സത്യം കുഴിച്ചുമൂടാന്‍ എത്ര ശ്രമിച്ചാലും അത് വീണ്ടും മറനീക്കി പുറത്തുവരും. മാവോവാദികള്‍ക്ക് വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്.
ഏറെക്കാലമായി സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചിരുന്ന ഒരു ആരോപണമാണിപ്പോള്‍ സി.പി.എമ്മിന്റെ ജില്ലാനേതൃത്വം ശരിവെച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പല കാര്യങ്ങളിലും വൈകിയേ വെളിപാടുണ്ടാകൂ. സ്വാതന്ത്ര്യത്തിന്റെ കാര്യമായാലും ശബരിമലയുടെ കാര്യമായാലും വികസനത്തിന്റെ കാര്യമായാലും ഇതാണ് സ്ഥിതി.
1920-ല്‍ താഷ്‌ക്കന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുമ്പോള്‍ തന്നെ ആ പാര്‍ട്ടിയില്‍ മുസ്ലിം വര്‍ഗീയവാദികളുടെ സ്വാധീനം പ്രകടമായിരുന്നു.
തുര്‍ക്കിയില്‍ ബ്രിട്ടന്റെ സഹായത്തോടുകൂടി അവരോധിക്കപ്പെട്ട ഖലീഫ കമാല്‍പാഷയെ പുറത്താക്കാന്‍ ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്ക് വിശുദ്ധ യുദ്ധത്തിന് പോയ മതഭ്രാന്തന്മാരെ താഷ്‌ക്കന്റിലേക്ക് വിളിച്ച് വരുത്തിയ രണ്ടാം കമ്മ്യൂണിസ്റ്റ് കോമിന്റോണ്‍ ആണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. അതുകൊണ്ട് തന്നെ ആയിരിക്കണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എക്കാലവും ഒരു മുസ്ലീം മൃദുസമീപനം നിലനിന്നുപോന്നു. 1947ല്‍ അവര്‍ ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ അനുകൂലിച്ചു. രാജ്യത്തെ പല പ്രവിശ്യകളാക്കി വിഭജിക്കണമെന്ന് പ്രമേയം പാസ്സാക്കി. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം ദേശവിരുദ്ധ നിലപാടുകള്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയില്‍ കാര്യമായി വിലപ്പോയില്ലെങ്കിലും കേരളത്തില്‍ അവര്‍ അവരുടെ മുസ്ലീം പ്രീണനനയം നടപ്പിലാക്കുന്നതില്‍ വിജയിച്ചു.
അതിന്റെ തുടക്കമായിരുന്നു 1946-ല്‍ മാപ്പിള ലഹളയെ വാഴ്ത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗം. അതിങ്ങനെയായിരുന്നു: ‘നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലീമോ ആകട്ടെ നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധരെങ്കില്‍ അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത ധീരസമരത്തിന്റെ പാഠമുള്‍ക്കൊള്ളണം.’ ‘മൂന്നുമാസത്തോളം അവര്‍ ആ പ്രദേശത്ത് നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ പുറത്താക്കി. ക്വിറ്റ് ഇന്ത്യപ്രമേയം നടപ്പിലാക്കിക്കൊണ്ട് മാതൃക കാണിച്ചു. ആലി മുസ്ല്യാരാണ് അത് ചെയ്തത്.’
കോണ്‍ഗ്രസ്സും മുസ്ലീംലീഗും പോലും മാപ്പിളലഹളയെക്കുറിച്ച് ഇതുപോലൊരു പ്രസ്താവനയ്ക്ക് അറച്ച് നില്‍ക്കുന്ന കാലത്താണ് എ.കെ.ഗോപാലന്‍ നൂറു കണക്കിന് ഹിന്ദുക്കളെ കൂട്ടക്കശാപ്പ് ചെയ്യുകയും ആയിരങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും ചെയ്ത ആ വര്‍ഗീയ കലാപത്തിന്റെ വഴി പിന്തുടരാന്‍ ആവശ്യപ്പെട്ടത്.
1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപടി കൂടി മുന്നോട്ട് പോയി. മാപ്പിളലഹളയെ അവര്‍ മലബാര്‍ കലാപവും ബ്രിട്ടീഷുകാര്‍ക്കെതിരായ ധീരോദാത്ത സമരവുമാക്കി ലഹളക്കാര്‍ക്ക് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ആലി മുസ്ല്യാര്‍ക്ക് സ്മാരകവും (തറക്കല്ലിട്ടത് മന്ത്രി ശിവദാസമേനോന്‍) തിരൂരില്‍ വാഗണ്‍ട്രാജഡി സ്മാരകവും (നഗരസഭ) നിര്‍മ്മിച്ചു.
