ചിതറിത്തെറിക്കുന്ന സിന്ദൂരച്ചെപ്പിന്റെ ചിത്രവുമായാണ് ഭാരതസൈന്യം ഓപ്പറേഷന്‍ സിന്ദൂറിന്റെ പോസ്റ്റ് പങ്കുവെച്ചത്. പഹല്‍ഗാമില്‍ അനേകം കുടുംബിനികളുടെ സീമന്തരേഖയിലെ സിന്ദൂരമാണ് ഭീകരര്‍ മായ്ച്ചുകളഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതം ഇതിന് തിരിച്ചടി കൊടുത്തപ്പോള്‍ ഭാരത ജനത ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറിനെയും ഭാരതസേനയേയും വാഴ്ത്തി. തങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത് എന്ന് അവര്‍ തുറന്നുപറഞ്ഞു. യുദ്ധസമാനമായ നടപടിയായിട്ടും ഓപ്പറേഷന്‍ സിന്ദൂര്‍ സമാധാനകാംക്ഷികളായ സാധാരണ ഭാരതീയന്റെ ഹൃദയത്തെ സ്പര്‍ശിക്കാനും പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതില്‍ അഭിമാനം കൊള്ളാന്‍ പ്രേരിപ്പിച്ചതിനും കാരണം എന്താണ്? ഭാരതം പല തവണ നേരിട്ട ഭീകരാക്രമണത്തില്‍ ഒന്ന് എന്നുകരുതി പഹല്‍ഗാം കൂട്ടക്കൊലയെ നിസ്സാരവല്‍ക്കരിക്കാന്‍ സര്‍ക്കാരോ ജനതയോ തയ്യാറായില്ല. സാധാരണ മുസ്ലിംഭീകരരുടെ ക്രൂരതക്ക് മുമ്പില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ മൗനം പാലിക്കാറാണ് കാശ്മീരിലെ ജനങ്ങള്‍. ഇത്തവണ ഭാരത ജനതയുടെ വികാരത്തിനൊപ്പം ദേശീയ പതാകയേന്തി ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടാണ് അവര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ വരവേറ്റത്. ഇതിനുള്ള അവരുടെ ഉള്‍വിളി എന്താണ്? ബൈസന്‍ വാലിയില്‍ വെച്ച് ഭീകരര്‍ ഉത്തരപ്രദേശുകാരന്‍ ശുഭം ദ്വിവേദിയെ വെടി വെച്ചുകൊന്നപ്പോള്‍ ‘എന്നെയും കൊല്ലൂ’ എന്നു പറഞ്ഞു വിലപിച്ച അദ്ദേഹത്തിന്റെ ഭാര്യയോട് നിന്നെ കൊല്ലാതെ വിടുന്നത് മോദിയോട് പോയി പറയാനാണ് എന്ന മറുപടിയാണ് ഭീകരര്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല ഭാരതം ഒറ്റക്കെട്ടായാണ് ഇതിന് മുപടി പറഞ്ഞത്. അത് രാഷ്ട്രത്തിന്റെ ആത്മാവില്‍ നിന്നുള്ള പ്രതികരണമായിരുന്നു. 25 സ്ത്രീകളുടെ സിന്ദൂരരേഖയില്‍ മാത്രമല്ല, ഭാരതത്തിന്റെ മാംഗല്യത്തിലാണ് ഭീകരരുടെ വെടിയുണ്ട വന്നുകൊണ്ടത്. അതാണ് ഒറ്റക്കെട്ടായ പ്രതികരണമായി വിശ്വരൂപം പ്രാപിച്ചതും. ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ മഹാന്മാര്‍ ഇത്തരം പ്രതികരണങ്ങള്‍ ഈ നാട്ടിലെ ഓരോ പൗരനില്‍ നിന്നും ഉണ്ടാവുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ ചിന്തകനും ഭാരതീയ ജനസംഘത്തിന്റെ മുന്‍ പ്രസിഡന്റുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ‘ഏകാത്മമാനവ ദര്‍ശനം ‘ എന്ന ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ വ്യക്തിയും രാഷ്ട്രത്തിന്റെ ആത്മാവ് പ്രകടിപ്പിക്കുന്ന ഉപകരണമാണ്. അതിനാല്‍ വ്യക്തി തന്നെ കൂടാതെ രാഷ്ട്രത്തേയും പ്രതിനിധാനം ചെയ്യുന്നു. സ്വന്തം ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ രാഷ്ട്രം എന്തെല്ലാം സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നുവോ അതിന്റെ ഉപകരണവും അവന്‍ തന്നെ. അതിനാല്‍ അവന്‍ അവയുടെയും പ്രതിനിധിയാണ്. രാഷ്ട്രത്തില്‍ വ്യാപരിച്ചിരിക്കുന്ന സമുദായത്തെ പോലുള്ള സമഷ്ടികളെയും വ്യക്തി തന്നെ പ്രതിനിധീകരിക്കുന്നു. അതായത് ഓരോ വ്യക്തിക്കും ബഹുമുഖമായ വ്യക്തിത്വമുണ്ട്. എന്നാല്‍ അവ തമ്മില്‍ പരസ്പരം സംഘര്‍ഷമില്ല. ഏകതാനതയും സമന്വയവും സാമഞ്ജസ്യവുമാണ് ഉള്ളത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ ആ സാമഞ്ജസ്യത്തിന്റെ നിയമങ്ങള്‍ സമാഹരിച്ചും അതിനെ വ്യവസ്ഥിതമാക്കിയും മാനവാദര്‍ശങ്ങളിലുള്ള അപസ്വരങ്ങള്‍ നീക്കം ചെയ്തു സുഖവും ശാന്തിയും നല്‍കി അവന്റെ വികാസത്തിന് വഴി തെളിയിക്കാന്‍ കഴിയും’ (ഏകാത്മമാനവദര്‍ശനം പേജ്: 55, കുരുക്ഷേത്ര പ്രകാശന്‍). സമാധാന ജീവിതത്തെ പ്രദാനം ചെയ്യുന്ന, ‘ചിതി’ എന്ന സംജ്ഞയാല്‍ അറിയപ്പെടുന്ന, ഈ രാഷ്ട്രാത്മാവിന് നിര്‍ണ്ണായക ഘട്ടത്തില്‍ പ്രചണ്ഡ ശക്തിയായി മാറാനും കഴിയും.

സ്വാമി വിവേകാനന്ദന്‍ പറയുന്നത് ശ്രദ്ധിക്കുക: ‘ഓരോ രാഷ്ട്രത്തിനും രാഷ്ട്രജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായ മര്‍മ്മമുണ്ട്. അവിടെയാണ് അതിന്റെ ദേശീയത്വം കുടികൊള്ളുന്നത്. അതില്‍ കൈവെക്കുന്നതുവരെ ആ രാഷ്ട്രത്തിന് മരിക്കുക സാധ്യമല്ല. രാഷ്ട്രീയവും സാമൂഹികവും ആയ സ്വാതന്ത്ര്യം നല്ലതാണ്. എന്നാല്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ആത്മീയ സ്വാതന്ത്ര്യം അഥവാ മുക്തിയാണ്. ഇതാണ് നമ്മുടെ ദേശീയ ലക്ഷ്യം’. സ്വാമികള്‍ തുടരുന്നു: ‘ഇപ്പോള്‍ ഈ രാഷ്ട്രത്തിന്റെ ആത്മാവ് സ്ഥിതിചെയ്യുന്നത് എവിടെയെന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായി മനസ്സിലായി, അത് മതത്തിലാണ്. അതിനെ നശിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഹിന്ദുരാഷ്ട്രം എണ്ണമറ്റ ദുരിതങ്ങളേയും ക്ലേശങ്ങളെയും അതിജീവിച്ച് ഇന്നും ജീവിക്കുന്നത്’ (ഉത്തിഷ്ഠ ഭാരത, പേജ്:32, 33, 34).
