രാമന് പുഞ്ചിരിച്ചുകൊണ്ട് ജനകനെയും വിശ്വാമിത്രനേയും വണങ്ങിയശേഷം സദസ്സിനെയും വണങ്ങി ആത്മവിശ്വാസത്തോടെ പിനാകം ഇരിക്കുന്ന ശകടത്തിനു അടുത്തേയ്ക്കു നടന്നു.
രാമന്‍ വില്ലിനടുത്തെത്തിയശേഷം അതില്‍ ദൃഷ്ടി ഉറപ്പിച്ച്, അത് പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചശേഷം ആദരവോടെ, ആചാര്യനെ നമിക്കുന്നതുപോലെ കൈകള്‍ കൂപ്പി പിനാകത്തെ വണങ്ങി. സര്‍വ്വ ദേവീദേവന്മാരേയും മനസ്സാ വന്ദിച്ചശേഷം സദസ്സിനെയും വന്ദിച്ചു. മഹാദേവനും ബ്രഹ്മദേവനുമല്ലാതെ മറ്റാര്‍ക്കും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത മഹാധനുസ്സാണ് താന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത്. പിനാകം പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് ബ്രഹ്മദേവനില്‍നിന്ന് ലഭിച്ച ജ്ഞാനം വിശ്വാമിത്രന്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. എങ്കിലും സാധാരണ ധനുസ്സുപോലെ ഇത് പ്രവര്‍ത്തിപ്പിക്കുക പ്രയാസമാണ്. മഹാദേവന്‍ അനേകം ദുഷ്ടന്മാരെ വകവരുത്തിയിട്ടുള്ളത് ഈ വില്ലുകൊണ്ടാണ്. മഹര്‍ഷി നല്‍കിയ ജ്ഞാനത്തിന്റെ കരുത്ത് തന്നിലേയ്ക്ക് ആവാഹിക്കാനെന്നവിധം രാമന്‍ ധ്യാനനിരതനായി ധനുസ്സില്‍ത്തന്നെ നോക്കിനിന്നു.
”രാമാ, എന്താണ് ധനുസ്സില്‍നിന്ന് കണ്ണെടുക്കാതെ നീ നോക്കിനില്‍ക്കുന്നത്. അത് പ്രവര്‍ത്തിപ്പിക്കാന്‍ നിനക്ക് കഴിയും..?” വിശ്വാമിത്രന്‍ രാമന് ആത്മവിശ്വാസം പകര്‍ന്നു.
ജനകന്‍ അപ്പോള്‍ സീതയുടെ മുഖത്തേയ്ക്കാണ് നോക്കിയത്. ധനുസ്സ് പ്രയോഗിക്കാന്‍ ഓരോ രാജാക്കന്മാരും മുമ്പ് വന്നിട്ടുള്ള സന്ദര്‍ഭത്തിലൊക്കെ, അതിലൊന്നും തനിക്ക് ഒരു താല്പര്യവുമില്ലെന്ന മട്ടിലാണ് സീത സഭയില്‍ ഇരുന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സീതയുടെ മുഖത്തു വിരിയുന്ന സന്തോഷം കണ്ട് ജനകന്റെ മനസ്സ് കുളിര്‍ത്തു. രാമന് വില്ല് പ്രയോഗിക്കാന്‍ കഴിയണമേയെന്ന് ആഗ്രഹിക്കുന്നതുപോലെ സീതയുടെ മുഖം കൗതുകത്താലും സന്തോഷത്താലും വിടര്‍ന്ന പൂവുപോലെ ശോഭിക്കുന്നത് ജനകന്‍ കണ്ടു.
ധനുസ്സ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് വിശ്വാമിത്രന്‍ പറഞ്ഞത് ഓര്‍ത്തുകൊണ്ട് അതിന്റെ ഓരോ വശത്തേയ്ക്കും മാറിയും തിരിഞ്ഞും നടന്ന് നോക്കിയശേഷം മനസ്സിനെ ഏകാഗ്രമാക്കുന്നതിനായി രാമന്‍ വീണ്ടും ധ്യാനനിരതനായി.
