അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പും അതിന്റെ ഫലവും രാജ്യത്തെ സംബന്ധിച്ചിടത്തോളം തികച്ചും വേറിട്ടതായിരുന്നു. ഭാരതത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കാനായി രാജ്യത്ത് നുഴഞ്ഞുകയറിയ ശക്തികളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ശക്തികളെ വംഗനാട്ടിലും അസമിലും തമിഴകത്തും പുതുച്ചേരിയിലും കേരളത്തിലും ജനങ്ങള്‍ തൂത്തെറിഞ്ഞുവെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ രാഷ്ട്ര സങ്കല്പം തന്നെ ചോദ്യം ചെയ്യുന്ന വിഘടനവാദ നിലപാടുകളാണ് ബംഗാളില്‍ മമതയും അസമില്‍ ഗൗരവ് ഗഗോയിയും തമിഴകത്ത് സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. രാജ്യത്തിന്റെ അസ്തിത്വത്തിനും സാംസ്‌കാരിക പാരമ്പര്യത്തിനും നേരെ വലിയ വെല്ലുവിളി ഉയര്‍ത്തിയ ശക്തികളെ മുച്ചൂടും പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ചരിത്രപരമായ കടമയാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിര്‍വഹിച്ചത്.
ഭാരതത്തിന്റെ അഖണ്ഡതയെയും സാംസ്‌കാരിക തനിമയെയും തകര്‍ക്കാന്‍ വേണ്ടി അയല്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള മതമൗലികവാദ ശക്തികളുടെ അടക്കം പിന്തുണയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ രാഷ്ട്രവിരുദ്ധ ശക്തികളെ കടപുഴക്കി എറിയാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമാണ് ബംഗാളില്‍ കണ്ടത്. അതുപോലെ രാജ്യത്തിന്റെ ആത്മസത്തയായ സനാതന ധര്‍മ്മത്തെ തന്നെ ഉന്മൂലനം ചെയ്യാനും ഭാരതത്തിനുള്ളില്‍ വിഭജന ശബ്ദമുയര്‍ത്താനും ശ്രമിച്ച രാജ്യവിരുദ്ധ ശക്തികളുടെ കോടാലി കയ്യായി പ്രവര്‍ത്തിച്ചവരെ വീട്ടിലിരുത്താനുമാണ് തിരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചത്. ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വെല്ലുവിളികളെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞ കുറെ കാലങ്ങളായി അസമിലെ ദേശീയ രാഷ്ട്രീയ ശക്തികള്‍ക്ക് കഴിയുന്നുണ്ട്. അതിന് നിര്‍ലോപമായ പിന്തുണ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ അസമില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ സനാതനധര്‍മ്മത്തിനും രാഷ്ട്രത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്ര വിരുദ്ധ ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ട് അവരുടെ പിന്തുണ നേടി ഈ രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളെ തകര്‍ത്തു കളയാന്‍ വേണ്ടി വലിയ ഗൂഢാലോചന നടത്തുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത ആസുരികശക്തികളുടെ ദയനീയ പതനമാണ് അസമിലും ബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമൊക്കെ സംഭവിച്ചത്. അതിന്റെ ആവേശകരമായ പ്രതിഫലനം കേരളത്തിലും കണ്ടുതുടങ്ങിയെന്നത് ദേശീയ ശക്തികള്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന വസ്തുതയാണ്.
