ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ പാലൂട്ടി വളര്‍ത്തിയ ഇസ്ലാമിക തീവ്രവാദത്തിന് മാത്രമല്ല തിരിച്ചടിയേറ്റത്, ഭാരതം സൈനിക ശക്തിയില്‍ വളരെ പിന്നിലാണ്, വികസിത രാഷ്ട്രങ്ങളെ മാത്രം ആശ്രയിച്ചാണ് ഭാരതത്തിന്റെ പ്രതിരോധശൃംഖല മുന്നോട്ടു പോകുന്നതെന്ന് ചിന്തിച്ച് മൂഢ സ്വര്‍ഗത്തില്‍ അഭിരമിച്ചവര്‍ക്കുള്ള പ്രഹരം കൂടിയാണ്.
ഒരുകാലത്ത് പ്രതിരോധാവശ്യങ്ങള്‍ക്ക് ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിച്ചിരുന്ന ഭാരതം, ഇന്ന് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ശക്തിയായി മാറി. 34 മടങ്ങ് വര്‍ദ്ധനയാണ് ആയുധ കയറ്റുമതിയില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഭാരതം കൈവരിച്ചത് ചൈന, റഷ്യ, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ ലോകശക്തികള്‍ക്ക് ഒപ്പമോ അപ്പുറത്തായോ ഭാരതത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’, രാജ്യത്തിന്റെ സൈനിക മേഖലയില്‍, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത പ്രതിരോധ ശൃംഖലയുടെ കഴിവിനെ വെളിവാക്കുന്നതായിരുന്നു.
നമ്മുടെ സഹോദരിമാരുടെയും അമ്മമാരുടെയും നെറ്റിയിലെ സിന്ദൂരം മായിച്ചു കളഞ്ഞ പാകിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ, അടിവേരു പിഴുത ഈ ദൗത്യം, സൈനിക ശക്തിയുടെയും ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെയും ഫലമാണ്. പാകിസ്ഥാന്റെ ഭീകര ആക്രമണങ്ങളെയും ആണവ ഭീഷണിയെയും ഭയന്ന് അമേരിക്കയുടെ മുന്നില്‍ താണു വണങ്ങി കരഞ്ഞുനിന്ന ഭാരതമല്ല, മറിച്ച് ഭീകരരുടെ താവളത്തില്‍ പോയി അവരുടെ നെഞ്ചു പിളര്‍ക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രമാണ് ഭാരതം എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു.
2014 മുതല്‍ പ്രതിരോധ മേഖലയില്‍ കേന്ദ്രീകരിച്ച ശ്രദ്ധയും, നടത്തിയ നിക്ഷേപങ്ങളും, ബജറ്റ് നീക്കിയിരിപ്പുകളും, എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള പ്രതിരോധ സംവിധാനത്തിന്റെ നവീകരണവും, ആത്മനിര്‍ഭരതയ്ക്കായുള്ള പ്രയത്‌നങ്ങളുമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ വിജയത്തിലേക്ക് നയിച്ചത്.
സാങ്കേതികവിദ്യ നയിച്ച പ്രതിരോധം
2025 മെയ് 7 ഏതൊരു ഭാരതീയന്റെയും മനസ്സില്‍ ഭീകരതയ്‌ക്കെതിരായ രോഷവും, പെഹല്‍ഗാമിന്റെ പകയും, ഭാരത സൈന്യത്തിന്റെ കൃത്യതയാര്‍ന്ന പ്രത്യാക്രമണത്തില്‍ അഭിമാനവും നിറഞ്ഞ് നിന്ന ദിവസമായിരുന്നു. ബഹാവല്‍പൂറും മുറിദ്‌കെയും മുസാഫറാബാദും ഉള്‍പ്പടെയുള്ള 9 ഭീകരവാദ ക്യാമ്പുകള്‍ തവിടുപൊടിയായി. SCALP-/സ്റ്റോം ഷാഡോ പോലുള്ള മിസൈലുകളും, ഹാമ്മര്‍ ഗൈഡഡ് ബോംബുകളും ഉപയോഗിച്ച് പാക് അധീന കശ്മീരിലെയും പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് 100-ല്‍ അധികം ഭീകരരെ വധിച്ചു. തദ്ദേശീയ സൂയിസൈഡ് ഡ്രോണ്‍ ഉപയോഗിച്ച് ലാഹോറിലെ HQ-9 വ്യോമ പ്രതിരോധ യൂണിറ്റും പ്രധാന റഡാര്‍ സംവിധാനങ്ങളും തകര്‍ത്തു.
