രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയാണ് ഈ വര്‍ഷം. 1925 സപ്തംബര്‍ 27ന് വിജയദശമി നാളില്‍ തുടങ്ങിയ ഹൈന്ദവ ദേശീയപ്രസ്ഥാനമാണ് സംഘം. സംസ്‌കാരമാണ് ദേശീയതയുടെ അടിസ്ഥാനമെന്നും ദേശീയതയാണ് രാഷ്ട്രത്തിന്റെ ഐക്യത്തെ ബലപ്പെടുത്തി ഒന്നാക്കി നിര്‍ത്തുന്ന ശക്തി എന്നുമുള്ള അടിസ്ഥാന സങ്കല്‍പ്പത്തില്‍നിന്നാണ് സംഘത്തിന്റെ ജനനം. സഹസ്രാബ്ദങ്ങളായി നിലനിന്നു പോരുന്ന ഭാരതം എന്ന അതിപ്രാചീന രാഷ്ട്രവും ജനതയും നൂറ്റാണ്ടുകളായി ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അനേകം തവണ നമ്മള്‍ പൂര്‍ണമായല്ലെങ്കിലും കീഴടക്കപ്പെട്ടു. ലോകത്തിലെ പ്രബലശക്തികളും സാമ്രാജ്യങ്ങളും ഒക്കെ ഭാരതത്തിലേക്ക് കടന്നുകയറി വന്നു. എല്ലാ സംഘടിതമതങ്ങളും അധിനിവേശം നടത്തി. കടന്നുവന്നവര്‍ ആയുധംകൊണ്ടോ ആശയംകൊണ്ടോ കുതന്ത്രംകൊണ്ടോ ഭാരതത്തിനുള്ളില്‍ ഛിദ്രത വളര്‍ത്തി. സമൂഹത്തെ ഛിന്നഭിന്നമാക്കി ഭരിക്കാനുള്ള നയങ്ങളും തന്ത്രങ്ങളും പരിപാടികളും മതത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പേരില്‍ അവര്‍ നടപ്പാക്കി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്‌കാരത്തിന്റെ ഉടമകള്‍ എന്ന്അഭിമാനിക്കുന്ന നമ്മള്‍ പല ചതിയന്മാരുടെയും കെണിയില്‍ പെട്ടു. ഉപജാപകരുടെ ഇരയായി. അധിനിവേശത്തിന്റെ ആധിപത്യത്തിന് വിധേയമായി. ആക്രമണകാരികളുടെ യുദ്ധതന്ത്രജ്ഞതയില്‍ കീഴടക്കപ്പെട്ടു. അങ്ങനെയൊക്കെ സംഭവിച്ചതിന്റെ കാരണമെന്ത് എന്ന അന്വേഷണത്തില്‍നിന്നാണ് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സംഘടിത ഹിന്ദുസമാജം എന്ന ആശയം രൂപപ്പെടുത്തിയത്. അതിന്റെ അഭാവമാണ് അടിമത്തത്തിന്റെ കാരണമെന്ന് മനസ്സിലാക്കി. അത് വെറും മതപരമോ സങ്കുചിതമോ ആയതായിരുന്നില്ല. മറിച്ച് സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. ഭാരതത്തിലെ മുഴുവന്‍ ജനതയെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന ഘടകം ഏത് എന്ന് അദ്ദേഹം ചിന്തിച്ചു. അനേകം ഭാഷകള്‍, ആചാരങ്ങള്‍, വിചാരങ്ങള്‍, ആഘോഷങ്ങള്‍, ആഹാരക്രമങ്ങള്‍; കാലാവസ്ഥയുടെ വ്യതിയാനം, ഭൂപ്രകൃതിയുടെ വൈവിധ്യം ഇങ്ങനെ ഏതുതരത്തില്‍ നോക്കിയാലും നിറഞ്ഞ വൈവിധ്യമുള്ള ഒരു ജനതയെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ഘടകം എന്താണ് എന്ന ആലോചന ശക്തമായിരുന്നു.
നമ്മുടെ ദേശീയനേതാക്കളായി വളര്‍ന്നുവന്നവരെല്ലാം ഈ ആലോചനകള്‍ നടത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഇതേ ചിന്ത മുന്നോട്ടുകൊണ്ടുപോയവരാണ്. സോഷ്യലിസ്റ്റ് ബുദ്ധിജീവികളും രാജ്യതന്ത്രജ്ഞന്മാരും ഇതേ ആശയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും നിരീക്ഷണങ്ങള്‍ വ്യത്യസ്തങ്ങളും പരിഹാരനിര്‍ദ്ദേശങ്ങള്‍ പരസ്പരവിരുദ്ധങ്ങളും ആയിരുന്നു. എങ്കിലും അവരെല്ലാവരും ഒന്നുപോലെ അംഗീകരിച്ച വസ്തുതയുണ്ട്. അത് പൂര്‍ണമായും വിശദീകരിക്കാനും വ്യക്തമാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ഭാരതത്തിന്റെ ആന്തരികമായ ഒരു ഏകാത്മകശക്തി ഭാരതത്തെ ഒന്നിപ്പിക്കുന്നു എന്നായിരുന്നു അത്. കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തങ്ങളും വിരുദ്ധങ്ങളും ആയിരുന്നപ്പോഴും എല്ലാവരാലും അംഗീകരിക്കപ്പെട്ട ഈ ഏകാത്മകതയുടെ ശക്തി ഏത് എന്നതായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ അന്വേഷണം. ആ അന്വേഷണത്തില്‍നിന്നാണ് ഹിന്ദുത്വമാണ് ഭാരതത്തിന്റെ ഈ ഏകത്വത്തിന്റെ അടിസ്ഥാനം എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്. അത് ഏതെങ്കിലും ഒരു സങ്കുചിതമായ മതസങ്കല്പമോ ശത്രുതാപരമായ ദേശീയവീക്ഷണമോ ആയിരുന്നില്ല. മറിച്ച് വിശ്വവിശാലമായ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാരതത്തിന്റെ തനത് ദര്‍ശനത്തില്‍ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം ഹിന്ദുത്വത്തെ അവതരിപ്പിച്ചത്. അതേ ആശയംതന്നെയായിരുന്നു സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ഒക്കെ കണ്ടെത്തിയതും. പൂര്‍വികരായ ഋഷിമാര്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കുമപ്പുറം അവതരിപ്പിച്ചത് അതുതന്നെയായിരുന്നു. അതിനെ സങ്കുചിതമാക്കുക സാധ്യമല്ലതന്നെ.