മതഭീകരതയും മമതയും
ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരമായി വേട്ടയാടുന്ന അങ്ങേയറ്റം ക്രൂരമായ മതഭീകര പ്രവര്‍ത്തനങ്ങളാണ് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നും നാം കേട്ടുകൊണ്ടിരുന്നത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ബംഗാളില്‍ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഘട്ടം ഘട്ടമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് ബംഗ്ലാദേശിലെ ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തമാണെന്ന് സന്ദേശ് ഖാലിയിലെ കൂട്ട ബലാല്‍സംഗങ്ങളും ഭൂമി കയ്യേറ്റവും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വളരെ വ്യക്തമായി നമുക്കു മുന്നില്‍ കാട്ടിത്തരുന്നു. ഹിന്ദു സഹോദരിമാര്‍ക്കും ഹിന്ദു ഭവനങ്ങള്‍ക്കും ഒരു സുരക്ഷയും ഇല്ലാത്ത ഭീകരമായ അവസ്ഥയാണ് ബംഗാളില്‍ നിലനിന്നത്. ആധുനിക ലോകത്ത് നാണംകെട്ട് തലകുനിക്കാന്‍ മാത്രം ഇടയാക്കുന്ന സന്ദേശ് ഖാലിയിലെ ക്രൂരമായ സ്ത്രീപീഡനങ്ങള്‍ മനുഷ്യമനഃസാക്ഷി മരവിപ്പിക്കുന്നതായിരുന്നു. ഇത്തരം ഭീകരതയ്ക്ക് ഒരു സംസ്ഥാന ഭരണകൂടവും അതിന്റെ ക്രമസമാധാനപാലന സംവിധാനങ്ങളും കൂട്ടുനില്‍ക്കുന്ന അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടികള്‍ തുടര്‍ച്ചയായി അരങ്ങേറിയിട്ടും അതിനെയൊക്കെ ന്യായീകരിക്കാനാണ് മമതയും പാര്‍ട്ടിയും തയ്യാറായത്. സന്ദേശ് ഖാലിയും ആര്‍ജി മെഡിക്കല്‍ കോളേജ് സംഭവവും റേഷന്‍ വിതരണ കുംഭകോണവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷിക്കാന്‍ എത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്രിമിനലുകളും സംസ്ഥാന പൊലീസിലെ ഒരു വിഭാഗവും ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ നടന്നു. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ആകമാനം തകര്‍ത്തുകളയാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു. ബംഗാളിനെ ഒരു സ്വതന്ത്ര രാഷ്ട്രം എന്നപോലെ പരിഗണിച്ച് ഭരണകൂട ഭീകരതയും ഹിന്ദു വംശഹത്യയും നടപ്പിലാക്കിയ മമതാ ബാനര്‍ജിയുടെ നിലപാടുകള്‍ കല്‍ക്കട്ട ഹൈക്കോടതിയും സുപ്രീംകോടതിയും നിരവധി തവണ ചോദ്യം ചെയ്തു. ഈ നീതിന്യായ കോടതികള്‍ ഒരുപാട് തവണ മമത ഭരണകൂടത്തിന് താക്കീത് നല്‍കി. എന്നാല്‍ ഇതൊന്നും അക്രമങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ മമത ഭരണകൂടത്തെ പ്രേരിപ്പിച്ചില്ല. ഇതിനെതിരെ അതിശക്തമായ പ്രചാരണങ്ങളാണ് ബിജെപി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ ബംഗാളില്‍ നടത്തിയത്. നിരവധി പ്രവര്‍ത്തകന്മാരുടെ ജീവന്‍ വെടിയേണ്ടി വന്നിട്ടും അതിലേറെ പേര്‍ക്ക് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറിയില്ല. അതിന്റെയൊക്കെ ഫലമാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നാം കണ്ടത്.
ഈ അക്രമ സംഭവങ്ങള്‍ അത്രയും നടത്തിയത് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മതമൗലികവാദികളായ മുസ്ലിം വിഭാഗത്തിന്റെ പിന്തുണയിലായിരുന്നു. ഏതാണ്ട് ഒന്നേകാല്‍ കോടി അനധികൃത കുടിയേറ്റക്കാരാണ് ബംഗാളിലുള്ളത് എന്നാണ് കണക്ക്. 2024 ആഗസ്റ്റ് 5ന് ഷേക്ക് ഹസീന സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിലംപതിച്ചപ്പോള്‍ അവിടെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് അരങ്ങേറിയത്. 2025 ഡിസംബറില്‍ ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന തുണിമില്‍ തൊഴിലാളിയെ തല്ലിച്ചതച്ച് പച്ചയ്ക്ക് തീ കൊളുത്തിയപ്പോള്‍ ബംഗാളിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് നോര്‍ത്ത് 24 പര്‍ഗാന, മുര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ബംഗാളിലെ ഹിന്ദു ജനവിഭാഗങ്ങളും അക്രമങ്ങള്‍ക്ക് ഇരയാവുകയായിരുന്നു. ഇതിനെതിരെ ഡിസംബര്‍ മാസം ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് പുറത്ത് ഹിന്ദു സന്യാസിമാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറി. മമത സര്‍ക്കാര്‍ ഈ പ്രതിഷേധങ്ങളൊക്കെ അവഗണിക്കുകയും അക്രമകാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തു.

