Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പരിവ്രാജകന്റെ മൊഴികൾ

ഡോ. റഷീദ് പാനൂർഡോ. റഷീദ് പാനൂർ
30 May 2025

“April is the cruellest month, breeding Lilacs out of the dead, land, mixing memory and desire, stirring dull roots with spring rain” -T.S. Eliot

Google NewsAdd Kesari Weekly as a preferred source on Google

”ഏപ്രിലാണേറ്റവും ക്രൂരമാസം, മൃതധാത്രിയില്‍ നിന്ന് ലൈലാക വളര്‍ത്തിയും മോഹവും, ഓര്‍മയും കൂട്ടിക്കലര്‍ത്തിയും, വാസന്തമഴയാല്‍ ജഡവേരുണര്‍ത്തിയും, ഹേമന്തം നമുക്ക് ചൂട് തന്നു സംരക്ഷിച്ചു.” ഇരുപതാം നൂറ്റാണ്ടില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ വിശ്വസാഹിത്യകാരന്മാരില്‍ പലരും, ദുരന്തഗാഥകള്‍ പാടാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വിശ്വസാഹിത്യത്തെ ഏറ്റവും  സ്വാധീനിച്ച എഴുത്തുകാര്‍ ടി.എസ്.എലിയട്ടും സാര്‍ത്രേയും അല്‍ബേര്‍ കമ്യുവും കാഫ്കയും സാമുവല്‍ ബക്കറ്റുമാണ്. ‘കാഫ്കാസ്‌ക്’ സാഹിത്യം എന്ന ടേം ഇന്നും ലോകം ചര്‍ച്ച ചെയ്യുന്നു. കാഫ്കയുടെ ശൈലിയാണ് ‘കാഫ്കാസ്‌ക്’ എന്നറിയപ്പെടുന്നത്. നിത്യജീവിതത്തിന്റെ യുക്തിയെ ഭഞ്ജിച്ച് കൊണ്ട് കടന്നുവരുന്ന ആകസ്മികവും വിചിത്രവുമായ ഏത് സംഭവവും വിവരിക്കാന്‍ ഇതിലും പോപ്പുലറായ ഒരു വിശേഷണപദമില്ല.

മലയാളത്തിലെ ആധുനികത
മലയാള സാഹിത്യത്തില്‍ എഴുപതുകളില്‍ ആധുനികത കടന്നുവന്നത് ഓ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ലാന്‍ഡ്മാര്‍ക്ക് നോവലിന്റെ പിറവിയോട് കൂടിയാണ്. ആധുനികത ഉന്നതമായ മനുഷ്യസ്വാതന്ത്ര്യമാണ് എന്ന് സാര്‍ത്ര് തന്റെ “”Being and Nothingness” എന്ന ദാര്‍ശനിക ഗ്രന്ഥത്തില്‍ പറയുന്നു. ആധുനിക കലാസൃഷ്ടികള്‍ വ്യക്തിയുടെ ആന്തരികതയിലും, ജീവിതത്തിന്റെ യുക്തിരാഹിത്യത്തിലും, ഉന്നതമായ യാഥാര്‍ത്ഥ്യം കാണുന്നു. ടി.എസ്.എലിയട്ടിന്റെ കവിതകളും, കമ്യുവിന്റേയും, ഓ.വി.വിജയന്റേയും, കഥകളും ആസ്വദിക്കാന്‍ നവീനമായ ഭാവുകത്വം വേണം. മലയാളത്തില്‍ ഓ.വി.വിജയന്റേയും, ആനന്ദിന്റേയും, സേതുവിന്റേയും, രചനകള്‍ എഴുപതുകളില്‍ ദുര്‍ഗ്രഹം (obscure) എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്നു. യാഥാര്‍ത്ഥ്യത്തെ ഫാന്റസിയുടെ രൂപത്തിലാണ് ഓ.വി.വിജയനും, സേതുവും ആവിഷ്‌ക്കരിച്ചത്. ”കൂമന്‍കാവില്‍ ബസ്സ് ചെന്ന് നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടര്‍ന്ന് പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം” ഇങ്ങിനെയാണ് ‘ഖസാക്കിന്റെ ഇതിഹാസം’ തുടങ്ങുന്നത്. 1969ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഭാഷ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. കുറുകിയ വാചകങ്ങളിലൂടെ ആശയ സംവേദനവും ആസ്വാദനവും പ്രോജ്ജ്വലിപ്പിക്കുന്നതിനുള്ള സാമര്‍ത്ഥ്യമാണ് വിജയന്റെ സവിശേഷത. ത്രികാലങ്ങളെ സമന്വയിപ്പിക്കുന്നതാണ് വിജയന്റെ പദനിര്‍മ്മിതി. മുജ്ജന്മ സ്മൃതികളും, പുനര്‍ജന്മകല്‍പനകളും, നോവലിലുടനീളം കടന്നുവരുന്നു. കൂമന്‍കാവില്‍ ബസ്സ് വന്ന് നിന്നപ്പോള്‍ കഥാനായകനായ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നാത്തത് അതുകൊണ്ടാണ്. വായനക്കാരിലേക്ക് ഈ അനുഭവം എത്തിക്കാന്‍ വിജയന് കഴിയുന്നു.