മറുപടിയായി പാകിസ്ഥാന്‍ നമ്മുടെ 15 നഗരങ്ങളിലേക്ക് തൊടുത്ത എല്ലാ മിസൈലുകളും ഡ്രോണുകളും ലക്ഷ്യത്തിലെത്തും മുമ്പ് നിര്‍വീര്യമാക്കാന്‍ ഭാരതത്തിന്റെ ബഹുമുഖ വ്യോമ പ്രതിരോധ സംവിധാനത്തിനായി. എസ്-400 ‘സുദര്‍ശന്‍ ചക്ര’, ബരാക്-8, തദ്ദേശീയ ആകാശ് മിസൈല്‍ പ്രതിരോധ കവചങ്ങളും, ഡിആര്‍ഡിഒ വികസിപ്പിച്ച ആന്റിഡ്രോണ്‍ സാങ്കേതികവിദ്യയും ഇതില്‍ നിര്‍ണായകമായി. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റമായിരുന്നു. ഇത് വിവിധ റഡാറുകള്‍, സെന്‍സറുകള്‍, ആയുധങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് ശത്രുനീക്കങ്ങളെക്കുറിച്ച് തത്സമയ ചിത്രം നല്‍കുകയും വേഗത്തിലുള്ള പ്രതിരോധം സാധ്യമാക്കുകയും ചെയ്തു.
2016-ലെ ഉറി, 2019-ലെ ബാലാക്കോട്ട് പ്രത്യാക്രമണങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഭാരത ചരിത്രത്തിലെ സമാനതകളില്ലാത്ത സൈനിക മുന്നേറ്റമാണ്. ഭാരതസൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ തന്ത്രം എണ്ണം പറഞ്ഞ, മികവുറ്റ സാങ്കേതിക നൈപുണ്യത്തിന്റെയും കര്‍മ്മ ശേഷിയുടെയും പ്രകടനമാണ് അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആയുധ ശേഖരത്തിന്റെ കരുത്താണ് ദൃഷ്ടമായത്. എഐ സാങ്കേതികവിദ്യ എപ്രകാരം യുദ്ധമേഖലകളില്‍ നൂറ് ശതമാനം വിജയത്തില്‍ പ്രയോഗിക്കാം എന്നതിന്റെ പ്രദര്‍ശനം കൂടിയായിരുന്നു ഈ ദൗത്യം.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ചതും മറ്റു രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടുകൂടി നിര്‍മ്മിച്ചതും, ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രയോഗിച്ചതുമായ ചില പ്രധാനപ്പെട്ട ആയുധങ്ങള്‍ ഇവയൊക്കെയാണ്:
ആകാശ് തീര്‍
ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നിര്‍മ്മിത ബുദ്ധിയില്‍ (AI) അധിഷ്ഠിതമായ വ്യോമ പ്രതിരോധ സംവിധാനമാണ് ‘ആകാശ് തീര്‍’. പാകിസ്ഥാനില്‍ നിന്നുമുള്ള ഡ്രോണുകള്‍, മിസൈലുകള്‍, മറ്റ് ചെറു ആളില്ലാ വിമാനങ്ങള്‍ (UAVs) എന്നിവയെയെല്ലാം ഭാരതത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് ആകാശ് തീറിന്റെ മികവായിരുന്നു. ചൈന പാകിസ്ഥാന് നല്‍കിയ കേവലം കളിപ്പാട്ടങ്ങള്‍ ആയ HQ- 9,- HQ- 16 സംവിധാനങ്ങള്‍ ഭാരത മിസൈലുകളുടെ മുന്നില്‍ പതറി നിന്നപ്പോള്‍ ആകാശ് തീര്‍, നമ്മുടെ അതിര്‍ത്തി കടന്നുവന്ന മിസൈലുകളെയും ഡ്രോണുകളെയും പൊടിച്ചു കളഞ്ഞു.