സന്ദേശ് ഖാലിയില്‍ സംഭവിച്ചത്
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദേശ് ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാന്റെ നേതൃത്വത്തില്‍ പാവപ്പെട്ട ഹിന്ദു സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളും ഭൂമി കയ്യേറ്റവും ബംഗാളില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. ഈ സംഭവങ്ങളത്രയും ബംഗാളിലെ സ്ത്രീ വോട്ടര്‍മാരില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളെയും മമത സര്‍ക്കാരിന്റെ പൊലീസിനെയും ഭയക്കാതെ കേന്ദ്രസേനകളുടെ സംരക്ഷണത്തില്‍ വനിതകള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൃഷ്ടിക്കുകയും ചെയ്തതോടെ ബംഗാളിലെ രാഷ്ട്രീയ ചിത്രം മാറുകയായിരുന്നു.
അഴിമതിയുടെ കൂടാരമായി ബംഗാള്‍ സര്‍ക്കാര്‍
പണം നല്‍കിയാല്‍ എന്തും ലഭിക്കാവുന്ന സാമൂഹ്യ സാഹചര്യമാണ് കഴിഞ്ഞ 15 വര്‍ഷത്തെ മമത സര്‍ക്കാരിന്റെ നേട്ടമെന്ന് നിസ്സംശയം പറയാനാകും.
അദ്ധ്യാപക നിയമന അഴിമതി, കല്‍ക്കരി കടത്ത് കേസ്, ഗോമാഫിയ (കന്നു കാലിക്കടത്ത്) കേസ്, പൊതുവിതരണ (റേഷന്‍) അഴിമതിക്കേസ് തുടങ്ങിയ നിരവധി അഴിമതികള്‍ സാധാരണക്കാരുടെ മനം മടുപ്പിച്ചിരുന്നു. ഈ വന്‍ അഴിമതികളില്‍ കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന് എത്തിയ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെ ആക്രമിക്കാനും പൂട്ടിയിടാനുമാണ് ബംഗാള്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ തൃണമൂല്‍ ഗുണ്ടകള്‍ തയ്യാറായത്.
ഹിന്ദു സോഷ്യല്‍ എഞ്ചിനീയറിംഗ്
ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 48 ശതമാനത്തില ധികം വോട്ട് നേടിയ ബിജെപിക്ക് 65 ശതമാനത്തിലധികം ഹിന്ദു വോട്ട് സമാഹരിക്കാനായത് പാര്‍ട്ടി നടപ്പിലാക്കിയ വ്യക്തമായ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായിട്ടായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി തുടങ്ങിയ വിഭാഗങ്ങളിലെ മതുവ, രാജ്ബന്‍സി എന്നീ ജാതികളെ അടക്കം ഒപ്പം ചേര്‍ത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിലേക്ക് ഈ സമൂഹങ്ങളെയാകെ കൊണ്ടുവരികയായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം ഉള്‍പ്പെടെയുള്ള ദേശീയ വികാരമുണര്‍ത്തുന്ന പരിപാടികളില്‍ ഈ വിഭാഗങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കി. ഒപ്പം ജനസംഖ്യയിലുണ്ടാകുന്ന അപകടകരമായ മാറ്റവും ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് ബംഗാളിലെ രാഷ്ട്രീയത്തില്‍ ഘടനാപരമായ മാറ്റത്തിന് ഇടയാക്കി.
