്പെട്ട ഹിന്ദുവിരുദ്ധ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് കിരാതഭരണം നടത്തുന്ന മുത്തുവേയില്‍ കരുണാനിധി മകന്‍ സ്റ്റാലിനും, കിരീടാവകാശിയായി വാഴിച്ചിരിക്കുന്ന ഉദയനിധി സ്റ്റാലിനും എതിരെയുള്ള തമിഴ് ജനതയുടെ യുദ്ധപ്രഖ്യാപനം ആയിരുന്നു മുരുക സമ്മേളനം. ഇനിയങ്ങോട്ട് വരും ദിനങ്ങളില്‍ ആ ഉണര്‍വും ഊര്‍ജ്ജവും നല്‍കുന്ന ചലനാത്മകതയായിരിക്കും തമിഴക രാഷ്ട്രീയത്തിനെ നയിക്കുന്നത്. ആത്മീയ ഉണര്‍വിനുപരി ഈ സമ്മേളനം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ അര്‍ത്ഥം അതിന്റെ ആഴവും പരപ്പും കൊണ്ട് നാളെ ഭാരതത്തിന്റെ ദിശാബോധം നിര്‍വ്വഹിക്കുക തന്നെ ചെയ്യും.
പ്രപഞ്ചത്തിന്റെ നിയതമായ ഗതിയെ തടസ്സപ്പെടുത്തിയ താരകാസുരനെയും സിംഹമുഖനെയും ശൂരപത്മാസുരനെയും ഭഗവാന്‍ മുരുകന്‍ നിഗ്രഹിച്ചത് പോലെ, ഭാരതവര്‍ഷത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ദുഷ്ടശക്തികളെ ദേവസേനാപതിയായ കാര്‍ത്തികേയനില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട അടിസ്ഥാന ജനത പോരാടി തോല്‍പ്പിക്കുക തന്നെ ചെയ്യും. വെട്രിവേല്‍ വീരവേല്‍, ഹര ഹരോ ഹര ഹര എന്നീ ഘോഷങ്ങളുടെ താഡനശക്തിയെ തടുക്കാനാകാതെ ഡിഎംകെ സര്‍ക്കാര്‍ അതിന്റെ സമസ്ത ആസുരികഭാവങ്ങളോടും കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന സുന്ദര നിമിഷം സമാഗതമാകുവാന്‍ ഇനി അധികം സമയം വേണ്ട.
‘ശിവന്‍ കണ്ണുതുറന്ന നാടാണിത്. ക്ഷമ ഭീരുത്വമല്ല. ഇവിടുത്തെ എല്ലാ മുരുക ഭക്തരുടെയും ഒരു നോട്ടം മാത്രം മതി. നമ്മുടെ ദൈവത്തെ ശപിക്കുന്ന ആ ജനക്കൂട്ടം ഒരു അദൃശ്യ ജനക്കൂട്ടമായി മാറും. മിന്നല്‍, കണ്ണുകളെ അന്ധമാക്കുന്നതുപോലെ, ഒരു നദി കരകവിഞ്ഞൊഴുകുന്നതു പോലെ, നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാം. അനീതിയെ നേരിടാന്‍ നമുക്ക് ഒത്തുകൂടാം. സദ്ഗുണത്തെ സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും എഴുന്നേല്‍ക്കാം. മുരുകന്റെ നീതി സംരക്ഷിക്കാന്‍ നമുക്ക് പുറപ്പെടാം. മുരുകന്റെ സൈന്യത്തെ ശകാരിക്കുന്ന ജനക്കൂട്ടത്തെ നമുക്ക് നശിപ്പിക്കാം. ഈ സൈന്യം പരാജയപ്പെട്ടാല്‍, ഏത് സൈന്യമാണ് വിജയിക്കുക!’ ജനലക്ഷങ്ങളുടെ കരഘോഷത്തിന്റെ അകമ്പടിയോടെ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ പറഞ്ഞവസാനിപ്പിച്ച ഈ വാക്കുകള്‍ തമിഴകത്തിന്റെയെന്നല്ല ദക്ഷിണ ഭാരതത്തിന്റെ ആകമാനം അന്തരാത്മാവിനെ പിടിച്ചുലച്ചു കഴിഞ്ഞു.






