രാമന്‍ തന്റെ ഇരുകൈകളും ഉയര്‍ത്തി മഹാധനുസ്സില്‍ സ്പര്‍ശിച്ചു. അപ്പോള്‍ തന്റെ ശരീരത്തിലൂടെ ഏതോ അദൃശ്യമായ ഒരു ശക്തി പ്രവഹിച്ചതുപോലെ രാമന് അനുഭവപ്പെട്ടു. തന്റെ ശരീരം ആ ധനുസ്സുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പെട്ടെന്ന് കൈ പിന്‍വലിച്ച് ഒരടി പിന്നിലേയ്ക്കു മാറി സൂക്ഷ്മമായി ചില പരിശോധനകള്‍ നടത്തിയശേഷം കണ്ണുകളടച്ച് മഹാദേവനെ പ്രാര്‍ത്ഥിച്ചു.
സീത ശ്വാസമടക്കിപ്പിടിച്ച് എഴുന്നേറ്റു ശ്രദ്ധാപൂര്‍വ്വം രാമനെ നോക്കിനിന്നു. ആകാംക്ഷയാല്‍ എഴുന്നേറ്റുനിന്നത് ആരെങ്കിലും കണ്ടുവോ എന്ന ശങ്കയാല്‍ സീത ചുറ്റും നോക്കി. എല്ലാവരുടെ കണ്ണുകളും രാമനിലാണ്. തന്നെ ആരും ശ്രദ്ധിക്കുന്നില്ല. സീതയുടെ മനസ്സില്‍ അപ്പോള്‍ ആയിരം പെറുമ്പറയുടെ മുഴക്കം അനുഭവപ്പെട്ടു.
രാമന്‍ ശരീര ബലത്തിനേക്കാള്‍ ആത്മബലത്തോടെ ബലിഷ്ഠമായ തന്റെ കൈകള്‍കൊണ്ട് പിനാകത്തെ മുറുകെ പിടിച്ചുകൊണ്ട് അതിന്റെ ഒരു ഭാഗം ഉയര്‍ത്താനാണ് ശ്രമിച്ചത്. അതിനായി തന്റെ തോളുകളും, പുറവും, കൈകളും കൂടുതല്‍ ആയാസപ്പെടുത്തി. പക്ഷേ, വില്ലിന് ഒന്നും സംഭവിക്കുന്നില്ലെന്ന് രാമന് മനസ്സിലായി. അപ്പോഴും രാമന്റെ മുഖം പ്രശാന്തവും പ്രസന്നവുമായിരുന്നു. രാമന്‍ തന്റെ സര്‍വ്വ ശക്തിയും കൈകളില്‍ കേന്ദീകരിച്ചു. പെട്ടെന്ന് വില്ലിന്റെ ഒരു ഭാഗം പതുക്കെ ഉയര്‍ന്നു.