1967ല്‍ ഇഎംഎസ് സര്‍ക്കാര്‍ അറബി ഭാഷയ്ക്ക് പ്രത്യേക പരിഗണന നല്‍കി. സ്‌ക്കൂളിന്റെ പടി കാണാത്ത മുക്രിമാരെയും മൊല്ലാക്കമാരെയും ഭാഷാ അദ്ധ്യാപകരാക്കി നിയമിച്ചു. ഒപ്പം കെ.കേളപ്പനെ പോലുള്ള ദേശീയവാദികളുടെ എതിര്‍പ്പിനെ അവഗണിച്ച് മാപ്പിള ലഹള ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മുസ്ലീം ലീഗിന് കീഴടങ്ങി മുസ്ലീങ്ങള്‍ക്കായി ഒരു ജില്ലയും (മലപ്പുറം) രൂപീകരിച്ചു നല്‍കി.
1968-ലെ അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭ സമയത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീംലീഗിനും വര്‍ഗീയവാദികളായ കയ്യേറ്റക്കാര്‍ക്കുമൊപ്പമായിരുന്നു നിലയുറപ്പിച്ചത്.
1921-ല്‍ മതവൈരത്താല്‍ വിജൃംഭിതമാക്കപ്പെട്ട മുസ്ലീം വര്‍ഗീയത തങ്ങളുടെ കൃതാനര്‍ത്ഥം അല്പം ക്ഷയിച്ച് പത്തിമടക്കി നിന്ന കാലത്താണ് എ.കെ.ജിയും ഇ.എം.എസ്സും ഈ ശക്തികളെ ശവക്കുഴി തോണ്ടി പുറത്തുകൊണ്ടുവന്ന് മതവിദ്വേഷം ആളിക്കത്തിച്ചത്.
ഇതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഗുണമുണ്ടായി. രാഷ്ട്രീയമായി മുസ്ലീംലീഗിനെ ആശ്രയിച്ചുനിന്ന പല മുസ്ലീം കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറി തുടങ്ങി. ഇ.കെ. ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദ്കുട്ടിയും നിലമ്പൂരില്‍ കുഞ്ഞാലിയുമൊക്കെ ഇവരെ നയിച്ചു. 1989-ല്‍ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമയുടെ പിളര്‍പ്പ് മുതലെടുത്ത് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ വിഭാഗത്തെ സ്വന്തമാക്കി. അവര്‍ അരിവാള്‍ സുന്നി എന്നറിയപ്പെട്ടു. മദനിയുടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു. കേരളത്തില്‍ അന്‍പതോളം കേസുകളില്‍ പിടികിട്ടാപ്പുളിയായിരിക്കെ നായനാര്‍ ഭരണത്തില്‍ മദനി മതവിദ്വേഷം തുപ്പി നാടുനീളെ പ്രസംഗിച്ചു നടന്നു. കേരള പോലീസ് അനങ്ങിയില്ല. മദനി ഒരു കൊടും തീവ്രവാദിയായി വളര്‍ന്നു വലുതായി. കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയും വര്‍ദ്ധിച്ചുവന്നു.
ഇ.എം.എസ്. നാല് വോട്ടിനായി മദനിയെ മഹാത്മാവിനോട് ഉപമിച്ച് വാഴ്ത്തി പാടിയത് ഇതേ കാലത്താണ്.
അവസാനം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലിലായ മദനിയെ രക്ഷിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തി. 2006-ല്‍ മദനിയുടെ ജയില്‍ മോചനത്തിനായി സി.പി.എം മുന്‍കൈ എടുത്ത് ഇരുമുന്നണികളും ചേര്‍ന്ന് കേരളനിയമസഭയില്‍ പ്രമേയം പാസ്സാക്കി.
മുന്‍ എം.പിയും മന്ത്രിയുമായിരുന്ന ടി.കെ.ഹംസയെ പ്രത്യേക ദൂതനായി കോയമ്പത്തൂര്‍ ജയിലിലേക്കയച്ച് മദനിയുടെ ക്ഷേമം ഉറപ്പ് വരുത്തി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാറല്‍ മാര്‍ക്‌സിനും ലെനിനും പകരം മദനിയുടെ ഫോട്ടോ ആയിരുന്നു സി.പി.എം നാടുനീളെ പ്രചാരണത്തിനായി ഉപയോഗിച്ചത്. അച്യുതാനന്ദനും കടകംപള്ളിയും തങ്ങളുടെ പടത്തിനൊപ്പം മദനിയെ ചേര്‍ത്തുവെച്ച് വിജയിച്ചു.