‘ആകാശ് തീര്‍’- ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, ഭൂതല റഡാറുകള്‍, മൊബൈല്‍ യുദ്ധകേന്ദ്രങ്ങള്‍, എ.ഐ. പ്രോസസറുകള്‍ എന്നിവയെല്ലാം സമന്വയത്തോടെ പ്രവര്‍ത്തിക്കുന്ന, ഒരു സമ്പൂര്‍ണ്ണ പ്രതിരോധ സംവിധാനമാണിത്.
ബ്രഹ്മോസ് മിസൈല്‍
സ്വാമിയേ ശരണമയ്യപ്പ എന്ന ഘോഷം മുഴക്കി പാകിസ്ഥാനിലെ വ്യോമത്താവളങ്ങളെ വെന്തു വെണ്ണീരാക്കിയ നായകനാണ് ബ്രഹ്മോസ്. മെയ് 10-ന് പാകിസ്ഥാനുള്ളിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളിലും, അവരുടെ ആണവ കമാന്‍ഡിന് സമീപമുള്ള ലക്ഷ്യസ്ഥാനത്തും പതിച്ച ബ്രഹ്മോസ് മിസൈലുകള്‍, പാകിസ്ഥാന്റെ വ്യോമാക്രമണ ശേഷിയെ തകര്‍ക്കുകയും വെടിനിര്‍ത്തലിനായി യാചിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
ഭാരതം റഷ്യന്‍ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഈ മിസൈല്‍, വേഗതയുടെയും കൃത്യതയുടെയും പ്രതീകമാണ്. ശബ്ദത്തിന്റെ മൂന്നിരട്ടിയോളം വേഗതയില്‍ (മാക് 2.8-3.0) സഞ്ചരിക്കുന്ന ബ്രഹ്മോസിന്, ശത്രുക്കള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കാതെ, ഒരു മീറ്ററിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. മലേഷ്യ തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ബ്രഹ്മോസിനായി ഭാരതത്തെ സമീപിച്ചിട്ടുണ്ട്.
ഡി ഫോര്‍ ആന്റി ഡ്രോണ്‍സ്
ഡിആര്‍ഡിഒയും, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (BEL) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനം, പ്രധാനമായും ശത്രു ഡ്രോണുകളെ കണ്ടെത്തി (Detect) അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി (Deter), നശിപ്പിക്കുക (Destroy) എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പ്രതിരോധ കവചമാണ്.
പറന്നു വരുന്ന ചെറുതും വലുതുമായ ഡ്രോണുകളെ (മൈക്രോ/സ്‌മോള്‍ UAVs) തത്സമയം കണ്ടെത്തി, കൃത്യമായി പിന്തുടര്‍ന്ന്, ലക്ഷ്യമിടുന്ന ഡ്രോണിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം, മൃദുലവും(soft kill) ശക്തവുമായ (Hard kill) മാര്‍ഗ്ഗങ്ങളിലൂടെ അവയെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
നാഗാസ്ത്ര -1
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭാരത കരസേന, രാജ്യത്തെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ ‘നാഗാസ്ത്ര-1’ ലോയിറ്റര്‍ മ്യൂണിഷന്‍ തങ്ങളുടെ ഭാഗമാക്കിയിരുന്നു. നാഗ്പൂര്‍ ആസ്ഥാനമായുള്ള സോളാര്‍ ഇന്‍ഡസ്ട്രീസാണ് ഇത് വികസിപ്പിച്ചെടുത്തത്. ലോയിറ്റര്‍ മ്യൂണിഷനുകള്‍ അഥവാ ചാവേര്‍ ഡ്രോണുകള്‍ എന്നത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ആയുധങ്ങളാണ്. ഒരു ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതുവരെ ആ പ്രദേശത്ത് ചുറ്റിക്കറങ്ങാനും, പിന്നീട് ലക്ഷ്യത്തിലേക്ക് ഇടിച്ചിറങ്ങി ആക്രമണം നടത്താനുമാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്‌കൈ സ്‌ട്രൈക്കര്‍