ADVERTISEMENT

ഭാഷയിലെ ധ്വനിയും സൂചകസമൃദ്ധികളുമെല്ലാം വ്യാഖ്യാനങ്ങള്‍ക്കപ്പുറത്തുള്ള അര്‍ത്ഥവ്യാപ്തി തേടുന്നു. ”ചവിട്ടടിപാതകള്‍ നാട്ടുകാര്യസ്ഥന്മാരെപ്പോലെ നാലുഭാഗത്തേക്കും പോയ്‌ക്കൊണ്ടിരുന്നു.”, ”കനിവ് നിറഞ്ഞ വാര്‍ദ്ധക്യം”, ”അരയാലിലകളില്‍ പതിഞ്ഞ് കാറ്റുവീശി”, ”നീലഞരമ്പോടിയ പരന്ന മണലുകള്‍”, ”ജന്മാന്തരങ്ങളുടെ ഇളവെയില്‍ തുമ്പികള്‍ പറന്നഞ്ഞലഞ്ഞു” തുടങ്ങിയ രൂപകങ്ങളും ധ്വനിസാന്ദ്രതയുള്ള വരികളും മലയാള ഭാവനയെ ആകാശ നീലിമക്കപ്പുറമുള്ള ലോകത്ത് എത്തിച്ചു. ഭാഷാപരമായി ഇത്രയും ചാരുതയുള്ള കൃതികള്‍ ബഷീര്‍ മാത്രമാണ് സംഭാവന ചെയ്തത്. ”ഖസാക്കിന് മുകളില്‍ മലയാളം പറഞ്ഞില്ല” എന്ന് പ്രശസ്ത നിരൂപകന്‍ വി.സി.ശ്രീജന്‍ പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു.

ഭരണകൂട ഭീകരതയെ തൊലിയുരിച്ച് കാണിച്ച ‘ധര്‍മ്മപുരാണം.’
”അഴുക്കില്‍ ചാലിച്ച ഗീതാ ദുഃഖം” എന്ന് പ്രശസ്ത നവീന നിരൂപകന്‍ വി.രാജകൃഷ്ണനും, ”ചരിത്രത്തിലെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം” എന്ന് കെ.പി. അപ്പനും വിശേഷിപ്പിച്ച ഈ നോവല്‍ മലയാള നോവല്‍സാഹിത്യത്തിലെ മറ്റൊരു നാഴികക്കല്ലാണ്. അധികാരഭ്രാന്ത് അതിന്റെ എല്ലാ സീമകളും ലംഘിച്ച് മനുഷ്യന്റെ തലക്ക് മുകളില്‍ കഴുകന്മാരായി വട്ടമിട്ട് പറക്കുന്നതിനെ ഓ.വി. വിജയന്‍ പരിഹസിക്കുന്നു. ഏത് ദേശത്തും ഏത് കാലത്തും വേട്ടയാടപ്പെടുന്ന ഇരകളുടെ ക്ഷോഭത്തിന്റെ  പ്രകടനമാണിത്. ജനാധിപത്യത്തിന്റെ പൂമുഖത്ത് ഇരിക്കുമ്പോള്‍ സമഗ്രാധിപത്യത്തിന്റെ കരിനിഴല്‍ മനുഷ്യസ്വാതന്ത്ര്യത്തെ വരിഞ്ഞ് മുറുക്കുന്നതിനെതിരെ വിജയന്‍ ശബ്ദിക്കുന്നു.

ധര്‍മ്മപുരിയെന്ന സാങ്കല്‍പിക രാജ്യവും പ്രജാപതിയെന്ന ഭരണാധികാരിയും അതിലുപരി ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന ജനാധിപത്യ സംവിധാനവും, ഇവിടെ തുറന്ന് കാട്ടപ്പെടുന്നു. അഴിമതിയുടെ ശവക്കുഴിയില്‍ വീണ് പിടയുന്ന ഭരണസംവിധാനത്തിന്റെ ജീര്‍ണ്ണത പച്ചയായി വിജയന്‍ തുറന്ന് കാട്ടുന്നു. കെ.പി. അപ്പന്റെ വാക്കുകളിതാ ”ചരിത്രത്തിന്റെ മഹാസ്ഥൂലതയ്ക്ക് വെളിയില്‍ നിന്നാണ് വിജയന്‍ ഖസാക്കിന്റെ ഇതിഹാസം നിര്‍മ്മിച്ചത്, രാഷ്ട്രീയം ഉപയോഗശൂന്യമായ ഒരു വികാരവും, അസംബന്ധവുമാണെന്ന അബോധപരമായ വിശ്വാസത്തിന്റെ മാന്ത്രിക പിടുത്തം വിജയന്റെ കലാവ്യക്തിത്വത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ കലയെ സമകാലീക രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം എപ്പോഴും എതിര്‍ക്കുന്നു. ‘ധര്‍മ്മപുരാണം’ അടിയന്തരാവസ്ഥയുടെ കഥയാണ് എന്നതിനെ വിജയന്‍ വിനീതനായി നിരാകരിക്കുന്നത് ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്.” ഭരണകൂടത്തിന്റേയും, പ്രാകൃതമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ജീര്‍ണ്ണതയെ ചരിത്രത്തിന് മുകളില്‍ പന്തലിച്ച ദുരന്തവിധിയായി വിജയന്‍ കാണുന്നു. വിസര്‍ജ്ജ്യങ്ങളുടെ നാടായി ധര്‍മ്മപുരിയെ സങ്കല്‍പിക്കുവാനും, ഭരണാധികാരിയായ പ്രജാപതിയുടെ വിസര്‍ജ്ജ്യത്തെ നൈവേദ്യമായി ഏറ്റുവാങ്ങുന്ന പ്രജകളെ പരിഹസിക്കാനും വിജയന്‍ ശ്രമിക്കുന്നു. അതിരുകടന്ന ആഖ്യാന ഭാഷ ചീഞ്ഞുനാറിയ അഴുക്കിനെ വായനക്കാരന് ഷോക്കേല്‍പ്പിക്കും വിധം വിജയന്‍ അവതരിപ്പിക്കുന്ന ഇത്രയും വിവാദം സൃഷ്ടിച്ച മറ്റൊരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.

രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ നിഷേധം
“”Power corrupts absolutely and the absolute power corrupts absolutely” അധികാരം അഴിമതിയുടെ വന്‍കൂടാരങ്ങള്‍ പണിതിടുന്നു. പൂര്‍ണ്ണമായും അധികാരം കീശയിലാക്കി കോടിക്കണക്കിനാളുകളെ കൊന്ന സ്റ്റാലിന്റെ കിരാതമായ വാഴ്ചയെ പരിഹസിച്ച് അഡിംഗ്ടണ്‍ പറഞ്ഞ വാക്യമാണിത്. സമഗ്രാധിപത്യത്തേയും, കമ്മ്യൂണിസത്തേയും, മുതലാളിത്ത ഭരണരീതിയേയും, ഒരേ കണ്ണടവെച്ചാണ് വിജയന്‍ നോക്കിക്കണ്ടത്. ഭരണപക്ഷവും, പ്രതിപക്ഷവും അധികാരത്തിന്റെ മാംസക്കഷണങ്ങള്‍ക്ക് കടിപിടി കൂടുന്നു. ഈ മത്സരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യ സമൂഹം ഒട്ടിയ വയറും, കണ്ണില്‍ ചോരയുമായി കാത്തിരിക്കുന്നു. മാനുഷികതയിലും, ക്ഷേമത്തിലും, അന്തര്‍ലീനമായ ജനപക്ഷം പലപ്പോഴും തമസ്‌ക്കരിക്കപ്പെടുന്നു. അധികാരത്തിന്റെ സിരകളില്‍ ഗദകൊണ്ട് അടിക്കുന്ന തരത്തില്‍ ജനാധിപത്യം ഉണരണമെന്ന് വിജയന്‍ ധരിക്കുന്നു. ഭരണകക്ഷി നല്‍കുന്ന ആട്ടിന്‍പാല്‍ ഒരു സ്പൂണില്‍ കിട്ടിയാല്‍ പ്രതിപക്ഷവും, കീഴ്‌പ്പെടലിന്റെ പാതാളത്തിലേക്ക് തരംതാഴുമെന്ന് സൂചന നല്‍കുന്ന അനേകം അധ്യായങ്ങള്‍ ഈ നോവലിലുണ്ട്. ഉള്ളവനെ വര്‍ഗ്ഗശത്രുവെന്നും, ഒന്നും ഇല്ലാത്ത തൊഴിലാളികളുടെ വിയര്‍പ്പ് തുള്ളികളുടെ ഗന്ധം വഹിക്കുന്നവനെ സഖാവെന്നും വിളിക്കുന്ന മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം കൊന്നൊടുക്കിയത് കോടിക്കണക്കിന് മനുഷ്യരെയാണ്. ജനാധിപത്യ വ്യവസ്ഥിതിയിലെ സമ്പത്ത് കേന്ദ്രീകരണത്തെ എതിര്‍ക്കുന്ന വിജയന്‍ അതിന്റെ പിന്നാമ്പുറത്ത് അടിഞ്ഞ്കൂടിയ ജീര്‍ണ്ണതകളെ ആക്ഷേപഹാസ്യത്തിന്റെ കോടാലികൊണ്ട് വെട്ടിമാറ്റുന്നു. ധര്‍മ്മപുരിയില്‍ നടക്കുന്ന അഴിമതിയുടെ നിസ്സാരവല്‍ക്കരണം ജനാധിപത്യത്തിന്റെ സുന്ദരമായ മുഖത്തെ വികൃതമാകുന്നു. ഈ നോവലില്‍ നിന്നുള്ള ഒരു ഭാഗമിതാ ”പണം സമ്പാദിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത് ഒരാഗോള പ്രതിഭാസമല്ലേ? അതില്‍ എന്തിരിക്കുന്നു? മയില്‍പ്പീലി കച്ചവടത്തില്‍ ഞങ്ങളേയും കൂട്ട്‌ചേര്‍ക്കാമായിരുന്നു. അഴിമതി കച്ചവടം സോവ്യറ്റ് നാടുമായി ആയാല്‍ കലവറയില്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്താങ്ങും.”

ധര്‍മ്മപുരിയിലെ ഭരണകക്ഷി ആദ്ധ്യാത്മികതയുടെ തൊപ്പിധരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. ‘ശാകുന്തള’മാണ് ഞങ്ങള്‍ നടപ്പാക്കുന്നത് എന്ന് ഭരണകക്ഷി പറയുന്നത് പരിഹാസത്തോടെയാണ്.

ഭരണകക്ഷിയും അതിനെ പിന്തുണക്കുന്നവരും ആത്മീയതയേയും, ഹൈന്ദവ വിശ്വാസത്തേയും ചൂഷണം ചെയ്താണ് ജനങ്ങളെ വിഡ്ഢികളാക്കി ഫാസിസത്തിന്റെ തേര് തെളിക്കുന്നത്.