2008ല്‍ ജയില്‍ മോചിതനായ മദനിയെ സ്വീകരിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും മന്ത്രി എന്‍.കെ. പ്രേമചന്ദ്രനും തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് മൂന്ന് മണിക്കൂര്‍ കാത്തുനിന്നു. 2009-ല്‍ പൊന്നാനി ലോക്‌സഭ തിരഞ്ഞെടുപ്പിലും ഈ ബാന്ധവം തുടര്‍ന്നു. മദനിക്ക് പ്രിയങ്കരനായിരുന്ന ഹുസൈന്‍ രണ്ടത്താണിയായിരുന്നു അവിടെ ഇടതു സ്ഥാനാര്‍ത്ഥി. 2017ല്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കര്‍ണ്ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ മദനിയുടെ കേരള സന്ദര്‍ശനം സ്‌പോണ്‍സര്‍ ചെയ്തതും സിപിഎമ്മും പിണറായി സര്‍ക്കാരുമായിരുന്നു.
ഇതേസമയം മറുവശത്ത് സമസ്തയിലെ ഇ.കെ. – എ.പി. തര്‍ക്കത്തില്‍ എ.പിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ട അരിവാള്‍ സുന്നി മലബാറില്‍ മെല്ലെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. തുടക്കത്തില്‍ സുന്നി ഇ.കെ. വിഭാഗത്തിനെ പ്രതിരോധിക്കാന്‍ രൂപീകരിച്ച സുന്നി ടൈഗര്‍ഫോഴ്‌സ് വളരെ പെട്ടെന്ന് തന്നെ തീവ്രവാദത്തിലേക്ക് കടന്നിരുന്നു. മര്‍ക്കസ് മാനേജര്‍ ഉസ്മാന്‍ മുസ്ല്യാര്‍ക്കായിരുന്നു ഇതിന്റെ നേതൃത്വം (പിന്നീട് ജംഇയ്യത്തൂല്‍ ഇസ്ഹാനിയ).
സംസ്ഥാനത്ത് നടന്ന വിവാദമായ പല കൊലപാതകങ്ങളിലും ഈ തീവ്രവാദ സംഘടനയുടെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര അന്വേഷണസംഘം പുറത്തുവിട്ട പട്ടിക പ്രകാരം ഗുരുവായൂര്‍ സുനില്‍ (1994), വാടാനപ്പള്ളി രാജീവ് (1995), കൊളത്തൂര്‍ മോഹനചന്ദ്രന്‍ (1995), വളാഞ്ചേരി താമി, കൊല്ലങ്കോട് മണി, മതിലകം സന്തോഷ് (1996) എന്നീ സംഘപരിവാര്‍ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരേയും കൊലപ്പെടുത്തിയത് ജംഇയ്യത്തൂല്‍ ഇസ്ഹാനിയയാണ്.
കോഴിക്കോട് മുജാഹിദ് സെന്ററിന് ബോംബ് വെച്ചതും ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ട് പോയി കൊലചെയ്തതും മലപ്പുറം ജില്ലയില്‍ വ്യാപകമായി തിയേറ്റര്‍ കത്തിച്ചതും സംസ്ഥാനത്ത് പലയിടത്തും പൈപ്പ് ബോംബുകള്‍ കൊണ്ടുവെച്ചതും ഇവരുള്‍പ്പെടുന്ന സംഘങ്ങളായിരുന്നുവെന്ന് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ തീവ്രവാദി തടിയന്റവിട നസീര്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ (എന്‍.ഐ.എ) വെളിപ്പെടുത്തിയിട്ടുണ്ട്. നസീര്‍ മുമ്പ് എസ്.എഫ്.ഐക്കാരനായിരുന്നു.
ചേകന്നൂര്‍ മൗലവി കേസിലെ പ്രതി ഇല്യന്‍ ഹംസയും തിരൂരിലെ തിയ്യേറ്റര്‍ കത്തിക്കല്‍ കേസിലെ പ്രതിയായിരുന്നു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും ചേകന്നൂര്‍ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കാന്തപുരത്തെയും മുസ്ലീം തീവ്രവാദ സംഘടനകളേയും ആശ്രയിച്ചിരുന്ന സിപിഎമ്മിന് ഇവരുടെ തീവ്രവാദവിധ്വംസക പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
1995-ല്‍ കടലുണ്ടിപ്പുഴയില്‍ കൂമന്‍ കല്ല് പാലത്തിനടിയില്‍ പൈപ്പ് ബോംബ് കണ്ടെടുത്ത കേസില്‍ പ്രതിയായ ഷുഹൈബിനെ ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം 2017ല്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്തില്‍ നടന്ന മുപ്പത്തിയഞ്ചോളം സ്‌ഫോടന കേസുകളില്‍ ചോദ്യം ചെയ്യവെ ആയിരുന്നു അറസ്റ്റ്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ എല്ലാ അര്‍ത്ഥത്തിലും സിപിഎം പിന്തുണയോടെ കേരളത്തില്‍ മുസ്ലീം തീവ്രവാദം തഴച്ച് വളരുന്ന സാഹചര്യമായിരുന്നു സംജാതമായത്.