ഇതോടൊപ്പം സംഘടനാ രംഗത്ത് നടപ്പിലാക്കിയ മൈക്രോ തലത്തിലുള്ള മൊബിലൈസേഷന്‍ എടുത്ത് പറയേണ്ടതായിരുന്നു. ഏതാണ്ട് 70,000 ബൂത്തുകളിലായി ഏകദേശം 8.8 ലക്ഷം പ്രവര്‍ത്തകരെയാണ് പാര്‍ട്ടി വിന്യസിച്ചത്. ഇതോടൊപ്പം ദേശീയ ബോധമുള്ള സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ഇതും ബംഗാളിലെ മമത ഭരണകൂടത്തിന്റെ പതനത്തിന് ആക്കം കൂട്ടി.
ടീം ബിജെപി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സല്‍, ഐടി സെല്‍ ചീഫ് അമിത് മാളവ്യ, മുന്‍ ത്രിപുര മുഖ്യമന്ത്രി വിപ്ലബ് ദേബ്, മോഹന്‍ ചരണ്‍ മാഗി എന്നിവരടങ്ങിയ ടീമാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് അണിയറയില്‍ ഇരുന്ന് നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പല ഘട്ടങ്ങളിലായി ബംഗാളില്‍ എത്തിയ കേന്ദ്രമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടാഴ്ചയിലേറെ കാലം പൂര്‍ണമായും സംസ്ഥാനത്ത് താമസിച്ച് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുകയായിരുന്നു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി വെന്നിക്കൊടി നാട്ടിയത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകളാണ് ബിജെപി നേടിയെടുത്തത്. സംസ്ഥാനത്തെ ആകെയുള്ള 23 ജില്ലകളില്‍ 9 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 10% വോട്ടുകളും മൂന്ന് സീറ്റുകളുമാണ് ബിജെപി നേടിയതെന്ന് ഓര്‍ക്കണം. 2021ല്‍ 77 സീറ്റുകള്‍ നേടിയ ബിജെപി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ബംഗാളിന്റെ ഭരണം കൈപ്പടിയിലാക്കുകയും ചെയ്തു.

മമതയുടെ പതനം ബംഗ്ലാദേശ് പാര്‍ലമെന്റില്‍
മമത ബാനര്‍ജിയുടെ പിന്നിലുള്ള ശക്തികള്‍ ആരാണെന്ന് വെളിവാക്കുന്നതായിരുന്നു കഴിഞ്ഞദിവസം ബംഗ്ലാദേശ് പാര്‍ലമെന്റില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണയുള്ള നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവും പ്രതിപക്ഷ എംപിയുമായ അക്തര്‍ ഹുസൈന്‍ നടത്തിയ പ്രസംഗം. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ഭീകര സംഘടനകളുടെ നിര്‍ലോപമായ പിന്തുണയാണ് മമത സര്‍ക്കാറിന് ദീര്‍ഘകാലമായി ലഭിച്ചിരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ തന്നെ അക്തര്‍ ഹുസൈന്‍ നടത്തിയ പ്രസംഗം മമതയുമായി ബംഗ്ലാദേശ് തീവ്രവാദ സംഘടനകള്‍ക്കുള്ള ബന്ധം വ്യക്തമാക്കുകയാണ്. ബംഗാളിലും അസമിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശ് വലിയ അഭയാര്‍ത്ഥി പ്രവാഹം നേരിടേണ്ടി വരുമെന്നായിരുന്നു ഹുസൈന്റെ പ്രസംഗത്തിന്റെ കാതല്‍. ലക്ഷക്കണക്കിന് വരുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ബിജെപി സര്‍ക്കാര്‍ തിരിച്ചയക്കുമെന്നും 2024 ല്‍ ഷേക്ക് ഹസീന സര്‍ക്കാറിനെ പുറത്താക്കിയപ്പോള്‍ ബംഗ്ലാദേശില്‍ നാം ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചതുപോലെ ഇനിയും മുന്നോട്ടു പോകണമെന്നുമായിരുന്നു ഹുസൈന്‍ പാര്‍ലമെന്റില്‍ തന്റെ പ്രസംഗത്തിനിടയില്‍ ആഹ്വാനം ചെയ്തത്. അതിനര്‍ത്ഥം വീണ്ടും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കും ബംഗാളിലെ പുതിയ ബിജെപി സര്‍ക്കാറിനുമെതിരായ നീക്കം നടന്നേക്കുമെന്ന് തന്നെയാണ്.