വേദകാലം മുതല്‍ നമ്മുടെ ഋഷിമാര്‍ ചൊല്ലിപ്പോന്ന മഹത്തായ ഒരു ജീവിത വീക്ഷണം ഉണ്ടായിരുന്നുവല്ലോ. ‘ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വ ത:’ (നന്മ നിറഞ്ഞ ചിന്തകള്‍ ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ഞങ്ങളിലേക്ക് എത്തിച്ചേരട്ടെ) എന്ന വിശ്വവിശാലമായ ദര്‍ശനം അവതരിപ്പിച്ച വേദകാല ഋഷിയുടെ പിന്‍ഗാമികള്‍ക്ക് സങ്കുചിത മതവാദം അവതരിപ്പിക്കുക സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത്വം എന്ന് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ഏതെങ്കിലും ഒരു മതവാദമായോ ഇതരമതവിരുദ്ധമായ ഒരു മതസങ്കല്പമായോ അല്ല ഉദ്ദേശിച്ചത്. അതിനപ്പുറം ലോകത്തെ മുഴുവനായി കാണാനും പ്രപഞ്ചത്തെ സമഗ്രമായി ദര്‍ശിക്കാനും രാഷ്ട്രത്തെ ഒന്നായി സൃഷ്ടിക്കാനും പോന്ന നമ്മുടെ സാംസ്‌കാരികാടിത്തറ എന്നനിലയില്‍ ആയിരുന്നു ഹിന്ദുത്വത്തെ മുന്നോട്ടുവച്ചത്.
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ഒരു പടികൂടി മുന്നോട്ടുപോയി. അത്രയും വൈവിധ്യവും വൈശിഷ്ട്യവും നിറഞ്ഞ ഈ ഭൂപ്രദേശം എങ്ങനെയാണ് സങ്കുചിതരായ ആക്രമണകാരികള്‍ക്ക് ഇരയായത്? എന്തുകൊണ്ടാണ് പലപ്പോഴും നമ്മള്‍ കീഴടക്കപ്പെട്ടത്? എന്തായിരുന്നു നമ്മുടെ ദൗര്‍ബ്ബല്യം? എങ്ങനെയുള്ളതായിരുന്നു നമ്മുടെ കുറവുകള്‍? നമ്മുടെ കരുത്ത് എന്തിലായിരുന്നു? എന്തു നഷ്ടപ്പെട്ടപ്പോഴാണ് നമ്മള്‍ ദുര്‍ബ്ബലരായത്? എന്തു സൃഷ്ടിച്ചപ്പോഴാണ് നമ്മള്‍ പ്രബലരായത്? എന്തു ചെയ്തപ്പോഴാണ് നാം മുന്‍പ് സ്വാതന്ത്ര്യം നേടിയിട്ടുള്ളത്? ഇതെല്ലാം സമഗ്രമായി ആലോചിക്കുകയും കാലങ്ങളോളം ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ ഉത്തരമായിരുന്നു നമ്മളെ ഒന്നാക്കി നിര്‍ത്തുന്നത് ഹിന്ദുത്വം എന്ന മഹത്തായ ആശയം തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചത്. ഹിന്ദുത്വത്തെ താല്‍ക്കാലികമായ രാഷ്ട്രീയലാഭത്തിനു വേണ്ടിയോ സങ്കുചിതമായ മതതാല്‍പര്യങ്ങള്‍ക്കു വേണ്ടിയോ സാമ്പത്തികമായ ചൂഷണ ഉപാധികളായിട്ടോ കണ്ടപ്പോഴൊക്കെയാണ് നമുക്ക് നഷ്ടം വന്നത്. അതുകൊണ്ട് ഇനി നേടാന്‍പോകുന്ന സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടരുത്. അങ്ങനെ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ദൗര്‍ബ്ബല്യത്തിന്റെ കണ്ണികളെ കണ്ടെത്തി അതിനെ ബലപ്പെടുത്തണം. വിഘടിച്ചുപോകാന്‍ ഇടയുള്ള അംശങ്ങളെ ശക്തിപ്പെടുത്തി വിളക്കിച്ചേര്‍ക്കണം. എല്ലായിടത്തും കരുത്തുപകരാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സുകളെ കണ്ടെത്തി അതിന്റെ പ്രസരണം ഉജ്ജ്വലത്താക്കണം. അങ്ങനെ പ്രബലമാക്കിയ രാഷ്ട്രത്വത്തെ കെടാതെ സൂക്ഷിക്കണം. അതിനാവശ്യമായ നിരന്തര പദ്ധതികളും പ്രവര്‍ത്തനങ്ങളും വേണം. അത്തരം ഒരു ചിന്തയുടെ പരിണതഫലമായിട്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപംകൊടുത്തത്.
നൂറ്റാണ്ടുകളോളം ആക്രമണത്തിന് വിധേയമാവുകയും പലപ്പോഴും കീഴടക്കപ്പെടുകയും ചെയ്ത ഒരു ജനതയുടെ മുന്‍പില്‍ അതുവരെയുള്ള പല ദേശീയനേതാക്കളും വച്ചത് തല്‍ക്കാലം സ്വാതന്ത്ര്യം നേടുക എന്ന പരിമിതലക്ഷ്യം മാത്രമായിരുന്നു. എങ്ങനെയും സ്വാതന്ത്ര്യം നേടുക. എന്തു നഷ്ടപ്പെടുത്തിയും സ്വാതന്ത്ര്യം സമ്പാദിക്കുക. രാഷ്ട്രീയസ്വാതന്ത്ര്യം നേടിയാല്‍ മറ്റെല്ലാം വഴിയെ വന്നുകൊള്ളുമെന്നും അവര്‍ ധരിച്ചുവശായി. അതുകൊണ്ട് എന്ത് വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായിരുന്നു. മുഴുവന്‍ ഭാരതത്തെയും ഒന്നിപ്പിച്ചില്ലെങ്കിലും എല്ലാ ശക്തികളെയും സമാഹരിച്ചില്ലെങ്കിലും താല്‍ക്കാലികമായ ചില മുറകള്‍കൊണ്ട് സ്വാതന്ത്ര്യം നേടുമെങ്കില്‍ അതാണല്ലോ ഏറ്റവും ലാഭകരം എന്നവര്‍ കരുതി.