സദസ്സില്‍നിന്ന് ആര്‍പ്പുവിളികള്‍ മുഴങ്ങി. സദസ്സിലുള്ളവരെല്ലാം എഴുന്നേറ്റുനിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പുഞ്ചിരിച്ചുകൊണ്ട് രാമന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും സൂക്ഷ്മമായി വിശ്വാമിത്രന്‍ വീക്ഷിച്ചു. ശിവധനുസ്സിന്റെ ഒരു അഗ്രംമാത്രം ആനയുടെ തുമ്പിക്കൈപോലെ പതുക്കെ ഉയര്‍ന്നു. അത് സഭാമണ്ഡപത്തിനെയും ഭേദിച്ച് മുകളിലേയ്ക്കു പോകുമോ എന്ന് എല്ലാവരും ഭയന്നു. എന്നാല്‍ ദിവ്യാസ്ത്രങ്ങളെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാനാണ് അത് ഉയര്‍ന്നതെന്ന് വിശ്വാമിത്രന് മനസ്സിലായി. അനേകം ദിവ്യാസ്ത്രങ്ങളെ ഉയര്‍ന്ന നാളി വഴി പ്രവഹിപ്പിക്കാന്‍ ആ ധനുസ്സിന് കഴിയുമെന്ന് വിശ്വാമിത്രനറിയാം. എന്നാല്‍ ധനുസ്സുകളെ പ്രവഹിപ്പിക്കാന്‍ ശ്രമിക്കാതെ ധനുസ്സിന്റെ മറ്റൊരു ഭാഗത്തേയ്ക്കാണ് രാമന്‍ ശ്രദ്ധിക്കുന്നതെന്ന് വിശ്വാമിത്രന്‍ മനസ്സിലാക്കി. അസ്ത്രങ്ങള്‍ ഇനി എത്ര ദുരത്തേയ്ക്കു പോകണം എന്നു തീരുമാനിക്കുന്നതിനുള്ള ക്രമീകരണം ധനുസ്സിലുണ്ട്. അതാണ് രാമന്‍ സൂക്ഷ്മമായും മനസ്സിലാക്കുന്നത്. ആ വിദ്യയും താന്‍ കണ്ടെത്തിയിരിക്കുന്നുവെന്ന് രാമന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായി. അതു കണ്ടപ്പോള്‍ വിശ്വാമിത്രന് സന്തോഷമായി.
രാമന്‍ കൈകള്‍കൊണ്ടു മാത്രമല്ല കാലുകള്‍കൊണ്ടും ധനുസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. രാമന്റെ ശരീരത്തില്‍നിന്ന് വിയര്‍പ്പുകണങ്ങള്‍ ധനുസ്സിലേയ്ക്കു വീഴുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ അടുത്ത ഭാഗം കൂടി പ്രവര്‍ത്തിപ്പിക്കാനാണ് രാമന്‍ ശ്രമിക്കുന്നത്.
പെട്ടെന്ന് ധനുസ്സിന്റെ മദ്ധ്യഭാഗത്തുനിന്ന് തീയും പുകയും വമിച്ചു. സഭാവാസികള്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. പെട്ടെന്ന് അതിന്റെ മധ്യഭാഗത്തുനിന്ന് അതിശക്തമായി ഒരു അഗ്നിഗോളം ഉയര്‍ന്നതോടൊപ്പം ഭയപ്പെടുത്തുന്ന അതി ശക്തമായ ശബ്ദം എല്ലാവരുടെയും കാതടപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല.
അഗ്നിഗോളം ഉയരുന്നതുകണ്ടപ്പോള്‍ വിശ്വാമിത്രനും അമ്പരപ്പോടെ അറിയാതെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. മഹാദേവന്റെ ധനുസ്സിന്റെ അത്യന്തം അപകടകരമായ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയെ മാത്രമല്ല വിനാശകാരിയായ ആയുധത്തെയും രാമന്‍ നിര്‍വീര്യമാക്കിയിരിക്കുന്നു. അതുവഴി രാമന്‍ ചെയ്തിരിക്കുന്നത് സര്‍വ്വലോകത്തിനും ഗുണകരമായ കാര്യമാണെന്ന് ജനകനും വിശ്വാമിത്രനും മാത്രമേ മനസ്സിലായുള്ളു. അതാണ് അവര്‍ ആഗ്രഹിച്ചതും. മഹാദേവന്റെ ഈ ആയുധം എതെങ്കിലും വിധത്തില്‍ ദുര്‍ബുദ്ധിയായ ഒരു രാജാവിന്റെ കയ്യില്‍ കിട്ടുകയും അയാള്‍ എങ്ങനെയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് ഭൂമിക്കുണ്ടാക്കുന്ന ദുരന്തത്തെയാണ് രാമന്‍ നിര്‍വ്വീര്യമാക്കിയിരിക്കുന്നത്. ആ പ്രവൃത്തിയിലൂടെ സമാധാനത്തിന്റെ സന്ദേശമാണ് ആര്യാവര്‍ത്തത്തിനാകെ രാമന്‍ നല്‍കിയിരിക്കുന്നതെന്ന് ചിന്തിച്ചപ്പോള്‍ വിശ്വമിത്രനും ജനകനും ഒരുപോലെ സന്തോഷിച്ചു.