മദനിക്കും കാന്തപുരം വിഭാഗത്തിനും സിപിഎം നല്‍കിപ്പോന്ന സഹായവും പിന്തുണയും പരസ്യമായതാണെങ്കില്‍ എന്‍.ഡി.എഫുമായും അതിന്റെ മറ്റൊരു രൂപമായ പോപ്പുലര്‍ ഫ്രണ്ടിനോടും രഹസ്യബാന്ധവത്തിലേര്‍പ്പെട്ടു.
1921ലെ മാപ്പിളലഹള, അങ്ങാടിപ്പുറം തളിപ്രക്ഷോഭം, തലശ്ശേരി കലാപം, മാറാട് കൂട്ടക്കൊല, ഉസാമബിന്‍ലാദനോടുള്ള സിപിഎം ആഭിമുഖ്യം, സദ്ദാംഹുസൈന്റെ വധത്തോടുള്ള പ്രതികരണം ഇവയിലെല്ലാം സിപിഎമ്മിനും മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും ഒരേ നിലപാടായിരുന്നു ഉണ്ടായിരുന്നത്.
സദ്ദാം അനുകൂല പ്രക്ഷോഭത്തില്‍ സിപിഎമ്മായിരുന്നു മുന്നില്‍. തിരുവമ്പാടി പോലുള്ള മുസ്ലിംവോട്ടുകള്‍ പ്രബലമായ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും വ്യാപകമായി ഇത് ഉപയോഗിക്കപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു അന്ന് സംസ്ഥാന ഹര്‍ത്താല്‍ നടന്നത്.
ഒരേ നിലപാട് സ്വീകരിക്കുന്ന രണ്ട് വ്യത്യസ്ത ആശയക്കാരുടെ അവിശുദ്ധ ബാന്ധവമായിരുന്നു ഇവിടെയെല്ലാം കേരളം ദര്‍ശിച്ചത്.
സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലുമൊക്ക ഇത് പ്രതിഫലിക്കുക തന്നെ ചെയ്തു. വിപ്ലവ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മതതീവ്രവാദികള്‍ മെല്ലെ ഇടംപിടിച്ചു. കമ്മ്യൂണിസത്തോടുള്ള ആഭിമുഖ്യമല്ല മറിച്ച് തങ്ങളുടെ തീവ്ര ആശയങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലൂടെ പ്രചരിപ്പിക്കാനുള്ള അവസരമായാണ് അവരിതിനെ കണ്ടത്.
ആര്‍ക്കും കടന്നു ചെല്ലാനാവാത്ത പാര്‍ട്ടിഗ്രാമങ്ങളാണ് ഇസ്ലാമിക ഭീകരസംഘടകളുടെ സുരക്ഷിത താവളങ്ങള്‍. 2008 ഒക്‌ടോബറില്‍ കുപ്‌വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരില്‍ രണ്ടുപേര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു. മുഹമ്മദ് ഫയാസും മുഹമ്മദ് ഫായിസും. ഇക്കാര്യം അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ റിപ്പോര്‍ട്ടു ചെയ്തത് സത്യം പൂഴ്ത്തിവെച്ചുകൊണ്ടായിരുന്നു. 2016ലെ കനകമല ഗൂഢാലോചന നടത്തിയവരെ പിടികൂടിയപ്പോള്‍ അവര്‍ നിരപരാധികളാണ് എന്നാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്. അഞ്ചുപേരെയാണ് ഈ കേസ്സില്‍ കോടതി ശിക്ഷിച്ചത്.
അലന്‍ ഷുഹൈബും താഹ ഫസലും ഉസ്മാന്‍ പാണ്ടിക്കാടും നിരപരാധികളാണ് എന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി. അവര്‍ക്കുവേണ്ടി പാര്‍ട്ടി ശക്തമായി വാദിച്ചു. ഇപ്പോള്‍ പി.മോഹനന്‍ മാസ്റ്ററും പിണറായി വിജയനും അവര്‍ മാവോയിസ്റ്റുകളാണെന്നു പറയുമ്പോള്‍ അവരെ ന്യായീകരിക്കാനും രക്ഷിക്കാനുമാണ് പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നത്.
ഇസ്ലാമിക ഭീകരവാദവുമായി പാര്‍ട്ടിയ്ക്കുള്ള നാഭിനാളീ ബന്ധമാണ് ഇതിലൂടെയെല്ലാം മറനീക്കി പുറത്തുവരുന്നത്. ആരെല്ലാം ചേര്‍ന്നാണ് പച്ചചെങ്കൊടി തുന്നിയത് എന്ന് ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ്. പാര്‍ട്ടി അണികള്‍ക്കല്ലാതെ സാധാരണ ഭാരതീയന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പവുമില്ല.