ഹെഡ്‌ഗേവാറിന്റെ ചിന്ത അതായിരുന്നില്ല. സ്വാതന്ത്ര്യം നേടും, നേടുകതന്നെ ചെയ്യും. എന്നാല്‍ ഇനി അത് ഒരിക്കലും നഷ്ടപ്പെടരുത് എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ആശയം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഭാവിയിലും സമൂഹം എങ്ങനെയായിരിക്കണം എന്ന് ചിന്തിച്ചു. ഭാവിഭാരതത്തെ സ്വപ്‌നം കണ്ടുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനശൃംഖല രൂപകല്‍പ്പന ചെയ്തത്. ദുര്‍ബ്ബലപ്പെടാത്ത കണ്ണികള്‍ ഉണ്ടാകണം. ശിഥിലമാകാത്ത ആത്മശക്തി നേടണം. രാഷ്ട്രത്തിന്റെ പ്രാണശക്തി ബലവത്താക്കിയാല്‍ സ്വാഭാവികമായും അതിനെ നിലനിര്‍ത്താന്‍ കഴിയും. അത്തരമൊരു ആശയം നൂറുകൊല്ലം മുന്‍പ് അദ്ദേഹം മുന്‍പോട്ടു വച്ചപ്പോള്‍ പലരും പരിഹസിച്ചു. ചിലര്‍ സഹതപിച്ചു. മറ്റു ചിലര്‍ അവഗണിച്ചു. എന്നാല്‍ അന്ന് പരിഹസിച്ചവരുടെയും സഹതപിച്ചവരുടെയും അവഗണിച്ചവരുടെയും പിന്‍ഗാമികള്‍ നൂറുകൊല്ലത്തിനിപ്പുറം രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വെച്ച ആശയത്തിന്റെയും പ്രവര്‍ത്തന ശൃംഖലകളുടെയും പ്രാബല്യവും വികാസവും കണ്ട് അന്തംവിടുന്നു. പത്തോ പതിനഞ്ചോ കൗമാരക്കാരെ വിളിച്ചുകൂട്ടി, നമ്മള്‍ ഇന്ന് സംഘം തുടങ്ങുന്നു എന്ന് നൂറു കൊല്ലം മുന്‍പ് പറഞ്ഞപ്പോള്‍ അവര്‍ പോലും കരുതിയിരുന്നില്ല ഭാവിയില്‍ ലോകത്തിന്റെ മുമ്പില്‍ കോടാനുകോടി ഭാരതീയരുടെ ഒരു കരുത്തുറ്റ രാഷ്ട്രമായി ഇത് മാറും എന്ന്. എന്നാല്‍ അവരുടെ ഉള്ളിലും ഭാവിഭാരതത്തെ സ്വപ്‌നം കാണാനും ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്നതിനുമുള്ള ഇച്ഛാശക്തി വളര്‍ത്തിയെടുക്കുന്നതില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ നൂറുശതമാനവും വിജയിച്ചു. അങ്ങനെ ആ ചെറുതിരയില്‍ നിന്നു മറ്റൊന്നായി പകര്‍ത്തി, പടര്‍ത്തി ഇന്ന് രാജ്യമെമ്പാടും വിളഞ്ഞുനില്‍ക്കുന്ന പ്രകാശ പ്രഭാപൂരമായി അതിനെ മാറ്റാന്‍ കഴിഞ്ഞു.
എന്നാല്‍ ഒരു അവസാന ലക്ഷ്യം പ്രഖ്യാപിച്ച് അവിടെയെത്തുമ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന തരത്തിലായിരുന്നില്ല ഹെഡ്‌ഗേവാറിന്റെ ആസൂത്രണം. അര്‍ജുനന്റെ ആവനാഴിയിലെ അസ്ത്രംപോലെയായിരുന്നു സംഘത്തിന്റെ ആശയവും ആവിഷ്‌കരണവും. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, അയക്കുമ്പോള്‍ നൂറ്, കൊള്ളുമ്പോള്‍ ശരവര്‍ഷം എന്നതരത്തില്‍ അത് വിടര്‍ന്നുവികസിച്ച് പരിലസിച്ചു. ഇന്ന് നൂറുവര്‍ഷത്തിനിപ്പുറം നാം കണ്ണുതുറന്നു നോക്കുമ്പോള്‍ കാണുന്നത് രാഷ്ട്രത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുത്വത്തിന്റെ പൊന്‍വെളിച്ചം കടന്നുചെന്നതാണ്. അല്പമാത്ര പ്രകാശമെങ്കിലും കടന്നുചെല്ലാത്ത ഒരിടവും ഭാരതത്തിന്റെ ഭൂപ്രദേശത്ത് ഇല്ല എന്നായിക്കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വനാന്തരങ്ങളിലും; കന്നിമണ്ണു കിളച്ചുമറിക്കുന്ന കര്‍ഷകരിലും കപ്പലണ്ടി വില്‍ക്കുന്നവരുടെ ഇടയിലും വ്യവസായികളിലും വക്കീലന്മാരിലും വൈദ്യന്മാരിലും രാഷ്ട്രീയക്കാരിലും സന്ന്യാസിമാരിലും സ്ത്രീകളിലും കുട്ടികളിലും വിദ്യാസമ്പന്നരിലും വിദ്യാരഹിതരിലും സമ്പന്നരിലും ദരിദ്രരിലും; കന്യാകുമാരിയിലും കാശ്മീരത്തിലെ ശിശിരഭൂമികളിലും ഒന്നുപോലെ ഹിന്ദുദേശീയതയുടെ സമഗ്രവും വിശാലവുമായ സന്ദേശം അല്‍പമാത്രമെങ്കിലും എത്തിയിരിക്കുന്നു.