സ്‌കൈ സ്‌ട്രൈക്കറിനെ വിശേഷിപ്പിക്കുന്നത് ഒരു ആളില്ലാ വിമാനം പോലെ പറന്ന്, മിസൈലിന്റെ കൃത്യതയോടെ പ്രഹരിക്കുന്ന സംവിധാനമായാണ്. ഇതൊരു ‘ലോയിറ്ററിംഗ് മ്യൂണിഷന്‍’ വിഭാഗത്തില്‍ പെടുന്ന ആയുധമാണ്; അതായത്, ലക്ഷ്യസ്ഥാനത്തിന് മുകളില്‍ വട്ടമിട്ട് പറന്ന്, അനുയോജ്യമായ സമയം വരെ കാത്തിരുന്ന്, കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കുന്ന ആയുധം. ആക്രമണത്തിനു ശേഷം ഇത് സ്വയം നശിക്കുകയും ചെയ്യും. പൂര്‍ണ്ണമായും സ്വയംനിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സ്‌കൈ സ്‌ട്രൈക്കറിന്, വിമാനത്തിന്റെ ഉള്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള 10 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ (warhead) ഉപയോഗിച്ച്, നിര്‍ദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ അതിസൂക്ഷ്മതയോടെ പതിപ്പിക്കാന്‍ സാധിക്കും.
എംആര്‍എസ്എഎം മിസൈല്‍ സിസ്റ്റം
ഈ പ്രത്യാക്രമണത്തില്‍ ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് കരുത്ത് പകര്‍ന്ന മറ്റൊരു പ്രധാന ആയുധമായിരുന്നു എംആര്‍എസ്എഎം(MRSAM Medium Range SurfacetoAir Missile). ‘ആകാശ്’ മിസൈലിനേക്കാള്‍ കൂടുതല്‍ ദൂരപരിധി ഇതിനുണ്ട്. ഭൂതലത്തില്‍ നിന്നും വിക്ഷേപിക്കാവുന്ന ഈ മിസൈല്‍ സംവിധാനം ഡി.ആര്‍.ഡി.ഒ. ഇസ്രായേലുമായി ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കിയത്. ഏകദേശം 70 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യങ്ങളെപ്പോലും സൂപ്പര്‍സോണിക് വേഗതയില്‍ തകര്‍ക്കാന്‍ ശേഷിയുള്ള എംആര്‍എസ്എഎം, 2021-ലാണ് വ്യോമസേനയുടെ ഭാഗമായത്.
എല്‍-70 ആന്റി എയര്‍ക്രാഫ്റ്റ് ഗണ്‍
മിസൈല്‍ സംവിധാനങ്ങള്‍ക്ക് പുറമെ, പാകിസ്ഥാന്റെ ഡ്രോണുകളെ നേരിടാന്‍ ഭാരതം എല്‍-70 തോക്കുകളും വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. സ്വീഡനിലെ ബോഫോഴ്‌സ് കമ്പനി രൂപകല്‍പ്പന ചെയ്ത ഈ തോക്കുകള്‍, നമ്മുടെ രാജ്യത്ത് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയാണ് നിര്‍മ്മിക്കുന്നത്. ഏകദേശം നാല് കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇവയ്ക്ക്, ശത്രു ഡ്രോണുകളെ വെടിവെച്ചിടുന്നതിനൊപ്പം അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും (jamming)സാധിക്കും.