തന്റെ പുത്രിയെ സ്വീകരിക്കുന്ന പുരുഷന്‍ ഉത്തമഗുണങ്ങളുടെ വിളനിലമാണെന്നു മനസ്സിലായപ്പോള്‍ ഓടിച്ചെന്ന് രാമനെ കെട്ടിപ്പിടിക്കണമെന്ന് ജനകന് തോന്നി. അത് ശരിയല്ലെന്ന് സ്വയം നിയന്ത്രിച്ചു. സന്തോഷം ചില സന്ദര്‍ഭങ്ങളിലെങ്കിലും അമിതമായി പ്രകടിപ്പിക്കാനുള്ളതല്ല. അത് നിയന്ത്രണത്തിലൂടെ അനുഭവപ്പെടുത്താനുള്ള സവിശേഷ സിദ്ധിയാണ്.
സഭയിലിരുന്നവരെല്ലാം ഏതോ സ്വപ്‌നലോകത്തെന്നവിധം കൈകൂപ്പി എഴുന്നേറ്റുനിന്നു. ജ്യേഷ്ഠന്‍ അസാധാരണ ശേഷിയുള്ള ദിവ്യപുരുഷനാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന ലക്ഷ്മണും സന്തോഷത്തോടെ കൈകൂപ്പിനിന്നു.
പുഞ്ചിരിച്ചുകൊണ്ട് രാമന്‍ സഭാവാസികളെ നമിച്ചു. സഭ ആകെ ശാന്തമായി. സംസാരശേഷി നഷ്ടപ്പെട്ടതുപോലെ എല്ലാവരും നിശ്ശബ്ദരായി. തപസ്സിനാല്‍ നിത്യരൂപം നേടി ദേവനായിത്തീര്‍ന്ന മഹാമുനിയാണ് വിശ്വാമിത്രനെന്നും അദ്ദേഹം തനിക്കു നല്‍കിയ ജ്ഞാനത്താലാണ് തനിക്കിത് സാധ്യമായതെന്നും രാമനറിയാം.
ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ സീത ഒരടി മുന്നോട്ടുവന്നു. ധനുസ്സിനടുത്ത് സ്വര്‍ണ്ണതാമ്പാളത്തില്‍ നിവര്‍ത്തിയിട്ട, വിശേഷ രത്‌നങ്ങളാല്‍തീര്‍ത്ത വിജയഹാരവും വരണമാല്യവും കണ്ണെടുക്കാതെ നോക്കി. വിജയഹാരം സമ്മാനിച്ചിട്ടെ വരണമാല്യം ചാര്‍ത്താന്‍ കഴിയൂ. വിജയിക്ക് വിജയഹാരം സമ്മാനിക്കേണ്ടത് രാജാവാണ്. എന്തുകൊണ്ടാണ് പിതാശ്രീ വിജയഹാരം അണിയിക്കാന്‍ വൈകുന്നത് എന്ന ചിന്തയോടെ സീത ജനകനെ നോക്കി.
ജനകന്‍ വിജയഹാരത്തിനടുത്തേയ്ക്ക് നടന്നപ്പോള്‍ ശതാനന്ദനും മുഖ്യരായ മഹര്‍ഷിശ്രേഷ്ഠന്മാരും രാജപ്രമുഖന്മാരും ജനകന്റെ അടുത്തെത്തി. പിതാവിന്റെ സ്ഥാനത്തു പിതാവിന്റെ അഭാവത്തില്‍ ഗുരുവിന് നില്‍ക്കാനുള്ള അവകാശമുള്ളതുകൊണ്ട് ശതാനന്ദമഹര്‍ഷി വിശ്വാമിത്രനെ നടുത്തളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.