ഓപ്പറേഷന്‍ സിന്ദൂറിലെ സിന്ദൂര്‍ എന്ന വാക്ക് രാഷ്ട്രാത്മാവിന്റെ പ്രതീകാത്മകമാണ്. ഭാരതീയ കാഴ്ചപ്പാടില്‍ വിവാഹിതയാകുന്ന ഒരു സ്ത്രീ സീമന്തരേഖയില്‍ അണിയുന്ന സിന്ദൂരം അവളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. അതിലേറെ നമ്മുടെ കുടുംബവ്യവസ്ഥയുടെ അടിത്തറയാണ്. കുടുംബം സമൂഹത്തിന്റെയും അതുവഴി രാഷ്ട്രത്തിന്റെയും മൂലസ്ഥാനമാണ്. അതിന് ആത്മീയമായ പരിവേഷമുണ്ട്. അത് അവന്റെ ജീവിതത്തിന്റെ മര്‍മ്മമാണ്. സ്വാമി വിവേകാനന്ദന്‍ വീണ്ടും പറയുന്നു: ‘മര്‍മ്മം സ്പര്‍ശിക്കാതെ നിങ്ങളെന്തു തന്നെ ചെയ്താലും ഹിന്ദു അത് കാര്യമാക്കുകയില്ല. അവന്‍ ശാന്തനായിരിക്കും. എന്നാല്‍ ആ മര്‍മ്മ ബിന്ദുവില്‍ ആരെങ്കിലും കൈവെച്ചാലോ അവന്‍ സ്വന്തം പട്ടട തീര്‍ക്കുകയാണ് ചെയ്യുന്നത്’ (അതേ പുസ്തകം, പേജ്: 33).
നമ്മുടെ രാഷ്ട്രം വളരെ പ്രാചീനമായതാണ്. വിദേശാക്രമണങ്ങളെ നേരിട്ടപ്പോഴും അത് സ്വന്തം ആത്മാവിന്റെ വിളി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനെയും മതേതരത്വത്തിന്റെ നാലിഞ്ച് മുഴക്കോല്‍ കൊണ്ട് അളന്ന് വില നിശ്ചയിക്കുന്ന രാഷ്ട്രീയ ചിന്തകര്‍ ഇതിനെ പലപ്പോഴും അവഗണിച്ചു.ദത്തോപാന്ത് ഠേംഗ്ഡിജി പറഞ്ഞു: ‘കഴിഞ്ഞ 12 നൂറ്റാണ്ടായി വിദേശ ആക്രമികളോട് നാം ജീവന്‍ മരണ സമരങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് നമ്മുടെ ബാഹ്യഘടനകള്‍ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുനര്‍ക്രമീകരിക്കാന്‍ സാധിക്കാതിരുന്നത്. അതുകാരണമാണ് സാമൂഹ്യവ്യവസ്ഥയില്‍ പല വിപര്യയങ്ങളും അഴിമതികളും വരത്തക്കവണ്ണം ഒരുതരം നിശ്ചലത്വം കാണാനിടയായത്. എന്നാല്‍, പൂജ്യ മഹാത്മജി പറഞ്ഞപോലെ നാം വിപര്യയങ്ങളും അഴിമതികളും ഇല്ലാതാക്കണമെങ്കിലും കുട്ടിയെ തൊട്ടിലിനോടൊപ്പം പുറത്തേക്ക് കളയരുത്. അതുകൊണ്ടു തന്നെ ഒരു പുതിയ സാമൂഹ്യവ്യവസ്ഥയെ ക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പു തന്നെ നമ്മുടെ രാഷ്ട്രത്തിന്റെ ഏതെല്ലാം ഘടകങ്ങളാണ് കാലോചിതമല്ലാതായി തീര്‍ന്നതെന്നും മാറ്റപ്പെടേണ്ടതെന്നും തീരുമാനിക്കണം ‘ (ഠേംഗ്ഡ്ജി യുടെ ചിന്താശകലങ്ങള്‍ സമ്പാ: രാ. വേണുഗോപാല്‍).