എന്നാല്‍ അതുമാത്രംകൊണ്ട് ആയില്ലല്ലോ. ലോകത്തിലെ ഏറ്റവും വലിയ ജനതയായി മാറിയ നമ്മുടെ 141 കോടി പൗരന്മാരിലും ഈ സന്ദേശം എത്തേണ്ടതുണ്ട്. അവരുടെ മതമോ രാഷ്ട്രീയമോ ജാതിയോ കുലമോ തൊഴിലോ ഒന്നും നിഷേധിക്കാതെതന്നെ, അതിനൊക്കെ അതീതമായി നമ്മള്‍ ഒന്നാണ് എന്ന ദേശീയവികാരം ഉണര്‍ത്തേണ്ടതുണ്ട്. ഓരോ ഭാരതീയനും ഇത് എന്റെ മണ്ണാണ്, ഇത് എന്റെ മാതാവാണ്, ഇത് എന്റെ മോക്ഷഭൂമിയാണ് എന്നു കണക്കാക്കുന്ന തരത്തിലേക്ക് രാഷ്ട്രഭക്തിയെ സന്നിവേശിപ്പിക്കേണ്ടതുണ്ട്. അതേസമയം ഇത്തരം മഹത്തായ രാഷ്ട്രത്തെയും ജനതയെയും സംസ്‌കാരത്തെയും ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനും ഉന്മൂലനം ചെയ്യാനും ആഗ്രഹിക്കുന്ന അനവധി ശക്തികള്‍ വെല്ലുവിളികളുയര്‍ത്തുന്ന കാര്യവും നാം മറന്നുകൂടാ. അത്തരം വെല്ലുവിളികളെ കരുതിയിരിക്കാനുള്ള ജാഗ്രതയും അതിജീവിക്കാന്‍ കാര്യക്ഷമമായ പദ്ധതിയും ആവിഷ്‌കരിക്കാന്‍ ആദര്‍ശശാലികളായ വ്യക്തികളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അത്തരം ഒരു ചിന്തയില്‍നിന്നാണ് പഞ്ചപരിവര്‍ത്തനം എന്ന ഒരു പ്രായോഗിക പദ്ധതി സംഘം അതിന്റെ നൂറാംവര്‍ഷത്തില്‍ മുന്‍പോട്ട് വയ്ക്കുന്നത്.
പഞ്ചപരിവര്‍ത്തനം എന്നത് ഒരു തത്വചിന്താപരമായ കാര്യമല്ല. പ്രായോഗിക പദ്ധതികളാണ്. നമ്മുടെ നിത്യജീവിതത്തില്‍ ആവിഷ്‌കരിക്കേണ്ടതും സമൂഹജീവിതത്തില്‍ പടര്‍ത്തേണ്ടതും രാഷ്ട്രജീവിതത്തിന്റെ അടിത്തറയാക്കേണ്ടതുമായ കാര്യങ്ങളുടെ പ്രവര്‍ത്തനപദ്ധതി. അത് പുതിയ കാര്യമല്ല. നമ്മുടെ പൂര്‍വികരായ രാഷ്ട്രനായകര്‍, ആചാര്യന്മാര്‍ ഒക്കെ നമ്മളെ പഠിപ്പിച്ചതും ജീവിച്ചുകാണിച്ചുതന്നതും ഭാവിതലമുറയ്ക്കായി ഉപദേശിച്ചതുമായ ജീവിതക്രമങ്ങളാണ് അവ. പുതിയ കാലത്തിന് പുതിയ രീതിയിലുള്ള ജീവിതക്രമം ചിട്ടപ്പെടുത്തേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നമ്മള്‍ ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നു. പിന്നീട് മഹാരാജാക്കന്മാരുടെയും നാട്ടുരാജാക്കന്മാരുടെയും കീഴില്‍ നമ്മുടെ ജീവിതം മുന്നോട്ടു പോയി. ആധുനിക ലോകത്തിന്റെ മുന്‍പില്‍ നമ്മള്‍ ജനാധിപത്യ ജീവിതക്രമത്തിലാണ് നില്‍ക്കുന്നത്. സമൂഹജീവിതത്തെ ചിട്ടപ്പെടുത്താനും ക്രമപ്പെടുത്താനും ബലപ്പെടുത്താനുമുള്ള ചില സംവിധാനങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍ പുതിയ ചില സാഹചര്യങ്ങളും സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്തു.
ജനാധിപത്യത്തില്‍ വ്യക്തികള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും സമൂഹം ദുര്‍ബലപ്പെടാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. സമൂഹത്തെ പ്രബലപ്പെടുത്തിയിരുന്ന കുടുംബസംവിധാനങ്ങള്‍ക്ക് അയവുണ്ടായി. ജനങ്ങളെ നിയമങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന ഭയം അപ്രത്യക്ഷമാവുകയും നിയമങ്ങളെ വെല്ലുവിളിക്കാനുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. നിയമം ദുര്‍ബ്ബലമാകുന്നിടത്ത് ധര്‍മ്മം പ്രബലമായിരുന്നാലും ജീവിതം സുന്ദരമാക്കാന്‍ കഴിയും. എന്നാല്‍ ധാര്‍മികജീവിതം അനിവാര്യമല്ല ആധുനിക കാലത്ത് എന്ന കപട പുരോഗമനവാദം ശക്തിപ്പെട്ടു. സ്വന്തം സുഖം പരമപ്രധാനമാണെന്നും അത് എല്ലാവരും അനുവദിച്ചുതരേണ്ടതാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ പൊതുവായ ജീവിതത്തില്‍നിന്ന് അന്യമായി വ്യക്തിസുഖം ഉണ്ടാവുക സാധ്യമല്ല എന്ന പ്രാഥമിക പാഠം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യാനന്തരം നാം വിട്ടുപോയി. പ്രകൃതിയുടെ എല്ലാ ഫലങ്ങളും കിട്ടണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ അതിനുപൂരകമായ ജീവിതം നയിക്കേണ്ടതാണെന്നുമുള്ള ഗൃഹപാഠം ഉപേക്ഷിക്കുകയും ചെയ്തു. ഭരണഘടനയുടെ സംരക്ഷണയില്‍ എല്ലാ ആനുകൂല്യങ്ങളും ലഭിക്കേണ്ടതാണെന്ന അറിവു നാം നേടി. എന്നാല്‍ ആ ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള പൗരനാണ് നാമോരോരുത്തരും എന്ന ചിന്ത നഷ്ടമാവുകയും ചെയ്തു. ഇത്തരത്തില്‍ സ്വാതന്ത്ര്യാനന്തരം നാം ഉത്തരവാദിത്വത്തോടെ വിജയിപ്പിക്കേണ്ടിയിരുന്ന രാഷ്ട്രജീവിതത്തില്‍ ഉത്തരവാദിത്വരഹിതമായ ആള്‍ക്കൂട്ടജീവിതമായി നാം മാറ്റിത്തീര്‍ക്കപ്പെട്ടു. അത് പുതിയ കാലത്തിന്റെ വെല്ലുവിളിയാണ്. അത്തരം വെല്ലുവിളികളെ അതിജീവിക്കുക എന്നുള്ളതാണ് പഞ്ചപരിവര്‍ത്തനം എന്ന പ്രവര്‍ത്തനപദ്ധതിയുടെ പ്രഖ്യാപനത്തിലൂടെ സംഘം ലക്ഷ്യമാക്കുന്നത്.

പാശ്ചാത്യദേശത്ത് പുതുതായി വളര്‍ന്നുവന്ന തത്വശാസ്ത്രങ്ങളെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സുഖത്തെയും പ്രഖ്യാപിക്കുന്നതാണ്. മറ്റെല്ലാ ഘടകങ്ങളും വേറെ വേറെ അസ്തിത്വങ്ങള്‍ ഉള്ളതാണ്. പൗരസമൂഹം, മതസമൂഹം, കുടുംബം, ലോകം എല്ലാം വ്യത്യസ്തങ്ങളായ വലയങ്ങളായി പരസ്പരം കൂട്ടിയിടിക്കുന്ന നിലയിലാണ് സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരതത്തില്‍ അതിപ്രാചീന കാലംമുതലുള്ള ദര്‍ശനം, വ്യക്തിയും പ്രപഞ്ചവും വ്യത്യസ്ത അസ്തിത്വങ്ങളുള്ള ഘടകങ്ങളല്ല എന്നാണ്. വ്യക്തിയുടെ വികാസമാണ് കുടുംബം. അവിടെനിന്നുള്ള വികാസമാണ് സമൂഹം. അതില്‍നിന്നുള്ള പുരോഗതിയാണ് രാജ്യം. അതിന്റെ വളര്‍ച്ചയില്‍നിന്നാണ് രാഷ്ട്രം. എല്ലാ രാഷ്ട്രങ്ങളും കൂടിച്ചേരുന്നതാണ് ലോകം. മനുഷ്യര്‍ മാത്രമല്ല ജീവനുള്ളവയും ഇല്ലാത്തവയുമായ മുഴുവന്‍ പ്രാണികുലങ്ങളും ജഡപദാര്‍ത്ഥങ്ങളും ചേരുന്നതാണ് പ്രപഞ്ചം. ഇതാണ് ഭാരതീയ വീക്ഷണം. ഒന്നിന്റെ വികാസം മറ്റൊന്നിന് എതിരല്ല. ഒന്നിന്റെ വളര്‍ച്ച മറ്റൊന്നിന് കുറവ് സൃഷ്ടിക്കാന്‍ പാടില്ല. തന്നില്‍നിന്ന് സ്വാഭാവികമായി വളര്‍ന്ന്, പ്രപഞ്ചത്തോളം വികസിക്കുന്നതിനെയാണ് ഭാരതത്തില്‍ മനുഷ്യവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത് സാധിക്കണമെങ്കില്‍, അതിന് മുന്നോടിയായി, അതിനു തൊട്ടു താഴെയുള്ള രാഷ്ട്രം പ്രബലപ്പെടേണ്ടതുണ്ട്. ആ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ജീവിതക്രമം എന്ന നിലയിലാണ് പഞ്ചപരിവര്‍ത്തനം രാഷ്ട്രീയ സ്വയംസേവക സംഘം പ്രഖ്യാപിക്കുന്നത്. അത് വ്യക്തിയില്‍ നിന്ന് ആരംഭിക്കുന്നു എന്ന് നമ്മള്‍ വിലയിരുത്തി.
ഭാരതത്തെ സംബന്ധിച്ചിടത്തോളം വ്യക്തി രൂപപ്പെടുന്നതും വളരുന്നതും കുടുംബത്തിലാണ്. നല്ല കുടുംബത്തില്‍നിന്ന് നല്ല വ്യക്തികള്‍ സൃഷ്ടിക്കപ്പെടുന്നു. അത്തരം വ്യക്തികളുടെ കൂട്ടായ ജീവിതത്തില്‍നിന്ന് സമാജവും രാജ്യവും സൃഷ്ടിക്കപ്പെടുന്നു. വ്യക്തി സമാജബോധത്തിലേക്ക് ഉയരുകയും ഒപ്പം രാജ്യത്തിലെ പൗരന്‍ എന്നുള്ളനിലയ്ക്ക് ഉത്തരവാദിത്വമുള്ളവനാവുകയും ചെയ്യുമ്പോഴാണ് രാഷ്ട്രം സുരക്ഷിതമാകുന്നത്.
നാം സങ്കല്‍പ്പിക്കുന്ന നല്ല വ്യക്തി എന്നു പറയുമ്പോള്‍ അയാള്‍ നല്ല മകനും മകളും ആകണം. നല്ല അച്ഛനും അമ്മയും ആകണം. നല്ല സഹോദരനും സഹോദരിയും ആകണം. നല്ല ബന്ധുക്കളാവണം. അതിലെല്ലാമുപരി തന്റെ രാജ്യത്തോട് കൂറും ഭക്തിയും വിധേയത്വവുമുള്ള പൗരനും ആകണം. അത്തരം ഒരു വളര്‍ച്ചയുടെ ആദ്യ കളരിയാണ് കുടുംബം എന്നത്. ലോകത്തിലെ ഏറ്റവും പ്രബലവും സുന്ദരവും ചെറുതുമായ സാമൂഹിക സ്ഥാപനമാണ് കുടുംബം. ഒരുപക്ഷേ ഭാരതം രൂപപ്പെടുന്നതുതന്നെ കുടുംബത്തില്‍നിന്നാണ് എന്ന് കണക്കാക്കാം. ലോകത്തിലെ മറ്റെല്ലാ സാംസ്‌കാരികജനതകളും അപ്രത്യക്ഷമായിട്ടും സനാതനധര്‍മ്മത്തിന്റെ സാംസ്‌കാരിക തികവിനെ ഉന്മൂലനം ചെയ്യാന്‍ ക്ഷുദ്രശക്തികള്‍ക്ക് സാധിക്കാതെ പോയത് ഈ കുടുംബം എന്ന മഹത്വവും കരുത്തുമുള്ള സ്ഥാപനം തകര്‍ക്കാന്‍ കഴിയാതിരുന്നത് കൊണ്ടായിരിക്കണം. എന്നാല്‍ ഇന്ന് അതിനെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലുള്ള പുതിയ മാതൃകകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാമൂഹികവിരുദ്ധശക്തികള്‍ക്ക് കഴിയുന്നുണ്ട്, ഒപ്പം രാഷ്ട്രവിരുദ്ധശക്തികള്‍ക്കും. അതിനെ അതിജീവിക്കാന്‍ കുടുംബജീവിതം എന്ന സ്ഥാപനം കൊണ്ടുനടന്നാല്‍ മാത്രം പോരാ, ബലപ്പെടുത്തുകയുംകൂടി വേണം. അതിനാണ് കുടുംബപ്രബോധനം എന്ന പഞ്ചപരിവര്‍ത്തനത്തിലെ പദ്ധതി.
നല്ല വ്യക്തിയുണ്ടാവുകയും കുടുംബസാഹചര്യത്തില്‍ വളരുകയും ചെയ്തുവരുന്ന ഓരോ പുതുതലമുറയിലേക്കും ഒരു രാജ്യത്തിന്റെ പൗരന്‍ എന്നനിലയ്ക്കുള്ള ഉത്തരവാദിത്വബോധവും പകരേണ്ടതുണ്ട്. രാജ്യത്തിന്റെ ശക്തി എന്നു പറയുന്നത് സൈന്യമോ ഭരണകൂടമോ നിയമവ്യവസ്ഥയോ അല്ല. അതിലുപരി അതിലെ പൗരന്മാരുടെ രാഷ്ട്രബോധമാണ്. പൗരബോധമില്ലാത്ത ആള്‍ക്കൂട്ടമായി ഒരു രാജ്യം അധ:പതിച്ചാല്‍ മറ്റെന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ആ രാജ്യത്തെ കരുത്തുറ്റതാക്കാന്‍ കഴിയില്ലതന്നെ. പൗരബോധം എന്ന ഒരു പ്രവര്‍ത്തനമേഖലയിലൂടെ ഓരോ വ്യക്തിയിലും രാജ്യാഭിമുഖ്യം ചിന്തിക്കാനുള്ള പ്രേരണയാണ് നല്‍കുന്നത്. നിരന്തരമായ പ്രേരണയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പ്രചോദനങ്ങളിലൂടെയും ഉത്തമപൗരന്മാരെ വളര്‍ത്തിക്കൊണ്ടു വരുക എന്നതാണ് ഈ പ്രവര്‍ത്തനത്തിലൂടെ നാം ആഗ്രഹിക്കുന്നത്. ഇന്ന് പൗരബോധം ചോര്‍ന്നുപോയ വ്യക്തികളെ സൃഷ്ടിച്ച് അവരെ രാജ്യത്തിനെതിരെ നില്‍ക്കാനുള്ള പ്രേരണയും പ്രവര്‍ത്തനവും ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. അതിനെ അതിജീവിക്കാനുള്ള നിരന്തര പ്രവര്‍ത്തനവും പദ്ധതികളും ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. പഞ്ചപരിവര്‍ത്തനത്തിലെ പൗരബോധം എന്ന മേഖലയെ പ്രവര്‍ത്തിപ്പിക്കേണ്ടത് ഈ കാര്യം മനസ്സില്‍ വച്ചു കൊണ്ടായിരിക്കണം.
രാജ്യത്തെ ജനങ്ങള്‍ വെറും പൗരന്മാരായി ഇരുന്നാല്‍ മാത്രം മതിയാകും ഒരു സാധാരണ രാജ്യത്തിന് മുന്നോട്ടുപോകാന്‍. എന്നാല്‍ ഭാരതംപോലൊരു പ്രബലമായ സാംസ്‌കാരികസമൂഹത്തിന് നിലനില്‍ക്കാന്‍ അതുമാത്രം പോരാ. എന്നുമാത്രമല്ല നമ്മെ ദുര്‍ബ്ബലപ്പെടുത്തുന്നതിന് അതിനുള്ളില്‍നിന്നുതന്നെ കിളിര്‍ത്തുവന്ന വിഷച്ചെടിയാണ് ജാതീയത അഥവാ ഉച്ചനീചത്വം. നമ്മുടെ മഹാന്മാരായ ഗുരുക്കന്മാരും ആചാര്യന്മാരും നവോത്ഥാനനായകരുമെല്ലാം കാലാകാലങ്ങളില്‍ പണിയെടുത്ത് ഈ പുഴുക്കുത്തിനെ വലിച്ചെറിയുകയും രാഷ്ട്രശരീരത്തെ ശുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അതൊരു അര്‍ബുദംപോലെ പടര്‍ന്നുകയറാനുള്ള സാധ്യത എപ്പോഴും ഉണ്ട്. അത്തരം വിഷാണുക്കളെ കയ്യിലേന്തി തരംകിട്ടുമ്പോള്‍ കടന്നുകയറാന്‍ പാകത്തില്‍ ഓങ്ങിനില്‍ക്കുന്ന രാഷ്ട്രശത്രുക്കള്‍ നമുക്ക് ചുറ്റിലും ഉണ്ട്. അത്തരമൊരു വെല്ലുവിളിയെ അതിജീവിച്ച് ഭാരതത്തിന്റെ സനാതനമായ ധര്‍മ്മത്തെയും അതിലൂടെ സംസ്‌കാരത്തെയും അതിലൂടെ രാഷ്ട്രത്തെയും സംരക്ഷിക്കാന്‍ കഴിയണമെങ്കില്‍ വിവിധ സമുദായങ്ങള്‍ സമരസപ്പെട്ട് പോകേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും വേണ്ടിയാണ് സാമാജികസമരസത എന്നൊരു മേഖല നാം ഈ നൂറാം വര്‍ഷം തെരഞ്ഞെടുത്തത്. ലോകത്തിലെ എല്ലായിടത്തും ജനതകളുടെ ഇടയില്‍ വൈവിധ്യങ്ങള്‍ ഉണ്ടാവും. അത് വര്‍ഗ്ഗംകൊണ്ടോ വര്‍ണ്ണംകൊണ്ടോ അധികാരംകൊണ്ടോ ഒക്കെ ഉണ്ടാകാം. എന്നാല്‍ അത്തരം വിഭാഗീയതയിലൂടെ രാഷ്ട്രത്തിന് ശൈഥില്യം ഉണ്ടാവുന്നതരത്തില്‍ വിരുദ്ധങ്ങളാകാന്‍ പാടില്ല. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പരസ്പരം ബന്ധപ്പെടുത്താവുന്ന കണ്ണികളെ ശക്തിപ്പെടുത്തണം. വൈവിധ്യങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഏകതയുടെ ബീജത്തെ ഊര്‍ജ്ജസ്വലമാക്കണം. ബാഹ്യമായ ഒരു വൈവിധ്യവും വൈരുദ്ധ്യമാകാതിരിക്കാനുള്ള പഠനങ്ങളും പ്രചാരണങ്ങളും നടത്തി രാഷ്ട്രത്തിന്റെ ഏകത്വത്തെ ഉറപ്പിക്കുക എന്നതാണ് സാമാജികസമരസതയുടെ ആത്യന്തിക ലക്ഷ്യം.