അസമിലും നായകന്‍ തോറ്റു
ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നായികയുമായ മമതാ ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപ്പൂരില്‍ ദയനീയമായി പരാജയപ്പെട്ടെങ്കില്‍ ഇതേ സംഭവം അസമിലും ആവര്‍ത്തിക്കുകയായിരുന്നു. 2001 മെയ് 18 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷക്കാലം അസം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗഗോയിയുടെ ഭരണം അവസാനിപ്പിച്ചാണ് 2016 മെയ് 24 ന് അസമില്‍ ബിജെപി അധികാരത്തില്‍ വന്നത്. സര്‍ബാനന്ദ സോനോവാള്‍ എന്ന ബിജെപി മുഖ്യമന്ത്രി അഞ്ചുവര്‍ഷക്കാലം അസം ഭരിച്ചു. മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയെന്ന കരുത്തനായ രാഷ്ട്രീയ നേതാവാണ് 2021 മെയ് 10 ന് രണ്ടാം ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കി അസം ഭരിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ വലിയ ജൈത്രയാത്ര തന്നെയാണ് ബിജെപി നടത്തിയത്. 15 വര്‍ഷക്കാലം അസം ഭരിച്ച തരുണ്‍ ഗഗോയിയുടെ മകനും ലോകസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗഗോയിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ യുവ നേതാവ് കൂടിയായ ഗൗരവ് ഗഗോയി 22000 വോട്ടുകള്‍ക്കാണ് ജോര്‍ഹത് മണ്ഡലത്തില്‍ ബിജെപിയോട് പരാജയപ്പെട്ടത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഗൗരവ് ഗഗോയിയുടെ ശ്രമം തുടക്കത്തില്‍ തന്നെ പാളിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ദല്‍ഹിയിലെ രാഷ്ട്രീയ കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ്.
126 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് അസമിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിന് ഹാട്രിക് വിജയം സമ്മാനിച്ചത്. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മറ്റുള്ളവര്‍ 5 സീറ്റുകളും നേടി.

ഇവിടെയും വിദേശ ബന്ധം
അസം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും, രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനുമായ ഗൗരവ് ഗഗോയിയുടെ ഭാര്യയും ബ്രിട്ടീഷ് പൗരയുമായ എലിസബത്ത് കോള്‍ബോണിന്റെ പാക് ബന്ധം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. പാകിസ്ഥാന്‍ പൗരനും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷന്‍ ഉപദേഷ്ടാവുമായ അലി തൗഖീര്‍ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിന് 2025 ഫെബ്രുവരി 17ന് അസം സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിനിടയിലാണ് ഗൗരവ് ഗഗോയിയുടെയും ഭാര്യ എലിസബത്തിന്റെയും പാക് ബന്ധം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ മാധ്യമ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പിതാവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ കാല്‍ ലക്ഷത്തിനടുത്ത് വോട്ടിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് നേതാവ് പരാജയപ്പെട്ടത് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സാധൂകരിക്കുന്നു. ഗൗരവ് ഗഗോയ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പാക് സര്‍ക്കാരും പാക് ആഭ്യന്തരമന്ത്രാലയവും ഒരുക്കിയ സൗകര്യങ്ങളും ആ സന്ദര്‍ശനത്തിനിടയില്‍ അലി തൗഹീര്‍ ഷെയ്ഖിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗഗോയിക്കുള്ള പങ്കും വ്യക്തമായിരിക്കുന്നതായി മുഖ്യമന്ത്രി ശര്‍മ്മ പറയുന്നു. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യവുമായി നടന്ന വലിയ ഗൂഢാലോചനയിലേക്കാണ് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗഗോയിയുടെ ഭാര്യ എലിസബത്ത് കോള്‍ബോര്‍ണിന് ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐ പിന്‍ബലമുള്ള വ്യക്തികളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. അലി തൗഹീര്‍ ഷെയ്ക്കിന്റെ കീഴില്‍ ഗഗോയിയുടെ ഭാര്യ എലിസബത്ത് നേരിട്ട് ജോലി ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗഗോയിയെയും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിനെയും അവര്‍ ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ട്ട് അപ്പായ പോളിസി ഫോര്‍ യൂത്തിനെയും ഇന്ത്യ – പാക് ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2015ല്‍ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് നേരിട്ട് ക്ഷണിച്ചിരുന്നു. വിദേശകാര്യ പാര്‍ലമെന്ററി സമിതിയില്‍ അംഗമല്ലാത്ത ഗഗോയിയെ എന്തിന് ക്ഷണിച്ചുവെന്ന് അസം സര്‍ക്കാര്‍ ചോദിക്കുന്നു. ഹുറിയത്ത് കോണ്‍ഫ്രന്‍സിനെ സഹായിക്കുന്നതിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ച വേളയില്‍ 60 അംഗ യുവ സംരംഭകരോടൊപ്പം ഗൗരവ് ഗഗോയി പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ കണ്ടു ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാസേന കൈകാര്യം ചെയ്യുന്ന രീതി വിമര്‍ശിച്ചുകൊണ്ട് ഗഗോയിയുടെ സ്റ്റാര്‍ട്ടപ്പ് ഒരു പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കോസ്റ്റ് ഗാര്‍ഡ് റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍, ഇന്ത്യയുടെ ആയുധ ഫാക്ടറികള്‍, വ്യോമയാന പ്രതിരോധം, ഇറാനുമായുള്ള വ്യാപാരത്തിനുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍, കാശ്മീരി വിദ്യാര്‍ഥികള്‍, പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ വളരെ സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഈ സ്റ്റാര്‍ട്ടപ്പ് പഠനം നടത്തുന്നതായി വ്യക്തമായി. ഗഗോയിയുടെ ഭാര്യ എലിസബത്ത് മുമ്പ് പാകിസ്ഥാനിലെ ഐഎസ്‌ഐയുമായി അടുത്ത ബന്ധത്തിന് പേരുകേട്ട അമേരിക്കന്‍ സെനറ്റിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായും ഈ സ്ഥാപനം ഐഎസ്‌ഐയുമായി വളരെ അടുത്ത് ബന്ധപ്പെട്ട് നിരവധി നീക്കങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയതായും സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു.
262 കിലോമീറ്റര്‍ അതിര്‍ത്തി സുരക്ഷിതമാകുന്നു
1947 ല്‍ ഇന്ത്യ വിഭജന സമയത്ത് ബംഗ്ലാദേശില്‍ നിന്നും ക്രൂര പീഡനത്തിന് വിധേയരായ ഹിന്ദു അഭയാര്‍ത്ഥികളാണ് അസമിലേക്ക് കുടിയേറിയതെങ്കില്‍ കാലക്രമേണ അത് ബംഗ്ലാദേശ് മുസ്ലിം അനധികൃത കുടിയേറ്റക്കാരായി മാറുകയായിരുന്നു. അസം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വലിയ പിന്തുണ ഈ അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ അസമിലെ തദ്ദേശീയ ജനങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ ആകുമെന്ന് അവര്‍ ഭയപ്പെട്ടതോടെയാണ് 1970കളിലെ അസം പ്രക്ഷോഭത്തിന് കാരണമായത്. അനധികൃത കുടിയേറ്റത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നതോടെ എന്‍ആര്‍സി നിയമം മോദി സര്‍ക്കാര്‍ നടപ്പിലാക്കി. 1971 മാര്‍ച്ച് 24 ന് ശേഷം രാജ്യത്തേക്ക് വന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി തയ്യാറാക്കിയ പട്ടികയാണ് എന്‍ആര്‍സി. അവസാന പട്ടികയില്‍ ഏകദേശം 19 ലക്ഷം പേര്‍ അസമില്‍ നിന്ന് പുറത്തായതായാണ് വിവരം. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിം അല്ലാതെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഈ നിയമം. അനധികൃത കുടിയേറ്റക്കാരെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചതിനുശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. അസമിന്റെ ബംഗ്ലാദേശുമായുള്ള 262 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായി നിയന്ത്രിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ബംഗാളില്‍ നിന്നും വിഭിന്നമായി ഈ അതിര്‍ത്തി സുരക്ഷിതമാക്കാനും അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനും 2016 മുതല്‍ അസം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന് കഴിയുന്നുവെന്നത് ഒരു വസ്തുതയാണ്. തീര്‍ച്ചയായും ബിജെപി സര്‍ക്കാര്‍ രാജ്യവിരുദ്ധ ശക്തികളോടും അനധികൃത കുടിയേറ്റക്കാരോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വലിയ പരിഷ്‌കരണ നടപടികളും അസം ജനത പൂര്‍ണ്ണമായും അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ഒരു വൈറസിനെ ഉന്മൂലനം ചെയ്ത് തമിഴകവും
രാജ്യത്തിന്റെ അസ്മിതയ്ക്ക് നേരെ വിഭജന ശബ്ദത്തോടെ അടുത്ത കാലത്ത് ഏറ്റവും വലിയ ആക്രമണം നടന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡവാദമുയര്‍ത്തി തമിഴകം ഇന്ത്യയുടെ ഭാഗമല്ലെന്ന ധ്വനിയോടെയാണ് തമിഴ്‌നാട് ഭരിച്ച കുടുംബ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ മുന്നോട്ട് പോയത്. കിട്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അച്ഛനും മകനും സനാതനധര്‍മ്മത്തിനും ദേശീയ ഭാഷ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കുമെതിരെ ഏറെ പ്രകോപനപരമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് തങ്ങളെ കിട്ടില്ലെന്ന് തമിഴകത്തിന്റെ മക്കള്‍ വളരെ വ്യക്തമായി സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പറഞ്ഞുകൊടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. ഭാരതത്തിന്റെ അസ്മിതക്കെതിരെ നിരന്തരം വാളുയര്‍ത്തിയ സ്റ്റാലിനോട് വീട്ടിലിരിക്കാനാണ് തമിഴകത്തെ ജനത നിര്‍ദ്ദേശിച്ചത്.
സനാതനധര്‍മ്മം കേവലം എതിര്‍ക്കപ്പെടേണ്ടത് മാത്രമല്ലെന്നും അത് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ആയിരുന്നു തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍ 2023 ല്‍ നടത്തിയ പ്രസംഗം. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ 2023 സപ്തംബറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആയിരുന്നു ഉദയനിധിയുടെ പ്രകോപനപരമായ ഈ പ്രസംഗം. സനാതനധര്‍മ്മം സാമൂഹികനീതിക്കും സമത്വത്തിനും എതിരാണെന്നും അത് കേവലം എതിര്‍ക്കപ്പെടേണ്ടതല്ല മറിച്ച് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും ഉദയനിധി വ്യക്തമാക്കി. സനാതനധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളോടാണ് ഉദയനിധി ഉപമിച്ചത്. ഇതിനെതിരെ തമിഴകത്ത് മാത്രമല്ല രാജ്യമെമ്പാടും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നു. ഉദയനിധിയുടെ പ്രസംഗം വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് ബിജെപി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ ആരോപിച്ചു. എന്നാല്‍ താന്‍ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഏത് നിയമനടപടിയേയും നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മുസ്ലിം തീവ്രവാദ സംഘടനകളുടെ നിര്‍ലോപമായ പിന്തുണ പ്രതീക്ഷിച്ചായിരുന്നു ഉദയനിധിയുടെ പ്രസംഗം.
ലോകസഭ – നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ഭരണഘടന നടപടിയായ ഡിലിമിറ്റേഷനെതിരെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങള്‍ ഉത്തര – ദക്ഷിണ ഇന്ത്യയെന്ന വിഭജനം സൃഷ്ടിക്കാനുള്ള പരസ്യ ആഹ്വാനമായിരുന്നു. ദക്ഷിണ സംസ്ഥാനങ്ങളിലെ ലോകസഭ സീറ്റുകളുടെ എണ്ണം കുറക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം.