ആക്ഷേപഹാസ്യത്തിന്റെ അമ്പുകള്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അതേ അളവില്‍ വായനക്കാരില്‍ എത്തിക്കാന്‍ നിലവിലുള്ള പദങ്ങളുടെ ശക്തിയെ ഇലക്ട്രിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ ബഷീറും വിജയനും അസാധാരണമാംവിധം വിജയിക്കുന്നു.
”വെളുത്ത പൗരന്മാരെ ശിക്ഷിക്കുക സാധ്യമല്ല, അതുകൊണ്ട് പകരം സ്വദേശികളെ പിടികൂടി തുറുങ്കിലടക്കുന്ന രീതിയാണ് ധര്‍മ്മപുരിയില്‍ നടക്കുന്നത്.” ധര്‍മ്മപുരിയുടെ (അവികസിത രാജ്യത്തിന്റെ) അലസതയും, അജ്ഞതയും, ആയുധശേഖരണവും ധ്വനിപ്പിക്കുന്നത് അതിരൂക്ഷമായ ആക്ഷേപഹാസ്യത്തിന്റെ തീക്കനലുകള്‍ ഉപയോഗിച്ചാണ്.

”തെന്നിത്തെന്നി പടക്കപ്പല്‍ വിമാനവാഹിനിയോട് അടുത്തു. വിമാനവാഹിനിയുടെ നാവികന്മാര്‍ കടുത്ത ജിജ്ഞാസയോടെ അതിന്റെ മുകളിലുള്ള റൂഫ്‌ടോപ്പില്‍ തിരക്ക് കൂട്ടി. അത്തരം ഒരു കപ്പല്‍ അവരാരും മുന്‍പ് കണ്ടിട്ടില്ലായിരുന്നു. ചരിത്രം പഠിക്കാന്‍ അമാന്തിച്ച അമേരിക്കന്‍ നാവികര്‍ അതിനെ വിലയിരുത്താനാകാതെ കുഴങ്ങി. ഈ അവസരത്തില്‍ അമേരിക്കക്കാരുടെ പരിഭ്രമത്തെ പെരുപ്പിച്ചുകൊണ്ട് ധര്‍മ്മപുരിയുടെ നാവികന്മാര്‍ അതിനെ വിലയിരുത്തുവാനാവാതെ കുഴങ്ങി.”

ഭരണമാറ്റങ്ങള്‍ ഇടക്കിടെ ഇന്ദ്രപ്രസ്ഥത്തില്‍ നടക്കുന്നു. അധികാരം എങ്ങിനെയും പിടിക്കാനുള്ള അശ്ലീലങ്ങള്‍ ആവര്‍ത്തിക്കുകയാണ് പ്രജാപതികള്‍. നീതിക്ക് വേണ്ടി പോരാടുന്ന സാധാരണ മനുഷ്യരുടെ തത്വശാസ്ത്രവും ജീവവായുവുമാണ് ധര്‍മ്മപുരാണം. ഖസാക്കിന്റെ ഇതിഹാസത്തില്‍ കാണുന്ന സംഗീതത്തിന്റെ താളലയമാര്‍ന്ന വരികള്‍ ഇവിടെ കാണില്ല. ആഖ്യാനശൈലി പ്രമേയത്തിനനുസരിച്ച് (Theme)  മാറ്റുക വിജയന്റെ പ്രത്യേകതയാണ്.

ആത്മജ്ഞാനത്തിന്റെ പൊരുള്‍ (ഗുരുസാഗരം)
എല്ലാ രാഷ്ട്രീയ വൈര്യങ്ങള്‍ക്കും, പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളില്‍ മനുഷ്യസ്‌നേഹത്തിന്റെ പാലാഴിയുണ്ട് എന്ന സനാതന തത്വത്തെ ഊന്നുന്ന നോവലാണ് ‘ഗുരുസാഗരം’. യുദ്ധം മനുഷ്യമനസ്സില്‍ ഏല്‍പ്പിക്കുന്ന മുറിവും, മതങ്ങളിലെ സെക്ടേറിയന്‍ ചോരക്കടല്‍ പോലെ എല്ലാറ്റിനേയും വിഴുങ്ങുന്നതും എഴുത്തുകാരനായ വിജയനെ വേദനിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന ദൈവികത മനസ്സില്‍ സൂക്ഷിച്ച് അതിനെ ഈശ്വര സ്‌നേഹമാക്കി മാറ്റുന്നവരാണ് ചരിത്രത്തില്‍ മനുഷ്യനീതിയും മനുഷ്യസ്‌നേഹത്തിന്റെ പുഴകളും തീര്‍ത്തത് എന്ന സത്യം അറിയുന്ന മലയാളത്തിലെ മിസ്റ്റിക്കുകളാണ് വിജയനും ബഷീറും. മനുഷ്യനും പ്രകൃതിക്കും സ്വീകാര്യമായ പരസ്പര സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രമാണ് വിജയന്‍ സ്വപ്‌നം കണ്ടത്. ‘ഗുരുസാഗര’ത്തില്‍ പുരാണകഥകളിലും ഇതിഹാസങ്ങളിലും അരുവി പോലെ പ്രത്യക്ഷപ്പെടുന്ന മനുഷ്യസ്‌നേഹത്തെ വിജയന്‍ തൊട്ടുണര്‍ത്തുന്നു. മനുഷ്യ നിര്‍മ്മിത വിപ്ലവങ്ങള്‍ മനുഷ്യന് എന്ത് നേടിക്കൊടുത്തു എന്ന അന്വേഷണം ഈ കൃതിയില്‍ വിജയന്‍ നടത്തുന്നുണ്ട്.