ഏതു രാജ്യവും നിലനില്‍ക്കണമെങ്കില്‍ ആ നാട്ടിലെ പൗരജനങ്ങള്‍ക്ക് സ്വന്തം നാടിനോട് കൂറുണ്ടാവണം. അതുണ്ടാകുന്നത് വെറും വാചാടോപംകൊണ്ടല്ല. തന്റെ നാടിന്റെതന്നെ ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയത്തിലൂടെ വളരുന്നതാണ് നാടിന്റെ സമ്പത്ത് എന്നും തിരിച്ചറിയണം. വിപണിയും ക്രയവിക്രയവും വര്‍ദ്ധിക്കുമ്പോള്‍ രാജ്യം സമ്പന്നമാകും. പക്ഷേ ആ സമ്പത്ത് രാജ്യത്തിന് പുറത്തേക്ക് ചോര്‍ന്നുപോകാതിരിക്കണമെങ്കില്‍ നാട്ടിലെ ഉല്‍പ്പന്നങ്ങള്‍ നാംതന്നെ വാങ്ങുന്ന ശീലം ഉണ്ടാവണം. സ്വദേശി എന്ന സങ്കല്‍പ്പത്തിലൂടെയുള്ള പരിവര്‍ത്തനം നാം നമ്മെത്തന്നെ വളര്‍ത്തുക എന്ന നിലയ്ക്കാണ്. മാത്രമല്ല വെറും പ്രാഥമികമായ കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ല അതിലൂടെ ലക്ഷ്യമാക്കുന്നത്. നമ്മുടെതന്നെ ശീലങ്ങള്‍, നമ്മുടെ തനതായ വേഷം, ഭാഷ, ഇതെല്ലാം സജീവത്താക്കേണ്ടതുണ്ട്. സ്വദേശത്തോടുള്ള ആഭിമുഖ്യവും വിധേയത്വവും നിലനിര്‍ത്തുകയും അതിലൂടെ രാഷ്ട്രപുരോഗതിക്ക് തന്റേതായ പങ്ക് ഏറ്റെടുക്കുകയുമാണ് സ്വദേശി എന്ന പഞ്ചപരിവര്‍ത്തന മേഖലയിലൂടെ ലക്ഷ്യമാക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതിപ്രശ്‌നം. അതും ഒട്ടൊക്കെ മനുഷ്യനിര്‍മ്മിതംതന്നെയാണ്. അതിനെ പരിഹരിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അത് സാധിക്കണമെങ്കില്‍ പാരിസ്ഥിതികമായ പഥ്യങ്ങള്‍ പാലിക്കുകയും അത്തരമൊരു മര്യാദ വളര്‍ത്തിയെടുക്കുകയും വേണം. ഇന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച നടക്കുന്നു. പ്രാദേശികതലത്തില്‍ പരിപാടികളും നടക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അതൊരു വിജയകരമായ പ്രവര്‍ത്തനമായി മുന്നേറാത്തത്? അതിന്റെ കാരണം, വ്യക്തിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനോഭാവമാണ്. ജീവജാലങ്ങളോടും പ്രകൃതിയോടൊട്ടാകെയും നമ്മുടെ സമീപനം എന്തായിരിക്കണം എന്നത് കൃത്യമായി പഠിപ്പിച്ചില്ല. അതുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ അതൊരു സ്വഭാവമോ സംസ്‌കാരമോ ആയില്ല. പിന്നെ എങ്ങനെയാണ് പ്രകൃതിസംരക്ഷണം സാധ്യമാവുക? അതിനുള്ള പരിഹാരം എന്നനിലയിലാണ് പര്യാവരണ്‍ എന്നൊരു പ്രവര്‍ത്തനമേഖല പഞ്ചപരിവര്‍ത്തനത്തിന്റെ ഭാഗമായി സംഘം തെരഞ്ഞെടുത്തത്.
ഞാനെന്ന വ്യക്തിയും ആ വ്യക്തിയെ വളര്‍ത്തുന്ന കുടുംബവും കുടുംബം രൂപപ്പെടുന്ന സമുദായവും സമൂഹം നിലനില്‍ക്കുന്ന രാജ്യവും രാജ്യത്തിന്റെ സ്വയംപര്യാപ്തതയും ഒക്കെ സാക്ഷാത്കരിക്കപ്പെടുമ്പോഴാണ് രാജ്യം പുരോഗമിച്ചു എന്നു പറയാന്‍ കഴിയുക. അപ്പോള്‍ മാത്രമാണ് ലോകത്തെ നന്നാക്കാനുള്ള അര്‍ഹത നാം നേടുക. ലോകത്തെ നന്നാക്കുകയെന്നാല്‍ നമ്മള്‍ വരച്ചവരയില്‍ ലോകത്തെ നിര്‍ത്തുക എന്നല്ല. അതൊരു ലോകപോലീസ് സങ്കല്പമാണ്. അതല്ല ഉദ്ദേശിക്കുന്നത്. ലോകപുരോഗതിയില്‍ നമ്മുടെ പങ്ക്. ഒരു രാജ്യം ലോകത്തിന് ശല്യമാകാതിരിക്കുക എന്നുള്ളത് ആദ്യത്തെ പടി. അതുകഴിഞ്ഞാല്‍ ലോകത്തെ ചൂഷണം ചെയ്യാതിരിക്കുക എന്നുള്ളത് രണ്ടാമത്തെ പടി. ലോകവളര്‍ച്ചയില്‍ നമ്മുടേതായ പങ്ക് നിര്‍വഹിക്കുക എന്നുള്ളത് ആദര്‍ശപരമായ നില. ആ നിലയിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കാന്‍ കഴിയണമെങ്കില്‍ സ്വന്തം രാജ്യം പ്രബലവും പ്രഖരവും നന്മനിറഞ്ഞതും സമാധാനപൂര്‍ണ്ണവുമായിരിക്കണം; സര്‍വ്വോപരി സമ്പന്നവും.