എസ്സ്-400 സുദര്‍ശന ചക്ര
ഭാരതം റഷ്യയില്‍ നിന്ന് സ്വന്തമാക്കിയ എസ്-400 ‘സുദര്‍ശന ചക്രം’ വ്യോമ പ്രതിരോധ സംവിധാനം, നമ്മുടെ തദ്ദേശീയമായ സാങ്കേതികവിദ്യകളുമായി വിളക്കിച്ചേര്‍ത്ത് കൂടുതല്‍ കരുത്തുറ്റതാക്കി. ഇതിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്നതും തദ്ദേശീയമായി വികസിപ്പിച്ചതുമായ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (IACCS) എന്ന ശൃംഖലയിലേക്ക് എസ്-400 നെ വിജയകരമായി സംയോജിപ്പിച്ചതിലൂടെ നമ്മുടെ റഡാറുകള്‍, ആകാശ്, ബരാക്-8 മിസൈലുകള്‍ എന്നിവയെല്ലാം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാനും, ഭീഷണികളെ അതിവേഗം തിരിച്ചറിഞ്ഞ് വിവിധ തലങ്ങളില്‍ പ്രതിരോധം തീര്‍ക്കാനും നമുക്ക് സാധിച്ചു.
നമ്മുടെ സ്വന്തം ഉപഗ്രഹങ്ങള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ , തദ്ദേശീയ കമാന്‍ഡ് ശൃംഖലകള്‍ എന്നിവയുമായി ചേര്‍ന്നുള്ള ഈ പ്രവര്‍ത്തനം എസ്-400 നെ കൂടുതല്‍ കാര്യക്ഷമവും പ്രഹരശേഷിയുള്ളതുമാക്കി മാറ്റി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ എസ്-400 രണ്ടുതവണ പരാജയപ്പെട്ടെങ്കിലും ഭാരതം പാകിസ്ഥാനെതിരെ നടത്തിയ പ്രത്യാക്രമണത്തില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചത് മേല്‍പ്പറഞ്ഞ നവീകരണങ്ങള്‍ തദ്ദേശീയമായി ഇതില്‍ ഉള്‍പ്പെടുത്തിയത് മൂലമാണ്.
ഇറക്കുമതിയില്‍ നിന്ന് കയറ്റുമതിയിലേക്ക്
2014-ല്‍ അധികാരമേറ്റതു മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഏറ്റവും ഒടുവില്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 6.81 ലക്ഷം കോടി രൂപ ഈ മേഖലയ്ക്കായി നീക്കി വെച്ചു. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9.53 % അധികമാണ്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ (2014-2024) മോദി സര്‍ക്കാര്‍ പ്രതിരോധത്തിനായി മാത്രം നീക്കിവെച്ചത് ഏകദേശം 55 ലക്ഷം കോടി രൂപയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ (2004-2014) വകയിരുത്തിയത് കേവലം 15.6 ലക്ഷം കോടി രൂപ മാത്രമായിരുന്നു. അതായത്, യുപിഎ സര്‍ക്കാരിനേക്കാള്‍ 250 ശതമാനത്തിലധികം, മോദി സര്‍ക്കാര്‍ രാഷ്ട്ര സുരക്ഷയ്ക്കായി മാറ്റിവെച്ചു എന്ന് സാരം.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശീയ പ്രതിരോധ ഉത്പാദനം, മുന്‍ വര്‍ഷത്തെ (2022-23) അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി സര്‍വ്വകാല റെക്കോര്‍ഡായ 1,26,887 കോടി രൂപയിലെത്തി. അതായത് 2014-15നെ തട്ടിച്ചു നോക്കുമ്പോള്‍ 174 ശതമാനത്തിന്റെ വര്‍ദ്ധന. 2029 ഓടെ പ്രതിരോധ ഉത്പാദനത്തില്‍ 3 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കൈവരിക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.
ഡിആര്‍ഡിഒയ്ക്കുള്ള ബജറ്റ് വിഹിതം 2024-25 സാമ്പത്തിക വര്‍ഷത്തിലെ 23,855.61 കോടി രൂപയില്‍ നിന്നും 2025-26 വര്‍ഷത്തേക്ക് 26,816.82 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. 12.41% അധികം.
പ്രതിരോധ ഉപകരണങ്ങള്‍ക്കായി മുമ്പ് 65-70 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചിരുന്ന നാം, ഇപ്പോള്‍ 65 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിലൂടെ ഈ രംഗത്ത് വലിയ സ്വാശ്രയത്വം കൈവരിച്ചിരിക്കുന്നു. 2013-14 കാലയളവില്‍ കേവലം 686 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 2024-25 കാലയളവ് ആയപ്പോഴേക്കും 23,622 കോടിയായി ഉയര്‍ന്നു. അതായത് കേവലം 10 വര്‍ഷത്തില്‍ 34 മടങ്ങ് വര്‍ദ്ധന.
മോദി സര്‍ക്കാര്‍ സ്വീകരിച്ച തദ്ദേശീയവല്‍ക്കരണത്തിനായുള്ള ഊര്‍ജ്ജിത നടപടികളും പോസിറ്റീവ് ഇന്‍ഡിജിനൈസേഷന്‍ (positive indigenisation) പോലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഈ മാറ്റത്തിന് പിന്നില്‍.
ഇന്ന് ലോകത്തെ പ്രധാന 25 ആയുധ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. നിലവില്‍ നാം 90 ഓളം രാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിര്‍മിച്ച പ്രധിരോധ സംവിധാനങ്ങള്‍ കയറ്റി അയക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ഇവയൊക്കെയാണ്:
a. അര്‍മേനിയ- നാം തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന ഉപഭോക്താവാണ് അര്‍മേനിയ. 155 എംഎം ആര്‍ട്ടിലറി തോക്കുകള്‍, ആകാശ് മിസൈല്‍ സംവിധാനം, പിനാക മള്‍ട്ടി-ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍ എന്നിവ അവര്‍ ഭാരതത്തില്‍ നിന്നും സ്വന്തമാക്കുന്നു.
b. ഫിലിപ്പീന്‍സ്- ഭാരതത്തില്‍ നിന്ന് 375 മില്യണ്‍ ഡോളറിന്റെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാന്‍ ഫിലിപ്പീന്‍സ് കരാറൊപ്പിട്ടിരിക്കുകയാണ്. അതോടൊപ്പം, 200 മില്യണ്‍ ഡോളറിന് ആകാശ് മിസൈലുകള്‍ വാങ്ങുന്ന കാര്യവും പരിഗണനയിലാണ്.
c. അമേരിക്ക- ഭാരതത്തിന്റെ പ്രതിരോധ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയാണ്. നമ്മുടെ ആകെ പ്രതിരോധ കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍, അലോയ്, സബ്‌സിസ്റ്റങ്ങള്‍ അപ്പാച്ചി ഹെലികോപ്റ്റര്‍ ഘടകങ്ങള്‍ എന്നിവ ഭാരതത്തില്‍ നിന്ന് സംഭരിക്കുന്നു.
d. ഫ്രാന്‍സ്- ഡിഫന്‍സ് ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ അടക്കമുള്ള വിവിധ പ്രതിരോധ ഉത്പന്നങ്ങള്‍ ഫ്രാന്‍സ് ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും, അവ തങ്ങളുടെ സൈനിക സംവിധാനങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു
ഋ. യുഎഇ – യുഎഇ ഭാരതത്തില്‍ നിന്നും 155 എംഎം ആര്‍ട്ടിലറി ഷെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നു.
e. സൗദിഅറേബ്യ- 2024-ല്‍, സൗദി അറേബ്യ, മ്യുനിഷന്‍സ് ഇന്ത്യ ലിമിറ്റഡുമായി 155 എംഎം ആര്‍ട്ടിലറി ഷെല്ലുകള്‍ വാങ്ങുന്നതിന് 225 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ഇത് ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി ഇടപാടുകളില്‍ ഒന്നാണ്.
f. വിയറ്റ്‌നാം – തങ്ങളുടെ സമുദ്ര സുരക്ഷാ ശേഷി കൂട്ടുന്നതിനായി നാവിക നിരീക്ഷണ യാനങ്ങളും സൈനിക ട്രക്കുകളും അവര്‍ ഭാരതത്തില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.