ഇന്ത്യാ-പാക് യുദ്ധത്തെ ഭാരതത്തിന്റെ പൗരാണിക പശ്ചാത്തലത്തില്‍ വിജയന്‍ വിചാരണ ചെയ്യുന്നു. ”രാമരാജ്യത്തിന്റെ സാത്വികമായ ഒഴുക്കിനെ ഭേദിച്ച് ഇന്ത്യാ വിഭജനം. അതിനപ്പുറം വീണ്ടും വിഭജനം. മനുഷ്യമനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍. ഇതിന്റെ പൊരുളറിയാത്ത പട്ടാളക്കാര്‍. മനുഷ്യന്റെ ദുരന്തവിധിയെ അപഗ്രഥിക്കുമ്പോള്‍ അതിന് പരിഹാരമായി മതാതീതമായ ആദ്ധ്യാത്മികതയാണ് വിജയന്‍ നിര്‍ദ്ദേശിക്കുന്നത്.

ഭാഷ പൂത്തലുഞ്ഞ് നില്‍ക്കുന്ന ചെടിയായി പ്രത്യക്ഷപ്പെടുന്നത് ഖസാക്കിന് ശേഷം ഗുരുസാഗരത്തിലും കാണാം. ഒരു ഉദാഹരണമിതാ, ”തങ്ങളുടെ ദീപങ്ങള്‍ അണച്ച് മിന്നാമിനുങ്ങുകള്‍ ഇലഞെട്ടുകള്‍ക്ക് പിറകിലുള്ള സങ്കേതങ്ങളിലേക്ക് പിന്‍വലിഞ്ഞു. സൂചിമുഖപക്ഷികള്‍ ചെമ്പരത്തി പ്പൂക്കളില്‍ ചുറ്റിപ്പറന്ന് തേന്‍തേടി. ഭാരങ്ങളും പേറി ഉറുമ്പുകള്‍ യാത്ര തുടര്‍ന്നു. കാക്കകള്‍ തെളിവെയിലിലേക്ക് പൊങ്ങി. യുദ്ധത്തിന്റെ നൈമിഷികത, പ്രകൃതി കഥയുടെ സനാതനമായ തുടര്‍ച്ച.” (ഗുരുസാഗരം പുറം 118) ആസുരമായ ഹിംസക്കെതിരെയുള്ള പ്രവാചക ശബ്ദമാണിത്.

ആദ്ധ്യാത്മിക ദര്‍ശനം പൂത്തുലയുന്ന ‘മധുരംഗായതി’
“I will show you fear in a handful dust.” ( (കൈകളില്‍ കോരിയെടുക്കുന്ന മണല്‍ത്തരികളില്‍ പോലും ഭയം നിഴലിക്കുന്നു) വിശ്വവിഖ്യാതമായ ”ഊഷരഭൂമി” എന്ന കൃതിയില്‍ ടി.എസ്.എലിയട്ട് എഴുതിയതാണിത്. യുദ്ധത്തിന്റെ ഭീകരത നേരില്‍ കണ്ട എലിയട്ട് ശാന്തിതേടി ഭാരതീയ ദര്‍ശനത്തിന്റെ സമഗ്രതയിലേക്കാണ് എത്തിനോക്കുന്നത്. ”ദത്താ, ദയധ്വം ദമ്യത” എന്ന ബൃഹദാരണ്യക ഉപനിഷത് വാക്യത്തോട് കൂടിയാണ് എലിയട്ട് തന്റെ മാസ്റ്റര്‍പീസ് അവസാനിപ്പിക്കുന്നത്.

വൈവിധ്യം നൃത്തമാടുന്ന ഈ പ്രപഞ്ചത്തിലെ എല്ലാവിധ നന്മകളും പുകപിടിച്ച് വികൃതമാക്കിയ സംസ്‌കാരത്തിന്റെ നിഴലില്‍ ജീവിതം തളച്ചിടാന്‍ വിധിക്കപ്പെടുന്ന ആധുനിക മനുഷ്യന്റെ തേങ്ങലും കേട്ടുകൊണ്ട് സ്വയം വിശദീകരിക്കപ്പെടാനുള്ള ആഗ്രഹവും പേറിയാണ് ആധുനിക എഴുത്തുകാര്‍ മുന്നോട്ട് പോകുന്നത്. മനുഷ്യന്‍ യന്ത്രംകൊണ്ട് ഒരിക്കലും തൃപ്തിപ്പെടില്ല. ബാഹ്യപ്രപഞ്ചത്തെ കീഴടക്കി പുതിയ സാങ്കേതികതയെ പൂജിച്ച് മുന്നോട്ട് നീങ്ങുന്ന മനുഷ്യന്‍ കാലിടറി വീണതിന്റെ ദയനീയമായ ചിത്രം നാം കണ്ടതാണ്. യുക്തിയും ശാസ്ത്രവും കൈകോര്‍ത്താല്‍ ലോകം ചാരമായിപ്പോകാനും സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്ന കൃതിയാണ് ‘മധുരംഗായതി’ പുരാണത്തില്‍ തുടങ്ങി പുരാണത്തില്‍ അവസാനിക്കുന്ന ഈ നോവലിന് അതിന്റെ പരിമിതികളുണ്ട്.