ഇങ്ങനെ പഞ്ചപരിവര്‍ത്തനം എന്നത് നാം നമ്മെത്തന്നെ പുതുക്കിപ്പണിയുന്നതാണ്. നാം നമുക്കുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്. നാം സ്വയം പുരോഗമിക്കുന്നതിനാണ്. സ്വയം വളരാന്‍ കഴിയാത്തവന് മറ്റുള്ളവരെ വളര്‍ത്താനോ സഹായിക്കാനോ കഴിയില്ല. ഈ അഞ്ചു മേഖലകളിലെ പ്രവര്‍ത്തനത്തിലൂടെ ആധുനികസമൂഹത്തിന്റെ സാമാന്യവും സമഗ്രവുമായ വളര്‍ച്ചനേടാന്‍ കഴിയും എന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. ഇവയൊക്കെ സ്വാതന്ത്ര്യാനന്തരം നമ്മുടെ നാട്ടില്‍ നിറവേറ്റപ്പെടേണ്ടതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തെ നാം തെറ്റായി വ്യാഖ്യാനിച്ചു. തെറ്റായി പഠിപ്പിച്ചു. സ്വാതന്ത്ര്യം ഇല്ലാതിരുന്നകാലത്ത് നിയമവിരുദ്ധ ഭരണകൂടങ്ങളോട് കാണിച്ച നയങ്ങളും സമീപനങ്ങളും സ്വാതന്ത്ര്യാനന്തരം നാം നമ്മളോടുതന്നെ ആവര്‍ത്തിക്കുന്നു.
നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതാണ് സ്വാതന്ത്ര്യം എന്നും, അതിന് നമുക്ക് അവകാശമുണ്ടെന്നും നാം തെറ്റായി പഠിച്ചു. നാം നമ്മെത്തന്നെ പരാജയപ്പെടുത്താന്‍ പണിയെടുത്തുകൊണ്ടിരിക്കുന്നു. അതിന് വിദേശശക്തികളുടെ ഇരയായി ദേശബോധമില്ലാത്ത പൗരന്മാര്‍ മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കേണ്ടത് എന്ന ചിന്തയില്‍നിന്നാണ് പഞ്ചപരിവര്‍ത്തനം എന്ന ഈ ജീവനകല ആവിഷ്‌കരിച്ചത്. ഇത് പ്രസംഗിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്. ആഹ്വാനം ചെയ്യാനുള്ളതല്ല, ആചരിക്കാനുള്ളതാണ്. ഇത് നിയമംകൊണ്ട് അടിച്ചേല്‍പ്പിക്കാനുള്ളതല്ല, പ്രചോദിപ്പിച്ച് സ്വീകരിപ്പിക്കാനുള്ളതാണ്. ഉള്‍ക്കൊണ്ട് ജീവിക്കാനുള്ളതാണ്. അത്തരം ഒരു സ്വയംബോധമുള്ള തലമുറ വളര്‍ന്നു വരണം. തന്റെ നാടിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിവുള്ള ജനത. നമ്മുടെ ദൗര്‍ബല്യങ്ങളെ പറിച്ചെറിയാനുള്ള ആര്‍ജ്ജവം സ്വയം നേടല്‍. നമ്മുടെ ശക്തിബന്ധങ്ങളെ സംരക്ഷിച്ചുനിര്‍ത്താനുള്ള ഉത്തരവാദിത്തബോധം. പ്രാചീന സംസ്‌കാരത്തെ കാലത്തോട് ചേര്‍ത്തുവെച്ച് വരുംതലമുറകള്‍ക്ക് കൈമാറാനുള്ള ദൗത്യബോധം. അതുകൂടി സൃഷ്ടിക്കുമ്പോഴാണ് സ്വാതന്ത്ര്യം എന്നുള്ളത് അക്ഷരത്തിലും അര്‍ത്ഥത്തിലും സാക്ഷാത്കരിക്കപ്പെടുന്നത്.
സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷം ആകുമ്പോള്‍ നാം വികസ്വരരാജ്യം എന്നുള്ള പടികടന്ന് വികസിതരാജ്യമായി മാറണം. മറ്റ് വികസിതരാജ്യങ്ങളില്‍ കാണുന്ന അപകടങ്ങളോ ദൂഷ്യങ്ങളോ ഇല്ലാതിരിക്കുകയും വേണം. വികസിതരാജ്യം എന്നാല്‍ സമ്പത്തും സമൃദ്ധിയും, ഒപ്പം സംഘര്‍ഷരഹിതവും ചൂഷണരഹിതവുമായ രാഷ്ട്രമായിരിക്കണം.
വളര്‍ച്ച ബാഹ്യമാണ്. എല്ലാ തരത്തിലും തലത്തിലും വളര്‍ച്ചയുണ്ടാവണം. ആനുപാതികമായി വികാസം സംഭവിക്കുന്നില്ലെങ്കില്‍ ആ വളര്‍ച്ച ഭാരമായി മാറും. വികാസം ആന്തരികമാണ്. അത് വ്യക്തിയുടെയായാലും കുടുംബത്തിന്റെയായാലും സമുദായത്തിന്റെയായാലും രാജ്യത്തിന്റെ ഒട്ടാകെത്തന്നെയായാലും അങ്ങനെയാണ്. അവയുടെയൊക്കെ ആന്തരികവികാസം സംഭവിക്കണം. എന്നുവെച്ചാല്‍ പ്രബുദ്ധമായ ജനതയായി മാറുകകൂടി വേണം എന്നര്‍ത്ഥം. അപ്പോഴാണ് വികാസവും വളര്‍ച്ചയും സമാന്തരമായി മുന്നേറുകയും നമ്മുടെ നാടിനും ലോകത്തിനും ഉപകാരപ്രദമാവുകയും ചെയ്യുക. അത്തരമൊരു ലോകജീവിതത്തിലേക്ക് ഭാരതത്തെ നയിക്കുന്നതിനാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ മുന്നോട്ടുവയ്ക്കുന്ന പഞ്ച പരിവര്‍ത്തനമെന്ന ഈ പ്രവര്‍ത്തന പദ്ധതി.
(തുടരും)






















