സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെക്കൊണ്ട് ‘ഭാരത് മാതാ കീ ജയ്’വിളിപ്പിച്ചത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു – കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നതാണ് ആ ഉത്തരം. സി.പി.ഐക്കാരനായ കൃഷിവകുപ്പ് മന്ത്രി പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഭാരതാംബ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യാന്‍ വയ്യ എന്നു പറഞ്ഞുകൊണ്ട് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വവും മറ്റു നേതാക്കളും ചേര്‍ന്ന് ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു കൊണ്ട് ചെടിനടുന്ന രംഗം ചാനലുകള്‍ വഴി കണ്ട് മലയാളികള്‍ രോമാഞ്ചം കൊണ്ടതാണ്. ഇതിന്റെ പേരില്‍ അവര്‍ ഗവര്‍ണര്‍ക്ക് നന്ദി പറയുകയും ചെയ്തതാണ്. ഗവര്‍ണറുടെ അടുത്ത പണി അതുക്കും മീതെ ആണെന്നു വേണം കരുതാന്‍. തളിപ്പറമ്പ് രാജരാജേ ശ്വര ക്ഷേത്രത്തിനു മുമ്പില്‍ 14 അടി ഉയരമുള്ള ഏറ്റവും വലിയ മഹാദേവ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞത് കേരളത്തിലെ ക്ഷേത്രങ്ങള്‍ സനാതനധര്‍മ്മം പഠിപ്പിക്കുന്ന മതപാഠശാലകള്‍ സ്ഥാപിക്കണമെന്നും നാട്ടില്‍ അലഞ്ഞുനടക്കുന്ന ഗോക്കള്‍ക്ക് ഗോശാല ഒരുക്കണമെന്നുമാണ്.
ഇതു ഏറ്റുപിടിച്ച് ബിനോയ് വിശ്വം പറഞ്ഞത് ഇത് കേരളമാണ്, ഗോശാലകള്‍ യോഗിയുടെ യു.പിയില്‍ പണിയട്ടെ എന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ അലഞ്ഞുതിരിയുന്ന പശുക്കളെയുംകൊണ്ട് യു.പിയിലേക്ക് പോകേണ്ട ഒരു ആവശ്യവും വരില്ല എന്ന് തിരിച്ചറിയാന്‍ സി.പി.ഐയുടെ സമ്മേളനം സംബന്ധിച്ച വാര്‍ത്ത വായിച്ചാല്‍ മാത്രം മതി. സി.പി.ഐയില്‍ അംഗങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. അല്ലെങ്കിലേ നേതാക്കളല്ലാതെ അണികള്‍ ഇല്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ. ഇടതുമുന്നണിയില്‍ സി.പി.എമ്മിന്റെ ഊരയില്‍ പരാന്ന ഭോജിയായി കഴിയുന്ന സി.പി.ഐയില്‍ ഇനിയും കൊഴിഞ്ഞു പോക്കുണ്ടായാല്‍ പാര്‍ട്ടി ഓഫീസ് പശുത്തൊഴുത്താക്കി മാറ്റേണ്ടിവരും എന്നതില്‍ ആര്‍ക്കാണ് സംശയം? ജാതിഭ്രഷ്ടിന്റെ അടയാളമായ ഇണ്ടംതുരുത്തി മന വാങ്ങി ഓഫീസാക്കിയ പാര്‍ട്ടി പഴയകാല തെറ്റുകള്‍ക്കെല്ലാം പ്രായശ്ചിത്തമായി സ്വന്തം ഓഫീസ് ഗോശാലയും സനാതന ധര്‍മ്മ പാഠശാലയും നടത്താന്‍ നല്കി പ്രായശ്ചിത്തം ചെയ്യട്ടെ.





