മോതിരം നഷ്ടപ്പെട്ടുപോയതുകൊണ്ട് ദുഷ്യന്തന്‍ ശകുന്തളയെ മറന്നിരിക്കുകയാണെന്നും മറ്റൊരു കാലത്തിലുള്ള ശകുന്തള വീണ്ടും മോതിരമണിയുമ്പോള്‍ മാത്രമേ അവരുടെ പ്രണയം സഫലമാകൂ എന്നും, അപ്പോള്‍ മാത്രമേ അവര്‍ വീണ്ടും പിറക്കുകയുള്ളൂ എന്നും വ്യക്തമാക്കുന്ന ‘മത്സ്യപുരാണ’ത്തില്‍ നിന്നുള്ള ഭാഗം ഇതിന്റെ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. രാജാവിന്റേയും വനകന്യകയുടേയും ഒന്നുചേരല്‍ ചിത്രീകരിക്കുന്ന ‘മത്സ്യപുരാണം’ നാഗരികതയുടേയും, പ്രകൃതിയുടേയും ഒന്നുചേരലിന്റെ സൂചന നല്‍കുന്നു. നോവലിന്റെ ദാര്‍ശനിക തലത്തിലേക്ക് കടക്കാന്‍ ഈ ഉപകഥ വലിയ സഹായകമാണ്. ഈ നോവലിലെ സുകന്യകയെന്ന പെണ്‍കുട്ടി ഒരു വള്ളിയായിത്തീരുകയും ആല്‍മരത്തിന്റെ പ്രേയസിയാവുകയും അവരില്‍ ‘അവന്‍’ പിറന്ന് മായുകയും ഭൂമിയുടെ നഷ്ടപ്പെട്ടുപോയ സംഗീതം വീണ്ടും ആരംഭിക്കുകയും ചെയ്യുമ്പോഴാണ് നോവല്‍ അവസാനിക്കുന്നത്. ”സംഗീതം ശമിച്ചപ്പോള്‍ ഭൂമി ശൂന്യമായി. ‘കാലത്തിന്റെ ഗൂഢമായ വഴിത്താരയിലൂടെ വിദൂരമായ ഒരു യുഗസന്ധിയിലേക്ക് സംഗീതം ഒഴുകി നടന്നു. ഭൂമി അതിനെ തേടി നടന്നു.’ (പേജ് 84) ”ഭാരതത്തിന്റെ ദ്രവരൂപത്തിലുള്ള സംസ്‌കാരമാണ് നമ്മുടെ നദികള്‍” എന്ന് ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന കൃതിയില്‍ നെഹ്‌റു പറയുന്നു. അതേസമയം ഇന്ത്യയിലെ പുണ്യ നദികളുടെ പ്രവാഹം ലോകമാനവികതയുടെ അടയാളമാണെന്ന് വിജയന്‍ കരുതുന്നു. ഫാന്റസിയുടെ സാധ്യത വിജയന്‍ ഇവിടെയും ഉപയോഗപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യമായി ലയിച്ചു ചേരുന്ന ബിംബങ്ങളാണ് ഫാന്റസി സൃഷ്ടിക്കാന്‍ വിജയന്‍ ഉപയോഗിക്കുന്നത്. കഥാസന്ദര്‍ഭം, പ്രമേയം, വിശ്വാസ്യത എന്നിവയുമായി പൊരുത്തപ്പെടുന്ന ഫാന്റസിയാണ് വിജയന്‍ കഥകളിലും നോവലുകളിലും ഉപയോഗിക്കുന്നത്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ പുനര്‍ജന്മ പരികല്‍പന ഈ നോവലിലും കാണാം. ചിലന്തിയെന്ന ജീവി മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഇടയില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

ശാസ്ത്രത്തിന്റെ പുരോഗതി സൃഷ്ടിക്കുന്ന ഭീകരാവസ്ഥ ഇവിടെയും കാണാം. സാധാരണ മനുഷ്യ ദൗര്‍ബ്ബല്യങ്ങള്‍ക്ക് അടിമയല്ലാത്ത പരിപൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുക ഈ നോവലിലെ ഉത്തരാര്‍ദ്ധ ഗോളത്തിലെ ശാസ്ത്രകാരന്മാരുടെ ലക്ഷ്യമായിരുന്നു. അവരുടെ അപൂര്‍വ്വ സൃഷ്ടിയന്ത്രമായി മാറി. മേരി ഷെല്ലിയുടെ ‘ഫ്രാങ്കന്‍സ്റ്റൈല്‍ മോണ്‍സ്റ്ററി’നെ ഓര്‍മിക്കുന്ന തരത്തിലാണ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രവളര്‍ച്ചയുടെ ചിറക് ആത്മീയ ദാഹത്തിന്റെ അമൃത വര്‍ഷം കൊണ്ട് അരിഞ്ഞെടുക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ സസ്യാധിപനായ ആല്‍മരം മൃത്യുഞ്ജയന്റെ ഗുഹാവസതിയില്‍ വിരുന്നുകാരോടു കൂടി ഇരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.