അത് മാത്രമല്ല രാജ്യത്തിന്റെ വികസനവും യുവാക്കളുടെ ഭാവിയും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ പുരോഗമന, വികസന പ്രക്രിയകളെയും കണ്ണടച്ച് എതിര്‍ക്കുകയായിരുന്നു സ്റ്റാലിന്‍ സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ നയത്തെയും നീറ്റ് പോലുള്ള ദേശീയ പരീക്ഷാ സമ്പ്രദായത്തെയും എതിര്‍ത്ത് തമിഴകത്തെ പുതുതലമുറയുടെ ഭാവിയുടെ കടക്കല്‍ കോടാലി വെക്കുന്ന നടപടികളാണ് സ്റ്റാലിന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്. ഇത് യുവതലമുറയടക്കം തമിഴകത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അനുദിനം ശക്തരായിക്കൊണ്ടിരിക്കുന്ന ദേശീയബോധമുള്ള സമാജം ദ്രാവിഡ രാഷ്ട്രീയത്തെ തള്ളിക്കളയുന്നതിന്റെയും സനാതനധര്‍മ്മത്തിനെതിരെ വാളുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ഉറച്ച തീരുമാനമെടുത്തതിന്റെയും തുടക്കമായി വേണം തമിഴകത്തെ വിധിയെഴുത്തിനെ കാണേണ്ടത്. അതാണ് ഒടുവില്‍ തമിഴകത്തെ ജനങ്ങള്‍ തന്നെ നടപടിയെടുത്ത് അച്ഛനെയും മകനെയും ഭരണസിരാകേന്ദ്രത്തില്‍ നിന്ന് മാറ്റി വീട്ടിലിരുത്താനുള്ള വിധി പുറപ്പെടുവിച്ചത്.
പലപ്പോഴും സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുകയായിരുന്നു കേരളം തുടര്‍ച്ചയായി രണ്ടുതവണ ഭരിച്ച പിണറായി സര്‍ക്കാര്‍. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന പുസ്തകം രചിച്ച കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ്സിന്റെ പിന്‍ഗാമികളില്‍ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ സിപിഎമ്മിന്റെ ഈ വിഭജന രാഷ്ട്രീയത്തെയടക്കം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുന്നതാണ് പിണറായി സര്‍ക്കാരിന്റെ ദയനീയമായ പതനവും ഇതാദ്യമായി മൂന്ന് താമരകള്‍ വിരിഞ്ഞ രാഷ്ട്രീയസാഹചര്യവും വ്യക്തമാക്കുന്നത്.
പുതുച്ചേരിയിലും ഭരണത്തുടര്‍ച്ച
ആകെയുള്ള 30 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടിക്കൊണ്ടാണ് പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച സൃഷ്ടിച്ചത്. ഇന്ത്യ ബ്ലോക്ക് ആറ് സീറ്റുകളും സ്വതന്ത്രര്‍ മൂന്നു സീറ്റുകളും നേടി. 90 ശതമാനത്തിലേറെ പോളിംഗ് നടന്ന തിരഞ്ഞെടുപ്പില്‍ രംഗസ്വാമിയുടെ പാര്‍ട്ടിയായ എഐഎന്‍ആര്‍സി 12 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ബിജെപി നാല് സീറ്റുകളും എഐഎഡിഎംകെ, എല്‍ജെകെ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതവും നേടി. രംഗസ്വാമി തുടര്‍ച്ചയായി അഞ്ചാം തവണയാണ് പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. തമിഴകത്തിന്റെ വിഭജന ദ്രാവിഡ രാഷ്ട്രീയത്തോട് തുടര്‍ച്ചയായി പുതുച്ചേരിയും ഗുഡ് ബൈ പറയുകയാണ്.
കുടുംബ രാഷ്ട്രീയത്തിന്റെ വേരറുത്ത തിരഞ്ഞെടുപ്പ് ഫലമെന്ന പ്രത്യേകത ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ഉണ്ട്. ഇതിലൂടെ കുടുംബ രാഷ്ട്രീയത്തിലൂടെ അധികാരത്തിന്റെ അപ്പക്കഷണം നുണയാനുള്ള അവസരമാണ് അഭിഷേക് ബാനര്‍ജിക്കും ഉദയനിധി സ്റ്റാലിനും ഗൗരവ് ഗഗോയിക്കും നഷ്ടമായത്.






