1982 ഒക്ടോബര്‍ 7 ന് തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ട് ഠേംഗ്ഡിജി പറഞ്ഞു:’ഈ സത്യാനേഷണത്തില്‍ ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ നാം യുക്തമായ മനഃസ്ഥിതി കാണിക്കണം. കാരണം, 1834 ന് ശേഷം നമ്മെ ചില ശക്തികള്‍ കീഴടക്കിത്തുടങ്ങിയതു മുതല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ആത്മവിശ്വാസമില്ലായ്മ, അപകര്‍ഷതാബോധം തുടങ്ങിയവ സൃഷ്ടിക്കാനുള്ള സംഘടിതശ്രമം ഉണ്ടായിരുന്നു. ഇതു കാരണം ഭാരതീയം എന്നു പറയുന്നവയെല്ലാം തരംതാണവയാണ്, പാശ്ചാത്യം എന്നു പറയുന്നതെല്ലാം മെച്ചപ്പെട്ടതാണ് എന്നായിരുന്നു പ്രചാരണം. നമ്മുടെ സ്വന്തം പണ്ഡി തന്മാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീര്‍ത്തിയും പകിട്ടും കണ്ട്, ഈ പ്രചാരണത്തില്‍ മയങ്ങി അവരും ബ്രിട്ടീഷുകാരുടെയും മറ്റു വെള്ളക്കാരുടെയും പ്രഭാവത്തില്‍ ആകൃഷ്ടരായി. ഇത് നമ്മുടെ ജനങ്ങളില്‍ ആത്മവിശ്വാസമില്ലായ്മയും അപകര്‍ഷതാബോധവും സൃഷ്ടിച്ചു. ഇതിനാല്‍ സാധാരണക്കാരന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരാശരായിരിക്കുകയാണ്. നാം ഒന്നിനും കൊള്ളാത്തവരാണ്, നമ്മില്‍ അന്തര്‍ലീനമായ ശക്തി ഇല്ലാത്തവരാണ് എന്നാണവര്‍ ധരിക്കുന്നത്. ഏതൊരു രാഷ്ട്രത്തേയും വൈഭവശാലിയാക്കാന്‍ വേണ്ടതായ എന്തും നമുക്കുണ്ട് എന്ന് അവനറിയുന്നില്ല. വീര്യം ഒരു ആസ്തിയായി മാറ്റുവാന്‍ സാധിക്കുന്ന മനുഷ്യശക്തിയോടൊപ്പം എല്ലാ വിഭവങ്ങളും എല്ലാ പാടവവും നമുക്കുണ്ട്’ (അതേ പുസ്തകം, പേജ് 50, 51). ഓപ്പറേഷന്‍ സിന്ദൂര്‍ ഈ സത്യം ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയിരിക്കുന്നു.

ഇന്ന് നാടിന്റെ സ്വത്വം തിരിച്ചറിഞ്ഞവര്‍ കേന്ദ്രം ഭരിക്കുന്നു. എല്ലാ രംഗത്തും ഭാരതം കുതിച്ചുകയറുന്നു. നമ്മുടെ ജനത സ്വന്തം നാടിനെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അഭിമാനമുള്ളവരാകുന്നു – രണ്ടു പതിറ്റാണ്ടുമുമ്പ് കാശ്മീരില്‍ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ പറ്റില്ലായിരുന്നു. ഉയര്‍ത്തിയ ദേശീയ പതാക കത്തിച്ച് പകരം പാകിസ്ഥന്റെ പതാക ഉയര്‍ത്തുമായിരുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്തവരാണ് അന്ന് കേന്ദ്രം ഭരിച്ചത്. എന്നാല്‍ രാഷ്ട്രാത്മാവിന്റെ വിളി കേള്‍ക്കാന്‍ തയ്യാറുള്ളവര്‍ അന്നും ഈ നാട്ടിലുണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ബി.ജെ.പിയുടെ അന്നത്തെ അദ്ധ്യക്ഷന്‍ ഡോ. മുരളി മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് ഏകാത്മതായാത്ര നടത്തിയത്. അതിനെതിരെ മുസ്ലിം ഭീകരര്‍ മാത്രമല്ല ഭരണകക്ഷിക്കാര്‍ പോലും രംഗത്തു വന്നു. കടുത്ത പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നു മുരളി മനോഹര്‍ ജോഷിക്ക് അവിടെ ദേശീയപതാക ഉയര്‍ത്താന്‍. അന്ന് ഏകാത്മതായാത്രയുടെ സംഘാടകനായിരുന്ന ആളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമില്‍ മുസ്ലിം ഭീകരര്‍ 26 നിരപരാധികളെ കൊന്നപ്പോള്‍ അതേ ലാല്‍ചൗക്ക് ഉള്‍പ്പെടെ ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ ജനങ്ങള്‍ ദേശീയ പതാക ഉയര്‍ത്തി പ്രകടനം നടത്തുന്ന കാഴ്ചക്കാന്ന് നാം സാക്ഷ്യംവഹിച്ചിരിക്കുന്നത്. 370-ാം വകുപ്പു റദ്ദാക്കിയതു മൂലം കാശ്മീര്‍ ഭാരതം വിട്ടുപോകുമെന്ന് ആശങ്കപ്പെട്ടവര്‍ ഉണ്ടായിരുന്നു. ഇന്ന് അവരെല്ലാം തങ്ങളുടെ നിലപാട് തെറ്റായിപ്പോയി എന്ന് സമ്മതിക്കുന്നു; മോദിയേയും ആര്‍എസ്എസ്സിനെയും പുകഴ്ത്തുന്നു. ഈ വലിയ മാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ് ഓപ്പറേഷന്‍ സിന്ദൂറും അതിനെ അഭിമാനത്തോടെ ഏറ്റെടുത്ത ഭാരത ജനതയും. ഇത് ദേശീയ ആത്മാവിന്റെ അഥവാ ‘ചിതി’യുടെ പ്രസ്ഫുരണമാണ്, സ്വാതന്ത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയലാണ്.
‘ആര്‍.എസ്.എസ്സും മാനവദര്‍ശനവും’ എന്ന ലഘു പുസ്തകത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പറയുന്നതിങ്ങനെയാണ്: ‘ചുരുക്കത്തില്‍ സ്വാതന്ത്ര്യം കൊണ്ട് നാം നേടേണ്ടിയിരുന്നത് രണ്ടു കാര്യങ്ങളായിരുന്നു. ഒന്ന്, നമ്മുടെ സ്വന്തം ദേശീയ അസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍, ജനതയുടെ മുഴുവന്‍ കഴിവുകളും വളര്‍ത്തിയെടുക്കുകയും സ്വന്തം പ്രകൃതിയും പ്രതിഭയും രാഷ്ട്രജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ആവിഷ്‌കരിക്കുകയും അങ്ങനെ പ്രബലവും പ്രഗതിശീലവുമായ ഒരു രാഷ്ട്രമായി തീരുകയും ചെയ്യുക എന്നത്. മറ്റൊന്ന്, ലോകത്തിലെ പ്രാചീനവും സംസ്‌കാര സമ്പന്നവും വിഭവസമൃദ്ധവുമായ ഒരു വലിയ രാഷ്ട്രമെന്ന നിലയ്ക്ക് ലോകത്തിന്റെ മൊത്തം പുരോഗതിക്ക് നമ്മുടെ സവിശേഷ സംഭാവനകള്‍ അര്‍പ്പിക്കുക. വാസ്തവത്തില്‍ ഇത് രണ്ടും രണ്ടല്ല. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. സ്വന്തം സാംസ്‌കാരിക വ്യക്തിത്വത്തെ വികസിപ്പിച്ചല്ലാതെ ഭാരതത്തിന് സുശക്തമാകാന്‍ സാധ്യമല്ല. അത്തരമൊരു ഭാരതത്തിന്റെ സംഭാവന ലോകത്തെ സംബന്ധിച്ചിടത്തോളം മംഗളകരമേ ആകൂ” (പേജ്: 8).
ഈ കാഴ്ചപ്പാടിലൂടെ ഭാരതത്തെ നയിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ലോകരാജ്യങ്ങളെ മുഴുവന്‍ തങ്ങളുടെ പ്രവൃത്തിയാണ് ശരി എന്ന് അവര്‍ ബോധിപ്പിക്കുന്നു. ലോകത്തിന് മംഗളകരമായതാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് അംഗീകരിക്കപ്പെടുന്നു.ഭാരതത്തനിമയെക്കുറിച്ച് അപകര്‍ഷതയോടെ മാത്രം സംസാരിച്ചിരുന്ന പലരും ഇതുകണ്ട് അന്തം വിടുന്നു. തിരിച്ച് മോദിയേയും അമിത്ഷായെയും പുകഴ്ത്തുന്നു. ഒരു വിദേശരാജ്യം പോലും പാകിസ്ഥാനൊപ്പമില്ല.ഈ മാറ്റം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ശ്രീഗുരുജിയും ദീനദയാല്‍ജിയും ഠേംഗ്ഡിജിയും പരമേശ്വര്‍ജിയുമൊക്കെ കാട്ടിത്തന്ന വഴിയിലൂടെയാണ് ഇപ്പോള്‍ ഭാരതത്തിന്റെ യാത്ര.
സംഘപ്രാര്‍ത്ഥനയിലെ സന്ദേശം
പഹല്‍ഗാമില്‍ ഭീകരര്‍ ഭര്‍ത്താക്കന്മാരെ വെടിവെച്ചു കൊന്ന് ഭാര്യമാരുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ചുകളഞ്ഞപ്പോള്‍ ഭാരതദേശീയതയുടെ മര്‍മ്മത്തിലാണ് സ്പര്‍ശിച്ചത്.അതുവഴി ഭാരതത്തോടാണ് അവര്‍ യുദ്ധം പ്രഖ്യാപിച്ചത്. ഇതിനെയാണ് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ ഭാരതം തിരിച്ചടിച്ചത്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടത്. ‘മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ പതത്വേഷ കായോ നമസ്‌തേ നമസ്‌തേ’ (മഹാമംഗലയായ പുണ്യഭൂമിയായ ഭാരതമേ നിനക്ക് വേണ്ടി ഈ ശരീരം പതിച്ചു കൊള്ളട്ടെ) എന്ന് നെഞ്ചില്‍ കൈവെച്ചു പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ക്ക് ഈ സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നേ പേരിടാനാകൂ.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാര്‍ത്ഥനയിലെ ആദ്യ ഖണ്ഡികയില്‍ ഭാരതമാതാവിനെ വിശേഷിപ്പിക്കുന്ന സംബോധനകളില്‍ ഒന്നാണ് മഹാമംഗലേ എന്നത്. ഒരിക്കലും മാംഗല്യം നശിക്കാത്ത ഭൂമിഎന്നര്‍ത്ഥം. നാടിന്റെ മാംഗല്യം നാടിന്റെ ഐശ്വര്യമാണ്. അതാണ് സര്‍വ്വതോമുഖമായ വികസനത്തിന്റെ അടിസ്ഥാനം. രജപുത്രന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ തന്റെയും നാടിന്റെയും മാംഗല്യ രക്ഷയായി നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തി ഭര്‍ത്താക്കന്മാരെ യുദ്ധക്കളത്തിലേക്കയച്ച ധീരവനിതകളുടെ ചരിതം കാണാം. പിന്നീട് അലയടിച്ചു വന്ന തുര്‍ക്കിപ്പടക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇതേ സഹോദരിമാര്‍ സ്വന്തം മാംഗല്യ രക്ഷക്ക് അഗ്‌നിയില്‍ സ്വയം ദഹിച്ച് ഇല്ലാതായതിന്റെ ചരിതവും കാണാം. റാണി പത്മിനിയുടെ ചരിത്രം ഇത്തരത്തില്‍ ഒന്ന് മാത്രം. സീമന്തരേഖയിലെ സിന്ദൂരത്തിന് അഗ്‌നിയുടെ ദഹനശേഷി ഉണ്ടെന്ന് ചരിത്രം കാട്ടിക്കൊടുത്തു. ഇതാണ് സംഘപ്രാര്‍ത്ഥനയിലൂടെ സ്വയംസേവകര്‍ക്ക് പകര്‍ന്നു കിട്ടിയത്.