ഉയര്‍ത്തെഴുന്നേല്‍പ്പ്
പ്രപഞ്ചനാശത്തിന് ശേഷമുള്ള പുതിയൊരു ലോകത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആദ്ധ്യാത്മികാടിസ്ഥാനത്തില്‍ വിജയന്‍ അവതരിപ്പിക്കുന്നു. മനോഹരമായ തീം സംഗീതാത്മകമായി ആവിഷ്‌ക്കരിക്കുന്നു. ഭാവനയുടെ പുതിയ ആകാശങ്ങളെ വിജയന്‍ കീഴടക്കുന്നു. കവിത ചെറു അരുവികളായി ഒഴുകുന്ന ഭാഷ വിജയന് മുതല്‍ക്കൂട്ടാണ്. മാനുഷികതയുടെ അപരിമിതമായ വഴിത്താരകളാണ് ‘പ്രവാചകന്റെ വഴി’യില്‍ വിജയന്‍ ആവിഷ്‌ക്കരിക്കുന്നത്. യുദ്ധത്തേയും കപട വിപ്ലവങ്ങളേയും, ഒരേസമയം എതിര്‍ത്ത് മാനവികതയുടെ പതാക ഉയര്‍ത്തിപ്പിടിക്കുന്ന രചനയാണിത്. ‘തലമുറകള്‍’ എന്ന നോവല്‍ ആത്മജ്ഞാനത്തിന്റെ അന്വേഷണം തന്നെയാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ കോമാളി വേഷം കെട്ടി തുള്ളിച്ചാടുന്ന ആധുനിക ലോകത്ത് മനുഷ്യ ജീവിതത്തിന്റെ അര്‍ത്ഥം തേടി ഒടുവില്‍ ‘തത്വമസി’യില്‍ എത്തിച്ചേരുന്ന ജീവിതത്തിന്റെ അവസ്ഥകളെ അഞ്ച് തലമുറകളുടെ പ്രയാണത്തിലൂടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു. ആധുനിക എഴുത്തുകാരില്‍ പ്രത്യേകിച്ച് വിജയന്റെ തലമുറയിലെ ആനന്ദിനേയും സേതുവിനേയും എം.മുകുന്ദനേയും അപേക്ഷിച്ച് ഓരോ നോവലും തൊട്ടടുത്തതില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ എഴുത്തുകാരന്‍ വിജയനാണ്.

കഥയുടെ പ്ലാനറ്റോറിയം
മലയാള ചെറുകഥാ സാഹിത്യത്തില്‍ ഓ.വി. വിജയനോളം ബഹുമുഖപ്രതിഭയായ മറ്റൊരു കഥാകൃത്തില്ല. അസ്തിത്വ ദുഃഖത്തിന്റെ കഥാകാരനായി മാത്രം ഓ.വിയെ വിലയിരുത്തുന്നത് ശരിയല്ല. അസ്തിത്വത്തിന്റെ ഗഹന പ്രശ്‌നങ്ങള്‍ ഓ.വി. വിജയന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദുഃഖവും ഫലിതവും കൂടിക്കലര്‍ത്തുന്ന ഒരു ദര്‍ശനം ബഷീറിന് ശേഷം അതിലും ശക്തമായി അവതരിപ്പിച്ചത് വിജയനാണ്. ആത്മീയതലത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ നിര്‍മിച്ച മലയാളത്തിലെ ആദ്യത്തെ കഥാകൃത്ത് ഓ.വി.വിജയനാണ്. ആദ്ധ്യാത്മികതയേയും ചരിത്രത്തേയും സമന്വയിപ്പിക്കുന്ന കഥകളും വിജയന്റേതായി ഉണ്ട്.

സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കമിറ്റ്‌മെന്റ് കഥകള്‍ എഴുതിക്കൊണ്ടാണ് വിജയന്‍ രംഗത്ത് വന്നത്. ”ഒരു യുദ്ധത്തിന്റെ ആരംഭം പോലുള്ള കഥകളെ മാര്‍ക്‌സിയന്‍ നിരൂപകന്‍ എന്ന് പറയപ്പെടുന്ന പി.ഗോവിന്ദപ്പിള്ളയെ പോലുള്ളവര്‍ വാഴ്ത്തിയിരുന്നു. ചരിത്രപരമായും, സാമൂഹികമായും, വളരെയധികം പ്രാധാന്യമുള്ള കഥയാണ് ‘ചവുട്ടുവണ്ടി’. കേരളത്തില്‍ നിന്ന് മലയാളം പഠിച്ച വിദേശമിഷണറിമാര്‍ സുവിശേഷ പ്രസംഗങ്ങളും മത പ്രചരണവും മതപരിവര്‍ത്തനവും നടത്തി തുടങ്ങിയ കാലമായിരുന്നു അത്. വാള്‍മുനപോലെ മൂര്‍ച്ചയുള്ള വിജയന്റെ നര്‍മബോധം ഈ കഥയില്‍ കാണാന്‍ കഴിയും.