ജനകന്‍ താമ്പാളത്തില്‍നിന്ന് വിജയഹാരമെടുത്ത് രാമനെ അണിയിച്ചു. വരണമാല്യമണിയിക്കാന്‍ ഇനിയും വൈകുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കി സീതയെ സഭാവേദിയിലേയ്ക്കു ക്ഷണിച്ചു. വിജയശ്രീലാളിതനായി നില്‍ക്കുന്ന രാമന്റെ അടുത്തേയ്ക്കു അത്യന്തം സന്തോഷത്തോടെ സീത, ഊര്‍മ്മിളയോടും തോഴിമാരോടും ഒപ്പം വന്ന് സദസ്സിനെ ആദരപൂര്‍വ്വം നമിച്ചതിനുശേഷം പിതാവില്‍നിന്ന് വരണംമാല്യം സ്വീകരിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം രാമന്റെ കഴുത്തില്‍ ചാര്‍ത്തി.
അതിമഹത്തായ ഒരു കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ സഭാവാസികള്‍ ഒന്നടങ്കം ഉച്ചത്തില്‍ വിജയാഹ്ലാദം മുഴക്കി. വിശ്വാമിത്രന്റെ മുഖത്ത് താന്‍ ഉദ്ദേശിച്ച കാര്യം സഫലമായതിലുള്ള ചാരിതാര്‍ത്ഥ്യമാണ് തെളിഞ്ഞത്.
”രാമാ എന്റെ ധര്‍മ്മം ഞാന്‍ നിര്‍വ്വഹിച്ചുകഴിഞ്ഞു. ഇനി വേണ്ടതെല്ലാം യഥോചിതം ജനകന്‍രാജന്‍ ചെയ്യുന്നതാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്‍ വിശ്വാമിത്രന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു. മുനി രാമനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആലിംഗനംചെയ്തു.
”രാമാ, സഞ്ചരിക്കേണ്ട വഴികള്‍ കല്ലുംമുള്ളും നിറഞ്ഞതാണ്. അതിനെയെല്ലാം സമര്‍ത്ഥമായി നീ തരണം ചെയ്യുമെന്ന് എനിക്കറിയാം. പ്രജാധര്‍മ്മമാണ് രാജാവിന് പരമപ്രധാനം എന്ന ചിന്ത മനസ്സില്‍ എപ്പോഴും ഉണ്ടാവണം. ധരിത്രി എങ്ങനെയാണോ സര്‍വ്വജീവജാലങ്ങളേയും തുല്യമായി സ്‌നേഹിച്ച് പരിപാലിക്കുന്നത് അതുപോലെ രാജ്യത്തെ എല്ലാ പ്രജകളേയും നീതിപൂര്‍വ്വം പരിപാലിക്കണം. രാജ്യത്തെ ഒരു പ്രജയും ഒരു നേരത്തെ ഭക്ഷണത്തിനായി അപരന്റെ മുന്നില്‍ കൈകൂപ്പാന്‍ പാടില്ല. അവരെ ആത്മാഭിമാനമുള്ളവരാക്കി ഉയര്‍ത്താന്‍ നിനക്ക് കഴിയട്ടെ” വിശ്വാമിത്രന്‍ ഇരുകൈകളും ശിരസ്സില്‍വച്ച് രാമനെ അനുഗ്രഹിച്ചു.
രാക്ഷസവംശത്തെ ഉന്മൂലനം ചെയ്യാനുള്ള കരുത്ത് രാമനുണ്ടെന്ന വിശ്വാസത്തോടെ, തുടര്‍ന്ന് അവിടെ നടക്കുന്ന ചടങ്ങുകളില്‍ തന്റെ പങ്കാളിത്തം ആവശ്യമില്ല എന്ന മട്ടില്‍ വിശ്വാമിത്രന്‍ ഒരു മഹായജ്ഞം പൂര്‍ത്തിയാക്കിയ സന്തോഷത്താല്‍, സദസ്സിനെ വണങ്ങി മറ്റൊരു യജ്ഞത്തിനായി അപ്പോള്‍ത്തന്നെ സിദ്ധാശ്രമത്തിലേയ്ക്കു പുറപ്പെട്ടു.