g. അര്‍ജന്റീന: എച്ച്എഎല്‍ ധ്രുവ് എന്ന ഹെലികോപ്റ്റര്‍ വാങ്ങാന്‍ അര്‍ജന്റീന താല്‍പ്പര്യം പ്രകടിപ്പിക്കുകയും, 2023-ല്‍ ഇതിനായുള്ള താല്‍പ്പര്യ പത്രം (Letter- of Intent) ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
അസ്ത്രം ഒടുങ്ങാത്ത ആവനാഴി
ഭാരതം പ്രതിരോധ മേഖലയിലും ലോകശക്തിയായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ ഓപ്പറേഷന്‍ സിന്ധൂറിലൂടെ ലോകത്തിന് ബോധ്യപ്പെട്ടു. ഇതിലൂടെ ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ സംവിധാനങ്ങള്‍ എത്രമാത്രം വിശ്വസനീയമാണെന്ന് വരച്ചു കാട്ടാനും നമുക്ക് സാധിച്ചു. ഇതിലൂടെ പ്രതിരോധ മാര്‍ക്കറ്റില്‍ വരുംകാലങ്ങളില്‍ നാം തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറും എന്നത് നിസ്സംശയം പറയാം.
ചൈനയുടെ പ്രതിരോധ സ്റ്റോക്ക് മാര്‍ക്കറ്റ് 9 ശതമാനത്തോളം ഓപ്പറേഷന്‍ സിന്ധൂറിന് ശേഷം ഇടിഞ്ഞു. ചൈനീസ് നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലായെന്നും കേവലം കളിപ്പാട്ടങ്ങള്‍ മാത്രമാണെന്നും ലോകത്തിന് ബോധ്യപ്പെട്ടു. റഷ്യയുടെ കയറ്റുമതിയില്‍ 64 ശതമാനത്തിന്റെയും ഫ്രാന്‍സിന്റെ കയറ്റുമതിയില്‍ 25 ശതമാനത്തിന്റെ ഇടിവും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായി. എന്നാല്‍ ഭാരതത്തിന്റെ കയറ്റുമതി 34 മടങ്ങാണ് കഴിഞ്ഞ പത്തു വര്‍ഷത്തില്‍ വര്‍ദ്ധിച്ചത്. ഇത് ഈ മേഖലയിലും ലോക നേതൃത്വത്തിലേക്ക് ഭാരതം ഉയര്‍ന്നു എന്നതിന്റെ തെളിവല്ലാതെ മറ്റെന്താണ്?
മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലാതെ തന്നെ കാര്യങ്ങളെ ”വേണ്ടരീതിയില്‍ കൈകാര്യം” ചെയ്യാന്‍ ഇന്ന് ഭാരതത്തിന് സാധിക്കുന്നു. ഇത് ഇച്ഛാശക്തിയുള്ള നേതൃത്വം ഭാരതത്തെ നയിച്ചത് കൊണ്ട് മാത്രമാണ്.
മതം ചോദിച്ച് നമ്മുടെ അമ്മ-സഹോദരിമാരുടെ സിന്ദൂരം മായിച്ചവര്‍ക്ക് ശാസ്ത്രം കൊണ്ട് തിരിച്ചടി നല്‍കാന്‍ സാധിച്ചു. ഭാരതം ഇനിയും വളരും അസ്ത്രം ഒടുങ്ങാത്ത ആവനാഴിയായി. കയ്യൂക്കുള്ളവന് കാര്യസിദ്ധി എന്ന തത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രങ്ങളല്ല മറിച്ച് ലോകത്തിന്റെ സുഖത്തിനായി വര്‍ത്തിക്കുന്ന രാഷ്ട്രമാണ് വിശ്വഗുരു സ്ഥാനത്തേക്ക് വരേണ്ടത് എന്നത് കാലത്തിന്റെ നിയതിയാണ്, ”ആരെയും ഭയപ്പെടുത്താത്ത എന്നാല്‍ ആരെയും ഭയക്കാത്ത” ഭാരതമല്ലാതെ മറ്റാരും ഇന്ന് ആ സ്ഥാനത്തിന് അര്‍ഹരല്ല.