ശീലം, അശ്ലീലം
ജുഗുപ്‌സാവഹമായ കാര്യങ്ങള്‍ വിജയന്‍ കൈകാര്യം ചെയ്തു എന്ന്, അറിയപ്പെടുന്ന ചില മലയാള എഴുത്തുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. തന്റെ ഒരു കഥയ്ക്ക് ”തീട്ടം” എന്ന് വിജയന്‍ പേര് നല്‍കിയത് പാറപോലെ ഉറച്ചുപോയ ആസ്വാദകന്റെ സംവേദനബോധത്തെ ഞെട്ടിക്കാനാണ്. ‘പാറകള്‍’, ‘അരിമ്പാറ’ തുടങ്ങിയ കഥകളിലും, ജുഗുപ്‌സയെ വിജയന്‍ തീപൊള്ളുന്ന അനുഭവമാക്കി മാറ്റിയിട്ടുണ്ട്. ‘ധര്‍മ്മപുരാണം’ ഇളക്കിവിട്ട കൊടുങ്കാറ്റ് കെട്ടടങ്ങാന്‍ ഒരുപാട് വര്‍ഷങ്ങളെടുത്തു. ഏറ്റവും വലിയ ജുഗുപ്‌സയെ അവതരിപ്പിച്ച് വായനക്കാരന്റെ മനസ്സിനെ ഞെട്ടിക്കാന്‍ സ്‌ഫോടനാത്മകമായ ഭാഷ വേണ്ടിവരും. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ ഏറ്റവും വലിയ ധര്‍മം ആസ്വാദനശീലത്തില്‍ മാറ്റം വരുത്തുക എന്നതാണ്. ബഷീറും വി.കെ.എന്നും ഇത് ചെയ്തിട്ടുണ്ട്. എഴുത്തുകാരന്‍ ഉണര്‍വ്വോടെ തിരിച്ചറിയുന്ന സത്യങ്ങള്‍ അതേ ആഘാതത്തോടെ വായനക്കാരനെ അനുഭവിപ്പിക്കാന്‍ നിലവിലുള്ള ഭാഷ അപര്യാപ്തമാണെങ്കില്‍ സര്‍ഗ്ഗാത്മകരായ എഴുത്തുകാര്‍ ഭാഷയുടെ പുറംചട്ട പൊട്ടിച്ച് പുതിയ ഭാഷ സൃഷ്ടിക്കുന്നു. പ്രശസ്ത നിരൂപകന്‍ കെ.പി.അപ്പന്‍ ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചെഴുതിയ ‘നിരാനന്ദത്തിന്റെ ചിരി’ എന്ന ലേഖനത്തില്‍ പറയുന്നത് ‘വിശിഷ്ടപദ രചന’എന്നാണ്. ഖസാക്കിന്റെ ഇതിഹാസത്തിന് സംഗീതത്തിന്റെ സ്വരലയം സമ്മാനിച്ച വിജയന്‍ തൊട്ടടുത്ത ‘ധര്‍മപുരാണ’ത്തിലും, അരിമ്പാറ പോലുള്ള കഥകളിലും, ഭാഷയുടെ റിഥം (rhythm) ) മാറ്റുകയാണ്.

ഗ്രാമജീവിതത്തിന്റേയും, ചരിത്രകാല ഘട്ടങ്ങളുടെയും, സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍ എഴുതിയ വിജയന്റെ കലാവ്യക്തിത്വത്തിന് മാറ്റ് കൂട്ടിയത് ‘പ്രയാണം’, ‘മങ്കര’ തുടങ്ങിയ കഥകളാണ്. ഓ.വി. വിജയനിലെ കാര്‍ട്ടൂണിസ്റ്റിനെ സ്വരവ്യഞ്ജനങ്ങളിലൂടെ കാണിച്ചു തരുന്നവയാണ് ‘തലകെട്ട്’, ‘അഭയം’, ‘കൃഷ്ണലീല’ തുടങ്ങിയ കഥകള്‍. ജീവിതത്തിന്റേയും മരണത്തിന്റേയും, അതിഭൗതിക തലങ്ങള്‍ ചിത്രീകരിക്കുന്ന ഉപനിഷത്ത് ‘ഘടനയിലും, പ്രമേയത്തിലും’, ‘കഠോപനിഷത്ത്’ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘പാറകള്‍’ വിജയന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കഥകളില്‍ ഒന്നാണ്. വിജയന്റെ ആഗാധ സ്പര്‍ശിയായ ചരിത്രബോധവും ആദ്ധ്യാത്മികബോധവും പരസ്പരം ലയിച്ച് ചേരുന്ന കഥയാണിത്. യുക്തിയും വാസനയും തമ്മിലുള്ള, മനുഷ്യപ്രകൃതിയും മൂലപ്രകൃതിയും തമ്മിലുള്ള സംഘര്‍ഷമാണ് പാറകളുടെ ആധ്യാത്മിക അടിത്തറ. പാറകള്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. ആ ബന്ധം ദൃഢമായിരുന്നു. പക്ഷേ പരിഷ്‌കാരം മനുഷ്യനെ പ്രകൃതിയില്‍ നിന്നകറ്റി, ഈ കഥയവസാനിക്കുന്നത് ഇങ്ങിനെയാണ് ”പാറകളില്‍ കാറ്റു വീശി. പണ്ട് ഉപ്പുവെള്ളത്തിന്റെ തിരകള്‍ പാറകളില്‍ അടിച്ചാണ് ആദ്യത്തെ ജീവന്‍ മുളയെടുത്തത്” പാറകള്‍ ഘനീഭവിച്ച കാലമാണ്. അത് മനുഷ്യരില്‍ വരെയെത്തുന്ന ജൈവ പരിണാമത്തിന്റെ സാക്ഷികളാണ്. വിജയന്റെ പാറകള്‍ യുദ്ധത്തിന്റെയും സമാധാനത്തിന്റേയും അശാന്തി നിറഞ്ഞ ദര്‍ശനത്തെ സനാതനമാക്കുന്ന രചനയാണ്.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ഫാസിസത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രചനയാണ് ‘അരിമ്പാറ’. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ വന്ന കഥകളില്‍ ഒന്നാണിത്. സര്‍വ്വാധിപത്യത്തെക്കുറിച്ചുള്ള വികസിപ്പിച്ച രൂപകമാണ് ‘അരിമ്പാറ’. സമഗ്രാധിപത്യത്തിന്റെ നിഷ്ഠൂരതയും, ജുഗുപ്‌സയും അതിന്റെ അശ്ലീലതയും വിജയന്‍ തുറന്ന് കാണിക്കുന്നു. ‘കാറ്റ് പറഞ്ഞ കഥ’, ‘വിമാനത്താവളം’ ‘കടല്‍തീരത്ത്’ തുടങ്ങി അനേകം അസാധാരണ സൗന്ദര്യമുള്ള കഥകള്‍ ഓ.വി. വിജയന്‍ എഴുതിയിട്ടുണ്ട്.

 

Tags: O V Vijayanഓ.വി. വിജയന്‍
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies